വിപ്ലവപാതയിലെ ആദ്യപഥികർ- 27
ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽനിന്ന് ആദ്യമായി നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടത് കെ.അനന്തൻ നമ്പ്യാരാണ്. കടയപ്രത്ത്് അനന്തൻ നമ്പ്യാർ. കേരളത്തിലെ കർഷകപ്രസ്ഥാനത്തിന്റെയും കമ്യൂണിസ്റ്റ് പാർട്ടിയുടെയും സ്ഥാപകനേതാക്കളിലൊരാളായ കെ.എ. കേരളീയന്റെ അർധസഹോദരൻ 1946ൽ മദിരാശി നിയമസഭയിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ റെയിൽവേ തൊഴിലാളികളുടെ മണ്ഡലത്തിൽനിന്നാണ് കടയപ്രത്ത് അനന്തൻനമ്പ്യാർ വൻ ഭൂരിപക്ഷത്തിൽ തിരഞ്ഞെടുക്കപ്പെട്ടത്. അതൊരു തുടക്കമായിരുന്നു. ചെറുതാഴത്തും കാടാച്ചിറയിലുമാണ് ആദ്യകാലത്ത് താമസിച്ചത്.
തലശ്ശേരി ബി.ഇ.എം.പി. ഹൈസ്കൂളിൽ പഠിക്കുമ്പോഴാണ് അനന്തൻ രാഷ്ട്രീയത്തിൽ സജീവമാകുന്നത്. കേരളത്തിൽ ദേശീയപ്രസ്ഥാനം വ്യാപിച്ചുകൊണ്ടിരുന്ന കാലമാണ്. ഉപ്പ് സത്യാഗ്രഹവും നിയമലംഘനപ്രസ്ഥാനവും തുടർച്ചയായ മറ്റ് പ്രക്ഷോഭങ്ങളും മലബാറിനെ ഇളക്കിമറിച്ചുകൊണ്ടിരുന്ന കാലം. കോൺഗ്രസ്സിന്റെയും പിന്നീട് കർഷകപ്രസ്ഥാനത്തിന്റെയും സമുന്നതനേതാവായ കേരളീയന്റെ ബന്ധുവായതിനാൽ (മാതൃസഹോദരീപുത്രൻ) ഗൃഹാന്തരീക്ഷത്തിൽത്തന്നെ രാഷ്ട്രീയം നിറഞ്ഞുനിന്നിരുന്നു. ബന്ധുവും അധ്യാപകനുമായ എ.കെ.ജി.യുമായുള്ള അടുപ്പവും രാഷ്ട്രീയത്തിലേക്ക് ആകൃഷ്ടനാക്കുന്നതിൽ പങ്കുവഹിച്ചു. ബ്രണ്ണനിലെ ഇന്റർമീഡിയറ്റിന് ശേഷം കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിൽ ഡിഗ്രിക്ക് ചേർന്നതോടെ വിദ്യാർഥി പ്രസ്ഥാനത്തിൽ സജീവമായി. ബിരുദപഠനം പൂർത്തിയാകുന്നതിന് മുമ്പാണ് 1938‐ൽ റെയിൽവേയിൽ ക്ലാർക്കായി ജോലികിട്ടുന്നത്. ഗോൾഡൻ റോക്കിലെ പൊന്മല വർക്ക്ഷോപ്പിൽ ഫ്യുവൽ ക്ലാർക്കായി നിയമനം. കല്യാണസുന്ദരത്തിന്റെയും പരമശിവത്തിന്റെയും മറ്റും നേതൃത്വത്തിലുളള ലേബർ യൂണിയനിൽ അനന്തൻ നമ്പ്യാർ സജീവമായി. ബന്ധുവായ അനന്തൻ ജോലിയിൽ പ്രവേശിച്ചശേഷം മാത്രമാണ് എ.കെ.ജി. കാര്യമറിഞ്ഞത്. അനന്തനെ യൂണിയൻ നേതൃത്വവുമായി ബന്ധപ്പെടുത്തുന്നത് എ.കെ.ജി.യാണ്. ജോലിയിൽ പ്രവേശിച്ച് രണ്ടുവർഷത്തിനകംതന്നെ റെയിൽവേ ലേബർ യൂണിയന്റെ കേന്ദ്ര കമ്മിറ്റിയിൽ അംഗമായ അനന്തൻ രഹസ്യ പോലീസിന്റെ നിരീക്ഷണത്തിലായി. കല്യാണസുന്ദരം അടക്കമുള്ള മുൻനിരനേതാക്കൾ അറസ്റ്റിലായപ്പോൾ സ്വാഭാവികമായും മുൻനിരയിലേക്കുവരാൻ അനന്തൻ നമ്പ്യാർ നിർബന്ധിതനായി. അതിന്റെ ഫലം സ്ഥലംമാറ്റമായിരുന്നു. മധുരയിലേക്ക്. യൂണിയൻ നേതാവുമാത്രമല്ല കമ്മ്യൂണിസ്റ്റുമാണെന്ന സംശയമുണ്ടായതോടെ മധുരയിൽനിന്ന് തഞ്ചാവൂരിലേക്കും പിന്നെ വില്ലുപുരത്തേക്കും മാറ്റി.
റെയിൽവേ ലേബർ യൂണിയൻ സെക്രട്ടറി പരമശിവത്തെ പോലീസ് കരുതൽ തടങ്കലിലാക്കിയിരുന്നു. ജയിലിലെ പീഡനത്തെ തുടർന്ന് പരമശിവം മരിച്ചപ്പോൾ യൂണിയനെ നയിക്കാൻ നേതൃനിരയില്ലെന്ന സ്ഥിതിവന്നു. യൂണിയൻ കേന്ദ്ര കമ്മിറ്റിയോഗത്തിൽ ജനറൽസെക്രട്ടറി സ്ഥാനത്തേക്ക്്് നിർദേശം വന്നത്് അനന്തൻ നമ്പ്യാരുടെ പേരാണ്. ഒന്നുകിൽ ദീർഘകാല അവധിയെടുത്ത്, അതല്ലെങ്കിൽ ജോലി രാജിവെച്ച്്് ജനറൽ സെക്രട്ടറിസ്ഥാനം ഏറ്റെടുക്കണം. ജോലിയിൽ പ്രവേശിച്ച് മൂന്നുവർഷമാകുന്നതേയുള്ളു. ലീവെടുക്കുകയല്ല, രാജിവെക്കുകതന്നെയാണെന്ന്് നമ്പ്യാർ പറഞ്ഞു. ദക്ഷിണ റെയിൽവേ എംപ്ലോയീസ് യൂണിയന്റെ ജനറൽ സെക്രട്ടറിയാവുകയായിരുന്നു അനന്തൻ നമ്പ്യാർ.
1946ൽ നടന്ന പ്രവിശ്യാ അസംബ്ലി തിരഞ്ഞെടുപ്പിൽ, മദ്രാസ് അസംബ്ലിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ മദിരാശിയിൽ റെയിൽവേ തൊഴിലാളികളുടേത് മാത്രമായ ഒരു മണ്ഡലമുണ്ടായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാനാർഥിയായി ആ മണ്ഡലത്തിൽ മത്സരിച്ച അനന്തൻ നമ്പ്യാർ വൻഭൂരിപക്ഷത്തിൽ വിജയിച്ചു. ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ നിയമസഭാംഗങ്ങളിലൊരാൾ. ഇതേ കാലത്തുതന്നെ ബംഗാൾ അസംബ്ലിയിലേക്ക് അവിടുത്തെ റെയിൽവേ മണ്ഡലത്തിൽനിന്ന് കമ്യൂണിസ്റ്റ് സ്ഥാനാർഥിയായി മത്സരിച്ച ജ്യോതിബസുവും വിജയിച്ചു. ലണ്ടനിൽ പഠനം കഴിഞ്ഞ് തിരിച്ചെത്തിയ ജ്യോതിബസു ബംഗാൾ‐അസം റെയിൽവേ ജീവനക്കാരെ സംഘടിപ്പിച്ചുകൊണ്ടാണ് രാഷ്്ട്രീയത്തിൽ സജീവമായത്.
1946ലാണ് ഇന്ത്യയിൽ റെയിൽവേ തൊഴിലാളികളുടെ ഐതിഹാസികസമരം നടന്നത്. റെയിൽവേ തൊഴിലാളികളുടെ നീറുന്ന ജീവിതപ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് യൂണിയനുകൾ സമരമാർഗത്തിലെത്തിയപ്പോൾ സർക്കാർ ഒരു കമ്മീഷനെ നിയോഗിക്കുകയുണ്ടായി‐ റാവു കമ്മീഷൻ. അടിസ്ഥാനവേതനത്തിൽ വർധന, ക്ഷാമബത്ത, ബോണസ് തുടങ്ങിയ ആവശ്യങ്ങളാണ് തൊഴിലാളികൾ ഉന്നയിച്ചത്. ശന്പളപരിഷ്കരണം നടപ്പാക്കണമെന്നും ക്ഷാമബത്ത അനുവദിക്കണമെന്നും മൂന്നുമാസത്തെ ശമ്പളം ബോണസ്സായി അനുവദിക്കണമെന്നും റാവു കമ്മീഷൻ ശുപാർശ ചെയ്തു. എന്നാൽ ഇതൊന്നും അംഗീകരിക്കാൻ ബ്രിട്ടീഷ് കമ്പനി സർക്കാർ തയ്യാറായില്ല. ഇതേ തുടർന്ന് രാജ്യത്തെ വിവിധ റെയിൽവേ കമ്പനികളിലെ തൊഴിലാളി യൂണിയനുകളുടെ സംയുക്ത കൺവെൻഷൻ 1946 ഏപ്രിലിൽ സെക്കന്ദരബാദിൽ ചേർന്നാണ് സമരപ്രഖ്യാപനം നടത്തിയത്. ആ വർഷത്തെ മെയ്ദിനത്തിൽ വടക്കുപടിഞ്ഞാറൻ റെയിൽവേ കമ്പനിയിലെ എഴുപതിനായിരം തൊഴിലാളികൾ പങ്കെടുത്ത സമരറാലി നടന്നു. മദ്രാസ് ആൻഡ് സതേൺ റെയിൽവേ കമ്പനിയിലെ ജീവനക്കാരും തൊഴിലളികളും ജൂൺ 27ന് നാലുമണിക്കൂർ പണിമുടക്കി. റേഷൻ തുക വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ചാണ് അടിയന്തര പണിമുടക്ക് നടന്നത്. തിരുച്ചിറപ്പള്ളി അഥവാ തൃശ്ശിനാപ്പള്ളിയിലെ പൊൻമലൈ (ഗോൾഡൻ റോക്ക്) റെയിൽവേ വർക്ക് ഷോപ്പിൽ സതേൺ റെയിൽവേ ലേബർ യൂണിയന്റെ നേതൃത്വത്തിലാണ് ഓഗസ്റ്റ് 24ന് പണിമുടക്ക് ആരംഭിച്ചത്. കല്യാണസുന്ദരത്തിന്റെയും യൂണിയൻ ജനറൽ സെക്രട്ടറി അനന്തൻ നമ്പ്യാരുടെയും നേതൃത്വത്തിലായിരുന്നു പണിമുടക്ക്. തൊഴിലാളികൾക്കിടയിൽ റഫറണ്ടം നടത്തിയാണ് പണിമുടക്ക് തീരുമാനിച്ചത്. എന്ത് ത്യാഗം സഹിച്ചും പോരാടുമെന്ന പ്രതിജ്ഞയാണ് ഏറെക്കുറെ മുഴുവൻ തൊഴിലാളികളും നടത്തിയത്.
സമരത്തെ അടിച്ചമർത്താൻ സർക്കാർ എല്ലാ മാർഗങ്ങളും ഉപയോഗിച്ചു. മലപ്പുറത്തുനിന്ന് മലബാർ സ്പെഷ്യൽ പൊലീസിനെ ഇറക്കുമതിചെയ്താണ് സമരത്തെ നേരിടാൻ ശ്രമിച്ചത്. സെപ്റ്റംബർ അഞ്ചിന് പൊൻമലൈ വർക്ക്്ഷോപ്പ് പരിസരത്തെ ലേബർ യൂണിയൻ ഓഫീസും പരിസരവും എം.എസ്.പി. വളഞ്ഞു. 1927ൽ ഗാന്ധിജി തറക്കല്ലിട്ട ഓഫീസാണ്. ഓഫീസിന്റെ മുമ്പിലെ വിശാലമായ മൈതാനവും യൂണിയൻവകയാണ്. അവിടെയെല്ലാം സായുധ പോലീസ് വളഞ്ഞുവെച്ചു. കീഴടങ്ങാൻ തയ്യാറല്ലെന്ന് പ്രഖ്യാപിച്ച തൊഴിലാളികൾക്ക് നേരെ പോലീസ് വെടിയുതിർത്തു. അഞ്ച് തൊഴിലാളികൾ വെടിയേറ്റുവീണിട്ടും ആക്രമണം നിർത്താതെ, ശേഷിച്ചവർക്കുനേരെ ബയണറ്റ് ചാർജ്് നടത്തുകയായിരുന്നു. വെടിവെപ്പിൽ തങ്കവേലു, ത്യാഗരാജൻ, രാജു, രാമചന്ദ്രൻ, കൃഷ്ണമൂർത്തി എന്നീ തൊഴിലാളികളാണ് രക്തസാക്ഷികളായത്. സമരനായകനായ അനന്തൻ നമ്പ്യാർക്ക് തലയിൽ ബയണറ്റിന്റെ കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റു. മരിച്ചെന്നു കരുതി പൊലീസ് വലിച്ചെറിയുകയായിരുന്നു അദ്ദേഹത്തെ.
അനന്തൻ നമ്പ്യാരുടെ നേതൃത്വത്തിൽ നടന്ന ആ സമരത്തിൽ പങ്കെടുത്ത 15 വയസ്സുള്ള പെൺകുട്ടിയാണ് ധനലക്ഷ്മി എന്ന പാപ്പ. പുതുച്ചേരിയിൽപ്പെട്ട കാരക്കലിലെ ഒരു ദരിദ്ര കുടുംബമായിരുന്നു അവരുടേത്. അമ്മ അലമേലു എന്ന ലക്ഷ്മി. ഭർത്താവ് മരിച്ചതോടെ മകളോടൊപ്പം പൊൻമലയിലെത്തിയതാണ് ലക്ഷ്മി. അവിടെ ഗോൾഡൻ റോക്ക് റെയിൽവേ വർക്ക് ഷോപ്പിലെ തൊഴിലാളികൾക്കായി അവർ ഒരു ചായക്കട തുടങ്ങി. അവിടെ അമ്മയെ സഹായിച്ചുകൊണ്ട്് കൊച്ചു ധനലക്ഷ്മി. ചായ കുടിക്കാനെത്തുന്നവരെല്ലാം വാത്സല്യത്തോടെ അവളെ പാപ്പ എന്നു വിളിച്ചു. അതവളുടെ ശരിയായ പേരായി മാറുകയായിരുന്നു. തൊഴിലാളികൾ നടത്തുന്ന യോഗങ്ങളിലും സത്യാഗ്രഹങ്ങളിലും അവളും പങ്കെടുത്തുപോന്നു. 12 വയസ്സുള്ളപ്പോൾ തൊഴിലാളികൾക്കൊപ്പം അവളെയും പോലീസ് അറസ്റ്റ്് ചെയ്തു. മൈനറായതിനാൽ മജിസ്ട്രേട്ട് അവളെ ഗുണദോഷിച്ച്് വിട്ടയക്കുകയായിരുന്നു. 1946‐ലെ സമരത്തിൽ അമ്മയും മകളും വലിയ പങ്കുവഹിച്ചു. സമരസഹായപ്രവർത്തനം. 1948ൽ കമ്മ്യൂണിസ്റ്റ് പാർട്ടി നിരോധിക്കപ്പെട്ടപ്പോൾ ചെന്നൈയിലേക്ക് മാറിയ ആ കുടുംബം അവിടെ രഹസ്യമായി പാർട്ടി പ്രവർത്തനത്തിൽ മുഴുകി. പിന്നീട് ഇരുവരും അറസ്റ്റിലായി. സെയ്ദാപേട്ട് ജയിലിലാണ് ഇരുവരെയും അടച്ചത്. അവിടെ ജയിലിലെ അതിക്രമങ്ങളിൽ പ്രതിഷേധിച്ച് ലക്ഷ്മിയെന്ന അലമേലു നിരാഹാരസമരമാരംഭിച്ചു. 24‐ാം ദിവസം അവർ ജയിലിൽ മരിച്ചുവീണു. ഇന്ത്യയിൽത്തന്നെ ആദ്യമായാണ് ഒരു വനിതാ വിപ്ലവകാരി ജയിലിൽ നിരാഹാരസമരം നടത്തി മരണത്തിലെത്തുന്നത്. അമ്മയുടെ മൃതദേഹം കാണാൻ മകളെ ജയിലധികൃതർ അനുവദിച്ചില്ല. കമ്യൂണിസത്തോട് വിടപറയാമെങ്കിൽ അമ്മയുടെ മൃതദേഹം കാണിക്കാമെന്ന് ജയിലധികൃതർ പറഞ്ഞപ്പോൾ പാപ്പ നിരസിച്ചു. ആ ധീരവിപ്ലവകാരിയാണ് പാപ്പ ഉമാനാഥ്. കാസർക്കോട്ട് ജനിച്ച് കോഴിക്കോട്ട് പഠിച്ച്്, അണ്ണാമല സർവകലാശാലയിൽ ഉന്നതവിദ്യാഭ്യാസത്തിന് പോയി അവിടെനിന്ന് വിപ്ലവമാർഗത്തിലെത്തിയ ആർ ഉമാനാഥിന്റെ ജീവിതസഖാവായ പാപ്പ.
അനന്തൻ നമ്പ്യാർ നേതൃത്വംനൽകിയ ഐതിഹാസികമായ റെയിൽവേ സമരത്തിന്റെ അനുബന്ധമായതിനാലാണിത്രയും വിവരിച്ചത്. 1948 മുതൽ 51 അവസാനംവരെ കരുതൽ തടങ്കലിലായ അനന്തൻനമ്പ്യാർ കരുതൽ തടങ്കലിനെതിരെ നടത്തിയ നിയമയുദ്ധം പ്രസിദ്ധമാണ്. ജനങ്ങൾ തിരഞ്ഞെടുത്ത നിയമസഭാംഗമായ തന്നെ നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ അനുവദിക്കാതെ തടങ്കലിൽ വെച്ചത് അന്യായമാണെന്നും ജനപ്രാതിനിധ്യനിയമത്തിന്റെ ലംഘനമാണെന്നും വാദിച്ചാണ് നമ്പ്യാർ മദിരാശി ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി നൽകിയത്. അക്കാലത്തെ പ്രമുഖ കമ്മ്യൂണിസ്റ്റ്് നേതാവായിരുന്ന മോഹൻ കുമരമംഗലമാണ് നമ്പ്യാർക്കുവേണ്ടി കേസ് വാദിച്ചത്. കരുതൽ തടങ്കലിനെതിരെ എ.കെ.ജി. സുപ്രിംകോടതിയിലും പിന്നീട് മദ്രാസ് ഹൈക്കോടതിയിലും നടത്തിയ നിയമസമരത്തിന് സമാനമായിരുന്നു അനന്തൻനമ്പ്യാരുടെ കേസുകളും. മദ്രാസ് ഹൈക്കോടതിയുടെ രണ്ട് ഡിവിഷൻ ബെഞ്ചുകൾ തന്റെ ഹർജി തള്ളിയശേഷവും പുതുക്കിയ ഹർജിയുമായി സമീപിക്കുകയായിരുന്നു അദ്ദേഹം. നിയമസഭാംഗമായ തനിക്ക് ശമ്പളവും ആനുകൂല്യങ്ങളും നൽകുന്നുണ്ട്്. നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് തനിക്ക് ക്ഷണക്കത്ത് ലഭിച്ചിട്ടുണ്ട്്. ഗവർണർ പ്രസംഗിക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കാനാണ് നിയമപ്രകാരമുള്ള കത്ത്. അതിനാൽ ജയിൽമോചിതനാക്കണമെന്നും അത് നിഷേധിച്ചപ്പോൾ പരോൾ അനുവദിക്കണമെന്നും മൂന്നാമതായി പ്രത്യേക നിയന്ത്രണത്തോടെ സഭാസമ്മേളനത്തിൽ പങ്കെടുപ്പിക്കണമെന്നും സംസ്ഥാന ചീഫ് സെക്രട്ടറിയെ എതിർകക്ഷിയാക്കിയാണ് അനന്തൻ നമ്പ്യാർ ഹേബിയസ് കോർപ്പസ് ഹർജി നൽകിയത്. ചീഫ്സെക്രട്ടറിക്ക് നൽകിയ ഹർജി പിടിച്ചുവെച്ചതിനെയും ഹർജിയിൽ ചോദ്യംചെയ്തിരുന്നു. ഏതായാലും നിയമസഭാംഗത്തിന്റെ അവകാശവുമായി ബന്ധപ്പെട്ട പ്രശ്നമാണിതെന്ന മോഹൻ കുമരമംഗലത്തിന്റെ വാദം പരിഗണിച്ച ഹൈക്കോടതി ചീഫ് സെക്രട്ടറിക്ക് നമ്പ്യാർ അയച്ച കത്ത് നിയമസഭാ അധികൃതർക്ക് അയക്കേണ്ടതാണെന്ന് നിർദേശിച്ചു. നിയമസഭയുടെ പ്രിവിലേജ് കമ്മിറ്റി ഇക്കാര്യം പരിഗണിക്കട്ടെ, അങ്ങനെയൊരു കമ്മിറ്റി നിലവിലില്ലെങ്കിൽ കമ്മിറ്റി രൂപീകരിച്ച് കത്ത് പരിഗണിക്കട്ടെ എന്ന തീർപ്പാണുണ്ടായത്. 1965ൽ ചൈനാ ചാരപ്രശ്നമുയർത്തി ജയിലിലടച്ചപ്പോഴും സമാനമായ കേസുമായി ഹൈക്കോടതിയെയും പിന്നീട് സുപ്രിംകോടതിയെയും നമ്പ്യാർ സമീപിക്കുകയുണ്ടായി. അന്നദ്ദേഹം എം.പി.യായിരുന്നു. ഈ കേസുകളുമായി ബന്ധപ്പെട്ട നടപടികളും വിധിയുമെല്ലാം ഇന്നും ജനാധിപത്യാവകാശവുമായി ബന്ധപ്പെട്ട നിയമവൃത്തങ്ങളിൽ പാഠപുസ്തകം പോലെ പരിഗണിക്കപ്പെടുന്നുണ്ട്.
ഒന്നാം ലോക്‌സഭയിൽ മയൂരം അഥവാ മയിലാടുത്തുറൈ മണ്ഡലത്തിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട അനന്തൻനമ്പ്യാർ രണ്ടാം ലോക്‌സഭയിലും അതേ മണ്ഡലത്തെ പ്രതിനിധീകരിച്ചു. മൂന്നും നാലും ലോക്‌സഭയിൽ തിരുച്ചിറപ്പള്ളി മണ്ഡലത്തിൽനിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്. ♦