Friday, May 17, 2024

ad

Homeരാജ്യങ്ങളിലൂടെക്യൂബയിൽ ജനകീയ തിരഞ്ഞെടുപ്പ്‌

ക്യൂബയിൽ ജനകീയ തിരഞ്ഞെടുപ്പ്‌

ആര്യ ജിനദേവൻ

മാർച്ച് 26 ഞായറാഴ്ച ക്യൂബയിൽ നടന്ന നിയമനിർമ്മാണ സഭയിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ പ്രാഥമിക ഫലം പുറത്തുവന്നു. മാർച്ച് 27 തിങ്കളാഴ്ച ക്യൂബൻ ദേശീയ തിരഞ്ഞെടുപ്പ് കൗൺസിൽ ആണ് ഫലം പുറത്തുവിട്ടത്. തിരഞ്ഞെടുപ്പ് കൗൺസിലിന്റെ പ്രസിഡന്റ് അലീന ബൾസെയ്‌റോ റിപ്പോർട്ട് ചെയ്തതനുസരിച്ച്, മൊത്തം 81,20,072 വോട്ടർമാരിൽ 61,64,876 വോട്ടർമാർ (75.92%) തങ്ങളുടെ വോട്ടവകാശം വിനിയോഗിച്ചു. ക്യൂബൻ ഭരണഘടന അനുസരിച്ച് 16 വയസ്സ് പൂർത്തിയായ എല്ലാ പൗരർക്കും വോട്ടവകാശമുണ്ട്. അവിടെ മുൻസിപ്പൽ അസംബ്ലി തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നത്, ഇന്ത്യ ഉൾപ്പെടെ മറ്റു രാജ്യങ്ങളിലെപോലെ ഏതെങ്കിലും രാഷ്ട്രീയപാർട്ടി അല്ല, മറിച്ച് വോട്ടവകാശം ഉള്ള ജനങ്ങളാണ്. മുൻസിപ്പൽ പ്രദേശത്തെ ഓരോ നിയോജക മണ്ഡലത്തിലെയും പൗരർ അയൽക്കൂട്ടാടിസ്ഥാനത്തിൽ ഒരു പൊതുസ്ഥലത്ത് ഒന്നിച്ച് യോഗം ചേർന്ന് രണ്ടോ അതിലധികമോ സ്ഥാനാർത്ഥികളെ നാമനിർദ്ദേശം ചെയ്യുന്നു. ഇങ്ങനെ നിർദേശിക്കപ്പെടുന്ന ആളുകളാണ് സ്ഥാനാർഥികളായി മത്സരിക്കുന്നത്. ഇത്തരത്തിൽ നിർദ്ദേശിക്കപ്പെടുന്ന സ്ഥാനാർഥികളെയാണ് നിർദ്ദേശിത സ്ഥാനാർത്ഥികൾ (proposedcandidates) എന്ന് വിളിക്കപ്പെടുന്നത്. ഇതിനു പുറമേ മത്സരിക്കണമെന്ന് ആഗ്രഹമുള്ള ഏതൊരു വ്യക്തിക്കും സ്വന്തമായി തിരഞ്ഞെടുപ്പിൽ മത്സരിക്കാം. അത്തരം സ്ഥാനാർഥികളെ സെലക്ടീവ് കാൻഡിഡേറ്റ്സ് (selectivecandidates) എന്നും വിളിക്കുന്നു. വോട്ടെടുപ്പ് പൂർണമായും സ്വതന്ത്രവും രഹസ്യ ബാലറ്റിലൂടെ ഉള്ളതും ആയിരിക്കും. ദേശീയ അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഡെപ്യൂട്ടിമാർ ഉൾപ്പെടെ (അതായത് പ്രസിഡന്റും വൈസ് പ്രസിഡന്റുമാരും മന്ത്രിസഭാംഗങ്ങളും ഉൾപ്പെടെ) എല്ലാ ജനപ്രതിനിധികളും പ്രാഥമികമായി ഏതെങ്കിലും ഒരു അയൽക്കൂട്ടത്തിൽ നിന്ന് നാമനിർദേശം ചെയ്യപ്പെട്ടവർ ആയിരിക്കണം .മുൻസിപ്പൽ അസംബ്ലി അംഗങ്ങളാണ് പ്രവിശ്യാ അസംബ്ലിയിലെ പ്രതിനിധികളെ തിരഞ്ഞെടുക്കാനുള്ള നാമനിർദേശം നടത്തുന്നത്. പ്രവിശ്യ അസംബ്ലിയിൽനിന്ന് ദേശീയ അസംബ്ലിയിലേക്കുള്ള സ്ഥാനാർത്ഥികളെ നാമനിർദേശം നടത്തുന്നു.

ബൽസെയ്‌റോ പറയുന്നതനുസരിച്ച്, ബാലറ്റ് ബോക്സിലെ മൊത്തം ബാലറ്റുകളിൽ 90.28 ശതമാനം വോട്ടുകൾ സാധുവാണ്; അതേസമയം കേവലം 6.22 ശതമാനം വോട്ടുകൾ ശൂന്യവും 3.50ശതമാനം വോട്ടുകൾ കേടുവന്നതുമാണ്. സാധുവായ ബാലറ്റുകളിൽ 72.10% വോട്ടുകൾ നിർദ്ദേശിത സ്ഥാനാർത്ഥികൾക്കുള്ളതായിരുന്നു. അതേസമയം 27.90 വോട്ടുകൾ സെലക്ടീവ് കാൻഡിഡേറ്റുകൾക്കും ഉള്ളതായിരുന്നു. 470 സ്ഥാനാർത്ഥികളെ ജനകീയ അധികാരത്തിന്റെ ദേശീയ അസംബ്ലിയിൽ National Assembly of People’s Power) അംഗങ്ങളായി തിരഞ്ഞെടുത്തിരിക്കുന്നു എന്ന് പ്രാഥമിക ഇലക്ഷൻ റിസൾട്ട് പ്രഖ്യാപിച്ചുകൊണ്ട് ബൽസെയ്‌റോ പ്രസ്താവിച്ചു. അതുപോലെ തന്നെ തിരഞ്ഞെടുപ്പ് ദിവസം കാര്യമായ സംഭവവികാസങ്ങളോ അടിപിടികളോ ഒന്നും ഇല്ലാതെ സമാധാനപരമായിരുന്നു എന്നും അച്ചടക്കവും സുതാര്യതയും സത്യസന്ധതയും പുലർത്തുവാൻ രാജ്യത്തിന് സാധിച്ചു എന്നും സിഇഎൻ പ്രസിഡന്റ് ഉറക്കെ പ്രഖ്യാപിച്ചു. വരുംദിവസങ്ങളിൽ പാർലമെൻറ് തിരഞ്ഞെടുപ്പിന്റെ അന്തിമഫലങ്ങൾ സിഇഎൻ പ്രഖ്യാപിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ക്യൂബയുടെ തിരഞ്ഞെടുപ്പ് പ്രക്രിയതികച്ചും സുതാര്യവും ക്രമക്കേടുകൾ ഒന്നുംതന്നെ ചൂണ്ടിക്കാണിക്കാൻ ആകാത്തവിധം കുറ്റമറ്റതുമാണ്. ബാലറ്റ് പെട്ടികളുടെ സംരക്ഷണം വോട്ടവകാശം ഇല്ലാത്ത കുട്ടികളും യുവ പയനിയർമാരുമാണ് നിർവഹിക്കുന്നത്. വോട്ടർമാരുടെ സാന്നിധ്യത്തിലാണ്  ബാലറ്റ് ബോക്സ് സീൽ ചെയ്യുന്നത്. വോട്ടെണ്ണുന്നതും പരസ്യമായാണ്. സ്വദേശികളും വിദേശികളുമായ മാധ്യമപ്രവർത്തകർക്കും നയതന്ത്ര പ്രതിനിധികൾക്കും വിനോദസഞ്ചാരികൾക്കും താല്പര്യമുള്ള ഏതൊരാളിനും വോട്ടെണ്ണലടക്കം ഈ നടപടിക്രമങ്ങൾ ആകെ നിരീക്ഷിക്കാവുന്നതാണ്.

നാഷണൽ അസംബ്ലിയിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ ഏപ്രിൽ 19 മുതൽ തങ്ങളുടെ ചുമതല ഏൽക്കുകയും പ്രവർത്തനങ്ങൾ തുടങ്ങുകയും ചെയ്യും. അതേ ദിവസംതന്നെ അവർ ക്യൂബൻ റിപ്പബ്ലിക്കിന്റെ പുതിയ പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും തിരഞ്ഞെടുക്കും. അസംബ്ലിയുടെ നേതൃത്വ ഘടനയെയും കൗൺസിൽ ഓഫ് സ്റ്റേറ്റ് അംഗങ്ങളെയും തിരഞ്ഞെടുക്കുന്നതും ആ ദിവസംതന്നെ. തിരഞ്ഞെടുപ്പിന്റെ പ്രാഥമിക ഫലത്തെ നിലവിലെ പ്രസിഡന്റ് മിഗ്വേൽ ഡയസ് കാനെൽ സ്വാഗതം ചെയ്യുകയും അത്സംബന്ധിച്ച് ശക്തമായ പ്രസ്താവന ഇറക്കുകയും ചെയ്തു: “വിപ്ലവത്തെ സംരക്ഷിക്കുന്നതിനുവേണ്ടി മുന്നോട്ടുവന്ന ഞങ്ങളുടെ ജനങ്ങളെ ഞങ്ങൾ വിശ്വസിക്കുന്നു എന്ന് മുൻപു തന്നെ പറഞ്ഞതാണ്. കിരാതമായ അമേരിക്കൻ നടപടികൾക്കും തിരഞ്ഞെടുപ്പ് ബഹിഷ്കരണത്തിനു വേണ്ടിയുള്ള വ്യാജപ്രചരണത്തിനും പിടികൊടുക്കാതെ ക്യൂബ 75.92 വോട്ടിംഗ് ശതമാനം നേടുകയും അതിൽ 72.10 ശതമാനം വോട്ട് ഞങ്ങൾക്കും ലഭിക്കുകയും ചെയ്തിരിക്കുന്നു. അന്താരാഷ്ട്രതലത്തിൽ വലിയ രീതിയിലുള്ള അംഗീകാരവും ആശംസകളുമാണ് പ്രാഥമികഫലം പുറത്തുവന്നതിന് തൊട്ടുപുറകെ ക്യൂബയ്ക്ക് ലഭിക്കുന്നത്. ബൊളീവിയയുടെ പ്രസിഡന്റ് ലൂയി ആർസെ ക്യൂബൻ പ്രസിഡന്റിനും ജനങ്ങൾക്കും തങ്ങളുടെ ആശംസകൾ അറിയിച്ചു. വെനസ്വേലയിലെ മധുറോ ഗവൺമെന്റ് ക്യൂബയ്ക്ക് ആശംസകൾ അറിയിച്ചുകൊണ്ട് പ്രസ്താവന ഇറക്കിയത്, ഹൊസെമാർത്തിയെയും ഫിദൽകാസ്ട്രോയെയും അനുസ്മരിച്ചുകൊണ്ടാണ് .ബോളിവേറിയൻ അലയൻസ് ഫോർ ദി പീപ്പിൾസ് ഓഫ് ഔർ അമേരിക്ക പീപ്പിൾസ് ട്രേഡ് ട്രീറ്റിയിലെ (ALBA-TCP) അംഗരാജ്യങ്ങൾ എല്ലാം തന്നെ ക്യൂബൻ ജനതയ്ക്കും ഗവൺമെന്റിനും ആശംസകളും ഐക്യദാർഢ്യവും അറിയിക്കുകയുണ്ടായി.

ക്യൂബൻ രാഷ്ട്രീയ സംവിധാനത്തെ സംബന്ധിച്ച് ബ്രിട്ടനിലെ പ്രമുഖ പൊളിറ്റിക്കൽ സയൻസ് പ്രൊഫസർമാരിൽ ഒരാളായ സ്റ്റീവ് ലുഡ് ലും തന്റെ പ്രബന്ധത്തിൽ പറഞ്ഞത്, ‘ക്യൂബയിലെ ജനാധിപത്യത്തിന്റെ കേന്ദ്രബിന്ദു അതിലെ ജനപങ്കാളിത്തമാണ്’ എന്നാണ്. തീർച്ചയായും, ഫിദൽ കാസ്ട്രോയ്ക്കും ചെഗുവേരയ്ക്കുമൊപ്പം അനവധി വിപ്ലവകാരികൾ ചേർന്ന്‌ പണിതുയർത്തിയ ക്യൂബ അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ നിരന്തരമായ കടന്നാക്രമണങ്ങളെ ചെറുത്തുകൊണ്ട് ലോകത്തെങ്ങുമുള്ള തൊഴിലാളിവർഗ്ഗ പോരാട്ടത്തിന് കരുത്തുപകരുമ്പോൾ ആ സോഷ്യലിസ്റ്റ് മുന്നേറ്റത്തിന്റെ ചരിത്രത്തിലെ മറ്റൊരു ചുവടുവെപ്പായി ഈ ജനകീയ വിധിനിർണയവും മാറുമെന്നുറപ്പാണ്. ♦

 

 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

19 − 7 =

Most Popular