Thursday, May 9, 2024

ad

Homeചിന്ത പ്ലസ്ആശ വർക്കർമാരും എൽഡിഎഫ്‌ സർക്കാരും

ആശ വർക്കർമാരും എൽഡിഎഫ്‌ സർക്കാരും

പി പി പ്രേമ

നാഷണൽ ഹെൽത്ത്മിഷന്റെ ഭാഗമായി സ്ത്രീകളുടെയും കുട്ടികളുടെയും അശരണരായ രോഗികളുടെയും ആരോഗ്യപരിരക്ഷ ഉറപ്പുവരുത്തുന്നതിനുവേണ്ടിയാണ് ആശാവർക്കർമാരെ തിരഞ്ഞെടുത്തിട്ടുള്ളത്. മറ്റു സംസ്ഥാനങ്ങളിലൊക്കെ 2005ൽ ആശ വർക്കർമാരെ തിരഞ്ഞെടുത്തിരുന്നു. അന്ന് കേരളത്തിൽ യുഡിഎഫിന്റെ ഭരണമായതിനാൽ കേന്ദ്രത്തിന്റെ നിർദ്ദേശം നടപ്പാക്കാൻ കേരള ഗവൺമെന്റ് തയ്യാറായില്ല. 2006ൽ വി എസ് അച്യുതാനന്ദൻ ഗവൺമെന്റ് അധികാരത്തിൽ വന്നതിനുശേഷമാണ് ആരോഗ്യവകുപ്പ് മന്ത്രി ശ്രീമതി ടീച്ചർ നേരത്തെ വന്നിട്ടുള്ള സർക്കുലർ പൊടിതട്ടിയെടുത്ത് നടപ്പാക്കിയത്. ഹെൽത്തും പഞ്ചായത്തും ഇന്റർവ്യൂ നടത്തിയാണ് ആശാ വർക്കർമാരെ എടുക്കുക. ആദ്യഘട്ടം ഒരാഴ്ചത്തെ ട്രെയിനിങ് ആണ് നൽകിയിട്ടുള്ളത്. ഈ ട്രെയിനിങ്ങിൽ പറഞ്ഞിട്ടുള്ളത് ആഴ്ചയിൽ മൂന്നോ നാലോ ദിവസം രണ്ടോ മൂന്നോ മണിക്കൂർ പ്രവർത്തിച്ചാൽ മതിയെന്നാണ്. മറ്റുള്ള സമയങ്ങളിൽ മറ്റ് ജോലിക്ക് പോകാം. ഈ പ്രവർത്തനത്തിന് നിശ്ചിത ഇൻസെന്റീവ് ലഭിക്കും. അന്ന് ഒരു കുട്ടിയെ കുത്തിവെപ്പിച്ചാൽ 20 രൂപ. അത് അഞ്ചു കുട്ടികൾക്ക് മാത്രം. 15 കുട്ടികളെ കുത്തിവെപ്പിച്ചാലും അഞ്ച് കുട്ടികൾക്കുള്ള പണമേ ലഭിക്കൂ. ന്യൂട്രീഷൻ ക്ലാസിന് 100 രൂപ. 29 ദിവസവും പ്രവർത്തിച്ച്‌ മുപ്പതാമത്തെ ദിവസം മാസ മീറ്റിങ്ങിൽ പങ്കെടുത്തില്ലെങ്കിൽ 100 രൂപ നഷ്ടപ്പെടും. പങ്കെടുത്താൽ നൂറുരൂപ ലഭിക്കും. കൂടാതെ ഗർഭിണിയാണെന്ന് അറിഞ്ഞത് മുതൽ പ്രസവം വരെയുള്ള ബോധവൽക്കരണം രണ്ടു കുത്തിവെപ്പ് എടുപ്പിക്കൽ, കാൽസ്യവും അയൺ എത്തിക്കൽ, അമ്മയും കുഞ്ഞും കാർഡ് എത്തിക്കൽ, മൂന്ന് മാസത്തിനുള്ളിൽ ഗർഭിണിയാ രജിസ്ട്രേഷൻ നടത്തൽ തുടങ്ങി ജനനീ സുരക്ഷാ യോജനയ്‌ക്കു കീഴിലുള്ള എല്ലാ പ്രവർത്തനങ്ങൾക്കും കൂടിയാണ് 600 രൂപ. പ്രൈവറ്റ് ഹോസ്പിറ്റലിൽ ആണ് പ്രസവിക്കുന്നതെങ്കിൽ 300 രൂപയേ ലഭിക്കൂ. കോർപ്പറേഷനിലും മുനിസിപ്പാലിറ്റിയിലുമുള്ള ആശ മാർക്ക് ജെ എസ് വൈ 400 രൂപയാണ് നൽകുന്നത്. ഇങ്ങനെയൊക്കെ നിശ്ചയിക്കപ്പെട്ടിരുന്നുവെങ്കിലും 2008 ട്രെയിനിങ് കഴിഞ്ഞ് ഇറങ്ങി പ്രവർത്തിച്ച ആശ വർക്കർമാർക്ക് ഒന്നരവർഷം ഒരു രൂപ പോലും വേതനം നൽകിയില്ല.

ആശാ വർക്കർമാർ സിഐടിയുവിന്റെ കൊടിക്കു കീഴിൽ അണിനിരന്ന് 14 ദിവസം സെക്രട്ടറിയേറ്റിനു മുൻപിൽ രാപകൽ സമരം നടത്തിയതിനുശേഷമാണ് നിശ്ചിത ഇൻസെന്റീവ് നൽകാൻ തയ്യാറായിട്ടുള്ളത്.


വി എസ് അച്യുതാനന്ദൻ ഗവൺമെന്റിന്റെ കാലത്തു തന്നെ ഉത്സവബത്ത അനുവദിക്കുകയും (900) 300 രൂപ വീതം ഫണ്ട് നീക്കി വെക്കുകയും ചെയ്‌തതിനുശേഷമാണ് ഗവൺമെന്റ് അധികാരമൊഴിഞ്ഞത്. എന്നാൽ പിന്നീട് അധികാരത്തിൽ വന്ന ഉമ്മൻചാണ്ടി ഗവൺമെന്റ് നിലവിലുള്ള ആനുകൂല്യങ്ങൾ പോലും നിഷേധിക്കുകയും എൽഡിഎഫ് ഗവൺമെന്റ് അനുവദിച്ച ഓണറേറിയം പോലും നൽകാതിരിക്കുകയും ചെയ്യുന്ന അവസ്ഥയുണ്ടായി. ഇതിനെതിരെ ശക്തമായ പ്രതിഷേധ സമരം നടന്നു. അതിനുശേഷമാണ് 500 രൂപ വീതം ഓണറേറിയം നൽകാൻ സർക്കാർ തയ്യാറായത്. ഓണറേറിയം 5000 ആക്കി വർദ്ധിപ്പിക്കുമെന്ന് അന്നത്തെ ആരോഗ്യവകുപ്പ് മന്ത്രി വി എസ് ശിവകുമാർ ആശാ പ്രവർത്തകരുമായി നടത്തിയ അനുരഞ്ജന ചർച്ചയിൽ വാഗ്ദാനം നൽകിയെങ്കിലും പാലിക്കാൻ തയ്യാറായില്ല. 5 വർഷം കൊണ്ട് 500 രൂപയാണ് വർദ്ധിപ്പിച്ചത്. എന്നാൽ പിന്നീട് അധികാരത്തിൽ വന്ന ഒന്നാം പിണറായി ഗവൺമെന്റ് ആയിരം രൂപയുള്ള ഓണറേറിയം ഘട്ടം ഘട്ടമായി 6000 രൂപയാക്കി വർദ്ധിപ്പിച്ചു. ഇപ്പോൾ മുനിസിപ്പാലിറ്റി –- കോർപ്പറേഷൻ, പഞ്ചായത്ത്‌ മേഖലകളിൽക്കൂടി ആയിരം രൂപ വീതവും വർദ്ധിപ്പിക്കുകയുണ്ടായി. ഈ ഗവൺമെന്റ് അധികാരത്തിൽ വന്നതിനുശേഷം 7000 രൂപയാക്കി ഓണറേറിയം വർധിപ്പിച്ചത് ആശ്വാസകരം തന്നെയാണെങ്കിലും വിലക്കയറ്റം നിത്യേന വർദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ 7000 രൂപ കൊണ്ട് ജീവിക്കാൻ കഴിയില്ല എന്നും മിനിമം വേതനം നൽകാൻ ഗവൺമെന്റ് തയ്യാറാകണം എന്നുമാണ് സംസ്ഥാന കേന്ദ്രഗവൺമെന്റ് ആവശ്യപ്പെടുന്നത്.

കേന്ദ്രത്തിന്റെ സ്കീം ആണ് എൻഎച്ച് എം. ഈ തൊഴിലാളികളെ അംഗീകരിക്കാനോ തൊഴിലാളികൾക്ക് നൽകുന്നതായ ആനുകൂല്യം നൽകാനോ കേന്ദ്ര ഗവൺമെന്റ് തയ്യാറായിട്ടില്ല. ഒരു കോടിയോളം വരുന്ന അംഗൻവാടി, ആശ, സ്കൂൾ പാചകം, പുതിയ സമ്പാദ്യ പദ്ധതി തുടങ്ങിയ സ്കീമിൽ പ്രവർത്തിപ്പിക്കുന്ന വിഭാഗത്തെ തൊഴിലാളികളായി അംഗീകരിക്കാൻപോലും കേന്ദ്ര ഗവൺമെന്റ് തയ്യാറായിട്ടില്ല. 45‐ാം ലേബർ കോൺഫറൻസ് മുന്നോട്ടുവെച്ച സ്‌കീം തൊഴിലാളികളെ സ്ഥിരം തൊഴിലാളികളായി അംഗീകരിക്കണം എന്ന നിർദ്ദേശം അംഗീകരിക്കാനും കേന്ദ്ര ഗവൺമെന്റ് തയ്യാറായിട്ടില്ല.

ഒരു ആരോഗ്യപരിരക്ഷയും ഇല്ലാതെയാണ് ആശാവർക്കർമാർ തൊഴിൽ ചെയ്യുന്നത്. കോവിഡ് കാലത്ത് പോലും ഗ്ലൗസ്, മാസ്ക്, സാനിറ്റൈസർ തുടങ്ങിയവ നൽകാതെയാണ് ആശമാരെ പ്രവർത്തിപ്പിച്ചത്. നിരവധി ആശാവർക്കർമാർ ജോലി ചെയ്ത വേളയിൽ കോവിഡ് ബാധിച്ച് മരണപ്പെട്ടു. അവരുടെ കുടുംബത്തിന് പ്രഖ്യാപിച്ച സഹായം ലഭിക്കാൻ ഓഫീസുകൾ കയറിയി റങ്ങേണ്ട ഗതികേട് ആണ് ഇന്നുള്ളത്. മരണമടഞ്ഞാലേ ആശ വർക്കർമാർക്ക് ഇൻഷുറൻസ് പരിരക്ഷയുള്ളൂ. പ്രവർത്തനത്തിനിടെ പകർച്ചവ്യാധികൾ പിടിപെട്ടും മറ്റ് അസുഖങ്ങൾ പിടിപെട്ടും നിരവധി ആശവർക്കർമാർ ചികിത്സയ്ക്ക് അടിമപ്പെടാറുണ്ട്. എന്നാൽ യാതൊരുവിധ ഇൻഷുറൻസ് പരിരക്ഷയും അവർക്ക് ലഭിക്കാറില്ല. ♦

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

18 − one =

Most Popular