ഇസ്രയേലിന് ഇനിമേൽ കാനഡ ആയുധങ്ങൾ വിൽക്കില്ലെന്ന് കനേഡിയൻ വിദേശകാര്യമന്ത്രി മെലാനി ജോളി മാർച്ച് 19ന് വാർത്താസമ്മേളനത്തിൽ പ്രസ്‌താവിച്ചു. കനേഡിയൻ പാർലമെന്റിൽ നടന്ന ഏഴ് മണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിലാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്. പലസ്‌തീൻ ഐക്യദാർഢ്യസമിതി നടത്തിയ ശക്തമായ ജനകീയ പോരാട്ടത്തിന്റെ വിജയമാണ് ഈ തീരുമാനം. എന്നാൽ ജനുവരി 8ന് മുമ്പുള്ള ആയുധവിൽപ്പന കരാറുകൾക്ക് ഇത് ബാധകല്ലെന്ന ഗവൺമെന്റ് നിലപാടിനോട് ജനകീയപ്രസ്ഥാനങ്ങൾക്ക് യോജിപ്പില്ല.
അമേരിക്ക പ്രതിവർഷം 400 കോടി ഡോളറിന്റെ സൈനികസഹായമാണ് ഇസ്രയേലിന് നൽകുന്നത്. കാനഡ പ്രതിവർഷം 1.5 കോടി ഡോളറിന്റെ സൈനികോപകരണ കയറ്റുമതി ഇസ്രയേലിലേക്ക് നടത്തുന്നു. എന്നാൽ ഇസ്രയേലിന്റെ ഗാസ ആക്രമണം തുടങ്ങിയശേഷം ആദ്യത്തെ രണ്ടുമാസത്തിനുള്ളിൽ 2.1 കോടി ഡോളറിന്റെ സൈനികോപകരണങ്ങൾ കാനഡ ഇസ്രയേലിന് കയറ്റി അയച്ചതായാണ് കനേഡിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്തായാലും കാനഡയിലെ ജനകീയ പോരാട്ടത്തിന്റെ വിജയം ലോകമാസകലമുള്ള പലസ്‌തീൻ ഐക്യദാർഢ്യ പ്രക്ഷോഭത്തിനും ഊർജം പകരുകയാണ്. ♦