Monday, July 22, 2024

ad

Homeആമുഖംകെെപ്പത്തിയിൽ താമരവിരിയിക്കുന്ന പണക്കൊഴുപ്പ്

കെെപ്പത്തിയിൽ താമരവിരിയിക്കുന്ന പണക്കൊഴുപ്പ്

ടതുപക്ഷ മനസ്സുള്ള കേരളത്തിലും ബൂർഷ്വാ രാഷ്ട്രീയം വേറിട്ടതല്ലെന്ന് തെളിയിക്കുന്നതാണ് 2024ലെ തിരഞ്ഞെടുപ്പിനു മുന്നോടിയായി നടന്നുകൊണ്ടിരിക്കുന്ന കോൺഗ്രസ്സിൽനിന്നു ബിജെപിയിലേക്കുള്ള കൂറുമാറ്റം. 2019നു മുൻപ് കോൺഗ്രസിന്റെ ദേശീയ വക്താവ് ടോം വടക്കൻ തന്നെ രായ്ക്കുരാമാനം ബിജെപിയിലേക്ക് കൂറുമാറിയിരുന്നു; മാത്രമല്ല, കോൺഗ്രസിന്റെ ആളെന്ന നിലയിൽ സർവകലാശാല വെെസ്ചാൻസലറും പിഎസ്-സി ചെയർമാനുമായിരുന്ന കെ എസ് രാധാകൃഷ്ണനും ബിജെപിയിലേക്ക് കൂറുമാറി.

പക്ഷേ, കേരളത്തിലെ കോൺഗ്രസ്സിന്റെ മുഖങ്ങളായിരുന്ന കെ കരുണാകരന്റെയും എ കെ ആന്റണിയുടെയും മക്കൾ തന്നെ ഇന്ന് ബിജെപി കൂടാരത്തിൽ ചേക്കേറിയിരിക്കുകയാണ്. ബിജെപിയുടെയും എൻഡിഎയുടെയും കേരളത്തിലെ സ്ഥാനാർഥി പട്ടികയിൽ ഇടംപിടിച്ച നാലുപേർ 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന്റെ സ്ഥാനാർഥികളായി മത്സരിച്ചവരാണ്. ഇതിൽ വലിയ അത്ഭുതത്തിനൊന്നും സ്ഥാനമില്ല. കാരണം, കെപിസിസിയുടെ അധ്യക്ഷൻതന്നെ കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് പോകുന്നതിൽ എന്താ കുഴപ്പമെന്ന് പരസ്യമായി പ്രതികരിച്ചയാളാണ്. സംഘപരിവാർ പരിപാടി ഉദ്ഘാടനം ചെയ്ത പാരമ്പര്യമുള്ള ഇപ്പോഴത്തെ പ്രതിപക്ഷനേതാവും ബിജെപിയോട് അയിത്തമൊന്നും കൽപ്പിക്കുന്നയാളല്ല.

1950കൾ മുതൽതന്നെ ഇടതുപക്ഷത്തിനെതിരെ ഹിന്ദുത്വശക്തികളുമായി കെെകോർത്ത ചരിത്രമാണ് കോൺഗ്രസ്സിനുള്ളത്. ‘വിമോചന’ സമരാനന്തരം നടന്ന തിരഞ്ഞെടുപ്പിൽ പട്ടാമ്പി നിയോജകമണ്ഡലത്തിൽ ഇ എം എസിനെതിരെ കോൺഗ്രസ് സ്ഥാനാർഥിക്കായി ജനസംഘം സ്വന്തം സ്ഥാനാർഥിയെ പിൻവലിച്ചുവെന്നു മാത്രമല്ല വാജ്പെയ് ഉൾപ്പെടെയുള്ള ജനസംഘത്തിന്റെ ദേശീയ നേതാക്കൾതന്നെ പട്ടാമ്പിയിലെ കോൺഗ്രസ് സ്ഥാനാർഥിക്കായി പ്രചരണത്തിന് എത്തുകയും ചെയ്തിരുന്നു.

1980കൾക്കു ശേഷം കേരളത്തിൽ രൂപംകൊണ്ട കോ–ലീ–ബി സഖ്യത്തിന്റെ പരികർമികളായി പരിലസിച്ച കരുണാകരന്റെയും ആന്റണിയുടെയും മക്കൾ ഇന്ന് കെെപ്പത്തി കെെവെടിഞ്ഞ് താമരയും ചൂടിനിൽക്കുന്നതിൽ അതുകൊണ്ടുതന്നെ അത്ഭുതപ്പെടുത്തുന്ന ഒന്നുമില്ല. കെെപ്പത്തിയിൽ വോട്ടു ചെയ്യുന്നത് താമരയിൽ വോട്ടു ചെയ്യുന്നതിന് സമാനമാണെന്ന് സാധാരണ വോട്ടർമാർ ചിന്തിക്കുന്ന അവസ്ഥയാണ് ഇന്ന്.

ദേശീയാടിസ്ഥാനത്തിൽ തന്നെ കഴിഞ്ഞ ഒരു പതിറ്റാണ്ടായി കോൺഗ്രസ് കൂടുവിട്ട് ബിജെപിയിൽ ഇടംതേടാൻ കോൺഗ്രസ് നേതാക്കൾക്ക് അനായാസം കഴിയുന്നത് ആശയപരമായ സമാനതയാണെന്ന് നിസ്സംശയം പറയാം. വർഗീയതയുടെ കൊടി ഉയർത്തി, സമൂഹത്തിൽ ധ്രുവീകരണത്തിനു ശ്രമിക്കുന്ന സംഘപരിവാർ രാഷ്ട്രീയവും മതനിരപേക്ഷ കക്ഷിയെന്നറിയപ്പെടുന്ന കോൺഗ്രസ്സും തമ്മിൽ ആശയപരമായ സമാനത കാണുന്നതിൽ അൽപ്പം അതിശയോക്തിയില്ലേയെന്നാണ് പല ലിബറൽ വക്താക്കളും ചോദിക്കുന്നത്.

ഏക സിവിൽ കോഡ്, രാമക്ഷേത്രം, കാശ‍്മീർ, പലസ്തീൻ ഐക്യദാർഢ്യം തുടങ്ങിയ നിരവധി വിഷയങ്ങളിൽ സംഘപരിവാറിനെതിരെ ഉറച്ച നിലപാടെെുക്കാതെ കോൺഗ്രസ് പതറുന്നത് ബിജെപിക്ക് ശക്തി കൂട്ടുകയാണ്. ബിജെപി ഭരണകാലത്ത് പാഠപുസ്തകങ്ങളിൽ വരുത്തിയ വർഗീയാടിസ്ഥാനത്തിലുള്ള മാറ്റങ്ങൾ കോൺഗ്രസ് അധികാരത്തിൽ വന്നിട്ടും മാറ്റാതിരിക്കുന്നതും ഹിജാബ് പ്രശ്നത്തിലടക്കം ബിജെപി കാലത്തെ ഉത്തരവുകൾ പിൻവലിക്കാൻ കോൺഗ്രസ് സർക്കാർ തയ്യാറാകാത്തതും തെളിയിക്കുന്നതെന്താണ്?

ബിജെപി വാഴ്ചയുടെ മറ്റൊരു മുഖമാണ് കടുത്ത കോർപറേറ്റ് അനുകൂല സാമ്പത്തികനയങ്ങൾ. നവലിബറലിസത്തിന് തുടക്കം കുറിച്ച‍ കോൺഗ്രസ്സിൽ നിന്ന് അക്കാര്യത്തിലും മറിച്ചൊരു നിലപാട് പ്രതീക്ഷിക്കാനാവില്ല. പിഎഫ് ആർഡി ബില്ലും ലേബർ കോഡുകളും ബിജെപി കൊണ്ടുവന്നപ്പോഴും, കർഷക വിരുദ്ധബില്ലുകൾ അവതരിപ്പിക്കപ്പെട്ടപ്പോഴുമെല്ലാം കോൺഗ്രസ് പിന്തുണയ്ക്കുകയോ എതിർപ്പ് പേരിനു മാത്രമാക്കുകയോ ആയിരുന്നുവെന്നതും യാഥാർഥ്യം. അതിനെല്ലാമെതിരായ പോരാട്ടങ്ങളിലും കോൺഗ്രസ് നേതൃത്വം ഒഴിഞ്ഞുമാറുകയായിരുന്നു. ഏറ്റവുമൊടുവിൽ ഇലക്ടറൽ ബോണ്ടിന്റെ കാര്യത്തിലും കോൺഗ്രസ് പ്രകടമാക്കുന്ന നിസ്സംഗത ഇരുകൂട്ടരുടെയും സമാന ചിന്താഗതികൾ വെളിപ്പെടുത്തുന്നതാണ്. വിട്ടുവീഴ്ചയില്ലാത്ത മതനിരപേക്ഷതയും നവലിബറൽ നയങ്ങൾക്കെതിരായ നിലപാടും സിപിഐ എമ്മും ഇടതുപക്ഷവും മാത്രമാണ് ഉയർത്തിപ്പിടിക്കുന്നത്. ലോക-്-സഭയിൽ ഇടതുപക്ഷ സാന്നിധ്യം വർധിപ്പിച്ചുകൊണ്ടു മാത്രമേ ബിജെപി ഉയർത്തുന്ന ഈ വെല്ലുവിളികളെ ചെറുക്കാനാവൂ. ഈ ലക്കത്തിൽ ഞങ്ങൾ കോൺഗ്രസ്സിൽനിന്നുള്ള കൂറുമാറ്റത്തെക്കുറിച്ചും ഒപ്പം ഇലക്ടറൽ ബോണ്ടിനെക്കുറിച്ചുമുള്ള വിവരങ്ങളാണ് വായനക്കാർക്കായി നൽകുന്നത്.
ചിന്ത പ്രവർത്തകർ

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

15 + 19 =

Most Popular