രാജ്യം ലോക് സഭാ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോള്‍, കേരള പശ്ചാത്തലത്തില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തെ വിലയിരുത്തേണ്ടതുണ്ട്. നരേന്ദ്ര മോദിയെ പ്രധാനമന്ത്രി പദത്തിലിരുത്തി, ആര്‍ എസ് എസ് – ബി ജെ പി നേതൃത്വം കഴിഞ്ഞ പത്തുവര്‍ഷം നാടിനെ കൊണ്ടുപോയതെങ്ങോട്ടാണ്? കേരളത്തെ ഇല്ലാതാക്കാന്‍ ഭരണകൂട ഉപകരണങ്ങളെ ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍ നടത്തിയ നീക്കങ്ങള്‍ സമാനതകളില്ലാത്തതായിരുന്നു. കമ്യൂണിസ്റ്റ് വിരുദ്ധതയുടെ വിചാരധാരയില്‍ നിന്നും ഇടതുപക്ഷ ബദലുകളെ ഇല്ലാതാക്കി, മലയാളികളെയാകെ ശത്രുപക്ഷത്ത് നിര്‍ത്തുന്ന നിലപാടുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുപോവുമ്പോള്‍ കോണ്‍ഗ്രസും യു ഡി എഫും നിശബ്ദരായിരിക്കുകയായിരുന്നു.
ബി ജെ പി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിനെതിരായ പോരാട്ടത്തിൽ ദേശീയതലത്തിൽ അജൻഡ നിശ്‌ചയിച്ചത് ഇടതുപക്ഷമായിരുന്നു എന്നത് ഒരു വസ്തുതയാണ്. ഭരണഘടനാവിരുദ്ധവും വിഘടിതവുമായ രീതിയില്‍ ബി ജെ പി സര്‍ക്കാര്‍ കൊണ്ടുവന്ന വിവിധ പ്രശ്നങ്ങള്‍, പൗരത്വഭേദഗതി നിയമം, കശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കൽ, കർഷകദ്രോഹ കാർഷിക നിയമങ്ങൾ, ഇലക്-ടറൽ ബോണ്ട് തുടങ്ങി ചെറുതും വലുതുമായ വിഷയങ്ങളില്‍ ഇടതുപക്ഷം ദേശീയതലത്തിൽ പ്രചാരണവും പ്രക്ഷോഭവും നടത്തി. കേരളം ആ പ്രതിഷേധങ്ങളുടെയെല്ലാം മുന്നിലുണ്ടായിരുന്നു.
എന്നാല്‍, ഇന്ത്യന്‍ പാര്‍ലമെന്റില്‍ കേരളത്തില്‍ നിന്നുള്ള പ്രതിഷേധ ശബ്ദം നാം ആഗ്രഹിച്ച വിധത്തില്‍ ഉയര്‍ന്നില്ല. കാരണം കേരളത്തില്‍ നിന്നുള്ള 18 ലോക് സഭാംഗങ്ങള്‍ യു ഡി എഫ് പ്രതിനിധികളായിരുന്നു. അവര്‍ തങ്ങള്‍ക്ക് വോട്ടുചെയ്ത് വിജയിപ്പിച്ച മലയാളികളെ മറന്നു. കേന്ദ്ര സര്‍ക്കാര്‍ കേരളത്തോട് ചിറ്റമ്മ നയം കാണിക്കുമ്പോള്‍ ബുദ്ധിമുട്ടുന്നത് മലയാളികളാണല്ലൊ. അപ്പോള്‍ ഇവിടെ നിന്നും ലോക് സഭയിലേക്ക് പോയ എം പിമാര്‍ പ്രതികരിക്കേണ്ടതുണ്ട്; കേരളത്തിനു വേണ്ടി നിലകൊള്ളേണ്ടതുണ്ട്. മലയാളികള്‍ക്ക് വേണ്ടി പോരടിക്കേണ്ടതുണ്ട്; പക്ഷേ, അതുണ്ടായില്ല. പലപ്പോഴും കേരളത്തിലെ യു ഡി എഫ് എം പിമാര്‍ ബി ജെ പിയുടെ നിലപാടുകള്‍ ശരിവെക്കുന്ന സമീപനമാണ് കൈക്കൊണ്ടത്.
കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പുകാലത്ത്, മോദിക്കെതിരായ, ബിജെപിക്കെതിരായ ജനവികാരം രാജ്യമാകെ അലയടിക്കുന്ന വേളയില്‍, കേരളത്തില്‍ രാഹുല്‍ഗാന്ധി മത്സരിക്കാന്‍ വന്നു. രാഹുലിന്റെ മത്സരം ബി ജെ പിയോടല്ലായിരുന്നു. കേരളത്തില്‍ ബി ജെ പി ഒരു ശക്തിയല്ലെന്ന കാര്യം രാജ്യത്ത് എല്ലാവര്‍ക്കുമറിയാം. അന്ന് കേരളത്തിലെ വോട്ടര്‍മാരില്‍ പലരും രാഹുലിനെ അടുത്ത പ്രധാനമന്ത്രിയായി കണ്ടു.
ജനദ്രോഹ നടപടികളുമായി മോദി സര്‍ക്കാര്‍ മുന്നോട്ടുപോയപ്പോള്‍ കേരളത്തില്‍ നിന്നുള്ള എം പിയായിരുന്ന രാഹുല്‍ ഗാന്ധിയുടെ പാര്‍ലമെന്റിലെ പെര്‍ഫോമന്‍സ് ആശാവഹമായിരുന്നില്ല. പാര്‍ലമെന്റിന്റെ ഇരുസഭകളിലും മുഴങ്ങിയത് രാഹുല്‍ ഗാന്ധിയുടേയും കോണ്‍ഗ്രസിന്റെയും ശബ്ദമായിരുന്നില്ല. ആര്‍ക്കും നിശബ്ദമാക്കാന്‍ സാധിക്കാത്ത, വിലക്കെടുക്കാന്‍ പറ്റാത്ത ഇടതുപക്ഷത്തിന്റെ ശബ്ദമായിരുന്നു. കുത്തക മാധ്യമങ്ങള്‍ക്കുവരെ അത് റിപ്പോര്‍ട്ട് ചെയ്യേണ്ടി വന്നു.
ഇപ്പോള്‍ രാജ്യത്ത് ബി ജെ പി മുന്നണിക്കെതിരായി നില്‍ക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ കൂട്ടായ്മ ഉണ്ട്. ഇന്ത്യ പ്രതിപക്ഷ കൂട്ടായ്മ എന്നാണ് പേര്. അതില്‍ ഇടതുപക്ഷ പാര്‍ട്ടികളുണ്ട്. കോണ്‍ഗ്രസുമുണ്ട്. രാജ്യത്തോട് പ്രതിബദ്ധതയുള്ള രാഷ്ട്രീയമാണ് കോണ്‍ഗ്രസിന്റേതെങ്കില്‍, ഭാരത് ജോഡോ യാത്രകളില്‍ നിന്ന് രാഹുല്‍ഗാന്ധി ഇന്ത്യന്‍ യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ടുവെങ്കില്‍ കേരളത്തില്‍ വീണ്ടും മത്സരിക്കുമായിരുന്നോ? ഇടതുപക്ഷമല്ല കോണ്‍ഗ്രസിന്റെ ശത്രുവെന്ന വിളംബരം രാജ്യത്ത് മുഴക്കുവാനുള്ള ബാധ്യത ഗാന്ധിജിയുടേയും നെഹ്രുവിന്റെയും പാരമ്പര്യമുള്ള കോണ്‍ഗ്രസിനുണ്ടായിരുന്നില്ലേ?
ഇടതുപക്ഷ എം പിമാര്‍ നിലപാടുള്ളവരായിരിക്കും. ജനപക്ഷത്ത് നില്‍ക്കുന്നവരാവും. അവര്‍ക്കു വേണ്ടി റിസോര്‍ട്ടുകള്‍ വാടകയ്-ക്കെടുക്കേണ്ടി വരില്ല. വര്‍ഗീയ ശക്തികള്‍ക്ക് വിലയ്-ക്കെടുക്കാന്‍ പറ്റാത്ത, അഴിമതിയുടെ ചെളിക്കുണ്ടുകളില്‍ നുരയ്-ക്കാത്ത ഇടതുപക്ഷമാവണം ഓരോ മലയാളിയുടേയും ശബ്ദമാവേണ്ടത്. ജനാധിപത്യത്തിന്റെ, മതനിരപേക്ഷതയുടെ പതാകവാഹകരായ ഇടതുപക്ഷം ഭരണഘടനയുടെ കാവല്‍ക്കാരുമായിരിക്കും. ലോകത്തിന് മുന്നില്‍ ഇന്ത്യയുടെ അടയാളങ്ങളായി മാറാനാണ് ഇടതുപക്ഷത്തെ വിജയിപ്പിക്കേണ്ടത്.
ഹിന്ദുത്വ വര്‍ഗീയ ശക്തികള്‍ നിര്‍മിക്കുന്ന ഇന്ത്യയില്‍ ഭരണഘടനയ്ക്കു പകരം മനുസ്മൃതിയാണ് ഉണ്ടാവുക. പൗരരെയല്ല, പ്രജകളെയാണ് അവര്‍ക്ക് പഥ്യം. ജാതി-–ജന്‍മി- നാടുവാഴിത്തവും സവര്‍ണ ബ്രാഹ്മണ മേല്‍ക്കോയ്മകളും അവരിലൂടെ രാജ്യത്ത് പുനഃസൃഷ്ടിക്കപ്പെടും. ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി എന്നത് ആപ്തവാക്യമാക്കി മാറ്റും. അത്തരമൊരു ഇന്ത്യ സൃഷ്ടിക്കാന്‍ ആര്‍ എസ് എസ് – ബി ജെ പി സംഘപരിവാരം ഭരണകൂടത്തെ ഉപയോഗിച്ച് ശ്രമിച്ചുകൊണ്ടിരിക്കുമ്പോള്‍, ഹിന്ദുത്വ വര്‍ഗീയ രാഷ്ട്രീയത്തിനെതിരെ ഒരു വിട്ടുവീഴ്ചയുമില്ലാതെ നിലപാടെടുക്കുന്ന ഇടതുപക്ഷമാവണം കേരളത്തെ പാര്‍ലമെന്റില്‍ പ്രതിനിധീകരിക്കേണ്ടത്.
ഇടതുപക്ഷത്തിന്റെ ഹൃദയപക്ഷത്ത് പാവപ്പെട്ട ജനവിഭാഗങ്ങളാണ്. കേരളം അതിന്റെ തെളിവാണ്. കേന്ദ്രത്തിന്റെ സാമ്പത്തിക ആക്രമണങ്ങളില്‍ അടിപതറാതെ മാര്‍ച്ച് മാസത്തില്‍ തന്നെ ഒരു മാസത്തെ സാമൂഹ്യക്ഷേമ പെന്‍ഷന്‍ തുക പിണറായി വജയന്‍ സര്‍ക്കാര്‍ വിതരണം ചെയ്തു. ഏപ്രിൽ മാസം മുതൽ അതതുമാസം പെൻഷൻ വിതരണം ചെയ്യാനുള്ള നടപടികളാണ് സ്വീകരിച്ചു വരുന്നത്. സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷന്റെ രണ്ടു ഗഡു തുക വിഷുവിന് മുമ്പ് വിതരണം ചെയ്യുമെന്നാണ് ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ വ്യക്തമാക്കിയിട്ടുള്ളത്. സാമ്പത്തികമായി ബുദ്ധിമുട്ടിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നടപടികളെ മറികടന്ന് പാവപ്പെട്ട, സാധാരണക്കാരായ മനുഷ്യരുടെ പക്ഷത്ത് നില്‍ക്കുന്ന ഇടതുപക്ഷ സര്‍ക്കാരിനെ മലയാളികള്‍ക്ക് കാണാതിരിക്കാനാവില്ല.
കര്‍ഷകത്തൊഴിലാളി പെന്‍ഷനും മറ്റ് സാമൂഹ്യക്ഷേമ പെന്‍ഷനുകളും വിതരണം ചെയ്യുന്നതില്‍ ചെറിയ കാലതാമസം വന്നപ്പോള്‍ യു ഡി എഫും ബി ജെ പിയും സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി മുന്നോട്ടുവന്നു. കേരളത്തിലെ കൊച്ചുകുട്ടികള്‍ക്ക് വരെ കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ സാമ്പത്തികമായി ശ്വാസംമുട്ടിക്കുകയാണെന്ന കാര്യം അറിയാം.
കേന്ദ്രം കേരളത്തിന് നല്‍കാനുള്ള, കേരളത്തിന് അവകാശപ്പെട്ട നികുതി വിഹിതമടക്കമുള്ള തുക ഭീമമാണ്. ഡിവിസിബിള്‍ പൂളില്‍ നിന്നും കേരളത്തിന് ലഭിക്കേണ്ട നികുതി വിഹിതം 3.58 ല്‍ നിന്ന് 1.925 ശതമാനമായി കുറച്ചതിലൂടെ കേരളത്തിന് 18,000 കോടി രൂപ ലഭിക്കണം. ജി.എസ്.ടി നഷ്ടപരിഹാരം നിര്‍ത്തലാക്കിയതിലൂടെ നഷ്ടമാവുന്നത് 12,000 കോടി രൂപയാണ്. റവന്യൂ കമ്മി ഗ്രാന്റില്‍ വരുത്തിയ കുറവിലൂടെ 8,400 കോടി രൂപ ഇല്ലാതായി. വായ്പാനുമതി പരിധി കുറച്ചതിലൂടെ 19,000 കോടി രൂപയും നഷ്ടപ്പെട്ടു. അങ്ങിനെ 57,400 കോടി രൂപയുടെ വരുമാന നഷ്ടമാണ് കേരളത്തിനുണ്ടായത്. സംസ്ഥാനത്തിന്റെ തനതു നികുതി വരുമാനത്തില്‍ 13,600 കോടി രൂപയുടെ വര്‍ദ്ധനവ് ഉണ്ടാക്കിയാണ് ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ നിര്‍വ്വഹിക്കാന്‍ പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നത്. കേന്ദ്രം കേരളത്തിന് അവകാശപ്പെട്ട 57,400 കോടി ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുകയാണെങ്കില്‍, ഒരു സംശയവും വേണ്ട അപ്പോള്‍ തന്നെ സാമൂഹ്യക്ഷേമ പെന്‍ഷന്‍ ഉയര്‍ത്തുവാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവും. സര്‍ക്കാര്‍ ജീവനക്കാരുടെ, കെ എസ് ആര്‍ ടി സി അടക്കമുള്ള സ്ഥാപനങ്ങളിലെ ജീവനക്കാരുടേയും പെന്‍ഷന്‍കാരുടേയും വൈഷമ്യങ്ങള്‍ക്ക് പരിഹാരമാകും. ആര്‍ എസ് എസ് – ബി ജെ പി നേതൃത്വത്തിലുള്ള മുന്നണിയെ കേന്ദ്രത്തില്‍ നിന്നും തൂത്തെറിഞ്ഞാല്‍ കേരളം രക്ഷപ്പെടും.
2016ലെ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് ഇടതുപക്ഷം തങ്ങളുടെ പ്രകടന പത്രികയില്‍ സാമൂഹ്യക്ഷേമ പെന്‍ഷന്‍ 1600 ആക്കി ഉയര്‍ത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഒന്നാം പിണറായി വിജയന്‍ സര്‍ക്കാര്‍ ആ വാഗ്ദാനം നിറവേറ്റി. 2016ല്‍ ഇടതുപക്ഷം അധികാരമേല്‍ക്കുമ്പോള്‍ സാമൂഹ്യക്ഷേമ പെന്‍ഷന്‍ 18 മാസത്തെ കുടിശ്ശികയായി കിടക്കുകയായിരുന്നു. അതിന് മുമ്പ് കേരളം ഭരിച്ച കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു ഡി എഫ് സര്‍ക്കാര്‍ സാമൂഹ്യ ക്ഷേമപെന്‍ഷനില്‍ കാര്യമായ വര്‍ധനവൊന്നും വരുത്തിയിരുന്നില്ല. 400രൂപയായിരുന്ന പെന്‍ഷന്‍ 2014 ല്‍ 600രൂപയാക്കി വര്‍ധിപ്പിക്കാന്‍ ഉത്തരവിറക്കിയെങ്കിലും അത് കുടിശ്ശികയില്ലാതെ വിതരണം ചെയ്യാന്‍ യു ഡി എഫ് സര്‍ക്കാരിന് സാധിച്ചിരുന്നില്ല. 18 മാസത്തെ കുടിശ്ശിക വന്നത് അങ്ങനെയാണ്. പിണറായി വിജയന്റെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്ന ഒന്നാം എല്‍ ഡി എഫ് സര്‍ക്കാര്‍ 2016 മെയ് 25 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്ത അന്നു തന്നെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ സാമൂഹ്യക്ഷേമ പെന്‍ഷന്‍ തുക 600 രൂപയില്‍ നിന്ന് 1000മാക്കി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു. യു ഡി എഫ് കാലത്ത് വരുത്തിയ 18 മാസത്തെ കുടിശ്ശിക കൊടുത്തുതീര്‍ക്കാനും അന്ന് തീരുമാനിച്ചു.
2016 ജൂലൈ 16ന് ഇറക്കിയ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ജൂണ്‍ 16 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ സാമൂഹ്യക്ഷേമ പെന്‍ഷന്‍ 1000 രൂപയാക്കി ഉയര്‍ത്തി. 2017 മാര്‍ച്ച് 23 ന് ഇറക്കിയ ഉത്തരവിലൂടെ പെന്‍ഷന് രണ്ടാം വര്‍ധനവ് വരുത്തി; 1100 രൂപയാക്കി. 2019 ഫെബ്രുവരി 18ന് ഇറക്കിയ ഉത്തരവിലൂടെ മൂന്നാം വര്‍ധനവ് വരുത്തി; പെന്‍ഷന്‍ 1200 രൂപയാക്കി. 2020 മാര്‍ച്ച് മൂന്നിന് ഇറങ്ങിയ ഉത്തരവില്‍ നാലാമതും വര്‍ധനവ് വരുത്തി 1300 രൂപയാക്കി. അതേ വര്‍ഷം സെപ്തംബര്‍ ആറിന് ഇറക്കിയ ഉത്തരവിലൂടെ അഞ്ചാമത് വര്‍ധനവ് വരുത്തിയപ്പോള്‍ 1400 രൂപയായി. 2021 ജനുവരി അഞ്ചിന് പുറത്തിറക്കിയ ഉത്തരവില്‍ 100 രൂപ വര്‍ധിപ്പിച്ച് 1500 രൂപയാക്കി. 2021 ഫെബ്രുവരി 21ന് ഇറക്കിയ ഉത്തരവിലൂടെ 1600 രൂപ ക്ഷേമപെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ഉറപ്പുവരുത്തി. ഇതൊന്നും കോണ്‍ഗ്രസോ, ബി ജെ പിയോ നടത്തിയ പ്രക്ഷോഭത്തിന്റെ ഭാഗമായി വരുത്തിയ വര്‍ധനവല്ലായിരുന്നു. പാവപ്പെട്ട ജനവിഭാഗങ്ങളോടൊപ്പം നില്‍ക്കണമെന്നുള്ള എൽഡിഎഫ് സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യത്തിന്റെ ഭാഗമായിരുന്നു ആ വര്‍ധനവ്.
കേരളത്തിലെ ജനങ്ങള്‍ യാഥാര്‍ത്ഥ്യങ്ങളും വസ്തുതകളും മനസ്സിലാക്കാന്‍ കെല്‍പ്പുള്ളവരാണ്. വരുന്ന തിരഞ്ഞെടുപ്പില്‍ കേരളത്തെ നിലനിര്‍ത്തണമെന്ന മനോഭാവത്തോടെയാവും കേരളീയര്‍ പോളിംഗ് സ്റ്റേഷനിലേക്ക് എത്തുക. ബിജെപിക്കെതിരെ മാത്രമല്ല, കഴിഞ്ഞ അഞ്ചുവര്‍ഷം കേരളത്തിനുവേണ്ടി കേന്ദ്ര സര്‍ക്കാരിനെതിരെ ഒരക്ഷരം മിണ്ടാത്ത, രാഹുല്‍ഗാന്ധി അടക്കമുള്ള കേരളത്തിലെ യു ഡി എഫിനെ തൂത്തെറിയാനും ഈ ലോക് സഭാ തിരഞ്ഞെടുപ്പിനെ കേരള ജനത ഉപയോഗപ്പെടുത്തും. കേരളത്തിന് ജയിക്കാതിരിക്കാന്‍ പറ്റില്ല. ♦