മാലിന്യ മുക്ത കേരളം എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി ഇതിനോടകം തന്നെ സര്‍ക്കാര്‍ “നവകേരളം: വൃത്തിയുള്ള കേരളം-വലിച്ചെറിയല്‍ മുക്ത കേരളം” എന്ന ക്യാമ്പയിന് തുടക്കം കുറിച്ചിട്ടുണ്ട്. ഈ ക്യാമ്പയിനുമായി സംയോജിപ്പിച്ചുകൊണ്ടാണ് മഴക്കാല പൂര്‍വ്വ ശുചീകരണത്തിന് സര്‍ക്കാര്‍ വിഭാവനം ചെയ്തത്. ഈ പ്രവര്‍ത്തനങ്ങള്‍ക്കിടയിലാണ് ബ്രഹ്മപുരം പ്രശ്നമുണ്ടാകുകയും കോടതി അടിയന്തിരമായി ഇടപെടുകയും ചെയ്തത്. ഇതു പ്രകാരം സര്‍ക്കാര്‍ ക്യാമ്പയിന്‍റെ കലണ്ടറില്‍ മാറ്റംവരുത്തുകയും 2024 മാര്‍ച്ചോടുകൂടി കൂടി ഇതിനൊരു പരിഹാരം കാണുക എന്ന തീരുമാനത്തിലെത്തുകയും ചെയ്തു. മാലിന്യസംസ്കരണത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍, സാങ്കേതിക പിന്തുണ നല്‍കാനുള്ള ഏജന്‍സികള്‍, ബിസിനസ് പിന്തുണ നല്‍കാനുള്ള ഏജന്‍സികള്‍, ഇതിനാവശ്യമായ സിസ്റ്റം എന്നിവ നമുക്കുണ്ടായിക്കഴിഞ്ഞു. അതിനാല്‍ ഇത് വിജയകരമായി നടപ്പിലാക്കാന്‍ നമുക്ക് തീര്‍ച്ചയായും കഴിയും. ഈ സിസ്റ്റത്തെ പ്രവര്‍ത്തിപ്പിക്കാനുള്ള ശീലവും മനോഭാവവും കൂടെ സമൂഹത്തില്‍ ഉണ്ടാവണം. അതിനുള്ള രാഷ്ട്രീയ ഉത്തരവാദിത്തം കേരളത്തിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഉണ്ട്. പ്രശ്നം സങ്കീര്ണമാക്കാനല്ല, പ്രശ്നത്തിന്‍റെ പരിഹാരത്തോടൊപ്പം നില്‍ക്കുക എന്ന നിലപാടാണ് നാമോരുരുത്തരും സ്വീകരിക്കേണ്ടത്.
ലക്ഷ്യങ്ങള്‍
മാലിന്യമുക്തകേരളം ഉറപ്പാക്കുന്നതിന് കൃത്യമായ സമയക്രമങ്ങളോടുകൂടെ 2016 ലെ ഖരമാലിന്യ പരിപാലന ചട്ടപ്രകാരം വിവിധ മാലിന്യസംസ്കരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ചുമതലയുള്ള ഓരോരുത്തരുടെയും ഉത്തരവാദിത്തങ്ങള്‍ പരിഗണിച്ച് ഒരു കര്‍മപദ്ധതി തയ്യാറാക്കാന്‍ ബഹുമാനപ്പെട്ട ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരുന്നു. ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ ഉത്തരവുകളുടെ അടിസ്ഥാനത്തില്‍ സുസ്ഥിര മാലിന്യ സംസ്കരണ സംവിധാനം സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഉറപ്പാക്കുന്നതിനായി സമഗ്രമായ ഒരു ക്യാമ്പയിന്‍ നടപ്പിലാക്കാനായി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ജൈവ- അജൈവ മാലിന്യങ്ങള്‍ 100% ഉറവിടത്തില്‍ തന്നെ തരംതിരിക്കല്‍, അജൈവമാലിന്യം 100% വാതില്‍പ്പടി ശേഖരണം, ജൈവമാലിന്യം 100% ഉറവിടത്തില്‍ ശാസ്ത്രീയമായി സംസ്കരണം, മാലിന്യക്കൂനകള്‍ ഇല്ലാത്ത വൃത്തിയുള്ള പൊതുയിടം സൃഷ്ടിക്കല്‍, എല്ലാ ജലാശയങ്ങളിലും ഖരമാലിന്യം നീക്കം ചെയ്തു നീരൊഴുക്ക് ഉറപ്പാക്കല്‍, നിയമനടപടി കര്‍ക്കശമാക്കല്‍ എന്നീ ലക്ഷ്യങ്ങളാണ് കൈവരിക്കേണ്ടത്. പ്രസ്തുത സ.ഉ.(സാധാ) നം. 619 / 2023 / ഘടഏഉ തീയതി 15 .03 .2023 പ്രകാരം മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍, ഉറവിടത്തില്‍ തരംതിരിക്കല്‍, മാലിന്യക്കൂനകള്‍ നീക്കം ചെയ്യല്‍, ജലാശയങ്ങള്‍ വൃത്തിയാക്കല്‍ എന്നീ പ്രവര്‍ത്തനങ്ങള്‍ അടിയന്തിരമായി പ്രവര്‍ത്തനങ്ങളായി കണക്കിലെടുത്ത് പരിസ്ഥിതി ദിനമായ ജൂണ്‍ 5 നകം പൂര്‍ത്തിയാക്കേണ്ടതാണ്. ജനകീയ വിലയിരുത്തലിന് വിധേയമാക്കി വേണം ഈ പ്രവര്‍ത്തനങ്ങളുടെ ഫലപ്രാപ്തി നിശ്ചയിക്കേണ്ടതെന്നു ഉത്തരവില്‍ പറയുന്നു. ഇതുകൂടാതെ ക്യാമ്പയിന്‍ ഹ്രസ്വകാല ഇടപെടലുകളും 2024 മാര്‍ച്ച് വരെയുള്ള ദീര്‍ഘകാല ഇടപെടലുകളും വിശദമാക്കുന്നുണ്ട്.
ജൂണ്‍ 5 വരെ നടക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഫലപ്രാപ്തി ജനകീയ വിലയിരുത്തലിന് വിധേയമാക്കി, ആ വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് ഹ്രസ്വകാല-ദീര്‍ഘകാല പ്രവര്‍ത്തനങ്ങള്‍ 2023 ഒക്ടോബറില്‍ ആരംഭിച്ച് 2024 മാര്‍ച്ചിന് മുന്‍പായി പൂര്‍ത്തിയാക്കേണ്ടത്.
അടിയന്തിര പ്രവര്‍ത്തനങ്ങള്‍
മാലിന്യം ഉറവിടത്തില്‍ തരംതിരിക്കല്‍, മാലിന്യക്കൂനകള്‍ വൃത്തിയാക്കല്‍, കൊതുകുനശീകരണം, ജലാശയങ്ങള്‍ വൃത്തിയാക്കല്‍ എന്നിവയാണ് അടിയന്തിര പ്രവര്‍ത്തനങ്ങള്‍. അതിനായി വിവിധ യോഗങ്ങളും, ഗാപ് അനാലിസിസുകള്‍ ഉള്‍പ്പെടെയുള്ള മുന്നൊരുക്ക പ്രവര്‍ത്തനങ്ങളും മാര്‍ച്ച് 31 നകം പൂര്‍ത്തിയാക്കേണ്ടതുണ്ട്. ജൈവ മാലിന്യങ്ങളും അജൈവ മാലിന്യങ്ങളും 100% ഉറവിടത്തില്‍ തരംതിരിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. ഇത്തരത്തില്‍ തരംതിരിച്ച മാലിന്യങ്ങളില്‍ അജൈവ മാലിന്യങ്ങളുടെ 100% വാതില്‍പ്പടി ശേഖരണവും, ജൈവ മാലിന്യങ്ങളുടെ ഉറവിട സംസ്കരണവും നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതും അത്യാവശ്യമാണ്. അതിനാല്‍ നിലവില്‍ ഇതില്‍ നിന്ന് പിന്നോട്ട് നില്‍ക്കുന്ന അല്ലെങ്കില്‍ വാതില്‍പ്പടി ശേഖരണ സംവിധാനം ലഭ്യമല്ലാത്ത വീടുകളെ/ സ്ഥാപനങ്ങളെ കണ്ടെത്തുക എന്ന പ്രവര്‍ത്തനം മാര്‍ച്ച് 31 നകം പൂര്‍ത്തിയാക്കണം. ഈ അവസരത്തില്‍ ജൈവ മാലിന്യങ്ങള്‍ ഉറവിടത്തില്‍ സംസ്കരിക്കാന്‍ വേണ്ടത്ര സംവിധാനങ്ങള്‍ ഉണ്ടോ എന്ന് പരിശോധിക്കുകയും വേണം. ഇത്തരത്തില്‍ ഒരു വിലയിരുത്തലിന്‍റെ അടിസ്ഥാനത്തില്‍ ഏപ്രില്‍ മാസം പകുതിയോടെ വാതില്‍പ്പടി ശേഖരണ സംവിധാനം ആവശ്യമുള്ള വീടുകളെ/സ്ഥാപനങ്ങളെ ഹരിതകര്‍മസേനയുമായി കരാറില്‍ ഏര്‍പ്പെടുത്തണം.
ഹ്രസ്വകാല പ്രവര്‍ത്തനങ്ങള്‍
അടിയന്തിര പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ ഹ്രസ്വകാല അടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കേണ്ട പ്രവര്‍ത്തനങ്ങളെപ്പറ്റിയും പ്രസ്തുത ഉത്തരവില്‍ വിശദമാക്കുന്നുണ്ട്. ജനങ്ങള്‍ക്കിടയില്‍ ഒരു സ്വഭാവ മാറ്റം കൊണ്ട് വരുക എന്നത് ഒരു ഹ്രസ്വകാല പ്രവര്‍ത്തനമായാണ് സര്‍ക്കാര്‍ കണക്കാക്കിയിട്ടുള്ളത്. 2023 സെപ്തംബര് മാസത്തിനുള്ളില്‍ വിവിധ തരത്തിലുള്ള വിവര വിജ്ഞാന വിനിമയ പ്രവര്‍ത്തനങ്ങളിലൂടെ 100% മാലിന്യ സംസ്കരണ അവബോധം ഉറപ്പാക്കണം. നിലവിലുള്ള 376 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പുറമെ 150 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍കൂടി ഒക്ടോബര് മാസത്തിനുള്ളില്‍ ഹരിതമിത്രം ആപ്പ് മുഖേനയുള്ള വാതില്‍പ്പടി ശേഖരണം സാര്‍വത്രികമാക്കണം. വൃത്തിയാക്കിയ പൊതുസ്ഥലങ്ങളില്‍ തുടര്‍ന്ന് മാലിന്യ നിക്ഷേപം ഉണ്ടാകാതിരിക്കാന്‍ നിരീക്ഷണ ക്യാമെറകള്‍ ഒക്ടോബര് മാസത്തിനുള്ളില്‍ സ്ഥാപിക്കണം. കൂടാതെ ചെറിയ മാലിന്യക്കൂനകളെല്ലാം ഓഗസ്റ്റ് മാസത്തോടുകൂടി നീക്കം ചെയ്യണം.
ദീര്‍ഘകാല പ്രവര്‍ത്തനങ്ങള്‍
കൂടുതല്‍ സമയമെടുത്ത് പൂര്‍ത്തിയാക്കേണ്ട പ്രവര്‍ത്തനങ്ങളെയാണ് ദീര്‍ഘകാല പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇവ 2024 മാര്‍ച്ചോടുകൂടി പൂര്‍ത്തീകരിക്കേണ്ടവയാണ്. ഹരിതമിത്രം ആപ്പ് നടപ്പിലാക്കാന്‍ ബാക്കിയുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ 2024 ഓടുകൂടി ആപ് ഉപയോഗിച്ചുള്ള 100% വാതില്‍പ്പടി ശേഖരണം നടത്തണം. കൂടാതെ താത്കാലിക എംസിഎഫ് സ്ഥാപിച്ചിട്ടുള്ള സ്ഥലങ്ങളില്‍ സ്ഥിരം എംസിഎഫുകള്‍ സ്ഥാപിക്കണം. കാലപ്പഴക്കമുള്ള വലിയ മാലിന്യ നിക്ഷേപ കേന്ദ്രങ്ങള്‍ ബയോമൈനിങ്ങിലൂടെ മാത്രമേ വീണ്ടെടുക്കാന്‍ സാധിക്കുകയുള്ളു. അതിനാല്‍ 2024 മാര്‍ച്ചോടുകൂടി ഈ പ്രവര്‍ത്തനം പൂര്‍ത്തിയാക്കാന്‍ ആണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്.
പൊതു ഓഡിറ്റ്
ഒരു ജനകീയ വിലയിരുത്തലിന് വിധേയമാക്കി വേണം ഈ പ്രവര്‍ത്തനങ്ങളുടെ ഫലപ്രാപ്തി നിശ്ചയിക്കേണ്ടതെന്നു ഉത്തരവില്‍ പറയുന്നതിനാല്‍ ഒരു പൊതു ഓഡിറ്റിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഏപ്രില്‍ 15 നുള്ളില്‍ പുറത്തിറക്കും. ഓഡിറ്റിംഗിനായുള്ള ടീമിനെ നിയോഗിക്കലും, പരിശീലനം നല്‍കലും മെയ് മാസത്തില്‍ പൂര്‍ത്തിയാക്കണം. വിവിധ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ മെയ് 15 മുതല്‍ മാലിന്യ രഹിത ഇടങ്ങളുടെയും മെയ് 20 നുള്ളില്‍ മാലിന്യമുക്ത വാര്‍ഡുകളുടെയും പ്രഖ്യാപനം നടത്തും. ജൂണ്‍ മുതല്‍ സ്പെറ്റംബര്‍ മാസം വരെയായിരിക്കും പൊതു ഓഡിറ്റിംഗ് സംഘടിപ്പിക്കുക. ഓഡിറ്റ് റിപ്പോര്‍ട്ട് തയ്യാറാക്കലും, റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയുള്ള തിരുത്തല്‍ നടപടികളും, അവയുടെ അവലോകനവും തുടര്‍ന്നുള്ള മാസങ്ങളില്‍ പൂര്‍ത്തിയാക്കും.
ഈ പ്രവര്‍ത്തനങ്ങളെല്ലാം റിപ്പോര്‍ട്ട് ചെയ്യുന്നതിന് ഒരു സ്റ്റേറ്റ് വാര്‍ റൂമും, ഒരു പ്രത്യേക പോര്‍ട്ടലും സജ്ജമാക്കുന്നതാണ്.
വികേന്ദ്രീകൃത മാലിന്യസംസ്കരണ പ്രക്രിയയിലൂടെ കേരളത്തെ മാലിന്യമുക്ത കേരളമാക്കുക എന്നതാണ് ഈ ഉത്തരവിലൂടെ പ്രതിപാദിക്കുന്നത്. വിവിധ വകുപ്പുകള്‍, മിഷനുകള്‍, ഏജന്സികള്, ജനങ്ങള്‍ തുടങ്ങി എല്ലാവരുടെയും ഏകോപനത്തില്‍ സമയബന്ധിതമായി ഈ പ്രവര്‍ത്തനങ്ങളെല്ലാം തന്നെ പൂര്‍ത്തിയാക്കാന്‍ നമുക്ക് സാധിക്കും. ജനകീയമായി നടത്തുന്ന ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്കും പരിസ്ഥിതിക്കും വരും തലമുറക്കും വേണ്ടിയുള്ളതാണ്. ♦
(Young Professional (Waste Management), HarithaKeralam Mission)