സ്കൂൾ ജീവനക്കാരും അധ്യാപകരും ഉൾപ്പെടെ 65,000 പേർ അമേരിക്കയിലെ ലോസ് ഏഞ്ചലസിൽ മാർച്ച് 21 മുതൽ 23 വരെ നടത്തിയ ഉജ്ജ്വലമായ പണിമുടക്ക് വിജയകരമായി അവസാനിച്ചിരിക്കുന്നു. 30,000 പേർ വരുന്ന അധ്യാപകേതര ജീവനക്കാർ പ്രഖ്യാപിച്ച പണിമുടക്കിൽ അവരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് 35,000 അധ്യാപകരും കൂടി പണിമുടക്കിയത്. മൂന്ന് ദിവസത്തെ പണിമുടക്കിനെ തുടർന്ന് ലോസ് ഏഞ്ചൽസ് യൂണിഫൈഡ് സ്കൂൾ ഡിസ്ട്രിക്റ്റുമായി ഒരു കരാറിൽ എത്തിച്ചേർന്നിരിക്കുന്നു. ഏപ്രിൽ ആദ്യം കരാറിന്റെ ഉള്ളടക്കത്തിൽ തൊഴിലാളികളുടെ അഭിപ്രായം രേഖപ്പെടുത്തുന്ന വോട്ടെടുപ്പ് നടക്കും. ഏപ്രിൽ എട്ടിന് അതിന്റെ ഫലം എന്തെന്ന് അറിയാം.
തൊഴിലാളികൾ ആവശ്യപ്പെട്ട 30% ശമ്പളവർധനയും ബോണസും നേടിയെടുക്കാൻ ഈ പണിമുടക്കിലൂടെ കഴിഞ്ഞു. മിനിമം വേതനത്തിൽ വർദ്ധനവ് വരുത്താനും ശരാശരി ശമ്പളം 25000 ഡോളറിൽനിന്നും 33,000 ഡോളറായി ഉയർത്താനും ധാരണയായി. എന്നാൽ ഇതോടൊപ്പം തൊഴിൽസമയം വർദ്ധിപ്പിക്കണമെന്ന വ്യവസ്ഥയും കൂട്ടിച്ചേർക്കപ്പെട്ടിട്ടുണ്ട്. തൊഴിലാളികളുടെ പ്രതികരണം വോട്ടെടുപ്പിലൂടെ പുറത്തുവരാൻ പോകുന്നത് ഇതിൻമേലാണ്.
500 കോടി ഡോളർ ലോസ് ഏഞ്ചലസ് യൂണിഫൈഡ് സ്കൂൾ ഡിസ്ട്രിക്ടിന്റെ (LAUSD) കൈവശം രൊക്കം ധനമായി ഉള്ളപ്പോഴാണ് തൊഴിലാളികളുടെ വേതനം വർധിപ്പിക്കാൻ അധികൃതർ വിസമ്മതിക്കുന്നത്. തന്നെയുമല്ല, എൽഎയുഎസ്ഡിയുടെ സൂപ്രണ്ട് ആൽബർട്ടൊ കാർവാലോ 2021ൽ തന്റെ ശമ്പളം 26% ഉയർത്താൻ തീരുമാനിച്ചപ്പോൾ ഫണ്ടിന്റെ കുറവുള്ളതായി അദ്ദേഹത്തിന് അറിവില്ലായിരുന്നോ എന്ന ചോദ്യം പണിമുടക്കിയവർ മാത്രമല് ലസമൂഹമൊന്നാകെ ഉറക്കെ ചോദിക്കുകയാണ്. സ്വന്തം ശമ്പളം വർധിപ്പിക്കുന്നതിൽ ഒരു തടസ്സവും കാണാത്ത ലോസ് ഏഞ്ചലസിലെ വിദ്യാഭ്യാസ സംവിധാനത്തിന്റെ തലവനാണ് തുച്ഛവരുമാനക്കാരായ അധ്യാപകർക്ക് 20% ശമ്പളവർദ്ധനവും ജീവനക്കാർക്ക് 30% ശമ്പളവർദ്ധനവും ആവശ്യപ്പെടുമ്പോൾ അതിനോട് നിഷേധാത്മക നിലപാട് സ്വീകരിക്കുന്നത്.
ലോസ് ഏഞ്ചലസിലെ സ്കൂൾ ജീവനക്കാർക്ക് ഒരുവർഷം ശരാശരി 25000 ഡോളർ ശമ്പളം ലഭിക്കുമ്പോൾ കാർവാലോയുടെ വാർഷിക വേതനം 4,40,000 ഡോളറാണ്. ഇതാകട്ടെ അമേരിക്കൻ പ്രസിഡന്റിന്റെ വാർഷിക വേതനത്തേക്കാൾ (4ലക്ഷംഡോളർ) അധികവുമാണ്. മാത്രവുമല്ല, ഈ ജീവനക്കാരിൽ അധികംപേരും ഭവനരഹിതരോ അധികംനാൾ കഴിയുംമുൻപ് ഭവനരഹിതരാകാൻ സാധ്യതയുള്ളവരോ ആണ്. അത്ര ദയനീയമായ അവസ്ഥയിലാണ് ജീവനക്കാരും അവർക്കൊപ്പം അധ്യാപകരും പണിമുടക്കാൻ തീരുമാനിച്ചത്. പണിമുടക്ക് നീണ്ടുപോകാതിരിക്കാൻ വേതനവർദ്ധനവ് അംഗീകരിക്കുന്ന കരാർ ഉണ്ടാക്കാൻ നിർബന്ധിതരായ അധികൃതർ ജോലിസമയം വർദ്ധിപ്പിച്ച് അവരെ ചൂഷണംചെയ്യാനാണ് തുനിഞ്ഞത്. ഇതിനോടുള്ള തൊഴിലാളികളുടെ പ്രതികരണം ഏപ്രിൽ 8ന് അറിയാം. ♦