Tuesday, April 30, 2024

ad

Homeപ്രതികരണംരാജ്യത്ത് സമാധാനവും ക്ഷേമവും പുലരാൻ എൽഡിഎഫ് വിജയിക്കണം

രാജ്യത്ത് സമാധാനവും ക്ഷേമവും പുലരാൻ എൽഡിഎഫ് വിജയിക്കണം

പിണറായി വിജയൻ

രാജ്യമാകെ തിരഞ്ഞെടുപ്പ് പ്രചരണം ശക്തമായിക്കഴിഞ്ഞു. ഇന്ത്യയ്ക്കും ഇന്ത്യൻ ജനതയ്ക്കും നിർണ്ണായകമാണ് ഈ ലോക-്സഭ തിരഞ്ഞെടുപ്പ്.

രാജ്യത്തിന്റെ അടിസ്ഥാനഘടനയെ അട്ടിമറിക്കുന്നു
രാജ്യത്തിന്റെ അടിസ്ഥാന ഘടന തന്നെ അട്ടിമറിക്കുകയാണ് പത്തുവര്‍ഷമായി തുടരുന്ന ബിജെപി ഭരണം. ഭരണഘടനാ മൂല്യങ്ങളായ മതനിരപേക്ഷതയും ജനാധിപത്യവും ഫെഡറലിസവും സമത്വ സങ്കല്പവും എല്ലാം തകർക്കാനാണ് അവർ ശ്രമിക്കുന്നത്. ന്യൂനപക്ഷ വിഭാഗങ്ങള്‍ വ്യാപകമായി ആക്രമിക്കപ്പെടുന്നു. ക്രൈസ്തവ സഹോദരങ്ങള്‍ പിടഞ്ഞുമരിച്ച മണിപ്പൂര്‍ ഇന്ത്യയുടെ നോവായി മാറി. ബിജെപി നേതൃത്വം നൽകുന്ന ഇടങ്ങളിലെല്ലാം മുസ്ലീം സഹോദരങ്ങൾ ക്രൂരമായി ആക്രമിക്കപ്പെടുന്നു. അവരുടെ വീടുകളും ആരാധാനാലയങ്ങളും തകർക്കപ്പെടുന്ന ബുൾഡോസർ രാജാണ് ബിജെപി നടപ്പാക്കുന്നത്.

രാമക്ഷേത്ര പ്രതിഷ്ഠയെന്ന മതപരമായ ചടങ്ങിനെ സർക്കാർ പരിപാടിയാക്കി മാറ്റി. മതത്തെ രാഷ്ട്രീയവല്‍ക്കരിക്കുകയും രാഷ്ട്രീയത്തെ മതവല്‍ക്കരിക്കുകയും ചെയ്യുന്നത് തുടർപ്രക്രിയയായി മാറി. ജനാധിപത്യത്തേയും അഭിപ്രായ സ്വാതന്ത്ര്യത്തേയും നോക്കുകുത്തിയാക്കി ഈ വർഗീയ ഭ്രാന്തിനെതിരെ ഉയരുന്ന സ്വരങ്ങളെയെല്ലാം അടിച്ചമർത്തുന്ന ഫാസിസ്റ്റ് പ്രവണത വളർത്തി.

എന്നാൽ അതേ സമയം സാധാരണ ജനങ്ങളുടെ ജീവിതം കടുത്ത ദുരിതത്തിലാഴ്ത്തുകയും ചെയ്തു. വർഗീയതയുടെ വിഷപ്പുകയിൽ ജനങ്ങളുടെ കാഴ്ച മറച്ചുകൊണ്ട് രാജ്യത്തിന്റെസമ്പത്ത് കോർപ്പറേറ്റ് കുത്തകകൾക്കായി തീറെഴുതി. പൊതുസ്വത്തും പൊതുമേഖലയും വിറ്റു തുലച്ചു. അസമത്വവും തൊഴിലില്ലായ്മയും എക്കാലത്തേക്കാളും വളർന്നു. ഗതികെട്ട കർഷക സമൂഹം തെരുവിലിറങ്ങിയെങ്കിലും അവരേയും നിഷ്കരുണം അടിച്ചമർത്തുന്നു. ജനജീവിതവും നാടിന്റെഐക്യവും സമാധാനവും ഇത്രമേൽ കഠിനമായ വെല്ലുവിളി നേരിട്ട മറ്റൊരു കാലമുണ്ടായിട്ടില്ല.

സാമ്രാജ്യത്വത്തിന്റെപ്രതിരോധമായി ഉയർന്നു വന്ന ഇന്ത്യൻ ദേശീയതയെ തകർക്കാൻ ബ്രീട്ടീഷുകാർ കണ്ടെത്തിയ എളുപ്പ വഴി നമ്മെ വർഗീയമായി വിഭജിക്കുക എന്നതായിരുന്നു. ബംഗാൾ വിഭജനമുൾപ്പെടെയുള്ള എണ്ണമറ്റ ഭരണപരമായ ഇടപെടലുകളിലൂടെ ഇന്ത്യൻ സമൂഹത്തിൽ വർഗീയത വളർത്തുന്നതിൽ അവർ ഏറെക്കുറെ വിജയിച്ചു. അതിന്റെ അന്ത്യം ഇന്ത്യയുടെ വിഭജനവും ലോകമനസ്സാക്ഷിയെ ഞെട്ടിച്ച കലാപങ്ങളുമായിരുന്നു. ഇന്നും ഉണങ്ങാത്ത മുറിവുകൾ സമ്മാനിച്ച ആ നയത്തിന്റെ തുടർച്ചയാണ് സാമ്രാജ്യത്വദാസരായ സംഘപരിവാറുകാർ നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാർ നടപ്പാക്കാൻ ശ്രമിക്കുന്നത്. അതിലെ ഏറ്റവും പുതിയ അദ്ധ്യായമാണ് പൗരത്വ ഭേദഗതി നിയമം (സി.എ.എ).

ലോക്-സഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് പൗരത്വഭേദഗതി നിയമത്തിന്റെ ചട്ടങ്ങൾ കുറച്ചു ദിവസങ്ങൾക്കു മുൻപ് കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്തത്. സർക്കാരിനെതിരെ ഉയരുന്ന ജനരോഷത്തെ ദുർബലപ്പെടുത്താൻ നല്ല ആയുധം വർഗീയതയാണെന്ന ബോധ്യമാണ് ഇതിനു പിന്നിലുള്ളത്. അസമത്വത്തിനും സാമ്പത്തിക പ്രതിസന്ധിയ്ക്കും ഫെഡറലിസം തകർക്കാനുള്ള കേന്ദ്ര സർക്കാർ നയങ്ങൾക്കുമെതിരെ ഉയരുന്ന പ്രതിഷേധങ്ങളെ തമസ്കരിക്കാനാണ് സി.എ.എ ഉൾപ്പെടെയുള്ള കരിനിയമങ്ങളിലൂടെ ബിജെപി സർക്കാർ ശ്രമിക്കുന്നത്.

സുപ്രീംകോടതിയിൽ നിന്ന് മോദി സർക്കാരിന് തുടർച്ചയായ തിരിച്ചടി
അക്കൂട്ടത്തിൽ അവരേറ്റവും പ്രതിരോധത്തിലായ വിഷയമാണ് രാജ്യം കണ്ട ഏറ്റവും വലിയ അഴിമതികളിലൊന്നായ ഇലക്ടറൽ ബോണ്ട് കുംഭകോണം. ഇലക്ടറൽ ബോണ്ട് ഭരണഘടനാവിരുദ്ധമാണെന്ന സുപ്രീം കോടതി വിധിക്ക് പുറകെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നപ്പോഴാണ് വലിയ കുംഭകോണത്തിന്റെ കഥകൾ പുറംലോകമറിയുന്നത്. എസ്ബിഐ പുറത്തു വിട്ട 2018 മാർച്ച് മുതൽ 2023 സെപ്തംബർ വരെയുള്ള കണക്കുകൾ പ്രകാരം 16,518 കോടി രൂപയുടെ ബോണ്ടുകൾ വിറ്റതിൽ 8,251.8 കോടി രൂപയും ബിജെപിക്കാണ് ലഭിച്ചത്. കോൺഗ്രസും മോശമാക്കിയിട്ടില്ല. 1,952 കോടി രൂപ സംഘടിപ്പിച്ച് അവർ രണ്ടാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്.

പദ്ധതികളുടെ കരാറുകൾ നേടിയെടുക്കാനും കേന്ദ്ര ഏജൻസികൾ വഴിയുള്ള അന്വേഷണങ്ങളിൽ നിന്ന് രക്ഷപ്പെടാനും തിരഞ്ഞെടുപ്പിൽ വേണ്ടപ്പെട്ടവരെ മത്സരിപ്പിക്കാനുമെല്ലാമാണ് കുത്തക ഭീമന്മാർ ഇലക്ടറൽ ബോണ്ടുകൾ വാങ്ങിക്കൂട്ടിയത്. അഴിമതിയെ നിയമവിധേയമാക്കുന്ന ഇലക്ടറൽ ബോണ്ട്‌ പദ്ധതിയുടെ നിയമസാധുത ചോദ്യംചെയ്‌ത് സുപ്രീം കോടതിയെ സമീപിച്ച ഏക രാഷ്ട്രീയ പാർട്ടി സിപിഐഎം ആയിരുന്നു. ഇലക്ടറൽ ബോണ്ടുവഴി തിരഞ്ഞെടുപ്പ് ഫണ്ട് സ്വീകരിക്കില്ല എന്ന ഉറച്ച നിലപാടും സിപിഐഎം കൈക്കൊള്ളുകയുണ്ടായി. ഇലക്ടറൽ ബോണ്ട്‌ ഭരണഘടനാ വിരുദ്ധമാണെന്ന സുപ്രീം കോടതി വിധി സിപിഐഎമ്മും സിപിഐയും ഉൾപ്പെടെയുള്ള ഇടതു രാഷ്ട്രീയ പാർട്ടികൾ എടുത്ത നിലപാടിനുള്ള അംഗീകാരമാണ്.

എന്നാൽ ഇലക്ടറൽ ബോണ്ട്‌ കേസ്‌, ഗവർണർമാരെ രാഷ്‌ട്രീയ പാവകളാക്കിയതിനെതിരായ കേസുകൾ, പിഐബിയുടെ സെൻസർഷിപ്പ് നീക്കം തുടങ്ങിയവയിൽ സുപ്രീംകോടതിയിൽ കേന്ദ്രം വൻ തിരിച്ചടി നേരിട്ടതോടെ പ്രതിപക്ഷസഖ്യത്തിലെ നേതാക്കൾക്കെതിരെ നീക്കം അവർ കൂടുതൽ ശക്തമാക്കി. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തത് അതിലെ പുതിയ അധ്യായമാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി എല്ലാ നിയമസഭാ തിരഞ്ഞെടുപ്പുകൾക്കും മുമ്പായി, ഭാരതീയ ജനതാ പാർട്ടിയുടെ രാഷ്ട്രീയ എതിരാളികൾക്ക് പിന്നാലെ സിബിഐയും ഇഡിയും പോകുന്നത് അവർ പതിവാക്കി മാറ്റിയിരുന്നു. ഇഡി രാഷ്ട്രീയക്കാർക്കെതിരെ ചുമത്തിയ കേസുകളിൽ 95 ശതമാനവും പ്രതിപക്ഷ നേതാക്കൾക്കും ജനപ്രതിനിധികൾക്കുമെതിരെയാണ്. കേന്ദ്ര ഏജൻസികളുടെ ഉപയോഗത്തിന്റെമറ്റൊരു ലക്ഷ്യം വിവിധ പ്രതിപക്ഷ പാർട്ടികളുടെ നേതാക്കളെ ബ്ലാക്ക്മെയിൽ ചെയ്ത് ബിജെപിയിലേയ്ക്ക് എത്തിക്കുക എന്നതാണ്. അങ്ങനെ ഭീഷണിപ്പെടുത്തിയതിന്റെ ഭാഗമായി കോൺഗ്രസിലെ തലമുതിർന്ന പല വലിയ നേതാക്കളും ബിജെപിയ്ക്കു മുൻപിൽ സാഷ്ടാംഗം കീഴടങ്ങി കാവിയണിയുന്നത് ഇന്നൊരു സാധാരണ കാഴ്ചയായി മാറിയിരിക്കുന്നു.

ഇന്ത്യ പാപ്പരീകരിക്കപ്പെടുന്നു
പാരീസ് ആസ്ഥാനമായ ‘വേൾഡ് ഇനിക്വാളിറ്റി ലാബ്’ -ന്റെ പുതിയ പഠനപ്രകാരം 2023 ആയപ്പോഴേയ്ക്കും ഇന്ത്യയിലെ ഒരു ശതമാനം വരുന്ന അതിസമ്പന്നരുടെ കൈകളിലേയ്ക്കാണ് രാജ്യത്തിന്റെവരുമാനത്തിന്റെ 22.6 ശതമാനവും പോകുന്നത്. ഇതു ലോകത്തു തന്നെ ഏറ്റവും കൂടുതലാണ്. രാജ്യത്തിന്റെ മൊത്തം സമ്പത്തിന്റെ 40 ശതമാനവും ഇതേ ഒരു ശതമാനം ആളുകളുടെ കൈവശമാണെന്നും പഠനം വെളിപ്പെടുത്തുന്നു.

ഇന്ത്യ സ്വതന്ത്രയായതിനു ശേഷം 1980കളുടെ ആദ്യ നാളുകൾ വരെ അസമത്വത്തിൽ കുറവുണ്ടായെങ്കിലും നിയോലിബറൽ മുതലാളിത്തത്തിന്റെ കടന്നു വരവോടെ 2000 തൊട്ടിങ്ങോട്ട് റോക്കറ്റ് പോലെ കുതിച്ചുയരുകയാണുണ്ടായത്. 2023 സാമ്പത്തിക വർഷത്തിൽ ആദ്യത്തെ ഒരു ശതമാനത്തിന്റെ ശരാശരി വാർഷിക വരുമാനം 53 ലക്ഷം രൂപയാണ്. ശരാശരി ഇന്ത്യക്കാരന്റെ വരുമാനത്തിന്റെ 23 ഇരട്ടിയാണ് ഈ തുക.

വരുമാനത്തിനെ മാനകമാക്കിയാൽ ഇന്ത്യൻ ജനതയുടെ അവസാനത്തെ 50 ശതമാനം പേരുടെ ശരാശരി വരുമാനം വെറും 71,000 രൂപയാണ്. അത് ഇന്ത്യയുടെ ശരാശരി വരുമാനത്തിന്റെ മൂന്നിലൊന്നിലും താഴെയാണ്. 92 കോടി മുതിർന്ന ഇന്ത്യക്കാരിലെ ഏറ്റവും സമ്പന്നരായ 9,223 പേരുടെ ശരാശരി വാർഷിക വരുമാനം 48 കോടി രൂപയാണ്. ശരാശരി ഇന്ത്യൻ വരുമാനത്തിന്റെ 2,069 ഇരട്ടിയാണ് ഇത്. ഓക്സ്ഫാം അല്പ നാളുകൾ മുൻപ് നടത്തിയ ഒരു പഠനം പറയുന്നത് ഒരു ദശാബ്ദത്തിനിടെ ശതകോടീശ്വരന്മാരുടെ സമ്പത്ത് ഏകദേശം 10 മടങ്ങ് വർദ്ധിക്കുകയും അവരുടെ മൊത്തം സമ്പത്ത് 2018–-19 സാമ്പത്തിക വർഷത്തിലെ ഇന്ത്യയുടെ മുഴുവൻ കേന്ദ്ര ബജറ്റിനേക്കാൾ കൂടുതലായിരിക്കുകയും ചെയ്തിരിക്കുന്നു എന്നാണ്. ധനികർ അതിവേഗം അതിധനികർ ആയിക്കൊണ്ടിരിക്കുമ്പോൾ ദരിദ്രർ അതിനേക്കാൾ വേഗത്തിൽ അതിദരിദ്രർ ആയിക്കൊണ്ടിരിക്കുന്നു.

കോർപ്പറേറ്റ് കുത്തകകൾക്ക് സമ്പത്ത് സമാഹരിക്കാനായി നയങ്ങളും നിയമവും നടപ്പാക്കുമ്പോൾ പാവപ്പെട്ട മനുഷ്യരെ പരിപൂർണ്ണമായി അവഗണിക്കുന്നു. അതിസമ്പന്നർക്ക് നികുതിയിളവു നൽകുന്ന ബിജെപി സർക്കാർ 2014-–15 നും 2022–-23 നും ഇടയ്ക്ക് ഇന്ത്യൻ ബാങ്കുകൾ എഴുതിത്തള്ളിയത് 14.56 ലക്ഷം കോടി രൂപയുടെ കോർപ്പറേറ്റ് കടങ്ങളാണ്. അതേ സമയം ഏതാനും ആയിരങ്ങൾ കടമെടുത്ത കർഷകർ ലോൺ തിരിച്ചടക്കാൻ കഴിയാതെ ഓരോ ദിവസവും ആത്മാഹുതി ചെയ്യുന്നു.

ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷനും (ഐഎൽഒ) ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ ഡെവലപ്‌മെന്റും (ഐഎച്ച്‌ഡി) പ്രസിദ്ധീകരിച്ച 2024 ലെ ഇന്ത്യ എംപ്ലോയ്‌മെന്റ് റിപ്പോർട്ടനുസരിച്ച് തൊഴിൽ രഹിതരിൽ കുറഞ്ഞത് സെക്കൻഡറി വിദ്യാഭ്യാസം നേടിയ യുവാക്കളുടെ പങ്ക് 2000-ൽ 35.2% ആയിരുന്നത് 2022-ൽ 65.7% ആയി. അതായത് ഇരട്ടിയായി. മാത്രമല്ല, ഇന്ത്യയിലെ മൊത്തം തൊഴിലില്ലാത്തവരിൽ 83% യുവാക്കളാണ്.

തൊഴിലില്ലായ്മ പെരുകുന്നു
പ്രതിവർഷം രണ്ടുകോടി തൊഴിലുകള്‍ പുതുതായി സൃഷ്ടിക്കും എന്ന് വാഗ്ദാനം നൽകി 2014-ൽ അധികാരത്തിലേറിയ മോഡി സർക്കാരിന്റെ കീഴിൽ 65 കോടിയോളം മനുഷ്യര്‍ തൊഴില്‍രഹിതരായി ജീവിക്കുന്ന അവസ്ഥയാണുണ്ടായത്. കേന്ദ്രസര്‍ക്കാരിന്റെ പീരിയോഡിക് ലേബര്‍ സര്‍വ്വേ അനുസരിച്ച് 2022 ല്‍ ഗ്രാമീണ മേഖലയില്‍ 6% വും നഗരമേഖലയില്‍ 8.3 ശതമാനവും ആണ് തൊഴിലില്ലായ്മ നിരക്ക്. എന്നാൽ ഈ സ്ഥിതിയിലും നിയമനങ്ങൾ നടത്താൻ മടിച്ചു നിൽക്കുകയാണ് കേന്ദ്ര സർക്കാർ. റെയില്‍വേ അടക്കം ഒട്ടുമിക്ക കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലും ലക്ഷക്കണക്കിന് ഒഴിവാണ് നിയമനം നടത്താതെ മാറ്റിവെച്ചിരിക്കുന്നത്. അഗ്നി വീര്‍ പദ്ധതി കൊണ്ടുവന്ന് സൈനിക മേഖലയില്‍ അടക്കം തൊഴിലുകള്‍ കരാര്‍വല്‍ക്കരിച്ചു. 2018 മാര്‍ച്ച് ഒന്നിലെ കണക്കുപ്രകാരം 6.83 ലക്ഷം ഒഴിവുണ്ടെന്നാണ് പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തില്‍ കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങ് അറിയിച്ചത്.

ഇതേ ഘട്ടത്തില്‍, കേരളം ഇന്ത്യക്കും ലോകത്തിനും മാതൃകയായി തല ഉയര്‍ത്തി നില്‍ക്കുകയാണ്. കോണ്‍ഗ്രസ്, ബിജെപി സര്‍ക്കാരുകള്‍ പിന്തുടരുന്ന ജനവിരുദ്ധ വികസന നയങ്ങൾക്കെതിരെ സമഗ്രവും സർവ്വതലസ്പർശിയുമായ വികസന ബദലാണ് കേരളം നടപ്പാക്കുന്നത്. വികസനത്തോടൊപ്പം ജനക്ഷേമവും വിളക്കിച്ചേർക്കുന്ന ഇടതു ജനാധിപത്യ മുന്നണിയുടെ നയത്തിലൂടെ ജീവിതനിലവാര സൂചികകള്‍, പബ്ളിക് അഫയേഴ്സ് ഇന്‍ഡക്സ്, ആരോഗ്യവിദ്യാഭ്യാസ സൂചികകള്‍ തുടങ്ങി ഒരു സമൂഹത്തിന്റെ നിലവാരമളക്കുന്ന മിക്ക മാനകങ്ങളിലും കേരളം ഇന്ന് രാജ്യത്ത് മുന്‍ നിരയിലാണ്. ദേശീയ തലത്തില്‍ മാത്രമല്ല അന്താരാഷ്ട്ര തലത്തിലും നിരവധി പുരസ്കാരങ്ങള്‍ നമ്മെ തേടിയെത്തി.

നിതി ആയോഗിന്റെ ദേശീയ മൾട്ടി ഡയമെൻഷണൽ ദാരിദ്ര്യ സൂചികയിൽ കുറവ് ദാരിദ്രമുള്ള സംസ്ഥാനം, നിതി ആയോഗ് തയ്യാറാക്കിയ സുസ്ഥിര വികസന സൂചികകൾ പ്രകാരം രാജ്യത്തൊന്നാമത്തെ സംസ്ഥാനം, പബ്ലിക് അഫയേർസ് ഇൻഡെക്സിൽ ഒന്നാം സ്ഥാനം , കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ മികവിന്റെ സൂചികയിൽ ഒന്നാം സ്ഥാനം, നിതി ആയോഗിന്റെ ആരോഗ്യ സൂചികയിൽ ഒന്നാം സ്ഥാനം, ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കിയ സംസ്ഥാനത്തിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ മന്ഥന്‍ പുരസ്‌കാരം, ഇന്ത്യ ടുഡേ നടത്തിയ ഹാപ്പിനെസ്സ് ഇൻഡക്സ് സർവേയിൽ ഒന്നാം സ്ഥാനം തുടങ്ങിയവ കഴിഞ്ഞ 8 വർഷങ്ങൾക്കിടയിൽ കേരളം കൈവരിച്ച നേട്ടങ്ങളിൽ ചിലതു മാത്രമാണ്.

അതോടൊപ്പം, രാജ്യമാകെ സംഘപരിവാർ വർഗീയതയുടെ വിധ്വംസക രാഷ്ട്രീയവുമായി ആഞ്ഞടിക്കുമ്പോളും നാടിന്റെ മതനിരപേക്ഷ ജനാധിപത്യ പാരമ്പര്യം സംരക്ഷിച്ചു മുന്നോട്ടു പോകാൻ ഇടതുപക്ഷത്തിനു സാധിച്ചു. പ്രതിരോധത്തിന്റെ ആ വന്മതിൽ തകർക്കാൻ സംഘപരിവാർ ഒന്നടങ്കം കോൺഗ്രസിന്റെ ഒത്താശയോടെ ശ്രമിച്ചിട്ടും ഇതുവരെ നടന്നിട്ടില്ല. കാരണം കേരളത്തിലെ ജനങ്ങൾ ഞങ്ങൾക്കൊപ്പമാണ്. മതസൗഹാർദത്തിന്റെയും സാഹോദര്യത്തിന്റെയും അടിത്തറയിൽ ഉയർത്തിയ ഈ കോട്ട തകർക്കാൻ അവർക്ക് സാധിക്കില്ല എന്ന് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ തന്നെ നമ്മൾ തെളിയിച്ചതാണ്. വർഗീയതയുടെ വാളെത്രയൊക്കെ ആഞ്ഞു വീശിയാലും പണവും അധികാരവും ഉപയോഗിച്ച് ഞെരുക്കിയാലും നുണപിടിപ്പിച്ച ഒളിയമ്പുകൾ മഴപോലെ പെയ്തിറങ്ങിയാലും കേരളം സംഘപരിവാറിനു മുന്നിൽ കീഴടങ്ങില്ലെന്ന്- ഉറക്കെയുള്ള പ്രഖ്യാപനമായിരിക്കും ഈ ലോക്-സഭാ തിരഞ്ഞെടുപ്പു ഫലം.

കേരളത്തോടുള്ള വിവേചനത്തിന് കൂട്ടുനിന്ന യുഡിഎഫ് എംപിമാർ
ഈ കടന്നാക്രമണത്തെ ചെറുക്കാനുള്ള പോരാട്ടത്തിന്റെ പാതയിൽ ഒറ്റക്കെട്ടായി കേരള ജനത മുന്നേറും. അതിനു ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ തന്നെ വിജയിപ്പിക്കേണ്ടതുണ്ടെന്ന് കഴിഞ്ഞ പത്തു വർഷം കൊണ്ട് അവർ തിരിച്ചറിഞ്ഞിട്ടുണ്ട്. നമ്മുടെ സംസ്ഥാനത്തിനായി ഡല്‍ഹിയില്‍ ശബ്ദിക്കേണ്ടിയിരുന്ന യുഡിഎഫ് എംപിമാര്‍ കേന്ദ്രത്തിന്റെ കേരള വിരുദ്ധ സമീപനത്തോടൊപ്പമാണ് നിലകൊണ്ടതെന്ന് നമ്മൾ കണ്ടതാണ്. കേരളത്തിന് അർഹതപ്പെട്ടത് കേന്ദ്രസർക്കാർ നൽകുന്നില്ല എന്ന വിമർശനത്തെ പുച്ഛിച്ചു തള്ളുകയാണ് കോൺഗ്രസ് ചെയ്തത്. കേരളത്തിന് അവകാശപ്പെട്ട ഗ്രാന്റ് വിഹിതം ചോദിച്ചു വാങ്ങുവാൻ കേരള സർക്കാരിനോട് സഹകരിച്ചിരുന്നില്ല എന്നു മാത്രമല്ല, യാഥാർഥ്യം മൂടിവച്ച് സംസ്ഥാന സർക്കാരിനെതിരെ തെറ്റിദ്ധാരണ പരത്തുന്ന പ്രചരണങ്ങൾക്ക് കോൺഗ്രസ് നേതൃത്വം നൽകുകയും ചെയ്തു. കേന്ദ്ര ധനമന്ത്രി പാർലമെന്റിൽ നടത്തിയ തെറ്റിദ്ധാരണാജനകമായ പ്രസ്താവനകൾ ഏറ്റെടുത്ത് കോൺഗ്രസ്സും യുഡിഎഫും സംസ്ഥാനത്തിനെതിരെ ബിജെപി നടത്തുന്ന ഉപജാപങ്ങൾക്ക് പിന്തുണ നൽകുകയാണ് ചെയ്തത്.

കെ റെയിൽ പദ്ധതിയെ തുരങ്കം വെയ്ക്കുവാൻ കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തി കോൺഗ്രസ്സും യു ഡി എഫും അതിവേഗത്തിൽ നീങ്ങിയിരുന്ന സിൽവർ ലൈനിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ നിർത്തിവെപ്പിച്ചു, സ്ഥലമേറ്റെടുപ്പിന്റെ നിറംപിടിപ്പിച്ച കഥകൾ പറഞ്ഞ് അതിവേഗത്തിൽ നീങ്ങിയിരുന്ന പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾ അട്ടിമറിക്കാൻ ശ്രമിക്കുകയും ചെയ്തു. കെ റെയിൽ പദ്ധതിക്കെതിരെ സാമുദായിക-മതവികാരം ആളിക്കത്തിച്ചും വികസനത്തിന് തടസ്സം നിൽക്കാൻ പോലും പാർലിമെന്റിന്റെ പ്ലാറ്റ് ഫോം ഉപയോഗിച്ചു കൊണ്ട് കോൺഗ്രസ് എം പി മാർ ശ്രമിച്ചു. പള്ളികൾ, അമ്പലങ്ങൾ, സ്കൂളുകൾ , ആശുപത്രികൾ എന്നിവയെല്ലാം കെ റെയിലിന്റെ പേരിൽ പൊളിക്കുവാൻ ശ്രമിക്കുന്നുവെന്നായിരുന്നു കോൺഗ്രസ് പാർലമെന്റിൽ കെ റെയിലിനെതിരെ ഉന്നയിച്ച നുണപ്രചാരണം.

പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭങ്ങളിൽനിന്ന് ഒളിച്ചോടിയ കോൺഗ്രസ്
പൗരത്വ (ഭേദഗതി) നിയമത്തിനെതിരായ പ്രതിഷേധങ്ങളെത്തുടർന്ന് രാജ്യ തലസ്ഥാനത്ത് കലാപമുണ്ടായപ്പോൾ, ആക്രമിക്കപ്പെട്ടവർക്ക് ആശ്വാസവുമായി ഓടിയെത്തിയത് കേരളത്തിൽ നിന്നുള്ള ഇടതുപക്ഷ എംപിമാരായിരുന്നു. അവിടെയൊന്നും കോൺഗ്രസ് എംപിമാരെ കാണാനുണ്ടായിരുന്നില്ല. പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾ നയിച്ചതിന്റെ പേരിലാണ് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പേര് ഡല്‍ഹി പൊലീസ് കുറ്റപത്രത്തില്‍ പെടുത്തിയത്. എന്നാൽ രാജ്യത്തെ മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസ്സിലെ ഒരു നേതാവിന്റെ പേരു പോലും ഡല്‍ഹി പോലീസിന്റെ കുറ്റപത്രത്തില്‍ ഇല്ലായിരുന്നു. കാരണം പൗരത്വ നിയമത്തിനെതിരായ സമരങ്ങളില്‍ കോണ്‍ഗ്രസ് എവിടെയും ഇല്ലായിരുന്നു.മതനിരപേക്ഷ രാഷ്ട്രീയം മുറുകെപ്പിടിക്കുന്നവര്‍ ഡിസംബര്‍ 10-നു രാജ്യമാകെ തെരുവിലിറങ്ങിയപ്പോള്‍ കോണ്‍ഗ്രസ് എംപിമാര്‍ പാര്‍ട്ടി അദ്ധ്യക്ഷയുടെ വീട്ടില്‍ വിരുന്നുണ്ണുകയായിരുന്നു. വയനാട് എംപി രാഹുൽ ഗാന്ധി വിദേശത്തെവിടെയോ ആയിരുന്നു.

ബിജെപിയുടെ വർഗീയ രാഷ്ട്രീയത്തിനെതിരെയുള്ള കോൺഗ്രസിന്റെനിലപാട് പ്രസ്താവനകളിലും പ്രസംഗങ്ങളിലും മാത്രമൊതുങ്ങുന്നതാണ്. മുത്തലാഖ് ബിൽ ലോക്-സഭയിൽ ചർച്ചയ്-ക്കെടുത്തപ്പോൾ കേരളത്തിലെ ഒരു കോൺഗ്രസ് അംഗം പോലും ചർച്ചയിൽ പങ്കെടുത്തിരുന്നില്ല. ഗോവധ നിരോധനമാകട്ടെ, കേന്ദ്ര ഏജൻസികളുടെ ദുരുപയോഗമാകട്ടെ, അയോധ്യയിലെ രാമപ്രതിഷ്ഠയാകട്ടെ, പൗരത്വ നിയമവും എൻ.ഐ.എ ബില്ലും ഡൽഹി ഓർഡിനൻസും ഏക സിവിൽ കോഡുമാകട്ടെ. ഇതുപോലുള്ള വിഷയങ്ങളിലൊന്നും ഒരിക്കലും ബിജെപിയ്ക്കെതിരെ ശക്തമായ നിലപാടുമായി കോൺഗ്രസ്സ് വന്നിട്ടില്ല എന്നതു പോകട്ടെ, പലപ്പോഴും ബിജെപിയ്ക്ക് അനുകൂലമായ നിലപാടെടുക്കുകയാണ് അവർ ചെയ്തത്.

മാത്രമല്ല, എന്തു ധൈര്യത്തിലാണ് കോൺഗ്രസിനു വോട്ടു ചെയ്യുക? ഇന്നു കാണുന്ന കോൺഗ്രസുകാരൻ നാളെ രാവിലെ ബിജെപിക്കാരനായി വരില്ലെന്ന് എന്താണുറപ്പ്. കേരളത്തിലെ ഏറ്റവും തലമുതിർന്ന കോൺഗ്രസ് നേതാവിന്റെ മകനും കോൺഗ്രസ് നേതാവുമായിരുന്ന ഒരു വ്യക്തി ഇന്ന് ബിജെപി സ്ഥാനാർത്ഥിയായി കേരളത്തിൽ മത്സരിക്കുകയാണ്. മറ്റൊരു നേതാവിന്റെ മകൾ കുറച്ചു ദിവസങ്ങൾക്കു മുൻപാണ് ബിജെപിയിൽ ചേർന്നത്. ദയ അർഹിക്കും വിധം പരിതാപകരമാണ് കോൺഗ്രസിന്റെബിജെപി വിരോധത്തിന്റെ നിലവിലെ അവസ്ഥ. രാജ്യത്ത് ദിവസവും ചുരുങ്ങിയത് ഒരു കോൺഗ്രസ് നേതാവെങ്കിലും ബിജെപിയിലോട്ടു പോവുകയാണ്. റിപ്പോർട്ട് ചെയ്ത് മാധ്യമങ്ങൾക്കും കണ്ടു കണ്ട് നമുക്കും ആ വാർത്ത മടുത്തിരിക്കുന്നു.

മിക്ക സംസ്ഥാനങ്ങളിലേയും ബിജെപി മുഖ്യമന്ത്രിമാർ പഴയ കോൺഗ്രസ് നേതാക്കളാണ്. സുദീർഘമായ ദേശീയ രാഷ്ട്രീയ ചരിത്രത്തെ ഒക്കെ മറന്ന അധികാരമോഹികളുടെ പറ്റമായി കോൺഗ്രസ് മാറിയിരിക്കുന്നു. ഇങ്ങനെയുള്ള ഒരു പാർട്ടിയ്ക്ക് എന്തു ധൈര്യത്തിൽ വോട്ടു നൽകുമെന്ന ആശങ്കയിലാണ് കേരളത്തിലെ മതനിരപേക്ഷ ജനാധിപത്യ വിശ്വാസികൾ.

നമ്മുടെ നാടിനും ജനങ്ങള്‍ക്കും വേണ്ടി വാദിക്കാന്‍ ഇടതുപക്ഷത്ത് നില്‍ക്കുന്ന ജനപ്രതിനിധികള്‍ക്കു മാത്രമേ സാധിക്കുകയുള്ളൂ. ഈ സാഹചര്യത്തിൽ പാര്‍ലമെന്റില്‍ ഇടതുപക്ഷ സാന്നിധ്യം വര്‍ദ്ധിപ്പിക്കേണ്ടത് അനിവാര്യമാണ്. എങ്കിൽ മാത്രമേ ജനങ്ങളുടെ ശബ്ദം പാര്‍ലമെന്റില്‍ മുഴങ്ങുകയുള്ളൂ. അതിലൂടെ മാത്രമേ നാടിന്റെ നന്മ ഉറപ്പാക്കാനാവുകയുള്ളൂ. അതിനുള്ള അവസരമാണ് ഈ തിരഞ്ഞെടുപ്പ് നമുക്ക് തരുന്നത്. നെഞ്ചൂക്കോടെ നാടിനു വേണ്ടി ഇടപെടുകയും ശബ്ദിക്കുകയും ചെയ്യുന്ന ജനപ്രതിനിധികളാണ് ലോക്-സഭയിലേയ്ക്ക് പോകേണ്ടത്. അതിന് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സമ്പൂർണ്ണ വിജയം ഉറപ്പാക്കുക തന്നെ വേണം.

നമ്മുടെ രാജ്യം എല്ലാ ജനങ്ങള്‍ക്കും തുല്യ അവകാശങ്ങളും അവസരങ്ങളുമുള്ള നാടായി നാളെയും നിലനില്‍ക്കണമോ എന്ന് തീരുമാനിക്കുന്ന തിരഞ്ഞെടുപ്പാണിത്. സമാധാനവും ക്ഷേമവും പുലരണമോ, അതോ വിദ്വേഷത്തിന്റെയും സമഗ്രാധിപത്യത്തിന്റെയും ഇരുട്ട് നിറയണമോ എന്ന തീര്‍പ്പുണ്ടാകേണ്ട ഘട്ടമാണിത്. അതുകൊണ്ടുതന്നെ ഈ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥികളുടെവിജയം ഉറപ്പാക്കുന്നത് ഈ നാടിന്റെ തന്നെ ചരിത്രപരമായ ആവശ്യമാണ്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

eight − 4 =

Most Popular