Sunday, September 8, 2024

ad

Homeസംസ്ഥാനങ്ങളിലൂടെട്രിച്ചിയെ ചെങ്കടലാക്കി സിഐടിയു പദയാത്ര

ട്രിച്ചിയെ ചെങ്കടലാക്കി സിഐടിയു പദയാത്ര

ശ്രുതി എം ഡി

മിഴ്നാട്ടിൽ 38 ജില്ലകൾ കടന്ന് 2100 കിലോമീറ്റർ താണ്ടി സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ മെയ് 24-ന് ആരംഭിച്ച പദയാത്ര മെയ് 30-ന് ട്രിച്ചിയിൽ വമ്പിച്ച പൊതുയോഗത്തോടെ സമാപിച്ചു. എല്ലാ സ്വീകരണ കേന്ദ്രങ്ങളിലും ആവേശകരമായ സ്വീകരണമാണ് പദയാത്രയ്ക്ക് ലഭിച്ചത്. കൊടികളും ട്രോഫികളും ദീപങ്ങളുമൊക്കെയായാണ് നൂറുകണക്കിനാളുകൾ പദയാത്രികരെ സ്വീകരിച്ചത്. പലഹാരങ്ങളും അവിടെ കിട്ടുമായിരുന്ന വിവിധ പഴങ്ങളും അവർക്കു നൽകി. തൊഴിലാളിവർഗത്തിന്റെ അവകാശങ്ങൾക്കുനേരെയുള്ള കടന്നാക്രമണങ്ങൾ അവതരിപ്പിച്ചുകൊണ്ടുള്ള നാടൻ കലാരൂപങ്ങൾ ഉൾപ്പെടെയുള്ള സാംസ്കാരിക പരിപാടികൾ ജാഥയിലുടനീളം അവതരിപ്പിക്കപ്പെട്ടു.

സ്വകാര്യവൽക്കരണത്തിനെതിരെയും കരാർ വ്യവസ്ഥ നിർത്തലാക്കുക, എട്ടു മണിക്കൂർ പ്രവൃത്തിദിനം ഉറപ്പാക്കുക, പുതിയ പെൻഷൻ പദ്ധതി റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് തൊപ്പിയും ഷൂസും ധരിച്ച് സിഐടിയു പ്രവർത്തകർ ഏഴ് ടീമുകളായാണ് പദയാത്ര ആരംഭിച്ചത്.
പ്രൈമറി സ്കൂൾ ടീച്ചേഴ്സ് യൂണിയൻ, ഇൻഷുറൻസ് എംപ്ലോയീസ് യൂണിയൻ, ടിഎഎസ്എംഎസി എംപ്ലോയീസ് യൂണിയൻ, ആശാവർക്കേഴ്സ് യൂണിയൻ, ഐടി. ജീവനക്കാരുടെ യൂണിയൻ, ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ തുടങ്ങി നിരവധി തൊഴിലാളി യൂണിയനുകൾ പദയാത്രയ്ക്ക് സ്വീകരണം നൽകി. അഖിലേന്ത്യാ കിസാൻ സഭ (എഐകെഎസ്), അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ (എഐഡിഡബ്ല്യൂഎ), ഡിവൈഎഫ്ഐ തുടങ്ങിയ ബഹുജന സംഘടനകൾ സിഐടിയു ക്യാന്പയിന്‌ ഐക്യദാർഡ്യം പ്രഖ്യാപിച്ചു.

ഡിമാന്റുകൾ
കേന്ദ്ര ഗവൺമെന്റിന്റെ കോർപ്പറേറ്റനുകൂല നയങ്ങൾക്കും അതുമൂലം തൊഴിലെടുക്കുന്ന വർഗം അനുഭവിക്കുന്ന ദുരിതങ്ങൾക്കുമെതിരെ 14 ഇന ആവശ്യങ്ങൾ ഉന്നയിച്ചാണ് സി.ഐ.ടി.യു മാർച്ച് സംഘടിപ്പിച്ചത്.

വിലക്കയറ്റം, തൊഴിലില്ലായ്മ, തൊഴിൽനിയമങ്ങളെ കോർപ്പറേറ്റനുകൂല നിയമങ്ങളാക്കി മാറ്റൽ, അസ്ഥിര തൊഴിലാളികളെ സൃഷ്ടിക്കൽ, കരാർ തൊഴിലിലെ പെരുപ്പം, സ്കീം തൊഴിലാളികളെന്ന പേരിലുള്ള അന്യായമായ തൊഴിൽ ചൂഷണം എന്നിവയ്ക്കെതിരായ മുദ്രാവാക്യങ്ങളുയർത്തുന്ന ലഘുലേഖകൾ മാർച്ചിലുടനീളം വിതരണം ചെയ്തു.

2014-ൽ മോദി ഗവൺമെന്റ് അധികാരത്തിലേറുമ്പോൾ 415 രൂപയായിരുന്ന പാചകവില ഇപ്പോൾ 1200 കടന്നിരിക്കുന്നു. പാചക എണ്ണ, അരി, പയർവർഗങ്ങൾ തുടങ്ങി എല്ലാ ഭക്ഷ്യവസ്തുക്കളുടെയും വില ഇക്കാലയളവിൽ കുതിച്ചുയർന്നു. ജനങ്ങളുടെ വാങ്ങൽ ശേഷി ഗണ്യമായി കുറഞ്ഞു. 90% ജനങ്ങളും തങ്ങളുടെ ഉപഭോഗം കുറച്ചതായാണ് പഠനങ്ങൾ കാണിക്കുന്നത്. തൊഴിലില്ലായ്മ മുമ്പെങ്ങുമുണ്ടായിട്ടില്ലാത്തവിധം കുതിച്ചുയർന്നു. കേന്ദ്രസർക്കാർ വകുപ്പുകളിൽ മാത്രം 9 ലക്ഷത്തിലധികം തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്.

കേന്ദ്രത്തിലെ ബിജെപി സർക്കാർ വിഭാഗീയത അഴിച്ചുവിട്ട് ജനങ്ങൾക്കിടയിൽ സംഘർഷം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്ന് പദയാത്ര ജനങ്ങൾക്കു മുമ്പാകെ തുറന്നുകാട്ടുകയുണ്ടായി. വിഭാഗീയത ജനങ്ങളെ അവരുടെ ഉപജീവന പ്രശ്നങ്ങളിൽനിന്ന് വ്യതിചലിപ്പിക്കുകയും മതം, വംശം, ജാതി, പ്രദേശം എന്നിവുടെ അടിസ്ഥാനത്തിൽ ആളുകളെ വേർതിരിക്കുന്നത് പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ജനാധിപത്യപരമായ നിയമങ്ങൾ ലംഘിക്കപ്പെടുന്നതിനെതിരെ ഭരണഘടനാപരമായ അവകാശങ്ങളെ അട്ടിമറിക്കുന്ന നയങ്ങളെ എതിർക്കുന്നവരെ ആക്രമിക്കുകയും ചെയ്യുന്നതിനെ സിഐടിയു ശക്തമായി ചെറുക്കുമെന്ന പ്രഖ്യാപനത്തോടെയാണ്‌ സമാപനസമ്മേളനം അവസാനിച്ചത്‌.

ചെന്നൈ, കോയമ്പത്തൂർ, കടലൂർ, തിരുവള്ളൂർ, കന്യാകുമാരി, തെങ്കാശി, കൃഷ്ണഗിരി എന്നിവിടങ്ങളിൽ നിന്ന് ഏഴ് ടീമുകളായാണ് പദയാത്ര ആരംഭിച്ചത്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

1 × three =

Most Popular