2014ലെ ബിജെപിയുടെയും മോദിയുടെയും മുഖ്യവാഗ്ദാനങ്ങളിലൊന്ന് സ്വാമിനാഥൻ കമ്മീഷൻ ശുപാർശ പ്രകാരമുള്ള മിനിമം താങ്ങുവില നൽകുമെന്നാണ്. അതായത്, ഓരോ ഉൽപ്പന്നത്തിനും ഉൽപ്പാദനച്ചെലവിനു പുറമെ 50% അധികവും ചേർത്തുള്ള തുക. മൊത്തം ചെലവിൽ കുടുംബാംഗങ്ങളുടെ അധ്വാനവും തറവാടകയും ചെലവാക്കിയ പണത്തിനുള്ള തുകയും ഇതിൽ ചേർന്നിട്ടുണ്ട്. അതാണ് C2+50%.
എന്നാൽ അധികാരത്തിലെത്തിയ മോദി ഗവൺമെന്റ് C2 വിനുപകരം A2 + FL എന്നാക്കി മാറ്റി. അതായത് പണമായി ചെലവാക്കിയ തുകയ്ക്കു പുറമേ കുടുബാംഗങ്ങളുടെ അധ്വാനം മാത്രമേ ഇതിനായി കണക്കാക്കുന്നുള്ളൂ. തറവാടകയും പണമായി ചെലവാക്കിയ തുകയുടെ പലിശയും മിക്ക വിളകളിലും ഇത് C2 ചെലവുകളേക്കാൾ കുറവായിരിക്കും. അങ്ങനെ യഥാർഥത്തിൽ ലഭിക്കേണ്ട മിനിമം താങ്ങുവിലയിൽ കള്ളക്കളി നടത്തിയിരിക്കുകയാണ് മോദി സർക്കാർ.
എന്നാൽ കാർഷികോൽപ്പാദന വിലനിർണയ കമ്മീഷൻ ഓരോ സംസ്ഥാനത്തെയും യഥാർഥ ചെലവുപോലും കണക്കിലെടുക്കാതെ മിനിമം താങ്ങുവില കണക്കാക്കാൻ അഖിലേന്ത്യാ ശരാശരിയാണ് ഉപയോഗിക്കുന്നത്. ഇതനുസരിച്ച് ആന്ധ്രാപ്രദേശ്, ബിഹാർ, കർണാടകം, കേരളം, മഹാരാഷ്ട്ര, പഞ്ചാബ് എന്നിവിടങ്ങളിൽ നെല്ലിന് കണക്കാക്കപ്പെട്ട താങ്ങുവില അഖിലേന്ത്യാ ശരാശരിയെക്കാൾ അധികമാണ്. നെല്ലിന്റെ ഇതുപ്രകാരമുള്ള മിനിമം താങ്ങുവില ക്വിന്റലിന് 2,866.5 രൂപയാണ്. എന്നാൽ മിനിമം താങ്ങുവില കേന്ദ്ര സർക്കാർ നിശ്ചയിച്ചത് ക്വിന്റലിന് 2,183 രൂപ മാത്രവും. C2 ഉൽപ്പാദനച്ചെലവായി കണക്കാക്കുകയാണെങ്കിൽ മിനിമം താങ്ങുവില ക്വിന്റലിന് 3,208.5 രൂപയാണ്. ഈ രണ്ടു കണക്കുപ്രകാരവും നോക്കിയാൽ കർഷകന് യഥാക്രമം ക്വിന്റലിന് 683.5 രൂപയുടെയും 1025.5 രൂപയുടെയും നഷ്ടം ഉണ്ടാകും. പരുത്തിക്ക് കാർഷികോൽപ്പാദന വിലനിർണയ കമ്മീഷൻ കണക്കനുസരിച്ച് ക്വിന്റലിന് 8,679 രൂപ മിനിമം താങ്ങുവില നൽകണം. എന്നാൽ കേന്ദ്ര സർക്കാർ നിശ്ചയിച്ചതാകട്ടെ ക്വിന്റലിന് 6,620 രൂപയും. അപ്പോൾ കർഷകന് നഷ്ടപ്പെടുന്നത് ക്വിന്റലിന് 2,599 രൂപ. ഈ നഷ്ടം ഓരോ സംസ്ഥാനത്തും വ്യത്യസ്തമായിരിക്കും.
2011ൽ റബറിന് കിലോയ്ക്ക് കർഷകർക്ക് ലഭിച്ച വില 230 രൂപ. ഇപ്പോഴത് 150 രൂപയായി കുറഞ്ഞിരിക്കുന്നു. എന്നാൽ കേരളത്തിൽ ഇത് 180 രൂപയാണ്. ♦