അമേരിക്കൻ പ്രതിനിധി സഭയിൽ വായ്പ പരിധി ഉയർത്താനുള്ള ഉഭയകക്ഷി ബില്ല് പാസാക്കപ്പെട്ടു. ആഴ്ചകൾനീണ്ട ചർച്ചകൾക്കുശേഷം, ഒടുവിൽ റിപ്പബ്ലിക്കന്മാരും ഡെമോക്രാറ്റുകളും തമ്മിലുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ് അമേരിക്കയിലെ വായ്പാ പരിധി ഉയർത്താനുള്ള ബില്ല് പാസാക്കിയിരിക്കുന്നത്. സമ്പദ്ഘടന നേരിടുന്ന തകർച്ച മറികടക്കാനാണ് വായ്പാ പരിധി ഉയർത്തുന്നത് എന്നാണ് ഭാഷ്യം. എന്നാൽ യഥാർത്ഥത്തിൽ ഈ വായ്പാ പരിധി ഒരു നിർമ്മിത പ്രതിസന്ധിയാണ്. 1917ൽ പാസാക്കപ്പെട്ട ഒരു നിയമം യുഎസ് ഗവൺമെന്റിന് കടമെടുക്കാൻ സാധിക്കുന്ന പണത്തിന് പരിധി നിശ്ചയിച്ചു. പിന്നീട് 1960 വരെയുള്ള കാലത്തിനിടയ്ക്ക് ഈ പരിധി 78 തവണ ഉയർത്തപ്പെട്ടു. ഈ ദശകങ്ങളിൽ വളരെ ചെറിയ രീതിയിലുള്ള തർക്കങ്ങൾ മാത്രമാണ് ഇതിനെചൊല്ലി ഉയർന്നുവന്നിട്ടുള്ളത്. ഈ അടുത്തകാലത്ത് മാത്രമാണ് വായ്പ പരിധി ഉയർത്തുക എന്ന കാര്യത്തെ ഒരു ഉത്തോലകം എന്ന നിലയ്ക്ക് ഉപയോഗിക്കുവാൻ വലതുപക്ഷ ശക്തികൾ തുടക്കമിട്ടത്. അതായത്, ചെലവുചുരുക്കലിലേക്ക് നിർബന്ധിതമായും നയിക്കുക എന്ന തന്ത്രം ഉപയോഗിച്ചുതുടങ്ങിയത്. ആദ്യമായി ഈ തന്ത്രം ഉപയോഗിച്ചത് 2019ൽ ഒബാമയുടെ കാലത്താണ്; പിന്നീട് ഇപ്പോൾ ഇത് ഉപയോഗിക്കുന്നത് ബൈഡൻ ആണ്.
എന്നാൽ, ഇത്തവണ വായ്പാപരിധി ഉയർത്തുവാനുള്ള ഈ ബില്ല് പാസാക്കപ്പെടുന്നത് അമേരിക്കയിലെ സാധാരണ ജനങ്ങളുടെ ജീവിതത്തെ കൂടുതൽ ദുരിതമയമാക്കിക്കൊണ്ടാണ്. അതിനു കാരണം ബില്ല് പാസാക്കുന്നതിന് പ്രതിനിധിസഭയിൽ ബൈഡന് റിപ്പബ്ലിക്കന്മാരുടെ പിന്തുണ ആവശ്യമാണെന്നതാണ്. 2022ൽ നടന്ന തിരഞ്ഞെടുപ്പിൽ പ്രതിനിധി സഭയിൽ റിപ്പബ്ലിക്കന്മാർ ഭൂരിപക്ഷം നേടുകയും സെനറ്റിൽ ഡെമോക്രാറ്റുകൾ ഭൂരിപക്ഷം ഉറപ്പാക്കുകയും ചെയ്തതിനെ തുടർന്ന് വലിയ രീതിയിലുള്ള ഭരണപ്രതിസന്ധി ഉണ്ടായിരിക്കുകയാണ്. പ്രതിനിധിസഭയിൽ റിപ്പബ്ലിക്കൻ നേതാവായ കെവിൻ മക്കാർത്തി ആണ് സ്പീക്കർ. ഭൂരിപക്ഷമുള്ള ഈ സഭയിൽ അവരുടെകൂടി പിന്തുണ ഉറപ്പാക്കാതെ ഡെമോക്രാറ്റുകൾക്ക് ഒരു തരത്തിലും കടപരിധി വർദ്ധിപ്പിക്കുവാനുള്ള ബില്ല് പാസാക്കാൻ സാധിക്കാതെ വന്നപ്പോഴാണ് റിപ്പബ്ലിക്കന്മാരുമായി വിഷയത്തിൽ സഖ്യത്തിൽ ഏർപ്പെടാൻ നീക്കം ഉണ്ടായത്. അത് വിജയിക്കുകയും ചെയ്തു. എന്നാൽ, കടപരിധി വർധിപ്പിക്കുവാനുള്ള നിയമനിർമ്മാണം പാസാക്കുന്നതിന്റെ പ്രതിഫലം എന്ന നിലയ്ക്ക് റിപ്പബ്ലിക്കന്മാർ മുന്നോട്ടുവെച്ചത് ചില സാമൂഹിക പദ്ധതികൾക്കുമേലുള്ള ചെലവ് വെട്ടിചുരുക്കലാണ്. കെവിൻ മക്കാർത്തി സഭയിൽ മുന്നോട്ടുവച്ച ഈ നടപടികൾ തീർച്ചയായും ദരിദ്രരെ കൂടുതൽ ദരിദ്രരാക്കാനും സമ്പന്നരെ കൂടുതൽ സമ്പന്നരാക്കാനുമുള്ള ഒന്നാണ്. അതുകൊണ്ടുതന്നെ, കടപരിധി വർദ്ധിപ്പിക്കുവാനുള്ള ബില്ല് പാസാക്കപ്പെട്ടതിലൂടെ അമേരിക്കയിലെ ദരിദ്ര വിഭാഗങ്ങൾ കൂടുതൽ ദുരിതം അനുഭവിക്കേണ്ടതായി വരുന്നു.
മക്കാർത്തി മുന്നോട്ടുവെച്ചത് 130000 കോടി ഡോളറിന്റെ ചെലവ് വെട്ടിച്ചുരുക്കലാണ്. അവിടുത്തെ റേഷൻ കാർഡിൽ നിന്നും ചികിത്സാസഹായം ലഭിക്കുന്ന സംവിധാനത്തിൽ നിന്നും ദശലക്ഷക്കണക്കിന് പേരെ പുറത്താക്കണമെന്ന് റിപ്പബ്ലിക്കന്മാർ ആവശ്യപ്പെടുന്നു. ഏത് സാഹചര്യത്തിലും ഓരോ പൗരനും ലഭിക്കേണ്ട അടിസ്ഥാന മനുഷ്യാവകാശമാണ് ഭക്ഷണവും ആരോഗ്യസുരക്ഷയും എന്ന കാര്യം ഇവിടെ റിപ്പബ്ലിക്കൻമാർ മറക്കുന്നു. അതുപോലെതന്നെ, ഐആർഎസ് സംവിധാനത്തിൽ നിന്നും വലിയ രീതിയിലുള്ള തുക വെട്ടിക്കുറയ്ക്കുവാനും റിപ്പബ്ലിക്കന്മാർ ആവശ്യപ്പെട്ടിട്ടുണ്ട്. സമ്പന്നന് നികുതി അടവിൽ നിന്നും സുഗമമായി രക്ഷപ്പെടുവാനുള്ള പുതിയ മാർഗങ്ങളാണ് ഇതിലൂടെ മുന്നോട്ടുവച്ചിട്ടുള്ളത്. അല്ലാതെ രാജ്യത്തെ നികുതി അടയ്ക്കുന്ന തൊഴിലാളിവർഗത്തിന് ഇതുകൊണ്ട് യാതൊരു ആശ്വാസവും ലഭിക്കുകയില്ല. എന്നാൽ സന്പന്നർക്കും കോർപറേഷനുകൾക്കും കൂടുതൽ നികുതി നൽകുന്നതിൽനിന്നും ഇളവ് അനുവദിക്കുന്നുമുണ്ട്. 2017ൽ ട്രന്പിന്റെ കാലത്ത് അതിസന്പന്നർക്ക് നൽകിയ 1.7 ലക്ഷം കോടി ഡോളറിന്റെ നികുതിയിളവ് ഇപ്പോഴും തുടരുന്നുമുണ്ട്. ഇത് ഒഴിവാക്കണമെന്നാണ് മക്കാർത്തി ആവശ്യപ്പെടുന്നത്. മറ്റൊരു ഡിമാൻഡ് ഗവൺമെൻറ് കഴിഞ്ഞവർഷം മുന്നോട്ടുവെച്ച വിദ്യാഭ്യാസ വായ്പാ സംവിധാനം ഉപേക്ഷിക്കണമെന്നതാണ്. അതായത്, ഗവൺമെന്റിന്റെ വായ്പാ പരിധി ഉയർത്തുവാൻ കൂടെനിൽക്കുന്നതിന് പകരമായി റിപ്പബ്ലിക്കൻമാർക്ക് വേണ്ടത് തൊഴിലാളികളെ,സാധാരണ ജനങ്ങളെ കൂടുതൽ ആഴ്ത്തുകയാണ്.
ആദ്യം വായ്പ പരിധി ഉയർത്തുന്ന കാര്യത്തിൽ കൂടിയാലോചനകൾ നടത്തുവാൻ വിസമ്മതിച്ചിരുന്ന ബൈഡൻ പിന്നീട് കീഴടങ്ങുകയാണുണ്ടായത്. വലതുപക്ഷ ശക്തികൾക്ക് വളരെ വേഗം കീഴടങ്ങുവാനുള്ള ഈ സഹജ വാസനയാണ് അദ്ദേഹത്തിന്റെ ‘ബിൽഡ് ബാക്ക് ബെറ്റർ’ എന്ന പരിഷ്കാര പ്രവർത്തനത്തെ പരാജയപ്പെടുത്തിയത്. ആഭ്യന്തര നയങ്ങളിൽ പുരോഗമനപരമായ ഒട്ടേറെ മാറ്റങ്ങൾ കൊണ്ടുവരാൻ കൊണ്ടുവന്ന ഒന്നായിരുന്നു അദ്ദേഹത്തിൻറെ ഈ പരിഷ്കാര അജൻഡ. വലതുപക്ഷ രാഷ്ട്രീയത്തോട് ഏറ്റുമുട്ടുന്നതിനുപകരം ഇത്തരത്തിൽ അതിനോട് സമവായത്തിൽ ഏർപ്പെടുന്ന ഈ പ്രവണത ബൈഡന്റെ രാഷ്ട്രീയ കരിയറിലുടനീളം കാണാനാവുന്ന മുഖമുദ്രയാണ്. ഇതിന്റെയെല്ലാം അന്തിമ ദുരന്തം നേരിടേണ്ടിവരുന്നത് രാജ്യത്തെ ജനങ്ങളാണ്. ♦