Thursday, April 25, 2024

ad

Homeപുസ്തകംലിംഗവിവേചനം എന്ന നിശബ്ദകൊലയാളി: അദൃശ്യവനിതകളെ വായിക്കുമ്പോൾ

ലിംഗവിവേചനം എന്ന നിശബ്ദകൊലയാളി: അദൃശ്യവനിതകളെ വായിക്കുമ്പോൾ

ഡോ. സംഗീത ചേനിംപുല്ലി

ന്ത്യയിൽ വിതരണംചെയ്ത ചില അത്യുത്പാദനശേഷിയുള്ള വിത്തുകൾ കർഷകർ ഉപേക്ഷിക്കാൻ കാരണം വിത്തു വിതരണംചെയ്തവരുടെ ജന്റർ അവബോധമില്ലായമായാണെന്നു പറഞ്ഞാൽ നിങ്ങൾവിശ്വസിക്കുമോ? അല്ലെങ്കിൽ വിദേശരാജ്യങ്ങളിൽ പൊതുസ്ഥലങ്ങളിൽ വീണുറഞ്ഞ മഞ്ഞു നീക്കംചെയ്യുന്നതിൽ‌ ലിംഗവിവേചനം നിലനിൽക്കുന്നു എന്നുപറഞ്ഞാൽ വിശ്വസിക്കാനാകുമോ? ആദ്യത്തെ ഉദാഹരണത്തിൽ വിതരണംചെയ്ത അത്യുത്പാദനശേഷിയുള്ള വിത്തുകൾ വേവാൻ കൂടുതൽ സമയമെടുക്കുന്നതായിരുന്നു പ്രശ്നം. ഇന്ത്യൻ അടുക്കളകളിൽ പാചകം പെണ്ണിന്റെ ജോലിയായതിനാൽ വേവാൻ പ്രയാസമുള്ള ഈ വിത്തുകൾ സ്വീകരിക്കാൻ സ്ത്രീകൾ തയ്യാറായില്ല. പ്രത്യക്ഷത്തിൽ സ്ത്രീകളുമായി ഒരു ബന്ധവുമില്ലെന്നു നമ്മൾ കരുതുന്ന കാര്യങ്ങളിൽ പോലും ജന്റർ ഇടപെടുന്നു എന്നാണ് ഇത് കാണിക്കുന്നത്. വിദേശരാജ്യങ്ങളിൽ മഞ്ഞുനീക്കുമ്പോൾ റോഡുകൾക്കു നല്കുന് നപ്രാധാന്യം നടപ്പാതകൾക്കു നൽകാറില്ല. നടപ്പാതകൾ കൂടുതൽ ഉപയോഗിക്കുന്നത് സ്ത്രീകളായതിനാൽ മഞ്ഞുകാലത്ത് വഴുക്കിവീണ് അസ്ഥികൾക്ക് ഒടിവുമായി എത്തുന്നവരിൽ നല്ലൊരു ശതമാനവും സ്ത്രീകളാണ്. അങ്ങനെയാണ്‌ മഞ്ഞുനീക്കുന്ന പ്രവൃത്തിയിൽ ലിംഗവിവേചനം നാമറിയാതെ പ്രവർത്തിക്കുന്നത്.

കരോളിൻ ക്രിയാഡോപെരെസ് എഴുതിയ: ചാറ്റോ ആന്റ്വിൻഡസ്, ലണ്ടൻ2019ൽ പ്രകാശനംചെയ്ത Inv-isible Women: Exposing Data Bias in a World Designed for Men എന്ന പുസ്തകത്തിലേതാണ്‌ മേൽപ്പറഞ്ഞ ഉദാഹരണങ്ങൾ. ആറ് ഭാഗങ്ങളിൽ പതിനാറ് അദ്ധ്യായങ്ങളായി ഒരുക്കപ്പെട്ടിരിക്കുന്ന ഈ പുസ്തകം തുറന്നുകാട്ടാൻ ശ്രമിക്കുന്നത് കുറേക്കൂടി ഗുരുതരമായ പ്രശ്നമാണ്. അത് ജൻറ്റർ അടിസ്ഥാനമാക്കി തരംതിരിച്ച ഡാറ്റയുടെ അഭാവമാണ്. അതായത് കേരളത്തിൽ എത്ര സ്ത്രീകൾ കാറോടിക്കുന്നു എന്നോ, എത്ര സ്ത്രീകൾ സർക്കാർ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്നു എന്നോ, അസംഘടിതമേഖലയിലെ സ്ത്രീതൊഴിലാളികളുടെ എണ്ണമെത്ര എന്നോ ചോദിച്ചാൽ പെട്ടെന്നൊരു ഉത്തരംകിട്ടുമോ? നിലവിലുള്ള ഡാറ്റവെച്ച് ഉത്തരം കിട്ടുമെന്ന് തോന്നുന്നില്ല. ഈ പ്രശ്നമാണ് കരോളിൻ ക്രിയാഡോപെരെസ് പ്രധാനമായും ഉന്നയിക്കുന്നത്. ഡാറ്റയാൽ നിയന്ത്രിക്കപ്പെടുന്ന ലോകത്ത് ഇത്തരത്തിൽ ഡാറ്റ വിടവ് സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ നാം ഊഹിക്കുന്നതിനും അപ്പുറമാണ്. ഒരു വിദ്യാഭ്യാസസ്ഥാപനത്തിലെ മൂത്രപ്പുരകളുടെ എണ്ണം പെൺകുട്ടികൾക്ക് തികയാത്തതുമുതൽ, പൊതുഗതാഗത സംവിധാനത്തിൽ സ്ത്രീകളുടെ ആവശ്യങ്ങൾ പരിഗണിക്കപ്പെടാതിരിക്കുന്നതുവരെ പല പ്രത്യാഘാതങ്ങളുണ്ട് അതിന്. ചിലപ്പോഴൊക്കെ ഡാറ്റയുടെ അഭാവം സ്ത്രീകളുടെ മരണത്തിനുവരെ കാരണമാകാറുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തെരഞ്ഞെടുപ്പുകളേയും, ചികിത്സയേയും വരെ നിയന്ത്രിക്കുന്ന കാലത്ത് അവ എടുത്തുപയോഗിക്കുന്നത്‌ സ്‌ത്രീകളില്ലാത്ത ഈ ഡാറ്റയാണ്. അത്‌ നിലവിലുള്ള ജന്റർ വിടവിൽ എത്രയോ മടങ്ങ് ആഴംകൂട്ടും. തെരഞ്ഞെടുക്കുന്നത് അല്ലെങ്കിൽ ഒഴിവാക്കുന്നത്‌ സ്‌ത്രീയെയോ, പുരുഷനെയോ എന്നത്‌ യന്ത്രത്തിന്പ്രശ്നമല്ലല്ലോ.

ആമുഖ അദ്ധ്യായത്തിൽ എല്ലാ അനുഭവങ്ങളേയും പുരുഷന്റേത്‌ മാത്രമായി ചുരുക്കാനുള്ള സമൂഹത്തിന്റെ പ്രവണത വിമർശിക്കപ്പെടുന്നു. ആണെന്നാൽ സ്വാഭാവികതയും പെണ്ണെന്നാൽ അപരയുമാകുന്ന, സിമോൺ ദി ബുവ മുൻപേ ചൂണ്ടിക്കാണിച്ച പ്രശ്നത്തെ സമകാലിക ഉദാഹരണങ്ങളിലൂടെ വിശദമാക്കുന്നു. നാം നിത്യവും ഉപയോഗിക്കുന്ന ഭാഷയിൽ മുതൽ നരവംശ ശാസ്ത്രപഠനങ്ങളിൽ വരെ ഈ മുൻവിധി പ്രവർത്തിക്കുന്നത് കാണാം. ഒന്നാംഭാഗത്തെ രണ്ടധ്യായങ്ങൾ മൂത്രപ്പുരകൾ മുതൽ റോഡുകൾവരെ നിത്യജീവിതത്തിൽ ലിഗവിവേചനം പ്രവർത്തിക്കുന്നതെങ്ങനെ എന്ന് കാണിക്കുന്നു. രണ്ടാംഭാഗത്ത് തൊഴിലിടങ്ങളിലെ ലിംഗനീതിയാണ്‌ വിഷയമാകുന്നത്. സ്ത്രീകൾ എന്തുകൊണ്ട് ഞങ്ങളെപ്പോലെ എഫിഷ്യന്റ് ആകുന്നില്ല എന്ന ചോദ്യത്തിന്റെ പൊള്ളത്തരം ഈ ഭാഗത്ത് തുറന്നുകാട്ടപ്പെടുന്നു. മൂന്നാംഭാഗത്ത്‌ വെട്ടുകത്തി മുതൽ കാർവരെയുള്ളവയുടെ ഡിസൈനിൽ ലിംഗമുൻവിധികൾ പ്രവർത്തിക്കുന്നതെങ്ങനെ എന്നും അത്‌ സ്‌ത്രീകളുടെ ജീവിതത്തെ വിഷമകരമാക്കുകയോ അവർക്ക് ആപത്തുണ്ടാക്കുകയോ ചെയ്യുന്നതെങ്ങനെ എന്നും പറയുന്നുണ്ട്. നാലാംഭാഗം കുറേക്കൂടി ഗൗരവമായ മറ്റൊരു പ്രശ്നം ഉന്നയിക്കുന്നുണ്ട്. അത്ചികിത്സയിൽ പുരുഷാനുകൂല മുൻവിധികൾ പ്രവർത്തിക്കുന്നതെങ്ങനെഎന്നാണ്. ഉദാഹരണത്തിന് സ്ത്രീകൾക്ക് ഉണ്ടാകുന്ന ഹൃദയാഘാതം തിരിച്ചറിയപ്പെടാതെ പോകുന്നത് അവർക്കുണ്ടാകുന്ന ലക്ഷണങ്ങൾ സാധാരണ പറയുന്ന ലക്ഷണങ്ങളിൽ ഉൾപ്പെടുത്താത്തതുകൊണ്ടാണ്. അഥവാ സാധാരണ ലക്ഷണങ്ങൾ എന്നാൽ പുരുഷനുണ്ടാകുന്നവയാണ്. പുരുഷനിൽനിന്ന്‌ വ്യത്യസ്തമായ ശരീരഘടനയുള്ള സ്ത്രീകൾക്ക് പുരുഷന്റെ അതേ അളവിൽ മരുന്നുകൾ നല്കുന്നതുകൊണ്ടുണ്ടാകുന്ന പ്രശ്നങ്ങളും, ജീവാപായസാധ്യതയും ഇവിടെ കടന്നുവരുന്നു.

പൊതുവിടങ്ങളിലെ ലിംഗനീതിയെപ്പറ്റിയറിയാൻ ഈ പുസ്തകം വായിക്കേണ്ട ആവശ്യം വരില് ലമലയാളി സ്ത്രീക്ക്. പൊതുവിടത്തിൽ അവളെത്രമാത്രം അന്യയാണെന്നും, ഇരയാണെന്നും നമുക്കറിയാം. സ്ത്രീയുടെ അവകാശവും മനുഷ്യാവകാശം തന്നെയാണെന്നുകൂടി പറഞ്ഞുവെയ്ക്കുന്നുണ്ട് ഈഅഞ്ചാംഭാഗം. അപകടങ്ങളും, പ്രകൃതിദുരന്തങ്ങളും  സ്ത്രീകളെ കൂടുതൽ അപകടത്തിലാക്കുന്നതിന്റെ പിന്നിലെ മുൻവിധികൾ തുറന്നുകാട്ടുന്നുണ്ട് ആറാംഭാഗത്തിൽ ഉൾപ്പെട്ട അവസാന അദ്ധ്യായങ്ങൾ. അവിടെ എത്തുമ്പോഴേക്ക് എത്ര നിസ്സാരവും നിസ്സഹായവുമാണ് നമ്മുടെ ജീവനും ജീവിതവുമെന്ന് സ്ത്രീകൾ മനസ്സിലാക്കും. ഒപ്പം ലിംഗപരമായ മുൻവിധികൾ പലപ്പോഴും മനപ്പൂർവ്വമല്ലെന്നും, കൃത്യമായ ഡാറ്റയും സക്രിയമായ ഇടപെടലും കൊണ്ട് പലതും തിരുത്താനാകുമെന്നും കൂടി നമ്മളറിയും.

കോവിഡ് കാലത്തെ അടച്ചിരുപ്പിനെ ചിന്തയിൽ മുക്കിയ പുസ്തകങ്ങളിൽ ഒന്നാണിത്. നമ്മുടെ ജീവിതത്തിന്റെ അരികിലും മുക്കിലും സമൂഹത്തിന്റെ മുൻവിധി ഇടപെടുന്നതെങ്ങനെ എന്ന തിരിച്ചറിവിന്‌ മൂർച്ചകൂട്ടുക മാത്രമല്ല, ഈ വിവേചനങ്ങളെക്കുറിച്ച് നിരന്തരം തുറന്നുപറഞ്ഞാലേ, എതിർപ്പ് ഉയർത്തിയാലേ മാറ്റത്തിന് സാധ്യതയുള്ളൂ എന്നുകൂടി പഠിപ്പിച്ചു ഈപുസ്തകം. മാത്രമല്ല നമ്മുടെ നാട്ടിലും സ്ത്രീകളെ സംബന്ധിച്ച പലതരം സ്ഥിതിവിവരക്കണക്കുകൾ ശേഖരിച്ച് ക്രോഡീകരിക്കപ്പെടേണ്ടതുണ്ട്. എങ്കിലേ അവയെ അടിസ്ഥാനമാക്കി ലിംഗതുല്യതയിലൂന്നിയ നയരൂപീകരണം സാധ്യമാവൂ. ലളിതമായഭാഷയിൽ ഏറ്റവും ഉചിതമായ ഉദാഹരണങ്ങളിലൂടെ എഴുതപ്പെട് ടഇത്‌ വിശദമായ വായനഅർഹിക്കുന്നുണ്ട്. അതുകൊണ്ടാണ് ഈപുസ്തകം മലയാളത്തിലേക്ക്‌ വിവർത്തനം ചെയ്യാൻ ഞങ്ങൾ ശ്രമിക്കുന്നതും.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

five × five =

Most Popular