(രണ്ടാം ഭാഗം)
കേരളത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്ന മാലിന്യത്തില്‍ 49 ശതമാനം വീടുകളില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ഗാര്‍ഹിക മാലിന്യവും ശേഷിക്കുന്ന 51 ശതമാനം പൊതു സ്ഥലങ്ങളിലും സ്ഥാപനങ്ങളിലും ഉത്പാദിപ്പിക്കപ്പെടുന്നതുമാണെന്നാണ് കണക്ക്. ഇച്ഛാശക്തി ഉണ്ടെങ്കില്‍ ഇവയെ പൂര്‍ണ്ണമായും നിര്‍മ്മാര്‍ജ്ജനം ചെയ്യാവുന്നതാണെന്ന് സിപിഐ (എം) ഏരിയാ കമ്മറ്റി അംഗം കൂടിയായ സീതാരവീന്ദ്രന്‍ നയിക്കുന്ന കുന്നംകുളം നഗരസഭ തെളിയിക്കുന്നു.
ഗാര്‍ഹികമാലിന്യത്തെ ആദ്യം വീടുകളില്‍ തന്നെ സംസ്കരിക്കാനുളള നടപടി സ്വീകരിച്ചതാണ് അവിടെ ചെയ്ത പ്രധാന കാര്യം. അതിനായി ഡോ. തോമസ് ഐസക്കിന്‍റെ ഇടപെടലിലൂടെ ആലപ്പുഴയിലും തിരുവനന്തപുരത്തും ആവിഷ്കരിച്ച വികേന്ദ്രീകൃത – ഉറവിട മാലിന്യ സംസ്കരണ രീതി എന്ന സങ്കേതം തന്നെയാണ് പിന്തുടര്‍ന്നത്. ആ രീതി നൂറ് ശതമാനം വീടുകളിലും നടപ്പാക്കി എന്നതാണ് ഈ സ്ഥലങ്ങളില്‍ നിന്നും കുന്നംകുളത്തെ വേറിട്ടതാക്കുന്നത്.
അഴുകുന്ന ജൈവ മാലിന്യം ബയോ കമ്പോസ്റ്റര്‍ ബിന്നുകള്‍ (മൂന്ന് തട്ടുള്ളവ) ഉപയോഗിച്ച് വീടുകളില്‍ തന്നെ ഫലപ്രദമായി സംസ്കരിക്കാം. വീടുകളിലും സ്ഥാപനങ്ങളിലും സംസ്കരിക്കാന്‍ കഴിയാത്ത അജൈവ മാലിന്യം റീ സൈക്ലിംഗിനായി ഹരിതകര്‍മ്മ സേനയ്ക്ക് കൈമാറാന്‍ ഓരോ വീട്ടുകാരെക്കൊണ്ടും തീരുമാനമെടുപ്പിക്കാം. നൂറ് ശതമാനം വീടുകളും ഈ രീതിയിലേക്ക് മാറിയാല്‍ കേരളത്തിലെ മാലിന്യ പ്രശ്നം പകുതി (49 ശതമാനം) പരിഹരിച്ചു എന്നാണര്‍ത്ഥം. ഈ നേട്ടം കൈവരിക്കുന്നതിനായി എംഎല്‍എ കൂടിയായ എ.സി. മൊയ്തീന്‍റെ പിന്തുണയോടെ കുന്നംകുളത്ത് ആവിഷ്കരിച്ച് നടപ്പാക്കിയ പദ്ധതിയാണ് ‘നല്ലവീട് നല്ലനഗരം’ പദ്ധതി. മുഴുവന്‍ വീടുകളെയും ഈ പദ്ധതിയിലേക്ക് കണ്ണി ചേര്‍ക്കാന്‍ അവര്‍ ചെയ്ത കാര്യങ്ങള്‍ ഈ വിധമാണ് :
ആദ്യമായി ഒരു ഗൂഗിള്‍ ഫോം ഉപയോഗിച്ച് മുഴുവന്‍ വീടുകളിലും സര്‍വേ നടത്തി. ജൈവ മാലിന്യം സംസ്കരിക്കാന്‍ വീട്ടില്‍/സ്ഥാപനത്തില്‍ സംവിധാനം ഉണ്ടോ? ഉണ്ടെങ്കില്‍ ഏത് സംവിധാനം? അജൈവ മാലിന്യം ഹരിത കര്‍മ്മ സേനയ്ക്ക് കൈമാറുന്നുണ്ടോ? ഉണ്ടെങ്കില്‍ അവസാനം യൂസര്‍ ഫീ കൊടുത്ത തീയതി? മാലിന്യം കത്തിക്കുന്നതും വലിച്ചെറിയുന്നതും കുറ്റകരമാണെന്ന് അറിയാമോ? ഇത്രയും ചോദ്യങ്ങള്‍ മാത്രമാണ് അതില്‍ ചോദിച്ചത്. ഇതിലൂടെ എത്ര വീടുകളില്‍ ഉറവിട മാലിന്യ സംസ്കരണ സംവിധാനം ഉണ്ടെന്നും എത്ര വീടുകളില്‍ ഹരിത കര്‍മ്മ സേന ഉണ്ടെന്നും ഉള്ള വിവരം ലഭിച്ചു. ഈ സര്‍വേ കഴിഞ്ഞപ്പോള്‍ തന്നെ ആളുകളുടെ മനോഭാവത്തില്‍ ഇളക്കം തട്ടിത്തുടങ്ങി. തങ്ങളുടെ വീട്ടിലെ മാലിന്യ സംസ്കരണത്തെപറ്റി മുനിസിപ്പാലിറ്റി മനസ്സിലാക്കിക്കഴിഞ്ഞു എന്ന് ആളുകള്‍ തിരിച്ചറിഞ്ഞു. ഹരിത കര്‍മ്മ സേനയെ പടിക്കുപുറത്ത് നിറുത്തിയിരുന്ന ആളുകള്‍ അവരെ വീടുകളിലേക്ക് ആനയിച്ചു തുടങ്ങി. സര്‍വേയില്‍ കണ്ടെത്തിയത് 16 ശതമാനം വീടുകളില്‍ മാത്രമാണ് ഉറവിട മാലിന്യ സംസ്കരണ സംവിധാനം ഉള്ളതെന്നും 45 ശതമാനം വീടുകളില്‍ മാത്രമാണ് ഹരിത കര്‍മ്മ സേനാംഗത്വം ഉള്ളെതെന്നുമായിരുന്നു. ഈ വിടവ് നികത്തലായിരുന്നു നല്ലവീട് നല്ലനഗരം പദ്ധതിയുടെ പ്രധാന ഉദ്ദേശ്യം.
ഇതിനായി അടുത്ത ഘട്ടമായി വിപുലമായ ക്ലാസുകള്‍ ആരംഭിച്ചു. അന്‍പത് വീടുകളുടെ ക്ലസ്റ്ററുകളില്‍ ജൈവ മാലിന്യം വലിച്ചെറിയാതെ വീട്ടില്‍ സംസ്കരിക്കുന്നതിനെപ്പറ്റിയും വീട്ടില്‍ സംസ്കരിക്കാന്‍ കഴിയാത്ത അജൈവ മാലിന്യം റീസൈക്ലിങ്ങിനായി ഹരിത കര്‍മ്മ സേനയ്ക്ക് കൈമാറുന്നതിന്‍റെ പ്രാധാന്യത്തെ പറ്റിയും ജനങ്ങളെ കൂട്ടായി വിളിച്ചിരുത്തി പഠിപ്പിച്ചു. കുടുംബശ്രീ സംവിധാനം അയല്‍ക്കൂട്ട ശുചിത്വ ക്ലാസുകളുടെ നട്ടെല്ലായി പ്രവര്‍ത്തിച്ചു. വാര്‍ഡ് കൗണ്‍സിലര്‍മാര്‍ നിര്‍ദ്ദേശിച്ച അവരവരുടെ പാര്‍ട്ടിയില്‍പ്പെട്ട, വിഷയം പഠിച്ച് പ്രചരിപ്പിക്കാന്‍ കഴിയുന്ന രണ്ട് വീതം റിസോഴ്സ് പേഴ്സണ്‍മാരെ വീതം ഇതിനായി പ്രത്യേക പരിശീലനം നല്‍കി സജ്ജമാക്കിയിരുന്നു.
നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ സൗമ്യ നയിക്കുന്ന നാലാം വാര്‍ഡ്, പരിപാടിയുടെ പൈലറ്റ് വാര്‍ഡായി തെരഞ്ഞെടുത്തു. വാര്‍ഡിലെ ബിജെപിയും കോണ്‍ഗ്രസും ഉള്‍പ്പെടെ എല്ലാ രാഷ്ട്രീയ – സാമുദായിക – സന്നദ്ധ പ്രസ്ഥാനങ്ങളും ക്യാമ്പയിന്‍റെ പ്രാധാന്യം മനസ്സിലാക്കി അവരവരുടെ പാര്‍ട്ടി അംഗങ്ങളുടെ വാര്‍ഡുതല യോഗം ചേര്‍ന്ന് പരിപാടിയെക്കുറിച്ച് ചര്‍ച്ച ചെയ്തു, പഠിച്ചു. സമാന യോഗങ്ങള്‍ മുനിസിപ്പല്‍ തലത്തിലും വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ വിളിച്ചുചേര്‍ത്തു. സിനിമാ താരം വി.കെ. ശ്രീരാമനും സംഗീത മേഖലയിലെ പ്രതിഭ ഹരിനാരായണനും ഒക്കെ ക്യാമ്പയിനെ പിന്തുണയ്ക്കാനായി നഗരസഭയ്ക്കൊപ്പം ചേര്‍ന്നു.
കേവലം ഒരു മാസംകൊണ്ട് ആ വാര്‍ഡ് ലക്ഷ്യം നേടി. നൂറ് ശതമാനം വീടുകളിലും ബയോ ബിന്നുകള്‍ സ്ഥാപിച്ചു. നൂറ് ശതമാനം വീടുകളിലും ഹരിത കര്‍മ്മ സേനാംഗത്വം എടുപ്പിച്ചു. അങ്ങനെ ഖരമാലിന്യത്തിന്‍റെ കാര്യത്തില്‍ സമ്പൂര്‍ണ്ണ ശുചിത്വം പ്രഖ്യാപിക്കുന്ന കേരളത്തിലെ ആദ്യ വാര്‍ഡായി അത് മാറി. സമാനമായ പ്രഖ്യാപനങ്ങള്‍ മുന്‍പ് പലയിടങ്ങളിലും നടന്നിട്ടുണ്ടെങ്കിലും ജൈവ മാലിന്യത്തിനും അജൈവ മാലിന്യത്തിനും ഒരുപോലെ പരിഹാരം കണ്ട ആദ്യ സ്ഥലം ഇവിടമായിരുന്നു. ശുചിത്വ പ്രഖ്യാപനം 2021 ആഗസ്റ്റ് 15 ന് മുന്‍ തദ്ദേശ വകുപ്പ് മന്ത്രി എ.സി. മൊയ്തീനും മുന്‍ ധന മന്ത്രി ഡോ. തോമസ് ഐസക്കും സംയുക്തമായാണ് നിര്‍വ്വഹിച്ചത്.
ഒരു വാര്‍ഡില്‍ പരീക്ഷിച്ച് വിജയിച്ച ഈ മാതൃക ക്യാമ്പയിന്‍റെ ഭാഗമായി മറ്റ് 36 വാര്‍ഡുകളിലേക്കും അതിവേഗം പകര്‍ത്തി. ഭരണ – പ്രതിപക്ഷ ഭേദമന്യേ ഓരോ വാര്‍ഡും സമ്പൂര്‍ണ്ണ ശുചിത്വ വാര്‍ഡുകളായി പ്രഖ്യാപിക്കപ്പെട്ടു. വിവിധ രാഷ്ട്രീയകക്ഷികളുടെ സംസ്ഥാന – ജില്ലാ നേതാക്കളും എം.പി മാരടക്കമുള്ള ജനപ്രതിനിധികളും ഓരോ വാര്‍ഡിന്‍റെയും പ്രഖ്യാപന ചടങ്ങുകള്‍ നിര്‍വ്വഹിച്ചു. മുഴുവന്‍ വാര്‍ഡുകളും സമ്പൂര്‍ണ്ണ ഖരമാലിന്യ ശുചിത്വ പദവി കൈവരിച്ച ആദ്യ നഗരസഭയായി അങ്ങനെ കുന്നംകുളം മാറി. നഗരസഭാതല ശുചിത്വ പ്രഖ്യാപനം നവംബറില്‍ അന്നത്തെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു.
വ്യക്തികളിലെ മാറ്റം സമൂഹത്തിലെ മാറ്റമായി പരിണമിക്കുന്നതുപോലെ, ഒരു നഗരത്തിലെ മാറ്റം മറ്റുനഗരങ്ങളേയും സ്വാധീനിക്കും എന്നതിന് തെളിവായി കുന്നംകുളത്തെ ഈ മാതൃക പിന്നീട് ഗുരുവായൂരിലും നടപ്പാക്കി വിജയിച്ചു. ഗുരുവായൂരിലെ പ്രഖ്യാപനം നിര്‍വ്വഹിച്ചത് ഇപ്പോഴത്തെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷായിരുന്നു. സമാനമായ ക്യാമ്പയിന്‍ കൊടുങ്ങല്ലൂരില്‍ നേരത്തേ തന്നെ ആരംഭിച്ചിരുന്നെങ്കിലും കോവിഡ് പ്രതിസന്ധി അതിനെ പൂര്‍ണ്ണമാക്കാന്‍ അനുവദിച്ചിരുന്നില്ല. ചേലൊത്ത ചേര്‍ത്തല എന്ന പേരില്‍ ഈ ക്യാമ്പയിന്‍ ഇപ്പോള്‍ ചേര്‍ത്തല നഗരത്തിലും നടന്നുകൊണ്ടിരിക്കുന്നു.
പൊതു മാലിന്യ സംസ്കരണത്തിന് കുന്നംകുളത്തിന്‍റെ വഴി
മുന്‍പറഞ്ഞത് ഗാര്‍ഹിക മാലിന്യ സംസ്കരണത്തെക്കുറിച്ചാണ്. അതിനുശേഷം വരുന്ന അന്‍പത്തി ഒന്ന് ശതമാനത്തോളമുള്ള സ്ഥാപന – പൊതുസ്ഥല മാലിന്യം ഫലപ്രദമായി കൈകാര്യം ചെയ്യാമെന്നും കുന്നംകുളം തെളിയിച്ചിട്ടുണ്ട്.
അതിന് സ്വീകരിച്ചത് മുന്‍പറഞ്ഞതില്‍ നിന്നും വ്യത്യസ്തമായ കേന്ദ്രീകൃത മാതൃകയാണ്. നഗരങ്ങളിലെ ഹോട്ടലുകള്‍, പച്ചക്കറികടള്‍, പഴക്കടകള്‍, പൂക്കടകള്‍, മത്സ്യ – മാംസ കടകള്‍, മാര്‍ക്കറ്റുകള്‍ മുതലായവയിലെ മാലിന്യവും വന്നുപോകുന്ന ജനം (ഫ്ലോട്ടിംഗ് പോപ്പുലേഷന്‍) നഗരമധ്യത്തില്‍ സൃഷ്ടിക്കുന്നതുമായ മാലിന്യം നഗരസഭ തന്നെ ശേഖരിച്ച് കേന്ദ്രീകൃതമായി സംസ്കരിക്കേണ്ടിവരും. അതല്ലാതെ ചെറുകിട സ്ഥാപനങ്ങളോട്, നിങ്ങള്‍ നിങ്ങളുടെ മാലിന്യം ഉറവിടത്തില്‍ തന്നെ സംസ്കരിക്കണം, അല്ലാത്ത പക്ഷം അവയെല്ലാം അടച്ചുപൂട്ടണം എന്നാവശ്യപ്പെടുന്നത് യുക്തിയില്ലായ്മയാണ്.
കുന്നംകുളത്തെ കുറുക്കന്‍പാറ ദളിതരും പിന്നോക്കക്കാരുമായ പട്ടിണിപ്പാവങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലമായിരുന്നു. കുന്നംകുളം മദ്രാസ് സംസ്ഥാനത്തിന്‍റെ ഭാഗമായിരുന്ന കാലം മുതല്‍ക്കേ ഇവിടം ഒരു ട്രെഞ്ചിംഗ് ഗ്രൗണ്ടായിരുന്നു. മനുഷ്യമലം ഉള്‍പ്പെടെയുള്ള മാലിന്യംം കൊണ്ടുവന്നു തള്ളുന്ന സ്ഥലം. സീതാ രവീന്ദ്രന്‍റെ നേതൃത്വത്തിലുള്ള ഭരണ സമിതി അധികാരത്തിലേറുന്നതുവരെ ചീഞ്ഞ് നാറി മണം വമിപ്പിച്ച്, നിരന്തരം തീപിടിച്ചുകൊണ്ടിരുന്ന ഒരു മാലിന്യ കേന്ദ്രം.
ഇവിടമാണ് ഇപ്പോള്‍ ഒരു പൂങ്കാവനമായി – ഗ്രീന്‍പാര്‍ക്കായി ഇവര്‍ മാറ്റിയെടുത്തത്. മേല്‍പ്പറഞ്ഞ അന്‍പത്തി ഒന്നു ശതമാനം നഗര മാലിന്യവും ചിട്ടയായി തരംതിരിച്ച് ശേഖരിച്ച് ഈ കേന്ദ്രീകൃത പ്ലാന്‍റില്‍ കൊണ്ടുവന്ന് ചകിരിച്ചോര്‍ അധിഷ്ഠിത ഇനോക്കുലം (Microbial Enriched Coirpith Inoculum based Aerbic Composting MECBAC) ഉപയോഗിച്ചുള്ള എയ്റോബിക് കമ്പോസ്റ്റിഗ് നടത്തുകയാണ് അവിടെ ചെയ്തത്.
കോയമ്പത്തൂരിലെ മലയാളി ഗവേഷകനായ ഡോ. ജോഷി ചെറിയാന്‍ ബയോ കമ്പോസ്റ്റര്‍ ബിന്നുകള്‍ക്കായി വിഭാവനം ചെയ്ത ഈ സാങ്കേതികവിദ്യ വന്‍കിട മാലിന്യ സംസ്കരണ പ്ലാന്‍റുകള്‍ക്കായി ഉപയോഗിക്കാമെന്ന് തെളിയിച്ചത് ഐ.ആര്‍.ടി.സിയുടെ അക്കാലത്തെ നേതൃത്വത്തിലുണ്ടായിരുന്ന വി.ജി. ഗോപിയും ഐ.കെ.എം. തൃശൂര്‍ ജില്ലാ കോര്‍ഡിനേറ്ററായിരുന്ന വി. മനോജ് കുമാറുമായിരുന്നു. പ്രത്യക്ഷത്തില്‍ പഴയകാല വിന്‍ഡ്രോ കമ്പോസ്റ്റിങ്ങിന് സമാനമായ രീതികളാണ് അനുവര്‍ത്തിക്കുന്നതെങ്കിലും അടിസ്ഥാനപരമായി ഏറെ വ്യത്യസ്തതകളുള്ളതായിരുന്നു ഇവിടെ അനുവര്‍ത്തിച്ച സാങ്കേതിക വിദ്യ. അഴുകുന്ന നഗരമാലിന്യത്തിലെ ഈര്‍പ്പം വലിച്ചെടുക്കാന്‍ ശേഷിയുള്ള ചകിരിച്ചോറിന്‍റെ പ്രയോഗമായിരുന്നു പ്രധാനം. മാലിന്യം കൊണ്ടുവന്ന് വെറുതേ കുന്നുകൂട്ടിയിടുന്നതിന് പകരം അവ പൊടിച്ച് (ഷ്രഡ് ചെയ്ത്) കഷണങ്ങളാക്കി മാറ്റി സൂഷ്മജീവികളുടെ പ്രവര്‍ത്തനതലം വിപുലപ്പെടുത്തുക, മാലിന്യം കൂട്ടിയിടുന്നതിന്‍റെ (വിന്‍ഡ്രോയുടെ) ഉയരവും വലിപ്പവും കുറയ്ക്കുക, പത്തു ദിവസത്തെ കൃത്യമായ ഇടവേളകളില്‍ ഈ കൂനകള്‍ ഇളക്കി മറിച്ച് വായുസഞ്ചാരം ഉറപ്പാക്കുക, പ്ലാന്‍റ് പ്രവര്‍ത്തനത്തിനായി ബിസിനസ് മോഡലില്‍ പ്രവര്‍ത്തിക്കുന്ന കുടംബശ്രീ അംഗങ്ങളായ സ്ത്രീകളുടെ സൂക്ഷ്മ സംരംഭത്തെ ഏര്‍പ്പാട് ചെയ്യുക എന്നിങ്ങനെ ധാരാളം സവിശേഷതകള്‍ കുന്നംകുളം മാതൃകയ്ക്ക് ഉണ്ടായിരുന്നു.
മാലിന്യ സംസ്കരണത്തില്‍ ചകരിച്ചോറിന്‍റെ പ്രാധാന്യം തിരിച്ചറിഞ്ഞ അന്നത്തെ കയര്‍വകുപ്പ് മന്ത്രി കൂടിയായിരുന്ന തോമസ് ഐസക് പ്ലാന്‍റ് സന്ദര്‍ശിച്ച ശേഷം കുന്നംകുളം നഗരസഭയ്ക്ക് ചകിരിച്ചോര്‍ നിര്‍മ്മിക്കുന്നതിനായി ഒരു തൊണ്ട് തല്ല് യന്ത്രവും ഇവിടെ സൗജന്യമായി സ്ഥാപിച്ച് നല്‍കി. ഇങ്ങനെ ഉറവിടത്തില്‍ സംസ്കരിക്കാന്‍ ബുദ്ധിമുട്ടുള്ള പൊതു സ്ഥലമാലിന്യം നഗരസഭയുടെ നേതൃത്വത്തില്‍ ഫലപ്രദമായും ശല്യരഹിതമായും കേന്ദ്രീകൃത ഖരമാലിന്യ സംസ്കരണ പ്ലാന്‍റില്‍ തന്നെ സംസ്കരിക്കാന്‍ കഴിയുമെന്നും കുന്നംകുളം തെളിയിച്ചു.
കുന്നംകുളത്തെ കേന്ദ്രീകൃത മാലിന്യസംസ്കരണ മാതൃകയും അവിടെ തുടങ്ങി അവിടെ ഒതുങ്ങി നില്‍ക്കുന്നതല്ല. അത് പിന്നീട് ഗുരുവായൂരിലേക്കും കൊടുങ്ങല്ലൂരിലേക്കും ഇരിങ്ങാലക്കുടയിലേക്കും കല്‍പ്പറ്റയിലേക്കും മൂന്നാറിലേക്കും പകര്‍ത്തപ്പെട്ടു. അവിടങ്ങളിലെല്ലാം ശല്യമൊന്നുമില്ലാതെ വിജയകരമായി ഈ മാതൃക പ്രവര്‍ത്തിക്കുന്നുമുണ്ട്.
ഈ മാതൃകയിലേക്ക് നേരെ കടക്കാതെയുള്ള ഒരു മാര്‍ഗ്ഗമാണ് ഡോ. തോമസ് ഐസക്കിന്‍റെ നേതൃത്വത്തില്‍ ആലപ്പുഴയിലും പിന്നീട് തിരുവനന്തപുരത്തും നടപ്പാക്കി വിജയിച്ച തുമ്പൂര്‍മൂഴി കമ്പോസ്റ്റിംഗ് മാതൃക. കമ്മ്യൂണിറ്റി തലത്തിലുള്ള ആ മാതൃക മേല്‍പ്പറഞ്ഞ അന്‍പത്തി ഒന്ന് ശതമാനം പൊതു മാലിന്യത്തെ പൂര്‍ണ്ണമായും ഉള്‍ക്കൊള്ളാന്‍ പലപ്പോഴും പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ആ പ്രശ്നം ഇല്ലാതെ ഒരു നഗരത്തിലെ പൊതുമാലിന്യത്തെ ഏതാണ്ട് പൂര്‍ണ്ണമായും ഉള്‍ക്കൊള്ളാനും ശാസ്ത്രീയമായി സംസ്കരിക്കാനും ഉതകുന്നതാണെന്നതാണ് കുന്നംകുളം മാതൃകയുടെ പ്രത്യേകത.
സംയോജിത മാലിന്യ പരിപാലന പദ്ധതി
രാജ്യത്തെ ചില മെട്രോ നഗരങ്ങളില്‍ ചെയ്യുന്നതുപൊലെ എല്ലാ ദിവസവും മുഴുവന്‍ വീടുകളിലും കയറി ഇറങ്ങി ജൈവമാലിന്യം ശേഖരിക്കല്‍ കേരളത്തില്‍ പ്രായോഗികമല്ല. കാരണം മറ്റ് നഗരങ്ങളിലേതുപോലെ രേഖീയമായ വാസവ്യവസ്ഥ (ലീനിയര്‍ സെറ്റില്‍മെന്‍റ്) അല്ല കേരളത്തിനുള്ളത്. നമ്മുടേത് ചിതറിക്കിടക്കുന്ന വാസവ്യവസ്ഥയാണ് (ഡിസ്പേഴ്സ്ഡ് സെറ്റില്‍മെന്‍റ്). മുഖ്യ നഗര കേന്ദ്രത്തില്‍ (കോര്‍ അര്‍ബന്‍ ഏരിയയില്‍) കുറച്ചൊക്കെ പറ്റുമെന്നല്ലാതെ, ഒരു നഗരത്തിലെ മുഴുവന്‍ വാര്‍ഡുകളിലും വ്യാപിച്ചുകിടക്കുന്ന വീടുകളില്‍ നിന്നും ദിനവും ജൈവമാലിന്യം ശേഖരിക്കുക എന്നതില്‍ പ്രായോഗികമായ ബുദ്ധിമുട്ടുകളുണ്ട്. ഹരിത കര്‍മ്മ സേനയുടെ പ്രതിമാസ അജൈവ മാലിന്യ ശേഖരണം പോലും വെല്ലുവിളികള്‍ നേരിടുമ്പോള്‍ പ്രതിദിന വാതില്‍പ്പടി ശേഖരണം എത്രത്തോളം ബുദ്ധിമുട്ടേറിയതായിരിക്കും എന്ന് ഊഹിക്കാവുന്നതേയുള്ളു.
അതുകൊണ്ടുതന്നെ ഗാര്‍ഹിക മാലിന്യ പരിപാലനത്തിന് വികേന്ദ്രീകൃത മാതൃക തന്നെയാണ് അനുയോജ്യം. അതിനായി കുന്നംകുളത്ത് ചെയ്തതുപോലെ മുഴുവന്‍ വീടുകളിലും ബയോ കമ്പോസ്റ്റര്‍ ബിന്നുകള്‍ ഏര്‍പ്പാടാക്കണം.
ഇവിടെ വരാവുന്ന പ്രധാന പ്രശ്നം തുറന്ന ബാല്‍ക്കണി പോലുള്ള സ്ഥലം ഇല്ലാത്ത ഫ്ലാറ്റുകളിലെ വാസ യൂണിറ്റുകളില്‍ അവ ഉപയോഗിക്കുന്നതിന് പരിമിതിയുണ്ട് എന്നതാണ്. അതിന് രണ്ട് പരിഹാരമുണ്ട്.
ഒന്ന്, ഫ്ലാറ്റില്‍ ഒഴിഞ്ഞ ഒരു ഏരിയയില്‍ ഗ്രൗണ്ട് ഫ്ലോറിലോ, പാരപ്പെറ്റിലോ ബില്‍ഡര്‍ പ്രത്യേകമായി നല്‍കുന്ന സ്ഥലത്ത് ഓരോ യൂണിറ്റിനും അനുവദിച്ചിട്ടുള്ള ബയോ കമ്പോസ്റ്റര്‍ ബിന്‍ ഒരുമിച്ച് നിരത്തി വെച്ച് ഓരോ യൂണിറ്റിലെയും മാലിന്യം അവരവരുടെ ബിന്നുകളില്‍ സംസ്കരിക്കാന്‍ സജ്ജീകരണം ഒരുക്കുക. രണ്ട്, കൊച്ചിയിലെ ക്രെഡായ് എന്ന ഫ്ലാറ്റുടമാസംഘം പ്രോത്സാഹിപ്പിക്കുന്ന വലിയ ബോക്സ് രൂപത്തിലുള്ള കോമണ്‍ ബയോ ഡൈജസ്റ്റര്‍ ബിന്നുകള്‍ ഫ്ലാറ്റുകളില്‍ മുന്‍പറഞ്ഞ പൊതുവായ ഇടത്ത് സ്ഥാപിച്ച് എല്ലാ യൂണിറ്റുകളിലെയും മാലിന്യം അതില്‍ പൊതുവായി സംസ്കരിക്കുക.
എന്നാല്‍ പൊതുസ്ഥലങ്ങളിലും ഹോട്ടലുകളും പച്ചക്കറിക്കടകളും ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലും ഉണ്ടാകുന്ന ജൈവ മാലിന്യം ഉറവിടത്തില്‍ തന്നെ സംസ്കരിക്കാന്‍ പലപ്പോഴും കഴിയണമെന്നില്ല. അവ ദിനവും ശേഖരിക്കേണ്ടിവരും കുന്നംകുളത്ത് തയ്യാറാക്കിയിരിക്കുന്ന തരത്തിലുള്ള ഖര മാലിന്യ സംസ്കരണ പ്ലാന്‍റില്‍ തന്നെ പൊതുവായി സംസ്കരിക്കേണ്ടിയും വരും.
ഈ രീതിയും മലയാളി രണ്ടുകൈയ്യും നീട്ടി സ്വീകരിക്കുമെന്ന് കരുതരുത്. മാലിന്യം കത്തിക്കുന്ന അശാസ്ത്രീയമായ വിദേശ മോഡലുകളെക്കുറിച്ച് അവര്‍ പറഞ്ഞുകൊണ്ടിരിക്കും. മലയാളിയുടെ ഭക്ഷണ രീതി ദ്രാവാംശത്തിന്‍റെ ആധിക്യമുള്ളതാണെന്നും അതില്‍ നിന്നും ഉണ്ടാകുന്ന മാലിന്യത്തിന്‍റെ സ്വഭാവം ഈര്‍പ്പം കൂടുതലുള്ളതും ജ്വലന ശേഷി ഇല്ലാത്തതുമാണെന്നും അവര്‍ മനസ്സിലാക്കുകയില്ല.
ചുരുക്കത്തില്‍ കേരളത്തിലെ മാലിന്യ പ്രശ്നത്തിന് വികേന്ദ്രീകൃതമോ കേന്ദ്രീകൃതമോ ആയ മാതൃകയില്‍ ഏതെങ്കിലും ഒന്നല്ല പരിഹാരം. രണ്ടും യോജിപ്പിച്ചുള്ള സംയോജിത മാലിന്യ പരിപാലന പദ്ധതി (integrated waste management) ആണ് പരിഹാരം.
ഇത്രയും വിശദാംശങ്ങളില്‍ നിന്ന് കേരളത്തിലെ മാലിന്യ പ്രശ്നത്തിന്‍റെ പരിഹാരം റോക്കറ്റ് സയന്‍സൊന്നുമല്ലെന്നും ഇച്ഛാശക്തിയുണ്ടെങ്കില്‍ ലളിതമായും ചെലവു കുറച്ചും അത് നേടിയെടുക്കാമെന്നും ബോധ്യപ്പെടുന്നതാണ്. അതിനാല്‍ സംയോജിത മാലിന്യ പരിപാലനത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും ജനങ്ങളുടെ പെരുമാറ്റരീതികളില്‍ മാറ്റം വരുത്തുന്നതിനും കുന്നംകുളത്തെ നല്ലവീട് നല്ലനഗരം പദ്ധതിപോലെ വിപുലമായ ക്യാമ്പയിന്‍ കേരളമൊട്ടാകെ ഏറ്റെടുത്ത് നടത്തേണ്ടിവരും.
അത് കുന്നംകുളത്തെ മാത്രം സാധ്യതയല്ലെന്ന് ഗുരുവായൂരിലെയും കൊടുങ്ങല്ലൂരിലെയും ചേര്‍ത്തലയിലെയും തുടര്‍ അനുഭവങ്ങള്‍ തെളിയിക്കുന്നു. നൂറ് ശതമാനം ഖരമാലിന്യ മുക്ത നഗരസഭകള്‍ സാധ്യമാണ്. അതിനായുള്ള രാഷ്ട്രീയ ഇച്ഛാശക്തി ഉണ്ടായാല്‍ മാത്രം മതി. മറ്റ് സംസ്ഥാനങ്ങള്‍ ഏതെങ്കിലും ഒരു നഗരത്തെ ചൂണ്ടിക്കാട്ടി മേനി നടിക്കുമ്പോള്‍ കേരളത്തിലെ മുഴുവന്‍ നഗരങ്ങളെയും മാലിന്യമുക്തമാക്കി മാറ്റി അഭിമാനം കൊള്ളാന്‍ നമുക്ക് നിസ്സാരമായി കഴിയും. അതിനുതകുന്ന രാഷ്ട്രീയ – സാമൂഹ്യ – ഉദ്യോഗസ്ഥ സംവിധാനമുള്ള ഇടമാണ് കേരളം. സാക്ഷരതയും ജനകീയാസൂത്രണവും പോലെ ചിട്ടയായതും ആസൂത്രിതവുമായ പ്രവര്‍ത്തനം ജനകീയ ക്യാമ്പയിന്‍ രൂപത്തില്‍ ആരംഭിക്കണമെന്നേയുള്ളു. ബ്രഹ്മപുരം തുടക്കമിട്ട ചര്‍ച്ചകള്‍ ആ രീതിയില്‍ മുന്നേറുമെന്ന് പ്രതീക്ഷിക്കാം. ♦