2023 ഫെബ്രുവരി നാലിന് ആരംഭിച്ച് ഒരു മാസത്തിലേറെ നീണ്ടുനിന്ന് മടഗാസ്കര്‍, മലാവി, മൊസാബിക് എന്നീ തെക്കു കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലാകെ വന്‍ നാശംവിതച്ച ഫ്രെഡ്ഡി ചുഴലിക്കൊടുങ്കാറ്റ് ദുര്‍ബലമായി കഴിഞ്ഞെങ്കിലും അതിന്‍റെ ആഘാതത്തില്‍നിന്നും ഈ ദരിദ്ര രാജ്യങ്ങള്‍ ഇനിയും കരകയറിയിട്ടില്ല. ഫ്രെഡ്ഡിയുടെ ഭീകര താണ്ഡവത്തില്‍. 500ലധികം ആളുകള്‍ കൊല്ലപ്പെട്ടതായാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം. ഇനിയും വെള്ളം താഴ്ന്നിട്ടില്ലാത്തതിനാല്‍ കൃത്യമായ മരണസംഖ്യ പറയാനാവില്ല. നിരവധി ശവശരീരങ്ങള്‍ ചെളിയില്‍ പുതഞ്ഞുകിടക്കുന്നതായും അവയൊന്നും ഇനി കണ്ടെടുക്കാനാവില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. വെള്ളം പൂര്‍ണമായും താഴാന്‍ ഇനിയും ദിവസങ്ങള്‍ എടുത്തേക്കാം.
മലാവിയിലാണ് ഈ ചുഴലി കൊടുങ്കാറ്റ് ഏറ്റവുമധികം നാശം വിതച്ചത്. കൊല്ലപ്പെട്ടവരില്‍ 80 ശതമാനവും മലാവിക്കാരാണ്. പതിനായിരക്കണക്കിനാളുകള്‍ ഭവനരഹിതരായി; വന്‍മരങ്ങള്‍ക്കു മുകളില്‍ കയറിയിരുന്നാണ് പലരും വെള്ളത്തില്‍ ഒഴുകിപോകാതെ രക്ഷ തേടിയത്; ഈ മൂന്നു രാജ്യങ്ങളിലെയും പശ്ചാത്തല സൗകര്യങ്ങളാകെ തകര്‍ന്നു താറുമാറായി; ആശുപത്രികളും സ്കൂളുകളും നാമാവശേഷമായി; ആളുകള്‍ ഭക്ഷണം ലഭിക്കാതെ കൊടും പട്ടിണിയില്‍പ്പെട്ട് നട്ടംതിരിയുകയാണ്.
രേഖപ്പെടുത്തപ്പെട്ട ചുഴലി കൊടുങ്കാറ്റുകളുടെ ചരിത്രത്തില്‍ ഏറ്റവുമധികം കാലം നീണ്ടുനിന്നതാണ് ഫ്രെഡ്ഡി എന്നാണ് വേള്‍ഡ് മെറ്റീരിയോളജിക്കല്‍ അസോസിയേഷന്‍ പറയുന്നത്. വളരെ പെട്ടെന്നാണ് അതിന്‍റെ ഗതിവേഗം വര്‍ദ്ധിച്ചത്; അതുപോലെതന്നെ ദിശാമാറ്റവും! മണിക്കൂറില്‍ 132 മൈല്‍ വേഗതയില്‍വരെ അത് ആഞ്ഞുവീശി. ആദ്യം മടഗാസ്കറില്‍ വീശിത്തുടങ്ങിയ ഫ്രെഡ്ഡി അവിടെനിന്ന് പടിഞ്ഞാറേയ്ക്ക് നീങ്ങി മൊസാംബിക്കില്‍ നാശംവിതച്ച് പിന്നീട് കിഴക്കോട്ട് മാറി ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക് നീങ്ങി, വീണ്ടും മൊസാംബിക്കിലേക്ക് മടങ്ങിയശേഷം അവിടെനിന്ന് ഒടുവില്‍ മലാവിയിലേക്ക് കടക്കുകയാണുണ്ടായത്. സഞ്ചാരപദം മൊത്തം 5000 മൈലായിരുന്നു. ചുഴലി കൊടുങ്കാറ്റിനെ തുടര്‍ന്ന് തെക്കു കിഴക്കന്‍ ആഫ്രിക്കന്‍ മേഖലയാകെ കോളറ പടര്‍ന്നു പിടിക്കുകയാണ്. മാത്രമല്ല, ജലജന്യവും കൊതുക പടര്‍ത്തുന്നതുമായ പകര്‍ച്ചവ്യാധികള്‍ ഈ മേഖലയിലെ രാജ്യങ്ങളെയാകെ ദുരിതത്തില്‍പെടുത്തിയിരിക്കുകയുമാണ്.
കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ദുരന്തമാണ് ആഫ്രിക്കന്‍ ജനത ഇപ്പോള്‍ അനുഭവിക്കുന്നത്. അവരാണോ ഇതിനുത്തരവാദികള്‍ എന്ന ചോദ്യം ഇപ്പോള്‍ സജീവമായി ഉയരുന്നുണ്ട്. അല്ലായെന്ന് നിസംശയം പറയാം. എന്നാല്‍, ആഗോളതാപനത്തിന്‍റെ കെടുതികള്‍ ഏറ്റവുമധികം അനുഭവിക്കേണ്ടതായി വരുന്നത് ഈ പരമദരിദ്ര രാജ്യത്തിനാണ്! ലോക ജനസംഖ്യയുടെ 5% മാത്രമുള്ള അമേരിക്കയാണ് ലോകത്ത് പ്രതിവര്‍ഷം ഉണ്ടാകുന്ന കാര്‍ബണ്‍ ബഹിര്‍ഗമനത്തിലെ 28 ശതമാനത്തിന്‍റെയും ഉത്തരവാദികള്‍ – അതായത് പ്രതിശീര്‍ഷ ബഹിര്‍ഗമനം 15 ടണ്‍. അതിസമ്പന്നരായ 10 ശതമാനത്തിന്‍റെ പ്രതിശീര്‍ഷ കാര്‍ബണ്‍ ബഹിര്‍ഗമനം 55 ടണ്ണും.
കാലാവസ്ഥാ വ്യതിയാനത്തിന്‍റെയും ആഗോളതാപനത്തിന്‍റെയും പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ സാമ്പത്തികമായ അന്തരം കാണാതിരിക്കാനാവില്ല. ആഫ്രിക്കയിലെ 54 രാജ്യങ്ങളില്‍ 34 എണ്ണവും ലോകത്തിലെ പരമദരിദ്രമായ 50 രാജ്യങ്ങളില്‍പെടുന്നവയാണ്. ആഫ്രിക്കന്‍ ജനതയുടെ 40 ശതമാനത്തിലധികം പേരും ജീവിക്കുന്നത് പ്രതിദിനം ഒരു ഡോളറിലും കുറഞ്ഞ വരുമാനത്തിലാണ്. എന്നിട്ടും ഐക്യരാഷ്ട്രസഭ ചുഴലിക്കൊടുങ്കാറ്റിന്‍റെ ദുരന്തമനുഭവിക്കുന്ന മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കുംകൂടി സഹായധനമായി അനുവദിച്ചത് ആകെ ഒരു കോടി ഡോളര്‍ മാത്രവും!
ധാതുസമ്പത്തും മറ്റ് പ്രകൃതി വിഭവങ്ങളും കൊണ്ട് സമ്പന്നമായ ആഫ്രിക്ക ദാരിദ്ര്യത്തിന്‍റെ പടുകുഴിയില്‍ ആണ്ടുകിടക്കുന്നത് സാമ്രാജ്യത്വം നടത്തുന്ന കടുത്ത ചൂഷണംമൂലമാണ്. 17, 18 നൂറ്റാണ്ടുകളിലായി രണ്ടു കോടിയോളം ആഫ്രിക്കകാരെയാണ് പാശ്ചാത്യര്‍ പിടിച്ചുകൊണ്ടുപോയി അടിമച്ചന്തകളില്‍ വിറ്റത്. അവരുടെ അധ്വാനവും അവരെ വിറ്റ പണവും ആഫ്രിക്കന്‍ വിഭവങ്ങള്‍ കൊള്ളയടിച്ചാണ് അമേരിക്കയും യൂറോപ്പും സമ്പന്നമായത് എന്നും നമ്മെ ഓര്‍മിപ്പിക്കുകയാണ് ഫ്രഡ്ഡി ചുഴലി കൊടുങ്കാറ്റ്. ♦