2024 മാർച്ച് ആറിന് ഡൽഹിയിലെ പ്രസ് ക്ലബ് ഓഫ് ഇന്ത്യ ആസ്ഥാനം വലിയ പ്രതിഷേധത്തിനാണ് സാക്ഷ്യം വഹിച്ചത്. ‘‘പത്രസ്വാതന്ത്ര്യവും വർക്കിങ് ജേർണലിസ്റ്റ് നിയമവും സംരക്ഷിക്കുക, അടിച്ചമർത്തൽ നിയമങ്ങൾ ഇല്ലാതാക്കുക’’ എന്നീ മുദ്രാവാക്യങ്ങളുയർത്തി നടത്തിയ പ്രതിഷേധത്തിൽ നിരവധി മാധ്യമപ്രവർത്തകരും സിവിൽ സൊസൈറ്റി സംഘടനകളും ട്രേഡ് യൂണിയനുകളും കർഷകസംഘടനകളും പങ്കെടുത്തു. ജേർണലിസ്റ്റുകളുടെ ഉപജീവനമാർഗം സംരക്ഷിക്കുക, 2023 ഒക്ടോബർ മുതൽ ജയിലിൽ അടയ്‌ക്കപ്പെട്ട ന്യൂസ് ക്ലിക്ക് ചീഫ് എഡിറ്റർ പ്രബീർ പുർകായസ്‌തയെ ഉടൻ വിട്ടയയ്‌ക്കുക എന്നീ മുദ്രാവാക്യങ്ങളും ഉയർത്തപ്പെട്ടു.
ഒരുവശത്ത് അടിച്ചമർത്തലും മറുവശത്ത് ഭിന്നിപ്പിച്ചു ഭരിക്കലുമെന്ന ഇരട്ടനയമാണ് മോദി സർക്കാരിന്റേത്. ശിങ്കിടി മുതലാളിത്തത്തിലൂടെ കോടികളുടെ സന്പത്ത് വാരിക്കൂട്ടുന്ന ബിജെപി സർക്കാരിന്റെ അഴിമതിയുടെ മുഖം ഇലക്ടറൽ ബോണ്ടലൂടെ തുറന്നുകാട്ടപ്പെട്ടിരിക്കുകയാണ്. വലതുപക്ഷ മാധ്യമങ്ങൾക്കുവരെ ഇതേക്കുറിച്ച് പറയേണ്ടതായിവന്നു. എന്നാൽ പൗരത്വനിയമത്തിനെതിരെയും കാർഷിക നിയമങ്ങൾക്കെതിരായും നടന്ന കർഷകരുടെ ലോങ് മാർച്ചും ഡൽഹിയിലെ നീണ്ടനാൾ തുടർന്ന കർഷകസമരത്തെയും ഈ മാധ്യമങ്ങൾ മൗനത്തിലൂടെ മറച്ചുപിടിക്കുകയായിരുന്നു. അന്ന് ഇതെല്ലാം തുറന്നുകാട്ടിയ മാധ്യമങ്ങൾക്ക് കൂച്ചുവിലങ്ങിടുകയും അതിന്റെ പ്രവർത്തകരെ അറസ്റ്റ് ചെയ്യുകയും തടവിലിടുകയും ചെയ്‌തുകൊണ്ട് മോദി സർക്കാർ തങ്ങൾക്കെതിരെ ഉയർന്ന ശബ്ദങ്ങളെ അടിച്ചമർത്താൻ നോക്കുകയാണ് ചെയ്‌തത്. ഇനിയും ഏറെക്കാലം അതു തുടരാനാകില്ലെന്നാണ് പ്രതിഷേധയോഗത്തിൽ പങ്കെടുത്ത മാധ്യമപ്രവർത്തകർ ഒന്നടങ്കം മോദി സർക്കാരിന് താക്കീത് നൽകുന്നത്.
ബിജെപി സർക്കാരിന്റെ അടിച്ചമർത്തൽ നയങ്ങളെയും വർഗീയമായി ഭിന്നിപ്പിക്കുന്നതിന്റെ ഉദാഹരണങ്ങൾ സമ്മേളനം ഉദ്‌ഘാടനം ചെയ്യവെ സംയുക്ത കിസാൻ മോർച്ച അഖിലേന്ത്യാ പ്രസിഡന്റ് അശോക് ധാവ്‌ളെ എടുത്തുകാട്ടുകയുണ്ടായി. കർഷകരുടെ ലോങ് മാർച്ച് ജനശ്രദ്ധ പിടിച്ചുപറ്റുന്നതിൽ ന്യൂസ് ക്ലിക്ക് വലിയ പങ്കുവഹിച്ചു. കർഷകരുടെയും തൊഴിലാളികളുടെയും ശബ്ദമായി മാറിയ ന്യൂസ് ക്ലിക്കിനെ തകർക്കുന്നതിനാണ് അതിന്റെ തലപ്പത്തുള്ളയാളെത്തന്നെ മോദി ഭരണകൂടം ഉന്നംവെച്ചത്. കർഷകസമരം ഏറ്റെടുത്ത 200ലേറെ സോഷ്യൽ മീഡിയ ഹാൻഡിലുകൾ സർക്കാർ നിർദേശപ്രകാരം നീക്കം ചെയ്യുകയുണ്ടായി. പ്രബീർ പുർകായസ്‌ത, കാശ്‌മിരിലെ ആസിഫ് ഇഖ്‌ബാൽ, ദീർഘകാലം ജയിലിൽ കിടക്കേണ്ടിവന്ന സിദ്ദിഖ് കാപ്പൻ എന്നിവരുൾപ്പെടെയുള്ള മാധ്യമപ്രവർത്തകരെ പരാമർശിച്ചാണ് ദി വയർ എഡിറ്റർ സിദ്ധാർഥ് വരദരാജൻ സംസാരിച്ചത്.
മാധ്യമപ്രവർത്തകർ, വിദ്യാർഥികൾ, സർവകലാശാലകൾ എന്നിവയ്‌ക്കെതിരെ അപ്രഖ്യാപിത അടിയന്തരാവസ്ഥ നിലനിൽക്കുകയാണ്. വനിതാ സംഘടനകളുടെ വനിതാദിന പരിപാടികൾ നടത്തുന്നതിനെപ്പോലും വിലക്കുന്നു. സിഎഎ വിരുദ്ധ സമരത്തിനിടെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്‌ത നിരപരാധികളായ നിരവധി വിദ്യാർഥികൾ ഇപ്പോഴും ജയിലിലാണ്.
ഇങ്ങനെ എല്ലാ അർഥത്തിലും മക്കാർത്തിയൻ കാലത്തിലൂടെയാണ് നാം കടന്നുപോകുന്നതെന്ന് പ്രതിഷേധത്തിൽ പങ്കെടുത്തവർ ഓർമിപ്പിക്കുകയുണ്ടായി.
മുതിർന്ന മാധ്യമപ്രവർത്തകരായ സിദ്ധാർഥ് വരദരാജൻ, പരഞ്‌ജോയ് ഗുഹ താക്കുർത്ത, പ്രസ് ക്ലബ് പ്രസിഡന്റ് ഗൗതം ലാഹിരി തുടങ്ങിയവർ പ്രതിഷേധയോഗത്തെ അഭിസംബോധന ചെയ്‌തു. ♦