Friday, May 17, 2024

ad

Homeരാജ്യങ്ങളിലൂടെശ്രീലങ്കയിൽ സ്വകാര്യവൽക്കരണത്തിനെതിരെ തൊഴിലാളിസമരം

ശ്രീലങ്കയിൽ സ്വകാര്യവൽക്കരണത്തിനെതിരെ തൊഴിലാളിസമരം

അയിഷ

പൊതുഉടമസ്ഥതയിലുള്ള പെട്രോൾ മേഖലയെ സ്വകാര്യവൽക്കരിക്കാനുള്ള ഗവൺമെന്റിന്റെ നീക്കത്തിനെതിരായി ശ്രീലങ്കയിൽ തൊഴിലാളികളുടെ വമ്പിച്ച നിരാഹാരസമരം മാർച്ച് 27 തിങ്കളാഴ്ച നടന്നു. സിലോൺ പെട്രോളിയം കോർപ്പറേഷനിലെ (സിപിസി) ട്രേഡ് യൂണിയൻ കൂട്ടായ്മയുടെ നേതൃത്വത്തിലായിരുന്നു സമരം. ശ്രീലങ്കൻ ഗവൺമെന്റ് 3 ആഗോള എണ്ണ കമ്പനികൾക്ക് രാജ്യത്തിന്റെ ആഭ്യന്തര ഇന്ധന കമ്പോളത്തിൽ പ്രവേശിക്കുന്നതിന് അനുമതിയും ലൈസൻസും നൽകിയെന്ന് മാർച്ച് 27 തിങ്കളാഴ്ച ഊർജ്ജവകുപ്പ് മന്ത്രിയായ കാഞ്ചന വിജശേഖര ട്വിറ്ററിലൂടെ പ്രഖ്യാപിക്കുകയായിരുന്നു. സിനോപെക്, ഓസ്ട്രേലിയയിൽ നിന്നുള്ള യുണൈറ്റഡ് പെട്രോളിയം, അമേരിക്കയിൽ നിന്നുള്ള ആർഎം പാർക്ക്സ് എന്നിവയാണ് ആ മൂന്ന് കമ്പനികൾ. ഗവൺമെന്റിന്റെ ഉടമസ്ഥതയിലുള്ള സിപിസി നടത്തിവന്നിരുന്ന 150 ഇന്ധന സ്റ്റേഷനുകളും ഈ കമ്പനികൾക്ക് കൈമാറുമെന്നും മന്ത്രി അറിയിച്ചു. അതിനുപുറമേ, പുതിയ കേന്ദ്രങ്ങളിലായി മൂന്ന് കമ്പനികളും ചേർന്ന് 50 പുതിയ സ്റ്റേഷനുകൾ സ്ഥാപിക്കുമെന്നും പറയുന്നു. ചുരുക്കിപ്പറഞ്ഞാൽ, ശ്രീലങ്കയിൽ 20 വർഷത്തേക്ക് പെട്രോളിയം ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യാനും സംഭരിക്കുവാനും വിതരണംചെയ്യുവാനും വിൽക്കുവാനുമുള്ള ലൈസൻസ് ഈ മൂന്നു കമ്പനികൾക്കും നൽകുമെന്നായിരുന്നു മന്ത്രിയുടെ അറിയിപ്പ്. ഇതിനെ തുടർന്നാണ് തൊഴിലാളികൾ സമരത്തിലേക്ക് നീങ്ങിയത്.

ശ്രീലങ്കയിൽ നിലവിൽ പ്രവർത്തിക്കുന്ന ഒരേയൊരു വിദേശ എണ്ണ കമ്പനി ഇന്ത്യൻ ഓയിൽ കമ്പനിയാണ്. ശ്രീലങ്കൻ സമ്പദ്ഘടനയിൽ അടുത്തുണ്ടായ വൻ തകർച്ചയെ നേരിടുന്നതിന് റെനിൽ വിക്രമസിംഗെ ഗവൺമെന്റുമായി മാസങ്ങൾ നീണ്ട കൂടിയാലോചനകൾക്കൊടുവിൽ മാർച്ച് 20ന് ഐഎംഎഫ് ബെയിൽ ഔട്ട്‌ വായ്‌പ അനുവദിക്കുകയുണ്ടായി. ഈ സഹായം അനുവദിക്കുമ്പോൾ ഐഎംഎഫ് മുന്നോട്ടുവെച്ച വ്യവസ്ഥകളാണ് ശ്രീലങ്കൻ സർക്കാർ ഇപ്പോൾ രാജ്യത്ത് നടപ്പാക്കികൊണ്ടിരിക്കുന്നത്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് സിലോൺ പെട്രോളിയം കോർപ്പറേഷനും സിലോൺ വൈദ്യുതി ബോർഡും പോലെയുള്ള ഗവൺമെന്റ് സംരംഭങ്ങളെ സ്വകാര്യവത്കരിക്കുക എന്നത്. നികുതികൾ വർദ്ധിപ്പിക്കുക, ഗവൺമെന്റ് റിക്രൂട്ട്മെന്റ് മരവിപ്പിക്കുക, പൊതു ചെലവഴിക്കലുകൾ നിയന്ത്രിക്കുക തുടങ്ങിയ തീവ്ര ചെലവുചുരുക്കൽ നടപടികൾ സ്വീകരിച്ചുവരുന്ന ശ്രീലങ്കൻ ഗവൺമെന്റിന്റെ പ്രഥമ പരിപാടി ആയിരിക്കുകയാണ് ഇത്തരംപൊതുമേഖലാ സംരംഭങ്ങളെ ഇല്ലാതാക്കുക എന്നത്.

ശ്രീലങ്ക നിദാഹസ്‌ സേവക സംഗമായ ട്രേഡ് യൂണിയൻ ചെയർമാൻ ജഗത് വിജെഗുണരത്നെ പറഞ്ഞത്, സിലോൺ പെട്രോളിയം കോർപ്പറേഷനെ സ്വകാര്യവൽക്കരിക്കാനുള്ള ശ്രമങ്ങൾ യഥാർത്ഥത്തിൽ രാജ്യദ്രോഹ പ്രവൃത്തിയാണെന്നാണ്. വൈദ്യുതി ബോർഡിനെ സ്വകാര്യവൽക്കരിക്കാനുള്ള ശ്രീലങ്കൻ സർക്കാരിന്റെ തീരുമാനത്തിനെതിരായി സിലോൺ ഇലക്ട്രിസിറ്റി ബോർഡ് എൻജിനീയർസ് യൂണിയനും പ്രതിഷേധസമരം നടത്തിവരികയാണ്. 2022 മാർച്ചിലാണ് ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി മൂർച്ഛിച്ചത്. ഭക്ഷണവും മരുന്നും വൈദ്യുതിയും ഇന്ധനവുമടക്കം അവശ്യവസ്തുക്കളുടെയെല്ലാം അപര്യാപ്തത ഈ പ്രതിസന്ധി കാലഘട്ടം രാജ്യത്തെ ജനങ്ങൾക്ക് ഉണ്ടാക്കി. ഇത്തരത്തിൽ ജനങ്ങളുടെ നിത്യജീവിതത്തെ ബാധിക്കുന്ന സാമ്പത്തിക പ്രതിസന്ധി രാജ്യം നേരിട്ടുകൊണ്ടിരിക്കുന്ന ഘട്ടത്തിൽ കടുത്ത വലതുപക്ഷ ജനവിരുദ്ധ നയങ്ങൾ നടപ്പാക്കാനുള്ള ശ്രീലങ്കൻ സർക്കാരിന്റെ നീക്കം ജനസാമാന്യത്തിന്റെ ജീവിതത്തെ കൂടുതൽ ദുരിതത്തിലാഴ്ത്തുമെന്നുറപ്പാണ്. ♦

 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

5 − two =

Most Popular