Thursday, May 2, 2024

ad

Homeമുഖപ്രസംഗംവഴികാട്ടിയായി കേരളം

വഴികാട്ടിയായി കേരളം

മ്മുടെ ഭരണഘടനയുടെ ആധാരശിലകളിൽ ഒന്നാണ് ഫെഡറലിസം. എന്നാൽ ബിജെപിയോ അതിനെ ആശയപരമായി നയിക്കുന്ന ആർഎസ്എസ്സോ ഒരു കാലത്തും ഫെഡറൽ സംവിധാനത്തിനനുകൂലമായിരുന്നില്ല. 2014 മുതൽ ബിജെപി ഗവൺമെന്റ് ഇന്ത്യയുടെ ഫെഡറൽ ഘടനയുടെ അടിത്തറ തന്നെ തകർക്കാനുള്ള നീക്കത്തിലാണ്. ജനാധിപത്യത്തെയും മതനിരപേക്ഷതയെയും ഒപ്പം ഫെഡറലിസത്തെയും തകർക്കാനുള്ള ബിജെപി വാഴ്ചയ്ക്കെതിരായ പോരാട്ടത്തിലാണ് കേരളത്തിലെ എൽഡിഎഫ് സർക്കാർ ഏർപ്പെട്ടിരിക്കുന്നത്.അതിന്റെ ഭാഗമായുള്ള നിയമപോരാട്ടങ്ങളിൽ ഒന്നിൽ സുപ്രീംകോടതിയിൽ നിന്നുണ്ടായ അനുകൂല വിധി ഇന്ത്യയിലെ ജനാധിപത്യ വിശ്വാസികളെയാകെ ആശ്വസിപ്പിക്കുന്നതാണ്. കേരളത്തിന്റെ പാത പിന്തുടരാൻ മറ്റു സംസ്ഥാനങ്ങൾക്കും കരുത്തു പകരുന്നതാണ്.

രാഷ്ട്രീയമായ ഫെഡറൽ സംവിധാനത്തിനൊപ്പം തന്നെയോ അതിനെക്കാൾ ഒരു പടി മുന്നിലോ പ്രധാന്യമർഹിക്കുന്നതാണ് ഫിസ്-ക്കൽ ഫെഡറലിസം – ധനപരമായ കാര്യങ്ങളിലെ ഫെഡറലിസം. സംസ്ഥാനങ്ങൾക്കു വീതിച്ചു നൽകേണ്ട നികുതി വിഹിതം നിശ്ചയിക്കുന്ന ധനകാര്യ കമ്മിഷനുമേൽ പോലും സമ്മർദ്ദം ചെലുത്താൻ മോദി മടിച്ചില്ലെന്നാണ് മുൻപ‍് പ്രധാനമന്ത്രിയുടെ ഓഫീസിലെ മുഖ്യ ഉദേ-്യാഗസ്ഥനും ഇപ്പോൾ നിതി ആയോഗിന്റെ സിഇഒയുമായ ബി വി ആർ സുബ്രഹ്മണ്യത്തിന്റെ വെളിപ്പെടുത്തലിലൂടെ വ്യക്തമായിരിക്കുന്നത്.

ധനകാര്യ കമ്മിഷൻ ശുപാർശയിൽ മാറ്റം കൂടാതെ നടപ്പാക്കാൻ ബാധ്യതപ്പെട്ട കേന്ദ്ര സർക്കാർ അത് മറികടക്കാൻ നടത്തിയ പല തരികിട ഏർപ്പാടുകളിലൊന്നാണ് കേരളത്തിന്റെ വിഹിതം നിശ്ചയിച്ചതിൽ പാകപ്പിഴയുണ്ടെന്ന അടിസ്ഥാനരഹിതമായ വാദമുയർത്തി കേരളത്തിന് അർഹമായ ധനവിഹിതം വെട്ടിക്കുറച്ചത്. മോദിയുടെ രണ്ടാമൂഴത്തിൽ ഏതു വിധത്തിലും പ്രതിപക്ഷ ഭരണമുള്ള സംസ്ഥാന സർക്കാരുകൾക്കെതിരെ പൊതുവിലും കേരളത്തെ പ്രത്യേകമായും സാമ്പത്തികമായി ഞെരിച്ച് ശ്വാസം മുട്ടിക്കാനുള്ള നീക്കം ശക്തിപ്പെടുത്തിയതിനാണ് നാം സാക്ഷ്യം വഹിച്ചത്. വികസന – ക്ഷേമ കാര്യങ്ങൾക്കായുള്ള നിയമാനുസൃത വിഹിതം തന്നെ നിഷേധിക്കുക മാത്രമല്ല, കേരളത്തിന്റെ കടമെടുപ്പ് പരിധിയിൽ പോലും വെട്ടിക്കുറവ് വരുത്താനും മടിച്ചില്ല. അതിനുംപുറമെയാണ് കിഫ്ബിയും പെൻഷൻ കമ്പനിയും വഴിയുള്ള ബജറ്റിതര വായ്പകളെപോലും സംസ്ഥാന സർക്കാരിന്റെ വായ്പകളായി കണക്കാക്കുന്ന നടപടി. വിവിധ കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ ഇങ്ങനെയെടുക്കുന്ന വായ്പകളെ കേന്ദ്ര സർക്കാരിന്റെ വായ്പയായി കണക്കാക്കാതിരിക്കെയാണ് കേരളത്തോടുള്ള ഈ വിവേചനം. അതുപോലെ കേരളം പ്രകൃതി ദുരന്തത്തിനു നടുവിലായിരുന്നപ്പോൾ അർഹമായ സഹായങ്ങൾ നിഷേധിക്കുക മാത്രമല്ല, രക്ഷാപ്രവർത്തനത്തിനുപയോഗിച്ച വേ-്യാമസേനയുടെ ഹെലികോപ്റ്ററിന്റെ വാടകയും ദുരിതാശ്വാസത്തിനുനൽകിയ അരിയുടെ വിലയും കേന്ദ്രം കണക്കുപറഞ്ഞു വാങ്ങിയ അനുഭവവും നമുക്കുണ്ട്.

കേരളത്തിന്റെ ധനപരമായ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള നിയമപോരാട്ടമാണ് കേരള സർക്കാർ സുപ്രീംകോടതിൽ നടത്തിയത്. കേരളത്തിന് അർഹമായ ധനവിഹിതം ലഭിക്കണമെങ്കിൽ പോലും സുപ്രീംകോടതിയിൽ നൽകിയ കേസ് പിൻവലിക്കണമെന്ന കേന്ദ്രത്തിന്റെ സമ്മർദ്ദതന്ത്രത്തിനു മുന്നിൽപോലും തലകുനിക്കാതെ, മുട്ടുമടക്കാതെ പോരാട്ടം തുടരുകയായിരുന്നു എൽഡിഎ-ഫ് സർക്കാർ. ഒടുവിൽ കേരളത്തിനർഹമായ 13,608 കോടി രൂപ ഉടൻ നൽകണമെന്ന് സുപ്രീംകോടതിക്കു തന്നെ കർശനമായ ഭാഷയിൽ കേന്ദ്രത്തോട് നിർദ്ദേശിക്കേണ്ടതായി വന്നു. അതാണ് ഇന്നത്തെ അവസ്ഥ.

കേരളത്തിലെ പ്രതിപക്ഷവും മാധ്യമങ്ങളും യഥാർഥത്തിൽ കേന്ദ്ര സർക്കാരിനൊപ്പം ചേർന്ന് കേരള സർക്കാരിനെതിരെയെന്നല്ല, കേരള ജനതയ്ക്കെതിരെയാണ് പോരടിക്കുന്നത്. അതുകൊണ്ടാണ് സുപ്രീംകോടതിയിൽ നിന്ന് സംസ്ഥാന സർക്കാരിന് തിരിച്ചടിയെന്ന പ്രചരണം അവർ നടത്തുന്നത്. കേരളത്തിന്റേത് സാമ്പത്തിക അരാജകത്വമാണെന്ന കേന്ദ്ര സർക്കാരിന്റെ വാദം ‘‘ശരിയാണെങ്കിൽ’’ വായ്പാ പരിധി ഉയർത്തണമെന്ന് നിർദ്ദേശിക്കാനാവില്ല എന്ന രണ്ടംഗ ബഞ്ചിന്റെ വിധി ന്യായത്തിലെ ‘‘എങ്കിൽ’’ എന്ന വാക്ക് ഒഴിവാക്കി കോടതിയിൽനിന്ന് കേരള സർക്കാരിനെതിരെ രൂക്ഷ വിമർശനമെന്ന് റിപ്പോർട്ടു ചെയ്ത മുഖ്യധാരാ മാധ്യമങ്ങളും അതിൽ തൂങ്ങി എൽഡിഎ-ഫിനെതിരെ ഉറഞ്ഞുതുള്ളുന്ന പ്രതിപക്ഷവും യഥാർഥത്തിൽ കേന്ദ്രത്തിന്റെ ഏറാൻ മൂളികളായി നിൽക്കാനാണ് ആഗ്രഹിക്കുന്നത്.

തൽക്കാലത്തേക്ക് പിടിച്ചുനിൽക്കാൻ കുറച്ച്- പണത്തിനായി കേന്ദ്രത്തോട് സംസ്ഥാനം കെഞ്ചുകയോ കേഴുകയോ ആയിരുന്നില്ല. അതിനായല്ല കേരളം സുപ്രീംകോടതിയെ സമീപിച്ചതും. മറിച്ച്, ഭരണഘടനയുടെ 293–ാം അനുച്ഛേദപ്രകാരം സംസ്ഥാനങ്ങൾക്ക് കടമെടുക്കാനുള്ള അവകാശം സ്ഥാപിച്ചുകിട്ടാനായി, 131–ാം അനുച്ഛേദത്തിൽ പറയുന്നതനുസരിച്ച് സംസ്ഥാനങ്ങൾക്ക് കേന്ദ്രവുമായുള്ള തർക്കങ്ങളിൽ സുപ്രീംകോടതിയെ സമീപിക്കാനുള്ള ഭരണഘടനാപരമായ അധികാരം ഉയർത്തിപ്പിടിച്ചാണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. ഭരണഘടനാബെഞ്ചിന്റെ പരിഗണനയ്ക്ക് ഈ വിഷയം വിടണമെന്നും സംസ്ഥാനം തുടക്കം മുതൽ ആവശ്യപ്പെട്ടുവെന്നതും ശ്രദ്ധേയമാണ്. ആ ആവശ്യമാണ് സുപ്രീംകോടതിയുടെ രണ്ടംഗ ബഞ്ച് ഇപ്പോൾ അനുവദിച്ചത്. അതിലൂടെ കേരളം ധനകാര്യ ഫെഡറലിസത്തിനായുള്ള നിയമപോരാട്ടത്തിൽ വലിയൊരു ചുവടുവയ്പാണ് നടത്തിയത്. കേരളം വെട്ടിത്തെളിച്ച പാതയിലൂടെ ഇപ്പോൾ കർണാടകവും തമിഴ്നാടും മുന്നോട്ടുവന്നതും ഇവിടത്തെ പ്രതിപക്ഷവും മാധ്യമങ്ങളും കണ്ണു തുറന്നു കാണേണ്ടതാണ്.

സ്വന്തം കൊടിക്കൂറ 
നഷ്ടപ്പെടുത്തിയ കോൺഗ്രസ്

രാജയഭീതിയിലായ യുഡിഎഫും കോൺഗ്രസും കേരളത്തിൽ പിടിച്ചു നിൽക്കുന്നതിന് ഒരുവശത്ത് ആർഎസ്എസ്സിനെ കൂട്ടുപിടിക്കുന്നതിനൊപ്പം മറുവശത്ത് വർഗീയ ഭീകരവാദ സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ രാഷ്ട്രീയ മുഖമായ എസ്ഡിപിഐയുമായി പരസ്യമായ കൂട്ടുകെട്ടിനും തയ്യാറായിരിക്കുകയാണ്. മൂക്കിൻ തുമ്പിനപ്പുറം കാണാൻ ത്രാണിയില്ലാത്ത രാഷ്ട്രീയ ഹ്രസ്വദൃക്കുകളാണ് തങ്ങളെന്ന് അതിലൂടെ കോൺഗ്രസ് വീണ്ടും തെളിയിച്ചിരിക്കുകയാണ്. ആർഎസ്എസ്സിനെപ്പോലെ ആയുധ പരിശീലനത്തിലും കൊലപാതകങ്ങളിലും അക്രമങ്ങളിലും ഏർപ്പെട്ടിരിക്കുന്ന ഈ ഭീകരസംഘടനയുടെ തോളിലേറി മാത്രമേ തങ്ങൾക്ക് നിലനിൽപ്പുള്ളൂവെന്നാണ് കോൺഗ്രസിന്റെ ഈ നടപടി തെളിയിക്കുന്നത്.

കോൺഗ്രസിന്റെയും യുഡിഎഫിന്റെയും ആത്മഹത്യാപരമായ ഈ നടപടി യഥാർഥത്തിൽ ദേശീയ രാഷ്ട്രീയത്തിൽ മതനിരപേക്ഷ ചേരിയുടെ ബിജെപി വിരുദ്ധ പോരാട്ടത്തെ ദുർബലപ്പെടുത്താൻ മാത്രമേ സഹായകമാകൂ. ഇന്ത്യാ കൂട്ടായ്മയിലെ പ്രധാന കക്ഷികളിലൊന്നായ കോൺഗ്രസിന്റെ ദേശീയ നേതൃത്വത്തിലെ പ്രമുഖരായ രാഹുൽഗാന്ധിക്കും കെ സി വേണുഗോപാലിനും മത്സരിക്കാനും ജയിക്കാനും എസ്ഡിപിഐയുടെ കൂട്ടു വേണമെന്ന് വരുന്നത് മതനിരപേക്ഷ ചേരിയെ അടിക്കാൻ പറ്റിയ ഒരു വടിയെടുത്ത് ബിജെപിക്ക് നൽകലാണ്. ഇപ്പോൾ തന്നെ ബിജെപിയും അവരുടെ മാധ്യമങ്ങളും ആ ദിശയിലുള്ള പ്രചാരണം ദേശീയാടിസ്ഥാനത്തിൽ ആരംഭിച്ചു കഴിഞ്ഞതായാണ് കാണുന്നത്.

കോൺഗ്രസിന്റെ ദേശീയ നേതൃത്വം ബിജെപിക്കെതിരെ മത്സരിക്കാൻ കെൽപ്പില്ലാതെ ഒളിച്ചോട്ടത്തിലാണെന്ന അവസ്ഥ നിലനിൽക്കവെയാണ് ഇപ്പോഴത്തെ ഈ എസ്ഡിപിഐ ബാന്ധവം. മാത്രമോ? ഇന്ത്യ കൂട്ടായ്മയിലെ പ്രമുഖ കക്ഷികളായ സിപിഐ എമ്മിനും സിപിഐയ്ക്കുമെതിരെയുമാണ് കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ മത്സരമെന്നു വരുന്നതുതന്നെ ആ പാർട്ടിയുടെ രാഷ്ട്രീയ പാപ്പരത്തത്തിലേക്കാണ് വിരൽചൂണ്ടുന്നത്. ബിജെപിയുമായി നേരിട്ട് ഏറ്റുമുട്ടി വിജയിക്കാൻ പറ്റിയ ഒരു സീറ്റ് സ്വന്തം നേതാവിനായി കണ്ടെത്താൻ പോലും ആ പാർട്ടിക്ക് കഴിയുന്നില്ല. അല്ലെങ്കിൽ എതിരാളികൾക്ക് അത്തരമൊരു വിമർശനമുന്നയിക്കാൻ പറ്റിയ വിധത്തിൽ അവരെ കേരളത്തിലെ നേതാക്കൾ കൊണ്ടെത്തിച്ചിരിക്കുകയാണ്.

കോൺഗ്രസ് നേരിടുന്ന രാഷ്ട്രീയവും ആശയപരവുമായ പ്രതിസന്ധിയുടെ ആഴം എത്രത്തോളമുണ്ടെന്ന് വെളിപ്പെടുത്തുന്നതാണ് വയനാട്ടിൽ രാഹുൽഗാന്ധിയുടെ പ്രചരണത്തിൽനിന്ന് കോൺഗ്രസിന്റെ പതാക തന്നെ ഒഴിവാക്കിയ നടപടി. യുഡിഎഫിലെ ഘടകകക്ഷിയായ മുസ്ലിംലീഗിന്റെ പതാക പ്രചാരണത്തിൽനിന്ന് മാറ്റി നിർത്താൻ വേണ്ടി കോൺഗ്രസ് ഇത്തരമൊരു കുറുക്കുവഴി കണ്ടെത്തിയത് ലീഗിനെക്കൂടി നാണംകെടുത്തിയിരിക്കുകയാണ്. കേരളത്തിലെ കോൺഗ്രസ് നേതൃത്വം അന്ധമായ ഇടതുപക്ഷ വിരോധം മാത്രമുള്ള, നിലപാടോ നിലവാരമോ ഇല്ലാത്ത ഒരു കൂട്ടമാണെന്നാണ് എസ്ഡിപിഐ ബാന്ധവത്തിനു പുറമെ സ്വന്തം കൊടി വഴിയിലുപേക്ഷിച്ചതും തെളിയിക്കുന്നത്. ബിജെപി ഉയർത്തുന്ന വെല്ലുവിളികളെ രാഷ്ട്രീയമായി ചെറുത്തുതോൽപ്പിക്കാൻ കെൽപ്പില്ലാത്ത പാർട്ടിയാണ് കോൺഗ്രസ് എന്ന് ആവർത്തിച്ച് തെളിയിക്കപ്പെടുകയാണിവിടെ. ഒടുവിൽ നാനാഭാഗത്തുനിന്നും ശക്തമായ വിമർശനം ഉയർന്നതിനെത്തുടർന്ന് എസ്ഡിപിഐ സഖ്യം വേണ്ടെന്ന് തീരീമാനിക്കാൻ യുഡിഎഫ് നിർബന്ധിതമായി. എന്നാലും കോൺഗ്രസ്സിന്റെ രാഷ്ട്രീയ പാപ്പരത്തത്തിലേക്കാണ് ഇത് വിരൽചൂണ്ടുന്നത്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

4 × three =

Most Popular