Wednesday, May 1, 2024

ad

Homeവിശകലനംആരോഗ്യമേഖലയിലെ ഇടതുപക്ഷപാർട്ടികളുടെ 
ഇടപെടൽ

ആരോഗ്യമേഖലയിലെ ഇടതുപക്ഷപാർട്ടികളുടെ 
ഇടപെടൽ

ഡോ. ബി ഇക്ബാൽ

ടതുപക്ഷ പാർട്ടികളും ഇടതുപക്ഷ പാർലമെന്റംഗങ്ങളും ജനകീയാരോഗ്യ നയത്തിനും അതിന്റെ ഭാഗമായ ജനകീയ ഔഷധനയത്തിനുമായി പാർലമെന്റിൽ നിരന്തരം പോരാടി വരികയാണ്. ഒന്നാം യുപി എ സർക്കാരിന്റെ കാലത്ത് ഇടത് പാർട്ടികളുടെ ഇടപെടലിനെ തുടർന്നാണു പൊതുമിനിമം പരിപാടിയുടെ ഭാഗമായി ദേശീയ ഗ്രാമീണാരോഗ്യ പദ്ധതി നടപ്പിലാക്കിയത്. ദേശീയ ഗ്രാമീണാരോഗ്യപദ്ധതിയ്ക്കായി പ്രത്യേക ഫണ്ട് മാറ്റിവക്കാൻ ഇടത് പാർലമെന്റ് അംഗങ്ങൾ ബജറ്റ് ചർച്ചയുടെ ഭാഗമായി ആവശ്യമുന്നയിച്ചു. ഇതിന്റെ ഫലമായി കേന്ദ്ര സർക്കാരിന്റെ ആരോഗ്യ വിഹിതം അതു വരെ കേവലം 0.9 ശതമാനമായിരുന്നത് 1.1 ശതമാനമായി വർധിച്ചു. ഇടത് എം പിമാർ മുന്നോട്ടു വച്ച ആശയത്തെ തുടർന്നാണ് പിന്നീട് ദേശീയ ഗ്രാമീണാരോഗ്യ പദ്ധതി നഗരപ്രദേശങ്ങളെക്കൂടി ഉൾപ്പെടുത്തി ദേശീയ ആരോഗ്യപദ്ധതിയായി വികസിപ്പിച്ചത്. ആരോഗ്യ നയരേഖയിൽ വാഗ്ദാനം ചെയ്തിട്ടുള്ളതുപോലെ ആരോഗ്യവിഹിതം 3.5 ശതമാനമായും തുടർന്ന് ഘട്ടം ഘട്ടമായി വർധിപ്പിച്ച് ലോകാരോഗ്യസംഘടന ശുപാർശചെയ്തിട്ടുള്ളതുപോലെ 5 ശതമാനമായും വർധിപ്പിക്കണമെന്ന് പാർലമെന്റ് ചർച്ചകളിൽ ഇടത് എം പിമാർ നിരന്തരം ആവശ്യപ്പെട്ടുവരികയാണ്.

ലോകവ്യാപാര സംഘടനയുടെ നിർദ്ദേശപ്രകാരമുള്ള ട്രിപ്സ് (TRIPS: Trade Related Aspects of Intellecctual Property Rights) നിബന്ധനകൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ പേറ്റന്റ് നിയമത്തിൽ സമൂലമായ മാറ്റങ്ങൾ വരുത്തിക്കൊണ്ടുള്ള പുതിയ പേറ്റന്റ് നിയമം 2005 ജനുവരി മുതൽ നിലവിൽ വന്നിട്ടുണ്ട്. . ട്രിപ്സിലെ ചില വകുപ്പുകൾക്കനുസൃതമായി 1999 ലും 2002 ലും എൻഡിഎ സർക്കാരുകളുടെ കാലത്ത് ഒന്നും രണ്ടും ഭേദഗതികൾ പാർലമെന്റ് പാസ്സാക്കിയിരുന്നു. ഒന്നാം യുപിഎ സർക്കാർ കൊണ്ടുവന്ന മൂന്നാം ഭേദഗതികളോടെയാണ് പുതിയ നിയമം പ്രാബല്യത്തിൽ വന്നത്. 1972 മുതൽ ഇന്ത്യയിൽ നിലനിന്നിരുന്ന വികസ്വരരാജ്യങ്ങൾക്കാകെ മാതൃകയെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന ഇന്ത്യൻ പേറ്റന്റ് നിയമം ഇതോടെ സമൂലമായ മാറ്റത്തിന് വിധേയമാക്കപ്പെട്ടു കഴിഞ്ഞിരിക്കുകയാണ്.

സ്വതന്ത്രവാണിജ്യ കരാർ: ഇന്ത്യൻ ഔഷധമേഖല കൂടുതൽ പ്രതിസന്ധികളിലേക്ക്

ലോകവ്യാപാരസംഘടനയുടെ നിർദ്ദേശപ്രകാരം 2005 ജനുവരി ഒന്നുമുതൽ നടപ്പിലാക്കിവരുന്ന പേറ്റന്റ് നിയമത്തിൽ ബഹുരാഷ്ട്ര മരുന്നുകമ്പനികൾക്കനുകൂലമായി മാറ്റങ്ങൾ വരുത്താൻ പലതരത്തിലുള്ള നീക്കങ്ങൾ വികസിത മുതലാളിത്തരാജ്യങ്ങൾ നടത്തിവരികയാണ്. സ്വതന്ത്ര വ്യാപാരകരാറുകളിലൂടെ നിലവിലുള്ള പേറ്റന്റ് നിയമത്തിൽ ചില പുതിയ വകുപ്പുകൾ ചേർത്തുകൊണ്ട് ജീവൻ രക്ഷാമരുന്നുകൾ ലഭ്യമാക്കാൻ സഹായകരമായ ചില വകുപ്പുകൾ തിരുത്താനുള്ള ശ്രമങ്ങളാണ് പ്രധാനമായും നടന്നുവരുന്നത്. ലോകവ്യാപാര സംഘടനയുടെ വ്യവസ്ഥകൾ എല്ലാ അംഗരാജ്യങ്ങളും പിന്തുടരേണ്ടതാണ് എന്ന അന്താരാഷ്ട്ര ധാരണയുടെ നഗ്നമായ ലംഘനം കൂടിയാണ് സ്വതന്ത്ര വാണിജ്യക്കരാറുകൾ. മുതലാളിത്ത രാജ്യങ്ങളുടെ താല്പര്യങ്ങൾ സംരക്ഷിക്കാൻ നടത്തുന്ന ശ്രമങ്ങളോട് യോജിക്കുന്ന നയമാണ് മോദി സർക്കാർ പിന്തുടരുന്നത്.

യൂറോപ്യൻ സ്വതന്ത്ര വാണിജ്യസമിതിയുമായി (European Free Trade Association) യുമായി ഇന്ത്യൻ സ്വതന്ത്ര വാണിജ്യസമിതി നടത്തിവന്ന ചർച്ചകളെ തുടർന്ന് പേറ്റന്റ് കാലാവധി കഴിഞ്ഞ മരുന്നുകൾ കുറഞ്ഞവിലയ്ക്കുള്ള ജനറിക് മരുന്നുകളായി മാർക്കറ്റ് ചെയ്യുന്നതിനെ തടസ്സപ്പെടുത്തുന്ന വിവരക്കുത്തക നിയമം (Data Exclusivity) എന്നൊരു പുതിയൊരു വകുപ്പ് പേറ്റന്റ് നിയമത്തിൽ സർക്കാർ ചേർത്തു. ഔഷധങ്ങൾക്ക് പേറ്റന്റ് നൽകുമ്പോൾ ഔഷധത്തെ സംബന്ധിച്ചുള്ള എല്ലാ വിവരങ്ങളും ഡ്രഗ് കൺട്രോളർക്ക് നൽകണമെന്നാണ് നിലവിലുള്ള വ്യവസ്ഥ. ഇതിൽ ഔഷധത്തിന്റെ ഫലസിദ്ധിയും പാർശ്വഫലങ്ങളും മരുന്ന് കണ്ടെത്തുന്നതിനായി നടത്തുന്ന പരീക്ഷണ വിവരങ്ങളും ഉൾപ്പെടുന്നു. പേറ്റന്റ് കാലാവധി കഴിഞ്ഞാൽ ഈ വിവരങ്ങൾ താത്പര്യമുള്ള ആർക്കും ലഭിക്കുന്നതാണ്. പേറ്റന്റ് കാലാവധി കഴിഞ്ഞ മരുന്നുകൾ വിലകുറച്ച് ജനറിക് നാമത്തിൽ മാർക്കറ്റ് ചെയ്യുന്ന കമ്പനികൾ ഇത്തരം വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഉല്പാദനം നടത്തുന്നത്. പേറ്റന്റ് കാലയളവിൽ ഔഷധപരീക്ഷണ വിവരങ്ങൾ മറ്റ് കമ്പനികൾ വ്യാപാരതാല്പര്യത്തിനായി ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനായി ഈ വിവരങ്ങൾ സംരക്ഷിക്കേണ്ടതാണെന്ന് മാത്രമാണ് ലോകവ്യാപാരസംഘടനയുടെ പേറ്റന്റ് (ട്രിപ്സ്: TRIPS) വ്യവസ്ഥയിലുള്ളത്. ഇതിനെ വിവരസംരക്ഷണം (Data Protection) എന്നാണ് പറയുക. എന്നാൽ ഇപ്പോൾ നടപ്പിലാക്കാൻ ശ്രമിക്കുന്നത് ട്രിപ്സ് വ്യവസ്ഥയനുസരിച്ചുള്ള വിവരസംരക്ഷണമല്ല മറിച്ച് പേറ്റന്റ് നൽകിക്കഴിഞ്ഞാൽ അഞ്ചുവർഷത്തേക്ക് യാതൊരു സാഹചര്യത്തിലും ഔഷധപരീക്ഷണ വിവരങ്ങൾ പുറത്തുവിടാതിരിക്കുന്നതിനായുള്ള വിവരകുത്തക (Data Exclusivity) നിയമമാണ്. ഔഷധപരീക്ഷണം സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ലാത്തതിനാൽ ഔഷധ ഉല്പാദനത്തിനുള്ള അനുമതി ലഭിക്കാൻ പുതിയ പരീക്ഷണങ്ങളിലൂടെ അതിനു തയ്യാറുള്ള കമ്പനികൾക്ക് വിവരം ശേഖരിക്കേണ്ടിവരും. ഇതിനുള്ള ചെലവും കാലതാമസവും കണക്കിലെടുക്കുമ്പോൾ ജനറിക് മരുന്നുകൾ ഉല്പാദിപ്പിക്കാൻ മറ്റു കമ്പനികൾ ബുദ്ധിമുട്ടും, ചുരുക്കത്തിൽ വിവരകുത്തക നിയമം പ്രാബല്യത്തിൽ വരുന്നതോടെ പേറ്റന്റ് നൽകി കഴിഞ്ഞ് അഞ്ചു വർഷത്തേക്ക് കുറഞ്ഞവിലക്കുള്ള ജനറിക് മരുന്നുകൾ ഉല്പാദിപ്പിക്കാൻ കഴിയാതെ വരും. പേറ്റന്റ് കാലാവധി കഴിഞ്ഞാലും ജീവൻരക്ഷാ ഔഷധങ്ങളുടെ വില വീണ്ടും ഉയർന്നുതന്നെ നിലനിൽക്കും. ഇതിനുപുറമേ മറ്റൊരു ധാർമ്മിക പ്രശ്നം കൂടി പുതിയ നിയമം ഉയർത്തുന്നുണ്ട്. ഫലസിദ്ധി തെളിയിച്ചുകഴിഞ്ഞ മരുന്നുകൾ വീണ്ടും മനുഷ്യരിൽ പരീക്ഷണാർത്ഥം നൽകുന്നത് വൈദ്യശാസ്ത്ര നൈതികതയ്-ക്ക് എതിരുമാണ്.

ഔഷധങ്ങളുടെ അമിതവില, ഔഷധ ദൗർലഭ്യം, രാജ്യത്തിന്റെ ആവശ്യത്തിനുള്ള അളവിൽ മരുന്നുല്പാദിപ്പിക്കാൻ കമ്പനികൾക്ക് കഴിയാത്ത അവസ്ഥ, സർക്കാർ ആവശ്യങ്ങൾക്കായി വിതരണം ചെയ്യുന്നതിനു മരുന്നു ലഭ്യമാക്കൽ, പേറ്റന്റ് അനുവദിച്ച് നിശ്ചിത കാലയളവിനുള്ളിൽ മരുന്നുല്പാദിപ്പിക്കാതിരിക്കൽ തുടങ്ങിയ സാഹചര്യങ്ങളിൽ നിർബന്ധിത ലൈസൻസ് (Compulsory License) പ്രകാരം പേറ്റന്റ് എടുക്കാത്ത മറ്റു കമ്പനികൾക്ക് മരുന്നുല്പാദിപ്പിക്കാനുള്ള അവകാശം പേറ്റന്റ് നിയമത്തിലുണ്ട്. ട്രിപ്സ് നിയമം നടപ്പിലാക്കിയതിനെ തുടർന്ന് വികസ്വരരാജ്യങ്ങളിൽ ജീവൻ രക്ഷാമരുന്നുകളുടെ മരുന്നുകളുടെ വില കുത്തനെ ഉയർന്നു എന്ന വിമർശനത്തെ തുടർന്ന് ദോഹയിൽ വച്ച് 2001 ൽ ചേർന്ന ലോകവ്യാപാരസംഘടനയുടെ മന്ത്രിതല സമ്മേളനത്തിൽ ചില ഇളവുകൾ അനുവദിച്ചിരുന്നു. നിർബന്ധിത ലൈസൻസിംഗ് പ്രകാരം പേറ്റന്റ് മരുന്നുകൾ ലഭ്യമാക്കാൻ അടിയന്തിര സാഹചര്യത്തിൽ നിർബന്ധിത ലൈസൻസിംഗ് പ്രയോഗിക്കാനുള്ള സ്വാതന്ത്ര്യം അംഗരാജ്യങ്ങൾക്ക് നൽകിയതാണ് അതിൽ പ്രധാനം. അതുകൊണ്ട് ദോഹതീരുമാനം ദോഹ വിട്ടുവീഴ്ച (Doha Flexibilities) എന്നറിയപ്പെടുന്നത്. എന്നാൽ വിവരകുത്തക നിയമം നടപ്പിലാക്കുന്നതോടെ ഫലത്തിൽ അടിയന്തിര സാഹചര്യത്തിൽ പോലും നിർബന്ധിത ലൈസൻസിംഗ് പ്രകാരം ജനറിക് മരുന്നുകൾ ഉല്പാദിപ്പിക്കാൻ കഴിയാതെവരുന്ന സാഹചര്യം സംജാതമാകും. കേന്ദ്രസർക്കാർ ദോഹ ഇളവുകൾ പ്രയോഗിച്ച് കോവിഡ് ചികിത്സക്കാവശ്യമായ വിലകൂടിയ റംഡസിവീർ മരുന്നിന്റെ കുറഞ്ഞവിലയ്ക്കുള്ള ജനറിക് പതിപ്പ് നിർബന്ധിത ലൈസൻസിംഗ് പ്രയോഗിച്ച് ഉല്പാദനം നടത്താൻ തയ്യാറായില്ല എന്ന വസ്തുതയും ഈ ഘട്ടത്തിൽ ഓർത്തിരിക്കേണ്ടതാണ്. അങ്ങനെ നോക്കുമ്പോൾ ഇന്ത്യ സർക്കാരിന്റെ ജനവിരുദ്ധ ഔഷധ നയത്തിനനുഗുണമായ മാറ്റങ്ങളാണ് സ്വതന്ത്ര വാണിജ്യക്കരാറിലൂടെ നടപ്പിലാക്കാൻ പോകുന്നതെന്ന് പറയേണ്ടിവരും.

പേറ്റന്റ് നിയമത്തിൽ വരുത്തേണ്ട മാറ്റങ്ങൾ നിർദ്ദേശിച്ചുകൊണ്ട് 2004 ൽ പാർലമെന്റിൽ അവതരിപ്പിച്ച ബില്ലിൽ ട്രിപ്സ് കരാറിൽ ലോകവ്യാപാര സംഘടനയുടെ ദോഹയിൽ ചേർന്ന യോഗം 2001 ൽ അംഗീകരിച്ച ഇളവുകൾ അവഗണിക്കുകയാണ് ചെയ്തത്. അതുകൊണ്ട് ബില്ലിലെ വ്യവസ്ഥകളെ ട്രിപ്സിനേക്കാൾ കഠിനം എന്ന അർത്ഥത്തിൽ ട്രിപ്സ് പ്ലസ് (TRIPS Plus)എന്നാണ് ജനകീയാരോഗ്യ പ്രസ്ഥാനങ്ങൾ വിശേഷിപ്പിച്ചത്. പേറ്റന്റ് നൽകുന്നതിനുള്ള മാനദണ്ഡങ്ങൾ, ജീവരൂപങ്ങളുടെ പേറ്റന്റ്, നിർബന്ധിത ലൈസൻസ്, പേറ്റന്റപേക്ഷകളുടെ മേലുള്ള മുൻകൂർ എതിർപ്പവകാശം, 1995 നു ശേഷം പേറ്റന്റ് ചെയ്യപ്പെട്ട മരുന്നുകളുടെ വിപണനം, വികസ്വരരാജ്യങ്ങളിലേക്കുള്ള വിലകുറഞ്ഞ ഇന്ത്യൻ മരുന്നുകളുടെ കയറ്റുമതിയുടെമേലുള്ള നിയന്ത്രണം, എന്നിവയെ സംബന്ധിച്ച് ഇടത് എം പിമാർ ആശങ്ക പ്രകടിപ്പിച്ചിരുന്നു. സർക്കാ‍ർ അവതരിപ്പിച്ച പേറ്റന്റ് ഭേദഗതി വ്യവസ്ഥകൾ എല്ലാം തന്നെ വിദേശ കമ്പനികൾക്ക് അനുകൂലവും ഇന്ത്യയിലേയും വികസ്വരരാജ്യങ്ങളിലേയും ജനങ്ങളെ പ്രതികൂലമായി ബാധിക്കുന്നവയുമാണ്.

സർക്കാർ അവതരിപ്പിച്ച ബില്ലിൽ 12 ഭേദഗതികൾ ഇടതുപാർട്ടികൾ നിർദ്ദേശിച്ചു. ചില മാറ്റങ്ങളോടെ സർക്കാർ മിക്കവാറും എല്ലാ നിർദ്ദേശങ്ങളും അംഗീകരിച്ചു. ഇതിലൂടെ ആവശ്യമായ അവസരങ്ങളിൽ പേറ്റന്റ് ചെയ്യപ്പെട്ട മരുന്നുകൾ കുറഞ്ഞ വിലയ്ക്ക് ഉല്പാദിപ്പിക്കാൻ സഹായിക്കുന്ന നിർബന്ധിതലൈസൻസിംഗ്, അനാവശ്യവും പ്രയോജനരഹിതവുമായ പേറ്റന്റുകൾ തടയുന്ന മുൻകൂർ എതിർപ്പവകാശം, 3(ഡി) വകുപ്പ് എന്നിവ പുതിയ നിയമത്തിൽ ചേർക്കാൻ ഇടതു പാർട്ടികളുടെ സമ്മർദം മൂലം കഴിഞ്ഞു. ട്രിപ്സ് ഭേദഗതി 1995 ലായിരുന്നു നടപ്പിലാക്കേണ്ടിയിരുന്നത്. അതിനു കഴിയാതിരുന്നതുമൂലം 1999 നുശേഷം പേറ്റന്റ് ചെയ്യപ്പെട്ട മരുന്നുകൾ മാർക്കറ്റ് ചെയ്യാൻ പേറ്റന്റെടുത്ത കമ്പനികൾക്ക് കുത്തകവിപണനാധികാരം നൽകിക്കൊണ്ടുള്ള വ്യവസ്ഥ 1999 ലെ ഒന്നാം ഭേദഗതിയിൽ ഉൾപ്പെടുത്തിയിരുന്നു. ഇത്തരം മരുന്നുകൾ വിലകുറച്ച് വിറ്റുവന്നിരുന്ന ഇന്ത്യൻ കമ്പനികൾക്ക് ഉല്പാദനം നിർത്തേണ്ടിവരികയും നിരവധി ജീവൻരക്ഷാ മരുന്നുകളുടെ വില കുതിച്ചുയരുകയും ചെയ്തു. വിദേശകമ്പനികളുടെ മരുന്നുകൾ പലതും ഇന്ത്യൻ കമ്പനികളുടെ മരുന്നുകളേക്കാൾ പത്തും ഇരുപതും ഇരട്ടി വിലയ്ക്കാണ് വിറ്റുവന്നിരുന്നത്. ഇടതുപാർട്ടികളുടെ ഇടപെടൽമൂലം ഈ നിയമത്തിൽ മാറ്റം വരുത്തുകയും പേറ്റന്റെടുത്ത കമ്പനിക്ക് ന്യായമായ റോയൽറ്റി (Reasonable Royalty)നൽകിക്കൊണ്ട് തുടർന്നും തങ്ങളുടെ മരുന്നുകൾ ഉല്പാദിപ്പിക്കാൻ ഇന്ത്യൻ കമ്പനികളെ അനുവദിച്ചു. ജീവരൂപങ്ങളുടെ പേറ്റന്റ് (Patenting of Life Forms) അനുവദിക്കാൻ പാ‍ടില്ല, പേറ്റന്റ് ചെയ്യപ്പെടുന്ന പുതിയ മരുന്നുകൾക്ക് (New Chemical Entities) വ്യക്തമായ നിർവചനം നൽകണം എന്നീ നിർദ്ദേശങ്ങൾ വിദഗ്-ധസമിതിയുടെ പരിഗണനയ്-ക്ക് വിടാനും സർക്കാർ തയ്യാറായി.

ഇലക്ടറൽ ബോണ്ടും 
മരുന്നുകമ്പനികളും ഇലക്ടറൽ ബോണ്ടിലൂടെ വിവിധ മരുന്നുകമ്പനികൾ ബിജെപിക്ക് നൽകിയ സംഭാവനയുടെ കണക്കുകൾ ലഭ്യമായി തുടങ്ങിയിട്ടുണ്ട്. ഇതുവരെ 35 കമ്പനികൾ നൽകിയ 1000 കോടി രൂപയുടെ വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ഇലക്-ടറൽ ബോണ്ട് വാങ്ങിയ ഏഴു കമ്പനികൾ ഗുണനിലവാരം കുറഞ്ഞ മരുന്നുകൾ മാർക്കറ്റ് ചെയ്തതിന്റെ പേരിൽ അന്വേഷണം നേരിടുന്ന കമ്പനികളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. മരുന്നുകമ്പനികൾ ഇലക്-ടറൽ ബോണ്ടിലൂടെ സംഭാവന നൽകിയെന്നതിനേക്കാൾ അത് നൽകിയ സമയവും സന്ദർഭവും ശ്രദ്ധിക്കേണ്ടതാണ്. ഡോ റെഡ്ഡീസ് ലാബിൽ 2023 നവംബർ 13 നു ഇൻകംടാക്സ് റെയ്ഡ് നടക്കുന്നു. നവംബർ 17 നു തന്നെ അവർ ഇലക്-ടറൽ ബോണ്ട് വാങ്ങി നൽകി. ഇതുപോലെ മൈക്രോലാബ്, ഹെറ്ററോ ഡ്രഗ്സ് തുടങ്ങിയ കമ്പനികളും ഇൻകം ടാക്സ് റെയ്ഡിനെ തുടർന്നാണ് ഇലക്-ടറൽ ബോണ്ടിൽ പണം നിക്ഷേപിച്ചത്. മാത്രമല്ല ടോറന്റ് കമ്പനി 2024 ജനുവരി 13 നു നടത്തിയ 78 കോടി രൂപയുടെ ഇലക്-ടറൽ ബോണ്ട് നിക്ഷേപത്തെത്തുടർന്ന് അവരുടെ അനുബന്ധ കമ്പനിയായ ടോറന്റ് പവറിനു പ്രധാനമന്ത്രിയുടെ കുസും പദ്ധതിയുടെ 1640 കോടി രൂപയുടെ ടെൻഡർ ലഭിക്കുന്നു. ഇൻകംടാക്സ് റെയ്-ഡുകളിലൂടെ സമ്മർദ്ദം ചെലുത്തിയാണ്- മരുന്നുകമ്പനികളിൽ നിന്നും തിരഞ്ഞെടുപ്പ് ഫണ്ട് ബിജെപി സ്വരൂപിച്ചതെന്ന് വ്യക്തം. അവശ്യമരുന്നുകൾക്ക് വിലവർധിപ്പിച്ചും സ്വതന്ത്രവിപണി കരാറിലൂടെ നിലവിലുള്ള പേറ്റന്റ് നിയമത്തിൽ വെള്ളം ചേർത്തും വൻകിട കമ്പനികളെ സഹായിക്കുന്ന കേന്ദ്രസർക്കാരിന്റെ നയങ്ങൾക്കുപിന്നിൽ ഇലക്-ടറൽ ബോണ്ടു വഴിയുള്ള തിരഞ്ഞെടുപ്പ് ഫണ്ട് പിരിവും പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്നാണു മനസ്സിലാക്കാൻ കഴിയുന്നത്.

വിവിധ മരുന്നുകമ്പനികൾ 
ഇലക്ടറൽ ബോണ്ടിലൂടെ നൽകിയ സംഭാവനകൾ:
നാറ്റ് കോ ഫാർമ 57 കോടി രൂപ, ഡിവിസ് ലാബ് 55 കോടി രൂപ, അരവിന്ദോ ഫാർമ 52 കോടി രൂപ, സിപ്ല 38 കോടി, രൂപ പിരമൽ ഫാർമ 35 കോടി രൂപ, സൺ ഫാർമ 32 കോടി രൂപ, സൈഡസ് ഹെൽത്ത് കെയർ 29 കോടി രൂപ, എം എസ് എൻ ഫാർമ 26 കോടി രൂപ, മാൻ കൈൻ്റ് ഫാർമ 24 കോടി രൂപ, ഇന്റാസ് ഫാർമ 20.
ഇന്ത്യയിലിപ്പോൾ 1.8 ലക്ഷം കോടിയുടെ ഔഷധ ഉല്പാദനമാണ് നടക്കുന്നത്. അതുവച്ച് നോക്കുമ്പോൾ തങ്ങളുടെ ആസ്തിയുടെ വളരെ തുച്ഛമായ ഭാഗം ഭരണകക്ഷിക്ക് നൽകിയാണ് ഇന്ത്യൻ ജനതയെ ദുരിതത്തിലാഴിത്തി വലിയ സാമ്പത്തിക നേട്ടങ്ങൾ മരുന്ന് കമ്പനികൾ കൈവരിച്ചുകൊണ്ടിരിക്കുന്നത്. ഒരു കാലത്ത് ഗുണമേന്മയുള്ള ജീവൻ രക്ഷാമരുന്നുകൾ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കി “പാവപ്പെട്ടവരുടെ മരുന്നു കട” എന്നറിയപ്പെട്ടിരുന്ന ഇന്ത്യൻ ഔഷമേഖലയുടെ ഇന്നത്തെ ദു:സ്ഥിതിക്കെതിരെ ശക്തമായ ജനമുന്നേറ്റം ഉയർന്നുവരേണ്ടതാണ്.

ഇടത് പാർട്ടികളുടെ പാർലമെന്റിലെ സാന്നിധ്യംമൂലം കേന്ദ്രസർക്കാരിന്റെ പല ജനവിരുദ്ധ ആരോഗ്യ നയങ്ങളുടെയും ആഘാതം കുറയ്ക്കാൻ കഴിഞ്ഞു. എന്നുമാത്രമല്ല ജനകീയമായ ആരോഗ്യനയങ്ങൾ പാർലമെന്റിലും ഇന്ത്യൻ ജനതക്ക് മുൻപിലും അവതരിപ്പിക്കാനും കഴിഞ്ഞു വരുന്നുണ്ട്. ഇന്ത്യൻ പാർലമെന്റിൽ ഇടത് പാർട്ടികളുടെ സാന്നിധ്യം ഇന്ന് രാജ്യം നേരിടുന്ന ഗുരുതരമായ പ്രതിസന്ധികളുടെ സാഹചര്യത്തിൽ അനിവാര്യമാണെന്നാണ് ആരോഗ്യമേഖല നേരിടുന്ന പ്രശ്നങ്ങൾ വ്യക്തമാക്കുന്നത്.

ദേശീയ 
ആരോഗ്യ നിലവാരം ശോചനീയം
റ്റവും അവസാനത്തെ കണക്കുപ്രകാരം ഇന്ത്യയിലെ ശിശുമരണ നിരക്ക് 1000 ത്തിനു 28 ആണ്. കേരളത്തിൽ അത് 1000 ത്തിനു 6 ആണെന്ന് ഓർക്കുക. അതായത് ഇന്ത്യയിൽ ഓരോ വർഷവും ജനിക്കുന്ന 2.5 കോടി കുഞ്ഞുങ്ങളിൽ 7 ലക്ഷം പേർ അവരുടേതല്ലാത്ത, തടയാവുന്ന കാരണങ്ങളാൽ മരണപ്പെടുന്നു. 25,000 അമ്മമാർ പ്രസവസംബന്ധിയായ കാരണങ്ങളാൽ ഓരോ വർഷവും മരിക്കുന്നു. മാതൃമരണനിരക്ക് കേരളത്തിൽ വികസിത രാജ്യങ്ങൾക്ക് തുല്യമായ 19 ആണ് (ഒരു ലക്ഷം മാതാക്കളിൽ) ഇന്ത്യയിൽ അത് 103 ആണ്!

ഇന്ത്യയിൽ സ്ത്രീ-– പുരുഷ അനുപാതം 1000 പുരുഷന്മാർക്ക് 943 സ്‌ത്രീകൾ എന്നതാണ്. എന്നാൽ കേരളത്തിൽ സ്ത്രീ-–പുരുഷ അനുപാതം 1000 പുരുഷന്മാർക്കു 1084 സ്ത്രീകൾ എന്നതാണ്. ദേശീയ കുടുംബ ആരോഗ്യ സർവേ പ്രകാരം ഇന്ത്യയിൽ 57 ശതമാനം സ്ത്രീകളിൽ രക്തക്കുറവ് കാണപ്പെടുന്നു. കുട്ടികളിൽ ഗുരുതരമായ പോഷകാഹാരക്കുറവ് മൂലമുണ്ടാകുന്ന പൊക്കക്കുറവും (Stunting 35.5%) ശരീര ശേഷിക്കുറവും ( Wasting 27%) കാണപ്പെടുന്നുണ്ട്. ഗർഭകാല പോഷണ പ്രശ്നങ്ങൾ കാരണം ജന്മനാ തൂക്കക്കുറവുമായാണ് 25.2 ശതമാനം കുട്ടികൾ ജനിക്കുന്നത്. പ്രതിദിനം 2 ഡോളർ വരുമാനം ലഭിക്കാത്ത ദാരിദ്ര്യ രേഖക്കുതാഴെ 23 ശതമാനം ജനങ്ങൾ ജീവിക്കുന്ന നാടാണ് ഇന്ത്യ.

സാർവത്രിക 
ആരോഗ്യപരിരക്ഷ 
അപര്യാപ്തം
ല്ലാവർക്കും ആരോഗ്യ പരിക്ഷ നല്കുന്നതിനുപകരം ആരോഗ്യ ഇൻഷ്വറൻസ് മാതൃക നടപ്പാക്കാനാണ് മോദി സർക്കാർ ശ്രമിക്കുന്നത്. അമേരിക്കയിൽ ഉൾപ്പെടെ പരാജയപ്പെട്ട ഈ മോഡൽ ഇന്ത്യൻ സാഹചര്യങ്ങൾക്ക് ഒട്ടും അനുയോജ്യമല്ല. സെലക്ടീവ് ആയി വളരെ കുറച്ചുപേർക്ക് മാത്രമായി സർക്കാർ സഹായം പരിമിതപ്പെടുത്തുമ്പോൾ വലിയ ഒരു ശതമാനം ജനങ്ങൾ സുരക്ഷാ സംവിധാനത്തിന് പുറത്താവുകയും രോഗാതുരത വർദ്ധിക്കുകയും, പകർച്ചാവ്യാധികൾ നിയന്ത്രണാതീതമാവുകയും ചെയ്യുന്നു. താരതമ്യേന കുറഞ്ഞചെലവിൽ മതിയായചികിത്സ ആവശ്യമുള്ള സമയത്ത് നൽകാൻ കഴിയണം. അല്ലെങ്കിൽ തുടക്കത്തിൽതന്നെ ചികിൽസിച്ച് നിയന്ത്രിക്കാൻ കഴിയുന്ന പ്രമേഹം, രക്താതിമർദ്ദം തുടങ്ങിയ രോഗങ്ങൾ മൂർച്ഛിക്കാനും അന്ധത, ഹൃദയാഘാതം, പക്ഷാഘാതം, വൃക്കയുടെ തകർച്ച തുടങ്ങിയ ഗുരുതരാവസ്ഥകളിലേക്ക് നയിക്കപ്പെടാനുമിടയാകും.

പ്രഹസനമാകുന്ന സ്വച്‌ഛ് ഭാരത് മിഷൻ

ഹാത്മാ ഗാന്ധിയുടെ പേരിൽ 2014-ൽ ആരംഭിച്ച ഒരു സർക്കാർ പരിപാടി ആയിരുന്നു സ്വച്ഛ് ഭാരത്. പ്രധാനമന്ത്രി അഭിമാന പദ്ധതിയായി ഉയർത്തിക്കാട്ടിയ ഈ പദ്ധതിയിലേക്ക് ഫണ്ടുകൾ ഒഴുകിയെത്തി. ലോകബാങ്കിൽ നിന്നും 250 ലക്ഷം ഡോളർ കടമെടുത്തു. പെട്രോൾ-–ഡീസൽ വിലവർദ്ധനയ്ക്ക് ന്യായീകരണം ഈ പദ്ധതിയായിരുന്നു. എല്ലാവർക്കും കക്കൂസുകൾ (ശൗചാലയങ്ങൾ) നൽകാൻ ലക്ഷ്യമിട്ട പദ്ധതി ഓരോ വർഷവും ലക്ഷ്യങ്ങൾ പൂർത്തിയാക്കി എന്ന് കണക്കുകൾ നിരത്തി സർക്കാർ പ്രചരിപ്പിച്ചിരുന്നു. 2019 ഒക്ടോബർ 2 ന് പ്രധാനമന്ത്രി പദ്ധതി 100 ശതമാനം വിജയിച്ചതായും ഇന്ത്യ ഒ.ഡി.എഫ് (ODF–-Open Defecation Free) രാജ്യമായി അതായത് എല്ലാവർക്കും സ്വന്തമായി ശൗചാലയമുള്ള, ആരും പൊതുസ്ഥലത്ത് വെളിക്കിരിക്കാത്ത രാജ്യമായി മാറിയതായി പ്രഖ്യാപനം നടത്തി. വലിയ നേട്ടമായാണിതിനെ മാധ്യമങ്ങൾ ആഘോഷിച്ചത്. എന്നാൽ ദേശീയ കുടുംബാരോഗ്യ പഠനത്തിൽ (NFHS) യഥാർത്ഥ വസ്തുതകൾ പുറത്തുവന്നു. ശാസ്ത്രീയമായി നടത്തിയ സർവ്വേ പഠന പ്രകാരം ഇന്ത്യയിൽ 19 ശതമാനം വീടുകളിൽ ശൗചാലയമില്ല എന്നാണ് കണ്ടെത്തിയത്. മാത്രമല്ല തൊട്ടുമുമ്പത്തെ സർവേയെ അപേക്ഷിച്ച് കുട്ടികളിലെ വിളർച്ച രോഗം (അനീമിയ) 58 ശതമാനത്തിൽ നിന്നും 67 ശതമാനമായി വർദ്ധിച്ചിട്ടുണ്ട് എന്നും കണ്ടെത്തി. സമാനമായ വർദ്ധനവ് സ്ത്രീകളുടെയും പുരുഷൻമാരുടെയും കാര്യത്തിലും കാണാൻ കഴിഞ്ഞു. 2023 ആകുമ്പോഴേക്കും അനീമിയ 18 ശതമാനം കുറയ്ക്കും എന്നായിരുന്നു സർക്കാർ വാഗ്‌ദാനം. എന്നാൽ അത് പാലിക്കപ്പെട്ടില്ല എന്നുമാത്രമല്ല ആരോഗ്യസ്ഥിതി കൂടുതൽ വഷളാകുകയുമാണ‍്. 98 ശതമാനം കുടുംബങ്ങളും എൽ.പി.ജി ഉപയോഗിക്കുന്നു എന്നാണ് സർക്കാരിന്റെ അവകാശവാദം. എന്നാൽ 58 ശതമാനം പേർ മാത്രമേ എൽപിജി ഉപയോഗിക്കുന്നുള്ളൂ എന്നാണ് പഠനം കണ്ടെത്തിയത്. ഈ വസ്തുതകൾ സർക്കാർ അവകാശവാദങ്ങൾക്ക് തിരിച്ചടിയാകും എന്ന് മനസ്സിലാക്കിയ സർക്കാർ ഇത് സംബന്ധിച്ച് ശേഖരിച്ച വിവരങ്ങൾ തിരുത്താൻ സമ്മർദ്ദം ചെലുത്തി. പക്ഷേ സ്‌ഥാപനത്തിന്റെ ഡയറക്ടറും ശാസ്ത്രജ്ഞനുമായ കെ.എസ് ജെയിംസ് സമ്മർദ്ദങ്ങൾക്ക് വഴങ്ങിയില്ലെന്നു മാത്രമല്ല സമയത്തുതന്നെ പഠനഫലം പ്രസിദ്ധീകരിക്കുകയും ചെയ്തു. അടുത്ത ദിവസം തന്നെ ജീവനക്കാരെ നിയമിച്ചതിൽ അഴിമതി കാണിച്ചു, സംവരണം പാലിച്ചില്ല തുടങ്ങിയ വ്യാജ ആരോപണങ്ങളുന്നയിച്ച് അദ്ദേഹത്തെ സസ്‌പെൻഡ് ചെയ്തു. അവസാനം അദ്ദേഹത്തിന് ഡയറക്ടർ സ്ഥാനവും ജോലിയും രാജിവെക്കേണ്ടി വന്നു.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

three + fifteen =

Most Popular