Saturday, April 27, 2024

ad

Homeപ്രതികരണംഹിന്ദുത്വ വർഗീയത: സന്ധി ചെയ്യുന്ന കോൺഗ്രസ് ചെറുത്തുനിൽക്കുന്ന ഇടതുപക്ഷം

ഹിന്ദുത്വ വർഗീയത: സന്ധി ചെയ്യുന്ന കോൺഗ്രസ് ചെറുത്തുനിൽക്കുന്ന ഇടതുപക്ഷം

പിണറായി വിജയൻ

ഴിഞ്ഞ ഒരു ദശാബ്ദത്തെ ഇന്ത്യാ ചരിത്രത്തിൽ അടയാളപ്പെടുത്തുക ഹിന്ദുത്വ വർഗീയതയുടെ തേരോട്ടത്തിന്റെ കാലമെന്നായിരിക്കും. മതനിരപേക്ഷതയും ജനാധിപത്യവും ഉൾപ്പെടെയുള്ള ഇന്ത്യയുടെ ഭരണഘടനാമൂല്യങ്ങളെ തകർത്ത്, പകരം സംഘപരിവാറിന്റെ പ്രത്യയശാസ്ത്രത്തെ അവിടെ പ്രതിഷ്ഠിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. വൻകിട മുതലാളിത്തത്തിന്റെ സഹായത്തോടെ മാധ്യമങ്ങളെ വിലയ്ക്കുവാങ്ങിയും വർഗീയതയാൽ പൊതുമണ്ഡലത്തെ മലീമസമാക്കിയും തെരുവുകളിൽ ആൾക്കൂട്ടനീതി നടപ്പാക്കിയും സംഘപരിവാർ രാജ്യത്ത് കാടത്തം അഴിച്ചുവിട്ടു. കേന്ദ്രഭരണത്തിന്റെ ആനൂകൂല്യങ്ങളുപയോഗപ്പെടുത്തി ഭരണഘടനയുടെ അന്ത:സത്ത നശിപ്പിക്കാൻ ശ്രമിച്ചും ഫെഡറലിസത്തെ ദുർബലമാക്കിയും ന്യൂനപക്ഷങ്ങളെ അടിച്ചമർത്താനുള്ള നിയമങ്ങൾ നടപ്പാക്കിയും അവർ ഭീതി സൃഷ്ടിക്കുകയാണ്.

എന്നാൽ ഇതിനെതിരായ ജനാധിപത്യ രാഷ്ട്രീയം ഉയർത്തി ജനങ്ങളെ സംഘടിപ്പിക്കേണ്ട കോൺഗ്രസ് ഉൾപ്പെടെയുള്ള വലതു രാഷ്ട്രീയ സംഘടനകൾ ബിജെപിയെ ചെറുക്കാൻ ശ്രമിക്കുന്നതിനു പകരം അവരുടെ വർഗീയ രാഷ്ട്രീയത്തിനു നേരെ സൗകര്യപൂർവ്വം കണ്ണടയ്ക്കുകയാണ് ചെയ്തത്. ബിജെപിയ്ക്കെതിരെ നിലകൊണ്ട ജനാധിപത്യവിശ്വാസികളുടെ വോട്ടിൽ ലോക്-സഭയിലെത്തിയ കോൺഗ്രസ് എം.പിമാരാകട്ടെ ബിജെപിയുടെ നയങ്ങൾക്കെതിരെ കുറ്റകരമായ മൗനംപാലിച്ചു. മുൻ മുഖ്യമന്ത്രിമാരുൾപ്പെടെ മുതിർന്ന കോൺഗ്രസ് നേതാക്കൾ ബിജെപിയിലേയ്ക്ക് കൂറു മാറി. ലോക്-സഭാ തിരഞ്ഞെടുപ്പ് അടുത്തതോടുകൂടി കൂറുമാറ്റം ദ്രുതഗതിയിലായിരിക്കുകയാണ്.

ജനങ്ങളെ നിരാശയിലേയ്ക്ക് കോൺഗ്രസ് തള്ളിവിട്ടപ്പോൾ ഇക്കാലയളവിൽ പ്രതിപക്ഷത്തിന്റെ ധർമ്മം നിർവഹിച്ചത് ഇടതുപക്ഷമായിരുന്നു. വർഗീയതയ്ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുള്ള ഇടതുപക്ഷം ആ പോരാട്ടം കൂടുതൽ ശക്തമാക്കി. താരതമ്യേന ചെറിയ പാർട്ടിയായിരുന്നിട്ടും സധൈര്യം സി.പി.ഐ.എം സംഘപരിവാറിന്റെ വർഗീയവും ജനാധിപത്യവിരുദ്ധവുമായ നിലപാടുകൾക്കെതിരെ പതറാതെ സമരം ചെയ്തു. ജനങ്ങളെ സംഘടിപ്പിച്ചു നിയമപരമായ പോരാട്ടങ്ങൾ നടത്തിയും ഇത്തരം സാഹചര്യത്തിൽ പ്രതിപക്ഷപാർട്ടികൾ നിർവ്വഹിക്കേണ്ട ധർമ്മം മാതൃകാപരമായി തന്നെ പാർട്ടി നിർവ്വഹിച്ചു. കോൺഗ്രസ്സ് ഗാഢനിദ്ര പൂണ്ടപ്പോൾ സംഘപരിവാറിന് പ്രതിബന്ധം സൃഷ്ടിച്ചത് സിപിഐഎമ്മും കേരളത്തിലെ ഇടതുപക്ഷ സർക്കാരുമാണ്.

കശ്മീരിന്റെ പ്രത്യേക പദവി (ആർട്ടിക്കിൾ 370) 2019-ൽ മോദി സർക്കാർ റദ്ദാക്കിയപ്പോൾ സിപിഐഎം കേന്ദ്രകമ്മിറ്റിയംഗം മുഹമ്മദ്‌ യൂസഫ് തരിഗാമി വീട്ടുതടങ്കലിലായി. കശ്മീർ ഒരു വലിയ ജയിലായി മാറിയിരുന്നു. പത്രങ്ങളോ ടിവി ചാനലുകളോ ഇന്റർനെറ്റോ ഫോൺ നെറ്റ്‌വർക്കുകളോ ഇല്ലാതെ കശ്മീരിനു പുറംലോകവുമായി ബന്ധം നഷ്ടപ്പെട്ട സന്ദർഭമായിരുന്നു അത്. അന്നു ഗവർണ്ണർക്ക് കത്തു നൽകി തരിഗാമിയെ കാണാൻ സീതാറാം യെച്ചൂരി, ഡി രാജ എന്നിവർ കശ്മീരിലേക്ക് പോയെങ്കിലും വിമാനത്തവളത്തിൽ വച്ച് മടക്കിയയക്കപ്പെട്ടു. രണ്ടു തവണ ഇപ്രകാരം മടക്കി അയക്കപ്പെട്ടപ്പോൾ സീതാറാം യെച്ചൂരി സുപ്രീം കോടതിയെ സമീപിച്ച് നിയമപോരാട്ടത്തിലൂടെ സന്ദർശനാനുമതി നേടി.

കശ്മീർ സന്ദർശിച്ച യെച്ചൂരി, തരിഗാമിയെ കാണുകയും കശ്മീരിലെ അവസ്ഥ ലോകത്തിനു മുന്നിൽ വെളിപ്പെടുത്തുകയും ചെയ്തു. ജയിലായി മാറിയിരുന്ന കശ്മീരിലേക്ക് പുറത്തുനിന്നും പ്രവേശിക്കുന്ന ആദ്യ പൊതുപ്രവർത്തകനായിരുന്നു സീതാറാം യച്ചൂരി. ആ വിഷയത്തിൽ സിപിഐഎം ശക്തമായ നിലപാടെടുക്കുകയും രാജ്യമാകെ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു. സംഘപാരിവാറിന്റെ വർഗീയ അജൻഡയ്-ക്കെതിരെ ഇടതുപക്ഷം നിർഭയം നിലകൊണ്ടപ്പോൾ കേന്ദ്ര സർക്കാരിനെതിരെ ഒന്നും ഉരിയാടാതെ കുറ്റകരമായ നിശബ്ദതയാണ് കോൺഗ്രസ് അന്ന് പാലിച്ചത്.

2020 ജനുവരിയില്‍ ഡല്‍ഹിയിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജനകീയ പ്രക്ഷോഭം കനത്തപ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസ്സ് എംപിമാരെ മുന്നണിയിൽ കാണാനുണ്ടായിരുന്നില്ല. ന്യൂനപക്ഷങ്ങള്‍ ആക്രമിക്കപ്പെട്ടപ്പോള്‍ അവിടെയും രക്ഷകരായി എത്തിയത് ഇടതുപക്ഷ ജനപ്രതിനിധികള്‍ മാത്രമായിരുന്നു. കലാപത്തിനിരയായവര്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്നും നിഷ്പക്ഷമായ അന്വേഷണം വേണമെന്നും പ്രധാനമന്ത്രിയോടും കേന്ദ്ര ആഭ്യന്തര മന്ത്രിയോടും കലാപബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ഇടത് എംപിമാര്‍ ആവശ്യപ്പെട്ടു.

കേന്ദ്ര മന്ത്രി അനുരാഗ് താക്കൂറിന്റെ അങ്ങേയറ്റം വിദ്വേഷകരമായ പ്രസംഗത്തിനെതിരെ സഖാവ് ബൃന്ദാ കാരാട്ടും സിപിഐഎം ഡല്‍ഹി സംസ്ഥാന സെക്രട്ടറിയുമാണ് അന്ന് കോടതിയെ സമീപിച്ചത്. പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭങ്ങളെ നയിച്ചതിന്റെ പേരിലാണ് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പേര് ഡല്‍ഹി പൊലീസ് കുറ്റപത്രത്തില്‍ ഉൾപ്പെടുത്തിയത്. രാജ്യത്തെ മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസ് പാര്‍ടിയിലെ ഒരു നേതാവിന്റെപോലും പേരു ഡെല്‍ഹി പൊലീസിന്റെ കുറ്റപത്രത്തില്‍ ഇല്ലായിരുന്നു. കാരണം പൗരത്വ നിയമത്തിനെതിരായ സമരങ്ങളില്‍ കോണ്‍ഗ്രസ് എവിടെയും ഇല്ലായിരുന്നു.

ഡിസംബർ പത്തിന് മതനിരപേക്ഷ രാഷ്ട്രീയം മുറുകെപ്പിടിക്കുന്ന എല്ലാവരും രാജ്യത്താകെ തെരുവിലിറങ്ങിയപ്പോൾ കോൺഗ്രസ് എംപിമാർ പാർട്ടി അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ വീട്ടിൽ അവരൊരുക്കിയ പിറന്നാൾ വിരുന്നിൽ പങ്കെടുക്കുകയായിരുന്നു. സോണിയാ ഗാന്ധിക്കൊപ്പം ചിരിച്ചു ഫോട്ടോയ്ക്ക് പോസുചെയ്യുന്ന കേരളത്തിലെ എംപിമാരുടെ ഫോട്ടോ അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ കാണാം. എന്നാൽ, സിപിഐഎം രാജ്യത്തിന്റെ തെരുവുകളിൽ ഇറങ്ങി. പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കിയ രാജ്യത്തെ ആദ്യ നിയമസഭ കേരളത്തിന്റേതായിരുന്നു. കേരളം പൗരത്വ നിയമത്തിനെതിരെ സുപ്രീം കോടതിയിൽ കേസ് ഫയൽ ചെയ്യുകയും ചെയ്തു.

അതുപോലെ, വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ സംഘപരിവാറിനെ വിമർശിക്കാൻ രാമജന്മഭൂമി പ്രക്ഷോഭകാലത്ത് കോൺഗ്രസ്സ് തയ്യാറായില്ല. സംഘപരിവാറിന്റെ ബി ടീമായി കോൺഗ്രസ്സ് നിലകൊണ്ടു. അയോധ്യ പ്രദേശത്തെ ഇടതുപക്ഷം അന്ന് എന്തു നിലപാടാണ് എടുത്തത് എന്നത് ആനന്ദ് പട്-വർധന്റെ “രാം കേ നാം” എന്ന ഡോക്യുമെന്ററിയിൽ കൃത്യമായി കാണിച്ചിട്ടുണ്ട്. സിപിഐ ജനറൽ സെക്രട്ടറിയായിരുന്ന എബി ബർദ്ദന്റെ ഉജ്ജ്വലമായ പ്രസംഗം ഉണ്ട് അതിൽ. മതനിരപേക്ഷതയെ ഊട്ടി ഉറപ്പിക്കാൻ, വർഗ്ഗീയതയെ തുറന്നെതിർക്കാൻ എത്രത്തോളം ജാഗ്രതയാണ് ഇടതുപക്ഷം കാട്ടിയത് എന്ന് ബർദ്ദന്റെ അയോധ്യ പ്രസംഗത്തിൽ നിന്ന് മനസ്സിലാവും.

രാമജന്മഭൂമി ക്ഷേത്രത്തിലേക്ക് 1981 ൽ കോടതി നിയോഗിച്ച പൂജാരിയായ ബാബാ ലാൽ ദാസ് സാധ്യമായ എല്ലാ രീതിയിലും അയോധ്യയിലെ സംഘപരിവാർ അജൻഡകളെ തുറന്നുകാട്ടി. സിപിഐഎം ബ്രാഞ്ച് സെക്രട്ടറി കൂടിയായ ബാബാ ലാൽ ദാസ് 1984 ൽ വിശ്വഹിന്ദു പരിഷത്ത് പ്രക്ഷോഭം ആരംഭിക്കുന്നതുമുതൽ തന്നെ രാമജന്മഭൂമി പ്രക്ഷോഭത്തെയും വിഭജന രാഷ്ട്രീയത്തെയും തള്ളിപ്പറഞ്ഞു. ഉത്തർപ്രദേശിൽ കല്യാൺ സിങ്ങിന്റെ നേതൃത്വത്തിൽ ബിജെപി സർക്കാർ രൂപീകരിച്ചപ്പോൾ ലാൽ ദാസിനെ പൂജാരി സ്‌ഥാനത്തുനിന്നും മാറ്റുകയുണ്ടായി. ഇതിനെതിരെ കോടതിയിൽ നിയമപോരാട്ടം നടത്തുന്നതിനിടെയാണ് 1993 നവംബർ 16 ന് ലാൽ ദാസ് കൊലചെയ്യപ്പെട്ടത്. ബാബറി പള്ളി പൊളിച്ച് ഒരു വർഷം തികയും മുൻപാണ് അയോധ്യയിൽ നിന്നും 20 കിലോമീറ്റർ അകലെയുള്ള സ്‌ഥലത്ത് അദ്ദേഹം വെടിയേറ്റു വീണത്.

ആർഎസ്എസ്, വിശ്വഹിന്ദു പരിഷത്ത് എന്നീ സംഘടനകളുടെ ഗൂഢാലോചനയിലും കോൺഗ്രസ്സിന്റെ ഒത്താശയിലും നടന്ന ക്രിമിനൽ പ്രവർത്തനമാണ് 1992 ഡിസംബർ ആറിന് ബാബറി മസ്ജിദിനെ തകർത്തത്. മൃദു ഹിന്ദുത്വ നിലപാട് കൈക്കൊണ്ട രാജീവ് ഗാന്ധി മുതൽ അയോദ്ധ്യയിൽ കർസേവ നടക്കുമ്പോൾ മൗനം പൂണ്ട അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവു വരെയുള്ള കോൺഗ്രസ്സുകാർ ബാബറി മസ്ജിദിന്റെ തകർച്ചയ്ക്ക് ഉത്തരവാദികളാണ്.

യാതൊരു പശ്ചാത്താപവുമില്ലാതെ ആ നയം കോൺഗ്രസ് ഇന്നും തുടരുകയാണ്. ബാബറി മസ്ജിദ് കേസിൽ സുന്നി വഖഫ് ബോർഡിന്റെ അഭിഭാഷക സ്‌ഥാനത്തുനിന്നും പിന്മാറാൻ കപിൽ സിബലിനോട് കോൺഗ്രസ് ആവശ്യപ്പെട്ടത് 2018 ലാണ്. ഭൂരിപക്ഷ വോട്ടുകൾ ലാക്കാക്കിയാണ് ഇത്തരം നിലപാടുകളിലേക്ക് കോൺഗ്രസ്സ് നീങ്ങിയത്. ശിലാന്യാസ സമയത്ത് ശ്രീരാമനെ വാഴ്ത്തിയ രാഹുൽ ഗാന്ധിയും അയോദ്ധ്യയിലെ ഭൂമിപൂജ ദേശീയ ഐക്യത്തിനാണെന്നു പറഞ്ഞ പ്രിയങ്ക ഗാന്ധിയും രാമജന്മഭൂമി ക്ഷേത്രത്തിലേക്കായി വെള്ളി ഇഷ്ടിക കൊടുത്തയക്കുകയും ഭൂമി പൂജയുടെ അന്ന് മധ്യപ്രദേശിലാകെ ഹനുമാൻ ചാലിസ സംഘടിപ്പിക്കുകയും ചെയ്ത കമൽ നാഥും ഒക്കെ രാജീവ് ഗാന്ധിയുടെയും നരസിംഹ റാവുവിന്റെയും പിന്മുറക്കാരായ കോൺഗ്രസുകാരാണ്.

അയോധ്യയിൽ പ്രാണ പ്രതിഷ്ഠാ ചടങ്ങുനടക്കുന്ന വേളയിൽ കർണാടക സർക്കാരിനു കീഴിലെ 34,563 ക്ഷേത്രങ്ങളിലും പ്രത്യേക പൂജയും പ്രാർത്ഥനയും നടത്താനാണ് കോൺഗ്രസ്സ് സർക്കാർ പ്രത്യേക ഉത്തരവിറക്കിയത്. ഹിമാചൽ പ്രദേശിലെ കോൺഗ്രസ് സർക്കാരാകട്ടെ പ്രതിഷ്ഠാദിനത്തിൽ സംസ്ഥാനത്ത് പൊതുഅവധി പ്രഖ്യാപിച്ചു. തെലങ്കാനയിലെ ഇന്നത്തെ കോൺഗ്രസ് മുഖ്യമന്ത്രി ബാബറി മസ്ജിദ് തകർത്ത സമയത്ത് എബിവിപിയുടെയും ആർഎസ്എസിന്റെയും നേതാവായിരുന്നു. മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനം കോൺഗ്രസ് അധികാരത്തിലെത്തിയാൽ നൂറ് അസംബ്ലി മണ്ഡലങ്ങളിൽ 10 കോടി വീതം ചെലവിട്ട് രാമക്ഷേത്രം പണിയുമെന്നായിരുന്നു. മൃദുഹിന്ദുത്വ രാഷ്ട്രീയം കളിച്ചുകൊണ്ട് ബിജെപിയെ നേരിടാമെന്ന കുബുദ്ധിയാണ് കോൺഗ്രസ്സിന് ഇപ്പോഴുമുള്ളത്.

ഏക സിവിൽ കോഡ് വിഷയത്തിൽ കോൺഗ്രസ് വ്യക്തമായ നിലപാടില്ലാതെ ഉരുണ്ടുകളിക്കുകയാണ് ചെയ്തത്. ഹിമാചൽ മുൻ മുഖ്യമന്ത്രി വീരഭദ്ര സിങ്ങിന്റെ മകനും നിലവിൽ സംസ്‌ഥാനത്തെ കോൺഗ്രസ്സ് മന്ത്രിസഭയിലെ പൊതുമരാമത്ത് മന്ത്രിയുമായ വിക്രമാദിത്യ സിങ് ഏക സിവിൽ കോഡിനെ സ്വാഗതം ചെയ്യുന്ന നിലയുണ്ടായി. എന്നാൽ ഏക സിവിൽ കോഡിനു പിന്നിലുള്ള സംഘപരിവാർ അജൻഡയ്ക്കെതിരെ പ്രമേയം പാസ്സാക്കുന്ന ഇന്ത്യയിലെ ആദ്യ നിയമസഭ കേരളമാണ്. എൽഡിഎഫ് സർക്കാരിന്റെ വർഗീയവിരുദ്ധ നിലപാടിനു അടിവരയിടുന്ന പ്രഖ്യാപനമായിരുന്നു അത്.

1995ലെ വഖഫ് നിയമം പിൻവലിക്കാനുള്ള നിയമ നിർമാണമാണ് ‘ദി വഖഫ് റിപീൽ ബിൽ, 2022’. മുസ്ലിം മതവിഭാഗത്തിനെതിരെ സംഘപരിവാർ നടത്തിക്കൊണ്ടിരിക്കുന്ന നീക്കങ്ങളുടെ ഭാഗമായിരുന്നു ഈ ബില്ലും. ഇത്തരമൊരു നിയമനിർമാണം ഉണ്ടാക്കുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ കണക്കിലെടുക്കാതെ കൊണ്ടുവരുന്ന സ്വകാര്യ ബിൽ അംഗീകരിക്കാനാവില്ല എന്ന നിലപാടാണ് ഇടതുപക്ഷം എടുത്തത്. ഈ സ്വകാര്യ ബില്ലിന് അവതരണാനുമതി നൽകരുത് എന്നാവശ്യപ്പെട്ട് ഇടത് എംപിമാരാണ് നോട്ടീസ് നൽകിയതും സഭയിൽ ശക്തമായ ഭാഷയിൽ സംസാരിച്ചതും. സിപിഐഎം എംപിമാരായ എളമരം കരീം, വി ശിവദാസൻ, ജോൺ ബ്രിട്ടാസ്, എ എ റഹീം, സിപിഐ എംപിമാരായ ബിനോയ്‌ വിശ്വം, പി സന്തോഷ്‌ കുമാർ എന്നിവരാണ് സഭാചട്ടം 67 പ്രകാരം സ്വകാര്യ ബില്ല് അവതരിപ്പിക്കാൻ അനുവദിക്കരുത് എന്ന് സഭാധ്യക്ഷൻ ജഗ്-ദീപ് ധൻകറിനോട് ആവശ്യപ്പെട്ടത്.

2022 ഏപ്രിൽ മാസം ഡൽഹിയിലെ ജഹാംഗീർപുരിയിൽ മുസ്ലീങ്ങളുടെ കെട്ടിടങ്ങളും പള്ളിയുമടക്കം ബുൾഡോസർ ഇടിച്ചു തകർക്കുമ്പോൾ അത് നേരിട്ടെത്തി തടഞ്ഞത് സിപിഐ എം നേതാവ് ബൃന്ദ കാരാട്ടായിരുന്നു. സുപ്രീം കോടതി ഉത്തരവിനു വിലകല്പിക്കാതെ ബിജെപി മുൻസിപ്പൽ കൗൺസിൽ ഡൽഹി പോലീസിനെക്കൊണ്ട് നടത്തിയ പൊളിച്ചു നീക്കൽ നടപടിയെയാണ് ബൃന്ദകാരാട്ടെത്തി അന്ന് തടഞ്ഞത്. ജഹാംഗീർപുരിയിൽ ബുൾഡോസറിനു മുന്നിൽ കൈചുണ്ടി നിൽക്കുന്ന ബൃന്ദ കാരാട്ടിന്റെ ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ വലിയൊരു പ്രതീകമായി മാറി. വർഗീയ ബുൾഡോസറുകളെ എന്തു വിലകൊടുത്തും ഇടതുപക്ഷം തടയുകതന്നെ ചെയ്യുമെന്ന പ്രഖ്യാപനമായിരുന്നു അത്.

2002 ലെ ഗുജറാത്ത് വംശഹത്യക്കിടെയാണ് ആറ് മാസം ഗർഭിണിയായിരുന്ന ബിൽക്കിസ് ബാനു കൂട്ടബലാത്സംഗത്തിനിരയായത്. തന്റെ ഗർഭസ്ഥ ശിശുവുൾപ്പെടെ ബാനുവിന്റെ കുടുംബത്തിലെ ഏഴുപേരാണ് അന്ന് കൊല്ലപ്പെട്ടത്. ബില്‍ക്കിസ് ബാനു കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട സംഘപരിവാർ പ്രവർത്തകരായ 11 പ്രതികളെ ഗുജറാത്ത് സര്‍ക്കാര്‍ വിട്ടയച്ചത് 2022 ആഗസ്തിലായിരുന്നു. തുടർന്ന് സർക്കാർ പരിപാടികളിൽ ബിജെപി ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ ഈ പ്രതികളെ ആദരിക്കുന്ന സംഭവം പോലുമുണ്ടായി.

പ്രതികളെ വിട്ടയച്ചതിനെ തുടർന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗവും മുൻ ലോക്-സഭ എംപിയുമായ സുഭാഷിണി അലി സുപ്രീം കോടതിയിൽ പൊതുതാല്പര്യ ഹർജി ഫയൽ ചെയ്തു. ഇതിനെ തുടർന്ന് 2022 ആഗസ്ത് 25 ന് സുപ്രീം കോടതി ഗുജറാത്ത്‌ സർക്കാരിനും കേന്ദ്ര സർക്കാരിനും നോട്ടീസയക്കുകയായിരുന്നു. ഒടുവിൽ, പ്രതികളെ ജയിലിൽനിന്നും വിട്ടയച്ച ഗുജറാത്ത് സർക്കാർ നടപടി സുപ്രീം കോടതി റദ്ദാക്കി. ബിൽക്കിസ് ബാനു കേസിൽ പ്രതികളുടെ ശിക്ഷായിളവ് സുപ്രീം കോടതി റദ്ദാക്കിയത് ഗുജറാത്തിലെ ബിജെപി സർക്കാരിനേറ്റ കനത്ത തിരിച്ചടിയാണ്. 2004 മുതൽ 2014 വരെ രാജ്യം ഭരിച്ച കോൺഗ്രസ്സിന് ഗുജറാത്ത്‌ വംശഹത്യയുടെ ഇരകൾക്ക് നീതി നേടിക്കൊടുക്കാൻ കഴിഞ്ഞില്ല. അതിനു താല്പര്യം ഇല്ലായിരുന്നു എന്നതാണ് വസ്തുത. സംഘപരിവാറുകാരെ നിയമത്തിനുമുന്നിൽ കൊണ്ടുവന്നാൽ മൃദുഹിന്ദു വോട്ടുകൾ നഷ്ടമാവുമോ എന്ന ഭയമായിരുന്നു കോൺഗ്രസ്സിന്.

അതേ സമയം 2002 ലെ ഗുജറാത്ത് വംശഹത്യാക്കാലത്ത് 14 പേരെ ചുട്ടുകൊന്ന ‘ബെസ്റ്റ് ബേക്കറി’ കേസിലെ മുഖ്യപ്രതി മധു ശ്രീവാസ്തവയെ കോൺഗ്രസ്സിലേക്ക് ആനയിക്കുകയാണ് ഗുജറാത്തിലെ കോൺഗ്രസുകാർ. ഗുജറാത്ത്‌ പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായ ശക്തി സിങ്ങ് ഗോഹിൽ, ശ്രീവാസ്തവയുമായി പാർട്ടി സംസ്‌ഥാന കമ്മിറ്റി ഓഫീസിൽ വെച്ച് കൂടിക്കാഴ്ച നടത്തുകയുമുണ്ടായി. നിരവധി തവണ എംഎൽഎയായിരുന്ന മധു ശ്രീവാസ്തവ 2002 ൽ വഡോദര മേഖലയിലാകെ വർഗീയ കലാപങ്ങൾ അഴിച്ചുവിടാൻ മുന്നിൽ നിന്ന വ്യക്തിയായിരുന്നു.

നോട്ടുനിരോധനം നടപ്പിലാക്കിയതിനു തൊട്ടുപുറകെ ബിജെപി സർക്കാർ കൊണ്ടുവന്ന ഇലക്ടറൽ ബോണ്ട്‌ പദ്ധതിയും പൂർണ്ണമായും രാഷ്ട്രീയ ലക്ഷ്യം വെച്ചുകൊണ്ടുള്ളതായിരുന്നു. ബിജെപിയ്ക്ക് വൻ സാമ്പത്തിക നേട്ടമുണ്ടാക്കാൻ ലക്ഷ്യമിട്ട് 2017ൽ ഫിനാൻസ് ആക്ടിലുൾപ്പെടെ തിരക്കിട്ട്‌ ഭേദഗതികൾ വരുത്തിയാണ് ഇലക്ടറൽ ബോണ്ട്‌ പദ്ധതിക്ക് ബിജെപി സർക്കാർ അരങ്ങൊരുക്കിയത്. അഴിമതിയെ നിയമവിധേയമാക്കുന്ന ഇലക്ടറൽ ബോണ്ട്‌ പദ്ധതിയുടെ നിയമസാധുത ചോദ്യംചെയ്‌ത് സുപ്രീം കോടതിയെ സമീപിച്ച ഏക രാഷ്ട്രീയ പാർട്ടി സിപിഐഎം ആയിരുന്നു. ഇലക്ടറൽ ബോണ്ടുവഴി തിരഞ്ഞെടുപ്പ് ഫണ്ട് സ്വീകരിക്കില്ല എന്ന ഉറച്ച നിലപാടും സിപിഐഎം കൈക്കൊള്ളുകയുണ്ടായി. ഈയടുത്ത ദിവസം വന്ന ഇലക്ടറൽ ബോണ്ട്‌ ഭരണഘടനാ വിരുദ്ധമാണെന്ന സുപ്രീം കോടതി വിധി സിപിഐ എം എടുത്ത നിലപാടിനുള്ള അംഗീകാരമാണ്. സിപിഐ എമ്മിനൊപ്പം പരാതി സമർപ്പിച്ച അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക്‌ റിഫോംസിനുവേണ്ടി വാദിച്ച പ്രശാന്ത് ഭൂഷൺ 2023 ഒക്‌ടോബർ 31-ന് സുപ്രീം കോടതിയിൽ വാദത്തിനിടെ പറഞ്ഞത്, “ഇലക്ടറൽ ബോണ്ടുകൾ എടുക്കാൻ ബോധപൂർവ്വം വിസമ്മതിച്ചത് ഒരേയൊരു പാർട്ടി മാത്രമാണ്, അത് സിപിഐഎം ആണ്” – എന്നായിരുന്നു. ഇലക്ടറൽ ബോണ്ട്‌ പദ്ധതി ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീംകോടതി അർത്ഥശങ്കയ്-ക്കിടയില്ലാത്ത വിധമാണ് വ്യക്തമാക്കിയത്.

ബിജെപി സർക്കാരിനെതിരെ ഉയർന്ന അതിശക്തമായ കർഷക സമരങ്ങളിലും കോൺഗ്രസിന്റെ പങ്കാളിത്തമുണ്ടായിരുന്നില്ല. കർഷക സമരത്തിന് ആധാരമായ ഫാർമേഴ്സ് പ്രൊഡ്യൂസ് ട്രേഡ് ആൻഡ് കൊമേഴ്സ് (പ്രൊമോഷൻ ആൻഡ് ഫെസിലിറ്റേഷൻ) ബിൽ, ഫാർമേഴ്സ് (എംപവർമെന്റ് ആൻഡ് പ്രൊട്ടക്ഷൻ) എഗ്രിമെന്റ് ഓൺ പ്രൈസ് അഷ്വറൻസ് ആൻഡ് ഫാം സർവീസസ് ബിൽ, സഹകരണമേഖലയെ ദുർബലപ്പെടുത്തുന്ന ബാങ്കിങ്‌ റെഗുലേഷൻ ഭേദഗതി ബിൽ, തൊഴിൽ നിയമങ്ങളിൽ തൊഴിലാളിവിരുദ്ധ ഭേദഗതികൾ വരുത്തുന്ന മൂന്ന് ലേബർ കോഡുകൾ തുടങ്ങിയവ ലോക്-സഭയിൽ പാസാക്കിയപ്പോഴും കോൺഗ്രസ് ശബ്ദിച്ചില്ല. എന്നാൽ കർഷക സമരങ്ങളുടെ മുന്നണിയിൽ ഇടതുപക്ഷം ഉണ്ടായിരുന്നു. കർഷകർക്കും തൊഴിലാളികൾക്കും വേണ്ടി പാർലമെന്റിൽ ഉറച്ച സ്വരമുയർത്തിയതും ഇടതുപക്ഷമാണ്. ഇങ്ങനെ ബിജെപിയുടെ വർഗീയ രാജിനെതിരേയും കോർപ്പറേറ്റ് അനുകൂല നയങ്ങൾക്കെതിരെയും അണുവിട വിട്ടുവീഴ്ചയില്ലാത്ത ചെറുത്തുനിൽപ്പാണ് ഇടതുപക്ഷം നടത്തുന്നത്. എന്നാൽ ഇതിനോടെല്ലാം കണ്ണടച്ച്, വർഗീയതയോട് സന്ധി ചെയ്താണ് കോൺഗ്രസ് അതിജീവിക്കാൻ ശ്രമിക്കുന്നത്. നിലപാടുകളിലെ ഈ അന്തരം ജനങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞിരിക്കുന്നു.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

three × three =

Most Popular