Tuesday, May 21, 2024

ad

Homeലെനിന്റെ 100‐ാം ചരമവാർഷികംലെനിൻ എന്തു ചെയ്യുമായിരുന്നു?

ലെനിൻ എന്തു ചെയ്യുമായിരുന്നു?

ആർ അരുൺകുമാർ

രിത്രത്തിൽ, ‘എങ്കിലുകളും’ ‘എന്നാലുകളും’ ഇല്ല എന്ന് നാമെല്ലാം പഠിച്ചിട്ടുള്ളതാണ്. എന്നിരുന്നാലും, പല കാലങ്ങളിലും, വർത്തമാനകാലം നേരിടുന്ന ചില മുഖ്യ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിന് ‘‘എങ്കിൽ എന്ത്’’ എന്ന ചോദ്യം നാം നേരിട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള ചില സാങ്കല്പിക ചോദ്യങ്ങൾ സമാഹരിച്ച് How the Greatest Political Theorists Would Solve Your Everyday Problems (നിത്യജീവിതത്തിലെ നിങ്ങളുടെ പ്രശ്നങ്ങൾ മഹാന്മാരായ രാഷ്ട്രീയ സെെദ്ധാന്തികർ എങ്ങനെ പരിഹരിക്കുമായിരുന്നു) എന്ന ശീർഷകത്തിലുള്ള ഒരു പരമ്പരയുടെ ഭാഗമായി What would Marx Do? (മാർക്സ് എന്തു ചെയ്യുമായിരുന്നു) എന്ന ഒരു പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. നാം ലെനിന്റെ ചരമ ശതാബ്ദി ആചരിക്കുന്ന ഈ വേളയിൽ അതിനെ പരാവർത്തനം ചെയ്തുകൊണ്ട് നമുക്ക് ഇങ്ങനെ ഒരു ചോദ്യം ഉന്നയിക്കാം: ‘‘ലോകം രാഷ്ട്രീയമായി വലതുപക്ഷത്തേക്കുള്ള ചുവടുവയ്പിന് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്ന ഇന്ന് ലെനിൻ എന്തു ചെയ്യുമായിരുന്നു?’’

നാനാ നിറങ്ങളിലുള്ള വലതുപക്ഷ ശക്തികളുടെ ജയ –പരാജയങ്ങൾ സംഭവിക്കുന്നുണ്ടെങ്കിലും അതിനെല്ലാം ഉപരിയായി ഒരു വസ്തുത നാം അംഗീകരിക്കേണ്ടതുണ്ട്. ഇന്ന് വിവിധ രാജ്യങ്ങളിൽ വലതുപക്ഷ രാഷ്ട്രീയത്തിന് നിലനിൽക്കാൻ കഴിയുന്ന ശ്രദ്ധേയമായ ഒരു രാഷ്ട്രീയ ഇടമുണ്ട്. 2020ൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്രംപ് പരാജയപ്പെട്ടെങ്കിലും അദ്ദേഹത്തിന് ഇപ്പോഴും കിട്ടിക്കൊണ്ടിരിക്കുന്ന പിന്തുണ ഇക്കാര്യം സാധൂകരിക്കുന്നു. ബ്രസീലിലെ ബൊൾസനാരോയുടെ കാര്യത്തിലാണെങ്കിലും ജർമനിയിലെ ആൾട്ടർനേറ്റ് ഫോർ ഡ്യുഷെലാൻഡ് പാർട്ടി (AFD), ഫ്രാൻസിലെ മേരി ലെപെൻ നമ്മുടെ രാജ്യത്തെ ബിജെപി എന്നിവയുടെയെല്ലാം സ്ഥിതി സമാനമാണ്. ഇതിനെയാണ് രാഷ്ട്രീയമായി വലതുപക്ഷത്തേക്കുള്ള ചുവടുമാറ്റം എന്ന് വിളിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ മാർക്സിന്റെ ശിഷ്യരിൽ അഗ്രഗണ്യനായ, തന്ത്രത്തിന്റെയും അടവുകളുടെയും ആചാര്യനായ ലെനിൻ എങ്ങനെ പ്രതികരിക്കുമായിരുന്നു? യാതൊരു സാധ്യതയും ഇല്ലാത്ത ഒന്നെന്നതിനാൽ, ഇത്തരമൊരു ചോദ്യം തന്നെ അസംബന്ധമായതിനാൽ നമുക്കത് അവഗണിക്കാമെങ്കിലും, ലെനിന്റെ കൃതികളിൽ നിന്നും തന്റെ ജീവിതകാലത്ത് വിവിധ സാഹചര്യങ്ങളോട് അദ്ദേഹം പ്രതികരിച്ച രീതികളിൽ നിന്നും ഇതിന് ഒരുത്തരം കണ്ടെത്തുന്ന കാര്യത്തെക്കുറിച്ച് നമുക്ക് ആലോചിക്കാവുന്നതാണ്.

ഒന്നാമത്, രാഷ്ട്രീയ സാഹചര്യം എതിരാവുകയോ തിരിച്ചടി നേരിടുകയോ ചെയ്യുമ്പോൾ ലെനിൻ നിരാശനാവുകയോ പ്രതീക്ഷ കൈവെടിയുകയോ ചെയ്തിരുന്നില്ല. ലെനിന്റെ ജീവിതത്തിലുടനീളം ഇത്തരം അനേകം ദൃഷ്ടാന്തങ്ങൾ കാണാം; അദ്ദേഹവും കൂടി മുൻകൈയെടുത്ത് സ്ഥാപിച്ച റഷ്യൻ സോഷ്യൽ ഡെമോക്രാറ്റിക് ലേബർ പാർട്ടി (RSDLP) ഇത്തരം തിരിച്ചടികൾ നേരിട്ടിട്ടുണ്ട്.പാർട്ടി പ്രധാനമായും നിയമവിരുദ്ധ സംഘടനയായാണ് പ്രവർത്തിച്ചിരുന്നത്. അതിന്റെ നേതാക്കളിൽ ഏറെപ്പേരും ഒളിവിലോ പ്രവാസികളായോ ആണ് പ്രവർത്തിച്ചിരുന്നത്. ജനാധിപത്യാവകാശങ്ങളുടെ കണിക പോലും അന്ന് റഷ്യയിൽ ഉണ്ടായിരുന്നില്ല. ഇന്ന് നാം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നതിൽ നിന്ന് ഏറെയൊന്നും വ്യത്യസ്തമായിരുന്നില്ല ആ കാലഘട്ടത്തിലെ സ്ഥിതിയും എന്ന വസ്തുതയിലേക്കാണ് ഇതെല്ലാം വിരൽ ചൂണ്ടുന്നത്; എന്നാൽ ഇന്നത്തേതിനേക്കാൾ ഏറെ ബുദ്ധിമുട്ടുകൾ നിറഞ്ഞ കാലമായിരുന്നു അന്നത്തേത് എന്നതും വസ്തുതയാണ്.

കമ്യൂണിസ്റ്റ് സാഹിത്യം വിൽക്കുന്നതും വിതരണം ചെയ്യുന്നതുമെല്ലാം നിരോധിച്ചിരുന്ന ആ കാലത്ത് ലെനിനും സഖാക്കളും അവയുടെ വിതരണം ഉറപ്പാക്കുകയും ഒപ്പം സ്ഥിരമായി സ്റ്റഡി ക്ലാസുകൾ നടത്തുകയും ചെയ്തു. പത്രങ്ങൾ പ്രസിദ്ധീകരിക്കാൻ അക്കാലത്ത് അനുവദിക്കപ്പെട്ടിരുന്നില്ല; അതിനെ മറികടക്കാൻ ലെനിനും സഖാക്കളും ഒളിവിലെ രഹസ്യ കേന്ദ്രങ്ങളിൽ അച്ചടിക്കാനുള്ള യന്ത്ര സംവിധാനങ്ങൾ സ്ഥാപിച്ച് അച്ചടിച്ചിറക്കുക മാത്രമായിരുന്നില്ല, ഒരു വീഴ്ചയും കൂടാതെ കാര്യക്ഷമമായി വിതരണം ചെയ്യുന്നതിനുള്ള സംവിധാനമൊരുക്കുകയും ചെയ്തിരുന്നു. അവർ പത്രങ്ങൾ വിദേശത്ത് അച്ചടിച്ച് റഷ്യയിലേക്ക് കടത്തിക്കൊണ്ടു വരികപോലും ചെയ്തിരുന്നു; സംഭവങ്ങളെക്കുറിച്ച് ശരിയായ മാർക്സിസ്റ്റ് കാഴ്ചപ്പാടിൽ ജനങ്ങളെ അറിയിക്കുന്നത് ഉറപ്പാക്കുന്നതിനാണ് അവർ ഇതെല്ലാം ചെയ്തത്. വ്യാഖ്യാനത്തിനുവേണ്ടിയുള്ള വ്യാഖ്യാനമായിരുന്നില്ല അത്; മറിച്ച് നിലവിലുള്ള സാഹചര്യത്തെ പരിവർത്തനപ്പെടുത്തുന്നതിനായിരുന്നു. ഈ കാരണത്താലാണ് ലെനിനെ സംബന്ധിച്ചിടത്തോളം പാർട്ടി പത്രം പ്രക്ഷോഭകാരിയും പ്രചാരകനും സംഘാടകനുമായത്.അത് ചോദ്യങ്ങൾ ഉന്നയിക്കുകയും അവയെ വിശകലനം ചെയ്യുകയും പരിഹാരം കണ്ടെത്താൻ വായനക്കാരെ പ്രേരിപ്പിക്കുകയും പ്രക്ഷോഭങ്ങൾ നിർദ്ദേശിക്കുകയുമെല്ലാം ചെയ്തു; ഈ ദശകളിലൂടെ വായനക്കാരെയാകെ മുന്നോട്ടു നയിച്ചു.

ലെനിൻ ആവർത്തിച്ചു പ്രസ്താവിച്ചിട്ടുള്ളതുപോലെ ക്ഷമ കമ്യൂണിസ്റ്റുകാരെ സംബന്ധിച്ചിടത്തോളം ഒരു നല്ല ഗുണമാണെന്നു മാത്രമല്ല, അതൊരു അനിവാര്യതയും കൂടിയാണ്. പ്രതികൂല സാഹചര്യങ്ങളെ നേരിടുമ്പോൾ നാമൊരിക്കലും പ്രതീക്ഷ കൈവെടിയാനോ നിരാശരാവാനോ പാടില്ല. ജനങ്ങൾക്കിടയിൽ ക്ഷമയോടുകൂടി പ്രവർത്തനം നടത്തൽ, കാരണങ്ങളെക്കുറിച്ച് അവർക്ക് വിശദീകരിച്ചുകൊടുക്കൽ, അവരെ പ്രക്ഷോഭത്തിലേക്ക് നയിക്കൽ, ഒരു കൂട്ടായ്മയായി അവരെ സംഘടിപ്പിക്കൽ എന്നീ പരമപ്രധാന കാര്യങ്ങളെല്ലാം നാം ലെനിനിൽ നിന്ന് പഠിക്കേണ്ടതാണ്. ലെനിൻ നമ്മെ പഠിപ്പിച്ചത് സാഹചര്യങ്ങൾ, അതായത് വസ്തുനിഷ്ഠ യാഥാർത്ഥ്യങ്ങൾ, സ്വയം മാറുകയില്ലെന്നും അവയെ മാറ്റുകയാണ് വേണ്ടത് എന്നുമാണ്.

തിരിച്ചടികൾ നേരിടുമ്പോൾ നാം നിരാശരായി തളർന്നു പോകരുത് എന്നാണ് ലെനിന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നത്. സോഷ്യലിസ്റ്റ് വിപ്ലവത്തിലേക്ക് മുന്നേറാൻ ബോൾഷെവിക്കുകളെ ആഹ്വാനം ചെയ്ത ഏപ്രിൽ തീസിസ് ലെനിൻ എഴുതി രണ്ടുമാസത്തിനുശേഷം, റഷ്യയിൽ ജൂലൈ മാസമായപ്പോൾ പ്രതിവിപ്ലവത്തിന്റേതായ ഒരു സാഹചര്യം ഉയർന്നു വന്നു. തന്റെ ജീവിതകാലത്ത് സോഷ്യലിസ്റ്റ് വിപ്ലവത്തിന് സാക്ഷ്യം വഹിക്കാൻ സാധ്യതയില്ലെന്ന് ലെനിനുപോലും അതോടെ തോന്നിത്തുടങ്ങി. പക്ഷേ, സാഹചര്യത്തെ മാറ്റിയെടുക്കുന്നതിനായി പ്രവർത്തിക്കുന്നതിൽ നിന്നും അതൊന്നും തന്നെ അദ്ദേഹത്തെ പിന്തിരിപ്പിച്ചില്ല. വീണ്ടും പ്രവാസജീവിതം നയിക്കാൻ നിർബന്ധിതനായ ശേഷം പോലും അദ്ദേഹം കഠിനാധ്വാനത്തിലേർപ്പെട്ടു. ഇത്തരത്തിൽ അദ്ദേഹം സ്ഥിരോൽസാഹമായതുകൊണ്ടാണ് അദ്ദേഹത്തിന് ജാഗ്രതയോടെ തുടരാനും സോഷ്യലിസ്റ്റ് ലക്ഷ്യത്തിനായി മുന്നേറാനുള്ള വഴി തുറന്നു കിട്ടുന്നതിനായി ശ്രദ്ധാപൂർവ്വം കാത്തിരിക്കാനും കഴിഞ്ഞത്. അത്തരമൊരവസരം ഉയർന്നു വന്നപ്പോൾ അതുപയോഗപ്പെടുത്താൻ അദ്ദേഹം തയ്യാറായിരുന്നു; ബോൾഷെവിക് പാർട്ടിയും അത്തരത്തിൽ സജ്ജമായിരുന്നു. മൂന്നുമാസം കൂടി കഴിഞ്ഞപ്പോൾ, ഒക്ടോബറിൽ, അവർക്ക് ശക്തി സമാഹരിക്കാൻ കഴിഞ്ഞു; മാനവരാശിയുടെ ചരിത്രത്തിൽ ആദ്യത്തെ സോഷ്യലിസ്റ്റ് വിപ്ലവത്തെ വിജയകരമായി നയിക്കാനും അവർക്ക് കഴിഞ്ഞു.

ഇത് നമ്മെ വളരെ പ്രധാനപ്പെട്ട ഒരു പാഠം പഠിപ്പിക്കുന്നു. ജനങ്ങളിലുള്ള പ്രതീക്ഷ നാം ഒരിക്കലും കൈവെടിയരുത്. നാം ലക്ഷ്യബോധത്തോടെയും നിർബന്ധ ബുദ്ധിയോടെയും പ്രവർത്തിക്കുകയാണെങ്കിൽ നിശ്ചയമായും ഭാവി നമ്മുടേതായിരിക്കും. ഇവിടെ നാം ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട രണ്ടു കാര്യങ്ങളുണ്ട് – ‘നാം’ എന്നതും ‘പ്രവർത്തനം’ എന്നതും. ‘പ്രവർത്തനം’ എന്നതിന്റെ അർഥം ജനങ്ങളുടെ വിപ്ലവ ബോധം ഉയർത്തുന്നതിനുള്ള പ്രക്ഷോഭത്തിന്റേയും പ്രചാരണത്തിന്റെയും സമരത്തിന്റെയും സംയോജനം എന്നാണ്. ‘നാം’ എന്നാൽ അർഥം സമൂഹത്തെ വിപ്ലവപരമായി പരിവർത്തനം ചെയ്യുക എന്ന പൊതുവായ ലക്ഷ്യത്തോടുകൂടി ജനങ്ങളെ കൂട്ടിയോജിപ്പിക്കുന്ന പാർട്ടി എന്നാണ്. ആ നിലയിൽ, ലെനിനെ സംബന്ധിച്ചിടത്തോളം പാർട്ടിയും പാർട്ടി സംഘടനയും വളരെയേറെ പ്രാധാന്യം നൽകേണ്ടവയാണ്. റഷ്യൻ സോഷ്യൽ ഡെമോക്രാറ്റിക് ലേബർ പാർട്ടിയിൽ (RSDLP) വിപ്ലവ സ്വഭാവം ഉണ്ടാക്കാനും അത് നിലനിർത്താനും അദ്ദേഹം കഠിനമായി പൊരുതി.അദ്ദേഹം ബോൾഷെവിക്കുകളെ പരുവപ്പെടുത്തിയെടുത്തു; ആ കാലഘട്ടത്തിൽ ഉരുവംകൊണ്ട രാഷ്ട്രീയ സാഹചചര്യങ്ങളുടെ കയറ്റിറക്കങ്ങളിലൂടെയാകെ കടന്നു പോകാൻ ബോൾഷെവിക്കുകളെ അദ്ദേഹം പാകപ്പെടുത്തുകയും ചെയ്തു. പല വിപ്ലവസാഹചര്യങ്ങളുമുണ്ടാകും; എന്നാൽ അത്തരമൊരു സാഹചര്യത്തെ പ്രയോജനപ്പെടുത്തേണ്ടതും വിപ്ലവം വിജയിക്കുമെന്ന് ഉറപ്പുവരുത്തേണ്ടതും പാർട്ടിയാണ്.

‘‘പൊതുവെ പറഞ്ഞാൽ, വിപ്ലവ സാഹചര്യത്തിന്റെ ലക്ഷണങ്ങൾ എന്തെല്ലാമാണ്?’’ എന്ന ചോദ്യം ഉന്നയിച്ച ലെനിൻ അതിന് ഇങ്ങനെ മറുപടിയും നൽകി: ‘‘ചുവടെ ചേർക്കുന്ന മൂന്ന് മുഖ്യലക്ഷണങ്ങൾ സൂചിപ്പിക്കപ്പെട്ടാൽ ഒരു കാരണവശാലും നമുക്ക് തെറ്റുപറ്റില്ല: (1) മാറ്റമൊന്നും കൂടാതെ ഭരണവർഗങ്ങൾക്ക് തങ്ങളുടെ ഭരണം നിലനിർത്താൻ സാധ്യമാകാതെ വരുമ്പോൾ; ‘ഉന്നത വർഗങ്ങൾ’ക്കിടയിൽ ഒരു രൂപത്തിലല്ലെങ്കിൽ മറ്റൊരു രൂപത്തിൽ പ്രതിസന്ധി ഉണ്ടാകുമ്പോൾ; മർദ്ദിതവർഗങ്ങളുടെ അസംതൃപ്തിയും രോഷവും പൊട്ടിത്തെറിയ്ക്കിടയാക്കുന്ന ഭരണവർഗത്തിന്റെ നയങ്ങളിൽ പ്രതിസന്ധിയുണ്ടാക്കുമ്പോൾ; വിപ്ലവം നടക്കുന്നതിന്, പൊതുവിൽ പഴയ രീതിയിൽ ജീവിക്കാൻ ‘താഴെത്തട്ടിലുള്ള വർഗങ്ങൾക്ക് താല്പര്യമില്ലാ’തിരുന്നാൽ മാത്രം പോര; ‘ഉയർന്ന വർഗങ്ങൾക്കും പഴയതുപോലെ ജീവിക്കാൻ കഴിയാതിരിക്കേണ്ടതും’ അനിവാര്യമാണ് (2) മർദിത വർഗങ്ങളുടെ കഷ്ടപ്പാടുകളും ആവശ്യങ്ങളും പതിവിലുമുപരി തീവ്രമായി വർദ്ധിക്കുകയും ചെയ്യുമ്പോൾ (3) മേൽപ്പറഞ്ഞ കാരണങ്ങളുടെ അനന്തരഫലമെന്ന നിലയിൽ സമാധാനകാലത്ത് കൊള്ളയടിക്കപ്പെടാൻ യാതൊരു വൈമനസ്യവും കൂടാതെ നിന്നുകൊടുക്കുന്ന ബഹുജനങ്ങളുടെ സമരോത്സുകതയും ആവേശവും ഗണ്യമായ നിലയിൽ ഉയർന്നുവരുന്ന പശ്ചാത്തലത്തിൽ; എന്നാൽ ആകെ ഇളകി മറിയുന്ന കാലത്ത് പ്രതിസന്ധിയുടേതായ സാഹചര്യം ഇരു വിഭാഗത്തെയും അതിലേക്ക് വലിച്ചിടുന്നു; ‘ഉയർന്ന വർഗങ്ങൾ’ പോലും സ്വതന്ത്രവും ചരിത്രപരവുമായ പ്രക്ഷോഭത്തിലേക്ക് വലിച്ചടുപ്പിക്കപ്പെടുന്നു’’. ( ഊന്നലുകൾ ലെനിന്റെ മൂല കൃതിയിലുള്ളത് ).

ഓരോ വിപ്ലവ സാഹചര്യവും വിപ്ലവത്തിലേക്ക് നയിക്കില്ലയെന്നും ലെനിൻ വ്യക്തമാക്കുന്നു. ‘‘എല്ലാ വിപ്ലവ സാഹചര്യങ്ങളും വിപ്ലവത്തിനിടയാക്കില്ല; മേൽ സൂചിപ്പിച്ച വസ്തുനിഷ്ഠമായ മാറ്റങ്ങളെ തുടർന്ന് ആത്മനിഷ്ഠമായ മാറ്റവും കൂടി ഉണ്ടാകുമ്പോൾ മാത്രമേ വിപ്ലവം നടക്കുകയുള്ളൂ; അതായത്, പഴയ ഗവൺമെന്റിനെ തകർക്കാൻ (അഥവാ സ്ഥാനഭ്രഷ്ടമാക്കാൻ) വേണ്ട കരുത്തുള്ള വിപ്ലവ ബഹുജന പോരാട്ടം നടത്താൻ വിപ്ലവകാരിയായ വർഗത്തിനുള്ള ശേഷി; പ്രതിസന്ധിയുടെ കാലഘട്ടത്തിൽ പോലും പഴയ ഗവൺമെന്റിനെ തകർത്താലല്ലാതെ അത് സ്വമേധയാ നിലംപതിക്കില്ല’’.

വിപ്ലവ സാഹചര്യത്തെ സംബന്ധിച്ച് ലെനിൻ മുന്നോട്ടുവച്ച മേൽപ്പറഞ്ഞ നിർവചന പ്രകാരം വിപ്ലവ സാഹചര്യം ഉരുവം കൊള്ളാൻ ‘നമ്മൾ’ ഒട്ടേറെ ‘പ്രവർത്തനങ്ങൾ’ ചെയ്തു തീർക്കേണ്ടതുണ്ട്. വിപ്ലവ സാഹചര്യം ഉയർന്നുവരാനായി കാത്തിരിക്കാനോ വിപ്ലവ സാഹചര്യം സൃഷ്ടിക്കാനോ നമുക്ക് കഴിയില്ല. വൈരുധ്യാത്മകമായ ഒരു പ്രക്രിയയാണത്; മർദിതരുടെയും മർദകരുടെയും നടപടികൾ ഒരേപോലെയാകുമ്പോഴാണ് വിപ്ലവ സാഹചര്യം ഉരുത്തിരിഞ്ഞു വരുന്നതിനിടയാക്കുന്നത്. ഇത്തരമൊരു സാഹചര്യം ഉരുത്തിരിഞ്ഞു വന്നുകഴിഞ്ഞാൽ വിപ്ലവകാരിയായ വർഗത്തിന്റെ മുന്നണിപ്പടയെന്ന നിലയിൽ പാർട്ടിയുടെ പങ്ക് കൂടുതൽ പ്രധാനപ്പെട്ടതായി മാറുന്നു. ആ കാരണത്താലാണ് ലെനിനെ സംബന്ധിച്ചിടത്തോളം പാർട്ടിയും അതിന്റെ സംഘടനാ സ്വഭാവവും നിർണായകമായിരിക്കുന്നത്.

തൊഴിലാളി വർഗത്തിന്റെ വിപ്ലവ പാർട്ടി ചുവടെ പറയും പ്രകാരമായിരിക്കണം എന്ന് ലെനിൻ പ്രസ്താവിച്ചു. (i) അതിന്റെ പ്രത്യയശാസ്ത്രപരവും സംഘടനാപരവുമായ ഐക്യം സുദൃഢമായിരിക്കണം, (ii) എല്ലാതരം അവസരവാദങ്ങളോടും വിട്ടുവീഴ്ച ഇല്ലാത്തതായിരിക്കണം; (iii) സിദ്ധാന്തത്തോട് സൃഷ്ടിപരമായ സമീപനമുള്ളതായിരിക്കണം; (iv) കർക്കശമായ പാർട്ടി അച്ചടക്കം; (v) ബഹുജനങ്ങളുമായുള്ള ഉറ്റബന്ധം; (vi) തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ സംയുക്ത പരിശ്രമത്തിലൂടെയും വിപുലീകരിക്കപ്പെടുന്നതും തന്ത്രവും അടവുകളും പിന്തുടരുന്നതുമായ രാഷ്ട്രീയ നയം. നമുക്കുമുന്നിൽ വെല്ലുവിളി ഉയർത്തുന്ന സാഹചര്യത്തെ അതിജീവിക്കുന്നതിന് ഇത്തരമൊരു പാർട്ടി കെട്ടിപ്പടുക്കുന്നതിനുള്ള പരിശ്രമത്തിലായിരിക്കും ഇന്ന് ലെനിൻ തന്റെ ശ്രദ്ധ കേന്ദ്രീകരിക്കുക.

ലോകത്ത് വളരെ ബുദ്ധിമുട്ട് നിറഞ്ഞ അവസ്ഥയിൽ പ്രവർത്തിക്കുന്ന നിരവധി കമ്യൂണിസ്റ്റു പാർട്ടികളുണ്ട്. ഉക്രൈനിൽ കേന്ദ്ര കമ്മിറ്റി ആസ്ഥാനം ഉൾപ്പെടെ ഉക്രൈൻ കമ്യൂണിസ്റ്റു പാർട്ടിയുടെ (KPU) ഓഫീസുകൾ ആക്രമിക്കപ്പെടുകയാണ്. 1990കൾക്കുമുൻപ് സോഷ്യലിസത്തിൻകീഴിലായിരുന്ന കിഴക്കൻ യൂറോപ്യൻ മേഖലയിലെ രാജ്യങ്ങളിലാകെ (പോളണ്ട്, ബൾഗേറിയ, റൊമാനിയ തുടങ്ങിയവ) കമ്യൂണിസ്റ്റ് പാർട്ടികൾ നിരോധിക്കപ്പെട്ടിരിക്കുകയാണ്; കമ്യൂണിസ്റ്റ് അടയാളങ്ങൾ പോലും പ്രദർശിപ്പിക്കാൻ അനുവദിക്കപ്പെടുന്നില്ല. എന്നിട്ടും കമ്യൂണിസ്റ്റു പാർട്ടികൾ രഹസ്യമായും നിശ്ചയദാർഢ്യത്തോടെയും പ്രവർത്തിക്കുകയാണ്.

തുർക്കിയിൽ യെർദൊഗാൻ ആ രാജ്യത്തിന്റെ മതനിരപേക്ഷ സ്വഭാവത്തെ മാറ്റിക്കൊണ്ടിരിക്കുകയാണ്; ഇസ്ലാംവൽക്കരണം നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. ജനാധിപത്യ അവകാശങ്ങൾ ആക്രമിക്കപ്പെടുന്നു; പാർലമെന്ററി സമ്പ്രദായം മാറ്റി, പ്രസിഡൻഷ്യൽ സമ്പ്രദായം കൊണ്ടുവന്നിരിക്കുകയാണ്. അവിടെയും കമ്യൂണിസ്റ്റു പാർട്ടി പ്രവർത്തിക്കുന്നു; ക്രമാനുഗതമായി ശക്തി പ്രാപിക്കുന്നുമുണ്ട് – പ്രത്യേകിച്ചും യുവജനങ്ങൾക്കിടയിൽ. 1970കൾ വരെ സെെനിക, ഫാസിസ്റ്റ് സേ-്വച്ഛാധിപത്യ വാഴ്ചയിൻ കീഴിലായിരുന്ന ഗ്രീസിലും പോർച്ചുഗലിലും കമ്യൂണിസ്റ്റു പാർട്ടികൾ പ്രവർത്തിക്കുകയും ഇപ്പോൾ പോലും പ്രബലമായ ശക്തിയായി നിലനിൽക്കുകയും ചെയ്യുന്നു. നമ്മുടെ അയൽരാജ്യമായ ഇസ്ലാമിക് റിപ്പബ്ലിക്കായ പാകിസ്താനിൽ കമ്യൂണിസ്റ്റ് പാർട്ടികൾ നിലനിൽക്കുകയും സെെന്യവും സെെന്യത്തിന്റെ പിന്തുണയിൽ കഴിയുന്ന ഗവൺമെന്റുകളും അടിച്ചേൽപിക്കുന്ന നിരവധി പരിമിതികൾ ഉണ്ടായിട്ടും പ്രവർത്തിക്കുകയും ചെയ്യുന്നു. ലെനിന്റെ ചരമം നടന്ന ഉടൻ ചേർന്ന സോവിയറ്റുകളുടെ യോഗത്തിൽ നടത്തിയ പ്രസംഗത്തിൽ സ്റ്റാലിൻ പറഞ്ഞതുപോലെ, ‘‘കമ്യൂണിസ്റ്റുകാരായ നാം ഒരു പ്രത്യേക മൂശയിൽ വാർത്തെടുക്കപ്പെട്ടവരാ’’യതുകൊണ്ടാണ് ഇതെല്ലാം സാധ്യമാകുന്നത്.

സ്റ്റാലിൻ ഇങ്ങനെ പറഞ്ഞു: ‘‘സഖാക്കളേ, കമ്യൂണിസ്റ്റുകാരായ നമ്മൾ ഒരു പ്രത്യേക മൂശയിൽ വാർത്തെടുക്കപ്പെട്ടവരാണ്. പ്രത്യേക ജനുസിൽ നിർമിക്കപ്പെട്ടവരാണ്. നമ്മളാണ് മഹാനായ തൊഴിലാളിവർഗ സമരതന്ത്രജ്ഞൻ സഖാവ് ലെനിന്റെ സെെന്യം; ലെനിന്റെ സെെന്യത്തിൽ അണിച്ചേർന്നവരാണ് നമ്മൾ. ഈ സെെന്യത്തിൽ ഉൾപ്പെട്ടവരാണെന്നതിനെക്കാൾ വലുതായി മറ്റൊരു ആദരവും ഇല്ല. സഖാവ് ലെനിൻ സ്ഥാപകനും നേതാവുമായിട്ടുള്ള പാർട്ടിയിലെ അംഗമായിരിക്കുന്നതിനെക്കാൾ വലുതായി മറ്റൊരു പദവിയുമില്ല. എല്ലാവർക്കും ഇത്തരമൊരു പാർട്ടിയിൽ അംഗമാകാനുമാവില്ല. ഇത്തരമൊരു പാർട്ടിയിൽ അംഗങ്ങളാകാൻ കഴിയുന്നത് തൊഴിലാളിവർഗത്തിന്റെ മക്കൾക്കാണ്; ദരിദ്രരുടെയും പോരാളികളുടെയും മക്കൾക്കാണ്; അവിശ്വസനീയമായ വിധത്തിലുള്ള കഷ്ടപ്പാടുകൾ അനുഭവിക്കുന്നവരുടെയും ധീരമായി പരിശ്രമിക്കുന്നവരുടെയും മക്കൾക്കാണ് സർവോപരി ഈ പാർട്ടിയിൽ അംഗമാകാനാകുന്നത്. അതുകൊണ്ടാണ് ലെനിനിസ്റ്റുകളുടെ ഈ പാർട്ടി, കമ്യൂണിസ്റ്റുകാരുടെ ഈ പാർട്ടി തൊഴിലാളിവർഗത്തിന്റെ പാർട്ടിയെന്നുകൂടി അറിയപ്പെടുന്നത്’’.

‘‘നമ്മളിൽനിന്ന് വിടപറഞ്ഞ സഖാവ് ലെനിൻ നമ്മളോട് നിർദേശിക്കുന്നത് പാർട്ടി അംഗം എന്ന മഹത്തായ പദവിയുടെ പരിശുദ്ധി സംരക്ഷിക്കാനും ഉയർത്തിപ്പിടിക്കാനുമാണ്. സഖാവ് ലെനിൻ സ്നേഹാദരങ്ങളോടെ അങ്ങയുടെ നിർദ്ദേശം നടപ്പിലാക്കും എന്ന് ഞങ്ങൾ അങ്ങയോട് ശപഥം ചെയ്യുന്നു.’’

തന്റെ ആവേശകരമായ പ്രസംഗം തുടർന്ന സ്റ്റാലിൻ ഇങ്ങനെ പ്രതിജ്ഞയെടുത്തു: ‘‘നമ്മിൽനിന്ന് വിട പറഞ്ഞ സഖാവ് ലെനിൻ, കണ്ണിലെ കൃഷ്ണമണി പോലെ നമ്മുടെ പാർട്ടിയുടെ ഐക്യം സംരക്ഷിക്കാൻ നമ്മെ ഉദ്ബോധിപ്പിച്ചു. ഈ കാര്യവും അഭിമാനപൂർവം നടപ്പാക്കും എന്ന് സഖാവ് ലെനിൻ, ഞങ്ങൾ അങ്ങയോട് ശപഥം ചെയ്യുന്നു!’’.

അവസാനമായി, ‘‘തൊഴിലാളികളുടെയും കർഷകരുടെയും സഖ്യത്തെ സർവശക്തിയുമെടുത്ത് ദൃഢപ്പെടുത്തണമെന്ന് സഖാവ് ലെനിൻ, ഞങ്ങളിൽനിന്ന് വിട പറയവെ, അങ്ങ് ഞങ്ങളോ ആഹ്വാനം ചെയ്തു. ഈ നിർദ്ദേശവും ആദരപൂർവം ഞങ്ങൾ പൂർണമായും നടപ്പാക്കുമെന്ന് സഖാവ് ലെനിൻ ഞങ്ങൾ അങ്ങയ്ക്കുമുന്നിൽ ശപഥം ചെയ്യുന്നു’’.

ലെനിന്റെ ഈ ചരമ ശതാബ്ദി വേളയിൽ നമ്മളും ആവർത്തിച്ച് പ്രഖ്യാപിക്കേണ്ട ഒരു ശപഥമാണിത്. കുയാൻ ബുലാക്കിലെ പരവതാനി നെയ്ത്തുകാർ എങ്ങനെയാണ് ലെനിനെ ആദരിച്ചത് എന്നതിനെക്കുറിച്ച് ബെർത്തോൾട് ബ്രഹ്ത് ഒരു കവിത എഴുതി:

‘‘ലെനിനെ ആദരിച്ചുകൊണ്ട് അങ്ങനെ അവർ സ്വയം സഹായിച്ചു,

സ്വയം സഹായിച്ചുകൊണ്ട് അവർ അദ്ദേഹത്തെ ആദരിച്ചു, അങ്ങനെയവർ ലെനിന്റെ ഉൾക്കാമ്പറിഞ്ഞു.

ലെനിന്റെ ഒരു പ്രതിമ നിർമിക്കുന്നതിനുപകരം തങ്ങൾക്ക് പനി വരാൻ കാരണമായ കൊതുകുകളെ നശിപ്പിക്കുന്നതിനായി അവർ പണിയെടുത്തു. ലെനിനെ ഇങ്ങനെ ആദരിച്ചതിനെക്കുറിച്ചാണ് ബ്രഹ്ത് പറയുന്നത്; നമ്മളും ശരിക്കും അനുകരിക്കേണ്ട കാര്യമാണിത് – ലെനിന്റെ പ്രതിമകൾക്കോ ഫോട്ടോകൾക്കോ മുന്നിൽനിന്ന് അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിക്കുകയല്ല വേണ്ടത്, മറിച്ച് ജനങ്ങൾക്കുവേണ്ടി പണിയെടുക്കുകയാണ്.

ലെനിനെ ആദരിച്ചുകൊണ്ടെഴുതിയ തന്റെ കവിതയിൽ ബ്രഹ്ത് ലെനിന്റെ ചിന്തയുടെ അന്തഃസത്ത ശരിയായവിധം ഇങ്ങനെ ഉൾക്കൊള്ളുന്നു:

‘‘ദുർബലർ പൊരുതില്ല,
കരുത്തുള്ളോർ ഒരു മണിക്കൂർ
ഒരു പക്ഷേ പൊരുതിയേക്കാം.
കൂടുതൽ കരുത്തർ വർഷങ്ങളോളം
പൊരുതിക്കൊണ്ടേയിരിക്കും.
അതിശക്തരാകട്ടെ,
ജീവിതകാലം മുഴുവൻ പൊരുതും;
അനിവാര്യമാണിതെല്ലാം’’.
‘‘ചൂഷണം പെരുകുമ്പോൾ
പലരും തളർന്നുവീഴും
എന്നാലവന്റെ മനോബലംകൂടും.
അവൻ അവന്റെ പോരാട്ടം
സംഘടിപ്പിക്കുന്നു,
തുച്ഛമായ കൂലിയ്ക്കുവേണ്ടി
ഒരു കോപ്പ ചായയ്ക്കുവേണ്ടി
അധികാരം പിടിച്ചെടുക്കുന്നതിനുവേണ്ടി.

അവൻ സ്വത്തു ചോദിക്കുന്നു:
നിന്റെ വംശമേതാണ്?
അവൻ കാഴ്ചപ്പാട് എന്തെന്നു ചോദിക്കുന്നു.
നീ ആരെയാണ് സേവിക്കുന്നത്?
എവിടെ നിശ്ശബ്ദതയുണ്ടോ
അവിടെ അവൻ ഉറക്കെപ്പറയും
എവിടെ മർദനമുണ്ടോ,
അതു വിധിയെന്നു പറഞ്ഞാലോ
അവൻ അതിനെയൊക്കെ
ശരിയായ പേരിൽത്തന്നെ വിളിക്കും.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

five × five =

Most Popular