ഒരു സ്കൂൾ കുട്ടിയോട് അധ്യാപികയുടെ ചോദ്യം– ‘‘രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിക്കാരനായ പ്രധാനമന്ത്രിയാരാ?’’ കുട്ടിക്ക് ഒരു നിമിഷം ആലോചിക്കേണ്ടി വന്നില്ല അതിനുത്തരം പറയാൻ – ‘‘നരേന്ദ്രമോദി’’. എന്താ അങ്ങനെയൊരുത്തരം? ടെലിവിഷൻ വാർത്തകൾ കേൾക്കുന്ന, കൃത്യമായ പത്രത്തലക്കെട്ടുകളെങ്കിലും വായിക്കുന്ന കുട്ടിയുടെ മറുപടി ഇങ്ങനെ– ‘‘ഇലക്ടറൽ ബോണ്ട് മാത്രം മതിയല്ലോ ടീച്ചറെ അതിന് തെളിവായി? പോരെങ്കിൽ കേന്ദ്ര സർക്കാർ പദ്ധതികളിലെ അഴിമതിയെക്കുറിച്ച് റിപ്പോർട്ടു ചെയ്ത ആഡിറ്റ് ഉദ്യോഗസ്ഥനെ അവിടന്ന് ചാടിച്ചില്ലേ? ഇനി കേന്ദ്ര സർക്കാർ കണക്കുകൾ നോക്കണ്ടന്ന് സിഎജിയോട് നിർദേശിച്ചില്ലേ? അത് സ്വന്തം അഴിമതി മൂടിവയ്ക്കാനല്ലേ ! അദാനിയുടെ സ്വത്ത് പെരുകുന്നത് എങ്ങനെയാ? മോദി ഭരണക്കാരനാകുംമുൻപ് അദാനിയുടെ സ്വത്ത് എന്തായിരുന്നു, ഇപ്പോൾ എവിടെയെത്തി? ഇത്രയുമൊക്കെ പോരെ മോദിയാണ് ഏറ്റവും വലിയ അഴിമതിക്കാരനെന്ന് പറയാൻ. കൊള്ളയല്ലേ, കൊള്ള!
രാജാവ് നഗ്നനാണെന്ന് വിളിച്ചുപറയാൻ ഏതു കാലത്തും ഒരുകുട്ടി മുന്നോട്ടുവരണം. എന്നാൽ നമ്മുടെ പൊതുമാധ്യമങ്ങളെന്ന് പറയപ്പെടുന്നവ അതിനു തയ്യാറാകുന്നുണ്ടോ? ഇല്ല. അവിടെയാണ് അജ്ഞാതനായ ഈ കുട്ടിയുടെ വാക്കുകളുടെ ശക്തി. ഇന്നത്തെ സ്ഥിതിയിൽ ഇത് പറയുന്ന കുട്ടി ആരെന്ന് കണ്ടാൽ ആ കുട്ടിയെയും പിടിച്ച് മോദി ജയിലിലടയ്ക്കും. അതായിരിക്കും മാധ്യമങ്ങളുടെയും പേടി. ന്യൂസ് ക്ലിക്കിന്റെ അനുഭവം മുന്നിലുണ്ടല്ലോ.
എന്നാൽ ഇന്ത്യയിൽ നിലനിൽക്കുന്ന സ്ഥിതിയിൽ ലോക മാധ്യമങ്ങൾ സന്തുഷ്ടരല്ല. എന്തിന് ഐക്യരാഷ്ട്ര സഭയെപോലെയുള്ള അന്താരാഷ്ട്ര വേദികളോ മനുഷ്യാവകാശ സംഘടനകളോ എന്തിന് അമേരിക്കയും ജർമനിയും പോലെയുള്ള മോദിയുടെ സൗഹൃദ പട്ടികയിലുള്ള രാജ്യങ്ങളോ പോലും സംതൃപ്തരല്ല. അടിയന്തരാവസ്ഥക്കാലത്തുപോലും ഇത്തരമൊരവസ്ഥ ഇന്ത്യയിലുണ്ടായിട്ടില്ല. അന്ന് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെ തുടർന്ന് പ്രതിപക്ഷത്തെ ജയിൽ മോചിതരാക്കിയിരുന്നു. അതാണ് ഐക്യരാഷ്ട്ര സഭ മോദിയോട് തിരഞ്ഞെടുപ്പ് ലെവൽ പ്ലേയിങ് ഗ്രൗണ്ടിലായിരിക്കണം (എല്ലാവർക്കും ഒരേപോലെ കളിക്കാൻ പറ്റുന്ന സമനിരപ്പ്) എന്ന് ആവശ്യപ്പെടുന്നത്.
ഇന്ത്യയിൽ ജനാധിപത്യം അപകടത്തിലാണെന്ന ഈ ആഗോള മുറവിളി നമ്മുടെ മുഖ്യധാരാ മാധ്യമങ്ങൾ എന്തെങ്കിലും പ്രാധാന്യത്തോടെ അവതരിപ്പിച്ചോ? ഇല്ലല്ലോ. അത് ചർച്ചയാക്കിയോ? ഇല്ലല്ലോ.
മോദി അധികാരത്തിൽ വന്നശേഷം ഇന്ത്യയുടെ അയൽരാജ്യങ്ങളുമായെല്ലാമുള്ള ബന്ധം വഷളായില്ലേ. ഒരൊറ്റ അയൽക്കാരൻപോലും ഇന്ത്യയെ അനുകൂലിച്ച് പറയാനുണ്ടോ? അതുമില്ല. അപ്പോഴാണ് മോദിയും സംഘികളും സ്വയം ‘‘വിശ്വഗുരു’’ പട്ടമെടുത്തണിഞ്ഞ് അർമാദിക്കുന്നത്. തിരഞ്ഞെടുപ്പ് കൺമുന്നിലെത്തിയപ്പോൾ അരനൂറ്റാണ്ടോളം മുൻപത്തെ ഇന്ത്യ–ശ്രീലങ്ക അതിർത്തിക്കരാറിനെ കുറിച്ച് വിമർശനമുന്നയിച്ചതിലൂടെ മോദിയും ബിജെപിയും അന്താരാഷ്ട്ര മര്യാദയും നയതന്ത്ര കീഴ്-വഴക്കങ്ങളുമെല്ലാം കാറ്റിൽ പറത്തിയിരിക്കുകയാണ്. 2014 മുതൽ 2023 വരെ കച്ചത്തീവ് വിഷയത്തിൽ നിരവധി തവണ 1976 ലെ ഇന്ത്യ –ശ്രീലങ്ക അതിർത്തി കരാറിനെ ന്യായീകരിച്ച് മോദി ഗവൺമെന്റ് മറുപടി പറഞ്ഞിട്ടുണ്ടെന്നതുപോലും മറന്ന് നാല് വോട്ട് അധികം കിട്ടുമോന്ന് നോക്കി എന്തും വിളിച്ചു പുലമ്പുന്ന മോദിയെ ‘‘വിശ്വഗുരു’’ വായല്ല, വെറും കാഞ്ഞിരക്കുരുവായാണ് ലോകമെങ്ങുമുള്ള മനുഷ്യർ കാണുന്നത്. ഇതൊക്കെ വിളിച്ചുപറയാൻ നമ്മുടെ മുഖ്യധാരക്കാർക്ക് ധെെര്യമില്ല, അല്ലെങ്കിൽ പണം പറ്റിയുള്ള മാധ്യമപ്രവർത്തനമായി നമ്മുടെ ഫോർത്ത് എസ്റ്റേറ്റ് അധഃപതിച്ചിരിക്കുന്നു.
ഏപ്രിൽ 1ന്, മാതൃഭൂമി പത്രം ഒരു മുഖപ്രസംഗം എഴുതിയിട്ടുണ്ട്. അതൊന്ന് നോക്കാം. തലവാചകം ഇങ്ങനെ: ‘‘ഇന്ത്യ പ്രവർത്തിക്കണം അല്ലെങ്കിൽ നശിക്കും.’’ പലപ്പോഴും സംഘികളുടെ അനൗദ്യോഗിക മുഖപത്രമായി അധഃപതിക്കുന്ന മാതൃഭൂമിക്ക് ഇതെന്തുപറ്റി എന്ന് ആരും ചോദിച്ചുപോകും. കഴിഞ്ഞ കുറേ ദിവസമായുള്ള ചുവടുമാറ്റം ശ്രദ്ധേയമാണ്. അത് ശാശ്വതമാണോ അതോ മറ്റെന്തെങ്കിലും അജൻഡ മൂലമാണോയെന്ന് നമുക്ക് കാത്തിരുന്നു കാണാം.
എന്നിരുന്നാലും മുഖപ്രസംഗത്തിൽ ഇങ്ങനെ മാതൃഭൂമിക്കുപോലും എഴുതേണ്ടതായി വരുന്നു എന്നതാണ് നമ്മുടെ നാടിന്റെ അവസ്ഥ. നോക്കൂ: ‘‘കേന്ദ്ര സർക്കാരാകട്ടെ, പൊതുതിരഞ്ഞെടുപ്പിന്റെ പടിവാതിലിൽപ്പോലും പ്രതിപക്ഷത്തെ നിർലജ്ജം വേട്ടയാടുകയാണ്.’’ സംഗതി ശരി.
അപ്പോൾ നാം എന്തുചെയ്യണമെന്നാണ് മാതൃഭൂമി പറയുന്നത്? സംഗതി സിംപിൾ. സിപിഐ എമ്മും ഇടതുപക്ഷവും കോൺഗ്രസ്സിനെതിരെ മിണ്ടിപ്പോവരുത് എന്നാണ് മാതൃഭൂമി കൂവി വിളിക്കുന്നത്. ‘ഇന്ത്യ’ സഖ്യത്തിന്റെ ഭാഗമായി നിൽക്കുന്ന കോൺഗ്രസ്സിനെതിരെ സിപിഐ എമ്മും ഇടതുപക്ഷവും ഒരക്ഷരം മിണ്ടിപ്പോകരുത് എന്നാണ് മാതൃഭൂമി പറയുന്നത്. അതായത് സിപിഐ എമ്മും ഇടതുപക്ഷവും സ്വന്തം രാഷ്ട്രീയം ജനങ്ങൾക്കുമുന്നിൽ അവതരിപ്പിക്കരുത് എന്നാണ് മാതൃഭൂമിയുടെ അഭിപ്രായം. കേരളത്തിൽ ഇടതുമുന്നണിയും യുഡിഎഫും തമ്മിലാണ് മത്സരം. ഇത് ഇന്ത്യ ചേരി രൂപീകരിച്ചപ്പോൾ തന്നെ പൊതുവിൽ അംഗീകരിക്കപ്പെട്ട കാര്യമാണ്. എന്നാൽ സിപിഐ എമ്മും എൽഡിഎഫും കോൺഗ്രസിനെയും യുഡിഎഫിനെയും എതിർക്കവെ തന്നെ അതിലും ശക്തമായി ബിജെപിയെയും മോദി സർക്കാരിനെയും എതിർക്കുന്നുണ്ട്. എന്നാൽ കേരളത്തിലെ കോൺഗ്രസ് നേതൃത്വമാകട്ടെ, ബിജെപിക്കെതിരെ നിതാന്ത മൗനത്തിലാണ്.
‘ഇന്ത്യ’ സഖ്യത്തിനുള്ളിൽ കല്ലുകടി ഉണ്ടാകരുതെന്നാണ് മാതൃഭൂമിയുടെ ഒരിത് എങ്കിൽ ആ പത്രം ആദ്യം രാഹുൽഗാന്ധി മത്സരിക്കാൻ വയനാട്ടിൽ ഇടം കണ്ടെത്തിയതിനെതിരെയാണ് ശബ്ദിക്കേണ്ടത്; കോൺഗ്രസിന്റെ മറ്റൊരു ദേശീയ നേതാവായി അറിയപ്പെടുന്ന കെ സി വേണുഗോപാൽ നിലവിലെ രാജ്യസഭാ സീറ്റുപോലും ബിജെപിക്കായി ഉഴിഞ്ഞുവച്ചിട്ട് ആലപ്പുഴയിൽ മത്സരിക്കാൻ വന്നതിലെ രാഷ്ട്രീയമെന്തെന്ന് ചോദിക്കുകയാണ് വേണ്ടത്. കോൺഗ്രസിന്റെ ഈ രണ്ട് ദേശീയ നേതാക്കൾ കേരളത്തിൽ മത്സരിക്കാൻ വാശിയോടെ വരുമ്പോൾ നിങ്ങളുടെ എതിരാളിയാരെന്ന ചോദ്യമാണുയരുന്നത്. ബിജെപിയെ കെട്ടുകെട്ടിക്കാനുള്ള ഇന്ത്യ കൂട്ടായ്മയിലെ പ്രധാന കക്ഷികളിലൊന്നായ കോൺഗ്രസ്സിന്റെ രണ്ട് പ്രമുഖ നേതാക്കൾ ഇന്ത്യ കൂട്ടായ്മയിൽ തന്നെയുള്ള ഇടതുപക്ഷത്തിനെതിരെ–സിപിഐ എമ്മിനും സിപിഐക്കുമെതിരെ –മത്സരിക്കാൻ കച്ചകെട്ടി ഇറങ്ങുന്നത് നൽകുന്ന രാഷ്ട്രീയ സന്ദേശം എന്തെന്ന ചോദ്യമാണ് മാതൃഭൂമി ഉയർത്തേണ്ടത്. അതൊരു സൗഹൃദമത്സരത്തിന്റെ ലക്ഷണമല്ല. എങ്ങനെയും ഇടതുപക്ഷത്തെ ഇല്ലാതാക്കണമെന്ന ബിജെപിയുടെ നയത്തിന് ഓരം ചേർന്ന് നിൽക്കലാണ്. രാഹുൽ ഗാന്ധിക്ക് മത്സരിക്കാൻ കേരളത്തിലല്ലാതെ മറ്റൊരിടത്തും ഉറച്ച സീറ്റ് കണ്ടെത്താൻ കോൺഗ്രസ്സിനില്ലെന്നു പറയുന്നതുതന്നെ ബിജെപിക്കുമുന്നിൽ കോൺഗ്രസ് മുൻകൂട്ടി അടിയറവു പറയുന്നതിനു തുല്യമാണ്. എന്തായാലും ഇന്ത്യൻ രാഷ്ട്രീയം ശ്രദ്ധിക്കുന്ന ആർക്കും കാണാനാവുന്നത് അതല്ല. എന്നാൽ കേരളത്തിലെ കോൺഗ്രസ് നേതൃത്വം ആഗ്രഹിക്കുന്നത് ദേശീയതലത്തിൽ കോൺഗ്രസ്സിന്റെയോ ഇന്ത്യ കൂട്ടായ്മയുടെയോ വിജയമല്ല, മറിച്ച് ഇടതുപക്ഷത്തെ തകർക്കലാണ്. ഇത് 1940കൾ മുതൽ കേരളത്തിലെ കോൺഗ്രസ്സിന്റെ ഇടതുപക്ഷ വിരുദ്ധ നിലപാടിന്റെ വെളിപ്പെടലാണ്. ജാതി–മതവർഗീയ കൂട്ടുകെട്ടിന്റെ പൊയ്ക്കാലിലേറിയല്ലാതെ നിലനിൽപ്പില്ലാത്ത ഒന്നായി കേരളത്തിലെ കോൺഗ്രസ് അധഃപതിച്ചതിന്റെ പരിണതഫലമാണ്. കേരളത്തിലെ കോൺഗ്രസ് നേതൃത്വം ബിജെപിയെയും മോദി ഭരണത്തെയും ശത്രുവായി കാണുന്നതേയില്ല. രാഹുൽഗാന്ധിയുടെ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടവും വേണുഗോപാലിന്റെ സ്വന്തം രാജ്യസഭാംഗത്വം ബിജെപിക്കുമുന്നിൽ അടിയറവച്ചും കേരളത്തിൽ ഇടതുപക്ഷത്തിനെതിരെ പോരിനു വരുന്നതും ഇന്ത്യാ കൂട്ടായ്മയുടെ തന്നെ കാലുവാരലാണ്. അതാണ് മാതൃഭൂമിയുടെ മുഖപ്രസംഗത്തിൽ എന്തെങ്കിലും ആത്മാർഥതയുണ്ടെങ്കിൽ അവർ പറയേണ്ടിയിരുന്നത്. അങ്ങനെ പറയാതിരിക്കുന്നത് ആ പത്രത്തിന്റെ ഇടതുപക്ഷ വിരുദ്ധതകൊണ്ടുതന്നെയാണ്.
ഏപ്രിൽ ഒന്നിന്റെ തന്നെ മാതൃഭൂമിയുടെ ഏഴാം പേജിൽ ‘‘വാക്കിലൊതുങ്ങി ആ വാഗ്ദാനങ്ങൾ’’ എന്ന ശീർഷകത്തിൽ ‘‘ഏപ്രിൽ ഒന്ന് വിഡ്ഢി ദിനത്തിൽ വോട്ടർമാരെ കബളിപ്പിച്ച തിരഞ്ഞെടുപ്പ് പത്രികകളുടെ ഒരവലോകനം’’ എന്നൊരിനമുണ്ട്. കോൺഗ്രസിന്റെയും ബിജെപിയുടെയും മാനിഫെസ്റ്റോകൾ ‘‘വെറും വാക്കാ’’ണെന്ന് ചൂണ്ടിക്കാണിക്കുന്ന മാതൃഭൂമി ലേഖകൻ ഒപ്പം ‘‘എൽഡിഎഫിനെയും അക്കൂട്ടത്തിൽ കൂട്ടിക്കെട്ടുന്നുണ്ട‍്. ‘‘എൽഡിഎഫ് വന്നിട്ടും ശരിയായില്ല’’ എന്ന ഉപശീർഷകത്തിനു കീഴിൽ പറഞ്ഞുവയ്ക്കുന്നത് ‘‘അഞ്ചു വർഷം വില കൂട്ടില്ല’’ എന്ന 2016ലെ വാഗ്ദാനം നടപ്പാക്കിയില്ലെന്നാണ്. മാതൃഭൂമി തന്നെ പറയുന്നതുപോലെ, ‘‘മാവേലി സ്റ്റോറിലും സിവിൽ സപ്ലെെസ് വകുപ്പിന്റെ മറ്റു വിപണനകേന്ദ്രങ്ങളിലും വില കൂട്ടില്ല’’ എന്നാണ് 2016ലെ എൽഡിഎഫ് മാനിഫെസ്റ്റോ. അത് പാലിച്ചില്ലെന്ന് എങ്ങനെയാണ് പറയാനാവുക? 2016 മുതൽ 2021 വരെയായപ്പോൾ 5 വർഷമായി. അതിനകം ഒരിനത്തിനും വില കൂട്ടിയില്ല. 2023 വരെയും വിലകൂട്ടിയില്ല. ദേശീയതലത്തിൽ പൊതുവിപണിയിലെ വില ഉയർന്നുകൊണ്ടിരിക്കെ കേരളത്തിലെ പൊതുവിതരണത്തിന് പിടിച്ചുനിൽക്കാനാകാത്ത സാഹചര്യത്തിലാണ് 2024 ആദ്യം ചില സാധനങ്ങളുടെ വിലയിൽ ചെറിയ തോതിലെങ്കിലും വർധനവ് വരുത്താൻ സംസ്ഥാന സർക്കാർ നിർബന്ധിതമായത്. പിന്നെവിടെയാണ് വാഗ്ദാന ലംഘനം? മാനിഫെസ്റ്റോയിലൂടെ ജനങ്ങൾക്കു നൽകിയ വാഗ്ദാനങ്ങൾ അക്ഷരാർഥത്തിൽ പാലിച്ചുതന്നെയാണ് എൽഡിഎഫ് മുന്നോട്ടു പോകുന്നത് എന്ന് വസ്തുനിഷ്ഠമായി കാര്യങ്ങൾ പരിശോധിക്കുന്ന ആർക്കും ബോധ്യമാകും.
ഇടതുപക്ഷം ഇന്ത്യൻ രാഷ്ട്രീയത്തിലെ വേറിട്ട മുഖമാണെന്ന, ശരിപക്ഷമാണെന്ന വസ്തുതയിലേക്കു കൂടി വിരൽചൂണ്ടുന്ന ഒരു വാർത്ത മാർച്ച് 31ന് വന്നിട്ടുണ്ട്. അസോസിയേഷൻ ഫോർ ഡമോക്രാറ്റിക് റിഫോംസ് (എഡിആർ) പുറത്തുവിട്ടത് നിലവിലുള്ള പാർലമെന്റംഗങ്ങളുടെ ക്രിമിനൽ പശ്ചാത്തലത്തെക്കുറിച്ചാണ്. 44 എം പിമാരുടെ പേരിലാണ്. കേസുള്ളത്. അവയൊന്നും തന്നെ ഏതെങ്കിലും സമരങ്ങളുമായി ബന്ധപ്പെട്ടവയുമല്ല. ഇവർ ഏതു പാർട്ടിക്കാരാണെന്ന് നോക്കാം. 118 പേർ ബിജെപി എംപിമാരാണ്. ഇവയിൽ തന്നെ 87 എണ്ണം കൊലപാതകം, സ്ത്രീപീഡനം തുടങ്ങിയ ഗുരുതര സ്വഭാവമുള്ളവയാണ്. കൊലപാതക കുറ്റം ചെയ്ത 5 എംപിമാർ ബിജെപിക്കാരാണ്. രണ്ടാം സ്ഥാനത്ത് കോൺഗ്രസ്സാണ്. ക്രിമിനൽ കേസ്സുള്ള 26 എംപിമാരാണ് കോൺഗ്രസ്സിലുള്ളത്. 26ൽ 14 എണ്ണം ഗുരുതരസ്വഭാവമുള്ളതുമാണ്. മൊത്തം 225 എംപിമാരാണ് വിവിധ ക്രിമിനൽ കേസുകൾ നേരിടുന്നവർ. ഇതിൽ ഒരാൾപോലും സിപിഐ എമ്മിൽനിന്നോ സിപിഐയിൽ നിന്നോ ഇല്ല എന്നും എഡിആർ റിപ്പോർട്ടു വെളിപ്പെടുത്തുന്നു. ഇലക്ടറൽ ബോണ്ടിലൂടെ അഴിമതിപ്പണം സമാഹരിച്ച പാർട്ടികളുടെ പട്ടികയിലും ഇടതുപക്ഷമില്ല. എന്നാൽ ഈ വസ്തുതകൾ ഉയർത്തിപ്പിടിക്കാനോ ഇതേക്കുറിച്ച് ചർച്ച ചെയ്യാനോ നമ്മുടെ മുഖ്യധാരക്കാർ തയ്യാറാകാത്തത് അവയെ നയിക്കുന്ന വർഗപരമായ പക്ഷപാതിത്വം ഒന്നുകൊണ്ടുമാത്രമാണ്.
അതുതന്നെയാണ് മനോരമ സിപിഐ എമ്മിനെതിരെ ഇഡിയെ മുന്നിൽ നിർത്തി കുരുക്കുമുറുക്കാൻ കച്ചകെട്ടി ഇറങ്ങുന്നതിനുപിന്നിലും കാണുന്നത്. പ്രതിപക്ഷത്തെ തകർക്കാനുള്ള ബിജെപി അജൻഡയുടെ ഭാഗമായി ഇഡി കേരളത്തിലും വേട്ടയ്ക്കിറങ്ങിയതിനെ ആ നിലയിൽ കാണാൻ മനോരമയ്ക്കാവാത്തത് അതിനെ നയിക്കുന്ന അന്ധമായ കമ്യൂണിസ്റ്റു വിരോധം കൊണ്ടുമാത്രമാണ‍്. മനോരമ തെളിക്കുന്ന വഴിയിലൂടെയാണ് കേരളത്തിലെ കോൺഗ്രസും നടക്കുന്നത്. ഇഡി കാര്യത്തിൽ മാത്രമല്ല, കേരളത്തിന്റെ സാമ്പത്തികതാൽപ്പര്യങ്ങൾ ഹനിക്കുന്ന കേന്ദ്ര നിലപാടിനും ഒപ്പം നിൽക്കുകയാണ് മനോരമ. ♦