Friday, May 17, 2024

ad

Homeരാജ്യങ്ങളിലൂടെമെക്സിക്കോ സ്വതന്ത്ര പരമാധികാര രാജ്യമാണ്

മെക്സിക്കോ സ്വതന്ത്ര പരമാധികാര രാജ്യമാണ്

ജി വിജയകുമാർ

5 ലക്ഷത്തിലേറെ ആളുകളാണ് മാർച്ച് 18ന് മെക്സിക്കോ സിറ്റിയിൽ ഒത്തുകൂടിയത്, മെക്സിക്കോയിൽ എണ്ണവ്യവസായം ദേശസാത്ക്കരിച്ചതിന്റെ 85‐ാമത് വാർഷികാഘോഷത്തിന്റെ ഭാഗമായി പ്രസിഡൻറ് ആന്ദ്രെ മാനുവൽ ലോപ്പസ് ഓബ്രദോർ (AMLO) ആഹ്വാനം ചെയ്തതനുസരിച്ചാണ് മെക്സിക്കൻ ജനത തലസ്ഥാനനഗരിയിൽ ഒത്തുകൂടിയത്. എണ്ണവ്യവസായം ദേശസാൽക്കരിച്ചതിന്റെ ഓർമ്മ പുതുക്കവെ തന്നെ, ഇപ്പോഴത്തെ ഇടതുപക്ഷ ഗവൺമെന്റ് പുതിയ ഊർജ്ജ ഉപാധിയായ ലിഥിയം ദേശസാത്ക്കരിക്കാനും തീരുമാനിച്ചു.

85 വർഷം മുൻപ്, 1938 മാർച്ച് മാസത്തിൽ അന്ന് അധികാരത്തിലിരുന്ന ഇടതുപക്ഷക്കാരനായ പ്രസിഡൻറ് ലസാറോ കാർദിനാസ് സെറിയോ ഒരു ഉത്തരവിലൂടെയാണ് അമേരിക്കൻ കുത്തകകൾ കയ്യടക്കി വെച്ചിരുന്ന എണ്ണവ്യവസായം ദേശസാത്ക്കരിച്ചത്. യഥാർത്ഥത്തിൽ അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ നീരാളിപിടുത്തത്തിൽ നിന്നുള്ള സ്വാതന്ത്ര്യപ്രഖ്യാപനം കൂടിയായിരുന്നു അത്. പൊതുമേഖലയിൽ പെമെക്സ് (PEMEX-പെട്രോളിയം മെക്സിക്കനോസ്) എന്ന എണ്ണ കമ്പനി സ്ഥാപിച്ചതും ലസാറോ കാർദിനാസാണ്.

പ്രസിഡൻറ് ആംലോ (Amlo)യുടെ ഗവൺമെന്റിനോടുള്ള പിന്തുണ പ്രഖ്യാപിക്കാനും കൂടിയാണ് ജനങ്ങൾ തലസ്ഥാനനഗരത്തിലെ തെരുവിലിറങ്ങിയത്. ലിഥിയം ദേശസാത്കരിക്കാനുള്ള പ്രസിഡന്റിന്റെ തീരുമാനത്തിനുള്ള പിന്തുണ അറിയിക്കുന്നതും കൂടിയായിരുന്നു ഈ വമ്പിച്ച പ്രകടനം. നഗരത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും പൗരര്‍ മാർച്ച് ചെയ്തു കോൺസ്റ്റിറ്റ്യൂഷൻ സ്ക്വയറിൽ (സൊക്കാലോ) എത്തിച്ചേരുകയായിരുന്നു. അവിടെ ആ മഹാറാലിയെ പ്രസിഡൻറ് ഒബ്രദോർ അഭിസംബോധന ചെയ്തു.

രാജ്യത്തെ എണ്ണ-പ്രകൃതിവാതക വിഭവങ്ങൾ ആകെ ദേശസാത്ക്കരിക്കാൻ പ്രസിഡന്റ് കാർദിനാസ് 85 വർഷംമുമ്പ് കൈക്കൊണ്ട തീരുമാനത്തെ ഒബ്രദോർ സർവാത്മനാ ശ്ലാഘിച്ചു. രാജ്യത്തെ മഹാഭൂരിപക്ഷം വരുന്ന അധ്വാനിക്കുന്ന ജനതയുടെ സാമൂഹിക സാമ്പത്തിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താനും അവരുടെ സംഘടന ശക്തിപ്പെടുത്താനും കാർദിനാസ് ഗവൺമെൻറ് കൈക്കൊണ്ട മറ്റു നിരവധി നടപടികളെയും പ്രസിഡൻറ് ഒബ്രദോർ വാഴ്ത്തി. വൻകിട എസ്റ്റേറ്റുകൾ പിടിച്ചെടുത്തു ഭൂരഹിത കർഷകർക്ക് വിതരണം ചെയ്തതും കാർദിനാസ് ഭരണകാലത്താണ്. ആർമി ജനറൽ ആയിരുന്ന കാർദിനാസ് ഭരണകാലത്തെ, ജനകീയ ഭരണകാലത്ത് (1934-1940) ദരിദ്രർക്കായി നിരവധി ക്ഷേമപദ്ധതികൾ നടപ്പിലാക്കി. രാജ്യത്തെ റെയിൽവേ ദേശസാൽക്കരണവും അദ്ദേഹത്തിന്റെ ഭരണകാലത്തായിരുന്നു നടപ്പാക്കിയത്.

പ്രസിഡൻറ് ആംലോ ദശകങ്ങൾക്കു മുൻപുള്ള തന്റെ മുൻഗാമിയായ ജനറൽ ലസാറോ കാർദിനാസിന്റെ തന്ത്രപരമായ നീക്കങ്ങളെ വിവരിച്ചത് ഇങ്ങനെയാണ്: “അദ്ദേഹം സ്വീകരിച്ച വളരെ പ്രധാനപ്പെട്ടതും തുടർച്ചയായതുമായ മൂന്നു നടപടികളെ ഇങ്ങനെ ചുരുക്കി പറയാം; ഒന്നാമതായി അദ്ദേഹം രാജ്യത്തെ ഭൂമി കർഷകർക്ക് വീതിച്ചു നൽകുകയും തൊഴിലാളികളെ സഹായിക്കുകയും ചെയ്തു, തുടർന്ന് അദ്ദേഹം അവരുടെ സംഘടനകൾക്ക് പ്രോത്സാഹനം നൽകി, ഇങ്ങനെ സാമൂഹ്യ അടിത്തറ ഉറപ്പിച്ചശേഷം അവസാനമായി അദ്ദേഹം രാഷ്ട്രത്തിന്റെ എണ്ണ സമ്പത്തുൾപ്പെടെ എല്ലാ വിഭവങ്ങളും ദേശസാത്ക്കരിച്ചു… ഇപ്പോൾ 85 വർഷത്തിനുശേഷം അദ്ദേഹത്തിന്റെ പൈതൃകമാണ് നാം പൂർണമായി പിന്തുടരുന്നത്.’’

2024ൽ മെക്സിക്കോയിൽ അടുത്ത പ്രസിഡന്റ് തിരഞ്ഞെടുപ്പാണ്. 2018 ഡിസംബർ ഒന്നിനാണ് ആംലോ പ്രസിഡന്റായി അധികാരമേറ്റത്. സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം നേടിയാണ് (53% ജനകീയവോട്ട്) അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. അധികാരത്തിൽ വന്നശേഷം അദ്ദേഹം തൊഴിലാളികളുടെ ശരാശരി ശമ്പളം വർധിപ്പിച്ചു; മെക്സിക്കൻ നാണയമായ പെസോയുടെ മൂല്യം ശക്തിപ്പെടുത്തി. പെസോയുടെ ഇപ്പോഴത്തെ വിനിമയമൂല്യം (2023ജനുവരി1) ഒരു അമേരിക്കൻ ഡോളറിന് 18.88 പെസോ എന്നാണ്. കുറഞ്ഞ പലിശയ്ക്കുള്ള വായ്‌പ, വൃദ്ധർക്കും അംഗവൈകല്യങ്ങൾഉള്ളവർക്കും ഭർത്താവില്ലാത്ത അമ്മമാർക്കും കൃഷിക്കാർക്കും മത്സ്യത്തൊഴിലാളികൾക്കുമെല്ലാമുള്ള ക്ഷേമപദ്ധതികൾ, ദരിദ്ര കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പുകൾ, എല്ലാവർക്കും ഇന്റർനെറ്റ് ലഭ്യത എന്നിവയെല്ലാം നടപ്പാക്കി.

2024ലെ തിരഞ്ഞെടുപ്പിൽ ഈ നയങ്ങൾ നിലനിർത്താനും ജനങ്ങൾക്ക് കൂടുതൽ മെച്ചപ്പെട് ടജീവിതം ഉറപ്പുവരുത്താനുമാണ് അദ്ദേഹവും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള നാഷണൽ റീജനറേഷൻ എന്ന പാർട്ടിയും മത്സരിക്കുന്നത്. പാർട്ടിക്ക് ഭൂരിപക്ഷം ലഭിച്ചാൽ ആരു പ്രസിഡൻറ് ആയാലും ഈ നയം പിന്തുടരുമെന്നാണ് ജനങ്ങൾക്ക് ഉറപ്പു നൽകുന്നത്. അവസരവാദികളും ഉത്തരവാദിത്വമില്ലാത്തവരുമായ ജനവിരുദ്ധ വലതുപക്ഷ രാഷ്ട്രീയക്കാരെ ആംലോ ഓർമിപ്പിക്കുന്നത് മെക്സിക്കോ അമേരിക്കയുടെ കോളനിയോ ആശ്രിതരാജ്യമോ അല് ലമറിച്ച് സ്വതന്ത്ര പരമാധികാരരാജ്യമാണ് എന്നാണ്. 85 വർഷം മുൻപത്തെ കാർദിനാസ് ഭരണത്തിന്റെ പൈതൃകമാണ് നാം ഉയർത്തിപ്പിടിക്കേണ്ടത് എന്നും ആംലോ വ്യക്തമാക്കി. ♦

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

twelve − 3 =

Most Popular