Saturday, May 4, 2024

ad

Homeചിന്ത പ്ലസ്സമഗ്രമായ ഖരമാലിന്യ സംസ്കരണം കേരളത്തിന്‍റെ പൊതുസമീപനം

സമഗ്രമായ ഖരമാലിന്യ സംസ്കരണം കേരളത്തിന്‍റെ പൊതുസമീപനം

ഡോ. ടി എന്‍ സീമ

രണ്ടാം ഭാഗം

ജൈവമാലിന്യങ്ങളുടെ പുനഃചംക്രമണം
മാലിന്യം ഒരു ഉത്പന്ന ശൃംഖലയുടെ അന്തിമ ഉല്‍പ്പന്നമായിട്ടല്ല, മറിച്ച് സര്‍ക്കുലര്‍ ഇക്കോണമി ആശയം നിറവേറ്റുന്ന, മറ്റൊരു ഉല്പന്നത്തിന്‍റെ ആരംഭമായാണ് കണക്കാക്കേണ്ടത്. ഇതിനായി അവയെ പുനഃചംക്രമണം നടത്താം.
ജൈവ മാലിന്യങ്ങളുടെ പുനഃചംക്രമണം ?സാധ്യമാകുന്നത് രണ്ടു രീതിയിലാണ്
1 .അവയുടെ ജൈവ വിഘടനം നടന്നു വിവിധ ഘടകങ്ങളായി മണ്ണിലേക്ക് സസ്യങ്ങള്‍ക്കും സൂക്ഷ്മജീവികള്‍ക്കും ഉപയോഗിക്കാനുതകുന്ന തരത്തില്‍ എത്തിച്ചേരുമ്പോള്‍.
2 .വാതക രൂപത്തിലേക്ക് മാറ്റി ഇവയെ ഊര്‍ജ സ്രോതസ്സായി ഉപയോഗിക്കാന്‍ സാധിക്കുമ്പോള്‍.
ആദ്യത്തേത് കമ്പോസ്റ്റിങ് എന്ന പ്രക്രിയയിലൂടെയും രണ്ടാമത്തേത് ബയോമെത്തനേഷന്‍ എന്ന പ്രക്രിയയിലൂടെയും സാധ്യമാകും.

കമ്പോസ്റ്റിങ്
ജൈവമാലിന്യങ്ങളുടെ നിയന്ത്രിത വിഘടിപ്പിക്കല്‍ പ്രക്രിയയാണ് കമ്പോസ്റ്റിംങ്, അതില്‍ ജൈവവസ്തുക്കള്‍ വായുവിന്‍റെ സാനിധ്യത്തില്‍ സൂക്ഷ്മജീവികളുടെ പ്രവര്‍ത്തനത്തില്‍ വിഘടിക്കുന്നു, അതിന്‍റെ ഫലമായി ഹ്യൂമസ് രൂപത്തിലുള്ള “കമ്പോസ്റ്റ്” എന്ന ഉത്പന്നം ഉണ്ടാകുന്നു. ഈ പ്രക്രിയയ്ക്ക് രണ്ടു സ്റ്റേജുകളുണ്ട്.

1 . തെര്‍്മോഫിലിക് സ്റ്റേജ്: ഈ ഘട്ടത്തില്‍ സൂക്ഷ്മജീവികള്‍ എളുപ്പത്തില്‍ വിഘടിപ്പിക്കാന്‍ കഴിയുന്ന ജൈവ വസ്തുക്കളെ വിഘടിപ്പിക്കുന്നു. ഇവയുടെ തീവ്രമായ ഉപാപചയ പ്രവര്‍ത്തനങ്ങളുടെ (metabolic activit) ഫലമായി വലിയ തോതില്‍ താപം പുറപ്പെടുവിക്കുകയും ചെയ്യുന്നു. ഈ ഘട്ടത്തില്‍ കമ്പോസ്റ്റ് ബെഡിലെ താപനില 55 മുതല്‍ 65 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാം. ഒരു നിശ്ചിത അളവില്‍ ജലാംശം ഉണ്ടായിരിക്കണം. ജലാംശത്തിന്‍റെ അളവ് കൂടുന്നത് ദുര്‍ഗന്ധം വമിക്കാന്‍ കാരണമായേക്കും. ഈ ഘട്ടത്തില്‍ ജൈവ മാലിന്യങ്ങള്‍ നിശ്ചിത ഇടവേളകളില്‍ നന്നായി ഇളക്കി , എല്ലാ വശങ്ങളിലും താപനില ഉയരുന്നുണ്ടെന്നും, വായുസഞ്ചാരം ഉണ്ടെന്നും ഉറപ്പാക്കണം. കാര്‍ബണ്‍/നൈട്രജന്‍ അനുപാതവും ഒരു നിശ്ചിത അളവില്‍ നിലനിര്‍ത്തേണ്ടതുണ്ട്.

2 . മീസോഫിലിക് സ്റ്റേജ് : കാര്‍ബണ്‍/നൈട്രജന്‍ എന്നിവയുടെ അളവ് കുറയുന്നതുമൂലം സൂക്ഷ്മജീവികളുടെ പ്രവര്‍ത്തനവും ഈ ഘട്ടത്തില്‍ കുറയുന്നു. ഇത് താപനില കുറയാനും കാരണമാകുന്നു. ഹ്യൂമസ് (humus) എന്ന വസ്തു ഉണ്ടാവുകയും കമ്പോസ്റ്റിനു ഇരുണ്ട ബ്രൗണ്‍ നിറം ലഭിക്കുകയുമാണ് ചെയ്യുന്നത്. ഇത്തരത്തില്‍ കൃഷിക്ക് ഉപയോഗ യോഗ്യമായ ജൈവ വളം ഉല്പാദിപ്പിക്കാന്‍ സാധിക്കുന്നു.

വായുവിന്‍റെ സാനിധ്യത്തില്‍ നടക്കുന്ന ഈ പ്രവര്‍ത്തനങ്ങളില്‍ ഉണ്ടാകുന്ന താപം മാലിന്യത്തിനുള്ളിലെ രോഗകാരികളായ ജീവികളെ നശിപ്പിക്കാനും സഹായിക്കുന്നു. സാധാരണയായി കമ്പോസ്റ്റ് ഉണ്ടാക്കുമ്പോള്‍ ഒരു തരത്തിലുമുള്ള ദുര്‍ഗന്ധം ഉണ്ടാവുകയില്ല. എന്നാല്‍ കൃത്യമായി വായു സഞ്ചാരം ഉറപ്പാകാതെയോ, ജലാംശം കൂടുകയോ ചെയ്യുമ്പോഴാണ് ഇവയില്‍ നിന്ന് ദുര്‍ഗന്ധം ഉണ്ടാകുന്നത്.

ബയോമെത്തനേഷന്‍
വായുവിന്‍റെ അസാന്നിധ്യത്തിലും ജൈവ വസ്തുക്കളുടെ വിഘടനം നടക്കാം. ഇതില്‍ സൂക്ഷ്മ ജീവികള്‍ നിയന്ത്രിതമായി ജൈവ മാലിന്യങ്ങളെ അനെയറോബിക് ഡൈജഷന്‍ എന്ന പ്രക്രിയയിലൂടെ വിഘടിപ്പിക്കുകയും ഇതിന്‍റെ ഫലമായി കാര്‍ബണ്‍ ഡയോക്സൈഡ്, മീഥേന്‍ വാതകങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു. ഈ പ്രവര്‍ത്തനമാണ് ബയോമെത്തനേഷന്‍, ഇതിന്‍റെ ഫലമായാണ് ബയോഗ്യാസ് ഉണ്ടാവുന്നത്.

ജൈവ മാലിന്യം തരംതിരിക്കലും സംസ്കരണവും- ഉറവിടത്തില്‍
മേല്‍പ്പറഞ്ഞ തരത്തില്‍ ജൈവ മാലിന്യങ്ങളുടെ സ്വാഭാവികമായ വിഘടനം സംഭവിക്കണമെങ്കില്‍ ഏറ്റവും ആദ്യം ചെയ്യേണ്ടത് അവയെ ഉല്‍പാദിപ്പിക്കപ്പെടുന്ന സ്ഥലത്തു വച്ച് തന്നെ തരംതിരിക്കുക എന്നതാണ്. മാലിന്യം ഉല്പാദിപ്പിക്കുന്ന ഏതൊരാളിന്‍റെയും ഉത്തരവാദിത്തമാണ് ഉറവിടത്തില്‍ത്തന്നെ അവയെ തരംതിരിക്കുക എന്നത്. ഇത്തരത്തില്‍ തരംതിരിച്ചവയെ സ്ഥല ലഭ്യതയനുസരിച്ച് ഉറവിടത്തില്‍ തന്നെ സംസ്കരിക്കാവുന്നതാണ്. അതല്ലെങ്കില്‍ തരംതിരിച്ചവയെ ശേഖരിച്ച് തദ്ദേശസ്വയംഭരണ സ്ഥാപന തലത്തില്‍ സംസ്കരണം നടത്താം. ഇത്തരത്തില്‍ ഉറവിടത്തില്‍ തരംതിരിക്കല്‍ നടന്നില്ല എങ്കില്‍ മാലിന്യപരിപാലന സംവിധാനങ്ങള്‍ ഒന്നും തന്നെ നിലനില്‍ക്കുകയില്ല, ഈ രംഗത്ത് സുസ്ഥിരത കൈവരിക്കാനുമാവില്ല.

ജൈവമാലിന്യ പരിപാലനം- ഗാര്‍ഹിക തലത്തില്‍:
ഗാര്‍ഹികതലത്തിലുള്ള ഉറവിടമാലിന്യ സംസ്കരണമാണ് സുസ്ഥിരവും വിജയകരവുമായ ജൈവമാലിന്യ പരിപാലന പ്രവര്‍ത്തനം. വിവിധതരം സാങ്കേതിക വിദ്യകള്‍ ഇന്ന് ഗാര്‍ഹിക തല ജൈവമാലിന്യ പരിപാലനത്തിനായി ലഭ്യമാണ്. പിറ്റ് കമ്പോസ്റ്റിങ്, സിംഗിള്‍ പോട്ട് കമ്പോസ്റ്റിങ്, ട്രൈ പോട്ട് കമ്പോസ്റ്റിങ്, കിച്ചന്‍ ബിന്‍, ബക്കറ്റ് കമ്പോസ്റ്റിങ്, റിങ് കമ്പോസ്റ്റിങ്, പൈപ്പ് കമ്പോസ്റ്റിങ് തുടങ്ങിയവ വിജയകരമായി നടപ്പിലാക്കാന്‍ സാധിക്കുന്നവയാണ്. പ്രാദേശിക പ്രത്യേകതകള്‍, സ്ഥല ലഭ്യത, ഉല്പാദിപ്പിക്കപ്പെടുന്ന മാലിന്യത്തിന്‍റെ അളവ്, എന്നിവയെ അടിസ്ഥാനപ്പെടുത്തിയാണ് ഇവ തിരഞ്ഞെടുക്കുന്നത്.

ജൈവ മാലിന്യ പരിപാലനം- കമ്മ്യൂണിറ്റി/ സ്ഥാപന തലത്തില്‍:
പരിമിതമായ സ്ഥലലഭ്യത ഉണ്ടാകുമ്പോഴാണ് ഗാര്‍ഹിക തലത്തില്‍ ജൈവ മാലിന്യ പരിപാലനം നടത്താന്‍ സാധിക്കാതെ വരുന്നത്. ഈ സാഹചര്യത്തില്‍, ഉറവിടത്തില്‍ തരംതിരിച്ച ജൈവ മാലിന്യങ്ങള്‍ ശേഖരിച്ചു കമ്മ്യൂണിറ്റി തലത്തില്‍ സംസ്കരണം നടത്തുന്നു. സ്ഥാപനങ്ങളിലും ഓഫീസില്‍ സമുച്ചയങ്ങളിലും ഈ രീതി പിന്തുടരാന്‍ സാധിക്കും. പിറ്റ് കമ്പോസ്റ്റിങ്, പൈല്‍ കമ്പോസ്റ്റിങ്, വിന്‍ഡ്രോ, ഡ്രം, വെര്‍മി കമ്പോസ്റ്റിങ് തുടങ്ങിയ സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തി ജൈവമാലിന്യ സംസ്കരണം നടത്താവുന്നതാണ്.

കമ്പോസ്റ്റിങ്/ബയോമെത്തനേഷന്‍ ചെയ്യുന്നതുകൊണ്ട് എന്തെല്ലാം പ്രയോജനങ്ങളുണ്ട്?
1. ശരിയായ രീതിയില്‍ ജൈവമാലിന്യങ്ങള്‍ ഉറവിടത്തില്‍ തരംതിരിച്ച് ജൈവ വിഘടനത്തിനു വിധേയമാക്കുന്നതിലൂടെ പുതിയൊരു ഉല്പന്നമാണ് ഉണ്ടാകുന്നത്. ഇത് സര്‍ക്കുലര്‍ എക്കണോമിയെ പ്രോത്സാഹിപ്പിക്കുന്നു.
2. ജൈവ മാലിന്യങ്ങളെ ഏതെങ്കിലും സ്ഥലങ്ങളില്‍ വലിച്ചെറിയാതെ നിയന്ത്രിതമായ സ്വാഭാവിക ജൈവ വിഘടനം നടക്കുമ്പോള്‍ ഹരിതഗൃഹ വാതകങ്ങളുടെ ഉത്സര്‍ജനം കുറയ്ക്കാന്‍ സഹായകമാകും.
3. ഉല്പാദിപ്പിക്കപ്പെടുന്ന ജൈവ വളം മണ്ണിലേക്ക് തന്നെ എത്തുമ്പോള്‍ മണ്ണിന്‍റെ സ്വാഭാവിക ഫലഭൂയിഷ്ഠതയും വര്‍ധിക്കുന്നു, മണ്ണില്‍ നിന്നും എടുത്ത ഘടകങ്ങളെ തിരിച്ച് മണ്ണിലേക്ക് നല്‍കാനും സാധിക്കുന്നു.
4. ഉല്പാദന ക്ഷമതയുള്ളതും, ആരോഗ്യമുള്ളതുമായ മണ്ണ് നിര്‍മിക്കുന്നതിനും പുനഃസ്ഥാപിക്കുന്നതിനും ഇതിലൂടെ സാധിക്കുന്നു.
5. ബയോമെത്തനേഷന്‍ വഴിയുണ്ടാകുന്ന ബയോഗ്യാസ് നല്ലൊരു ഊര്‍ജ സ്രോതസ്സാണ്.

നിലവിലെ വെല്ലുവിളികളും അതുമൂലമുണ്ടാകുന്ന പ്രശ്നങ്ങളും
1. ജൈവമാലിന്യങ്ങള്‍ വലിച്ചെറിയുന്നത് വലിയൊരു വെല്ലുവിളിയാണ്. ഇവ ഒരു സ്ഥലത്തു തന്നെ വളരെ കൂടിയ അളവില്‍ കുന്നുകൂടുമ്പോള്‍ സ്വാഭാവികമായ ജൈവ വിഘടനം നടക്കാതെ വരുകയും അവ കൂടിക്കിടക്കുന്നത് രോഗം പരത്തുന്ന ജീവികള്‍ പെരുകാന്‍ കാരണമാവുകയും ചെയ്യും.
2. ഉല്പാദിപ്പിക്കപ്പെടുന്ന ജൈവ മാലിന്യം ഉറവിടത്തില്‍ തരംതിരിക്കാത്തതാണ് മറ്റൊരു വെല്ലുവിളി. ഉറവിടത്തില്‍ തരംതിരിക്കാതെ ജൈവ മാലിന്യങ്ങള്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞോ, കൂട്ടിക്കലര്‍ത്തിയോ വലിച്ചെറിയുകയാണെങ്കില്‍ അവിടെ ജൈവ വിഘടനം നടക്കാതെ വരുകയും, രണ്ടു മാലിന്യങ്ങളുടെയും ശാസ്ത്രീയമായ സംസ്കരണം സാധ്യമാകാതെ വരുകയും ചെയ്യും.
3. ജൈവമാലിന്യങ്ങള്‍ പൊതുസ്ഥലങ്ങളില്‍ കുന്നുകൂടുന്നത് അവയ്ക്കിടയില്‍ വായുവിന്‍റെ സാന്നിധ്യം ഇല്ലാതാക്കാനും, അതുമൂലം ഫെര്‍മെന്‍റഷന് (Fermentation), നിരോക്സീകരണം (Reduction) പ്രക്രിയകള്‍ നടന്ന് ആഗോള താപനശേഷി (Global Warming Potentia) കൂടിയ മീഥേന്‍ വാതക ഉത്സര്‍ജനത്തിന് കാരണമാവുകയും ചെയ്യും.
4. ഇത്തരത്തില്‍ ഉണ്ടാകുന്ന മീഥേന്‍ പെട്ടെന്നുതന്നെ കത്തുന്ന ഒരു വാതകം കൂടിയാണ്. മാത്രമല്ല, ജൈവവിഘടന പ്രവര്‍ത്തനങ്ങളുടെ ഫലമായി മാലിന്യക്കൂനയുടെ ഇടയില്‍ താപനില ഉയരുകയും ചെയ്യുന്നു. ഇത് പെട്ടെന്നുള്ള തീപിടുത്തത്തിന് കാരണമാകുന്നു.
5. ജൈവമാലിന്യം കൂടിക്കിടക്കുന്ന സ്ഥലങ്ങളില്‍ മഴ പെയ്യുകയോ മറ്റോ ചെയ്താല്‍ വിഷ രാസവസ്തുക്കള്‍ ഉള്‍പ്പെട്ട ലീച്ചേറ്റ് ഉണ്ടാവുകയും അത് സമീപത്തുള്ള ജലാശയങ്ങളെയും ഭൂഗര്‍ഭ ജലത്തെയും മലിനമാക്കും.
6. ഇത്തരം മാലിന്യക്കൂനകളില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുകയും ചെയ്യുന്നു.

അജൈവ മാലിന്യങ്ങള്‍ എങ്ങോട്ടേക്ക്?
വീടുകളിലും സ്ഥാപനങ്ങളിലും കടകളിലുമെല്ലാം ഉല്പാദിപ്പിക്കപ്പെടുന്ന പ്ലാസ്റ്റിക്, ഇ-മാലിന്യങ്ങള്‍, റബ്ബര്‍, തുണി, ചില്ല് തുടങ്ങിയ അജൈവ മാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ തരംതിരിച്ചു മാസംതോറും 50 അല്ലെങ്കില്‍ 100 രൂപ യൂസര്‍ഫീ നിരക്കില്‍ ഹരിതകര്‍മസേനയ്ക്ക് നല്‍കുന്ന സംവിധാനമാണ് നിലവിലുള്ളത്. ഇത്തരത്തില്‍ ശേഖരിച്ച അജൈവ പാഴ് വസ്തുക്കള്‍ വാര്‍ഡുകളിലെ മിനി എം സി എഫുകളിലേക്കും അവിടുന്ന് തദ്ദേശസ്വയംഭരണ സ്ഥാപന തല എം സി എഫിലേക്കും എത്തിക്കുന്നു. ലഭിച്ച പാഴ് വസ്തുക്കളെ പിന്നെയും തരംതിരിച്ച് ബന്ധപ്പെട്ട ഏജന്‍സികള്‍ക്ക് നല്‍കുകയോ, ബ്ലോക്ക് തല ആര്‍ ആര്‍ എഫുകളിലേക്ക് എത്തിക്കുകയോ ചെയ്യുന്നു. ഇത്തരത്തില്‍ എത്തിച്ചവയെ ആര്‍ ആര്‍ എഫില്‍ വച്ച് ബെയില്‍ ചെയ്ത് റീസൈക്ലിങ്ങിനായി നല്‍കുന്നു, പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പൊടിച്ച് റോഡ് നിര്‍മാണത്തിനോ സിമന്‍റ് ഫാക്ടറികളിലേക്കോ നല്‍കുന്നു.

ഇത്തരത്തില്‍ അജൈവ മാലിന്യങ്ങളുടെ ശാസ്ത്രീയ പരിപാലനം സാധ്യമായില്ലെങ്കിലോ?
അജൈവ മാലിന്യങ്ങള്‍ ഹരിതകര്‍മസേനക്ക് കൈമാറാതെ പൊതുസ്ഥലങ്ങളിലേക്ക് വലിച്ചെറിയുന്നത് പരിസ്ഥിതിക്ക് വലിയ ആഘാതമാണ് ഉണ്ടാക്കുന്നത്. വര്‍ഷങ്ങളോളം ഇവ മണ്ണില്‍ തന്നെ കിടക്കുകയും കാലാകാലങ്ങളില്‍ ഇവ പൊടിഞ്ഞു മൈക്രോ പ്ലാസ്റ്റിക് രൂപത്തിലാവുകയും, മണ്ണ്, ജലം, വായു എന്നിവയെ മലിനമാക്കുകയും ചെയ്യും. ഇവയെ ജലാശയങ്ങളിലേക്ക് വലിച്ചെറിയുമ്പോഴും മൈക്രോ പ്ലാസ്റ്റിക് മലിനീകരണം ഉണ്ടാവുകയും, ജലാശയങ്ങളുടെ സ്വാഭാവിക നീരൊഴുക്ക് തടയുകയും, മഴക്കാലത്ത് വെള്ളപ്പൊക്കം ഉണ്ടാവുകയുമൊക്കെ ചെയ്യുന്നത്. അജൈവ മാലിന്യങ്ങള്‍ കത്തിക്കുന്നതുമൂലം ഡയോക്സിന്‍, ഫുറാന്‍, മെര്‍ക്കുറി, പോളി ക്ലോറിനേറ്റഡ് ബൈഫിനൈല്‍സ് (PCBs) തുടങ്ങിയ മാരകമായ വിഷവാതകങ്ങളാണ് പുറന്തള്ളപ്പെടുന്നത്. കാന്‍സര്‍, ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ തുടങ്ങിയവയാണ് ഇതിന്‍റെ അനന്തരഫലങ്ങള്‍. എന്നാല്‍ ഇ പി ആര്‍ (Extended Producer Responsibilit) ഫലപ്രദമായി കേരളത്തില്‍ നടപ്പിലാക്കാന്‍ തുടങ്ങിയിട്ടില്ല. അതിനുള്ള നടപടികള്‍ സര്‍ക്കാരിന്‍റെ ഭാഗത്തു നിന്നും ഉണ്ടാകുക എന്നതും അത്യാവശ്യമാണ്.

പ്രത്യേകമായുള്ള മാലിന്യങ്ങള്‍
സാനിറ്ററി മാലിന്യങ്ങള്‍ : നിലവില്‍ സാനിറ്ററി മാലിന്യങ്ങള്‍ ശേഖരിച്ചു ശാസ്ത്രീയ സംസ്കരണം നടത്തുന്നത് കേന്ദ്രീകൃത സംവിധാനങ്ങളായ പാലക്കാടുള്ള ഇമേജും (IMAGE), എറണാകുളത്തെ കെയിലുമാണ് (KEIL). ഇതിനെയും വികേന്ദ്രീകൃത മാതൃകയില്‍ റീജിയണലായോ, ജില്ലാ അടിസ്ഥാനത്തിലോ ശേഖരണ സംസ്കരണ സംവിധാനത്തെപ്പറ്റി ആലോചിക്കേണ്ടി വരും. എന്നാല്‍ റീയൂസബിള്‍ മെന്‍സ്ട്രല്‍ കപ്പുകള്‍, ക്ലോത് പാഡുകള്‍ എന്നിവയിലൂടെ ഇത്തരം മാലിന്യങ്ങളുടെ അളവ് കുറയ്ക്കാനുള്ള ശ്രമം ഓരോരുത്തര്‍ക്കും നടത്താവുന്നതാണ്.

കണ്‍സ്ട്രക്ഷന്‍, ഡെമോളിഷന്‍ മാലിന്യങ്ങള്‍: ഇത്തരം മാലിന്യങ്ങള്‍ ശേഖരിച്ചു പുനരുപയോഗം ചെയ്യാവുന്ന തരത്തില്‍ മാറ്റിയെടുക്കാവുന്ന സാങ്കേതിക വിദ്യകള്‍ ഇന്ന് നിലവിലുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ഒരു സംഭരണ ശാല ഇതിനായി ഉണ്ടാക്കുകയാണ് വേണ്ടത്. സംഭരിച്ചു വച്ചാല്‍ മറ്റു മാലിന്യങ്ങള്‍ പോലെ എന്തെങ്കിലും പ്രശ്നമുണ്ടാക്കുന്നവയല്ല.പുതിയ നിര്‍മാണ ആവശ്യങ്ങള്‍ക്കായി ഇത്തരം മാലിന്യങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കും.

മാലിന്യം എന്നതല്ല, മനുഷ്യന് നേരിട്ട് ഉപയോഗമില്ലാത്ത വസ്തുക്കളെ നമുക്ക് ഉപയോഗമുള്ള വിഭവങ്ങളാക്കി മാറ്റുക എന്ന ആശയമാണ് ഇവിടെ നടപ്പിലാക്കുന്നത്. അതിനാല്‍ വിഭവ വിനിയോഗം എന്ന തരത്തിലേക്ക് ഇതിനെ നാം പുനര്‍നാമകരണം ചെയ്യണം.

വൃത്തിയുള്ള, വലിച്ചെറിയല്‍മുക്ത കേരളത്തിലേക്ക്..
വൃത്തിയുള്ള കേരളം എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി നവകേരളം കര്‍മപദ്ധതിയുടെ ഭാഗമായി വിപുലമായ പ്രവര്‍ത്തനങ്ങളാണ് തദ്ദേശ സ്വയമഭരണ സ്ഥാപനങ്ങളില്‍ നടന്നു വരുന്നത്. ഗാര്‍ഹിക, സ്ഥാപന, പൊതു തലങ്ങളില്‍ രൂപപ്പെടുന്ന ഖര മാലിന്യങ്ങള്‍ തരംതിരിച്ചു സംസ്കരിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയും, ജനങ്ങളില്‍ ഇതിനെപ്പറ്റിയുള്ള അവബോധം സൃഷ്ടിച്ചുമാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ലക്ഷ്യം കൈവരിക്കാന്‍ ശ്രമിക്കുന്നത്. ജൈവമാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ ശാസ്ത്രീയമായി സംസ്കരിച്ചും അജൈവമാലിന്യങ്ങള്‍ വൃത്തിയാക്കി തരംതിരിച്ചു വാതില്‍പ്പടി ശേഖരണം നടത്തിയും ശാസ്ത്രീയ പരിപാലനത്തിന് കൈമാറുന്നു. ഈ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമാക്കുന്നതിനു അനുയോജ്യമായ അടിസ്ഥാന സൗകര്യങ്ങളും സേവന സംവിധാനവും ഒരുക്കുന്നതിനും, ജനങ്ങളെയെല്ലാം ഈ സംവിധാനത്തിനുള്ളിലേക്ക് കൊണ്ടുവരുന്നതിനുമാണ് സംസ്ഥാന സര്‍ക്കാര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട് നിര്‍ദ്ദേശിച്ചിട്ടുള്ളത്.

ഈ സാഹചര്യത്തില്‍ നിലവിലുള്ള വെല്ലുവിളികളെയെല്ലാം നേരിട്ട് മുന്നോട്ടു പോകാനാണ് ഹരിതകേരളം മിഷന്‍റെ നേതൃത്വത്തില്‍ “നവകേരളം: വൃത്തിയുള്ള കേരളം- വലിച്ചെറിയല്‍ മുക്ത കേരളം” എന്ന ജനകീയ ക്യാമ്പയിന് സര്‍ക്കാര്‍ തുടക്കംകുറിച്ചിട്ടുള്ളത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ വൃത്തിയുള്ള കേരളം എന്ന ലക്ഷ്യത്തിലെത്തുവാനായി തുടര്‍ന്നുള്ള ദിവസങ്ങളില്‍ മാലിന്യ രഹിത തെരുവുകള്‍, മാലിന്യ രഹിത പൊതു സ്ഥാപനങ്ങള്‍, സീറോ വേസ്റ്റ് വാര്‍ഡുകള്‍, മാലിന്യ രഹിത പഞ്ചായത്ത്/ നഗരസഭകള്‍, മാലിന്യ രഹിത അസംബ്ലി മണ്ഡലങ്ങള്‍, മാലിന്യ രഹിത ജില്ല തുടങ്ങിയവ സൃഷ്ടിക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കും. ഇതിനു പുറമെ, പ്രകൃതി സൗഹൃദ ബദല്‍ ഉത്പന്നങ്ങളുടെ വ്യാപനം, അപ്സൈക്ലിങ് പരിശീലനങ്ങള്‍, റിപ്പയറിങ് ക്യാമ്പുകള്‍, കൈമാറ്റ കടകള്‍ എന്നിവ സംഘടിപ്പിക്കല്‍, നിയമ നടപടികള്‍ ശക്തിപ്പെടുത്തല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളും ക്യാമ്പയിനിന്‍റെ ഭാഗമായി നടന്നു വരുന്നു.

തെറ്റായ മാലിന്യ സംസ്കരണം- നിയമനടപടികളിലേക്ക്
മാലിന്യത്തില്‍ നിന്ന് പുതിയൊരു ഉത്പന്നം നിര്‍മിക്കുക, ജൈവ, അജൈവ മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞും കത്തിച്ചും മണ്ണ്, ജലം, വായു എന്നിവ മലിനപ്പെടാതിരിക്കുക, കാലാവസ്ഥ വ്യതിയാനത്തിന് കാരണമാകുന്ന മീഥേന്‍, കാര്‍ബണ്‍ ഡയോക്സൈഡ് തുടങ്ങിയ വാതകങ്ങളുടെ ഉത്സര്‍ജനം കുറയ്ക്കുക, ആളുകളില്‍ മാലിന്യ സംസ്കരണത്തില്‍ വേണ്ടത്ര അവബോധം സൃഷ്ടിച്ച് അവരെയും ഇതിന്‍റെ ഭാഗമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടുകൂടിയാണ് പരിസ്ഥിതി സംരക്ഷണ നിയമത്തിന്‍റെ അടിസ്ഥാനത്തില്‍ വിവിധ ചട്ടങ്ങള്‍ തയ്യാറാക്കിയിട്ടുള്ളത്.

എന്നാല്‍ തെറ്റായി മാലിന്യം കൈകാര്യം ചെയ്യുന്നവര്‍ക്കെതിരെ സ്വീകരിക്കേണ്ട നിയമനടപടികളിലാണ് നമ്മള്‍ പിന്നില്‍ നില്കുന്നത്. കേരളത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ റെഗുലേറ്ററി ചുമതല നിര്‍വഹിക്കുന്നതില്‍ വേണ്ടത്ര ഗൗരവം കാണിക്കുന്നില്ല എന്നതാണ് നമ്മള്‍ കാണുന്ന ഒരു വലിയ കുറവ്. അതില്‍ നിന്ന് മാറിയേ പറ്റൂ. നിയമനടപടി സ്വീകരിക്കാനുള്ള ഉത്തരവാദിത്തം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഏറ്റെടുക്കുകയും വേണം. പൊതുജനങ്ങള്‍ക്കും ഇത്തരം തെറ്റായ മാലിന്യ സംസ്കരണ പ്രവൃത്തികള്‍ റിപ്പോര്‍ട്ടുചെയ്യുന്നതിനുള്ള സൗകര്യം ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് ആപ്പ് വഴി ലഭ്യമാക്കിയിട്ടുണ്ട്. റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പരാതികള്‍ ബന്ധപ്പെട്ടവരിലേക്ക് എത്തിച്ച് പരിഹാര നടപടികള്‍ സ്വീകരിക്കുകയും ചെയ്യാന്‍ സാധിക്കും.

വൃത്തിയുള്ള, വലിച്ചെറിയല്‍മുക്ത കേരളത്തിനായി നമുക്ക് ഒന്നിച്ചു മുന്നേറാം. ♦

 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

13 − 5 =

Most Popular