Friday, May 3, 2024

ad

Homeസംസ്ഥാനങ്ങളിലൂടെഭരണഘടനാപരമായ പദവിക്കായി ലഡാക്കിൽ പ്രക്ഷോഭം

ഭരണഘടനാപരമായ പദവിക്കായി ലഡാക്കിൽ പ്രക്ഷോഭം

കെ ആർ മായ

ഡാക്കിന്റെ ഭൂമിയും സംസ്‌കാരവും പരിസ്ഥിതിയും എല്ലാത്തിനുമുപരി, ലഡാക്ക്‌ ജനതയുടെ ഭരണഘടനാപരമായ അവകാശങ്ങളും സംരക്ഷിക്കുകയും സന്പൂർണ സംസ്ഥാനപദവിയും ആവശ്യപ്പെട്ടുകൊണ്ടുള്ള ജനകീയ പ്രക്ഷോഭം ശക്തിയാർജിക്കുകയാണ്‌. ലഡാക്ക്‌ ജനത വർഷങ്ങളായി ഉന്നയിക്കുന്ന ഈ ആവശ്യങ്ങളെ മോഡി സർക്കാർ തന്ത്രപൂർവം അവഗണിക്കുകയാണ്‌. 2019 ആഗസ്‌ത്‌ അഞ്ചിന്‌ കേന്ദ്രസർക്കാർ ഭരണഘടനയിലെ ആർട്ടിക്കിൾ 370 എടുത്തുകളഞ്ഞതിനെത്തുടർന്ന്‌ ലഡാക്കിനെ കേന്ദ്രഭരണ പ്രദേശമാക്കി മാറ്റുമ്പോൾ ആറാം ഷെഡ്യൂൾ പദവി (ഗോത്രവർഗങ്ങളുടെ അവകാശങ്ങളും പരന്പരാഗത സ്വത്വവും സംരക്ഷിക്കുന്നതിന്‌) നൽകുമെന്ന വാഗ്‌ദാനം നാളിതുവരെയും പാലിക്കപ്പെട്ടില്ല. 2019ലെ പാർലമെന്റ്‌ തിരഞ്ഞെടുപ്പിലും 2020ലെ ഹിൽ കൗൺസിൽ തിരഞ്ഞെടുപ്പിലും ബിജെപി പ്രകടനപത്രികയിൽ ലഡാക്കിന്‌ സംസ്ഥാന പദവിയും ഭരണഘടനാപരമായ അവകാശങ്ങളും സംരക്ഷണവും പുനഃസ്ഥാപിക്കുമെന്ന്‌ വാഗ്‌ദാനം നൽകിയിരുന്നു. എന്നാൽ ഇതൊന്നും ഇതുവരെ നടപ്പാക്കപ്പെട്ടില്ല. തിരഞ്ഞെടുപ്പ്‌ പത്രികയിലെ വാഗ്‌ദാനങ്ങൾ പാലിക്കേണ്ടതില്ലെന്ന ബിജെപിയുടെ പരസ്യ നിലപാട്‌ ലഡാക്കിന്റെ കാര്യത്തിലും അവർ അക്ഷരംപ്രതി പാലിച്ചു. ഈയൊരു സാഹചര്യമാണ്‌ ജനങ്ങളെ കടുത്ത പ്രക്ഷോഭസമരങ്ങളിലേക്ക്‌ തള്ളിവിട്ടത്‌. ഒടുവിൽ കേന്ദ്രവുമായി നടത്തിയ ചർച്ചകളും പരാജയപ്പെട്ടതിനെത്തുടർന്ന്‌ ജനങ്ങൾ ഒന്നടങ്കം തെരുവിലിറങ്ങി. കഠിനമായ തണുപ്പും മഞ്ഞുവീഴ്‌ചയും അവഗണിച്ചുകൊണ്ടാണ്‌ പതിനായിരങ്ങൾ പ്രതിഷേധ മാർച്ചിൽ പങ്കെടുത്തത്‌. കാർഗിൽ ഡെമോക്രാറ്റിക്‌ അലയൻസും (കെഡിഎ) ലേ അപെക്‌സ്‌ ബോഡി (എൽഎബി)യുമാണ്‌ പ്രതിഷേധങ്ങൾക്ക്‌ നേതൃത്വം നൽകുന്നത്‌. പ്രക്ഷോഭത്തിന്‌ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട്‌ പരിസ്ഥിതിപ്രവർത്തകയും മഗ്‌സാസെ അവാർഡ്‌ ജേതാവുമായ സോനം വാങ്‌ചുക്‌ നിരാഹാരസമരം ആരംഭിച്ചിരിക്കുകയാണ്‌. നിരാഹാരസമരത്തിന്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട്‌ കെഡിഎ അർധദിന പണിമുടക്കിന്‌ ആഹ്വാനം ചെയ്‌തിരുന്നു. ജമ്മു കാശ്‌മീരിലെ നാഷണൽ കോൺഫറൻസും പ്രക്ഷോഭത്തിൽ അണിചേർന്നിരിക്കുകയാണ്‌. ‘‘ലേ ചലോ’’ മുദ്രാവാക്യമുയർത്തി പതിനായിരത്തോളം കർഷകരുടെയും ഇടയന്മാരുടെയും സംയുക്ത ബോർഡർ മാർച്ചും സംഘടിപ്പിക്കപ്പെട്ടു.

ലഡാക്ക്‌ ജനതയുടെ നിലനിൽപ്പിനായുള്ള പോരാട്ടം ദിവസം കഴിയുന്തോറും ശക്തിപ്പെട്ടുവരികയാണ്‌. മുസ്ലിം ഭൂരിപക്ഷപ്രദേശമായ കാർഗിലും ബുദ്ധമത ഭൂരിപക്ഷപ്രദേശമായ ലേയും ഒരൊറ്റ ആവശ്യത്തിന്മേൽ അടിയുറച്ചുനിന്നു പോരാടുന്നു എന്ന പ്രത്യേകതയുമുണ്ട്‌. മണിപ്പൂരിനെ വർഗീയമായി ചേരിതിരിച്ച്‌ കലാപഭൂമിയാക്കിയതുപോലെ ജനങ്ങളുടെ യഥാർഥ പ്രശ്‌നങ്ങളിൽനിന്നും വഴിതിരിച്ചുവിടാൻ കേന്ദ്രത്തിലെ ബിജെപി സർക്കാർ ഏതടവും പയററുമെന്നതു മുന്നിൽ കണ്ടുകൊണ്ടുതന്നെ തങ്ങളുടെ ആവശ്യങ്ങൾക്കായി ഒറ്റക്കെട്ടായി പൊരുതുകയാണ്‌ ലഡാക്കിലെ ജനങ്ങൾ.

ജമ്മു കാശ്‌മിരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കണമെന്ന ആവശ്യം 2019ൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതുമുതൽ സിപിഐ എം ഉന്നയിച്ചുവരികയാണ്‌. ജമ്മു കാശ്‌മിരിനൊപ്പം ലഡാക്കിനും സംസ്ഥാനപദവി ലഭിക്കണമെന്ന ആവശ്യത്തിന്മേൽ ഇപ്പോൾ നടക്കുന്ന പ്രക്ഷോഭങ്ങളിലും ഇടതുപക്ഷം ലഡാക്ക്‌ ജനതയ്‌ക്കൊപ്പം നിന്ന്‌ പോരാടുകയാണ്‌.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

1 × two =

Most Popular