Sunday, April 28, 2024

ad

Homeകവര്‍സ്റ്റോറികൈപ്പത്തിയിൽ 
വിരിയുന്ന താമര

കൈപ്പത്തിയിൽ 
വിരിയുന്ന താമര

ദീപക്‌ പച്ച

കേരളത്തിലെ കോൺഗ്രസ്സിന്റെ ലോക്-സഭ തിരഞ്ഞെടുപ്പ് സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്നതിനു തൊട്ട് മുൻപ് മുൻ മുഖ്യമന്ത്രി കെ.കരുണാകരന്റെ മകൾ പദ്മജ വേണുഗോപാൽ ബിജെപി യിൽ ചേർന്നത് വലിയ രാഷ്ട്രീയ ശ്രദ്ധ നേടിയിരുന്നു. മാസങ്ങൾക്കു മുൻപ് മുൻ പ്രതിരോധ മന്ത്രിയും മുൻ മുഖ്യമന്ത്രിയുമായ എ കെ ആന്റണിയുടെ മകനും അഖിലേന്ത്യാ കോൺഗ്രസ്സ് കമ്മിറ്റിയുടെ ഐ.ടി വിങ് തലവനുമായിരുന്ന അനിൽ ആന്റണി ബിജെപിയിൽ ചേർന്നിരുന്നു. കോൺഗ്രസ് മുൻ മുഖ്യമന്ത്രിമാരുടെ മക്കളല്ല മുഖ്യമന്ത്രിമാർ തന്നെ ബിജെപി യിലേക്ക് ചുവടു മാറുന്നത് ദേശീയ രാഷ്ട്രീയത്തിൽ വാർത്ത അല്ലാതായിട്ട് കാലങ്ങളായി.

നേരത്തെ കേരളത്തിനു പുറത്ത് സജീവമായിരുന്ന ഈ രാഷ്ട്രീയ നെറികേടിൽ കേരളത്തിലെ കോൺഗ്രസ്സുകാരും സജീവമായി പങ്കെടുക്കാൻ തുടങ്ങിയിരിക്കുന്നുവെന്നതാണ് പദ്മജയുടെ ബിജെപി പ്രവേശനം സൂചിപ്പിക്കുന്നത്. ഈ പശ്ചാത്തലത്തിൽ, ഇന്ത്യൻ ജനാധ്യപത്യത്തെ വഞ്ചിച്ചു യാതൊരു സങ്കോചവുമില്ലാതെ ബിജെപി യിലേക്ക് രാഷ്ട്രീയം മാറ്റി പ്രതിഷ്ഠിച്ച കോൺഗ്രസ്സ് നേതാക്കളുടെ കണക്കെടുപ്പിനുള്ള ശ്രമമാണ് ഇവിടെ നടത്തുന്നത്.

കൈപ്പത്തിയിൽ വിരിഞ്ഞ താമരമൊട്ടുകൾ
കഴിഞ്ഞ പത്തു വർഷമായി തുടർച്ചയായി കോൺഗ്രസ്സ് നേതാക്കൾ ബിജെപിയിലേക്ക് പോകുന്നതു കൊണ്ട് കൈപ്പത്തിയിൽ നിന്നും താമരയിലേക്ക് മാറിയവരുടെ കണക്കുകൾ ദിവസേന മാറിക്കൊണ്ടിരിക്കുന്ന സ്ഥിതിയാണ്. കോൺഗ്രസ് നാഷണൽ സെക്രട്ടറി ബീഹാറിന്റെ ചുമതലയുണ്ടായിരുന്ന അജയ് കപൂർ ബിജെപിയിൽ ചേർന്നത് ഈ മാർച്ച് 13 നാണ്. മാർച്ചു പതിനൊന്നിന് മധ്യപ്രദേശിൽ രണ്ടു മുൻ കോൺഗ്രസ്സ് എംഎൽഎമാർ ബിജെപിയിലേക്ക് മാറിയിട്ടുണ്ട്. രാജസ്താനിൽ നിന്നും രണ്ട് മുൻ മന്ത്രിമാരും മൂന്ന് മുൻ എംഎൽഎമാരും അടക്കം 25 കോൺഗ്രസ്സ് നേതാക്കൾ ബിജെപി യിലെത്തിയത് ഈ മാർച്ച് പത്തിനാണ്. ഈ ലേഖനം എഴുതുന്ന ദിവസങ്ങളിൽ ഉൾപ്പെടെ നിരവധി കോൺഗ്രസ്സ് നേതാക്കൾ ബിജെപി പാളയത്തിൽ എത്തിയിട്ടുണ്ട് എന്ന് സൂചിപ്പിക്കാനാണ് ഇത്രയും പറഞ്ഞത്.

ബിജെപിയിലേക്ക് മാറിയ 
കോൺഗ്രസ് മുഖ്യമന്ത്രിമാർ

ഒരു സംസ്ഥാനത്തെ കോൺഗ്രസ്സിന്റെ ഏറ്റവും മുതിർന്ന നേതാക്കളാണ് എപ്പോഴും മുഖ്യമന്ത്രി സ്ഥാനത്ത് എത്തുന്നത്. എന്നാൽ അത്തരം പദവിയിൽ ഇരുന്നവർ തന്നെ ബിജെപിയിലേക്ക് പോകുമ്പോൾ സാധാരണ പ്രവർത്തകരുടെ കാര്യം പറയേണ്ടതില്ലല്ലോ.

കോൺഗ്രസിന്റെ മുഖ്യമന്ത്രിമാരായിരുന്ന, എന്നാൽ പിന്നീട് ബിജെപി യിൽ ചേർന്ന വിവിധ സംസ്‌ഥാനങ്ങളിലെ നേതാക്കൾ താഴെപറയുന്നവരാണ്

1) എസ് എം കൃഷ്ണ, 2) ക്യാപ്റ്റൻ അമരീന്ദർ സിങ്, 3) വിജയ് ബഹുഗുണ, 4) ദിഗംബർ കാമത്ത് 5) കിരൺ കുമാർ റെഡ്‌ഡി,6) പേമാ ഖണ്ഡു, 7) എൻ ഡി തിവാരി, 8) ജഗദാംബികപാൽ 9) അശോക് ചവാൻ

ഈ ഒൻപതിൽ എട്ടുപേരും ബിജെപിയിൽ ചേരുമ്പോൾ മുൻ മുഖ്യമന്ത്രിമാരായിരുന്നെങ്കിൽ, മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് പേമാ ഖണ്ഡു ബിജെപി ആയത്. 2016ൽ കോൺഗ്രസിൽ നിന്ന് ഭൂരിപക്ഷം എംഎൽഎമാരുമായി കോൺഗ്രസിൽ നിന്ന് പീപ്പിൾസ് പാർട്ടി ഓഫ് അരുണാചലിൽ ചേരുകയും മാസങ്ങൾക്കുള്ളിൽ അവിടെ നിന്നും ബിജെപിയിൽ എത്തുകയും ചെയ്തു പേമാ ഖണ്ഡു. ഇപ്പോൾ അരുണാചൽ മുഖ്യമന്ത്രിയായി തുടരുന്നു.

യുപി മുൻ മുഖ്യമന്ത്രിയായ ജഗദാംബികപാൽ  ഒന്നാം മോദി സർക്കാർ അധികാരത്തിൽ വരുന്നതിന് തൊട്ടു മുൻപാണ് ബിജെപിയിൽ എത്തിയത്. ആന്ധ്രയിൽ കോൺഗ്രസിന്റെ അവസാന മുഖ്യമന്ത്രിയായ കിരൺ കുമാർ റെഡ്‌ഡി കഴിഞ്ഞ വർഷം, 2023 ഏപ്രിലിൽ ബിജെപിയിൽ ചേർന്നു. 2022 സെപ്തംബറിലാണ് മുൻ ഗോവ മുഖ്യമന്ത്രിയും നിലവിൽ എംഎൽഎയായ ദിഗംബർ കാമത്ത് ബിജെപിയിൽ ചേർന്നത്.

കേരളത്തിലെ കോൺഗ്രസ്സുകാർ പോലും അഭിമാനത്തോടെ ക്യാപ്റ്റൻ എന്ന് വിളിച്ച അമരീന്ദർ സിംഗ് മുഖ്യമന്ത്രി സ്ഥാനം പോയതോടെ കോൺഗ്രസ്സ് വിട്ട് സ്വന്തം പാർട്ടി ഉണ്ടാക്കുകയും പിന്നീട് ആ പാർട്ടിയെ ബിജെപിയിൽ ലയിപ്പിക്കുകയും ചെയ്തു.

ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി വിജയ് ബഹുഗുണ ബിജെപിയിൽ ചേർന്നത് 2016ൽ. അദ്ദേഹത്തിന്റെ മകൻ സൗരഭ് ബഹുഗുണ ഇപ്പോൾ സംസ്ഥാന മന്ത്രിയാണ് . എസ് എം കൃഷ്ണയും എൻഡി തിവാരിയും സജീവ രാഷ്ട്രീയം വിട്ട ശേഷമാണ് ബിജെപി പാളയത്തിൽ എത്തിയത്.

മുകളിലെ ഒൻപത് പേരെക്കൂടാതെ ബിജെപിയിൽ ചേർന്ന ശേഷം മുഖ്യമന്ത്രിയായ കോൺഗ്രസ്‌ നേതാക്കളും ഉണ്ട്. നിലവിലെ ആസ്സാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ നേരത്തെ മൂന്നു തവണ കോൺഗ്രസ്സ് എം.എൽ.എ യും രണ്ടു തവണ മന്ത്രിയും ആയിരുന്നു. 2014 ൽ ബിജെപിയിൽ ചേർന്ന അദ്ദേഹം 2021 മുതൽ ആസാം മുഖ്യമന്ത്രിയാണ്. കോൺഗ്രസ് മന്ത്രി ആയിരിക്കവെ നടന്ന അഴിമതികളിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണവും റെയ്ഡുമാണ് ഹിമന്തയെ ബിജെപി പാളയത്തിലെച്ചത്. അതോടെ കേസും തീർന്നു. അന്വേഷണവും അവസാനിച്ചു.

സംഘപരിവാറിന്റെ ന്യൂനപക്ഷ വേട്ടയുടെ പുതിയ പരീക്ഷണശാലയായ മണിപ്പൂരിലെ നിലവിലെ മുഖ്യമന്ത്രി എൻ. ബിരേൻ സിങ്ങും കോൺഗ്രസ്സിൽ നിന്നും ബിജെപിയിൽ എത്തിയ നേതാവാണ്. 2017 മുതൽ മണിപ്പൂർ മുഖ്യമന്ത്രിയായ അദ്ദേഹം 2016 ലാണ് ബിജെപിയിൽ ചേർന്നത്. അതിനു മുൻപ് മൂന്ന് തവണ അദ്ദേഹം കോൺഗ്രസ് എംഎൽഎയും മന്ത്രിയും ആയിരുന്നു.

2014-–2021 കാലഘട്ടത്തിൽ രാഷ്ട്രീയ പാർട്ടി മാറിയ എംഎൽഎ, എംപി അതുപോലെ ഈ സ്ഥാനത്തേക്ക് മത്സരിച്ച സ്ഥാനാർഥികൾ എന്നിവരെക്കുറിച്ചൊരു പഠനം Association for Democratic Reforms എന്ന സംഘടന നടത്തുകയും 2021 ൽ അതിന്റെ റിപ്പോർട്ട് പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. മൂന്നു വർഷം മുന്നേയുള്ള കണക്കുകൾ ആണെങ്കിൽ കൂടിയും ബിജെപിയിലേക്ക് എത്തുന്ന കോൺഗ്രസ് നേതാക്കളുടെ എണ്ണത്തിന്റെ വലിപ്പവും അതിന്റെ ക്രമവും മനസ്സിലാക്കാൻ ഉപകരിക്കുന്ന ഒന്നാണ് ആ റിപ്പോർട്ട്.

അതിലെ ചില കണ്ടെത്തലുകൾ ഇങ്ങനെയാണ്
1. 177 (35%) എംഎൽഎ/എംപി മാരാണ് ഇക്കാലയളവിൽ കോൺഗ്രസ്സ് വിട്ടത്.

2. 2014-–2021 നിടയിൽ ഏറ്റവും കൂടുതൽ പാർട്ടി മാറിയ സ്ഥാനാർഥികൾ കോൺഗ്രസ്സിന്റേതാണ്. 222 (20%) കോൺഗ്രസ്സ് സ്ഥാനാർഥികൾ ആണ് ഇക്കാലയളവിൽ പാർട്ടി മാറിയത്.

3. ബിജെപി യുടെ നിലവിലെ ആകെ MLA+MP മാരിൽ 173 പേർ അതായത് 34.6% ജനപ്രതിനിധികൾ മറ്റ് പാർട്ടികളിൽ നിന്നും വന്നവരാണ്. ഇതിന്റെ സിംഹഭാഗവും കോൺഗ്രസ്സുകാരാണ്.

4. പാർട്ടി മാറി വീണ്ടും മത്സരിച്ച MLA/MP മാരുടെ സമ്പാദ്യത്തിൽ ഉണ്ടായ വർദ്ധനവ് ഈ റിപ്പോർട്ടിൽ കൊടുത്തിട്ടുണ്ട്. അതിൽ കോൺഗ്രസ്സിൽ നിന്നും ബിജെപിയിൽ എത്തിയവരുടെ സമ്പത്തിൽ വലിയ വർദ്ധനവ് ഉണ്ടായതായി കാണാം.

5. പാർട്ടി മാറിയ 433 ജനപ്രതിനിധികളിൽ 373 (86%) പേരും കോടിപതികളാണ്. അതിൽ ഒന്നാം സ്ഥാനത്ത് 1195 കോടി രൂപ ആസ്തിയുള്ള, കോൺഗ്രസ്സിൽ നിന്നും ബിജെപിയിലെത്തിയ, എംഎൽഎ എൻ നാഗരാജുവാണ്. രണ്ടാം സ്ഥാനത്ത് ടിആർഎസ്സിൽ നിന്നും കോൺഗ്രസ്സിലെത്തിയ 895 കോടി രൂപ ആസ്തിയുള്ള എം.പി കൊണ്ട വിശ്വേശ്വര റെഡ്ഡിയാണ്. മൂന്നാം സ്ഥാനത്ത് 379 കോടി രൂപ ആസ്തിയുള്ള ബിജെപിയിലേക്ക് മാറിയ യുവ കോൺഗ്രസ്സ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യയാണ്.

ഈ പഠനം വ്യക്തമാക്കുന്ന ഒന്ന് കോൺഗ്രസ്സ് നേതാക്കളെ രാഷ്ട്രീയ പ്രവർത്തനത്തിന് പ്രേരിപ്പിക്കുന്ന സുപ്രധാന ഘടകങ്ങൾ അധികാരത്തോടുള്ള താല്പര്യവും അളവിൽ കവിഞ്ഞ ധനസമ്പാദനവും മാത്രമാണ് എന്നതാണ്. അതുകൊണ്ട് ബിജെപിയിൽ ചേർന്നാൽ മേൽപ്പറഞ്ഞ രണ്ടിനും കൂടുതൽ അവസരമുണ്ടെങ്കിൽ അങ്ങോട്ട് പോകാം എന്നത് അവരെ സംബന്ധിച്ച് സ്വാഭാവികമായ ഒന്നാണ്. അത്തരക്കാരെയും കൂട്ടി ഒരു സമരത്തിന് ഇറങ്ങരുത് എന്ന ലളിത യുക്തി മാത്രം മതി മതനിരപേക്ഷ വാദികൾ കോൺഗ്രസ്സിനെ ജയിപ്പിക്കരുത് എന്ന ആഹ്വാനത്തിന്റെ കൂടെ നിൽക്കാൻ.

ഓപ്പറേഷൻ കമല അഥവാ 
ജനാധിപത്യത്തിന്റെ കശാപ്പ്
നേതാക്കൾ പാർട്ടി മാറി മറ്റൊരു പാർട്ടിയിലേക്ക് ചേരുന്നത് സംബന്ധിച്ച് ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറെ പ്രചാരത്തിലുള്ളൊരു പ്രയോഗമാണ് “ആയാ റാം ഗയാ റാം എന്നത്’. 1967 ൽ ഹരിയാനയിലെ ഹസ്സൻപൂർ മണ്ഡലത്തിൽ നിന്നും ജയിച്ച സ്വതത്ര സ്ഥാനാർഥി ഗയ ലാൽ കോൺഗ്രസ്സിൽ ചേരുകയും പിന്നീട് രണ്ടാഴ്ചയ്ക്കുള്ളിൽ മൂന്ന് തവണ പാർട്ടി മാറുകയും അവസാനം കോൺഗ്രസ്സിൽ തന്നെ തിരിച്ചെത്തുകയുംചെയ്തു. അദ്ദേഹത്തെ കോൺഗ്രസിലേക്ക് തിരിച്ചെത്തിക്കാൻ മുൻകൈ എടുത്തത് അന്നത്തെ കോൺഗ്രസ് നേതാവ് ബീരേന്ദ്ര സിങ് ആയിരുന്നു. ഒടുവിൽ കോൺഗ്രസിലേക്ക് തിരിച്ചെത്തിയ ദിവസം ഗയാ ലാലിനെയും കൂട്ടി നടത്തിയ പത്ര സമ്മേളനത്തിലാണ് “ഗയാ റാം വാസ് നൗ ആയാ റാം’ എന്ന് ബീരേന്ദ്ര സിങ് പറഞ്ഞത് (അതായത് പോയ റാം ഇപ്പോൾ വന്ന റാം ആയി എന്ന്).

എന്നാൽ ഇന്ന് മുകളിലെ പ്രയോഗത്തേക്കാൾ പ്രചാരത്തിലുള്ള ഒന്ന് ‘ഓപ്പറേഷൻ കമല’ എന്നതാണ്. ജനാധിപത്യത്തെ അപഹസിച്ചുകൊണ്ട് ബിജെപി നടത്തുന്ന കുതിരക്കച്ചവടത്തിന് മാധ്യമങ്ങൾ നൽകിയ ഓമനപ്പേരാണിത്. ഓപ്പറേഷൻ കമല എന്ന പ്രയോഗം ഉടലെടുക്കുന്നത് 2008 ൽ കർണ്ണാടകത്തിലെ ഖനി മാഫിയ തലവനും ബിജെപി നേതാവുമായിരുന്ന ജി ജനാർദ്ദന റെഡ്ഡി ബിജെപി സർക്കാർ ഉണ്ടാക്കുന്നതിനു വേണ്ടി കോൺഗ്രസ്- ജെ.ഡി.എസ് സഖ്യത്തിലെ എംഎൽഎമാരെ അടർത്തിയെടുക്കാൻ ശ്രമിക്കുന്നു എന്ന ആരോപണത്തിൽ നിന്നാണ്. ബിജെപിക്ക് അന്ന് ഭൂരിപക്ഷത്തിനു മൂന്ന് സീറ്റിന്റെ കുറവുണ്ടായിരുന്നു. ഒടുവിൽ കോൺഗ്രസ്സിൽ നിന്നും മൂന്ന് എംഎൽഎമാരെയും ജെ.ഡി.എസിൽ നിന്ന് നാല് എംഎൽഎമാരെയും രാജി വയ്പിച്ചു ബിജെപി ടിക്കറ്റിൽ മത്സരിപ്പിക്കാൻ ജനാർദ്ദന റെഡ്ഡിക്കും കൂട്ടർക്കും കഴിഞ്ഞു. തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ ബിജെപി ടിക്കറ്റിൽ മത്സരിച്ച 7 പേരിൽ അഞ്ചു പേർ ജയിക്കുകയും ബിജെപി സർക്കാർ രൂപീകരിക്കുകയും ചെയ്തു. ഈ പണവും അധികാരവും ഉപയോഗിച്ചുള്ള ജനാധിപത്യത്തിന്റെ ഇത്തരത്തിലുള്ള കശാപ്പാണ് 2014 മുതൽ രാജ്യത്ത് ശക്തമായി നടന്നുകൊണ്ടിരിക്കുന്നത്.

നോട്ടു നിരോധനത്തിന്റെ മറവിൽ നടന്ന അഴിമതിയിലൂടെയും ഇലക്ട്രറൽ ബോണ്ടിലൂടെയുമെല്ലാം നേടിയെടുത്ത കോടിക്കണക്കിനു രൂപയും സിബിഐ, ഇ.ഡി തുടങ്ങിയ കേന്ദ്ര അന്വേഷണ ഏജൻസികളിലൂടെയുള്ള ഭീഷണിയുമെല്ലാം ഉപയോഗിച്ചാണ് ബിജെപി കോൺഗ്രസുകാരെ പിടിക്കുന്നത്. ബിജെപിയുമായി സാമ്പത്തിക നയത്തിലും, വർഗീയതയോടുള്ള സമീപനത്തിന്റെ കാര്യത്തിലും വലിയ വ്യത്യാസമില്ലാത്തതുകൊണ്ടുതന്നെ കോൺഗ്രസ്സ് പാർട്ടിയുടെ നേതാക്കൾക്ക് ബിജെപി പ്രവേശനത്തിന് ആശയപരമായ സംഘർഷങ്ങളുടെ ബാധ്യതയും ഇല്ല. അതുകൊണ്ട് വിളിക്കുമ്പോൾ പോകാൻ തയ്യാറായി നിൽക്കുന്നവരാണ് കോൺഗ്രസ്സിലെ ബഹുഭൂരിപക്ഷവും.

നിലവിലെ ത്രിപുര മുഖ്യമന്ത്രി മാണിക് സാഹ കോൺഗ്രസ്‌ വിട്ട് ബിജെപിയിൽ ചേർന്നത് 2016 ലാണ്. ബിജെപിയിൽ എത്തിയെങ്കിലും മുൻ കോൺഗ്രസ് നേതാവ് എന്ന നിലയിൽ കോൺഗ്രസ്സിൽ വലിയ സ്വാധീനം ഉണ്ടായിരുന്ന ഈ നേതാവാണ് 2018ലെ തിരഞ്ഞെടുപ്പിൽ മണിക് സർക്കാർ ഗവൺമെന്റിനെ താഴെയിറക്കാൻ കോൺഗ്രസ്സ് വോട്ട് ബിജെപിക്ക് മറിച്ചതിനുപിന്നിൽ പ്രവർത്തിച്ച പ്രധാനി.

നിലവിലെ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ പല അവസരണങ്ങളിലായി തനിക്ക് തോന്നിയാൽ താൻ ബിജെപിയിലേക്ക് പോകുമെന്ന് പരസ്യമായി തന്നെ പറഞ്ഞിട്ടുണ്ട്. ഇങ്ങനെ പരസ്യമായി പറയാതെ തന്നെ മറ്റു സംസ്ഥാനങ്ങളിൽ പ്രദേശ് കോൺഗ്രസ്സ് കമ്മിറ്റിയുടെ പ്രസിഡന്റ് സ്ഥാനത്തിരുന്നു പിന്നീട് ബിജെപിയിൽ ചേർന്ന നേതാക്കളും ഉണ്ട്.

2017 മുതൽ 2021 വരെ പഞ്ചാബിലെ കോൺഗ്രസിന്റെ പ്രസിഡന്റും 2012–2017 വരെ പ്രതിപക്ഷ നേതാവുമായിരുന്നു സുനിൽ കുമാർ ജക്കാർ. 50 വർഷത്തോളം കോൺഗ്രസ്സിൽ പ്രവർത്തിച്ച ഇദ്ദേഹം 2022 ൽ ബിജെപിയിൽ ചേർന്നു.

ദേശീയ തലത്തിൽ കോൺഗ്രസ്സിന്റെ എക്കാലത്തെയും സ്ത്രീ മുഖങ്ങളിൽ ഒരാളായിരുന്നു റിത ബഹുഗുണ ജോഷി . അഖിലേന്ത്യാ മഹിളാ കോൺഗ്രസ്സിന്റെ പ്രസിഡന്റും 2007മുതൽ 2012 വരെ യു.പി യിലെ കോൺഗ്രസ് പ്രസിഡണ്ടുമായിരുന്ന ഇവർ 2016 ലാണ് ബിജെപിയിൽ ചേർന്നത്. പദ്മജയെ പോലെ യുപി യിലെ മുൻ കോൺഗ്രസ് മുഖ്യമന്ത്രി എച്ച് എൻ ബഹുഗുണയുടെ മകളുകൂടിയാണിവർ. ഗുജറാത്തിലെ കോൺഗ്രസ്സിന്റെ വർക്കിങ് പ്രസിഡന്റും യുവ നേതാവുമായിരുന്ന ഹാർദിക് പട്ടേൽ 2022 ൽ ബിജെപിയിൽ ചേക്കേറി.

കോൺഗ്രസ്സിന്റെ 
റിസോർട്ട് രാഷ്ട്രീയം
ഓരോ സംസ്ഥാന നിയമസഭകളിലേക്കുമുള്ള തിരഞ്ഞെടുപ്പ് ഫലം വരുന്ന ദിവസങ്ങളിൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി കേൾക്കുന്നൊരു വാർത്തയാണ് “കോൺഗ്രസ്സ് എം.എൽ.എ മാരെ റിസോർട്ടിലേക്ക് മാറ്റി’ എന്ന തരത്തിലുള്ളത്. ബിജെപിയ്ക്ക് വിരുദ്ധമായി ജനങ്ങൾ കോൺഗ്രസ്സിന് വോട്ട് ചെയ്തു ജയിപ്പിച്ചാലും അവരവിടെ തന്നെ തുടരുമെന്ന് ഉറപ്പില്ലാതായിട്ട് കാലം കുറച്ചധികമായി. ബിജെപിയുടെ പണവും അധികാരവും കൊണ്ട് മാത്രം സംഭവിക്കുന്ന ഒന്നല്ലയിത്. മറിച്ച് ഒരു രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ കോൺഗ്രസ്സ് മുന്നോട്ടു വയ്ക്കുന്ന വർഗ്ഗ താല്പര്യവും ബിജെപി മുന്നോട്ട് വയ്ക്കുന്ന വർഗ്ഗ താല്പര്യവും തമ്മിൽ മൗലികമായി യാതൊരു വ്യത്യാസവും ഇല്ല എന്നതാണ്. ഈ രണ്ടു പാർട്ടികളിലെയും രാഷ്ട്രീയ പ്രവർത്തനത്തിൽ പ്രതിഫലിക്കുന്നത് ജനതാല്പര്യങ്ങളെക്കാൾ വ്യക്തി താല്പര്യങ്ങളും വൻകിട മുതലാളിമാരുടെ താല്പര്യങ്ങളുമാണ്. അതുകൊണ്ടുതന്നെ കോൺഗ്രസ്സുകാരെ സംബന്ധിച്ചിടത്തോളം ബിജെപിയിൽ ചേക്കേറുന്നത് വളരെ സ്വാഭാവികമായ പ്രക്രിയയായാണ് അനുഭവപ്പെടുന്നത്. എന്നാൽ ഇവിടെ വഞ്ചിക്കപ്പെടുന്നത് കോൺഗ്രസ്സിന് വോട്ടുചെയ്ത ജനങ്ങളാണ്. കോൺഗ്രസ്സിന്റെ ഈ വഞ്ചനയ്ക്ക് നിരവധി ഉദാഹരങ്ങൾ ചൂണ്ടിക്കാണിക്കാൻ കഴിയും.

ഗോവയിലെ കഥ

കേൾക്കുന്നവരിൽ ചിരി ഉണർത്തും വിധം കോൺഗ്രസ്സ് എംഎൽഎ മാർ ബിജെപിയിലേക്ക് പോയ സംസ്ഥാനമാണ് ഗോവ. 2012 മുതൽ ഗോവ ഭരിക്കുന്നത് ബിജെപിയാണ്. ഇതിനിടയിൽ 2017 ൽ നടന്ന തിരഞ്ഞെടുപ്പിൽ 17 സീറ്റ് നേടി കോൺഗ്രസ്സ് ഒറ്റക്കക്ഷിയായെങ്കിലും 13 സീറ്റ് മാത്രം നേടിയ ബിജെപി 40 അംഗ നിയമസഭയിൽ മറ്റുള്ളവരെയും കൂട്ടി മന്ത്രിസഭയുണ്ടാക്കി . കോൺഗ്രസ്സ് നേതൃത്വത്തിന്റെ കെടുകാര്യസ്ഥതയുടെ അങ്ങേയറ്റമായിരുന്നു അന്ന് ഗോവയിൽ നടന്നത്. തുടർന്ന് 2019 ൽ ആ നിയമസഭയിൽ കോൺഗ്രസ്സിന്റെ പ്രതിപക്ഷ നേതാവായിരുന്ന ചന്ദ്രകാന്ത് കാവ്ലേക്കർ പത്ത് എംഎൽഎമാരെയും കൂട്ടി ബിജെപിയിൽ ചേർന്നു. അങ്ങനെ ജനങ്ങൾ കോൺഗ്രസ്സിന് കൊടുത്ത 17 സീറ്റിൽ പതിനൊന്നെണ്ണം കോൺഗ്രസ്സ് ബിജെപിയ്ക്ക് കൊടുത്തു.

ഈ ദുരന്തം ഇനിയും ആവർത്തിക്കാതിരിക്കാൻ, എം.എൽ.എ മാരുടെ ഈ കൂറുമാറ്റം മുന്നിൽ കണ്ട്, 2022ലെ തിരഞ്ഞെടുപ്പ് സമയത്ത് വളരെ വിചിത്രമായ ഒന്ന് കോൺഗ്രസ്സിന്റെ ഭാഗത്തുനിന്നുണ്ടായി. തങ്ങളുടെ 36 സ്ഥാനാർഥികളെയും കൊണ്ട് ആരാധനാലയങ്ങളിൽ പോയി ബിജെപിയിലേക്ക് പോകില്ലെന്ന് സത്യം ചെയ്യിക്കുകയും രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിൽ സത്യവാങ് മൂലം എഴുതി വാങ്ങിക്കുകയൂം ചെയ്തു. പക്ഷേ സ്വയം പരിഹാസ്യരായി ഇത്രയൊക്കെ ചെയ്തിട്ടും കാര്യമൊന്നും ഉണ്ടായില്ല. തിരഞ്ഞെടുപ്പ് ഫലം വന്നപാടെ മുൻ മുഖ്യമന്ത്രി ദിഗംബർ കാമത്ത് അടക്കം എട്ട് എം.എൽ.എ മാർ ബിജെപിയിൽ ചേർന്നു.

തിരഞ്ഞെടുപ്പ് സമയത്തു താങ്കളടക്കം ക്ഷേത്രത്തിൽ പോയി ബിജെപി യിൽ പോകില്ലെന്ന് സത്യം ചെയ്തതല്ലേ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് കാമത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു: “ ഞാൻ (ബിജെപിയിൽ പോകില്ലെന്നു) സത്യം ചെയ്തിരുന്നു. ഞാനൊരു ദൈവ വിശ്വാസിയാണ്. ഞാൻ ദൈവത്തിന്റെ അടുത്തേക്ക് തിരിച്ചുപോയി. നിലവിലെ സാഹചര്യങ്ങളെല്ലാം വിശദീകരിച്ചു. എന്ത് ചെയ്യണം എന്ന് ദൈവത്തോട് ചോദിച്ചു. ദൈവം പറഞ്ഞു , നീ നിന്റെ ആഗ്രഹത്തിനൊത്ത തീരുമാനം എടുക്കൂ. ഞാൻ നിന്റെ പിന്നിലുണ്ട്.’’ എന്തുമാത്രം കാപട്യം നിറഞ്ഞവരാണ് രാജ്യത്തെ കോൺഗ്രസ്സിനെയും -ബിജെപി യെയും നയിക്കുന്നത് എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ഈ സംഭവം.

കോൺഗ്രസുകാരുടെ കൂറുമാറ്റത്തിന്റെ ഏറ്റവും വിചിത്രമായ കഥയാണ് അരുണാചൽ പ്രദേശിന്‌ പറയാനുള്ളത്. 2014 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 60 ൽ 42 സീറ്റ് നേടിയ കോൺഗ്രസ്, 11 സീറ്റ് മാത്രം നേടിയ ബിജെപിയുടെ കൈകളിലേക്ക് രണ്ടു വർഷം കൊണ്ട് ഭരണം എത്തിച്ചു. ആഭ്യന്തര പ്രശ്നങ്ങളെ തുടർന്നുണ്ടായ രാഷ്ട്രീയ പ്രതിസന്ധിക്ക് പരിഹാരം എന്ന നിലയിൽ 2016 ജൂലായ് മാസത്തിലാണ് കോൺഗ്രസ്സ് നേതാവ് പേമ ഖണ്ടു മുഖ്യമന്ത്രിയായത്. എന്നാൽ രണ്ടു മാസം കഴിഞ്ഞപ്പോൾ 42 എം.എൽ.എ മാരേയും കൂട്ടി ബിജെപി യുടെ സഖ്യ കക്ഷിയായ പീപ്പിൾസ് പാർട്ടി ഓഫ് അരുണാചലിൽ അദ്ദേഹം ചേർന്നു. അതായത് ഒരു രാത്രി കൊണ്ട് മുഴുവൻ കോൺഗ്രസ്സ് എം.എൽ.എ മാരും ബിജെപി പാളയത്തിലെത്തി. ഇത് നേരിട്ട് ബിജെപിയിലേക്കുള്ള പോക്കിന്റെ ആദ്യപടിയാണെന്നു പറഞ്ഞവരെയെല്ലാം ശരിവയ്ക്കും വിധം ഡിസംബറിൽ 33 എം.എൽ.എ മാരെയും കൂട്ടി പേമ ഖണ്ടു നേരിട്ട് ബിജെപിയിൽ ചേർന്നു. ബിജെപിയിൽ ചേർന്ന മുൻ കോൺഗ്രസ് മുഖ്യമന്ത്രിമാർ നിരവധി ഉണ്ടെങ്കിലും മുഖ്യമന്ത്രിയായിരിക്കെ ബിജെപിയിൽ ചേർന്ന ഒരു കോൺഗ്രസുകാരനെന്ന‘ പദവി’ പേമ ഖണ്ഡുവിന് സ്വന്തം.

2024 ലെ രാജ്യസഭാ 
തിരഞ്ഞെടുപ്പിൽ
നടന്നത്

ലോക്‌സഭയിൽ വലിയ ഭൂരിപക്ഷം ഉണ്ടെങ്കിലും രാജ്യസഭയിൽ ഇതുവരെ ഭൂരിപക്ഷം നേടാൻ ബിജെപിക്കു സാധിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഏകപക്ഷീയമായി പല ബില്ലുകളും തങ്ങൾക്കനുകൂലമായി പാസ്സാക്കിയെടുക്കാൻ ബിജെപിക്കു പ്രയാസമുണ്ട്. രാജ്യസഭയിൽ ഭൂരിപക്ഷം നേടിയാൽ മാത്രമേ ഇതിനെ മറികടക്കാൻ കഴിയൂ. അതിനായി രാജ്യസഭാ തിരഞ്ഞെടുപ്പിൽ മറ്റു പാർട്ടിക്കാരെ ചാക്കിലാക്കി ക്രോസ്സ് വോട്ടിങ് നടത്തി ജയിക്കാനുള്ള പണി ബിജെപി എടുക്കുന്നുണ്ട്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഈ അടുത്തയിടെ നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പ്.

ഉത്തർ പ്രദേശ്, ഹിമാചൽ പ്രദേശ്, കർണാടകം എന്നിവിടങ്ങളിലായി ആകെ 15 സീറ്റുകളിലേക്കാണ് രാജ്യസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നടന്നത്. ബിജെപി -10, കോൺഗ്രസ് -3, സമാജ്‌വാദി പാർട്ടി -2 എന്നിങ്ങനെയാണ് തിരഞ്ഞെടുപ്പ് ഫലം .ഇതിൽ ഉത്തർ പ്രദേശിലും ഹിമാചൽ പ്രദേശിലും കൂറുമാറിയുള്ള വോട്ടിംഗ് നടന്നു. ഉത്തർ പ്രദേശിൽ സമാജ്‌വാദി പാർട്ടിയുടെ ഏഴ് എംഎൽഎ മാരും ഹിമാചലിൽ കോൺഗ്രസിന്റെ 6 എംഎൽഎ മാരും 3 സ്വതന്ത്ര എംഎൽഎ മാരും ബിജെപിക്ക് വോട്ട് ചെയ്തു . ജയിക്കേണ്ടിയിരുന്ന കോൺഗ്രസ്സിന്റെ സമുന്നതനായ നേതാവ് അഭിഷേക് സിംഗ്‌വി ഹിമാചലിൽ നിന്ന് തോൽക്കുകയും പകരം കോൺഗ്രസ്സ് എം.എൽ.എ മാരുടെ വോട്ടിൽ ബിജെപിയുടെ ഹർഷ മഹാജൻ ജയിക്കുകയും ചെയ്തു. രാജ്യസഭയിലേക്ക് കോൺഗ്രസ്സ് വക ബിജെപിയ്ക്ക് ഒരു എം.പി.

തിരഞ്ഞെടുക്കപ്പെട്ട എം.എൽ.എ മാർ പോലും തങ്ങളുടെ പാർട്ടിയുടെ സ്ഥാനാർത്ഥിക്ക് ജയമുറപ്പുള്ള സീറ്റിലേക്ക് പോലും വോട്ട് ചെയ്യാതിരിക്കുന്ന കോൺഗ്രസ് പാർട്ടിയെ വിശ്വസിച്ച് ജനങ്ങൾ എങ്ങനെ വോട്ട് ചെയ്യുമെന്ന ചോദ്യം തികച്ചും ന്യായമാണ്.

കർണ്ണാടകമാണ് ഓപ്പറേഷൻ കമലയുടെ സ്വപ്ന ഭൂമികളിലൊന്ന്. 2018 ൽ കർണാടകത്തിൽ നടന്ന നിയമസഭാ തിരഞ്ഞെപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ജയിച്ച ബിജെപി കേവല ഭൂരിപക്ഷം ഇല്ലെങ്കിലും സർക്കാർ ഉണ്ടാക്കി യെദ്യൂരപ്പ മുഖ്യമന്ത്രിയായി. എന്നാൽ കോൺഗ്രസ്- – ജെഡിഎസ് സഖ്യം ഒരുമിച്ചു നിന്ന് 120 സീറ്റിന്റെ ബലത്തിൽ സർക്കാർ ഉണ്ടാക്കാൻ ഇറങ്ങിയതോടെ മൂന്ന് ദിവസത്തിനുള്ളിൽ യെദ്യൂരപ്പയ്ക്ക് രാജിവെക്കേണ്ടിവന്നു. 2019 ലോക സഭാ തിരഞ്ഞെടുപ്പിൽ വീണ്ടും കേന്ദ്രത്തിൽ ബിജെപി അധികാരത്തിൽ വന്നതോടെ കോൺഗ്രസ്- – ജെഡിഎസ് സർക്കാർ പ്രതിസന്ധിയിലാകാൻ തുടങ്ങി. 2019 ജൂലായ് മാസത്തിൽ ബിജെപിയുടെ ഇടപെടലിന്റെ ഭാഗമായി 13 കോൺഗ്രസ്സ് എം.എൽ.എ മാരും മൂന്ന് ജെഡിഎസ് എംഎൽമാരും രാജി വച്ച് ബിജെപിയിൽ ചേർന്നതോടെ കോൺഗ്രസ്- – ജെഡിഎസ് സർക്കാർ താഴെ വീണു. പിന്നെ നടന്ന ഉപതിരഞ്ഞെടുപ്പിൽ ഇതിൽ 15 പേരും ബിജെപി ടിക്കറ്റിൽ മത്സരിക്കുകയും 12 പേർ ജയിക്കുകയും ചെയ്തു. വീണ്ടും യെദ്യൂരപ്പ കർണ്ണാടക മുഖ്യമന്ത്രിയായി. ചുരുക്കത്തിൽ ജനങ്ങൾ ആദ്യം ജയിപ്പിച്ച കോൺഗ്രസ്സ് സഖ്യം ജനങ്ങളെ തോൽപ്പിച്ച് അധികാരം ബിജെപിയുടെ കൈകളിൽ എത്തിച്ചു.

കോൺഗ്രസ് എംഎൽഎമാർ കൂട്ടത്തോടെ ബിജെപിയിൽ ചേർന്ന് സർക്കാരിനെ താഴെയിട്ട മറ്റൊരു സംസ്ഥാനം മധ്യപ്രദേശാണ്. 2018 ലെ നിയസഭാ തിരഞ്ഞെടുപ്പിൽ 114 സീറ്റ് നേടി വലിയ ഒറ്റക്കക്ഷിയായ കോൺഗ്രസ്, സർക്കാർ രൂപീകരിച്ചു; കമൽനാഥിനെ മുഖ്യമന്ത്രിയാക്കി. എന്നാൽ കോവിഡ് ഭീതിയിൽ രാജ്യം വലിയ പ്രതിസന്ധി നേരിട്ടിരുന്ന ഘട്ടത്തിൽ ബിജെപി യുടെ ശ്രദ്ധ മധ്യപ്രദേശ് സർക്കാരിനെ വീഴ്ത്താനായിരുന്നു. ഒടുവിൽ 2020 മാർച്ചിൽ 22 കോൺഗ്രസ്സ് എം.എൽ.എ മാർ ബിജെപിയിൽ ചേർന്നു. അതിന്റെ പിറ്റേ ദിവസം കോൺഗ്രസ്സിന്റെ യുവ നേതാവ് ജ്യോതിരാദിത്യ സിന്ധ്യയും പാർട്ടി വിട്ട് ബിജെപിയിൽ അഭയം തേടി. അതോടെ ശിവരാജ് സിങ് ചൗഹ്വാന്റെ നേതൃത്വത്തിൽ ബിജെപി സർക്കാർ മധ്യപ്രദേശിൽ അധികാരത്തിലെത്തി. കോൺഗ്രസ്സ് വിട്ട് ബിജെപിയിൽ ചേർന്ന ജ്യോതിരാദിത്യ സിന്ധ്യക്ക് പിന്നീട് കേന്ദ്രമന്ത്രി സ്ഥാനവും കിട്ടി.

2016 ൽ ഉത്തരാഖണ്ഡിലും, 2019ൽ മഹാരാഷ്ട്രയിലും , 2020 ൽ രാജസ്താനിലും അതാത് സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി കേന്ദ്ര നേതൃത്വം ശ്രമിച്ചെങ്കിലും അത് വിജയകരമായി നടപ്പിലാക്കാൻ കഴിഞ്ഞില്ല.

നമുക്ക് ചെയ്യാനുള്ളത്
എപ്പോൾ വേണമെങ്കിലും ബിജെപി യിലേക്ക് തങ്ങളുടെ രാഷ്ട്രീയം പറിച്ചു നടാൻ അവസരം കാത്തു നിൽക്കുന്ന കോൺഗ്രസുകാരെ വിശ്വസിച്ചു മതനിരപേക്ഷ ഇന്ത്യയെ സംരക്ഷിച്ചു നിർത്താനുള്ള സമരം മുന്നോട്ടുകൊണ്ടുപോകാൻ ആകില്ലെന്ന് മുകളിൽ വിവരിച്ച സമീപകാല ചരിത്രം നമ്മെ പഠിപ്പിക്കുന്നുണ്ട്. എന്നാൽ മതനിരപേക്ഷ പക്ഷത്തു നിന്ന് ഉറച്ച നിലപാട് എടുക്കുന്നൊരു രാഷ്ട്രീയ പക്ഷത്തിന്റെ നേതൃത്വത്തിൽ ഈ സമരം പാർലമെന്റിനകത്തും പുറത്തും മുന്നോട്ട് പോകണം. ആ പക്ഷം ഇടതുപക്ഷമാണ്. ആശയ വ്യക്തത കൊണ്ടും ജനകീയ സമരങ്ങളുടെ സംഘാടന നേതൃത്വം കൊണ്ടും ദേശീയ തലത്തിൽ തന്നെ സംഘപരിവാറിനെതിരെയുള്ള സമരത്തിന്റെ മുന്നണിപ്പോരാളികൾ ഇടതുപക്ഷമാണ്. ആ ഇടതുപക്ഷം നടത്തുന്ന വരുംകാല പോരാട്ടങ്ങൾക്ക് ഊർജ്ജം പകരാൻ രാജ്യത്തിന്റെ നിയമനിർമ്മാണ സഭയിൽ കൂടുതൽ ഇടതുപക്ഷ പ്രതിനിധികൾ എത്തേണ്ടതുണ്ട്. അതിൽ കേരളത്തിന്റെ പങ്ക് വളരെ വലുതാണ്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

one − 1 =

Most Popular