കേരളത്തിലെ തൊഴിലുറപ്പ് കൂലി നന്നേ കുറവാണ് എന്ന ഒരു പ്രചാരണവുമായി വന്നിരിക്കുകയാണ് ചിലർ. കർഷക തൊഴിലാളികളേ ക്കാൾ 431.3 രൂപ കുറവേ കിട്ടൂ തൊഴിലുറപ്പ് കൂലി എന്ന് കേട്ട് ഞെട്ടേണ്ട.
ഗുജറാത്തിൽ കർഷകത്തൊഴിലാളിയേക്കാൾ തൊഴിലുറപ്പ് തൊഴിലാളിക്ക് കൂലി കൂടുതൽ കിട്ടുന്നുവെന്ന് കാവിപ്പട തട്ടിവിടാൻ സാധ്യതയുണ്ട്. അത് നേരാണ് താനും. കാര്യങ്ങളുടെ നിജസ്ഥിതി അറിയാൻ തൊഴിലുറപ്പ് കൂലിയെക്കുറിച്ച് പാർവതി വേണുവും ജയന്ത് പങ്കജും ചേർന്ന് എഴുതിയ ബിസിനസ് ലൈൻ ലേഖനം (28.3 .24) നോക്കുക. വിശദ വിവരങ്ങൾ കിട്ടും.
375 രൂപയാണ് പാർലമെന്റിന്റെ സ്റ്റാന്റിങ് കമ്മിറ്റി നിർദേശിച്ച മിനിമം കൂലിയെങ്കിലും ഒരു സംസ്ഥാനത്തും അത് നടപ്പായിട്ടില്ല. 300 രൂപയിൽ കൂടുതൽ കൂലി നൽകുന്ന സംസ്ഥാനങ്ങൾ ഹരിയാന (357), കർണാടകം (349), കേരളം(346), പഞ്ചാബ് (322), തമിഴ്നാട് (319) എന്നിവ മാത്രമാണ്.
ഏറ്റവും കുറഞ്ഞ കൂലി നൽകുന്നത് ഉത്തരാഖണ്ഡും (237) ഉത്തർപ്രദേശും (237) ത്രിപുരയു (242)മാണ്. ഗുജറാത്ത് ഒഴികെ മറ്റെല്ലാ സംസ്ഥാനങ്ങളിലും കർഷകത്തൊഴിലാളികളുടെ കൂലിയിലും നന്നേ കുറവാണ് തൊഴിലുറപ്പ് കൂലി. അവിടെ 14 രൂപ കൂടുതലാണ് തൊഴിലുറപ്പ് കൂലി. ഇത് കൂടാൻ കാരണം കർഷകത്തൊഴിലാളികളുടെ കൂലി അത്രകണ്ട് താഴെയായതുകൊണ്ടുതന്നെ. അവിടെ കർഷകത്തൊഴിലാളിയുടെ കൂലി വെറും 242 രൂപയാണ്. അതിലും വലുതാണല്ലോ 256.
മധ്യപ്രദേശിൽ തൊഴിലുറപ്പ് കൂലി വെറും 221 രൂപയാണ്. 8 രൂപ കൂടുതൽ കിട്ടുന്ന കർഷകത്തൊഴിലാളിയുടെ കൂലി 229.2 രൂപ! ബീഹാറിൽ കർഷകത്തൊഴിലാളിക്ക് 308.7 രൂപ കിട്ടുമ്പോൾ തൊഴിലുറപ്പ് കൂലി 228 മാത്രം!
കേരളത്തിലെ കർഷകത്തൊഴിലാളികൾക്ക് കിട്ടുന്ന കൂലി 764.3 രൂപയാണ്. അതിലും 431.3 രൂപ കുറവാണ് സ്വാഭാവികമായും ഇവിടെ തൊഴിലുറപ്പ് കൂലി.
രാജ്യത്ത് കൂടുതൽ തൊഴിലുറപ്പ് കൂലി നൽകുന്നതിൽ മൂന്നാം സ്ഥാനത്താണ് കേരളം. മധ്യപ്രദേശിനേക്കാൾ 112 രൂപ കൂടുതലാണത്. ബീഹാറിനേക്കാൾ 105 രൂപ കൂടുതൽ! ആദിത്യനാഥിന്റെ യു.പിയേക്കാൾ 103 രൂപ കൂടുതൽ. സാക്ഷാൽ മോദിയുടെ ഗുജറാത്തി നേക്കാൾ 77 രൂപ കൂടുതൽ!
തൊഴിലുറപ്പ് കൂലിയും തൊഴിൽ ദിനങ്ങളും കൂട്ടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംയുക്ത ട്രേഡ് യൂണിയൻ പ്രസ്ഥാനവും കിസാൻ സംയുക്ത മോർച്ചയും ആവശ്യമുയർത്തുന്ന ഒരു കാലത്ത്, അതിനു പുറംതിരിഞ്ഞു നിൽക്കുന്ന സംഘപരിവാറുകാർ ഗുജറാത്തിലെ കൂലിക്കൂടുതലിന്റെ പൊള്ളപ്രചാരണവുമായി രംഗത്തിറങ്ങിയിരിക്കുകയാണ്. ♦