Friday, May 10, 2024

ad

Homeവിശകലനംവർഗ്ഗീയ ഭൂതത്തെ കുടം തുറന്നുവിട്ടതാര്?

വർഗ്ഗീയ ഭൂതത്തെ കുടം തുറന്നുവിട്ടതാര്?

കെ പി ജയേന്ദ്രൻ

കേവലം രണ്ട് സീറ്റ് മാത്രമുണ്ടായിരുന്ന ബി.ജെ.പി.യെ എൺപത്തഞ്ച് സീറ്റിലേക്ക് വളർത്തിയത് സി.പി.ഐ.എം.ആണെന്നൊരു നരേറ്റീവ് കേരള രാഷ്ട്രീയാന്തരീക്ഷത്തിൽ യു.ഡി.എഫുകാർ പ്രചരിപ്പിക്കാൻ തുടങ്ങിയിട്ട് കുറേ കാലമായി .ഏതാണ്ട് അഞ്ചര പതിറ്റാണ്ടിലേറെ കാലം ഇന്ത്യാ മഹാരാജ്യം ഭരിച്ച കോൺഗ്രസിനെ തകർത്ത് ബി.ജെ.പി.യെ അധികാരത്തിലേറ്റിയതിൽ മുഖ്യപങ്കു വഹിച്ചത് സി.പി.ഐ.എം ആണത്രെ.മറ്റൊന്നും പറയാനില്ലാത്തതിനാൽ ഇലക്ഷനടുക്കുമ്പോൾ തേഞ്ഞുപോയ ഈ ആരോപണം തന്നെ വീണ്ടും യു.ഡി.എഫുകാർ പൊടി തട്ടിയെടുക്കും.ഇത്തവണ കെ.പി.സി.സി.യുടെ ജനറൽ സെക്രട്ടറിയാണെന്നു പറയുന്ന, ഒരു അഡ്വ: കെ.ജയന്ത് ആണ് ഈ പ്രചരണവുമായി യു.ഡി.എഫ് സോഷ്യൽ മീഡിയാ പേജുകളെ കൊഴുപ്പിക്കുന്നത്. പഴകിപ്പുളിച്ച ഈ ആരോപണങ്ങൾക്കൊപ്പം 2014ൽ യു.പി.എ സർക്കാരിനെ വീഴ്ത്തി മോദിയെ അവരോധിക്കുന്നതിൽ വരെ സി.പി.ഐ.എമ്മിനെ പ്രതിക്കൂട്ടിലാക്കാൻ വക്കീൽ ആഞ്ഞു ശ്രമിച്ചിട്ടുണ്ട്.

നിരവധി തവണ മറുപടി പറഞ്ഞ വിഷയങ്ങളാണെങ്കിലും ഈ തിരഞ്ഞെടുപ്പ് വേളയിൽ അതിന് മറുപടി പറയാതെ പോകുന്നത് അനുചിതമാകും എന്നത് കൊണ്ട് സ്വല്പം വിശദമായി തന്നെ ഉന്നയിക്കപ്പെട്ട ഓരോ ആരോപണങ്ങൾക്കും മറുപടി പറയാൻ ശ്രമിക്കുകയാണിവിടെ.

കെ.പി.സി.സി നേതാവ് അദ്ദേഹത്തിന്റെ പോസ്റ്റിലുന്നയിച്ച വിഷയങ്ങൾ ഒാരോന്നും എടുത്ത് നമുക്ക് അതിലെ അസത്യങ്ങളും അർദ്ധ സത്യങ്ങളും ഒന്ന് വിലയിരുത്താം. ഓരോന്നും കാലപരിഗണനയനുസരിച്ച് അതാത് ചരിത്ര പശ്ചാത്തലത്തിൽ തന്നെ വെച്ച് പരിശോധിക്കുന്നതാവും ഉചിതം.

ജനാധിപത്യത്തെ കശാപ്പു ചെയ്ത അടിയന്തരാവസ്ഥ
ഒന്ന്, 1977 ൽ കോൺഗ്രസിനെ തകർക്കാൻ വേണ്ടി സംഘപരിവാറുമായി പരസ്യ സഖ്യത്തിൽ ഏർപ്പെട്ട രാഷ്ട്രീയ പാർട്ടിയാണോ സി.പി.ഐ.എം?
വസ്തുത എന്താണ്?

1975 മുതൽ 1977 വരെയുള്ള രണ്ട് വർഷം ഇന്ത്യയുടെ ജനാധിപത്യ വ്യവസ്ഥയെ തന്നെ കാറ്റിൽ പറത്തുകയും, പൗരരുടെ ഭരണഘടനാദത്തമായ അവകാശങ്ങളെ മുഴുവൻ ഹനിച്ചു കൊണ്ട് തന്റെ അമിതാധികാര സ്വേച്ഛാധിപത്യ വാഴ്ച നടപ്പിലാക്കാൻ ഇന്ദിരാഗാന്ധി രാജ്യത്താകെ ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്ത കാലഘട്ടമായിരുന്നു.എതിർത്ത മുഴുവൻ രാഷ്ട്രീയ നേതാക്കളേയും ശ്രീമതി ഗാന്ധിയുടെ ഭരണകൂടം കൽത്തുറുങ്കിലടച്ചു. അത്തരമൊരു സേ-്വച്ഛാധിപത്യ ഭരണത്തെ അധികാര ഭ്രഷ്ടമാക്കുക എന്നത് രാജ്യത്തിന്റെ നിലനിൽപിനു തന്നെ അനിവാര്യമായിരുന്നു. തിരഞ്ഞെടുപ്പ് പോലും നടത്താതെ ആറ് വർഷത്തിലധികമാണ് അവർ നീട്ടിക്കൊണ്ടുപോയി അധികാരത്തിൽ തുടർന്നത്. ഇതിനെതിരെ ജയിലിൽ കിടന്നു കൊണ്ടാണ് മഹാനായ സ്വാതന്ത്ര്യ സമര സേനാനി ജയപ്രകാശ് നാരായണൻ പ്രതിപക്ഷ കക്ഷികളെ മുഴുവൻ യോജിപ്പിച്ചു ജനതാ പാർട്ടിക്ക് രൂപം നൽകിയത്. ആ പാർട്ടിയിൽ മൊറാർജി ദേശായിയും, കാമരാജും ,നിജലിംഗപ്പയുമടങ്ങുന്ന സംഘടനാ കോൺഗ്രസ്, രാജാജി രൂപം നൽകിയ സ്വതന്ത്ര പാർട്ടി, ജോർജ് ഫെർണാണ്ടസ്, മധുലിമായെ, കർപ്പൂരിഠാക്കൂർ, രാജ് നാരായണൻ എന്നിവരടങ്ങിയ സോഷ്യലിസ്റ്റ് പാർട്ടി, ചൗധരി ചരൺ സിങ്ങിന്റെ ഭാരതീയ ലോക്ദൾ, വാജ്പേയിയുടെയും നാനാജി ദേശ്-മുഖിന്റെയും ഭാരതീയ ജനസംഘം എന്നിവയെല്ലാം ലയിച്ചു. അതെല്ലാം കൂടി ഒറ്റപ്പാർട്ടിയായി. അടിയന്തരാവസ്ഥക്കെതിരെ പോരാടിയതിന് ഏതാണ്ട് മുഴുവൻ നേതാക്കളും ജയിലിലടയ്-ക്കപ്പെട്ട ഒരു പാർട്ടിയായിരുന്നു അന്ന് സി.പി.ഐ.എം. സ്വാഭാവികമായും 1977 ലെ തിരഞ്ഞെടുപ്പിൽ ഇന്ത്യൻ ജനാധിപത്യം വീണ്ടെടുക്കാനുള്ള പോരാട്ടത്തിൽ ആ പാർട്ടി ജനതാ പാർട്ടിയുമായി സഹകരിക്കേണ്ടത് ചരിത്രപരമായ കടമയായിരുന്നു. അതാണന്ന് ചെയ്തത്.അല്ലാതെ സംഘപരിവാറുമായിട്ട് ഒരു സഹകരണവും ഉണ്ടായിട്ടില്ല.

മാത്രമല്ല, ജനതാ പാർട്ടിക്കകത്ത് ആർ.എസ്.എസ്.അംഗത്വമുള്ളവരുടെ ദ്വയാംഗത്വ പ്രശ്നം ശക്തമായി ഉയർത്തിക്കൊണ്ടുവന്ന് ആ പ്രശ്നത്തിന്റെ പേരിൽ മൊറാർജി സർക്കാരിനുള്ള പിന്തുണ പിൻവലിച്ച് ആ സർക്കാരിനെ വീഴ്ത്തുന്നതിൽ മുഖ്യപങ്കുവഹിച്ച പാർട്ടി ഏതാണ്?സി.പി.ഐ.എം അല്ലേ.? എന്നിട്ട് പറയുന്നതേ സംഘപരിവാറിനെ വളർത്തിയത് സി.പി.ഐ എം.ആണത്രേ!

അതിരിക്കട്ടെ.1977 ലെ പൊതുതിരഞ്ഞെടുപ്പിൽ കേരളത്തിൽ 20 ൽ 20 സീറ്റും നേടിയതിൽ ഊറ്റം കൊള്ളുന്ന ഇദ്ദേഹത്തിന്റെ പാർട്ടിയെ ഉത്തരേന്ത്യൻ ജനത ആ തിരഞ്ഞെടുപ്പിൽ എങ്ങിനെയാണ് കൈകാര്യം ചെയ്തതെന്ന് കൂടി തുറന്നുപറയാനുള്ള ആർജവം ഇദ്ദേഹം കാണിക്കണ്ടേ? റായ്ബറേലിയിൽ അമ്മ ഗാന്ധിയും അമേഠിയിൽ മകൻ സഞ്ജയ്ഗാന്ധിയും നിലംപരിശായത് എന്തുകൊണ്ടാണെന്ന് പറയാൻ കൂടി അദ്ദേഹം സന്നദ്ധനാവേണ്ടിയിരുന്നു. ചരിത്രത്തിലാദ്യമായി കോൺഗ്രസിനെ ഇന്ത്യൻ ജനത അന്ന് ചവറ്റുകൊട്ടയിലേക്ക് എറിഞ്ഞത് എന്തുകൊണ്ടാണെന്ന് കൂടി പറയണം കോൺഗ്രസ് നേതാവ്.

ഇനി അല്പം കൂടി പുറകോട്ടു പോയി ചികഞ്ഞാൽ ഇന്ദിരാഗാന്ധിയുടെ 1971ലെ തിരഞ്ഞെടുപ്പ് വിജയത്തിലടക്കം ആർ.എസ്.എസുമായുള്ള ബന്ധം പുറത്തുവരും. ബംഗ്ലാദേശ് പ്രശ്നത്തിന്റെ പേരിൽ പാക്കിസ്താനുമായി നടന്ന യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ നടന്ന ആ തിരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധിയെ ദുർഗ്ഗാദേവിയെന്ന് വിശേഷിപ്പിച്ച് ആർ.എസ്.എസ് നേതാവ് ദേവറസ് പിന്തുണച്ചതെല്ലാം ചരിത്രത്തിന്റെ ഭാഗമല്ലേ?

ഇനി സി.പി.ഐ എമ്മിന്റെ സംഘപരിവാർ ബന്ധം നാഴികയ്-ക്ക് നാല്പത് വട്ടം ആരോപിക്കുന്ന കോൺഗ്രസ്സു കാർ ദേ.. ഇതിന് കൂടി ഒന്നു മറുപടി പറഞ്ഞ് പോകണേ. 1960 ൽ ഒരു നിയമസഭാ തിരഞ്ഞെടുപ്പ് നടന്നല്ലോ നമ്മുടെ കേരളത്തിൽ. അന്ന് പട്ടാമ്പിയിൽ ഇ എം.എസിനെ നേരിട്ടത് പെരിന്തൽമണ്ണക്കാരനായ കോൺഗ്രസ് നേതാവ് അഡ്വ.പി.രാഘവൻ നായരായിരുന്നു. ആ തിരഞ്ഞെടുപ്പിൽ ഭാരതീയ ജനസംഘത്തിന്റെ സ്ഥാനാർത്ഥിയെ ഒരു ഘട്ടത്തിൽ പിൻവലിച്ച് ജനസംഘവും, കോൺഗ്രസും ഒന്നിച്ചാണ് തിരഞ്ഞെടുപ്പിൽ സ.ഇ എം.എസിനെ നേരിട്ടത്. ജനസംഘത്തിന്റെ അനിഷേധ്യ നേതാവായിരുന്ന നാനാജി ദേശ്-മുഖ് അടക്കം അന്ന് അഡ്വ.രാഘവൻ നായർക്കായി പട്ടാമ്പിയിൽ പ്രചരണത്തിന് വന്ന് പ്രസംഗിച്ചു.അന്ന് തുടങ്ങിയതാ കോ ലീ ബീ. (കോൺഗ്രസ്, ലീഗ്, ഭാരതീയ ജനസംഘം) ബന്ധം.

തീർന്നില്ല. പിന്നീട് 1979ൽ ആർ.എസ്.എസിന്റെ ദ്വയാംഗ പ്രശ്നത്തിന്റെ പേരിൽ ജനതാ പാർട്ടി പിളർന്നു. ഒരു വിഭാഗം സോഷ്യലിസ്റ്റുകളും ചരൺ സിങ്ങിന്റെ ഭാരതീയ ലോക്ദളും ജനതാ പാർട്ടി വിട്ടു. എന്നിട്ട് അവശേഷിക്കുന്ന ജനതാ പാർട്ടിയുമായി (അതായത് ജനസംഘത്തിന് പ്രാമുഖ്യമുള്ള ജനതാ പാർട്ടി ) കൂട്ടുകെട്ടുണ്ടാക്കിയല്ലേ കെ.കരുണാകരനടക്കമുള്ള കോൺഗ്രസുകാരും, ലീഗ്കാരുമടക്കമുള്ള യു.ഡി.എഫും 1980ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചത്? കെ.ജി.മാരാരെ തന്നെ പെരിങ്ങളത്ത് യു.ഡി.എഫ്.പിന്തുണയോടെ അന്ന് നിങ്ങൾ മത്സരിപ്പിച്ചില്ലേ?അന്നൊക്കെ ഈ സംഘപരിവാര വിരോധം കോൺഗ്രസ് പരണത്ത് വെച്ചോ.

1960ലെ കോലീബിയുടെ തുടർച്ച വീണ്ടുമുണ്ടായില്ലേ കേരളത്തിൽ.1991 ലെ തിരഞ്ഞെടുപ്പിൽ ആർ.എസ്.എസി ന്റെ സന്തതസഹചാരിയായിരുന്ന ഡോ.മാധവൻകുട്ടിയെ അഡ്വ.ടി.കെ.ഹംസയ്-ക്കെതിരെ ബേപ്പൂർ നിയമസഭാ മണ്ഡലത്തിലും, അഡ്വ.രത്ന സിംഗിനെ .കെ.പി.ഉണ്ണികൃഷ്ണനെതിരെ വടകര ലോക്-സഭാ മണ്ഡലത്തിലും പരസ്യമായി ബി.ജെ.പി.യുമായി ചേർന്ന് കോലീബി സഖ്യമുണ്ടാക്കി മത്സരിപ്പിച്ചില്ലേ? ഈ നിൽക്കുന്നത് മാധവൻകുട്ടിയല്ല, സാക്ഷാൽ തങ്ങൾ കുട്ടിയാണെന്ന് അടുത്തുനിർത്തി പ്രസംഗിക്കാൻ പാണക്കാട്ട് ശിഹാബ് തങ്ങൾ തന്നെ ബേപ്പൂരെത്തിയില്ലേ?അന്ന് രണ്ടിടങ്ങളിലും നിങ്ങൾ മൂക്ക് കുത്തി വീണത് കോൺഗ്രസ് മറന്നെങ്കിലും കേരള ജനത അത്ര പെട്ടെന്ന് മറക്കില്ല. അന്നുതന്നെ രഹസ്യമായുണ്ടാക്കിയ ഉദുമയടക്കമുള്ള മറ്റു ചില മണ്ഡലങ്ങളിലെ സഖ്യം കെ.ജി .മാരാർ തന്റെ ജീവിതകഥയിൽ പാഴായിപ്പോയ പരീക്ഷണം എന്ന അദ്ധ്യായത്തിൽ എഴുതിയത് ഇന്നേവരെ ഏതെങ്കിലും കോൺഗ്രസ് നേതാവ് നിഷേധിച്ചിട്ടുണ്ടോ?

എന്നാൽ 1979ൽ പാട്യം ഗോപാലൻ അന്തരിച്ചതിനുശേഷം നടന്ന ഉപതിരഞ്ഞെടുപ്പിൽ ഞങ്ങൾക്ക് ആർ.എസ്.എസ് വോട്ടു വേണ്ട എന്ന് സ. ഇ .എം.എസ്.പരസ്യമായി പ്രഖ്യാപിച്ചതുമുതൽ ഇന്നേവരെ ആ നിലപാടിൽ ഉറച്ചുനിന്ന ഒരു പാർട്ടിയുടെ നേരെ ആർ.എസ്.എസ് ബന്ധം ആരോപിക്കാൻ അസാമാന്യമായ തൊലിക്കട്ടി തന്നെ വേണം.

സംഘപരിവാറുമായി 
പരസ്യ സഖ്യത്തിലേർപ്പെട്ടെന്നോ?
രണ്ട്, മറ്റൊരു ആരോപണം. സി.പി.ഐ എം സംഘപരിവാറുമായി പരസ്യമായി 1989 ൽ സഖ്യത്തിലായത്രെ ! അങ്ങനെയാണത്രേ ബി.ജെ.പി വളർന്നത്!

പച്ചക്കള്ളമാണിത്. 
വസ്തുത എന്താണ്?
1989 ലെ തിരഞ്ഞെടുപ്പിൽ ഒരിടത്തും ബി.ജെ.പി.യുമായി സി.പി.ഐ എമ്മിന് ഒരു സഹകരണവും ഉണ്ടായിട്ടില്ല. മറിച്ച് ബോഫോഴ്സ്, മുങ്ങിക്കപ്പൽ അഴിമതികളിൽ മുങ്ങിക്കുളിച്ച രാജീവ് സർക്കാരിനെതിരെ സി.പി.ഐ.എമ്മും ഇടതുപക്ഷ കക്ഷികളും സ്വതന്ത്രമായും വി.പി.സിങ്ങിന്റെ ജനതാദളുമായി സഹകരിച്ചുമാണ് മത്സരിച്ചത്. പശ്ചിമ ബംഗാളിലും കേരളത്തിലും ബിഹാറിലും കാൺപൂർ പോലെയുള്ള മണ്ഡലങ്ങളിലും ബി.ജെ.പി.സ്ഥാനാർത്ഥികളെക്കൂടി എതിർത്താണ് സി.പി.ഐ എം മത്സരിച്ചത്. മാത്രമല്ല ബി.ജെ.പിയുമായി വി.പി.സിങ് വേദി പങ്കിടുന്നതിനെ സി.പി.ഐ എം പരസ്യമായി വിമർശിച്ചപ്പോൾ വി പി .സിങ് യു.പി.യിലും ബിഹാറിലും മറ്റും വേദി പങ്കിടുന്നത് അവസാനിപ്പിക്കുക കൂടി ചെയ്യുന്ന സാഹചര്യമുണ്ടായി.

1989 ലെ തിരഞ്ഞെടുപ്പിൽ ജനതാദളിന്റെ 143 അംഗങ്ങളാണ് ജയിച്ചത്.ബി.ജെ.പിക്ക് 85 പേർ. സി.പി.ഐ.എം അടക്കമുള്ള ഇടത് പക്ഷത്തിന് അൻപതിലധികം പേർ.ബി.ജെ.പി.അവരെ കൂടി മന്ത്രിസഭയിലെടുക്കാൻ വി.പി സിങ്ങിനോട് ആവശ്യപ്പെട്ടെങ്കിലും ബി.ജെ.പിയെ മന്ത്രിസഭയിലുൾപ്പെടുത്തിയാൽ തങ്ങൾ പിന്തുണക്കില്ലെന്ന ഇടതുപക്ഷത്തിന്റെ കർശന നിലപാടൊന്നു കൊണ്ടുമാത്രമാണ് ബിജെപി ക്ക് അവസരം നിഷേധിക്കപ്പെട്ടത്. എന്നിട്ടും കുറ്റം സി.പി.ഐ.എമ്മിന്.

മറ്റൊന്നുകൂടി ഇവിടെ സ്മരിക്കേണ്ടതുണ്ട്. ബി.ജെ.പിയുടെ ഹിന്ദുത്വ വർഗീയ നിലപാടിന്റെ കടയ്-ക്കൽ കത്തിവെക്കാനാകുമായിരുന്ന ഒരു സുപ്രധാന നടപടിയെടുത്തത് ആ വി.പി.സിങ് സർക്കാരാണ് എന്ന കാര്യം. പത്ത് വർഷമായി അട്ടത്ത് വെച്ചിരുന്ന മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് പൊടി തട്ടിയെടുത്ത്‌ വി.പി.സിങ് സർക്കാർ നടപ്പിലാക്കി. പിന്നാക്ക വിഭാഗക്കാർക്ക് 27% സംവരണമുറപ്പാക്കുന്ന റിപ്പോർട്ടിലെ ശുപാർശകൾ നടപ്പാക്കാൻ തീരുമാനിച്ചതോടെ പിന്നോക്ക വിഭാഗങ്ങൾ ഒന്നാകെ ജനതാദളിന് പിന്നിൽ അണിനിരക്കാൻ തുടങ്ങി. കോൺഗ്രസ് ആകട്ടെ സവർണ്ണ ഹിന്ദു വിദ്യാർത്ഥികളെ റിപ്പോർട്ടിനെതിരെ സമരത്തിനിറക്കി.മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മാഹൂതി ചെയ്യുന്ന സമരത്തിനടക്കം കോൺഗ്രസ് നേതൃത്വം നൽകി.തങ്ങളുടെ ഹിന്ദുവോട്ടു ബാങ്കിൽ ഇത് വൻ ചോർച്ച വരുത്തുമെന്ന് ബി.ജെ.പി.ക്ക് മനസ്സിലായി.

തങ്ങളുടെ അടിത്തറയിളകുമെന്ന് മനസ്സിലാക്കിയ ബി.ജെ.പി.അദ്വാനിയുടെ നേതൃത്വത്തിൽ സോമനാഥ ക്ഷേത്രത്തിൽ നിന്നും ബാബരി മസ്ജിദിലേക്ക് ഒരു രഥയാത്ര ആരംഭിച്ചു. മസ്ജിദ് പൊളിച്ച് രാമക്ഷേത്രം നിർമ്മിക്കണമെന്ന ആവശ്യപ്പെട്ടായിരുന്നു രഥയാത്ര.

യാത്ര തടഞ്ഞാൽ വി.പി.സിങ് സർക്കാരിനുള്ള പിന്തുണ പിൻവലിക്കുമെന്ന് ബി.ജെ.പി വി പി.സിങ്ങിനെ ഭീഷണിപ്പെടുത്തി.ഭീഷണിയെ തൃണവൽഗണിച്ച് ബിഹാറിലെ ജനതാദൾ മുഖ്യമന്ത്രിയായിരുന്ന ലാലു പ്രസാദ് യാദവിനെക്കൊണ്ട് വി.പി.സിങ് അദ്വാനിയെ അറസ്റ്റ് ചെയ്യിച്ചു. കേന്ദ്ര ഗവൺമെന്റിനുള്ള പിന്തുണ ബി.ജെ.പി പിൻവലിച്ചു. ധീരനായ വി.പി.സിങ് ബി.ജെ.പി ക്ക് കീഴടങ്ങാതെ പാർലമെന്റിൽ വിശ്വാസ പ്രമേയം അവതരിപ്പിച്ചു. ഇടതുപക്ഷം വി.പി.സിങ്ങിനൊപ്പം ശക്തമായി ഉറച്ചുനിന്നു. എന്നാൽ കോൺഗ്രസും, ലീഗും ബി.ജെ.പിയോട് ചേർന്ന് പ്രമേയത്തെ എതിർത്ത് വോട്ട് ചെയ്ത് വി.പി.സിങ്ങിനെ പുറത്താക്കുകയാണ് ചെയ്തത്. അന്ന് വി. പി. സിങ്ങിന്റെ ആ ധീരമായ മതനിരപേക്ഷ നിലപാടിനെ വഞ്ചിച്ചവർ ഇപ്പോൾ മതനിരപേക്ഷതയെകുറിച്ച് ഘോര ഘോരം പ്രസംഗിക്കുന്നത് അങ്ങേയറ്റം അപഹാസ്യമാണ്.

രണ്ടു സീറ്റിൽ നിന്ന് 
ബിജെപിയെ വളർത്തിയതാര്?
മൂന്ന്, രണ്ട് സീറ്റ് മാത്രമുണ്ടായിരുന്ന ബി.ജെ.പി യെ 85 സീറ്റിലേക്ക് വളർത്തിയത് സിപിഐ എം ആണത്രെ.

ഹൗ. എന്താ സി.പി.ഐ.എമ്മിന്റെ ഒരു ശക്തി. ആ പാർട്ടി വിചാരിച്ചിട്ട് സ്വന്തമായി 45ൽ കൂടുതൽ സീറ്റ് പാർലമെന്റിൽ കിട്ടിയിട്ടില്ല. അപ്പഴാ ബി.ജെ.പിയെ രണ്ടിൽ നിന്ന് 85 ലേക്കൊക്കെ എത്തിക്കുന്നത്! പറയുന്നതിന് ഒരു സാമാന്യ യുക്തിയൊക്കെ വേണ്ടേ കോൺഗ്രസുകാരേ?

ഇനി വാസ്തവമെന്താണ്?
ബി.ജെ.പി ഒരു പാർട്ടി എന്ന നിലയ്-ക്ക് രൂപീകരിച്ച ശേഷം ലോക്-സഭയിലേക്ക് ആദ്യമായി മത്സരിച്ചത് 1984 ലാണ്. അതായത് ഇന്ദിരാ വധത്തിനുശേഷം ഇന്ത്യയിൽ ആഞ്ഞടിച്ച സഹതാപ തരംഗത്തിൽ രാജീവ് ഗാന്ധി 404സീറ്റ് നേടി അധികാരത്തിലെത്തിയ തിരഞ്ഞെടുപ്പിൽ.സിക്കുകാർക്കെതിരെ ഹിന്ദു വികാരം ആളിക്കത്തിക്കാൻ രാജ്യമാകെ ആയിരക്കണക്കിന് നിരപരാധികളായ സിക്കുകാരെ നിർദ്ദയം കൊന്നൊടുക്കിയത് 1984ലെ ആ തിരഞ്ഞെടുപ്പിനു മുൻപായിരുന്നു. അന്നതിന് കോൺഗ്രസിന് കൂട്ടായി പ്രവർത്തിച്ചത് ആർ.എസ്.എസ്സുകാരാണ്. അന്നത്തെ സർസംഘചാലക് ആയിരുന്ന ബാലാ സാഹേബ് ദേവറസ് കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ച തിരഞ്ഞെടുപ്പായിരുന്നു അത്.ആർ.എസ്.എസ് പിന്തുണയില്ലാത്ത ബി.ജെ.പി. വെറും പുൽക്കൊടിയാവുന്നത് സ്വാഭാവികമല്ലേ? അതുകൊണ്ട് ഇന്ത്യയിൽ ഹിന്ദുത്വ ശക്തികൾ ഇല്ലാതായി എന്നാണോ? ലോക്-സഭയിൽ അതിനു മുമ്പ് ബി.ജെ.പി യുടെ മുൻഗാമിയായിരുന്ന ജനസംഘം മുപ്പതിലധികം സീറ്റുകൾ നേടിയിരുന്ന പാർട്ടിയായിരുന്നു എന്നത് മറക്കണ്ട.എന്തിനേറെ പറയണം, ഭരണഘടന അസംബ്ലിയിൽ ഭരണഘടനയുടെ ആമുഖം ദൈവനാമത്തിൽ തുടങ്ങണമെന്ന് വാദിക്കുകയും വോട്ടിനിട്ടപ്പോൾ അതിനനുകൂലമായി വോട്ടു രേഖപ്പെടുത്തുകയും ചെയ്ത നാല്പത്തെട്ട് പേർ ഉണ്ടായിരുന്നു എന്നത് ഇന്ത്യയിൽ ഹിന്ദുത്വയുടെ അടിത്തറ എത്രമാത്രം പ്രബലമായിരുന്നു എന്നതിന് തെളിവല്ലേ?

യഥാർത്ഥത്തിൽ ബി.ജെ.പിക്ക് വളരാൻ വളക്കൂറുള്ളൊരു മണ്ണൊരുക്കി കൊടുക്കാൻ തയ്യാറായത് ആരാണ്? കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ബി.ജെ.പി.യെ വളർത്തിയ ബാബറി മസ്ജിദ് എന്ന മുദ്രാവാക്യം പോലും ആ പാർട്ടിക്ക് നൽകിയത് ആരാണ്?

നമുക്ക് ആ ചരിത്രമൊന്ന് പരിശോധിക്കാം; 1948 ൽ അയോദ്ധ്യയും ബാബറി മസ്ജിദും ഉൾക്കൊള്ളുന്ന ഫൈസാബാദ് നിയോജക മണ്ഡലത്തിൽ ഒരു ഉപതിരഞ്ഞെടുപ്പ് നടന്നു. ലോഹ്യയുടെ സോഷ്യലിസ്റ്റ് പാർട്ടി സ്ഥാനാർത്ഥി ആയിരുന്നു അവിടെ കോൺഗ്രസിന്റെ മുഖ്യ എതിരാളി. സോഷ്യലിസ്റ്റ് സ്ഥാനാർത്ഥിക്കായിരുന്നു കോൺഗ്രസിന് മീതെ തിരഞ്ഞെടുപ്പിൽ മുൻതൂക്കം. ഇത് മറികടക്കണമെങ്കിൽ ഹിന്ദു മുസ്ലീം ഐക്യം തകർക്കണം. അതിനായിരുന്നു ബാബറി പള്ളിക്കകത്തെ ശ്രീരാമ വിഗ്രഹസ്ഥാപനം.അന്നത്തെ ഫൈസാബാദ് ജില്ലാ കലക്ടറായിരുന്നത് ഒരു മലയാളി ആയിരുന്നു. ആലപ്പുഴക്കാരൻ ആയിരുന്ന ഒരു കെ കെ നായർ. അയാളുടെ സഹായത്തോടെ രാത്രിയുടെ മറവിലാണ് ബാബറി മസ്ജിദിനകത്ത് ശ്രീരാമ വിഗ്രഹം കൊണ്ടുചെന്നു വെച്ചത്. അന്നത്തെ യുപി മുഖ്യമന്ത്രി കോൺഗ്രസുകാരനായ ഗോവിന്ദ് വല്ലഭ പന്ത് ആയിരുന്നു. അദ്ദേഹത്തിന്റെ കൂടി അറിവോടെ ആയിരുന്നു ആ വിഗ്രഹ പ്രതിഷ്ഠ എന്നത് വ്യക്തം. വിഗ്രഹം പ്രതിഷ്ഠിച്ച കാര്യം അദ്ദേഹം നെഹ്റുവിനെ വിളിച്ച് പറഞ്ഞു. ഒരു ശുദ്ധ മതനിരപേക്ഷവാദിയായ നെഹ്റുവിന്റെ പ്രഥമ പ്രതികരണം തന്നെ ആ വിഗ്രഹം എടുത്ത് സരയുവിയിലേക്ക് എറിയൂ എന്നതായിരുന്നു .എന്നാൽ മുഖ്യമന്ത്രി പന്ത് അതിനു തയ്യാറായില്ല. വാസ്തവത്തിൽ ബാബറി മസ്ജിദ് തർക്കത്തിന്റെ സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ തുടക്കം അവിടെ നിന്നാണ്. കേസും കൂട്ടവും ആയപ്പോൾ ബാബറി മസ്ജിദ് ആർക്കും തുറന്നു കൊടുക്കാതെ അടച്ചിട്ടു .1986 വരെ തൽസ്ഥിതി തുടർന്നു.

1986ൽ ഷബാനു കേസിൽ മൊഴിചൊല്ലപ്പെടുന്ന മുസ്ലിം സ്ത്രീകൾക്ക് ഭർത്താവിൽ നിന്ന് ജീവനാംശത്തിന് അർഹതയുണ്ടെന്ന് സുപ്രീംകോടതി വിധിച്ചു. തന്റെ മുസ്ലീം പ്രീണനത്തിന്റെ ഭാഗമായി, പ്രസ്തുത വിധിയെ മറികടക്കാൻ രാജീവ് ഗാന്ധി ഗവൺമെന്റ് വനിതാ സംരക്ഷണ നിയമം എന്ന പേരിൽ ഒരു നിയമം കൊണ്ടുവന്നു. ആ നിയമത്തിന്റെ പേരിൽ ഹിന്ദു വിഭാഗങ്ങളെ വ്യാപകമായ തോതിൽ ബിജെപി ഇളക്കി വിടുവാൻ ആരംഭിച്ചു. അതിന് തടയിടുവാൻ രാജീവ് ഗാന്ധി ചെയ്തത് ഫൈസാബാദിലെ ഒരു സെഷൻസ് ജഡ്ജിയുടെ വിധിയെ മറയാക്കി 1948 മുതൽ പൂട്ടിക്കിടന്ന ബാബറി മസ്ജിദ് ഹിന്ദുക്കൾക്ക് പൂജയ്-ക്കായി തുറന്നു കൊടുക്കുക എന്നതാണ്. ആലോചിക്കണം. ഏതാണ്ട് 27 കേസുകൾ ബാബറി മസ്ജിദ് സംബന്ധിച്ച് അന്ന് വിവിധ കോടതികളിലായി ഉണ്ടായിരുന്നു.എന്നാൽ ഒരു കേസിൽ ഒരു സെഷൻസ് ജഡ്ജിയുടെ വിധി മാത്രമെടുത്ത് അതിനെതിരെ അപ്പീൽ പോലും പോകാതെ ഏകപക്ഷീയമായി രാജീവ് ഗാന്ധി കൈക്കൊണ്ട ഈ തീരുമാനമാണ് ബി.ജെ.പിയുടെ വൻ വളർച്ചയ്-ക്ക് വളം നൽകിയത്.(1984ലെ തിരഞ്ഞെടുപ്പിൽ തന്നെ പിന്തുണച്ചാൽ ബാബറി മസ്ജിദ് ഹിന്ദുക്കൾക്ക് തുറന്നു കൊടുക്കാമെന്ന് ആർ.എസ്.എസുമായി രാജീവ് ഗാന്ധി ഒരു രഹസ്യകരാർ ഉണ്ടാക്കിയിരുന്നുവെന്നും ആ കരാറനുസരിച്ചാണ് 1984ൽ ബാലസാഹെബ് ദേവറസ് രാജീവിന് പരസ്യ പിന്തുണ നൽകിയത് എന്നും അക്കാലത്ത് അകത്തളങ്ങളിൽ ഒരു സംസാരമുണ്ടായിരുന്നു) ഏതായാലും അതുവഴി തുറന്നുകൊടുത്തത് ബാബറി മസ്ജിദിന്റെ അടച്ചിട്ടിരുന്ന വാതിലല്ല,മറിച്ച് വർഗ്ഗീയ ഭൂതത്തെ അടക്കം ചെയ്ത കുടത്തിന്റെ മൂടിയാണെന്നതല്ലേ വാസ്തവം.

തീർന്നില്ല. 1989ൽ പള്ളിയുടെ തർക്ക സ്ഥലത്ത് തറക്കല്ലിടാൻ സംഘപരിവാര ശക്തികൾക്ക് രാജീവ് സമ്മതം കൊടുത്തു.1989 ലെ തന്റെ ഇലക്ഷൻ പ്രചരണം രാജീവ് ആരംഭിച്ചത് അയോദ്ധ്യയിൽ നിന്നായിരുന്നു.അതും രാമരാജ്യമാണ് തന്റെ ലക്ഷ്യം എന്ന് പ്രഖ്യാപിച്ചു കൊണ്ട്.

സ്വാഭാവികമായും കടുത്ത ഹിന്ദുത്വ വാദികൾ അവസരം ശരിക്കും മുതലെടുത്തു. അതിന് സി.പി.ഐ.എമ്മിന്റെ തലയിൽ കയറിയിട്ടെന്ത് കാര്യം.

എല്ലാത്തിനുമുപരിയായി നിരവധി ബറ്റാലിയൻ പട്ടാളത്തെ ബാബറി പള്ളിക്ക് പുറത്ത് അനക്കാതെ നിർത്തി പള്ളി പൊളിക്കാനും താൽക്കാലികമായി അമ്പലം പണിയാനും സംഘപരിവാർ കർസേവകർക്ക് അവസരമൊരുക്കിക്കൊടുത്ത പ്രധാനമന്ത്രി കോൺഗ്രസുകാരനായിരുന്നില്ലേ? പതിനേഴു ഭാഷകളിൽ സംസാരിക്കാൻ കഴിവുള്ള പി വി നരസിംഹറാവു ഏതെങ്കിലും ഒരു ഭാഷയിൽ തന്റെ മൗനം വെടിഞ്ഞ് പള്ളി സംരക്ഷിക്കാൻ പട്ടാളത്തോട് പറഞ്ഞോ? ഇല്ല!

അതുകൊണ്ട് ബി.ജെ.പി ക്ക് എന്നും വെള്ളവും വളവും നൽകിയത് ആരാണെന്ന് ജനങ്ങൾക്കറിയാം.

യുപിഎ സർക്കാരും 
സിപിഐ എമ്മും
നാല്, 2009 ൽ മൻമോഹൻ സിങ് സർക്കാരിനെതിരെ സി.പി.ഐ.എം ബി.ജെ.പി.യോട് ചേർന്നത്രെ?

ഈ മൻമോഹൻ സിങ് സർക്കാർ 2004ൽ അധികാരത്തിൽ എത്തിയത് എങ്ങനെയാണെന്ന് കൂടി പറയൂ കോൺഗ്രസുകാരേ .ആ തിരഞ്ഞെടുപ്പിൽ ജയിച്ചു വന്ന 63 ഇടത് എം.പി.മാരുടെ കൂടി പിന്തുണയോടെയല്ലേ നിങ്ങൾ അധികാരമേറിയത്? ഇന്ന് സി.പി.ഐ.എമ്മിന് ദേശീയകക്ഷി സ്ഥാനം നഷ്ടപ്പെടുമെന്നും, ചിഹ്നമുണ്ടാവില്ലെന്നും പറഞ്ഞ് അർമാദിക്കുന്ന നിങ്ങൾ, അന്ന് ആ 63 ഇടത് എം പിമാർ ലോക്-സഭയിൽ എത്തിയിരുന്നില്ലെങ്കിൽ നിങ്ങളീ ഊറ്റംകൊള്ളുന്ന 2004 ലെയോ, ആ സർക്കാരിന്റെ തുടർച്ചയായ 2009 ലെയോ യു.പി.എ സർക്കാരുകൾ ഇന്ത്യയിൽ ഉണ്ടാവുമായിരുന്നില്ല എന്ന സത്യം ഓർക്കാത്തതെന്ത്? 2004ൽ ഇടത് പക്ഷത്തെ 63 എം.പി.മാരിൽ 35 പേരും ജയിച്ചത് ബംഗാളിൽ നിന്നായിരുന്നു.അവർ തോല്പിച്ചത് അന്നത്തെ തൃണമൂൽ -ബി.ജെ.പി. സഖ്യത്തെയും. മമതാ ബാനർജി വാജ്പേയിയുടെ എൻ.ഡി.എ സർക്കാരിൽ റെയിൽവേ മന്ത്രി ആയിരുന്നുവെന്ന കാര്യം മറക്കണ്ട. അന്ന് ഇടതിന് പകരം ബംഗാളിൽ മമത ജയിച്ചിരുന്നുവെങ്കിൽ 2004 ലെ നിങ്ങടെ സർക്കാർ തന്നെയുണ്ടാവുമായിരുന്നില്ല. മാത്രമല്ല ഇടതുപക്ഷം മുൻകയ്യെടുത്ത് രൂപം കൊടുത്ത പൊതു മിനിമം പരിപാടി അനുസരിച്ച് ഭരണം നിർവ്വഹിച്ചതുകൊണ്ടാണ് നിങ്ങളെ 2009ൽ ജനം വോട്ട് ചെയ്ത് ജയിപ്പിച്ചത്. ദേശീയതൊഴിലുറപ്പ് നിയമം, വനവാസി നിയമം, വിവരാവകാശ നിയമം മുതലായ പുരോഗമന സ്വഭാവമുള്ള നിയമങ്ങൾ നിർമിച്ച് നടപ്പാക്കുമെന്ന് ആ മിനിമം പരിപാടിയിൽ ഉൾക്കൊള്ളിച്ചിരുന്നു. അതിൽ തന്നെ തൊഴിലുറപ്പ് പദ്ധതിക്കെതിരെ എത്ര കടുത്ത നിലപാടായിരുന്നു കോൺഗ്രസ് ധനമന്ത്രി പി ചിദംബരത്തിന്. ഓരോ തവണ ആ ബില്ല് മാറ്റിവെക്കാൻ ശ്രമിക്കുമ്പോഴും സീതാറാം യച്ചൂരി സോണിയ ഗാന്ധിയുടെ വീട്ടിൽ ചെന്ന് കണ്ട് ബോധ്യപ്പെടുത്തിയെടുക്കാൻ ശ്രമിച്ചു. ആ ഒരൊറ്റ ബിൽ പാസാക്കിയെടുക്കാൻ 13 തവണയാണ് സോണിയാ ഗാന്ധിയുടെ വീട്ടിൽ യെച്ചൂരി ചെന്നത്.ഈ കാര്യമൊന്നും ജനങ്ങൾ അത്ര പെട്ടെന്ന് മറക്കില്ല കോൺഗ്രസുകാരേ.

എന്നാൽ പൊതു മിനിമം പരിപാടിക്ക് വിരുദ്ധമായ വിധത്തിൽ അമേരിക്കയ്-ക്ക് പാദസേവ ചെയ്യാനും , അവിടത്തെ ഉപയോഗശൂന്യമായ പത്ത് പതിനാലോളം ആണവ റിയാക്ടറുകൾ വാങ്ങി ഇന്ത്യയിൽ സ്ഥാപിക്കുന്നതിന് കരാറുണ്ടാക്കാനും മൻമോഹൻ സിങ്- സർക്കാർ തയ്യാറായപ്പോഴാണ് ആ സർക്കാരിന് ഇടതുപക്ഷം പിന്തുണ പിൻവലിച്ചത്.

ഞാനൊന്ന് ചോദിക്കട്ടെ ആ ആണവ കരാർ നടപ്പാക്കാൻ നാളിതു വരെ കോൺഗ്രസിന് കഴിഞ്ഞിട്ടുണ്ടോ?

2004-–2009ൽ ഇടതുപക്ഷ പിന്തുണയോടെ, ഇടതുപക്ഷവും കൂടി ചേർന്ന് തയ്യാറാക്കിയ ജനോപകാര പദ്ധതികളുടെ നടത്തിപ്പ് ഒന്നുകൊണ്ടു മാത്രമല്ലേ 2009ൽ നിങ്ങൾ അധികാരത്തിൽ തിരിച്ചെത്തിയത്? എന്നാൽ ഇടതുപക്ഷമില്ലാതെ 2009 തൊട്ട് 2014 വരെ ഭരിച്ച യുപിഎ ഗവൺമെന്റിന്റെ അവസ്ഥയെന്തായി? ലക്ഷക്കണക്കിന് കോടികളുടെ അഴിമതി മാത്രം അക്കാലയളവിൽ നേട്ടമുണ്ടാക്കിയ നിങ്ങളെ ജനങ്ങൾ വലിച്ചു പുറത്തിട്ടു.അതിനും സി.പി.ഐ.എമ്മിനെ പഴി പറഞ്ഞിട്ടെന്ത് കാര്യം?

ബി.ജെ.പിയും കോൺഗ്രസും തമ്മിൽ നയപരമായി വലിയ വ്യത്യാസമൊന്നുമില്ലെന്നതാണ് വാസ്തവം. അതുകൊണ്ടാണ് കോൺഗ്രസുകാർക്ക് ഒരു വിമ്മിട്ടവുമില്ലാതെ ബി.ജെ.പി യിലേക്ക് ചേക്കേറാനാവുന്നത്.ഇന്നത്തെ ബി.ജെ.പി എം.പി.മാരിൽ മൂന്നിലൊന്നിൽ കൂടുതൽ, അതായത് 114 പേർ, മുൻ കോൺഗ്രസ് എം.പി.മാരോ, എം.എൽ.എ മാരോ ആയത് യാദൃച്ഛികമല്ല. 12 മുൻ കോൺഗ്രസ് മുഖ്യമന്ത്രിമാരടക്കം ഇന്ന് ബി.ജെ.പി യിലാണ്. ആ ഒഴുക്ക് ഇന്നും തുടരുകയുമാണ്.

തന്നെയുമല്ല, ബി.ജെ.പി വളരുന്നതാകട്ടെ, കോൺഗ്രസ് മാത്രമുള്ള സംസ്ഥാനങ്ങളിലാണ്. അത് മധ്യപ്രദേശിലായാലും, ഗുജറാത്തി ലായാലും, രാജസ്താനിലായാലും, ഉത്തരാഖണ്ഡിലായാലും, കർണ്ണാടകത്തിലായാലും ഛത്തീസ്ഗഢിലായാലും, അസമിലായാലും അതാണ് സംഭവിച്ച് കാണുന്നത്.അല്ലാതെ ബിഹാർ,മഹാരാഷ്ട്ര, ബംഗാൾ, തെലങ്കാന, തമിഴ്നാട്, ഒറീസ, കേരളം എന്നിവ പോലെ പ്രാദേശിക പാർട്ടികൾ ശക്തമായ സംസ്ഥാനങ്ങളിലല്ല.
അതുകൊണ്ട് കോൺഗ്രസ് വൈദ്യന്മാരേ, നിങ്ങളോടൊന്നേ പറയാനുള്ളൂ. നിങ്ങൾ ആദ്യം പോയി സ്വയം ചികിത്സിക്കൂ.എന്നിട്ടുമതി സി.പി.ഐ.എമ്മിന് മരുന്നു കുറിക്കാൻ.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

5 × three =

Most Popular