Thursday, April 25, 2024

ad

Homeഇവർ നയിച്ചവർസി കണ്ണന്‍: തൊഴിലാളി സമരങ്ങളുടെ നായകന്‍

സി കണ്ണന്‍: തൊഴിലാളി സമരങ്ങളുടെ നായകന്‍

ഗിരീഷ് ചേനപ്പാടി

വിശേഷണങ്ങള്‍ക്കെല്ലാം അപ്പുറത്തുള്ള മഹാവ്യക്തിത്വമാണ് തൊഴിലാളി സമരനായകനും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ ഉജ്വല നേതാവുമായ സി കണ്ണന്‍റേത്. സി എന്ന ഏകാക്ഷരത്തില്‍ അറിയപ്പെടുന്ന അദ്ദേഹത്തിന്‍റെ എട്ട് പതിറ്റാണ്ടിലേറെ നീണ്ട പൊതുപ്രവര്‍ത്തനം സമാനതകളില്ലാത്ത ത്യാഗത്തിന്‍റെയും അടിയുറച്ച ആദര്‍ശനിഷ്ഠയുടേതുമായിരുന്നു.

1910 ഒക്ടോബറില്‍ കണ്ണൂരിന് സമീപം കണ്ണൂക്കരയിലാണ് സി കണ്ണന്‍റെ ജനനം. കിഴക്കയില്‍ രാമന്‍റെയും മാതു അമ്മയുടെയും ഒമ്പതു മക്കളില്‍ ഏഴാമനായി ജനിച്ച അദ്ദേഹത്തിന് വീട്ടിലെ ദാരിദ്ര്യംമൂലം കുട്ടിക്കാലത്തുതന്നെ പഠനം ഉപേക്ഷിക്കേണ്ടിവന്നു. 11-ാം വയസ്സില്‍ ബീഡി കമ്പനിയില്‍ തൊഴിലാളിയാകാന്‍ അദ്ദേഹം നിര്‍ബന്ധിതനായി.

സ്വാതന്ത്ര്യസമര പോരാട്ടത്തിലും അതിന്‍റെ ഭാഗമായ നിസ്സഹകരണ പ്രസ്ഥാനത്തിലും ആവേശംകൊണ്ട സി 18-ാം വയസ്സുമുതല്‍ ഖദര്‍ വസ്ത്രം ധരിച്ചുതുടങ്ങി. 1928ല്‍ പയ്യന്നൂരില്‍ ചേര്‍ന്ന കോണ്‍ഗ്രസ്സ് സമ്മേളനം യുവ വിപ്ലവകാരികളെയൊന്നാകെ ആവേശം കൊള്ളിക്കുന്നതായിരുന്നു. ഗാന്ധിജിയുടെ ഉത്ബോധനങ്ങളും ഉപ്പുസത്യാഗ്രഹം ഉള്‍പ്പെടെയുള്ള സമരമുന്നേറ്റങ്ങളും സി കണ്ണന്‍ എന്ന യുവാവിനെ ആഴത്തില്‍ സ്പര്‍ശിച്ചു.

1931 മാര്‍ച്ച് 23ന് ഭഗത്സിങ്, സുഖ്ദേവ്, രാജ്ഗുരു എന്നീ ധീരവിപ്ലവകാരികളെ ബ്രിട്ടീഷ് ഭരണാധികാരികള്‍ തൂക്കിലേറ്റിയ സംഭവം സിയുടെ ജീവിതത്തെ അടിമുടി മാറ്റിമറിച്ചതായി അദ്ദേഹത്തിന്‍റെ സമകാലികരും സഹപ്രവര്‍ത്തകരും രേഖപ്പെടുത്തിയിട്ടുണ്ട്. ഈ സംഭവത്തിനുശേഷം അടിമുടി സ്വാതന്ത്ര്യസമര സേനാനിയും പൊതുപ്രവര്‍ത്തകനുമായി സി പരുവപ്പെട്ടു കഴിഞ്ഞിരുന്നു. മദ്യനിരോധനത്തിനുവേണ്ടിയും ജനങ്ങളിലെ മദ്യപാന ശീലനത്തിനെതിരെയും കോണ്‍ഗ്രസ് പാര്‍ടി നിരന്തരം പോരാടുന്ന സമയമായിരുന്നു അത്. എ കെ ജി, കെ പി ഗോപാലന്‍ തുടങ്ങിയവരോടൊപ്പം കള്ളുഷാപ്പ് പിക്കറ്റിങ്ങില്‍ സി ആവേശത്തോടെ പങ്കെടുത്തു. സര്‍ദാര്‍ ചന്ത്രോത്തിന്‍റെ നേതൃത്വത്തില്‍ നടന്ന വളന്‍റിയര്‍ പരിശീലനത്തിലും അദ്ദേഹം പങ്കാളിയായി. 1934ലെ ഗാന്ധിജിയുടെ മലബാര്‍ സന്ദര്‍ശനത്തിന് മുന്നോടിയായി വളന്‍റിയര്‍ സേന രൂപീകരിക്കപ്പെട്ടു. കോത്തേരി മാധവന്‍ ക്യാപ്റ്റനായി രൂപീകരിക്കപ്പെട്ട ആ സേനയില്‍ സി സജീവമായി പ്രവര്‍ത്തിച്ചു. അയിത്തത്തിനെതിരെ ഗാന്ധിജിയുടെ നേതൃത്വത്തില്‍ വന്‍ ബഹുജന ക്യാമ്പയിന്‍ നടക്കുന്ന സമയമായിരുന്നു അത്. അയിത്തത്തിനെതിരെ അതിശക്തമായി പ്രവര്‍ത്തിച്ചവരുടെ മുന്‍നിരയില്‍ സിയുമുണ്ടായിരുന്നു.

1932 മുതല്‍ പൊതുജനസേവാസംഘം, വായനശാല പ്രസ്ഥാനം എന്നിവയുടെയും സജീവ പ്രവര്‍ത്തകനായി മാറി. ഗ്രാമീണജനതയെ സാംസ്കാരികമായി ഉത്തേജിപ്പിക്കാനും വായനാശീലം വളര്‍ത്തിയെടുക്കാനും അതുല്യമായ സംഭാവന ചെയ്ത പ്രസ്ഥാനമായിരുന്നല്ലോ വായനശാല പ്രസ്ഥാനം.

1934ല്‍ ലക്ഷ്മി ബീഡി കമ്പനിയിലെ തൊഴിലാളിയായതോടെ സി ട്രേഡ് യൂണിയന്‍ രംഗത്ത് സജീവമായി. ബീഡിത്തൊഴിലാളികള്‍ ക്രൂരമായ ചൂഷണം നേരിടുന്ന സമയമായിരുന്നു അത്. ആ വര്‍ഷംതന്നെ കൂലിക്കൂടുതല്‍ ആവശ്യപ്പെട്ട് ലക്ഷ്മി ബീഡി കമ്പനിയിലെ തൊഴിലാളികള്‍ സി കണ്ണന്‍റെ നേതൃത്വത്തില്‍ പണിമുടക്കു നടത്തി. സി കണ്ണന്‍ എന്ന തൊഴിലാളി സമരനായകന്‍റെ ഉദയമായിരുന്നു ആ പ്രക്ഷോഭം. തുടര്‍ന്ന് സി ജോലിയുപേക്ഷിച്ച് മുഴുവന്‍സമയ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകനായി മാറി.

കണ്ണൂരില്‍ 1934 ആഗസ്തില്‍ ആദ്യമായി രൂപികരിക്കപ്പെട്ട ബീഡിത്തൊഴിലാളി യൂണിയന്‍ ജോയിന്‍റ് സെക്രട്ടറിയായി സിയെന്ന 24 കാരനെ തിരഞ്ഞെടുത്തു. പോത്തേരി മാധവനായിരുന്നു യൂണിയന്‍ പ്രസിഡന്‍റ്, കോട്ടായി കൃഷ്ണന്‍ സെക്രട്ടറിയും. അപ്പോഴേക്കും ചൊവ്വ, ചിറയ്ക്കല്‍, അഴീക്കോട്, കക്കാട്, അലവില്‍, പള്ളിക്കുന്ന് എന്നിവിടങ്ങളില്‍ നെയ്ത്തുതൊഴിലാളികള്‍ സി കണ്ണന്‍റെയും മറ്റും നേതൃത്വത്തില്‍ സംഘടിച്ചു. ക്രമേണ സി നെയ്ത്തുതൊഴിലാളികളുടെ അനിഷേധ്യ നേതാവായി മാറി.

കോണ്‍ഗ്രസിനുള്ളിലെ ഇടതുപക്ഷ നിലപാടുകാരായിരുന്നല്ലോ 1934ല്‍ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടി രൂപീകരിച്ചത്. ഇഎംഎസും എകെജിയും പി കൃഷ്ണപിള്ളയും ഉള്‍പ്പെടെയുള്ളവര്‍ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടിക്കാരായി മാറി. സിയെപ്പോലെയുള്ള ഉശിരന്‍ പ്രവര്‍ത്തകരും ആ പാര്‍ടിയുടെ ഭാഗമായി മാറി. കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടിയുടെ സജീവ പ്രവര്‍ത്തകനായി മാറിയപ്പോഴും സി ട്രേഡ് യൂണിയന്‍ രംഗത്തും മികച്ച സംഘാടകനും പ്രവര്‍ത്തകനുമായി ശ്രദ്ധ കേന്ദ്രീകരിച്ചു.

1937 ആഗസ്തില്‍ നടന്ന ബീഡിത്തൊഴിലാളി യൂണിയന്‍റെ മൂന്നാം വാര്‍ഷികസമ്മേളനത്തില്‍ സി പ്രധാന ഭാരവാഹിയായി തിരഞ്ഞെടുക്കപ്പെട്ടു. അതോടെ അദ്ദേഹം നേതൃരംഗത്തെ സജീവ സാന്നിധ്യമായി മാറി. 1937 ഡിസംബര്‍ 6 മുതല്‍ കൂലിക്കൂടുതല്‍ ആവശ്യപ്പെട്ട് ബീഡിത്തൊഴിലാളികള്‍ നടത്തിയ പണിമുടക്കിന് നേതൃത്വം നല്‍കിയത് സി കണ്ണനായിരുന്നു. 36 ദിവസം നീണ്ടുനിന്ന ആ പണിമുടക്ക് തൊഴിലാളികള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ മിക്കതും അംഗീകരിക്കാന്‍ മാനേജ്മെന്‍റിനെ നിര്‍ബന്ധിതമാക്കി. മലബാറിലെ ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിന്‍റെ ചരിത്രത്തിലെ നാഴികക്കല്ലായാണ് ഈ സമരം അടയാളപ്പെടുത്തപ്പെടുന്നത്. മറ്റു പല മേഖലകളിലേക്കും ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന് ഈ സമരം വഹിച്ച പങ്ക് വളരെ വലുതാണ്. 1939 ഡിസംബറില്‍ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടിയൊന്നാകെ കമ്യൂണിസ്റ്റ് പാര്‍ടിയായി മാറി. പിണറായി പാറപ്രത്ത് നടന്ന ഐതിഹാസികമായ ആ സമ്മേളനത്തില്‍ സി പങ്കെടുക്കേണ്ട വ്യക്തിയായിരുന്നു. എന്നാല്‍, 1939 ഡിസംബറില്‍ പൊന്നാനിയിലെ ബീഡിത്തൊഴിലാളികള്‍ നടത്തിയ പണിമുടക്കിനെ സഹായിക്കാന്‍ സി നിയോപിക്കപ്പെട്ടു. കെ ദാമോദരന്‍റെ നിദ്ദേശപ്രകാരം സി പൊന്നാനിയിലെത്തി. സമരസഖാക്കളെ സഹായിക്കവെ സിയും കെ ദാമോദരനും ഉള്‍പ്പെടെ 14 പേര്‍ അറസ്റ്റു ചെയ്യപ്പെട്ടു. രണ്ടുമാസക്കാലത്തെ റിമാന്‍റിനുശേഷം 14 മാസത്തെ തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ടു. ആദ്യം കോയമ്പത്തൂര്‍ ജയിലിലും പിന്നീട് ആന്ധ്രയിലെ രാജമുന്ധ്രി ജയിലിലും അദ്ദേഹത്തെ അടച്ചു. 1941 ജനുവരിയില്‍ ജയില്‍മോചിതനായി.

1941 ജൂണ്‍ 22ന് ഹിറ്റ്ലര്‍ റഷ്യയെ ആക്രമിച്ചതോടെ കമ്യൂണിസ്റ്റ് പാര്‍ടി ജനകീയയുദ്ധം പ്രഖ്യാപിച്ചു. തൊട്ടടുത്ത ദിവസംതന്നെ പാര്‍ടിയുടെ പ്രധാന നേതാക്കളെല്ലാം ജയിലിലടയ്ക്കപ്പെട്ടു. വെല്ലൂര്‍ സെന്‍ട്രല്‍ ജയിലിലാണ് സിയെ പാര്‍പ്പിച്ചത്.

1941 സെപ്തംബര്‍ 26ന് എകെജിയോടൊപ്പം സി വെല്ലൂര്‍ ജയില്‍ ചാടി. ചരിത്രപ്രസിദ്ധമായ ആ ജയില്‍ചാട്ടത്തിനുശേഷം ഒരുവര്‍ഷക്കാലത്തോളം സി ഒളിവില്‍ പ്രവര്‍ത്തിച്ചു. 1942 ആഗസ്ത് 14നു അദ്ദേഹം വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ടു. ജയില്‍ ചാടിയതിന് സിക്ക് കോടതി ആറുമാസത്തെ തടവുശിക്ഷ വിധിച്ചു. ആദ്യം ബെല്ലാരിയിലെ ആലിപ്പൂര്‍ ജയിലിലാണ് പാര്‍പ്പിച്ചത്. തുടര്‍ന്ന് നെല്ലൂര്‍, തഞ്ചാവൂര്‍, രാജമുന്‍ന്ധ്രി എന്നീ ജയിലുകളിലേക്ക് അദ്ദേഹത്തെ മാറ്റി.

1944ല്‍ ജയിലില്‍നിന്ന് മോചിപ്പിക്കപ്പെട്ട സി കമ്യൂണിസ്റ്റ് പാര്‍ടിയും ട്രേഡ് യൂണിയനുകളും കെട്ടിപ്പടുക്കുന്നതില്‍ രാപകല്‍ വ്യത്യാസമില്ലാതെ പ്രവര്‍ത്തിച്ചു. പി കൃഷ്ണപിള്ളയുടെ നിര്‍ദ്ദേശമനുസരിച്ച് പാപ്പിനിശ്ശേരിയിലെ ആറോണ്‍ മില്‍ തൊഴിലാളികളെ സംഘടിപ്പിക്കുന്നതില്‍ സി മുന്നിട്ടു പ്രവര്‍ത്തിച്ചു. യൂണിയന്‍ പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ടത് സി ആയിരുന്നു. പി കൃഷ്ണപിള്ളയുടെ വീരോചിത നേതൃത്വത്തിന്‍കീഴില്‍ നടന്ന ആറോണ്‍ മില്‍ സമരം വിജയിപ്പിക്കുന്നതില്‍ സിയുടെ പങ്ക് നിര്‍ണായകമായിരുന്നു.

1946ല്‍ മദ്രാസിലെ ടി. പ്രകാശം ഗവണ്‍മെന്‍റ് കമ്യൂണിസ്റ്റുകാരെ കൂട്ടത്തോടെ ജയിലിലടയ്ക്കാന്‍ തീരുമാനിച്ചു. പൊലീസിനെ വെട്ടിച്ച് സി മംഗലാപുരത്തേക്ക് കടന്നു. എന്‍ സി ശേഖറോടൊപ്പമാണ് ഈ സമയത്ത് സി പ്രവര്‍ത്തിച്ചത്. ഒളിവിലെ പ്രവര്‍ത്തനങ്ങള്‍ അവിടെയും തുടര്‍ന്നു.

സ്വാതന്ത്ര്യലബ്ധിക്കു മുമ്പായി 1947 ആഗസ്ത് 12ന് രാഷ്ട്രീയ തടവുകാരെ മുഴുവന്‍ വിട്ടയയ്ക്കാനും ഒളിവില്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കെതിരായി പുറപ്പെടുവിക്കപ്പെട്ട വാറണ്ടുകള്‍ പിന്‍വലിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. അതിനെത്തുടര്‍ന്ന് സി ഒളിവുജീവിതം അവസാനിപ്പിച്ചു പുറത്തുവന്നു.

1948ല്‍ കമ്യൂണിസ്റ്റ് പാര്‍ടിയെ രാജ്യത്തെ കോണ്‍ഗ്രസ് ഗവണ്‍മെന്‍റ് നിരോധിച്ചു. അതേത്തുടര്‍ന്ന് സമാനതകളില്ലാത്ത ഭീകരതാണ്ഡവമാടുകയായിരുന്നു പൊലീസും കോണ്‍ഗ്രസിലെ ക്രിമിനലുകളും ചേര്‍ന്ന്. അഴീക്കോടന്‍ രാഘവന്‍റെ തെക്കി ബസാറിലെ വീട്ടില്‍വെച്ച് മാര്‍ച്ച് 17ന് പൊലീസ് സിയെ അറസ്റ്റ് ചെയ്തു. കണ്ണൂര്‍ ജയിലിലും സേലം ജയിലിലും പാര്‍പ്പിച്ചശേഷം ആ വര്‍ഷം ഒക്ടോബറില്‍ വിട്ടയച്ചു.

ജയിലില്‍നിന്നു പുറത്തിറങ്ങിയ ഉടന്‍ ഒളിവില്‍ പോയ സി ആദ്യം ബാംഗ്ലൂരിലും പിന്നീട് മുംബൈയിലും ഒളിവുജീവിതം നയിച്ചശേഷം മൈസൂരിലെത്തി. 1949 ഏപ്രില്‍ ഒടുവില്‍ അവിടെനിന്ന് മറ്റ് ഒമ്പത് പേര്‍ക്കൊപ്പം സിയും അറസ്റ്റ് ചെയ്യപ്പെട്ടു. മെയ് ദിനാചരണത്തിനുള്ള ഒരുക്കം നടത്തുന്നതിനിടയിലാണ് അവര്‍ അറസ്റ്റ് ചെയ്യപ്പെട്ടത്. ആറുമാസം ശിക്ഷിക്കപ്പെട്ടു. മേല്‍കോടതിയില്‍ അപ്പീല്‍ നല്‍കിയെങ്കിലും വിധി വരുന്നതിനു മുമ്പുതന്നെ സി ഉള്‍പ്പെടെ അഞ്ചു തടവുകാരെ നാടുകടത്തി. ഇതിനിടയില്‍ 1946ല്‍ സിയുടെ നേതൃത്വത്തില്‍ നടന്ന ബീഡിത്തൊഴിലാളി സമരത്തിന്‍റെ പേരില്‍ രണ്ടുമാസം അദ്ദേഹത്തെ തളിപ്പറമ്പ് സബ് ജയിലില്‍ റിമാന്‍ഡ് ചെയ്തു. 1949ല്‍ ഈ കേസില്‍ ആറുമാസത്തെ തടവിനു ശിക്ഷിക്കപ്പെട്ടതിനെത്തുടര്‍ന്നാണ് സിയെ സേലം ജയിലിലടച്ചത്.

1950 ഫെബ്രുവരി 11ന് നടന്ന സേലം ജയില്‍ വെടിവെപ്പ് കമ്യൂണിസ്റ്റ് പാര്‍ടിയെ സംബന്ധിച്ചിടത്തോളം ചരിത്രത്തിലെ ഏറ്റവും കറുത്ത ദിനങ്ങളിലൊന്നാണ്. 22 ധീരവിപ്ലവകാരികളാണ് അന്നത്തെ വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. ആ വെടിവെപ്പില്‍ നെഞ്ചിലും തലയിലും ഗുരുതരമായി പരിക്കേറ്റ സി തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. നെഞ്ചിലെ വെടിച്ചീളുകള്‍ ദീര്‍ഘനേരത്തെ ശസ്ത്രക്രിയയ്ക്കുശേഷം നീക്കംചെയ്തെങ്കിലും തലയിലേറ്റ വെടിച്ചീളുകള്‍ നീക്കംചെയ്യാനാവുന്നതായിരുന്നില്ല. ജീവിതാവസാനംവരെ അതിന്‍റെ വേദനയുംപേറി സിയ്ക്ക് കഴിയേവണ്ടിവന്നു. 1951ല്‍ ശിക്ഷയുടെ കാലാവധി കഴിഞ്ഞെങ്കിലും ജയില്‍ കലാപത്തിന്‍റെ പേരില്‍ പ്രതിചേര്‍ക്കപ്പെട്ടതിനാല്‍ പുറത്തിറങ്ങാനായില്ല; ആ വര്‍ഷം മെയില്‍ കേസ് പിന്‍വലിക്കപ്പെട്ടതിനുശേഷമാണ് അദ്ദേഹത്തെ അധികാരികള്‍ വിട്ടയച്ചത്.

1952ല്‍ ആണല്ലോ ഇന്ത്യയില്‍ ആദ്യത്തെ പൊതുതിരഞ്ഞെടുപ്പു നടന്നത്. പാവങ്ങളുടെ പടത്തലവനായ എ കെ ജി ആയിരുന്നു കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തിലെ കമ്യൂണിസ്റ്റ് പാര്‍ടിയുടെ സ്ഥാനാര്‍ഥി. തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിയായി സി കണ്ണനെയാണ് പാര്‍ടി നിയോഗിച്ചത്. അദ്ദേഹത്തിന്‍റെ അതുല്യമായ സംഘടനാപാടവവും പ്രവര്‍ത്തിനമികവും പരിഗണിച്ചാണിത്. 1955 മുതല്‍ ദീര്‍ഘകാലം സി കണ്ണൂര്‍ മുനിസിപ്പല്‍ കൗണ്‍സിലറായി പ്രവര്‍ത്തിച്ചു.

1957ല്‍ കണ്ണൂര്‍ നിയമസഭാ മണ്ഡലത്തില്‍നിന്ന് ആദ്യ കേരള നിയമസഭയിലേക്ക് സി തിരഞ്ഞെടുക്കപ്പെട്ടു. തോട്ടിപ്പണിക്കാരെ സംഘടിപ്പിച്ചതിന്‍റെ പേരില്‍ “തോട്ടിക്കണ്ണന്‍” എന്നു വിളിച്ചാണ് എതിരാളികള്‍ അദ്ദേഹത്തെ ആക്ഷേപിച്ചത്. “തോട്ടിക്കണ്ണന് വോട്ടു കൊടുക്കരുത്” എന്ന് വ്യാപകമായി കോണ്‍ഗ്രസുകാര്‍ പ്രചരിപ്പിച്ചു. എന്നാല്‍ എതിരാളികളെ നിഷ്പ്രഭരാക്കിക്കൊണ്ട് സി കണ്ണന്‍ എന്ന തൊഴിലാളിനേതാവ് മികച്ച ഭൂരിപക്ഷത്തോടെ വിജയിച്ചു.

1964ലെ തിരഞ്ഞെടുപ്പില്‍ ജയിലില്‍ കിടന്നുകൊണ്ടാണ് സി എടക്കാട് നിയമസഭാ മണ്ഡലത്തില്‍നിന്ന് വന്‍ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ടത്. 1967ലെ തിരഞ്ഞെടുപ്പിലും അദ്ദേഹം നിയമസഭയില്‍ എടക്കാട് മണ്ഡലത്തെ പ്രതിനിധീകരിച്ചു.

കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ടി രൂപീകരിക്കപ്പെട്ട 1939 മുതല്‍ പാര്‍ടി അംഗമായ സി 1945-48 കാലത്ത് മാടായി ഫര്‍ക്ക സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. 1952ല്‍ മലബാര്‍ കമ്മിറ്റി അംഗമായി.

ഉജ്വല സംഘാടകനും തൊഴിലാളി സമരനായകനുമായിരുന്ന സി, സിഐടിയുവിന്‍റെ സ്ഥാപക സംസ്ഥാന പ്രസിഡന്‍റായിരുന്നു. 1970 മുതല്‍ മൂന്നു പതിറ്റാണ്ട് അദ്ദേഹം ആ സ്ഥാനത്ത് തുടര്‍ന്നു. ബീഡി ആന്‍റ് സിഗാര്‍ വര്‍ക്കേഴ്സ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്‍റ്, ടുബാക്കോ വര്‍ക്കേഴ്സ് യൂണിയന്‍ സംസ്ഥാന പ്രസിഡന്‍റ്, ബീഡി ആന്‍റ് സിഗാര്‍ വര്‍ക്കേഴ്സ് ഫെഡറേഷന്‍ അഖിലേന്ത്യാ പ്രസിഡന്‍റ് എന്നിങ്ങനെ നിരവധി യൂണിയനുകളുടെ ഭാവാഹിയായി അദ്ദേഹം പ്രവര്‍ത്തിച്ചു.

ആദര്‍ശശുദ്ധിയുടെയും ലാളിത്യത്തിന്‍റെയും പര്യായമായ സിയെക്കുറിച്ച് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഇങ്ങനെ രേഖപ്പെടുത്തുന്നു: “നിസ്വര്‍ക്കായി ജീവിച്ച സി സ്വയം നിസ്വനായിരിക്കാന്‍ എന്നും നിര്‍ബന്ധബുദ്ധി പുലര്‍ത്തിയിരുന്നു. ഒന്നുമില്ലായ്മയായിരുന്നു സിയുടെ ശക്തി. അവസാനനാളുകളില്‍ വന്നുചേര്‍ന്ന ചെലവുകള്‍ക്ക് വഴികാണാതെ വിഷമിക്കുമ്പോഴും ആരെയും ആശ്രയിക്കരുതെന്ന് അദ്ദേഹം ആഗ്രഹിച്ചു. രോഗബാധിതനായി ആശുപത്രിയില്‍ കഴിയുന്ന സമയത്ത്, വീട്ടില്‍ പ്രാഥമിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനും പാര്‍ടി നല്‍കിയ സഹായങ്ങള്‍ സിയുടെ മനസ്സിനെ വിഷമിപ്പിച്ചു.

“ഒരുദിവസം യൂണിയന്‍ ഓഫീസില്‍ പോയിവരാന്‍ 32 രൂപ ചെലവാകുന്നതിനാല്‍ താനിപ്പോള്‍ എല്ലാദിവസവും പോകാറില്ലെന്ന് സി ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇത് ശ്രദ്ധയിപെട്ടതിനെ തുടര്‍ന്ന് സിക്ക് പോയിവരാന്‍ വാഹനം അയയ്ക്കാന്‍ പാര്‍ടി ജില്ലാകമ്മിറ്റി തീരുമാനിച്ചു. സി സമ്മതിക്കില്ലെന്ന് അറിയാമായിരുന്നിട്ടും വീട്ടില്‍ചെന്ന് പ്രശ്നം സംസാരിച്ചു. ഏറെ നിര്‍ബന്ധിച്ചശേഷം യൂണിയന്‍ ഓഫീസില്‍ പോയിവരാന്‍ ഓട്ടോറിക്ഷയാകാമെന്ന് ഒരുവിധം അദ്ദേഹം സമ്മതിച്ചു. ഇതിന് പാര്‍ടി ഒരുപാട് പണം കൊടുക്കേണ്ടിവരില്ലേ എന്ന ആശങ്കയായിരുന്നു അദ്ദേഹത്തിന്. ഒരുദിവസം സി പാര്‍ടി ജില്ലാകമ്മിറ്റി ഓഫീസില്‍ വന്നു. എംഎല്‍എ പെന്‍ഷന്‍ കിട്ടിയ സംഖ്യയില്‍നിന്ന് ഒരുഭാഗം എന്നെ ഏല്‍പിക്കാനായിരുന്നു അത്. വളരെ പണിപ്പെട്ടാണ് പണം വാങ്ങാതെ സിയെ തിരിച്ചയച്ചത്. പാര്‍ടിക്കകത്ത് തെറ്റുതിരുത്തല്‍ പ്രക്രിയ കര്‍ശനമായി നടപ്പാക്കാന്‍ കേന്ദ്രസംസ്ഥാന കമ്മിറ്റികള്‍ നിഷ്കര്‍ഷിക്കുന്ന ഘട്ടമായിരുന്നു അത്. തന്‍റെ തുച്ഛമായ വരുമാനം ചെലവഴിക്കുന്നതില്‍പോലും പാര്‍ടി നിഷ്കര്‍ഷ പാലിക്കണമെന്ന് സിക്ക് നിര്‍ബന്ധമായിരുന്നു.”

(സി കണ്ണന്‍ സ്മരണിക)
2006 ഏപ്രില്‍ 15ന് തന്‍റെ 96-ാം വയസ്സില്‍ സി അന്തരിച്ചു. മരിക്കുമ്പോള്‍ സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗവും സിഐടിയു അഖിലേന്ത്യാ വൈസ് പ്രസിഡന്‍റുമായിരുന്നു. ♦

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

twenty + sixteen =

Most Popular