കേരളീയ ജീവിതത്തിന്റെ അഭേദ്യഭാഗമാണ് നര്‍മ്മം. രാഷ്ട്രീയത്തിലും സംസ്‌ക്കാരത്തിലും കലയിലും സാഹിത്യത്തിലും സിനിമയിലും എന്നു വേണ്ട നമുക്ക് പരിചിതമായ എല്ലാ മേഖലകളിലും നര്‍മ്മബോധവും പരിഹാസവും ഹാസ്യാവിഷ്‌ക്കാരങ്ങളും സര്‍വ്വസാധാരണം. കുഞ്ചന്‍ നമ്പ്യാര്‍ മുതല്‍ വികെഎന്‍ വരെയുള്ള മഹാപ്രതിഭകള്‍ മാത്രമല്ല; ഓരോ ചെറുതരിയിലും തേനുണ്ടെന്ന് പറയാറുള്ളതുപോലെ എല്ലാ മലയാളികളിലും ഒരിത്തിരി നര്‍മ്മമെങ്കിലുമുണ്ട്. മലയാളികളല്ലാത്ത ജനവര്‍ഗ്ഗങ്ങളില്‍ ഇത്തരം നര്‍മ്മമില്ലെന്നൊന്നുമല്ല ഇതിന്റെ അര്‍ത്ഥം. മലയാളികളില്‍ നര്‍മ്മമുണ്ടെന്നുറപ്പാണെന്നു മാത്രം. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍; ഭക്ഷണവും വസ്ത്രവും വീടും പോലുള്ള അടിസ്ഥാനാവശ്യം പോലെ തന്നെ ചിരിക്കാനും ചിരിപ്പിക്കാനുമുള്ള അവകാശവും സ്വായത്തമാക്കിയവരാണ് മലയാളികള്‍.
അതുകൊണ്ടു തന്നെ ഇന്നസെന്റിനെപ്പോലെ, കാണികള്‍ക്ക് ഏറ്റവും അടുപ്പം തോന്നിക്കുന്ന ഒരതുല്യ കലാകാരനെ നമ്മളിലൊരാളായി, അഥവാ നമ്മള്‍ തന്നെയായി സ്വീകരിച്ചാനന്ദിക്കാന്‍ നമുക്കാരുടെയും സമ്മതവും പരിശീലനവും വേണ്ട. താന്‍ അഭിനയിച്ച പല സിനിമകളെക്കാളും മുകളിലെത്തി ഇന്നസെന്റ് എന്നതാണ് അദ്ദേഹത്തിന്റെ മേന്മ. ഇത് ഒരുപക്ഷെ, ഈ സിനിമകളുടെയോ അവയുടെ സംവിധായകരുടെയോ കുറവായി കരുതണമെന്നില്ല; ഒരു കലാസമ്മേളനമായ സിനിമയില്‍ ഏതെങ്കിലും ഒരു ഘടകം കൂടുതല്‍ മികവുറ്റതായി തോന്നുന്നത് ആ സിനിമയ്ക്ക് മൊത്തത്തിലുള്ള പ്രഭാവത്തെ നിസ്സാരവത്ക്കരിക്കുകയോ അവയെ അപ്രസക്തമാക്കുകയോ ചെയ്യുന്നുണ്ട് എന്നത് ഒരു വാസ്തവമാണെങ്കിലും. ഇന്നസെന്റിന്റെ കാര്യത്തില്‍ ഇത് മിക്കപ്പോഴും ഒരു യാഥാര്‍ത്ഥ്യമാണ്. മറ്റു ചിലപ്പോഴാകട്ടെ, സിനിമയുടെ സമഗ്രവിജയത്തിനുള്ള നിര്‍ണായകഘടകമായി ഇന്നസെന്റ് പരിണമിക്കുന്നതും കാണാം.
അടൂര്‍ ഭാസി, ബഹദൂര്‍, കുതിരവട്ടം പപ്പു, എസ് പി പിള്ള, ശങ്കരാടി, മാള അരവിന്ദന്‍, ജഗതി ശ്രീകുമാര്‍, മാമുക്കോയ, സലിം കുമാര്‍, സുരാജ് വെഞ്ഞാറമൂട്, കൊച്ചിന്‍ ഹനീഫ, ജനാര്‍ദ്ദനന്‍, ശ്രീനിവാസന്‍, ഇന്ദ്രന്‍സ്, കല്പന, ഫിലോമിന എന്നിങ്ങനെ ഹാസ്യവേഷങ്ങളില്‍ നൂറു നൂറു വേഷങ്ങളില്‍ തിളങ്ങി, പ്രേക്ഷകരുടെ കണ്ണിലും മനസ്സിലും എപ്പോഴും ചിരി വിതറി നിലനിന്നവരില്‍ പ്രമുഖനാണ് ഇന്നസെന്റും. ഇവരോടൊപ്പവും ഒറ്റയ്ക്കും ഏതു സാഹചര്യത്തിലും മികവ് തെളിയിച്ച പ്രതിഭയാണ് അദ്ദേഹം. അതാത് സിനിമയുടെ പ്രമേയത്തിനോ കഥാഗതിയ്‌ക്കോ അനിവാര്യമാണോ അല്ലയോ എന്നു പോലും വിവേചനബുദ്ധിയോടെ പരിശോധിക്കാതെ ഇവര്‍ പ്രത്യക്ഷപ്പെടുന്ന കുറച്ചോ കൂടുതലോ സമയമുള്ള എല്ലാ രംഗങ്ങളും നമ്മള്‍ മനസ്സില്‍ കൊണ്ടു നടന്നു.
നാടകത്തിലും നൃത്തത്തിലും ലിഖിത സാഹിത്യത്തിലും സര്‍ക്കസ് കോമാളിത്തത്തിലും ഇതരഭാഷാ സിനിമകളിലുമെല്ലാമുള്ള ഹാസ്യകഥാപാത്രങ്ങള്‍ നമ്മുടെ സിനിമകളില്‍ ആവര്‍ത്തിക്കപ്പെട്ടു, അനുകരിക്കപ്പെട്ടു. അതിലേറെ, കേരളത്തിന്റെ പൊതുവേയുള്ളതും അവരവരുടെ പ്രാദേശികത്വത്തിന്റെ സവിശേഷവും ആയ പ്രതലങ്ങളില്‍ നിര്‍വഹിക്കപ്പെടുന്ന ഹാസ്യാവിഷ്‌ക്കാരങ്ങളിലൂടെയാണ് മറ്റു പല അഭിനേതാക്കളെയും പോലെ ഇന്നസെന്റും തന്റെ കലാവ്യക്തിത്വം തെളിയിച്ചെടുത്തത്. സാമാന്യ മലയാളി ആയിരിക്കെ തന്നെ ഇരിങ്ങാലക്കുടക്കാരന്‍ ആയി എപ്പോഴും വിളയാനും വിലസാനും ഇളിഭ്യനാവാനുമുള്ള മരുന്നുകള്‍ അദ്ദേഹത്തിന്റെ അഭിനയക്കീശയില്‍ സൂക്ഷിപ്പുണ്ടായിരുന്നു. അതവസാനിക്കുകയേ ഇല്ലായിരുന്നു. ഇനി, ഭൗതികമായ ജീവിതം അവസാനിക്കുമ്പോള്‍ നമുക്കായി സമ്മാനിച്ച നൂറുകണക്കിന് വേഷങ്ങളിലൂടെ അദ്ദേഹം നിത്യജീവിതം നിര്‍വഹിക്കുന്നു.
മുടങ്ങിപ്പോയ സ്‌കൂള്‍ വിദ്യാഭ്യാസവും കച്ചവടാനുഭവങ്ങളും കടന്നാണ് ഇന്നസെന്റ് സിനിമാഭിനയത്തിലെത്തുന്നത്. അതിനു മുമ്പായി അദ്ദേഹം ഡേവിഡ് കാച്ചപ്പള്ളിയുമായി ചേര്‍ന്ന് സിനിമാ നിര്‍മ്മാണവും പരീക്ഷിച്ചിരുന്നു. പ്രിയദര്‍ശന്‍, സത്യന്‍ അന്തിക്കാട്, ഫാസില്‍, കമല്‍, സിദ്ദീഖ് ലാല്‍, എന്നീ മുഖ്യധാരാ സംവിധായകരുടെ നിരവധി സിനിമകളില്‍ അവിഭാജ്യസാന്നിദ്ധ്യമായി ഇന്നസെന്റ് തുടക്കത്തില്‍ തന്നെ തിളങ്ങി. റാംജിറാവ് സ്പീക്കിംഗ്, മാന്നാര്‍ മത്തായി സ്പീക്കിംഗ്, കിലുക്കം, ഗോഡ്ഫാദര്‍, വിയറ്റ്‌നാം കോളനി, നാടോടിക്കാറ്റ്, മണിച്ചിത്രത്താഴ്, കല്യാണരാമന്‍, ക്രോണിക്ക് ബാച്ച്‌ലര്‍, കാബൂളിവാല, ഗജകേസരിയോഗം, മിഥുനം, മഴവില്‍ക്കാവടി, മനസ്സിനക്കരെ, തുറുപ്പുഗുലാന്‍, രസതന്ത്രം, നരന്‍, പൊന്മുട്ടയിടുന്ന താറാവ് തുടങ്ങി നിരവധി സിനിമകളിലെ ഇന്നസെന്റ് കഥാപാത്രങ്ങളെ ആര്‍ക്കും വിസ്മരിക്കാനേ ആവില്ല. ഈ സിനിമകളെല്ലാം തന്നെ ജനപ്രിയതരംഗങ്ങള്‍ സൃഷ്ടിക്കുകയും പൊതുബോധത്തെ പുനര്‍നിര്‍മ്മിക്കുകയും ചെയ്തവയാണ്. ഒരേ സമയം ആ പൊതുബോധത്തെ അനുസരിക്കുകയും ആവര്‍ത്തിക്കുകയും ചെയ്യുന്നതോടൊപ്പം, ഇന്നസെന്റിന്റെ (മറ്റു ചില അഭിനേതാക്കളുടെയും) കഥാപാത്രാവതരണം സിനിമയെ അതിജീവിച്ച് കാണികളില്‍ വിസ്മയം സൃഷ്ടിക്കുന്നവയുമാണ്.
റാംജി റാവ് സ്പീക്കിങ്ങിലെ മുണ്ട് സീന്‍ ഓര്‍ക്കുക: പരിക്ഷീണമായ നാടകക്കമ്പനി മുതലാളിയാണ് മത്തായിച്ചന്‍. ഗോപാലകൃഷ്ണനും ബാലകൃഷ്ണനുമായി മുകേഷും സായികുമാറും താമസത്തിനെത്തുകയും ഒരു ദിവാസം അവർ തമ്മിൽ അടികൂടുകയും ആ അടിയില്‍ ഇന്നസെന്റും ഭാഗമാവുകയും ചെയ്യുന്നതിനിടയിലാണ് രേഖ അവതരിപ്പിക്കുന്ന കഥാപാത്രം അവിടെയെത്തുന്നത്. അവള്‍ക്കു മുമ്പില്‍ ചിരിച്ചു നില്ക്കുമ്പോള്‍ മുണ്ടഴിഞ്ഞ് അടിവസ്ത്രം മാത്രമായി നില്ക്കുമ്പോള്‍ മുകേഷ്, മുണ്ട് എന്ന് ചെവിയില്‍, ഇന്നസെന്റ് നീ മുണ്ട് എനിക്ക് പരിചയമൊന്നുമില്ല. മുകേഷ്: ഉടുതുണി, ഉടുതുണി- എന്നു വ്യക്തമാക്കുമ്പോഴും ആംഗ്യങ്ങളിലൂടെയും മുഖഭാവങ്ങളിലൂടെയുമാണ് കാര്യം മത്തായിച്ചന് പിടികിട്ടുന്നത്. അശ്ലീലത്തിന്റെ നേര്‍ത്ത സ്പര്‍ശമുണ്ടെങ്കിലും ഇന്നസെന്റിലുള്ള നാടോടിത്തം അതിനെ മായ്ച്ചുകളയുന്നു.
കിലുക്കത്തിലെ കിട്ടുണ്ണിയ്ക്ക് (ഇന്നസെന്റ്) ലോട്ടറിയടിക്കുന്നതായുള്ള വ്യാജാനുഭവം അവിസ്മരണീയമാണ്. തിലകന്‍ അവതരിപ്പിക്കുന്ന ജഡ്ജി യജമാനന്‍, വേലക്കാരനായ കിട്ടുണ്ണിയെ ക്രൂരമായി ശാസിക്കുകയും അപമാനിക്കുകയും ചെയ്യുന്നതിനിടയിലാണ് കിട്ടുണ്ണിയ്ക്ക് ലോട്ടറി കിട്ടുന്നതായി രേവതിയുടെ കഥാപാത്രം വിശ്വസിപ്പിക്കുന്നത്. ഈ സമയത്ത് രേവതി പത്രം നോക്കി വായിക്കുന്ന അക്കങ്ങള്‍ ഓരോന്നോരോന്നായി ശരിയാവുന്നത് ഇന്നസെന്റിന്റെ മുഖത്തുനിന്നും ശരീര ചലനങ്ങളില്‍ നിന്നും നമുക്കനുഭവപ്പെടുന്നത് എന്തൊരു മാസ്മരികമായാണ്! നമുക്കു തന്നെയല്ലേ ആ ലോട്ടറി അടിച്ചതെന്നു തോന്നും. വിഭ്രമം കൊണ്ട് നിലംപതിക്കുകയും ഇടയ്‌ക്കുണര്‍ന്ന് ശ്വാസം വിടുകയും ചെയ്യുന്ന കിട്ടുണ്ണി എണീറ്റ് യജമാനനായ തിലകനെ കിട്ടാവുന്ന എല്ലാ ശക്തിയുമെടുത്ത് പരിഹാസ വാക്യങ്ങളിലൂടെ അപമാനിക്കുന്നത് മറക്കാനാവാത്ത ദൃശ്യമാണ്. യജമാനന്‍/വേലക്കാരന്‍ എന്ന വിരുദ്ധദ്വന്ദ്വത്തെ വര്‍ഗപരമായി വിശകലനം ചെയ്യുന്നില്ലെങ്കിലും യാഥാര്‍ത്ഥ്യപ്രതീതിയുടെ വിരുതു കൊണ്ട് സമുദായ വിമര്‍ശനത്തിന്റെ തോന്നലുളവാക്കുന്ന ദൃശ്യമാണിത്.
മിഥുനത്തിലെ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ലൈന്‍മാന്‍ കുറുപ്പ്, ചീഫ് എഞ്ചിനീയറെ തെറി വിളിച്ച് പ്രകോപിപ്പിക്കുകയും സഹോദരനായ മോഹന്‍ലാലിന്റെ വ്യവസായസംരംഭത്തിന്റെ ഇന്‍സ്‌പെക്ഷനെത്തുമ്പോള്‍ അതു കുളമാക്കുകയും ചെയ്യുന്നു. കേരളത്തിലെ വ്യവസായ മുരടിപ്പിനെയും സര്‍ക്കാര്‍ സംവിധാനങ്ങളിലെ ചുവപ്പുനാട സംസ്‌ക്കാരത്തെയും നിശിതമായി വിമര്‍ശിക്കുന്ന വലതുപക്ഷ-പൊതുബോധാഖ്യാനത്തിന്റെ എടുപ്പുകുതിര ആകുമ്പോഴും, ഏറ്റവും ആത്മാര്‍ത്ഥമായി ആ വേഷം അവിസ്മരണീയമാക്കുന്നതിലൂടെ ഇന്നസെന്റ് എല്ലാവരുടെയും പ്രിയങ്കരനാകുന്നു.
കല്യാണരാമനിലെ ഭാരതമെന്നാല്‍ പാരിന്‍നടുവില്‍ എന്ന ഗാനാവതരണവും കല്യാണസദ്യയിലെ ചോറു വിളമ്പലുമെല്ലാം അഭിനയാധിക്യമാണെങ്കിലും സാധാരണ മട്ടിലുള്ള അമിതാഭിനയമായിട്ടെടുക്കാതെ അനുവാചകര്‍ നെഞ്ചേറ്റി.
ഗോഡ്ഫാദറിലെ സ്ത്രീവിരുദ്ധനായ അച്ഛന്റെ (എന്‍എന്‍ പിള്ള) കാണാമറയത്ത് ഭാര്യയടക്കമുള്ള തന്റെ കുടുംബത്തെ മാറ്റിത്താമസിപ്പിക്കുന്നതും അവിടേക്കുള്ള യാത്രകള്‍ രഹസ്യമായി നിര്‍വഹിക്കുന്നതും സ്വാമിയേട്ടന്റെ (ഇന്നസെന്റ്) സാമര്‍ത്ഥ്യമായിരുന്നു. കുടുംബമുള്ളവനാണെങ്കിലും അച്ഛന്റെ പ്രതിനിധി എന്ന നിലയില്‍ അനുജന്മാരെ അയാള്‍ ശാസിക്കുന്നു. അധികാരവ്യവസ്ഥയ്ക്കുള്ളില്‍ തന്നെ അതിന്റെ അഴുകലും ആരംഭിക്കുന്നുവെന്ന സാമാന്യ തത്വമാണിവിടെ തെളിയുന്നത്.
വിയറ്റ്‌നാം കോളനിയിലെ ബ്രാഹ്മണമഹത്വ നായകന്റെ സഹായിയായ കെകെ ജോസഫാണ് ഇന്നസെന്റ്. ഇതും ഇതിനപ്പുറവും ചാടിക്കടന്നവനാണ് ഈ കെ കെ ജോസഫ് എന്ന അഹങ്കാരവും വീഴ്ചയും, മോഹന്‍ലാലിന്റെ അപ്രമാദിത്വം കൂടുതല്‍ ഉയര്‍ത്തുന്നതിനുള്ള അടിവളങ്ങള്‍ മാത്രമാണ്. എന്നാല്‍, ഇന്നസെന്റിലുള്ള ഇന്നസെന്‍സ് (നിഷ്‌ക്കളങ്കത) ആണ് പ്രേക്ഷകരുടെ ഓര്‍മ്മയിലിപ്പോഴും തെളിഞ്ഞു നില്ക്കുന്നത്.
സന്ദേശം എന്ന സിനിമ കേരള രാഷ്ട്രീയത്തെ അങ്ങേയറ്റം അപഹസിക്കുന്നതിനായി എടുത്ത സിനിമയാണ് എന്ന കാര്യം അക്കാലത്ത് തിരിച്ചറിഞ്ഞില്ലെങ്കിലും ഇന്ന് പലര്‍ക്കും അറിയാം. ഇടതുപക്ഷത്തിനെയാണത് ഉന്നം വെക്കുന്നതെങ്കിലും വലതുപക്ഷത്തിനെ കൂടി കൂട്ടത്തില്‍ പരിഹസിക്കാതെ നിവൃത്തിയില്ല. അതിനായി തയ്യാര്‍ ചെയ്യപ്പെട്ട ഒരു കഥാപാത്രമാണ്, വലതുപക്ഷ പാര്‍ടിയുടെ ഹൈക്കമാന്റ് പ്രതിനിധിയായെത്തുന്ന യശ്വന്ത് സഹായ് എന്ന ഇന്നസെന്റ് കഥാപാത്രം. ഇളനീരിനായി നാരിയല്‍ കാ പാനി ചോദിക്കുന്ന ഇത്തരം കേന്ദ്ര സന്ദര്‍ശകര്‍ ഇപ്പോഴും ആവര്‍ത്തിക്കുന്നുണ്ട്. തീരെ ചെറിയ വേഷമാണെങ്കിലും ഇയാളും നമ്മുടെ ഓര്‍മ്മയില്‍ തങ്ങി നില്ക്കുന്നു.
തലയണമന്ത്രത്തിലെ കരാട്ടേ മാസ്റ്ററായ ഡാനിയേല്‍ അടി പഠിപ്പിക്കുന്നതിലേറെ അടി ചോദിച്ചു വാങ്ങുന്നവനാണ്. മണിച്ചിത്രത്താഴില്‍ തന്റെ അരയില്‍ ഏലസ്സു കെട്ടാനുള്ള ഭാര്യ കെ പി എസി ലളിതയുടെ പരാക്രമങ്ങള്‍ക്ക് വശംവദനാകുന്ന ഉണ്ണിത്താനെ ആര്‍ക്കാണ് മറക്കാനാകുക?
ഏഴു പുസ്തകങ്ങള്‍ രചിച്ചിട്ടുള്ള ഇന്നസെന്റ്, ആദ്യകാലത്ത് ഇരിങ്ങാലക്കുട നഗരസഭാംഗമായിരുന്നു. പില്‍ക്കാലത്ത് ചാലക്കുടി സീറ്റില്‍ നിന്ന് എല്‍ഡിഎഫ് ബാനറില്‍ വിജയിച്ച് ലോക്‌സഭാംഗമായി.
കഷ്ടങ്ങള്‍ക്കും നിരാശകള്‍ക്കും മേല്‍ നര്‍മ്മം കൊണ്ടുള്ള മലയാളിയുടെ അതിജീവനത്തിന്റെ പേരാണ് ഇന്നസെന്റ്. ഹൃദയാഭിവാദ്യങ്ങള്‍. ♦
(നന്ദി: ഡോ. സി എസ് വെങ്കിടേശ്വരന്‍, പ്രവീണ്‍ എസ് ആര്‍)