കാസർകോട് കുമ്പളയിൽ ഭാസ്കരയെ ബസിനുള്ളിൽവെച്ച് അരുംകൊലചെയ്ത് നാലുമാസം പിന്നിട്ടപ്പോഴാണ് സംഘപരിവാർ കൊലയാളികൾ ഏറെക്കുറെ സമാനമായ വിധത്തിൽ തിരുവനന്തപുരത്ത് ചെമ്പഴന്തി എസ്എൻ കോളേജിലെ രണ്ടാംവർഷ പ്രീഡിഗ്രി വിദ്യാർഥിയായ അജയ്‌യെ അതിനിഷ്ഠുരമായവിധം വധിച്ചത്.
1997 സെപ്തംബർ3നാണ് 19കാരനായ അജയ്‌യെ പതിനഞ്ചംഗ സംഘപരിവാർ ക്രിമിനൽസംഘം രാവിലെ കോളേജിലേക്ക് പോകവെ ബസിൽനിന്ന് ബലമായി പിടിച്ചിറക്കി തുണ്ടുതുണ്ടായി വെട്ടിനുറുക്കി കൊലപ്പെടുത്തിയത്. ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിനു തൊട്ടുമുൻപ് ഉദയഗിരി ജംഗ്ഷനിൽവെച്ച് സെപ്തംബർ 3 ബുധനാഴ്ച രാവിലെ ഒമ്പതേമുക്കാൽ മണിക്കായിരുന്നു നാടിനെനടുക്കിയ ആകൊലപാതകം. ചെമ്പഴന്തി എസ്എൻ കോളേജിലെ എസ്എഫ്ഐ യൂണിറ്റു കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ ചേന്തി യൂണിറ്റ് പ്രസിഡന്റുമായിരുന്നു അജയ്. വിമുക്തഭടനും സംസ്ഥാന എൻസിസി വകുപ്പ് ജീവനക്കാരനുമായ ആർ അപ്പുക്കുട്ടന്റെയും കുമാരിയുടെയും മകനാണ് അജയ്. ആശയാണ്സഹോദരി.
പതിവുപോലെ അന്നും രാവിലെ പോങ്ങുമ്മൂടുനിന്ന് കെഎസ്ആർടിസി ബസിൽ കോളേജിലേക്ക് പോവുകയായിരുന്നു അജയ്. ആ കുട്ടി യാത്രചെയ്യുന്ന ബസിനെ സംബന്ധിച്ച് കൃത്യമായ വിവരം ലഭിച്ച ചെമ്പഴന്തി എസ്എൻ കോളേജ് വിദ്യാർഥികളും എബിവിപി നേതാക്കളുമായ അരുൺ, ഷാജി, എംജി കോളേജിലെ എബിവിപി നേതാവ് അഭിലാഷ്, ആർഎസ്എസ് പ്രവർത്തകനായ സഞ്ചു എന്നിവരുൾപ്പെടെയുള്ള 12 അംഗ ആർഎസ്എസ്‐എബിവിപി അക്രമിസംഘം ശ്രീകാര്യത്തിനടുത്ത് ചെക്കാലമുക്ക് ജംഗ്ഷനിൽനിന്ന് അതേബസിൽ കയറി. മുരുക്കുംപുഴയിലെ ഡിവൈഎഫ്ഐ പ്രവർത്തകനായ കൊച്ചുരാജനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും ആർഎസ്എസ് ഗുണ്ടയുമായ പ്രേമശീലൻ, ആർഎസ്എസ് നേതാവും വക്കീൽ ഗുമസ്തനുമായ ജയചന്ദ്രൻ എന്നിവരടക്കം മൂന്നുപേർ ഉദയഗിരി ജംഗ്ഷനിൽ കാത്തുനിന്നിരുന്നു. ജംഗ്ഷനു സമീപം ബസ് എത്തിയയുടനെ ബസിൽ നേരത്തെ ആയുധധാരികളായി കയറിപ്പറ്റിയിരുന്ന 12 അംഗ അക്രമിസംഘം അജയ്‌ക്കുനേരെ ആക്രമണമാരംഭിച്ചു. ബസ് അവിടെ നിർത്തിയപാടെ വിദ്യാർഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർ പരിഭ്രാന്തരായി നിലവിളിച്ചുകൊണ്ട് ബസിൽനിന്ന് ഇറങ്ങിഓടി. കോളേജ് സമയത്തെ ബസായിരുന്നതിനാൽ അതിനുള്ളിൽ തിങ്ങിനിറഞ്ഞ് യാത്രക്കാരുണ്ടായിരുന്നു.-ഏറെയുംവിദ്യാർഥി-വിദ്യാർഥിനികൾ. വിദ്യാർഥികളെയും സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാരെയും മർദിച്ചും കൊലവിളി മുഴക്കിയും തുരത്തിയോടിക്കുയായിരുന്നു അക്രമിസംഘം. പരിഭ്രാന്തരായ യാത്രക്കാർ തിക്കിയുംതിരക്കിയും ഇറങ്ങുന്നതിനിടെ തന്നെ അക്രമിസംഘം അജയ്‌യെ പിടിച്ചിറക്കി കാൽക്കുഴയിൽ വെട്ടിവീഴ്ത്തുകയാണുണ്ടായത്.
വെട്ടേറ്റുവീണ അജയ്‌യെ റോഡിന്റെ ഇടതുവശത്തേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി വെട്ടിനുറുക്കുകയാണുണ്ടായത്. കഴുത്തിന്റെ രണ്ടുവശങ്ങളിൽ ആഴത്തിൽ വെട്ടുംകുത്തുമേറ്റു. രണ്ടുകാലും കൈകളും കൊത്തിനുറുക്കുകയിരുന്നു. സമീപത്തുള്ള ഒരു പ്രിന്റിങ് പ്രസിന്റെ തിണ്ണയിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയശേഷം അവിടെവെച്ച് വീണ്ടും കൊലയാളിസംഘം വളഞ്ഞുനിന്ന് തുരുതുരെവെട്ടി. കാൽക്കുഴകളിലേയും കൈമുട്ടിലേയും എല്ലുകൾ പുറത്തുചാടി. തൊഴുകയ്യോടെ കൊല്ലരുതേയെന്നപേക്ഷിച്ചപ്പോൾ കൈകൾ കൂട്ടിപ്പിടിച്ച് വെട്ടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ ഇന്നും ഓർക്കുന്നു. ആഴത്തിലുള്ള 21 മുറിവുകൾക്കു പുറമെ ദേഹമാസകലം നിരവധി പരിക്കുകളും ചതവുകളും ഉള്ളതായാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ബസിൽനിന്നും അജയിനെ പിടിച്ചിറക്കിയയുടനെ ബസ് വിട്ടുപോയി. ഉദയഗിരി ജംഗ്ഷനിൽ ഇറങ്ങിയ വിദ്യാർഥികളും സ്ത്രീകളുമുൾപ്പെടെയുള്ള യാത്രക്കാരും സമീപത്തെ വീടുകളിലുണ്ടായിരുന്നവരും “അയ്യോ, ആ കുട്ടിയെ കൊല്ലരുതേ; ദുഷ്ടന്മാരെ അവനെ വിടൂ” എന്ന് നിലവിളിച്ചുകൊണ്ട് ഓടിയടുത്തെങ്കിലും ആ കാപാലികസംഘം വടിവാളും കഠാരയും വീശി അവരെ വിരട്ടിയോടിച്ചു. അടുത്ത് റോഡരികിലുള്ള ചന്തയിൽനിന്നു ബഹളവും ആക്രോശങ്ങളും കേട്ട് ഓടിവന്ന സ്ത്രീകളെയും തുരത്തി. സംഘത്തിലെ കുറേപ്പേർ അജയ്‌യെ വെട്ടുന്നതിനിടയ്ക്ക് രണ്ടുമൂന്നുപേർ വാളുകൾ വീശി ആളുകൾ അടുക്കാതെ വിരട്ടിയോടിച്ചു. ആകെ ഭീകരമായ ഒരന്തരീക്ഷം സൃഷ്ടിച്ചശേഷം എല്ലാപേരും കൂടി വളഞ്ഞുനിന്ന് ഓംകാളി വിളിച്ച് ആർത്തട്ടഹസിച്ചു കൊണ്ട് ആരെയും അടുപ്പിക്കാതെ 15 മിനിറ്റോളംനേരം വെട്ടും കുത്തും തുടർന്നു. മരിച്ചുവെന്ന് ഉറപ്പുവരുത്തിയശേഷം സംഘം റോഡിനു കിഴക്കുവശത്ത് പൗഡിക്കോണത്തേക്കുള്ള റോഡിൽ കയറി കണ്ണങ്കര എന്ന സംഘപരിവാർ സ്വാധീനമേഖലയിലേക്ക് ഓടി മറയുകയായിരുന്നു.
രക്തത്തിൽ കുളിച്ച് ബോധരഹിതനായി കിടന്ന അജയിനെ ഓടിക്കുടിയ നാട്ടുകാരും വിദ്യാർഥികളും ചേർന്ന് മെഡിക്കൽകോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അതിനകംതന്നെ ആ കുട്ടി അന്ത്യശ്വാസം വലിച്ചുകഴിഞ്ഞിരുന്നു. കഴുത്തിലേറ് റആഴത്തിലുള്ള മുറിവിൽനിന്നും രക്തം ചീറ്റിക്കൊണ്ടിരുന്നത് തടയാനായി സ്ഥലത്തുണ്ടായിരുന്ന ഒരു തൊഴിലാളി തന്റെ തോർത്തുകൊണ്ട് ചുറ്റിക്കെട്ടിയെങ്കിലും രക്തപ്രവാഹം നിലച്ചില്ല. വായിലേക്ക് ഒരിറ്റ് വെള്ളം ആരോ ഒരാൾ ഒഴിച്ചുകൊടുത്തെങ്കിലും അതിറങ്ങാതെ കവിളിലൂടെ ഒലിച്ചുപോയി. ആശുപ്രതിയിലേക്കു കൊണ്ടുപോകാൻ വാഹനത്തിൽ കയറ്റിയപ്പോൾ ഞരക്കം മാത്രമേയുണ്ടായിരുന്നുള്ളൂവെന്ന് അന്നു കൂടെയുണ്ടായിരുന്ന സഹപാഠികളിലും സമീപവാസികളിലും ചിലർ പറഞ്ഞു. “അമ്മേ’ എന്ന് നേരിയ ശബ്ദത്തിൽ വിലപിച്ച് ആ ജീവൻ പൊലിഞ്ഞു.
എന്തിനീ കാപാലിക സംഘം ആ ചെറുപ്പക്കാരനെ വെട്ടിനുറുക്കി കൊന്നു? അജയിന്റെ മാതാപിതാക്കളും സഹോദരിയും സുഹൃത്തുക്കളും ഇന്നും കണ്ണീരോടെ ചോദിക്കുന്നു. ഉത്തരമില്ലാത്തചോദ്യം.
ഒരുകാര്യമറിയാം. ചെമ്പഴന്തി എസ്എൻ കോളേജിലോ അവൻ താമസിച്ചിരുന്ന പോങ്ങുമ്മൂട് പ്രദേശത്തോ അന്നോ അതിനുമുമ്പോ ഒരു സംഘട്ടനമോ സംഘർഷാവസ്ഥയോ ഉണ്ടായിരുന്നില്ല. സൗമ്യമധുരവും വിനയാന്വിതവുമായ പെരുമാറ്റവും ധൈഷണിക മികവുമുള്ള ആ കുട്ടിയുടെ സംഘടനാശേഷിയെ സംഘപരിവാർ ശക്തികൾ ഭയന്നിരുന്നു. ചെങ്കൊടികയറ്റില്ലെന്ന് ഇരുട്ടിന്റെ ശക്തികൾ വെല്ലുവിളിച്ചിരുന്ന പ്രദേശങ്ങളിലേക്ക്, സംഘപരിവാർ സ്വാധീനമേഖലയിലേക്ക് അവൻ പുരോഗമനപ്രസ്ഥാനത്തിന്റെ പതാകവാഹകനായി കടന്നുകയറിയപ്പോൾ ആ ജീവനെടുക്കാൻ ഹിന്ദുത്വഭീകരസംഘം തീരുമാനിക്കുകയായിരുന്നു. ♦