Monday, November 4, 2024

ad

Homeരാജ്യങ്ങളിലൂടെഫ്രാന്‍സില്‍ രാജ്യവ്യാപക പ്രക്ഷോഭം

ഫ്രാന്‍സില്‍ രാജ്യവ്യാപക പ്രക്ഷോഭം

ആയിഷ

ക്രോണ്‍ ഗവണ്‍മെന്‍റിന്‍റെ വിവാദ പെന്‍ഷന്‍ പരിഷ്കരണത്തിനെതിരായി ഫ്രാന്‍സില്‍ അലയടിച്ചുയര്‍ന്ന ജനരോഷം രാജ്യവ്യാപക പ്രക്ഷോഭമായി മാറിയിരിക്കുന്നു. മാര്‍ച്ച് 11ന് പെന്‍ഷന്‍ പരിഷ്കാരവുമായി ബന്ധപ്പെട്ട ബില്ലിനു ഫ്രഞ്ച് സെനറ്റ് അംഗീകാരം നല്‍കി മണിക്കൂറുകള്‍ക്കകം പൊട്ടിപ്പുറപ്പെട്ട ജനകീയ സമരം കരുത്തുറ്റ നിലയില്‍ തന്നെ തുടരുകയാണ്. ഫ്രാന്‍സിന്‍റെ തെരുവുകള്‍ തുടര്‍ച്ചയായി സമരമുഖരിതമായിരിക്കുന്നു. മാര്‍ച്ച് 23ന് ട്രേഡ് യൂണിയനുകളും ഇടതുപക്ഷ പാര്‍ട്ടികളുമാകെ ചേര്‍ന്ന് നടത്തിയ വമ്പിച്ച പ്രക്ഷോഭം പ്രസിഡന്‍റ് ഇമ്മാനുവല്‍ മക്രോണിന് രാജ്യത്തെ തൊഴിലാളികള്‍ നല്‍കുന്ന അന്ത്യശാസനമായി മാറി. യൂണിയനുകളുടെ കണക്കുകള്‍ പ്രകാരം 250 കേന്ദ്രങ്ങളിലായി ഏതാണ്ട് 3.5 ദശലക്ഷത്തോളം ജനങ്ങളാണ് ഫ്രാന്‍സിന്‍റെ തെരുവുകളില്‍ കോളിളക്കം സൃഷ്ടിച്ചത്.

ഊര്‍ജ്ജം, ഗതാഗതം, റെയില്‍വേ, തുറമുഖം, വ്യോമഗതാഗതം, വ്യവസായം, സ്കൂളുകളും കോളേജുകളും സര്‍വ്വകലാശാലകളും, വേസ്റ്റ് മാനേജ്മെന്‍റ് രംഗമടക്കമുള്ള മുന്‍സിപ്പല്‍ സേവനങ്ങള്‍ തുടങ്ങി രാജ്യത്തെ നിര്‍ണായക മേഖലകളിലെ തൊഴിലാളികള്‍ പണിമുടക്കിലാണ്. പണിമുടക്കുന്ന തൊഴിലാളികള്‍ നഗരത്തിലെ പ്രധാന റോഡുകളിലും പാലങ്ങളിലും നഗര കേന്ദ്രങ്ങളിലും ഉപരോധം ശക്തമാക്കിയിരിക്കുന്നു. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കുന്നതിനൊപ്പം സുരക്ഷാ ഉദ്യോഗസ്ഥരും അവരുമായി ഏറ്റുമുട്ടലും വ്യാപകമായി ഉണ്ടാകുന്നുണ്ട്.

പ്രതിഷേധം ശക്തമാകവേ മാര്‍ച്ച് 16ന് പ്രധാനമന്ത്രി എലിസബത്ത് ബോര്‍ണ്‍ ദേശീയ അസംബ്ലിയിലെ വോട്ടെടെപ്പ് ഒഴിവാക്കുന്നതിന് ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 49.3 എമര്‍ജന്‍സി പ്രൊഫഷനില്‍ അഭയം പ്രാപിക്കുകയും ഉണ്ടായി. ജനുവരി പത്തിന് മുന്നോട്ട് വെച്ച പെന്‍ഷന്‍ പരിഷ്കരണത്തെ സ്ഥാപനവല്‍ക്കരിക്കുന്നതിനായി Law amending financing of social security for 2023 പാസാക്കുകയും ചെയ്തു. മാര്‍ച്ച് 20ന്, പ്രതിപക്ഷം ദേശീയ അസംബ്ലിയില്‍ അവതരിപ്പിച്ച അവിശ്വാസവോട്ടെടുപ്പ് 9 വോട്ടുകളുടെ കുറവുമൂലം പരാജയപ്പെട്ടതോടെ പ്രതിഷേധം കൂടുതല്‍ ശക്തമായി. (ഭരണകക്ഷിയില്‍ തന്നെ ഈ പരിഷ്കാരത്തോട് വിയോജിപ്പുള്ളതുകൊണ്ടാണ് അവിശ്വാസപ്രമേയത്തിന് അനുകൂലമായി കൂടുതല്‍ വോട്ട് ലഭിച്ചത്) മാര്‍ച്ച് 22ന്, ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ എന്തുതന്നെ ഉണ്ടായാലും ഈ വര്‍ഷം അവസാനത്തോടെ താന്‍ പെന്‍ഷന്‍ പരിഷ്കരണം നടപ്പാക്കുമെന്നും ട്രേഡ് യൂണിയനുകളും ഇടതുപക്ഷ പാര്‍ട്ടികളും ആവശ്യപ്പെടുന്നതുപോലെ ഇതില്‍നിന്നും പിന്നോട്ട് പോകാനോ ഇതിന്‍റെ നടത്തിപ്പുമായി ബന്ധപ്പെട്ട് ദേശീയതലത്തില്‍ ഒരു ഹിതപരിശോധന നടത്താനോ താന്‍ തയ്യാറല്ലെന്നുമാണ് മക്രോണ്‍ പറഞ്ഞത്. നഗരങ്ങളിലെ ഉപരോധങ്ങള്‍ നീക്കം ചെയ്യുന്നതിന് വലിയതോതില്‍ സുരക്ഷാസേനയെ മക്രോണ്‍ വിനിയോഗിച്ചിരിക്കുകയാണ്.

ജനുവരി 10ന് പ്രഖ്യാപിച്ച ഈ ജനവിരുദ്ധ പരിഷ്കാരം പെന്‍ഷന്‍ പ്രായം 62ല്‍ നിന്നും 64 ലേക്ക് ഉയര്‍ത്തുക മാത്രമല്ല, മറിച്ച് മുഴുവന്‍ പെന്‍ഷനും ആനുകൂല്യങ്ങളും ലഭിക്കുന്നതിന് 43 വര്‍ഷത്തെ സേവനം നിര്‍ബന്ധിതമാക്കുകയും കൂടിയാണ് ചെയ്യുന്നത്. ഫ്രാന്‍സിലെ ട്രേഡ് യൂണിയനുകളും ഫ്രഞ്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ശക്തമായി തന്നെ സമര രംഗത്തുണ്ട്. ഗ്രീസ്, ബെല്‍ജിയം, ലക്സംബര്‍ഗ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ട്രേഡ് യൂണിയനുകളും ഇടതുപക്ഷ പ്രസ്ഥാനങ്ങളും പൊരുതുന്ന ഫ്രഞ്ച് ജനതയ്ക്ക് പിന്തുണയും ഐക്യദാര്‍ഢ്യവും രേഖപ്പെടുത്തിയിട്ടുണ്ട്. ജനവിരുദ്ധ നയത്തിനെതിരായ ഫ്രഞ്ച് ജനതയുടെ പോരാട്ടം വരുംനാളുകളില്‍ കൂടുതല്‍ ശക്തമാകുമെന്നാണ് കാണുന്നത്. ♦

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

5 − 3 =

Most Popular