ന്യൂസിലന്‍ഡിലെ സ്കൂള്‍ അധ്യാപകര്‍ മാര്‍ച്ച് 16ന് രാജ്യവ്യാപകമായി പണിമുടക്കി. വിലവര്‍ദ്ധനവിന് അനുപാതികമായി ശമ്പള വര്‍ദ്ധനവ്, കൂടുതല്‍ അധ്യാപകരെ നിയമിക്കുക, വിദ്യാഭ്യാസത്തിനായുള്ള ബജറ്റ് വകയിരുത്തല്‍ വര്‍ദ്ധിപ്പിക്കുക എന്നിവയാണ് അവരുന്നയിക്കുന്ന ആവശ്യങ്ങളില്‍ ചിലത്. രാജ്യത്തെ പ്രധാനപ്പെട്ട രണ്ട് അധ്യാപക സംഘടനകളാണ് (പോസ്റ്റ് പ്രൈമറി ടീച്ചേഴ്സ് അസോസിയേഷനും ന്യൂസിലന്‍ഡ് എഡ്യൂക്കേഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടും) പണിമുടക്കിന് ആഹ്വാനം നല്‍കിയത്. പ്രധാനമന്ത്രി ക്രിസ് ഹിപ്കിന്‍സിന്‍റെ ഗവണ്മെന്‍റുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് മാര്‍ച്ച് 16ന് പണിമുടക്കാന്‍ ഫെബ്രുവരിയില്‍ ആഹ്വാനം നല്‍കിയത്.
ഏകദിന സൂചനാ പണിമുടക്കില്‍ അമ്പതിനായിരത്തിലധികം അധ്യാപകര്‍ പങ്കെടുത്തു. ഈ വര്‍ഷം ന്യൂസിലന്‍ഡില്‍ നടന്ന ഏറ്റവും വലിയ ബഹുജന പ്രക്ഷോഭമായി അതു മാറി. 2019 മെയ് മാസത്തിനുശേഷം നടന്ന ഏറ്റവും വലിയ അധ്യാപക പണിമുടക്കും! പ്രൈമറി സ്കൂള്‍ അധ്യാപകരും സെക്കന്‍ഡറി സ്കൂള്‍ അധ്യാപകരും ഒരുമിച്ച് നടത്തുന്ന രണ്ടാമത്തെ പണിമുടക്കുമാണിത്; മറ്റൊരു പ്രത്യേകത, കിന്‍റര്‍ഗാര്‍ടെന്‍ അധ്യാപകര്‍ അണിനിരന്ന ആദ്യ പണിമുടക്കാണിത് എന്നതാണ്. പതിനായിരത്തിലേറെ അധ്യാപകര്‍ മാര്‍ച്ച് 16ന് ഓക്ക്ലാന്‍റിലെ ക്വീന്‍ സ്ട്രീറ്റില്‍ പ്രകടനം നടത്തി. രണ്ടായിരത്തിലേറെ പേര്‍ വെല്ലിങ്ടണില്‍ പാര്‍ലമെന്‍റിനു മുന്നിലും പ്രകടനം നടത്തി. സമാനമായവിധം ആയിരങ്ങള്‍ അണിനിരന്ന പ്രതിഷേധ പ്രകടനങ്ങള്‍ മറ്റ് പ്രധാന നഗരകേന്ദ്രങ്ങളിലും നടക്കുകയുണ്ടായി.
എല്ലാ അധ്യാപകര്‍ക്കും ഏകദേശം 3700 ഡോളറിന്‍റെ ശമ്പള വര്‍ദ്ധനവ് അനുവദിക്കാമെന്ന ഗവണ്‍മെന്‍റ് വാഗ്ദാനം നിരാകരിച്ചുകൊണ്ടാണ് തൊഴിലാളികളും ജീവനക്കാരും പണിമുടക്കിയത്. സര്‍ക്കാരിന്‍റെ വാഗ്ദാനം വര്‍ദ്ധിച്ചുവരുന്ന വിലക്കയറ്റത്തിനു മുന്നില്‍ തുച്ഛമായ തുകയാണെന്നാണ് യൂണിയനുകള്‍ പ്രസ്താവിച്ചത്. 2022ലെ റിപ്പോര്‍ട്ടുപ്രകാരം ന്യൂസിലന്‍ഡിലെ വിലക്കയറ്റം ശരാശരി 7.6 ശതമാനമാണ്; ഭക്ഷ്യസാധനങ്ങളുടെ വിലവര്‍ധനവാകട്ടെ, 12 ശതമാനവും. 2019നുശേഷം ശമ്പളത്തില്‍ നേരിയ വര്‍ദ്ധനയുണ്ടായെങ്കിലും വിലവര്‍ധനവുമൂലം യഥാര്‍ത്ഥ വേതനത്തില്‍ 11 ശതമാനം കുറവ് വരികയാണുണ്ടായത്.
വര്‍ഷങ്ങളായി വിദ്യാഭ്യാസ മേഖലയ്ക്ക് വേണ്ടത്ര ബജറ്റ് വിഹിതം നീക്കിവയ്ക്കാത്തതിനാല്‍ സ്കൂളുകളില്‍ അധ്യാപകരെ അവശ്യാനുസരണം നിയമിക്കുന്നില്ല; നിലവിലുള്ള അധ്യാപകര്‍ കൂടുതല്‍ സമയം ജോലി ചെയ്യേണ്ടതായി വരുന്നു; ക്ലാസ് റൂമുകളില്‍ അംഗീകൃത എണ്ണത്തില്‍ അധികം കുട്ടികളെ ഉള്‍പ്പെടുത്തേണ്ടതായി വരുന്നു; വിദ്യാഭ്യാസ നിലവാരത്തെതന്നെ ഇത് തകര്‍ത്തിരിക്കുന്നതായാണ് അധ്യാപക സംഘടന നേതാവ് മാര്‍ക്ക് പോട്ടര്‍ പറയുന്നത്.
ന്യൂസിലന്‍ഡില്‍ ജീവിത ചെലവ് വര്‍ദ്ധിക്കുന്നതും ആനുപാതികമായി വേതനം വര്‍ദ്ധിക്കാതിരിക്കുന്നതുംമൂലം വിവിധ വിഭാഗം തൊഴിലാളികളും ജീവനക്കാരും പണിമുടക്കുള്‍പ്പെടെയുള്ള പ്രക്ഷോഭത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. അതില്‍ അവസാനമായാണ് അധ്യാപകര്‍ അണിനിരന്നത്. ഈ വര്‍ഷം ഒക്ടോബറില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇന്നത്തെ അവസ്ഥ ഭരണകക്ഷിയായ ലേബര്‍ പാര്‍ട്ടിക്ക് പ്രതികൂലമാകാനാണ് സാധ്യത. കാരണം, അധ്യാപകര്‍ അടക്കമുള്ള ജീവനക്കാരും തൊഴിലാളികളും ആണ് ലേബര്‍ പാര്‍ട്ടിയുടെ കരുത്ത്. ഈ വിഭാഗത്തില്‍ ഉറഞ്ഞുകൂടുന്ന പ്രതിഷേധം ലേബര്‍ പാര്‍ട്ടിയുടെ സാധ്യതക്ക് മങ്ങലേല്‍പ്പിക്കുന്നു. ♦