ചരിത്രത്തിലാദ്യമായി ബൊളീവിയ വൈദ്യുതി കയറ്റുമതി ചെയ്യുന്നു. എല്ലായിടത്തും വൈദ്യുതി എത്തിക്കുവാന്‍ യൂറോപ്പ് കഷ്ടപ്പെടുന്ന ഘട്ടത്തിലാണ് ബോളിവിയയുടെ ദേശസാത്കൃത വൈദ്യുതി കമ്പനിയായ ENDE അയല്‍രാജ്യമായ അര്‍ജന്‍റിനയ്ക്ക് 132 കെ വി വൈദ്യുതി നല്‍കുവാന്‍ പോകുന്നു എന്ന് ബൊളീവിയയുടെ ഊര്‍ജ്ജവകുപ്പ് മന്ത്രി ഫ്രാങ്ക്ലിന്‍ മൊളീന പ്രഖ്യാപിച്ചിരിക്കുന്നത്. ‘ഈ ബന്ധം നമ്മുടെ രാജ്യങ്ങള്‍ തമ്മിലുള്ള ഐക്യത്തിന്‍റെ നാഴികക്കല്ലായി അടയാളപ്പെടുത്തപ്പെടുകയും വൈദ്യുതോര്‍ജ്ജ കൈമാറ്റത്തിനുവേണ്ടി ഒരു മുഴുവന്‍ സംവിധാനം തന്നെ വികസിപ്പിക്കുന്നതിന് വഴിയൊരുക്കുകയും ചെയ്യും എന്ന് മോളീന പറഞ്ഞു. ഏപ്രില്‍ ആദ്യവാരം ബൊളീവിയ – അര്‍ജന്‍റീന അതിര്‍ത്തിയില്‍ വച്ച് ഇരു രാജ്യങ്ങളും ഒന്നിച്ച് നടത്തുന്ന ചടങ്ങില്‍ ബൊളീവിയയുടെ പ്രസിഡന്‍റ് ലൂയിസ് ആര്‍സും അര്‍ജന്‍റിനയുടെ പ്രസിഡന്‍റ് ആല്‍ബര്‍ട്ട് ഫെര്‍ണാണ്ടസും ഒന്നിച്ചുചേര്‍ന്ന് ഈ പദ്ധതി ഉദ്ഘാടനം ചെയ്യുമെന്നും മന്ത്രി പ്രഖ്യാപിക്കുകയുണ്ടായി. ലോകം ലിഥിയത്തിന്‍റെയും ഹൈഡ്രോകാര്‍ബണിന്‍റെയും പ്രതിസന്ധി നേരിടുന്ന ഈ കാലഘട്ടത്തില്‍ ആരാണ് വിജയം വരിക്കുക എന്നാണ് ഇത് നമുക്ക് കാണിച്ചു തരുന്നത്. പാശ്ചാത്യ വികസന മാതൃകയെ മറികടന്ന് പരമാധികാരം സ്ഥാപിക്കാന്‍ തയ്യാറാകുന്നവര്‍ക്കാണ് ഭാവി ഉണ്ടാകുക എന്ന് ബോളിവിയ തെളിയിക്കുന്നു.
റഷ്യക്കുമേല്‍ പാശ്ചാത്യ രാജ്യങ്ങള്‍ ചുമത്തിയിട്ടുള്ള ഉപരോധത്തിന്‍റെ ഫലമായി യൂറോപ്പിലാകെ വൈദ്യുതിയുടെ ഉപഭോക്തൃ വില 15 ഇരട്ടി വര്‍ദ്ധിച്ചിരിക്കുകയാണ്. അതേസമയം ബോളിവിയയാകട്ടെ, വിലയില്‍ യാതൊരു മാറ്റവും വരുത്താതെ ഉപഭോക്താക്കള്‍ക്ക് വൈദ്യുതി വിതരണം ചെയ്തുകൊണ്ട് രാജ്യത്തിന്‍റെ ആഭ്യന്തര ആവശ്യങ്ങള്‍ സഫലീകരിക്കുന്നു. ആ രാജ്യം ഇപ്പോള്‍ അതിന്‍റെ ആഭ്യന്തര ഉപഭോഗത്തിന് വേണ്ടിയുള്ള വൈദ്യുതി മാത്രമല്ല, മറിച്ച് ചരിത്രത്തിലാദ്യമായി പുറത്തേക്ക് കയറ്റുമതി ചെയ്യാന്‍ മതിയായ വൈദ്യുതി ഉല്പാദിപ്പിക്കുകയും ചെയ്യുന്നു. ഇത് വ്യക്തമായും ബൊളീവിയയുടെ ഗവണ്‍മെന്‍റ് നിയന്ത്രിത വികസന മാതൃകയുടെ ഒരു സാക്ഷ്യമാണ്. അമേരിക്കന്‍ പിന്തുണയോടെ നവലിബറല്‍ നയങ്ങള്‍ നടപ്പാക്കപ്പെട്ടിരുന്ന 90കളില്‍ ബോളീവിയയില്‍ പൊതു വൈദ്യുതി കമ്പനിയാകെ സ്വകാര്യവല്‍ക്കരിച്ചിരുന്നു. എന്തായിരുന്നു ഇതിന്‍റെ ഫലം? 2005 ആകുമ്പോഴേക്കും ഗ്രാമീണ ബോളിവിയുടെ 30 ശതമാനത്തിനു മാത്രമേ വൈദ്യുതി ലഭ്യമാക്കാന്‍ ആ രാജ്യത്തിന് കഴിഞ്ഞിരുന്നുള്ളൂ; ഇത് ലാറ്റിനമേരിക്കയിലെതന്നെ ഏറ്റവും താഴ്ന്ന നിലയായിരുന്നു. 2005 നുശേഷം ഇവോ മൊറാലിസിന്‍റെ നേതൃത്വത്തില്‍ മൂവ്മെന്‍റ് ടുവാര്‍ഡ്സ് സോഷ്യലിസം (MAS) ബോളിവിയയില്‍ വിജയിക്കുകയും അധികാരത്തില്‍ വരികയും ചെയ്തു. അതിനെ തുടര്‍ന്ന് ഈ വൈദ്യുതി വ്യവസായമാകെ പൂര്‍ണമായി ദേശസാത്ക്കരിക്കുകയും 90% ഗ്രാമീണ മേഖലയിലേക്കും വൈദ്യുതി എത്തിക്കുകയും ചെയ്തിരിക്കുന്നു. ഈ പ്രദേശത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് വൈദ്യുതിയുടെ കാര്യത്തില്‍ ഇപ്പോള്‍ ബൊളീവിയ നില്‍ക്കുന്നത്. സ്വതന്ത്ര കമ്പോളം ഒരിക്കലും രാജ്യത്തെ എല്ലാ പ്രദേശങ്ങളിലേക്കും വൈദ്യുതി എത്തിക്കുന്നതിനുള്ള വന്‍ നിക്ഷേപം നടത്തുകയില്ല എന്നതിനും പൊതുജനങ്ങളുടെയാകെ ക്ഷേമം ഒരിക്കലും കമ്പോളത്തിന്‍റെ താല്പര്യമാകില്ല എന്നതിനും ഈ രണ്ടു മാതൃകകളും പരീക്ഷിക്കപ്പെട്ട ബൊളീവിയ കൃത്യമായ ഉദാഹരണം ആവുകയാണ്.
ബൊളീവിയയുടെ പൊതുവൈദ്യുതി കമ്പനി ഇന്ന് അനവധി ഊര്‍ജ്ജ ഉറവിടങ്ങള്‍ ഉപയോഗിച്ച് വൈദ്യുതി ഉല്പാദിപ്പിക്കാന്‍ പ്രാപ്തമായിരിക്കുന്നു; ഹൈഡ്രോകാര്‍ബണുകളും സൗരോര്‍ജവും ജൈവ ഇന്ധനങ്ങളും ജലവൈദ്യുത നിലയങ്ങളും ഇപ്പോള്‍ ലിഥിയവും ബൊളീവിയയുടെ വൈദ്യുതോര്‍ജ്ജ ഉല്‍പ്പാദന സംവിധാനത്തിന്‍റെ കേന്ദ്രമായി മാറിയിരിക്കുന്നു. 2006 ല്‍തന്നെ ദേശസാല്‍ക്കരിച്ച ഹൈഡ്രോ കാര്‍ബണ്‍ ഹൈഡ്രോ ഇലക്ട്രിക് ഡാമുകള്‍ ബൊളീവിയയിലെ ഇടതുപക്ഷ ഗവണ്‍മെന്‍റിന്‍റെ ദേശീയ നയത്തിന്‍റെ ഭാഗമായിരുന്നു. അടുത്തകാലത്തുണ്ടായ ഒരു പുതിയ മുന്നേറ്റമെന്നത്, ലൂയിസ് ആര്‍സ് ഗവണ്‍മെന്‍റ് മുന്നോട്ടുവെച്ച ഹരിതോര്‍ജ്ജ നിക്ഷേപമാണ്. എന്തുതന്നെയായാലും ബൊളീവിയയിലും ലോകത്താകെയുമുള്ള ഗവണ്‍മെന്‍റ് നിയന്ത്രിത ഹരിതോര്‍ജ്ജ പരിവര്‍ത്തനത്തിന്‍റെ ഏറ്റവും വലിയൊരു ഘടകമാണ് ലിഥിയം. ഇലക്ട്രിക് വാഹനങ്ങളിലേക്കും ബാറ്ററികളിലേക്കുമുള്ള പരിവര്‍ത്തനത്തിന്‍റെ മുഖ്യ ഘടകവും ലിഥിയമാണ്. ഇന്ന് ലോകത്തെ ലിഥിയം ശേഖരത്തിന്‍റെ 60 ശതമാനവും ബൊളീവിയ, അര്‍ജന്‍റിന, ചിലി എന്നീ രാജ്യങ്ങള്‍ അടങ്ങിയ ലിഥിയം ത്രയത്തില്‍ (lithium triangle) ആണുള്ളത്. അതുകൊണ്ടുതന്നെ, ലോകത്തെ 60% ലിഥിയത്തിന്‍റെ ശേഖരമുള്ള ഈ രാജ്യങ്ങള്‍ അമേരിക്കയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുവാന്‍ സന്നദ്ധമാകുമോ അതോ ചൈനയുമായി സഹകരിക്കുമോ എന്ന കാര്യത്തില്‍ അമേരിക്കന്‍ മിലിറ്ററി കമാന്‍ഡര്‍ ലൗറ റിച്ചാര്‍ഡ്സന്‍ ഇതിനകംതന്നെ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. അതേസമയം ചൈനയുമായി ചേര്‍ന്ന് ഗവണ്‍മെന്‍റ് കമ്പനിയായ YLBക്കുകീഴില്‍ രാജ്യത്തിനകത്ത് തന്നെ ലിഥിയം ശേഖരത്തെ വ്യാവസായികവത്കരിക്കാനാണ്, അതുവഴി ആവശ്യമായ നിക്ഷേപം നടത്തുവാനാണ് ബൊളീവിയയുടെ തീരുമാനം. യൂനിയിലും പോട്ടോസിലും ഒരുക്കിയിട്ടുള്ള ഉത്പാദക പ്ലാന്‍റില്‍ ഇതിനകംതന്നെ ബാറ്ററികള്‍ ഉത്പാദിപ്പിക്കുവാന്‍ തുടങ്ങിയിട്ടുണ്ട്; ചൈനയില്‍ നിന്നുള്ള നിക്ഷേപത്തിന്‍റെ സഹായത്തോടെ ഇനിയും രണ്ടു പ്ലാന്‍റുകള്‍ കൂടി നിര്‍മ്മിക്കുമെന്നാണ് ബൊളീവിയന്‍ സര്‍ക്കാര്‍ പറയുന്നത്. പ്രകൃതിവിഭവങ്ങളുടെ പൊതു ഉടമസ്ഥത എന്ന ബൊളീവിയല്‍ മാതൃക, ഊര്‍ജ്ജസുരക്ഷിതത്വം കൈവരിക്കുന്നതിന് മാത്രമല്ല, അയല്‍ രാജ്യങ്ങളിലടക്കം വൈദ്യുതി വിതരണത്തിന് വഴിയൊരുക്കാനും സഹായകമായിരിക്കുന്നു. ♦