Wednesday, May 1, 2024

ad

Homeരാജ്യങ്ങളിലൂടെനിരക്ഷരതയ്‌ക്കെതിരെ സാംബിയൻ സോഷ്യലിസ്റ്റ്‌ പാർട്ടിയുടെ പോരാട്ടം

നിരക്ഷരതയ്‌ക്കെതിരെ സാംബിയൻ സോഷ്യലിസ്റ്റ്‌ പാർട്ടിയുടെ പോരാട്ടം

ആര്യ ജിനദേവൻ

2018ൽ ഫ്രെഡ്‌ എംമെംബെ എന്ന പ്രശസ്‌ത മാധ്യമപ്രവർത്തകൻ രൂപംനൽകിയതാണ്‌ സോഷ്യലിസ്റ്റ്‌ പാർട്ടി ഓഫ്‌ സാംബിയ. പാട്രിയോട്ടിക്‌ ഫ്രണ്ട്‌ എന്ന ഭരണകക്ഷിയായിരുന്ന പാർട്ടിയാണ്‌ സോഷ്യലിസ്റ്റ്‌ എന്ന്‌ സ്വയം അവകാശപ്പെട്ടിരുന്നത്‌. എന്നാൽ ഇങ്ങനെ അവകാശവാദം ഉന്നയിക്കുന്നതിനപ്പുറം അതിന്‌ സോഷ്യലിസ്റ്റ്‌ ആശയങ്ങളുമായി വലിയ ബന്ധമൊന്നുമുണ്ടായിരുന്നില്ല. ഇതിനുപുറമെ റെയിൻബോ പാർട്ടിയാണ്‌ സോഷ്യലിസ്റ്റ്‌ എന്ന്‌ സ്വയം അവകാശപ്പെട്ടിരുന്നത്‌. ഈ പാർട്ടി പിളർന്നാണ്‌ സോഷ്യലിസ്റ്റ്‌ പാർട്ടി രൂപീകരിക്കപ്പെട്ടത്‌. പേരിൽ സോഷ്യലിസം എന്നു പറയുക മാത്രമല്ല, പാർട്ടിയുടെ പ്രത്യയശാസ്‌ത്ര അടിത്തറ മാർക്‌സിസം‐ലെനിനിസമാണെന്ന്‌ വ്യക്തമാക്കുകയും ചെയ്യുന്നു. 2021ലെ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പിലും ദേശീയ അസംബ്ലി തിരഞ്ഞെടുപ്പിലും സോഷ്യലിസ്റ്റ്‌ പാർട്ടി മത്സരിച്ചെങ്കിലും കാര്യമായ നേട്ടമൊന്നും ഉണ്ടാക്കാനായില്ല.

ജനസംഖ്യയിൽ വലിയൊരു വിഭാഗം നിരക്ഷരരുള്ള സാംബിയയിൽ സാക്ഷരതാ പ്രവർത്തനം, ജനങ്ങളുടെ ആരോഗ്യ പരിചരണത്തിനുള്ള പ്രസ്ഥാനം എന്നിവയിൽ ജനങ്ങൾക്കിടയിൽ ഈ പാർട്ടി സജീവ സാന്നിധ്യമായുണ്ട്‌. കൂട്ടത്തിൽ രാഷ്‌ട്രീയവും പ്രത്യയശാസ്‌ത്രപരവുമായ ആശയപ്രചരണവും നടത്തുന്നുണ്ട്‌.

2018ൽ സാംബിയയിൽ നടത്തിയ ഒരു സർവെ പ്രകാരം രാജ്യത്തെ മൂന്നിലൊരു ഭാഗം സ്‌ത്രീകളും 18 ശതമാനം പുരുഷന്മാരും നിരക്ഷരരാണ്‌. നിരക്ഷരത എന്നാൽ തദ്ദേശീയഭാഷയിൽ നിരക്ഷരരാണെന്നതല്ല, സാംബിയയിലെ ഔദ്യോഗിക ഭാഷയായ ഇംഗ്ലീഷിൽ എഴുതാനും വായിക്കാനും അറിയില്ലെന്നാണ്‌. എഴുപതിലേറെ തദ്ദേശീയ ഭാഷകളുള്ള സാംബിയയിൽ കൂടുതൽ ആളുകൾ സംസാരിക്കുന്ന തദ്ദേശീയ ഭാഷ ബൊബയും തൊട്ടടുത്ത്‌ ന്യാൻജയുമുണ്ട്‌. തദ്ദേശീയ ഭാഷകളിൽ എഴുത്തും വായനയും അഭ്യസിച്ചിട്ടുള്ളവരാണ്‌ അതാത്‌ ഭാഷ സംസാരിക്കുന്നവർ. പക്ഷേ എല്ലാ സർക്കാർ വ്യവഹാരങ്ങളും ഇംഗ്ലീഷിലായതിനാൽ തൊഴിൽ ലഭിക്കണമെങ്കിലും ഇംഗ്ലീഷ്‌ ഭാഷാപരിചയം അനിവാര്യമാണ്‌. അതുകൊണ്ടുതന്നെ നിരക്ഷരത നിർമാർജനം ചെയ്യുകയെന്നത്‌ പ്രധാന ദൗത്യമായി സോഷ്യലിസ്റ്റ്‌ പാർട്ടി ഏറ്റെടുത്തു.

2021ൽ തന്നെ സോഷ്യലിസ്റ്റ്‌ പാർട്ടി ഓഫ്‌ സാംബിയ ബ്രസീലിലെ ഭൂരഹിത ഗ്രാമീണ തൊഴിലാളി പ്രസ്ഥാനത്തിന്റെ (എംഎസ്‌ടി) സമോറ മഷേൽ ഇന്റർനാഷണൽ ബ്രിഗേഡുമായി ചേർന്ന്‌ സാക്ഷരതാപരിപാടിക്ക്‌ തുടക്കംകുറിച്ചിരുന്നു. ഫ്രെഡ്‌ എംമെംബേ ലിറ്ററസി ആൻഡ്‌ അഗ്രോ എക്കോളജി ക്യാന്പയിൻ പ്രോഗ്രാം എന്ന പേരിലാണ്‌ ഇത്‌ അറിയപ്പെടുന്നത്‌. 2024 മാർച്ച്‌ 21ന്‌ 350 പേർ പഠനം പൂർത്തിയാക്കി ബിരുദം നേടി‐ ഇതിൽ മഹാഭൂരിപക്ഷവും സ്‌ത്രീകളാണെന്ന പ്രത്യേകതയുമുണ്ട്‌.
സാക്ഷരതാപരിപാടി ആദ്യം ആരംഭിച്ചത്‌ തലസ്ഥാനനഗരമായ ലുസാക്കയിലും കിഴക്കൻ പ്രവിശ്യയിലും പടിഞ്ഞാറൻ പ്രവിശ്യയിലുമാണ്‌. ഈ പ്രദേശങ്ങളിൽ യഥാക്രമം 19.9%, 50%, 35.7% എന്ന നിരക്കിലാണ്‌ 15നും 49നും ഇടയ്‌ക്ക്‌ പ്രായമുള്ള സ്‌ത്രീകളിലെ നിരക്ഷരത. പൊതുവിൽ നഗരപ്രദേശങ്ങളിൽ 19.4 ശതമാനം നിരക്ഷരരുള്ളപ്പോൾ ഗ്രാമീണമേഖലയിൽ 45.8 ശതമാനം പേരും നിരക്ഷരരാണ്‌. 6 ശതമാനം സ്‌ത്രീകളും 8 ശതമാനം പുരുഷന്മാരും മാത്രമാണ്‌ ഉന്നത വിദ്യാഭ്യാസം ലഭിച്ചിട്ടുള്ളവർ.

2019ൽ മുതിർന്നവർക്കുള്ള സാക്ഷരതാ ക്യാന്പയിൻ ആയാണ്‌ ഈ പരിപാടി ആരംഭിച്ചത്‌. ആദ്യം 22 മുനിസിപ്പാലിറ്റികളിൽ തുടങ്ങിയ ഈ പരിപാടി 2021 മുതൽ ഗ്രാമീണമേഖലയിലും കൂടി വ്യാപിപ്പിക്കുകയും സാർവത്രികമാക്കുകയും ചെയ്‌തു. ഈ സാക്ഷരതാപരിപാടിയിൽ ഉൾപ്പെടുത്തി ഇതിനകം 4000 പേർക്ക്‌ ഇംഗ്ലീഷിൽ എഴുതാനും വായിക്കാനും സംസാരിക്കാനുമുള്ള ശേഷി നേടിക്കൊടുത്തു. വിദ്യാഭ്യാസം വിമോചനത്തിന്റെ ആധാരശിലയാണെന്ന കാഴ്‌ചപ്പാട്‌ ഉയർത്തിയാണ്‌ സോഷ്യലിസ്റ്റ്‌ പാർട്ടി ഈ പദ്ധതി ഏറ്റെടുത്തതെന്നാണ്‌ പാർട്ടി ജനറൽ സെക്രട്ടറി കൊസമാസ്‌ മുസാമലി പറയുന്നത്‌. സാംബിയയുടെ സ്വാതന്ത്ര്യസമരനായകനും പ്രസിഡന്റുമായിരുന്ന കെന്നത്ത്‌ കൗണ്ടയുടെ ഭരണകാലത്ത്‌ വിദ്യാഭ്യാസം പൂർണമായും സൗജന്യമായിരുന്നു. ദരിദ്രരായ വിദ്യാർഥികൾക്ക്‌ പാഠപുസ്‌തകങ്ങളും പഠനോപകരണങ്ങളുമെല്ലാം സൗജന്യമായി നൽകിയിരുന്നു. എന്നാൽ 1990കളിൽ നവലിബറൽ നയങ്ങളുടെ വരവോടെ ഇതിൽ മാറ്റം വന്നു. പഠിക്കണമെങ്കിൽ ഫീസ്‌ നൽകണമെന്നു വന്നു. ഇപ്പോഴത്തെ ഗവൺമെന്റ്‌ (പ്രസിഡന്റ്‌ ഹക്കയിൻഡെ ഹിച്ചിലേമ‐ Hakainde Hichilem) പ്രൈമറി, സെക്കൻഡറി തലങ്ങളിൽ സൗജന്യ വിദ്യാഭ്യാസം ഏർപ്പെടുത്തി. ഈ പശ്ചാത്തലത്തിലാണ്‌ സോഷ്യലിസ്റ്റ്‌ പാർട്ടിയുടെ നിരക്ഷരത നിർമാർജന പരിപാടിയുടെ പ്രാധാന്യം കാണേണ്ടത്‌.

2001ൽ ക്യൂബൻ വിദ്യാഭ്യാസവിദഗ്‌ധൻ ഡോ. ലിയോണേലോ റെലിസ്‌ ഡയസ്‌ ആവിഷ്‌കരിച്ച യോ സി പ്യൂഡോ (Yo si Puedo‐ അതെനിക്കു കഴിയും) എന്ന പദ്ധതിയെ പിൻപറ്റിയാണ്‌ സാംബിയയിലെ സോഷ്യലിസ്റ്റ്‌ പാർട്ടി നിരക്ഷരത നിർമാർജന ദൗത്യം ഏറ്റെടുത്തത്‌. ഫിദൽ കാസ്‌ട്രോയുടെ നിർദേശപ്രകാരമാണ്‌ ഈ രീതി വികസിപ്പിക്കപ്പെട്ടത്‌. ബ്രസീലിയൻ ചിന്തകനും വിദ്യാഭ്യാസ വിദഗ്‌ധനുമായ പൗലോ ഫ്രെയറിന്റെ ആശയങ്ങളും സാംബിയയിലെ ഈ നിരക്ഷരതാ നിർമാർജനപരിപാടിക്ക്‌ പ്രചോദനമായിട്ടുണ്ട്‌.

അക്ഷരം പഠിപ്പിക്കുന്നതിനു പുറമേ പരിസ്ഥിതിക്കിണങ്ങുന്ന കൃഷിരീതികൾ അഭ്യസിപ്പിക്കലും ഈ പദ്ധതിയുടെ ഭാഗമാണ്‌. 15 ലക്ഷം ചെറുകിട കർഷകരാണ്‌ സാംബിയക്കാവശ്യമായ ഭക്ഷണസാധനങ്ങളുടെ 90 ശതമാനവും ഉൽപ്പാദിപ്പിക്കുന്നത്‌. എന്നാൽ കാലാവസ്ഥാ വ്യതിയാനങ്ങൾ ഇവരെ പലപ്പോഴും പ്രതികൂലമായി ബാധിക്കുന്നുണ്ട്‌. ഇതിനെ നേരിടാൻ പറ്റിയ വിത്തിനങ്ങൾ ബ്രസിലിൽനിന്ന്‌ എംഎസ്‌ടി സാംബിയയിലെ കൃഷിക്കാർക്ക്‌ എത്തിച്ചുകൊടുക്കുന്നു. ക്യൂബൻ അനുഭവങ്ങൾ സാംബിയയുടെ പരിതസ്ഥിതിക്കനുയോജ്യമായി നടപ്പാക്കുന്നതാണ്‌ അഗ്രോ എക്കോളജി പദ്ധതി. ആഫ്രിക്കൻ വിപ്ലവനായകനും ഗ്വിനിയയുടെ സ്വാതന്ത്ര്യസമര പോരാളിയുമായ അമിൽകാർ കബ്രാളിൽ നിന്നുള്ള ആശയപരമായ പ്രചോദനത്തിനൊപ്പം ഘാനയിലെ സോഷ്യലിസ്റ്റ്‌ പാർട്ടിയുടെ പിന്തുണയും സഹായവും ഈ പരിപാടി മുന്നോട്ടുകൊണ്ടുപോകാൻ പ്രാപ്‌തമാക്കുന്നു. ആ നിലയിൽ അന്താരാഷ്‌ട്ര ഐക്യദാർഢ്യവും ഇതിനു പിന്നിലുണ്ട്‌.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

five + 2 =

Most Popular