Saturday, April 27, 2024

ad

Homeഇവർ നയിച്ചവർഒ ജെ ജോസഫ് എന്ന ഉജ്വല സംഘാടകൻ

ഒ ജെ ജോസഫ് എന്ന ഉജ്വല സംഘാടകൻ

ഗിരീഷ് ചേനപ്പാടി

കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ വ്യത്യസ്തമായ കാലഘട്ടങ്ങളിൽ താമസിച്ച് അവിടങ്ങളിലെല്ലാം പാർട്ടിയും ട്രേഡ് യൂണിയനുകളും കെട്ടിപ്പടുക്കുന്നതിൽ നിർണായകമായ പങ്കുവഹിച്ച അപൂർവം നേതാക്കളിലൊരാളാണ് ഒ.ജെ. ജോസഫ്. തിരുവിതാംകൂറിലും കൊച്ചിയിലും മലബാറിലും വിവിധ സ്ഥലങ്ങളിൽ അദ്ദേഹം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. തിരുവിതാംകൂറിലും കൊച്ചിയിലും മലബാറിലും വിവിധ സ്ഥലങ്ങളിൽ അദ്ദേഹം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. തിരുവിതാംകൂറിൽ ആലപ്പുഴ, ചേർത്തല, കൊല്ലം, പുനലൂർ, കാർത്തികപ്പള്ളി എന്നിവിടങ്ങളിലാണ് അദ്ദേഹം പാർട്ടി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. കൊച്ചിയിൽ എറണാകുളവും ആലുവയുമായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തന മേഖല. കണ്ണൂരും തലശ്ശേരിയും ചിറയ്ക്കലും കുറമ്പ്രനാടും കോഴിക്കോടും ചെറുവണ്ണൂരും ആയിരുന്നു മലബാറിലെ അദ്ദേഹത്തിന്റെ കർമമേഖല.

പരമ്പരാഗത വ്യവസായങ്ങൾ മുതൽ ആധുനിക വ്യവസായങ്ങൾ വരെയുള്ള എല്ലായിടങ്ങളിലും തൊഴിലാളികളെ സംഘടിപ്പിക്കുന്നതിൽ അസാധാരണമായ സാമർത്ഥ്യം പ്രകടിപ്പിച്ച അദ്ദേഹത്തിന്റെ ട്രേഡ് യൂണിയൻ രംഗത്തെ സംഭാവന അമൂല്യമാണ്. ആലപ്പുഴയിൽ കയർ തൊഴിലാളി യൂണിയൻ നേതാവായിരുന്നു അദ്ദേഹമെങ്കിൽ തൊടുപുഴയിലും ഇടുക്കിയിലും തോട്ടം തൊഴിലാളികളെ സംഘടിപ്പിക്കുന്നതിലാണ് ഒ.ജെ. വ്യാപൃതനായത്. കുണ്ടറ സിറാമിക്സിലെയും പുനലൂർ പേപ്പർ മില്ലിലെയും തൊഴിലാളി യൂണിയൻ നേതാവായിരുന്നു അദ്ദേഹം.

കണ്ണൂരിലും പഴയ മലബാറിന്റെ ഇതര ഭാഗങ്ങളിലും പാർട്ടി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ സമയത്ത് കൈത്തറി തൊഴിലാളികളെ സംഘടിപ്പിക്കാൻ ഒ.ജെ. ഏറെ അദ്ധ്വാനിച്ചു.

അദ്ദേഹം പ്രവർത്തന രംഗം തിരുവനന്തപുരത്തേക്ക് മാറ്റിയതോടെ ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ, ഗവൺമെന്റ് പ്രസ് വർക്കേഴ്സ് യൂണിയൻ, ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, ഹിന്ദുസ്ഥാൻ ലാറ്റക്സ് എന്നിവിടങ്ങളിലെ ട്രേഡ് യൂണിയൻ നേതാവായിരുന്നു.

“പ്രായോഗികമതിയായ ഉശിരൻ ട്രേഡ് യൂണിയൻ നേതാവ്” എന്നാണ് എൻ.ഇ. ബലറാം ഒ.ജെ.യെ വിശേഷിപ്പിച്ചത്.

എറണാകുളം ജില്ലയിലെ കിഴക്കമ്പലത്ത് 1914 സെപ്തംബർ 17-നാണ് ഒ.ജെ. ജോസഫ് ജനിച്ചത്. പിതാവ് ഊരോത്ത് ജോസഫ് മാതാവ് റോസി. വളരെ പാവപ്പെട്ട കുടുംബമായിരുന്നു ഒ.ജെ.യുടേത്. കിഴക്കമ്പലത്തെ സ്വർണത്തുമലയിലുള്ള സ്കൂളിൽ ഏഴാംക്ലാസ് വരെ പഠിച്ചു. പിന്നെ ആലുവ സെന്റ് മേരീസ് സ്കൂളിൽ ഇഎസ്‌എൽസി വരെ പഠിച്ചു. സാമ്പത്തിക ദുരിതം മൂലം പഠിപ്പ് അദ്ദേഹത്തിന് മതിയാക്കേണ്ടിവന്നു. അതിനുശേഷം പല ജോലികൾ മാറി മാറി ചെയ്തു.

പതിനെട്ടാം വയസ്സിൽ അദ്ദേഹം ആലപ്പുഴയിൽ ജോലി അന്വേഷിച്ചെത്തി. ഏതു ജോലി ചെയ്യാനും തയ്യാറെടുത്താണ് അദ്ദേഹം അവിടെയെത്തിയത്. മധുര കമ്പനിയിൽ തടുക്കു ചുമന്ന് വെയിലത്തിടുകയും ഉണങ്ങിയതിനുശേഷം അതെടുത്ത് അട്ടിവയ്ക്കുകയും ചെയ്യുന്ന ജോലിയാണ് ആ കൗമാരക്കാരനു ലഭിച്ചത്. അധികം താമസിയാതെ അദ്ദേഹം നെയ്ത്തുജോലിയിൽ അഗ്രഗണ്യനായി. തൊഴിലാളികളുമായി ഉറ്റബന്ധം പുലർത്തിയതിന്റെ ഫലമായി നിരവധി സുഹൃത്തുക്കളെ അദ്ദേഹത്തിനു ലഭിച്ചു.

ലേബർ അസോസിയേഷന്റെ മുഖവാരികയായ “തൊഴിലാളി’ വായിക്കുകയും തൊഴിലാളികൾക്കിടയിൽ വിൽപ്പന നടത്തുകയും ചെയ്യുന്നതിന് മുന്നിട്ട് പ്രവർത്തിച്ചു. കെ.വി. പത്രോസ്, കെ.കെ. കുഞ്ഞൻ, പി.എ.സോളമൻ തുടങ്ങിയ തൊഴിലാളി പ്രവർത്തകർക്കൊപ്പം ചേർന്ന് കൊമ്മാടി പാലത്തിനു സമീപം ഒരു പഠന-കേന്ദ്രം തുടങ്ങി. അവിടെ ആഴ്ചതോറും പ്രസംഗ പരിശീലനവും ഇ എം എസിന്റെ പത്രാധിപത്യത്തിലിറങ്ങിയ പ്രഭാതം വാരികയുടെ കൂട്ടായ വായനയും പതിവായി നടന്നു. ജോസഫിലെ രാഷ്ട്രീയക്കാരനെയും സംഘാടകനെയും വാഗ്മിയെയും വാർത്തെടുത്ത ഒന്നാന്തരം കളരിയായിരുന്നു അത്.

കൊല്ലം ജോസഫ് നയിച്ച പട്ടിണി ജാഥയിൽ ഒ.ജെ. സജീവമായി പങ്കെടുത്തതോടെ അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു തുടങ്ങി. ഇതിനകം പി.കൃഷ്ണപിള്ളയുടെ സ്വാധീനവലയത്തിൽ ഒജെയും എത്തിക്കഴിഞ്ഞിരുന്നു. ട്രാവൻകൂർ കയർ വർക്കേഴ്സ് യൂണിയനിൽ അദ്ദേഹം അംഗമായതോടെ യൂണിയന്റെ സജീവ പ്രവർത്തകനായി മാറി.

1937-ലെ തിരുവോണത്തലേന്ന് ആലപ്പുഴയിലെ തൊഴിലാളി പഠനകേന്ദ്രത്തിൽ നിന്ന് ഒ.ജെ. ഉൾപ്പെടെയുള്ള പ്രവർത്തകർ മട്ടാഞ്ചേരിയിലെ ആലാത്തുപിരി യൂണിയൻ ഓഫീസിൽ എത്താൻ പി. കൃഷ്ണപിള്ളയുടെ നിർദ്ദേശം ലഭിച്ചു. കൊല്ലം ജോസഫ്, പി.കെ. പത്മനാഭൻ. കെ.വി. പത്രോസ്. കെ.കെ.കുഞ്ഞൻ എന്നിവരും യൂണിയൻ ഓഫീസിലെത്തി. കയർ തൊഴിലാളികളുടെ അടിയന്തിരാവശ്യങ്ങളെ കുറിച്ചാണ് അവർ ചർച്ച നടത്തിയത്. ഒരു പൊതുപണിമുടക്ക് നടത്താൻ ആ യോഗം തീരുമാനിച്ചു.

പണിമുടക്കു നടത്താൻ തീരുമാനിച്ചതിനെത്തുടർന്ന് ആർ. സുഗതൻ, പി.എൻ. കൃഷ്ണപിള്ള, സി.കെ. വേലായുധൻ, വി.കെ. പുരുഷോത്തമൻ തുടങ്ങിയ നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ഇതിൽ പ്രതിഷേധിച്ച് തൊഴിലാളികൾ സൗത്ത് പോലീസ് സ്റ്റേഷന് ചുറ്റും കൂടി നേതാക്കളെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ടു. അതിക്രൂരമായ ലാത്തിചാർജാണ് പോലീസ് അവർക്കു നേരെ നടത്തിയത്. ബാവയെന്ന ഒരു പ്രവർത്തകൻ അതിക്രൂരമായി കൊല്ലപ്പെട്ടു.

കോൺഗ്രസ്-സോഷ്യലിസ്റ്റു പാർട്ടിയുടെ പ്രവർത്തനം ആലപ്പുഴ പ്രദേശത്തേക്ക് വ്യാപിച്ചു തുടങ്ങിയകാലമായിരുന്നു അത്. ഒ.ജെയും കോൺഗ്രസ് സോഷ്യലിസ്റ്റു പാർട്ടിയുടെ സജീവപ്രവർത്തകനായി മാറി.

പണിമുടക്കു നടത്താൻ യൂണിയൻ തീരുമാനിച്ചതിനെത്തുടർന്ന് ആർ. സുഗതൻ ഉൾപ്പെടെയുള്ള നേതാക്കൾ അറസ്റ്റുചെയ്യപ്പെട്ടിരുന്നല്ലോ. ആർ. സുഗതനു പകരം വി.കെ. അച്യുതനെ ആക്ടിംഗ് ജനറൽ സെക്രട്ടറിയായി യൂണിയന്റെ പ്രവർത്തക സമിതി തിരഞ്ഞെടുത്തു. പണിമുടക്കിനു നേതൃത്വം നൽകാൻ കെ.കെ. കുഞ്ഞൻ കൺവീനറായി അഞ്ചുപേരടങ്ങിയ ഒരു കമ്മറ്റിയെയും യൂണിയൻ യോഗം ചുമതലപ്പെടുത്തി. ആ കമ്മിറ്റിയിൽ ഒ.ജെയും ഉൾപ്പെട്ടിരുന്നു.

അമ്പലപ്പുഴ, ചേർത്തല താലൂക്കുകളിലെ 50,000‐ൽ ഏറെ വരുന്ന കയർ ഫാക്ടറി തൊഴിലാളികളുടെ പണിമുടക്ക് യൂണിയൻ ആസൂത്രണം ചെയ്തു. പണിമുടക്കിന്റെ വിജയത്തിനായി ആദ്യം ഫാക്ടറി പ്രൊഫൈലുകൾ സംഘടപ്പിച്ചു. പിന്നീട് അവ ഫാക്ടറി കമ്മിറ്റികളാക്കി മാറ്റി. സമരവാളണ്ടിയർമാരെ റിക്രൂട്ട് ചെയ്യുക, അവർക്ക് പരിശീലനം നൽകുക, തൊഴിലാളികളെ പണിമുടക്കിന് സജ്ജരാക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ യൂണിയന്റെ നേതൃത്വത്തിൽ സജീവമായി നടന്നു. ഈ പ്രവർത്തനങ്ങളിൽ യൂണിയൻ പ്രവർത്തകരെ സഹായിക്കാൻ പി. കൃഷ്ണപിള്ളയുടെ നിർദ്ദേശമനുസരിച്ച് മലബാറിൽ നിന്നും കൊച്ചിയിൽ നിന്നും നിരവധി സഖാക്കളെത്തി.

1938 ഒക്ടോബർ 18‐ന് തൊഴിലാളികളുടെ പൊതുയോഗം ചേർന്ന് പണിമുടക്കിന് ആധാരമായ ആവശ്യങ്ങൾക്ക് പൂർണ രൂപം നൽകി. തൊഴിലാളികളുടെ സാമ്പത്തിക ആവശ്യങ്ങൾക്ക് പുറമെ പ്രായപൂർത്തി വോട്ടവകാശം, ഉത്തരവാദ ഭരണം എന്നീ ആവശ്യങ്ങളും അവകാശ പത്രികയിൽ ഉൾപ്പെടുത്തി. 26 ഇന ആവശ്യങ്ങൾ ഉന്നയിച്ച് ഒക്ടോബർ 20 മുതൽ പണിമുടക്ക് നടത്താൻ അങ്ങനെ യൂണിയൻ തീരുമാനിച്ചു.

തൊഴിലാളികൾ ഒന്നടങ്കം അണിനിരന്ന പണിമുടക്കായിരുന്നു അത്. ഗവൺമെന്റിന്റെ പട്ടാളവും മുതലാളിമാരുടെ ഗുണ്ടകളും ചേർന്ന് അതിക്രൂരമായ ആക്രമണമാണ് തൊഴിലാളികൾക്ക് നേരെ അഴിച്ചുവിട്ടത്. ഇരുന്നൂറിലേറെ പേർക്ക് പരിക്കേറ്റു. രണ്ടുതവണ പട്ടാളം വെടിവെപ്പു നടത്തി. മൂന്നു തൊഴിലാളികൾ അതിൽ രക്തസാക്ഷികളായി.

ഒക്ടോബർ 22‐ന് തിരുവിതാംകൂർ രാജാവിന്റെ ജന്മദിനമായിരുന്നു. അക്കാമ്മ ചെറിയാന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് രാജധാനിയിലേക്ക് വാളണ്ടിയർമാർ മാർച്ചുചെയ്തു. മാർച്ചിന്റെ മുൻനിരയിൽ 24 ചുവപ്പു വാളണ്ടിയർമാരും അണിനിരന്നിരുന്നു. രാജധാനി ഗേറ്റിനു സമീപം മാർച്ചിനെ പോലീസ് തടഞ്ഞു. അക്കാമ്മയും വാളണ്ടിയർമാരും അവിടെ കുത്തിയിരുന്നു. വൈകുന്നേരം എല്ലാ രാഷ്ട്രീയ തടവുകാരെയും വിട്ടയച്ചു.

അന്ന് രാത്രി മുതൽ അതിഭീകരമായ വേട്ടയാടലാണ് പോലീസ് നടത്തിയത്. ഫാക്ടറി പടിക്കൽ പിക്കറ്റിംഗിന് നേതാക്കൾ എത്തി. കെ.വി. പത്രോസിനും കെ.കെ. വാരിയർക്കും ക്രൂരമായ മർദ്ദനം ഏൽക്കേണ്ടിവന്നു.

ജയിൽമോചിതരായ എ.കെ.ജിയും കെ. ദാമോദരനും സമരരംഗത്തേക്ക് ഓടിയെത്തി. ജയിലിൽ നിന്ന് വിട്ടയയ്ക്കപ്പെട്ട യൂത്ത് ലീഗ് പ്രവർത്തകരും പണിമുടക്കിനെ സഹായിക്കാൻ ആലപ്പുഴയിൽ കുതിച്ചെത്തി. തൊഴിലാളികളുടെ മനോവീര്യം അതോടെ പതിന്മടങ്ങ് വർദ്ധിച്ചു. പണിമുടക്ക് കൂടുതൽ ശക്തിപ്പെട്ടു. 25 ദിവസം പിന്നിട്ടപ്പോൾ പണിമുടക്ക് പിൻവലിക്കപ്പെട്ടു.

പണിമുടക്കിനുശേഷം യൂണിയൻ കമ്മിറ്റി പുനഃസംഘടിപ്പിക്കപ്പെട്ടു. വി.കെ. പുരുഷോത്തമൻ ആക്ടിംഗ് ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. ഒ.ജെ.യാണ് ജോയിന്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്. താമസിയാതെ ചേർത്തല കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ പാർട്ടി ഒ.ജെയ്ക്ക് നിർദ്ദേശം നൽകി.

1940ൽ സി.എസ്.പി ഗ്രൂപ്പിൽപ്പെട്ടവരെ ഉൾപ്പെടുത്തി കമ്യൂണിസ്റ്റ് പാർട്ടിയുടെ ഒരു ഘടകം ആലപ്പുഴയിൽ രൂപീകരിച്ചു. ടി.വി. തോമസ്, കെ.കെ. കുഞ്ഞൻ, പി.കെ. പത്മനാഭൻ, പി.എ. സോളമൻ, സി.ഒ. മാത്യു, സൈമൻ ആശാൻ, ഒ.ജെ. ജോസഫ്- എന്നിവരായിരുന്നു അതിലെ അംഗങ്ങൾ. ടി.വി. തോമസിനെ സെക്രട്ടറിയായി തിരഞ്ഞെടുത്തു.

അക്കാലത്ത് ബഹുജനങ്ങളെ സംഘടിപ്പിച്ച് കമ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുന്നതിന് ആലപ്പുഴയിൽ നിന്ന് പാർട്ടി കേഡർമാരെ അയയ്ക്കുന്ന പതിവുണ്ടായിരുന്നു. ഒ.ജെ.യെ മലബാറിലേയ്ക്കയക്കാൻ പാർട്ടിയും തിരുവിതാംകൂർ കയർ വർക്കേഴ്സ് അസോസിയേഷനും തീരുമാനിച്ചു.

ചെറുവണ്ണൂരിലേക്കാണ് അദ്ദേഹം നിയോഗിക്കപ്പെട്ടത്. രണ്ടാം ലോകയുദ്ധത്തിന്റെ കെടുതികൾ ജനങ്ങൾ ഏറ്റുവാങ്ങുന്ന സമയമായിരുന്നു അത്. യുദ്ധം ഏല്പിച്ച വറുതിക്കും ജീവിത വൈഷമ്യങ്ങൾക്കും എതിരെ ജനങ്ങളെ അണിനിരത്തുന്ന പ്രവർത്തനങ്ങളിലാണ് കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകർ കൂടുതലും ഏർപ്പെട്ടിരുന്നത്-.

ചെറുവണ്ണൂരിലെ കോട്ടൺമിൽ യൂണിയൻ നേതാവ് എൻ.സി. ശേഖറായിരുന്നു. ഒ.ജെ. ചെറുവണ്ണൂരിലെത്തിയ സമയത്ത് എൻ.സി. ശേഖർ ഒളിവിൽ പോയിക്കഴിഞ്ഞിരുന്നു. യൂണിയന്റെ നേതൃത്വം ഒ.ജെ. ഏറ്റെടുത്തു. ട്രേഡ് യൂണിയനുകൾ സാമ്രാജ്യത്വ യുദ്ധത്തിനെതിരെ പൊതുപണിമുടക്കു നടത്തി. കർഷക സംഘത്തിന്റെയും ട്രേഡ് യൂണിയനുകളുടെയും യോജിച്ചുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായിട്ടായിരുന്നു അത്. ജനജീവിതം വഷളാക്കാതിരിക്കുന്നതിനും ദുരിതത്തിനറുതി വരുത്തുന്നതിനുമായി കർഷക സംഘടനകളുടെയും തൊഴിലാളി സംഘടനകളുടെയും സംയുക്ത കമ്മിറ്റി രൂപീകരിക്കപ്പെട്ടു. കെ.പി.ആർ. ഗോപാലനെ അതിന്റെ സെക്രട്ടറിയായി തിരഞ്ഞെടുത്തു.

ജീവിത സൂചികയനുസരിച്ച് ക്ഷാമബത്ത നൽകുക, കാർഷികോല്പന്നങ്ങൾക്ക് ന്യായവില ലഭ്യമാക്കുക, അവ-ശ്യവസ്തുക്കൾ ന്യായവിലയ്ക്ക് ലഭ്യമാക്കുന്ന കടകൾ ഏർപ്പെടുത്തുക, നിർബന്ധിത യുദ്ധപ്പിരിവ് അവസാനിപ്പിക്കുക എന്നിവയായിരുന്നു തൊഴിലാളി-കർഷക പ്രക്ഷോഭ-ത്തിന്റെ ആവശ്യങ്ങൾ.

ഈ ആവശ്യങ്ങൾക്ക് ബഹുജന പിന്തുണ ആർജിക്കുന്നതിന് വ്യാപകമായ കാമ്പയിനുകളാണ് സംഘടിപ്പിക്കപ്പെട്ടത്. വിപുലമായ ഒപ്പുശേഖരണം, പ്രകടനങ്ങൾ, പൊതുയോഗങ്ങൾ എന്നിവ മലബാറിലാകമാനം നടന്നു.

പി.കൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ പാപ്പിനിശ്ശേരിയിലെ ആറോൺ മിൽ തൊഴിലാളികളുടെ പണിമുടക്കും ആ സമയത്താണ് നടന്നത്.

1940 ആയപ്പോഴേക്ക് തൊഴിലാളി-കർഷക പ്രക്ഷോഭം ശക്തിയാർജിച്ചു. ആ വർഷം സെപ്തംബർ 15‐ന് ഇടതുപക്ഷത്തിനു മേൽക്കൈയുള്ള കെ.പി.സി.സിയുടെ ആഹ്വാനപ്രകാരം മർദ്ദന പ്രതിഷേധദിനം ആചരിച്ചു. ആ ദിവസം തന്നെ വില നിയന്ത്രണ ദിനവും കർഷകസംഘത്തിന്റെയും ട്രേഡ് യൂണിയനുകളുടെയും ആഹ്വാനപ്രകാരം ആചരിച്ചു. മലബാറൊന്നാകെ ഇളകിമറിഞ്ഞ ദിനമായിരുന്നു അത്. അന്ന് മൊറാഴയിൽ ഒരു സബ് ഇൻസ്പെക്ടർ കൊല്ലപ്പെട്ടു; തലശ്ശേരിയിൽ പോലീസും ജനങ്ങളും ഏറ്റുമുട്ടി. അബുവും ചാത്തുക്കുട്ടിയും രക്തസാക്ഷികളായത് അന്നാണ്.

കോഴിക്കോട്ട്‌ നടന്ന പ്രതിഷേധയോഗത്തിൽ ഒ.ജെ. ജോസഫും പി.ശേഖരനും പ്രസംഗിച്ചു. സാമ്രാജ്യത്വത്തിനെതിരെ അതിശക്തമായ വിമർശനമാണ് തങ്ങളുടെ പ്രസംഗങ്ങളിൽ അവർ നടത്തിയത്. പ്രസംഗത്തിന്റെ പേരിൽ ഒ.ജെയെയും ശേഖരനെയും പോലീസ് അറസ്റ്റു ചെയ്തു. കോടതി ഒന്നരക്കൊല്ലത്തെ കഠിന തടവാണ് ഇരുവർക്കും വിധിച്ചത്. ആദ്യം സെൻട്രൽ ജയിലിലും തുടർന്ന് വെല്ലൂർ സെൻട്രൽ ജയിലിലും അവരെ പാർപ്പിച്ചു. കുറച്ചുകാലത്തിനുശേഷം അവരെ ബെല്ലാരി ജയിലിലേക്കു മാറ്റി.

ബെല്ലാരിയിലെ ജയിൽ സൂപ്രണ്ട് വലിയ മർദ്ദകനായിരുന്നു. തടവുകാർക്കനുവദിക്കപ്പെട്ട തുച്ഛമായ ഭക്ഷണം പോലും അയാൾ അവർക്കു നൽകിയില്ല. പ്രതിഷേധിക്കുന്നവരെ കടുത്ത മർദ്ദനത്തിനിരയാക്കും. പരാതി പറയുന്നവരെ തൊട്ടടുത്ത ക്യാമ്പ് ജയിലിലേക്ക് മാറ്റും. അവിടെ കൊടിയ പീഡ-നങ്ങ-ളാണ് തടവുകരെ കാത്തിരിക്കുന്നത്. പരാതി പറഞ്ഞതിന്റെ പേരിൽ ഒജെ-യെയും ശേഖരനെയും ക്യാമ്പ് ജയിലിലിട്ട് സൂപ്രണ്ട് കടുത്ത മർദ്ദനങ്ങൾക്കിരയാക്കി.

നാട്ടിൽ പ്രക്ഷോഭങ്ങൾ കൊടുമ്പിരിക്കൊള്ളുന്ന സമയമായിരുന്നു അത്. എങ്ങനെയും ജയിൽ ചാടി നാട്ടിലെത്തണമെന്ന് ഒ.ജെ.യും സഖാക്കളും ചിന്തിച്ചു.

1941 മെയ് മൂന്നിന് രാത്രി ഒ.ജെ.യും പി.ശേഖരനും ആന്ധ്രയിൽ നിന്നുള്ള ശിഖയും തമിഴ്നാട്ടിൽ നിന്നുള്ള സുബ്രഹ്മണ്യവും ജയിൽചാടി. കൂരിരുട്ടിൽ സ്ഥലത്തെക്കുറിച്ച് ഒരുപിടിയും ആർക്കും കിട്ടാത്ത അവസ്ഥ. ഓടി കുറേസ്ഥലം പിന്നിട്ടപ്പോൾ ജയിൽ ചാടിയവർ രണ്ടു ബാച്ചായി പിരിഞ്ഞു. ഒ.ജെയും ശേഖരനും ഒരു ബാച്ച്. മറ്റുരണ്ടുപേരും വേറൊരു ബാച്ച്. രണ്ടുദിവസം തുടർച്ചയായി നടന്നു കഴിഞ്ഞപ്പോഴാണ് ഒരു റെയിൽവേ ലൈൻ കണ്ടത്. റെയിൽവേ ലൈനിലൂടെ നടന്ന് സ്റ്റേഷനിൽ എത്തി. അവിടെ ഒരു ട്രെയിൻ പുറപ്പെടാൻ തയ്യാറായി നിൽക്കുന്നു. ഒ.ജെയും ശേഖരനും അതിൽ ചാടിക്കയറി. ഹൂബ്ലിക്കുള്ള ട്രെയിനായിരുന്നു അത്.

ഹൂബ്ലിയിലെത്തിയപ്പോഴും എങ്ങോട്ടു പോകണമെന്നറിയാതെ ഇരുവരും കുഴങ്ങി. തലങ്ങും വിലങ്ങും അവർ നടന്നു. സംശയം തോന്നിയ പോലീസ്‌- അറസ്റ്റു ചെയ്ത് സ്റ്റേഷനിലെത്തിച്ചു. കള്ളക്കഥകൾ പറഞ്ഞ് പോസീലിനെ വെട്ടിച്ച് അവിടെ നിന്നു മുങ്ങി.

മംഗലാപുരം ലക്ഷ്യമാക്കിയായി പിന്നത്തെ നടപ്പ്. അവിടെ പരിചയക്കാരനായ ഒരു ബീഡിത്തൊഴിലാളിയെ ശേഖരൻ കണ്ടെത്തി. ആ തൊഴിലാളിയുടെ വീട്ടിൽ പോയി ഭക്ഷണം കഴിച്ച് ക്ഷീണം അകറ്റിയതിനുശേഷം മലബാറിലേക്ക് യാത്ര തിരിച്ചു. ചിറയ്ക്കൽ താലൂക്ക് കേന്ദ്രമാക്കിയായി പിന്നത്തെ പ്രവർത്തനം. പ്രധാനമായും നെയ്ത്തു തൊഴിലാളികളെ സംഘടിപ്പിക്കുന്നതിലാണ് അദ്ദേഹം വ്യാപൃതനായത്. താമസിയാതെ കമ്യൂണിസ്റ്റ് പാർട്ടിയുടെ ചിറയ്ക്കൽ താലൂക്കു കമ്മിറ്റി അംഗമായി. എ.വി. കുഞ്ഞമ്പുവായിരുന്നു അന്ന് താലൂക്ക് സെക്രട്ടറി.

1943‐ൽ കുറുമ്പ്രനാട് താലൂക്ക് സെക്രട്ടറിയായി ഒ.ജെ.യെ പാർട്ടി നിയോഗിച്ചു. പാർട്ടിക്ക് വേരോട്ടമുണ്ടാക്കുന്ന നിരവധി പ്രവർത്തനങ്ങൾ അക്കാലത്ത് ഒ.ജെയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ടു.

അധികം താമസിയാതെ ഒ.ജെയുടെ പ്രവർത്തന രംഗം തിരുവിതാംകൂറിലേക്കു മാറ്റാൻ പാർട്ടി തീരുമാനിച്ചു. എ.വി. കുഞ്ഞമ്പുവിനെ തിരുവിതാംകൂർ കേന്ദ്രീകരിച്ചു പ്രവർത്തിക്കാൻ പാർട്ടി നേരത്തെ തന്നെ നിയോഗിച്ചിരുന്നു. ചിറയ്ക്കൽ താലൂക്കിൽ ഒന്നിച്ചു പ്രവർത്തിച്ച അവർ തിരുവിതാംകൂർ മേഖലയിലും തോളോടുതോൾ ചേർന്നു പ്രവർത്തിച്ചു. കയ്യൂർ സമരത്തെ തുടർന്ന് ഒളിവിൽ തിരുവിതാംകൂറിലെത്തിയ ഇ.കെ. നായനാരും ആ കമ്മിറ്റിയിൽ അംഗമായിരുന്നു.

അക്കാലത്ത് പോലീസിനെ കബളിപ്പിച്ച് ഒ.ജെ. മുങ്ങിയ കഥ പ്രസിദ്ധമാണ്. ആലപ്പുഴയിൽ സ്റ്റഡി ക്ലാസ് നടക്കുന്ന സമയം. ക്ലാസ് നടക്കുന്ന സ്ഥലം എങ്ങനെയോ പോലീസ് മണത്തറിഞ്ഞു. ക്ലാസ് നടക്കുന്ന വീട് പോലീസ് വളഞ്ഞു. നായനാർ കൂസലന്യേ താൻ ഈ വീട്ടിൽ അതിഥിയായി വന്നതാണെന്നെന്നു പറഞ്ഞു. പേരു ചോദിച്ചപ്പോൾ കരുണാകരൻ എന്നും സ്ഥലം എടയാഴമാണെന്നും പറഞ്ഞു. അത്- പോലീസ് മുഖവിലയ്ക്കെടുത്തു. മൂത്രമൊഴിക്കാൻ എന്ന ഭാവത്തിൽ കുറച്ചപ്പുറത്തിരുന്ന ഒ.ജെയുടെ അടുത്തേക്ക് പോലീസ് പാഞ്ഞടുത്തു. ഒ.ജെ. ആറ്റിലേക്ക് എടുത്തുചാടി. ഒന്നാന്തരം നീന്തൽക്കാരനായിരുന്ന ഒ.ജെ. നിഷ്പ്രയാസം നീന്തി അക്കരെ കരയിലെത്തി. യൂണിഫോമിട്ട് ഷൂസണിഞ്ഞുവന്ന പോലീസുകാർ പിന്നാലെ എടുത്തു ചാടിയെങ്കിലും നീന്താൻ കഴിയാതെ കുഴഞ്ഞു.

തിരുവിതാംകൂറിൽ കമ്യൂണിസ്റ്റുവേട്ട, ദിവാൻ ഭരണം ശക്തിപ്പെടുത്തിയതോടെ മലബാറിൽ നിന്നും കൊച്ചിയിൽ നിന്നുമെത്തിയ പാർട്ടി പ്രവർത്തകർ മടങ്ങിപ്പോയി. എ.വി.യും പ്രവർത്തനകേന്ദ്രം മലബാറിലേക്കു മാറ്റി. ഒ.ജെ. തന്റെ പഴയ പ്രവർത്തന കേന്ദ്രമായ ചിറയ്ക്കലിൽ എത്തി. അദ്ദേഹത്തിന്റെ പേരിൽ ഒരു അറസ്റ്റ് വാറണ്ട് അപ്പോഴും നിലനിൽക്കുന്നുണ്ടായിരുന്നു. അതിനാൽ ഒളിവിലുള്ള പ്രവർത്തനമേ സാധ്യമാകുമായിരുന്നുള്ളൂ. ബാലൻ എന്ന കള്ളപ്പേരിൽ അവിടെ താമസമാക്കി.

പുഴാതിയിലെ ന്യൂസ് ട്രീറ്റ് ടെക്സ്റ്റൈൽ മില്ലിൽ തൊഴിലാളിയായി അദ്ദേഹം ചേർന്നു. പുഴാതിയിലെ വിദ്യാവർദ്ധിനി വായനശാലയുടെ സജീവപ്രവർത്തകനായി അദ്ദേഹം വളരെ വേഗം മാറി.

സാംസ്കാരിക പ്രവർത്തനങ്ങൾക്കൊപ്പം ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളിലും അദ്ദേഹം മുഴുകി. നെയ്ത്ത് തൊഴിലാളി സമരങ്ങളിൽ സജീവമായി പങ്കാളിയാവുകയും നേതൃത്വം നൽകുകയും ചെയ്തു.

1946‐ൽ മദിരാശി സംസ്ഥാനത്ത് പൊതുതിരഞ്ഞെടുപ്പ് നടന്നു. ചിറയ്ക്കൽ താലൂക്ക് ഒന്നാകെ ഒരു നിയോജക മണ്ഡലമായിരുന്നു. കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാനാർത്ഥിയായി കെ.പി. ഗോപാലൻ നിയോഗിക്കപ്പെട്ടു. കോൺഗ്രസ് നേതാവ് മാണിക്കോത്ത് കുമാരനായിരുന്ന എതിർസ്ഥാനാർത്ഥി. കമ്യൂണിസ്റ്റുകാരെ പ്രവർത്തിക്കാൻ അനുവദിക്കാത്ത രീതിയാണ് അന്ന് കോൺഗ്രസുകാർ അവലംബിച്ചത്. കമ്യൂണിസ്റ്റ് പാർട്ടിയുടെ യോഗം കലക്കുക, അതിൽ പങ്കെടുക്കുന്നവരെ നിഷ്ഠൂരമായി ആക്രമിക്കുക എന്നിവയൊക്കെ കോൺഗ്രസുകാരുടെ സ്ഥിരം പരിപാടികളായിരുന്നു. ചില പ്രദേശങ്ങളിലൂടെ വഴി നടക്കാൻ പോലും കോൺഗ്രസ് ഗുണ്ടകൾ കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകരെ അനുവദിച്ചില്ല. അതിനെയെല്ലാം നേരിട്ടുകൊണ്ടുമാത്രമേ കമ്യൂണിസ്റ്റ്കാർക്ക് പ്രവർത്തിക്കാൻ കഴിയുമായിരുന്നുള്ളൂ. കെ.പി. ഗോപാലന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റിയിൽ ഒ.ജെ. അംഗമായി. അതോടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ അദ്ദേഹം സജീവമാക്കി.

1946-ൽ പ്രകാശം മന്ത്രിസഭ അറസ്റ്റുവാറണ്ട് പിൻവലിച്ചു. അതേതുടർന്ന് കമ്യൂണിസ്റ്റുകാർ പരസ്യപ്രവർത്തനം തുടങ്ങി. കെ.പി.ആർ. ഗോപാലൻ ജയിൽ മോചിതനായി. കെ.പി.ആറിന് സ്വീകരണം നൽകിയ വേദിയിൽ ഒ.ജെ. പ്രസംഗിച്ചു.

അധികം താമസിയാതെ കമ്യൂണിസ്റ്റുകാരെ വീണ്ടും കൂട്ടത്തോടെ അറസ്റ്റു ചെയ്തുതുടങ്ങി. അതോടെ ഒ.ജെ. വീണ്ടും ഒളിവു ജീവിതമാരംഭിച്ചു. സ്വാതന്ത്ര്യം ലഭിക്കുന്നതുവരെ ഒളിവുജീവിതം തുടരാൻ അദ്ദേഹം നിർബന്ധിതനായി. സ്വാതന്ത്ര്യ-ദിനാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട്ടെ മാനാഞ്ചിറ മൈതാനിയിൽ വിവിധ പരിപാടികൾ നടന്നു. പി.കൃഷ്ണപിള്ളയും ഒ.ജെ. ജോസഫും ഒളിവിലിരുന്ന് ആ ആഘോഷങ്ങൾ കണ്ടതായി ഇ.എം.എസ്. രേഖപ്പെടുത്തിയിട്ടുണ്ട്.

1948‐ൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ രണ്ടാം കോൺഗ്രസ് കൽക്കത്തയിൽ ചേർന്ന് അംഗീകരിച്ച തീസിസിന്റെ പേരിൽ കോൺഗ്രസ് സർക്കാർ വീണ്ടും കമ്യൂണിസ്റ്റ് വേട്ട കടുപ്പിച്ചു. ഈ സമയത്ത് പാർട്ടിയുടെ മലബാർ റീജണൽ കമ്മറ്റി അംഗമായിരുന്നു ഒ.ജെ. ഒളിപ്രവർത്തനത്തിനിടയിൽ അദ്ദേഹം വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ടു. 1950 ഫെബ്രുവരി 10-നാണ് ജയിൽ മോചിതനായത്.

1951 ഒക്ടോബറിൽ ചേർന്ന കമ്യൂണിസ്റ്റ് പാർട്ടിയുടെ വിശേഷാൽ സമ്മേളനം, പാർട്ടി നയത്തിൽ മാറ്റം വരുത്തിക്കൊണ്ടുള്ള രേഖയും പരിപാടിയും അംഗീകരിച്ചു. ഒന്നാം പൊതുതിരഞ്ഞെടുപ്പിൽ പങ്കെടുക്കാനും പാർട്ടി തീരുമാനിച്ചു. 1952‐ൽ നടന്ന ഒന്നാം പൊതുതിരഞ്ഞെടുപ്പിൽ തൊടുപുഴയിലും പരിസരപ്രദേശങ്ങളിലുമാണ് അദ്ദേഹം പ്രവർത്തിച്ചത്. അപ്പോഴേക്ക് അദ്ദേഹം അവിടത്തെ തോട്ടം തൊഴിലാളി യൂണിയന്റെ നേതാവായിരുന്നല്ലോ. എറണാകുളം കേന്ദ്രാക്കി ട്രേഡ് യൂണിയൻ പ്രവർത്തനവും ഈ കാലഘട്ടത്തിൽ അദ്ദേഹം നടത്തിയിട്ടുണ്ട്.

ട്രാൻസ്പോർട്ട് യൂണിയൻ നേതൃത്വത്തിക്ക് പാർട്ടി ഒ.ജെയെ നിയോഗിച്ചതോടെയാണ് അദ്ദേഹം പ്രവർത്തനരംഗം തിരുവനന്തപുരത്തേക്ക് മാറ്റിയത്. ടി.വി. തോമസായിരുന്നു അന്ന് ട്രാൻസ്പോർട്ട് യൂണിയൻ പ്രസിഡന്റ്. സെക്രട്ടറി കെ.വി. സുരേന്ദ്രനാഥും. അസിസ്റ്റന്റ് സെക്രട്ടറിയായാണ് ഒ.ജെ. നിയോഗിക്കപ്പെട്ടത്. ഒ.ജെ. ഈ ചുമതലയേറ്റ് ആറുമാസത്തിനുള്ളിലാണ് ട്രാൻസ്പോർട്ട് തൊഴിലാളികളുടെ ഐതിഹാസികമായ പണിമുടക്കാരംഭിച്ചത്.

1960 നവം-ബർ 14-നാണ് ഒ.ജെയുടെ വിവാഹം നടന്നത്. തൊടുപുഴ നെയ്ശേരിയിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെയും കർഷകസംഘത്തിന്റെ ഉശിരൻ നേതാവ് ജോസ് അബ്രഹാമിന്റെ സഹോദരി കത്രീനയായിരുന്നു വധു. (തൊടുപുഴ നിയമസഭാ മണ്ഡലത്തിൽനിന്ന്‌ ആദ്യമായി നിയമസഭയിലേക്ക്‌ മത്സരിച്ച കമ്യൂണിസ്റ്റുകാരന ജോസ്‌ അബ്രഹാം ആയിരുന്നു.)

ചെന്തിട്ടയിലെ ഒരു ഹാളിൽ നടന്ന വിവാഹത്തിന് വരണമാല്യമെടുത്തുകൊടുത്തത് ടി.വി. തോമസായിരുന്നു. ജെ. ശാരദാമ്മയാണ് സഹോദരിയുടെ സ്ഥാനത്തു നിന്നത്.

വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളിൽ ഒ.ജെ. വീണ്ടും അറസ്റ്റു ചെയ്യപ്പെട്ടു. കർഷക സമരത്തോടനുബന്ധിച്ചായിരുന്നു അദ്ദേഹം അറസ്റ്റു ചെയ്യപ്പെട്ടത്. 15 ദിവസത്തെ ജയിലിൽവാസത്തിനുശേഷം ജാമ്യത്തിലിറങ്ങി.

1960‐ൽ ആരഭിച്ച ഇന്ത്യ-ചൈന അതിർത്തി സംഘർഷം 1962 ആയപ്പോഴേക്ക് ഏറ്റുമുട്ടലിലെത്തി. ചൈനീസ് ചാരന്മാർ എന്നാരോപിച്ച് കമ്യൂണിസ്റ്റുകാരെ, വിശേഷിച്ച് അതിലെ ഇടതുപക്ഷ നിലപാടുകാരെ കോൺഗ്രസ് സർക്കാർ തിരഞ്ഞുപിടിച്ച് വേട്ടയാടി. ഒ.ജെയെയും പോലീസ് പിടികൂടി. ആദ്യം തിരുവനന്തപുരം സെൻട്രൽ ജയിലിലും പിന്നീട് വെല്ലൂർ ജയിലിലുമടച്ചു. ആറുമാസത്തിനുള്ളിൽ അദ്ദേഹം മോചിതനായി.

1964‐ൽ കമ്യൂണിസ്റ്റുപാർട്ടി ഭിന്നിക്കുന്നതിനു തൊട്ടുമുമ്പായിരുന്നു എ.കെ.ജിക്കെതിരെ അന്നത്തെ പാർട്ടി നേതൃത്വം അച്ചടക്ക നടപടി സ്വീകരിച്ചത്. അതിനെതിരെ പാർട്ടി അണികൾക്കിടയിൽ അമർഷം ആളിക്കത്തി. നടപടിക്കു വിധേയനായ എ.കെ.ജിക്കു സ്വീകരണം നൽകാൻ ഒ.ജെയും സമാനചിന്താഗതിക്കാരായ അവണാകുഴി സദാശിവൻ, കരമന സോമൻ, പി.ജി. വേലായുധൻ നായർ, കെ. അനിരുദ്ധൻ, പള്ളിച്ചൽ സദാശിവൻ തുടങ്ങിയവരും തീരുമാനിച്ചു. അതിഗംഭീരമായ വരവേല്പാണ് അന്ന് ഒ.ജെയുടെ നേതൃത്വത്തിൽ എ.കെ.ജിക്ക് നൽകിയത്. പാർട്ടി രണ്ടായപ്പോഴേയ്ക്കും തിരുവനന്തപുരം ജില്ലയിൽ സി.പി.ഐ എമ്മിന് നല്ല ജനകീയ അടിത്തറയുണ്ടായി. അതിനു പ്രധാന പങ്കുവഹിച്ചവരിൽ ഒരാൾ ഒ.ജെയായിരുന്നു.

സി.പി.ഐ. എം രൂപീകരിക്കപ്പെട്ടതിനുശേഷമുള്ള ആദ്യസമ്മേളനം ആലപ്പുഴയിൽ ചേർന്നു. ആ സമ്മേളനം ഒ.ജെയെ സംസ്ഥാന കമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്തു.

സി.പി.ഐ.എം. പ്രവർത്തകരെയും നേതാക്കളെയും പോലീസ് കിരാതമായി വേട്ടയാടി. അവരെ കൂട്ടത്തോടെ അറസ്റ്റുചെയ്ത് ജയിലിലിട്ടു. 1964 ഡിസംബർ 30‐ന് ഒ.ജെ. ഉൾപ്പെടെ നിരവധി നേതാക്കളെയും പ്രവർത്തകരെയും അറസ്റ്റുചെയ്തു. 16 മാസത്തെ ജയിൽ വാസത്തിനുശേഷമാണ് അദ്ദേഹം മോചിപ്പിക്കപ്പെട്ടത്. എട്ടാം പാർട്ടി കോൺഗ്രസിനു മുന്നോടിയായി തിരുവനന്തപുരം ജില്ലാ സമ്മേളനം നെയ്യാർഡാമിൽ നടന്നു. ഒ.ജെ. ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. അന്ന് രണ്ടാം ഇ.എം.എസ്. സർക്കാർ അധികാരത്തിലിരിക്കുന്ന സമയമാണ്. ജില്ലാ സെക്രട്ടറിയുടെ ഓഫീസിനു മുമ്പിൽ വെച്ചി-രുന്ന ബോർഡിൽ ഇങ്ങനെ എഴുതിയിരുന്നു: “ശുപാർശക്കാർക്ക് പ്രവേശനമില്ല.”

1968‐ൽ പാലക്കാട്ടു നടന്ന സംസ്ഥാന സമ്മേളനത്തിൽ ഒ.ജെ. സംസ്ഥാന സെക്രട്ടറിയേറ്റംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1981‐ൽ അദ്ദേഹം രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടതുവരെ ആ സ്ഥാനത്ത് തുടർന്നു. രാജ്യസഭാംഗങ്ങളുടെ പ്രവർത്തന കേന്ദ്രം ഡൽഹിയായതിനാൽ സംസ്ഥാന സെക്രട്ടറിയേറ്റിൽ അവരെ അന്ന്‌ ഉൾപ്പെടുത്തിയിരുന്നില്ല. ട്രേഡ് യൂണിയനുകളുടെ ഉശിരൻ സംഘാടകനായിരുന്ന ഒ.ജെ., 1970‐ൽ സി.ഐ.ടി.യു രൂപീകരിക്കപ്പെട്ടപ്പോൾ അതിന്റെ സംസ്ഥാന വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.

1975‐ൽ ഇന്ദിരാഗാന്ധി അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതിനെത്തുടർന്ന് ഒ.ജെ.യും അറസ്റ്റ് ചെയ്യപ്പെട്ടു. അടിയന്തിരാവസ്ഥ പിൻവലിക്കപ്പെടുന്നതുരെ അദ്ദേഹത്തിന് ജയിലിൽ കിടക്കേണ്ടിവന്നു.

ഒ.ജെ.കത്രിക്കുട്ടി ദമ്പതികൾക്ക് മൂന്ന് മക്കൾ. അഡ്വ. ലാലു ജോസഫ്, ലീന, ലതി എന്നി-വർ.

1991 നവംബർ 19ന് ഒ.ജെ. അന്ത്യശ്വാസം വലിച്ചു.

കടപ്പാട്-
1. ഒ.-ജെ.യുടെ ജീവിതകഥ  സി. ഭാസ്കരൻ
2. The History of Trade Union Movement In Kerala, K. Ramachandran Nair
3. ഒ ജെ ജോസഫിന്റെ മകൻ അഡ്വ. ലാലു ജോസഫ്-

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

13 − six =

Most Popular