2003ല്‍ അമേരിക്ക ഇറാഖിനെ ആക്രമിച്ചതിന്‍റെ ഇരുപതാം വാര്‍ഷിക ദിനമായിരുന്നു മാര്‍ച്ച് 18. അമേരിക്കയിലെ പുരോഗമന ശക്തികള്‍ – കമ്മ്യൂണിസ്റ്റുകാരും സോഷ്യലിസ്റ്റുകാരും ട്രേഡ് യൂണിയനുകളും ഉള്‍പ്പെടെ- ഈ മാര്‍ച്ച് 18 ന് വൈറ്റ് ഹൗസിനുമുന്നില്‍ ആയിരക്കണക്കിനാളുകള്‍ പങ്കെടുത്ത യുദ്ധവിരുദ്ധ റാലി നടത്തി. സ്ത്രീകളും കുട്ടികളും വൃദ്ധരും ഉള്‍പ്പെടെയുള്ള ഇറാഖിലെ 30 ലക്ഷത്തിലേറെവരുന്ന മനുഷ്യരെ കൊന്നൊടുക്കിയ അന്നത്തെ അമേരിക്കന്‍ പ്രസിഡന്‍റ് ജോര്‍ജ് ബുഷിനെ യുദ്ധ കുറ്റവാളിയായി കണക്കാക്കി വിചാരണ ചെയ്യാത്ത നടപടിയെ ചോദ്യം ചെയ്തുകൊണ്ടുമായിരുന്നു അമേരിക്കക്കാരായ മനുഷ്യസ്നേഹികള്‍ നടത്തിയ ഈ പ്രകടനം.
മാര്‍ച്ച് 18 ന്‍റെ പ്രകടനത്തില്‍ അഫ്ഗാനിസ്ഥാനിലും ഇറാഖിലും ലിബിയയിലും സിറിയയിലും യൂഗോസ്ലാവിയയിലും സോമാലിയയിലും പലസ്തീനിലും യമനിലുമെല്ലാം അമേരിക്കയും ശിങ്കിടി രാജ്യങ്ങളും ചേര്‍ന്ന് നടത്തിയ ആക്രമണങ്ങളില്‍ മരിച്ചുവീണ ദശലക്ഷക്കണക്കിന് മനുഷ്യരുടെ ഓര്‍മ്മ പുതുക്കപ്പെടുകയുണ്ടായി. ഈ പ്രകടനം കൂടുതല്‍ പ്രസക്തമാകുന്നത് ഉക്രൈനില്‍ അമേരിക്കയും നാറ്റോ സഖ്യവുംചേര്‍ന്ന് റഷ്യക്കെതിരെ നടത്തുന്ന യുദ്ധത്തിന്‍റെ പശ്ചാത്തലത്തിലാണ്. അടിയന്തരമായും ഉക്രൈനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും കൂടിയാലോചനകളിലൂടെ രാഷ്ട്രീയ പരിഹാരമുണ്ടാക്കണമെന്നും പ്രകടനക്കാര്‍ ആവശ്യപ്പെട്ടു.
ഈ പ്രകടനം നടക്കുന്നതിന്‍റെ തൊട്ടുമുമ്പിലത്തെ ദിവസം ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍ പിങ് മോസ്കോയിലെത്തി പുടിനുമായി ചര്‍ച്ച നടത്തുകയും റഷ്യയും ഉക്രൈനും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ക്ക് വഴിയൊരുങ്ങുന്നതായി പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ അമേരിക്കന്‍ ഭരണാധികാരികള്‍ ചൈന മുന്നോട്ടുവെച്ച വെടിനിര്‍ത്തലും സമവായ ചര്‍ച്ചയും എന്ന ആശയത്തെ പാടെ എതിര്‍ക്കുകയാണ്. ഇപ്പോള്‍ വെടിനിര്‍ത്തുക എന്നാല്‍ റഷ്യയുടെ വിജയം എന്നാണ് അര്‍ത്ഥം എന്ന വാദമാണ് ബൈഡന്‍ ഉയര്‍ത്തുന്നത്. അമേരിക്കയുടെ നേതൃത്വത്തില്‍ ലോകത്ത് സ്വാതന്ത്ര്യവും ജനാധിപത്യവും സ്ഥാപിക്കുന്നതിനുള്ള യുദ്ധമാണ് തങ്ങള്‍ (അതായത് അമേരിക്കയും നാറ്റോയും ഉക്രൈനും) നടത്തുന്നത് എന്നും പുടിന്‍റെ സ്വേച്ഛാധിപത്യത്തിനെതിരെയുള്ള യുദ്ധമാണിതെന്നും അമേരിക്കന്‍ ഭരണവര്‍ഗ്ഗം വാധിക്കുന്നു. അമേരിക്കന്‍ ഭരണാധികാരികളുടെ ഈ വാദത്തെ നിരാകരിക്കുകയാണ് വൈറ്റ് ഹൗസിന് മുന്നില്‍ പ്രകടനം നടത്തിയവര്‍. ചൈന മുന്നോട്ടുവെച്ച സമാധാന നിര്‍ദ്ദേശം അംഗീകരിക്കണമെന്നാണ് പ്രകടനത്തില്‍ ഉയര്‍ന്ന മുദ്രാവാക്യം. ഉക്രൈന്‍ പ്രസിഡന്‍റ് ചൈനയുടെ സമാധാന നിര്‍ദേശം നിരാകരിക്കുന്നില്ല. എന്നാല്‍ അമേരിക്കന്‍ ഭരണാധികാരികളുടെ പിടിവാശിയാണ് യുദ്ധം ഇപ്പോഴും തുടരുന്നതിന്‍റെ കാരണം. ♦