Sunday, April 28, 2024

ad

Homeപുസ്തകംഇന്ത്യയെ നവലിബറൽ നയങ്ങൾ തകർത്തതെങ്ങനെ?

ഇന്ത്യയെ നവലിബറൽ നയങ്ങൾ തകർത്തതെങ്ങനെ?

രഘു

മൂന്ന് പതിറ്റാണ്ടിലധികമായി നിയോ ലിബറല്‍ നയങ്ങള്‍ നടപ്പിലാക്കുന്ന ഇന്ത്യ ഇന്ന് ധനമൂലധനത്തിന്റെ പിടിയില്‍പ്പെട്ടു കഴിഞ്ഞിരിക്കുന്നു. അത് രാജ്യത്തെയും അവിടുത്തെ ജനങ്ങളെയും ഏതെല്ലാം തരത്തില്‍ ബാധിച്ചുവെന്നു വിശകലനം ചെയ്യുന്നതും എന്തുകൊണ്ട് അത്തരം നയം വര്‍ജ്ജിക്കണമെന്നും വ്യക്തമാക്കുന്നതുമാണ് ഡോ. തോമസ് ഐസക് എഴുതി ചിന്ത പ്രസിദ്ധീകരിച്ച നിയോ ലിബറല്‍ പാളയത്തിലെ ഇന്ത്യ എന്ന പുസ്തകം. നിയോ ലിബറലിസത്തിന്റെ 30 വര്‍ഷങ്ങള്‍ എന്ന നാല് പുസ്തകങ്ങളുടെ പരമ്പരയിലെ രണ്ടാമത്തേതാണ് ഇത്. ആദ്യ പുസ്തകം സ്വകാര്യവല്‍ക്കരണവും ശിങ്കിടി മുതലാളിത്തവും എന്ന തലക്കെട്ടിലുള്ളതായിരുന്നു.

സ്വാതന്ത്ര്യാനന്തര ഇന്ത്യ സ്വീകരിച്ച വികസനപാതയില്‍ നിന്നുംമാറി എങ്ങനെ നിയോ ലിബറല്‍ നയങ്ങള്‍ സ്വീകരിച്ചു എന്നും ഘടനാപരമായ പരിഷ്കാരങ്ങള്‍ എല്ലാ മേഖലയിലും കൊണ്ടുവന്നതിനെപ്പറ്റിയും അടുത്തകാലത്ത് മോദി സര്‍ക്കാര്‍ നടപ്പിലാക്കിയ ചില പ്രതിലോമ നടപടികളും വിദേശമൂലധനത്തിനുമേലുള്ള ആശ്രിതത്വവും 18 ഭാഗങ്ങളിലായി ചിട്ടപ്പെടുത്തിയ ഈ പുസ്തകത്തിലൂടെ ഡോ. ഐസക് വ്യക്തമാക്കുന്നു.

ലിബറലിസത്തെയും നിയോലിബറലിസത്തേയും ആശയപരമായി വിശകലനം ചെയ്തുകൊണ്ടാണ് ഡോ. ഐസക് അതിന്റെ പ്രയോഗതലങ്ങളെ പരിശോധിക്കുന്നത്. “വെള്ളവും വായുവുമടക്കം എല്ലാം കമ്പോള ചരക്കുകളാക്കി മാറ്റിയേതീരൂ” എന്ന് നവലിബറലിസത്തെ പരിചയപ്പെടുത്തുന്നിടത്തെ ഡോ. ഐസക്കിന്റെ നിരീക്ഷണം അക്ഷരാര്‍ത്ഥത്തില്‍ ശരിയാണ്. നിയോ ലിബറലിസത്തില്‍ ലാഭേച്ഛയാണ് പരമമായ കാര്യക്ഷമത. ഒരു ആശയസംഹിത എന്ന നിലയില്‍ നിന്ന് ഒരു പ്രായോഗിക നയപരിപാടിയായി നിയോലിബറലിസത്തെ പരിവര്‍ത്തിപ്പിക്കുന്നതില്‍ നേതൃപരമായ പങ്കുവഹിച്ച മുന്‍നിരക്കാരാണ് ചിലിയിലെ പിനോ ഷെയും ബ്രിട്ടനിലെ മാര്‍ഗരറ്റ് താച്ചറും അമേരിക്കയിലെ റൊണാള്‍ഡ് റീഗനും. ‘മറ്റൊരു ബദലിലല്ല’ (TINA) എന്നതായിരുന്നു നിയോ ലിബറല്‍ നടപ്പിലാക്കിയപ്പോള്‍ ഇക്കൂട്ടര്‍ പ്രസ്താവിച്ചത്. ഈ സമയത്തുണ്ടായ സോഷ്യലിസ്റ്റ് ചേരിയുടെ തകര്‍ച്ച അവരുടെ വാദത്തിനു ശക്തിപകര്‍ന്നു.

രണ്ടാം ലോകയുദ്ധത്തിനുശേഷം രൂപംകൊണ്ടതും ലോക സാമ്പത്തികരംഗത്തിന്റെ ചുക്കാന്‍ പിടിക്കുന്നതുമായ മൂന്നു സ്ഥാപനങ്ങളാണ് ലോകബാങ്കും അന്താരാഷ്ട്ര നാണയ നിധിയും ഗാട്ടും. പിന്നീട് ഗാട്ട് ലോകവ്യാപാര സംഘടനയായി നിലവില്‍ വന്നു. 1980 കളായപ്പോഴേക്കും മൂന്നാംലോകരാജ്യങ്ങള്‍ കടക്കെണിയിലാവുകയും നിബന്ധനകളോടെ ഐഎംഎഫില്‍ നിന്നും വായ്പകള്‍ സ്വീകരിക്കുകയും ചെയ്തു. അതിന്റെ ഭാഗമായി ഘടനാപരമായ പരിഷ്കാരങ്ങള്‍ നടപ്പിലാക്കേണ്ടിവന്നു. ലോകബാങ്കിന്റെ കടമാകട്ടെ അവര്‍ നിര്‍ദ്ദേശിക്കുന്ന പദ്ധതികള്‍ക്കു മാത്രമേ ഉപയോഗിക്കാനാവൂ, അതും കര്‍ശന നിബന്ധനകളോടെ. ലോകവ്യാപാര സംഘടനയുടെ ഇടപെടലുകളും നിയോ ലിബറല്‍ നയങ്ങളും ചേര്‍ന്ന് രാജ്യത്തെ പല നിയമ സംവിധാനങ്ങളും മാറ്റിമറികച്ചു. ബൌദ്ധിക സ്വത്തവകാശത്തില്‍ മാറ്റം വരുത്തേണ്ടിവന്നു, സ്വതന്ത്ര വ്യാപാരക്കരാറുകളില്‍ ഏര്‍പ്പെടുക, അളവുപരമായ നിബന്ധനകള്‍ എടുത്തുകളയുക, തീരുവകള്‍ ഇല്ലാതാക്കുകയോ ഗണ്യമായ തോതില്‍ വെട്ടിക്കുറയ്ക്കുകയോ ചെയ്യുക, ഇറക്കുമതി നിയന്ത്രണങ്ങളൊന്നുമില്ലാതെ ഉദാരവല്‍ക്കരിക്കുക തുടങ്ങിയവ നിയോ ലിബറല്‍ നയങ്ങളുടെ ഭാഗമായി നടപ്പിലാക്കിയതിന്റെ വിശകലനം ഡോ. ഐസക് അവതരിപ്പിക്കുന്നുണ്ട്.

നിയോ ലിബറല്‍ ഘട്ടത്തിലേക്കുള്ള രാജ്യത്തിന്റെ പോക്കിനെ ചരിത്രപരമായ വസ്തുതകളുടെ പിന്‍ബലത്തോടെ അവതരിപ്പിച്ചുകൊണ്ടാണ് തുടക്കം. “ആധുനിക ഇന്ത്യാ ചരിത്രത്തിലെ സുപ്രധാന വര്‍ഷങ്ങളാണ് 1947 ഉം 1991 ഉം” എന്നതാണ് പുസ്തകത്തിലെ ആദ്യ വാചകം തന്നെ. സ്വാതന്ത്ര്യാനന്തരം പിന്തുടര്‍ന്ന ഇറക്കുമതി ബദല്‍ വികസനതന്ത്രത്തിലൂടെ രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാനാണ് ശ്രമിച്ചതെങ്കിലും അക്കാലത്ത് കുത്തക കുടുംബങ്ങള്‍ വളര്‍ന്നുവന്നതും ഗ്രാമങ്ങളില്‍ അസമത്വം വര്‍ധിച്ചതും പിന്നീട് സാമ്പത്തിക മുരടിപ്പുണ്ടായതും വിശദീകരിക്കുന്നുണ്ട്. 1980 കളുടെ തുടക്കത്തില്‍ രാജീവ് ഗാന്ധി അധികാരത്തില്‍ വന്നതോടെ വിദേശമൂലധനത്തെയും വിപണികളെയും ആശ്രയിക്കുന്ന നയങ്ങള്‍ സ്വീകരിച്ചുതുടങ്ങി. 1991 മുതല്‍ സ്വീകരിച്ച നിയോ ലിബറല്‍ നയങ്ങളുടെ കാതല്‍ ഇറക്കുമതി ഉദാരവല്‍ക്കരണം, പൊതുമേഖലയുടെ സ്വകാര്യവല്‍ക്കരണം, സ്വതന്ത്ര കമ്പോള വ്യവസ്ഥ, ഡീറെഗുലേഷന്‍, സര്‍ക്കാര്‍ ചെലവുകള്‍ക്ക് നിയമപരമായ നിയന്ത്രണം, കോര്‍പ്പറേറ്റ് മേധാവിത്വം, വിദേശ മൂലധന പ്രോത്സാഹനം എന്നിവയായിരുന്നു.

ഈ നയങ്ങളുടെ ഭാഗമായി രൂപയുടെ മൂല്യം കുറയ്ക്കപ്പെട്ടു. വിദേശവ്യാപാര രംഗത്ത് പരിഷ്കാരങ്ങള്‍ കൊണ്ടുവന്നിട്ടും വ്യാപാരക്കമ്മി വലിയതോതില്‍ കൂടി, അതു പരിഹരിക്കുന്നതിനായി ധന ഉത്തരവാദിത്ത നിയമം പാസ്സാക്കി. അതിനെത്തുടര്‍ന്ന് സംസ്ഥാനങ്ങളും ആ നിയമം പാസ്സാക്കി. അതിന്‍ പ്രകാരം റവന്യൂ കമ്മി പൂജ്യം ആയിരിക്കണം, ധനക്കമ്മി 3 ശതമാനത്തില്‍ കൂടരുത്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഒരിക്കലും ഇതിലെ നിബന്ധനകള്‍ പാലിച്ചില്ലെന്നതും സംസ്ഥാനങ്ങളുടെ മേല്‍ അതിനായി സമ്മര്‍ദ്ദം ചെലുത്തുന്നതും വര്‍ത്തമാനകാല കേന്ദ്ര-സംസ്ഥാന ബന്ധങ്ങളുടെ പശ്ചാത്തലത്തില്‍ ഏറെ പ്രസക്തമാണ്.

വിവിധ മേഖലകളില്‍ നിയോ ലിബറല്‍ നയങ്ങള്‍ നടപ്പിലാക്കിയതിന്റെ തിക്തഫലങ്ങള്‍ ഈ പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. വ്യാവസായിക രംഗത്ത് ഡീറെഗുലേഷന്‍, സ്വകാര്യവല്‍ക്കരണം, കുത്തകകള്‍ക്കുള്ള പ്രോത്സാഹനം, വിദേശമൂലധന പ്രോത്സാഹനം, ഓഹരി വിപണി പ്രോത്സാഹനം, തൊഴില്‍ നിയമ പരിഷ്കാരങ്ങള്‍ എന്നിവ നടപ്പിലാക്കി. അതുപോലെ കൃഷി, ബാങ്കിംഗ്, ഇന്‍ഷുറന്‍സ്, ടെലികോം, വൈദ്യുതി, റെയില്‍വേ, പശ്ചാത്തലസൗകര്യം എന്നീ മേഖലകളിലും തീവ്രമായി നിയോ ലിബറല്‍ നയങ്ങള്‍ നടപ്പിലാക്കിയതിന്റെ പരിശോധന ഡോ. തോമസ് ഐസക് നടത്തുന്നുണ്ട്.

ഇന്ത്യ വളര്‍ന്നുവരുന്ന സാമ്പത്തിക ശക്തിയാണെന്ന വാദത്തെ സ്ഥിതിവിവര കണക്കുകളുടെ അടിസ്ഥാനത്തില്‍ ഈ പുസ്തകം ഖണ്ഡിക്കുന്നു. കള്ളപ്പണവേട്ടയ്ക്കെന്ന പേരില്‍ 2016 ല്‍ 500 ന്റെയും 1000 ന്റെയും നോട്ടുകള്‍ നിരോധിച്ചത് വലിയ തിരിച്ചടികള്‍ക്കിടയാക്കി. കോവിഡും നോട്ടു നിരോധനവും രാജ്യത്തെ മാന്ദ്യത്തിലേക്കു നയിച്ചു. ജി.എസ്.ടി നടപ്പിലാക്കിയതിന്റെ പ്രത്യാഘാതങ്ങളും വിശദീകരിക്കുന്നുണ്ട് ഈ പുസ്തകത്തില്‍. ചെലവുചുരുക്കല്‍ ഒരു നടപടിയായി സ്വീകരിക്കപ്പെട്ടു. സബ്സിഡികള്‍ വെട്ടിക്കുറയ്ക്കുക, സേവനങ്ങള്‍ക്ക് യൂസര്‍ ചാര്‍ജ്ജ് ഏര്‍പ്പെടുത്തുക എന്നിവ നടപ്പിലാക്കി. ഓഹരിവിറ്റഴിക്കല്‍ നയം പൊതുമേഖലാ സ്ഥാപനങ്ങളില്‍ നടപ്പിലാക്കി.

1990 കളുടെ തുടക്കത്തിലെ അന്താരാഷ്ട്ര രാഷ്ട്രീയരംഗത്തുണ്ടായ മാറ്റം ലോകത്താകമാനം പ്രത്യേകിച്ചും മൂന്നാംലോക രാജ്യങ്ങളില്‍ പരിഷ്കാരങ്ങള്‍ നടത്തുന്നതിന് ഉത്തേജകമായിത്തീര്‍ന്നു. സോഷ്യലിസ്റ്റ് ചേരിയുടെ പതനം അമേരിക്ക -– ബ്രിട്ടന്‍ സഖ്യത്തിലുള്ള മുതലാളിത്ത ശക്തികള്‍ ലോകബാങ്കിനെയും അന്താരാഷ്ട്ര നാണയനിധിയെയും ഗാട്ടിനെയും ഉപയോഗപ്പെടുത്തി അവരുടെ താല്‍പര്യ സംരക്ഷണാര്‍ത്ഥം പരിഷ്കാരങ്ങള്‍ നടപ്പിലാക്കാന്‍ വഴിയൊ രുക്കി. ഇന്ത്യയും മറ്റ് മൂന്നാംലോക രാജ്യങ്ങളെപ്പോലെ അന്താരാഷ്ട്ര നാണയനിധിയുടെയും ലോകബാങ്കിന്റെയും നിബന്ധനകള്‍ക്കനുസൃതമായി നിയോ ലിബറല്‍ നയങ്ങള്‍ സ്വീകരിച്ച് അവ പ്രാബല്യത്തില്‍ വരുത്തി. ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നതാണ് വിവിധ രംഗങ്ങളില്‍ കൊണ്ടുവന്നിട്ടുള്ളതും തുടരുന്നതും പുതിയതായി ആവിഷ്കരിക്കുന്നതുമായ നിയോ ലിബറല്‍ നയങ്ങളെന്നും കോര്‍പ്പറേറ്റ് മൂലധനത്തെ പ്രീണിപ്പിക്കുന്ന സമീപ നമാണ് അവയെന്നും തെളിയിക്കുന്നതാണ് ഡോ. തോമസ് ഐസക് എഴുതിയ നിയോ ലിബറല്‍ പാളയത്തിലെ ഇന്ത്യ എന്ന പുസ്തകം.

Sourceരഘു
ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

eight − 5 =

Most Popular