ശമ്പളത്തിനും പെൻഷനുമായി കേരളം വൻ തുക ചെലവാക്കുന്നു; അത് വരുമാനത്തിന്റെ വലിയൊരു പങ്ക് കവർന്നെടുക്കുന്നു എന്നാണ് ഇടതുപക്ഷ വിരുദ്ധർ പൊതുവെയും ബിജെപി വിശേഷിച്ചും പ്രചരിപ്പിക്കുന്നത്.
Big Government is out of fashion എന്ന് പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന ലോക ബാങ്കിന്റെ തീട്ടൂരങ്ങൾ നടപ്പാക്കിപ്പോരുന്ന ബിജെപി സമസ്ത മേഖലകളിൽ നിന്നും തടിയൂരുകയും എല്ലാം സ്വകാര്യവൽക്കരിക്കുകയുമാണല്ലോ. ബിസിനസ് നടത്തലല്ല സർക്കാറിന്റെ ബിസിനസ് എന്ന മാർഗററ്റ് താച്ചറുടെ പ്രയോഗം അതേപടി നടപ്പാക്കുന്ന മോഡി, പട്ടാളത്തിൽ പോലും താൽക്കാലികവൽക്കരണം നടപ്പാക്കുകയാണല്ലോ. ലക്ഷക്കണക്കിന് ഒഴിവുകൾ നികത്താതെ അമിത ജോലിഭാരം അടിച്ചേൽപ്പിക്കുന്ന ഇക്കൂട്ടർക്ക്, കൃത്യമായി ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്തവർക്കെതിരെ നടപടി എടുക്കണമെന്ന് നിർദേശിക്കുന്ന സംസ്ഥാന സർക്കാർ കണ്ണിലെ കരടാവാതെ തരമില്ല. അതുകൊണ്ടാണ് ഈ ദുഷ്പ്രചാരണം.
യഥാർത്ഥത്തിൽ എന്തിനുവേണ്ടിയാണ് ശമ്പളച്ചെലവ് ?
നമ്മുടെ കുട്ടികളെ പഠിപ്പിക്കുന്ന അധ്യാപകരുടെ സേവനത്തിന്.
അമ്മമാരുടെ ആരോഗ്യ പരിരക്ഷയ്-ക്കെത്തുന്ന ആരോഗ്യ പ്രവർത്തകരുടെ ശമ്പളത്തിന്, ക്രമസമാധാനം ഉറപ്പുവരുത്താൻ നിയോഗിക്കപ്പെടുന്ന സേനാ വിഭാഗത്തിന്റെ ചെലവിന്!
പക്ഷേ ആ ശമ്പളത്തിന്റെ ആനുകൂല്യം ഏറ്റവും കൂടുതൽ അനുഭവിക്കുന്നത് ഇങ്ങനെ കുറ്റപ്പെടുത്തുന്നവർ തന്നെയാണ് എന്നതാണ് വിചിത്രം. സിവിൽ സർവീസ് വെട്ടിച്ചുരുക്കിയാൽ വല്ലാതെ മെലിയുക അതിനു പ്രേരിപ്പിക്കുന്നവരുടെ പണസഞ്ചി തന്നെയാണ് !
കേട്ടോളൂ കഥ:
2023-–24 കാലത്ത് 15,09,23,00,347 രൂപയാണ് കേരള സർക്കാർ തങ്ങളുടെ ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് ഇൻകം ടാക്സ് പിടിച്ച് യൂണിയൻ ഗവൺമെന്റിലേക്ക് അടച്ചത്.
ഇത് ഫെബ്രുവരിയിലെ കണക്കാണ്. 1509 കോടി 23 ലക്ഷം രൂപ ! മാർച്ചവസാനമായാൽ തുക ഇനിയും കൂടും.
എന്നിട്ടാണ് സിവിൽ സർവീസിനു വേണ്ടി ചെലവാക്കുന്ന കാശിനെപ്പറ്റി ഇക്കൂട്ടർ ഓരിയിട്ടുകൊണ്ടിരിക്കുന്നത്! ♦