ജസ്റ്റിസ് എസ് ബി ചൗഹാന്റെ നേതൃത്വത്തിലുള്ള 21–ാമത് ലോ കമ്മീഷൻ, യൂണിഫോം സിവിൽകോഡ് ‘‘അനിവാര്യമോ അഭികാമ്യമോ അല്ല’’ എന്നു വിശേഷിപ്പിച്ചു. അതിനുള്ള ഒരു മികച്ച ഉദാഹരണമാണ് ഉത്തരാഖണ്ഡ് നിയമസഭ അംഗീകരിച്ച ഉത്തരാഖണ്ഡ് യൂണിഫോം സിവിൽകോഡ്. ഇതിൽ നിരവധി പിഴവുകളുണ്ടെന്നു മാത്രമല്ല, ചിലതെല്ലാം അറുപിന്തിരിപ്പനും നിലവിലെ അവകാശങ്ങൾ ഇല്ലാതാക്കുന്നതുമാണ്. അതേസമയം ബിജെപിയുടെ വക്താക്കൾ മുസ്ലീം വ്യക്തി നിയമങ്ങളായ മുത്തലാഖും ഹലാലയും (ബഹുഭാര്യാത്വം) പോലെയുള്ള കീഴ്-വഴക്കങ്ങൾ നിരോധിക്കുന്നതിൽ ശ്രദ്ധയൂന്നുന്നത് ഈ കോഡിലെ അങ്ങേയറ്റം സ്ത്രീവിരുദ്ധവും ജനാധിപത്യവിരുദ്ധവും ഒരു പരിധിവരെ ക്രൂരവുമായ ഉള്ളടക്കത്തെ മറച്ചുപിടിക്കുന്നതിനാണ്. ഇതിലെ പല വ്യവസ്ഥകളും പ്രായപൂർത്തിയായ സ്ത്രീയുടെ ലെെംഗികമായ സ്വയംനിർണയാവകാശത്തിന്മേലുള്ള കടന്നാക്രമണം മാത്രമല്ല സദാചാര പൊലീസിങ്ങിനും സ്വയം പ്രഖ്യാപിത നിരീക്ഷണത്തിനുമായുമുള്ള നിയമപരമായ ലെെസൻസും കൂടിയാണ്. വിവാഹവും വിവാഹമോചനവുമുൾപ്പെടെയുള്ള, പ്രായപൂർത്തിയായവരുടെ ഉഭയസമ്മതത്തോടെയുള്ള ബന്ധങ്ങളിൽ ഇടപെടുന്നതിന് ഇത് ഭരണകൂടത്തിനും ഗവൺമെന്റിനും ബ്യൂറോക്രസിക്കും അവസരം നൽകുന്നു.
ഈ കോഡിന്റെ അടിസ്ഥാന പ്രമേയം ക്രിമിനൽവൽക്കരണമാണ്. ‘‘ക്രിമിനൽവൽക്കരണത്തിനായുള്ള യൂണിഫോം സിവിൽ കോഡ‍്’’ എന്ന് ഇതിനെ വിശേഷിപ്പിക്കാം. ഇതിലെ മിക്കവാറും എല്ലാ വ്യവസ്ഥകളും പിഴ നൽകുന്നതുമായും ശിക്ഷ നൽകുന്നതുമായും ബന്ധപ്പെട്ടിരിക്കുന്നു. അതോടൊപ്പം നിലവിലെ നിയമങ്ങൾ പരിഷ്കരിക്കാത്തതിന്റെ അഭാവവും മുഴച്ചുനിൽക്കുന്നു. ഇൗ കോഡിനെതിരെ അപ്പീൽ പോകുന്നതിന് മതിയായ കാരണങ്ങൾ ഇതിലുണ്ട്.
സംസ്ഥാനങ്ങളെ
അടിസ്ഥാനമാക്കിയുള്ള യൂണിഫോം സിവിൽകോഡ്
ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 44, സെക്ഷൻ IV ലെ നിർദ്ദേശക തത്വങ്ങളിൽ ഇങ്ങനെ പ്രസ്താവിക്കുന്നു: ‘‘ഇന്ത്യയൊട്ടാകെ പൗരർക്ക് യൂണിഫോം സിവിൽകോഡ് ഉറപ്പാക്കാൻ ഭരണകൂടം ശ്രമിക്കും’’. ഇവിടെ ഭരണകൂടം (state) എന്നു പരാമർശിച്ചിരിക്കുന്നത് യൂണിയൻ ഗവൺമെന്റിനെയാണ്. അതുകൊണ്ടുതന്നെ ഒരു സംസ്ഥാനത്തിന് ഇത്തരമൊരു നിയമം ആദ്യം നടപ്പാക്കാൻ അവകാശമുണ്ടോ എന്നത് സംശയമാണ്. കൂടാതെ, യൂണിഫോം സിവിൽ കോഡിനെ പിന്തുണയ്ക്കുന്നവരുടെ അടിസ്ഥാനവാദം വിവാഹം, വിവാഹമോചനം, പിന്തുടർച്ചാവകാശം തുടങ്ങിയ കാര്യങ്ങളിൽ ഇന്ത്യയൊട്ടാകെ ഒരു നിയമം ബാധകമാക്കണമെന്നതാണ്. ഇക്കഴിഞ്ഞ ജൂലെെയിൽ പ്രധാനമന്ത്രി യൂണിഫോം സിവിൽകോഡിനെ അനുകൂലിച്ച് നടത്തിയ പ്രസ്താവനയിൽ, ‘‘ഒരു വീട്ടിലെ ഒരംഗത്തിന് ഒരു നിയമമാണെങ്കിൽ മറ്റൊരംഗത്തിന് വേറൊരു നിയമം, അങ്ങനെയെങ്കിൽ ആ വീടിന് കുടുംബത്തെ മുന്നോട്ടുകൊണ്ടുപോകാനാകുമോ? അങ്ങനെയെങ്കിൽ ഒരു ഇരട്ട സമ്പ്രദായവുമായി രാജ്യത്തിന് മുന്നോട്ടുപോകാനാകുമോ?’’ മുസ്ലീം വ്യക്തി നിയമത്തെ പരാമർശിക്കുകയായിരുന്നു പ്രധാനമന്ത്രി. എന്നാൽ ഇപ്പോൾ അദ്ദേഹം നേതൃത്വം നൽകുന്ന ബിജെപി ഭരിക്കുന്ന ഉത്തരാഖണ്ഡിലെ ഇരട്ട എഞ്ചിൻ ഗവൺമെന്റ് ആ സംസ്ഥാനത്തിനുമാത്രം ബാധകമായ ഒരു നിയമനിർമാണം നടത്തി, സ്വന്തമായി ഒരു ‘‘ഇരട്ടസമ്പ്രദായം’’ കൊണ്ടുവന്നിരിക്കുന്നു. ഇങ്ങനെ ഒാരോ സംസ്ഥാനവും അവരവരുടേതായ കോഡിൽ നിയമനിർമാണം നടത്തിയാൽ ‘‘ഏകീകൃത കോഡി’’ന്റെ ഏകത എവിടെയാണ്?
മറ്റൊരുവശം, ഈ കോഡിൽനിന്നും ആദിവാസി സമൂഹങ്ങൾ ഒഴിവാക്കപ്പെട്ടിരിക്കുന്നതിനാൽത്തന്നെ ഇതിന് ഏകതയില്ല എന്നത് കൂടുതൽ വ്യക്തമാണ്. അവർ അവകാശപ്പെടുന്നതുപോലെ സ്ത്രീകളുടെ തുല്യാവകാശത്തിനുവേണ്ടിയുള്ളതാണ് ഈ നിയമമെങ്കിൽ ഏതെങ്കിലും ഒരു സമുദായത്തിലെ സ്ത്രീകളെ മാത്രം എന്തിന് ഒഴിവാക്കണം? ആദിവാസി സമൂഹങ്ങളിലെ ആചാരങ്ങൾ സംരക്ഷിക്കുന്നതിന് ഭരണഘടനാപരമായ വ്യവസ്ഥകളുണ്ട്. ന്യൂനപക്ഷസമുദായങ്ങൾ, അവ മുസ്ലീങ്ങളോ ക്രിസ്ത്യാനികളോ പാഴ്സികളോ മറ്റേതെങ്കിലുമോ ആകട്ടെ അവയെയും സംരക്ഷിക്കാനുള്ള ഭരണഘടനാ വ്യവസ്ഥകളുണ്ട്. ഒരു വിഭാഗത്തെ ഒഴിവാക്കുകയും മറ്റുള്ളവയെ ഉൾപ്പെടുത്തുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണ്. ഉത്തരാഖണ്ഡ് സിവിൽ കോഡിൽ ഏകതയുമില്ല തുല്യതയുമില്ല.
ജനാധിപത്യവിരുദ്ധമായ നടപടിക്രമം
നിലവിലെ കീഴ്-വഴക്കങ്ങളിലും അവകാശങ്ങളിലും നേരിട്ടിടപെടുകയും അവയിൽ മാറ്റങ്ങൾ വരുത്തുകയും ചെയ്യുന്ന നിർദ്ദിഷ്ട നിയമം നടപ്പാക്കുന്നതിനുമുമ്പ് അതിന്മേലുള്ള കൂടിയാലോചനകളും ചർച്ചയും സംവാദവും ആവശ്യമാണ്. 60000 ലേറെപ്പേർ അവരുടെ അഭിപ്രായങ്ങൾ കമ്മിറ്റിയ്ക്കു മുമ്പാകെ വച്ചുവെന്നും ഇത്തരം ‘‘കൂടിയാലോചന’’കളുടെ അടിസ്ഥാനത്തിലായിരിക്കും കരട് തയ്യാറാക്കുന്നതെന്നും ഗവൺമെന്റും അതിന്റെ വക്താക്കളും അവകാശപ്പെട്ടിരുന്നു. എന്നാൽ ഇത് കരട് തയ്യാറാക്കുന്നതിനുമുമ്പുള്ള വെറും അഭ്യാസം മാത്രമായിരുന്നു. ഒരു ബില്ലിന്റെ കരട്, പ്രത്യേകിച്ച് യൂണിഫോം സിവിൽ കോഡുപോലെയുള്ള ഒന്ന് പാർലമെന്റിലോ നിയമസഭയിലോ സമർപ്പിക്കുമ്പോൾ പ്രതിപക്ഷത്തിന്റെ പ്രതിനിധികൾ കൂടി അടങ്ങുന്ന ബന്ധപ്പെട്ട കമ്മിറ്റിക്ക് അയച്ചുകൊടുക്കുകയെന്നത് അംഗീകൃത പാർലമെന്ററി നടപടിക്രമമാണ്. ഈ കമ്മിറ്റി ബിൽ സൂക്ഷ്മമായി പരിശോധിച്ച് ബന്ധപ്പെട്ട പൗരരിൽനിന്ന്, പ്രതേ-്യകിച്ച് നിർദ്ദിഷ്ട നിയമനിർമാണം നേരിട്ടുബാധിക്കുന്ന വിഭാഗത്തിന്റെ പ്രതിനിധികളിൽ നിന്നും അഭിപ്രായങ്ങൾ ക്ഷണിക്കേണ്ടതാണ്. എന്നാൽ ഇതിനുപകരം ബിജെപി യാതൊരു ചർച്ചയും കൂടാതെ തങ്ങളുടെ ഭൂരിപക്ഷമുപയോഗിച്ച് ബില്ലുകൾ പാസാക്കുന്നത് ഒരു പതിവാക്കിയിരിക്കുകയാണ്. പാർലമെന്റിലായാലും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലായാലും ഇതാണ് നടക്കുന്നത്.
ഉത്തരാഖണ്ഡ് യൂണിഫോം സിവിൽകോഡിന്റെ കാര്യത്തിൽ 192 പേജുള്ള കരട് പഠിക്കാനുള്ള സാവകാശം നൽകാതെ, പ്രതിപക്ഷ അംഗങ്ങളുടെ എതിർപ്പുണ്ടായിട്ടും ബിൽ ധൃതിയിൽ പാസാക്കുകയാണുണ്ടായത‍്. ലോക്-സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനുമുമ്പ് ഇത് പാസാക്കുന്നത് ഉറപ്പാക്കാനായിരുന്നു ഈ ധൃതി എന്നു വ്യക്തമാണ്. ഇതിന്റെ ഫലമായി ആക്ഷേപകരമായ വ്യവസ്ഥകൾ ഒഴിവാക്കപ്പെടാതെ മോശമായ കരടു തയ്യാറാക്കൽ പ്രക്രിയയായി അതു മാറുകയായിരുന്നു.
നിയമത്തിന്റെ പ്രയോഗക്ഷമത
ജനവിരുദ്ധമായ ആദ്യത്തെ ക്ലോസ് നിയമത്തിന്റെ പ്രയോഗക്ഷമതയെ സംബന്ധിച്ചാണ്. ആദ്യത്തെ ക്ലോസിൽ പറയുന്നത്, നിർദ്ദിഷ്ട നിയമം ബാധകമാകുന്നത് ഉത്തരാഖണ്ഡ് നിവാസികൾക്കാണ് എന്നാണ്. നിർവചനങ്ങളുടെ പട്ടികയിൽ ‘‘സ്ഥിരതാമസക്കാർ’’ (Resident) എന്നതിനെ നിർവചിച്ചിരിക്കുന്നത്, സംസ്ഥാനത്ത് സ്ഥിരതാമസക്കാരായവരെ മാത്രമല്ല, ഒരു വർഷമായി ഒരിടത്ത് താമസിക്കുന്നവരെയും സ്ഥലംമാറ്റം കിട്ടിവന്ന കേന്ദ്ര ഗവൺമെന്റ് ജീവനക്കാരെയും വരെ ഉൾപ്പെടുത്തുംവിധം വിപുലമായ അർഥത്തിലാണ് (അധ്യായം 3 (n) (iii) (iv). ഉദാഹരണത്തിന്, കേരളത്തിലെ സ്ഥിരതാമസക്കാരിയെ തൊഴിലുടമ രണ്ടു വർഷത്തേക്ക് ഉത്തരാഖണ്ഡിലേക്ക് സ്ഥലംമാറ്റിയെന്നിരിക്കട്ടെ. ആ രണ്ടു വർഷം അവിടെ താമസിക്കുന്നതിന്റെ പേരിൽ ആ സംസ്ഥാനത്തിന്റെ നിയമം അവൾക്കു ബാധകമാകുന്നതെങ്ങനെ?
സമാനമായ മറ്റൊരു ആക്ഷേപമാണ്, വിവാഹത്തിലെ / റിലേഷൻഷിപ്പിലെ കക്ഷികളിൽ ഒരാൾക്കു മാത്രമാണ്. ഉത്തരാഖണ്ഡ് പൗരത്വമുള്ളതെങ്കിലും, അവർ ഉത്തരാഖണ്ഡിനു പുറത്തു താമസിക്കുന്നവരാണെങ്കിൽ പോലും നിയമം രണ്ടുപേർക്കും ബാധകമാകുമെന്ന് നിർദ്ദിഷ്ട കോഡ് വ്യക്തമാക്കുന്നു (ഉദാ: അധ്യായം 2.6). ഇങ്ങനെ വലിയ തോതിൽ ആളുകളെ നിയമത്തിന്റെ പരിധിയിൽ കുടുക്കിയിടുകയും നിയമത്തിന്റെ അധികാരപരിധി സംസ്ഥാനത്തിന്റെ അതിർത്തിയ്ക്കപ്പുറത്തേയ്ക്ക് വ്യാപിപ്പിക്കുകയാണ്; ഇത് ഭരണഘടനയുടെ പിന്തുണയില്ലാത്ത നടപടിയാണ്.
നിർബന്ധിത രജിസ്ട്രേഷൻ
ഉപേക്ഷിക്കപ്പെടുകയോ വീട്ടിൽനിന്ന് പുറത്താക്കപ്പെടുകയോ വിവാഹം നിരസിക്കപ്പെടുകയോ ചെയ്യുന്ന സന്ദർഭങ്ങളിൽ സ്ത്രീയ്ക്ക് സംരക്ഷണം നൽകുന്നു എന്ന പേരിൽ, കോഡ് വിവാഹം രജിസ്റ്റർ ചെയ്യുന്നത് നിർബന്ധിതമാക്കുന്നു. എന്നാൽ ഇത്തരമൊരു വ്യവസ്ഥ ഉൾപ്പെടുത്തിയതിനു കാരണം സ്ത്രീകളോടുള്ള പ്രത്യേക പരിഗണനയൊന്നുമല്ല മറിച്ച്, വിവാഹത്തെ അംഗീകരിക്കുന്നതിനോ നിരാകരിക്കുന്നതിനോ ഉള്ള നിയന്ത്രണം, ഗവൺമെന്റിനു നൽകുന്നതിനാണ്. രജിസ്ട്രേഷന്റെ ചുമതലയുള്ള സബ് രജിസ്ട്രാർക്ക് വിവാഹം രജിസ്റ്റർ ചെയ്യുന്നത് നിരസിക്കാനുള്ള അവകാശം നൽകിയിരിക്കുന്നു (അധ്യായം 13.2.ii). സബ് രജിസ്ട്രാർ അതിനുള്ള കാരണങ്ങൾ ദമ്പതിമാർക്ക് രേഖാമൂലം നൽകണം. എന്നാൽ രജിസ്ട്രേഷൻ നിരസിക്കപ്പെടുന്നതിനുള്ള കാരണങ്ങൾ കോഡ് വ്യക്തമാക്കുന്നില്ല. അപ്പലേറ്റ് അതോറിറ്റിയുടെ തീരുമാനം അന്തിമവും അനിഷേധ്യവുമാണ് (അധ്യായം 14.2). ഗവൺമെന്റിനാൽ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ ‘‘കനിവി’’നായി ദമ്പതിമാർ നേരിടേണ്ടതായി വരുന്ന പീഡനം സങ്കൽപ്പാതീതമാണ്. ഉദാഹരണത്തിന് വ്യത്യസ്ത ജാതിയിലോ വ്യത്യസ്ത മതത്തിലോപെട്ടവർ തമ്മിലുള്ള വിവാഹത്തിന്റെ കാര്യമെടുക്കാം. ഉദേ-്യാഗസ്ഥർക്ക് അത് സ്വീകാര്യമല്ലയെങ്കിൽ ഇവരുടെ ജീവിതത്തിൽ ഇടപെടാനും ജീവിതം ദുസ്സഹമാക്കിത്തീർക്കാനും അവർക്ക് ഏക സിവിൽ കോഡ് അധികാരം നൽകുന്നു. ‘‘അന്തിമം, അനിഷേധ്യം’’ എന്നതുകൊണ്ട് എന്താണ് അർഥമാക്കുന്നത്? ദമ്പതിമാർക്ക് കോടതിയിൽ പോകാൻ കഴിയില്ലെന്നാണോ? കോഡ് അതിന്റെ ദുർബലമായ കരടിൽ ഇതേക്കുറിച്ച് വ്യക്തമാക്കുന്നില്ല. സ്ത്രീകളെ സഹായിക്കാൻ കഴിയുമായിരുന്ന നിർബന്ധിത രജിസ്-ട്രേഷനിലെ ഒരു വ്യവസ്ഥ അങ്ങനെ പ്രതികാരദാഹികളായ ഉദ്യോഗസ്ഥരുടെ പീഡനത്തിന് അനുമതി നൽകുന്ന ഒരു ഉപകരണമായി മാറിയിരിക്കുന്നു.
മാത്രവുമല്ല, രജിസ്ട്രേഷനുവേണ്ടി അപേക്ഷിക്കുന്ന ദമ്പതികളുടെ എല്ലാ സ്വകാര്യ വിവരങ്ങളും അടങ്ങുന്ന രജിസ്റ്റർ, രജിസ്-ട്രേഷൻ നിരസിക്കുവാനുള്ള കാരണങ്ങളുടെ വിശദാംശങ്ങളുൾപ്പെടെ, ‘‘ഏതൊരു വ്യക്തിയുടെയും പരിശോധനയ്ക്കായി’’ പരസ്യമാക്കിവെക്കണം. (അധ്യായം 14–15). ഇത് സ്വകാര്യതയ്ക്കുമേലുള്ള കടന്നാക്രമണമാണ്. ഇത്തരമൊരു നിന്ദ്യമായ വ്യവസ്ഥ ഇതിലുൾപ്പെടുത്തിയതിനുപിന്നിലുള്ളത് വിവാഹം നടത്തുന്നതിൽ ആർക്കെങ്കിലും എതിർപ്പുണ്ടെങ്കിൽ അവരെ അറിയിക്കാനാണത്രെ.
വിവാഹത്തിന് പബ്ലിക് നോട്ടീസ് ആദ്യമായി കൊണ്ടുവന്നത് സ്പെഷ്യൽ മാരേജ് ആക്ടിലാണ്. മാതാപിതാക്കളുടെ അനുവാദമില്ലാതെ വിവാഹിതരാകുന്നവരുടെ അനുഭവത്തിൽ, ഇത്തരം പബ്ലിക് നോട്ടീസുകൾ പ്രായപൂർത്തിയായവർ പങ്കാളിയെ സ്വയം തിരഞ്ഞെടുക്കുന്നതിൽ അനുചിതവും അനാവശ്യവുമായി ഇടപെടുന്നതിനുള്ള പശ്ചാത്തലമൊരുക്കുന്നതായി കണ്ടു. ഈ വ്യവസ്ഥ എടുത്തുകളയുകയും നടപടികൾ കൂടുതൽ എളുപ്പമാക്കുകയും ചെയ്യുന്നതിന് സ്പെഷ്യൽ മാരേജ് ആക്ട് പരിഷ്കരിക്കണമെന്ന നിയമ കമ്മിഷന്റെ ശുപാർശ നടപ്പാക്കുന്നതിനുപകരം നിർബന്ധിത രജിസ്-ട്രേഷനായുള്ള കോഡിൽ ഈ വ്യവസ്ഥ ഉൾപ്പെടുത്തുകയാണുണ്ടായത്.
മാത്രവുമല്ല, നിർബന്ധിത രജിസ്ട്രേഷനുമായി ബന്ധപ്പെട്ട വ്യവസ്ഥ മുൻകാല പ്രാബല്യത്തോടെയാണ് നടപ്പാക്കുന്നത്. പ്രത്യേകിച്ചും 2010നു മുമ്പ് വിവാഹിതരായ എല്ലാവർക്കും ഇത് ബാധകമാണെന്ന് പ്രത്യേകം പരാമർശിക്കുന്നു. ഇതൊരു അസംബന്ധമായ ഒരു വ്യവസ്ഥയാണ്. ദമ്പതിമാർ വിവാഹം രജിസ്റ്റർ ചെയ്തില്ലെങ്കിൽ അതൊരു കുറ്റമായി കണക്കാക്കി ശിക്ഷ വിധിക്കും. 10,000–25,000 രൂപ വരെ പിഴയൊടുക്കേണ്ടതായി വരും. ഉദ്യോഗസ്ഥനു നൽകിയ വിവരങ്ങൾ തെറ്റാണെന്നു കണ്ടെത്തിയാൽ 3 മാസം തടവുശിക്ഷ ലഭിക്കും. അങ്ങനെ, സാമൂഹ്യ പരിഷ്കരണം മുന്നോട്ടുകൊണ്ടുപോകുന്നതിന് ദമ്പതികളെടുത്ത ഒരു നടപടി അവരെ കുറ്റവാളികളെപ്പോലെ കെെകാര്യം ചെയ്യുന്നതിനുള്ള ഒരു നിർബന്ധിത ഉപകരണമാക്കി മാറ്റിയിരിക്കുകയാണിവിടെ. വിവാഹം രജിസ്റ്റർ ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള പ്രചരണ പരപാടി സംഘടിപ്പിക്കുകയാണ് ഇതിനുപകരം ഗവൺമെന്റ് ചെയ്യേണ്ടത്.
സിവിൽ കോഡല്ല, ഹിന്ദു വിവാഹ നിയമമാണിത്
1955ലെ ഹിന്ദു വിവാഹ നിയമത്തിലെ, വിവാഹവും വിവാഹമോചനവും സംബന്ധിച്ച ഭാഗങ്ങൾ കോഡിൽ അതേപടി പകർത്തുകയും അത് എല്ലാ സമുദായങ്ങൾക്കും മേൽ അടിച്ചേൽപിക്കുകയുമാണ്. ബഹുഭാര്യത്വത്തിനുള്ള അവകാശം, വിവാഹമോചനത്തിനുള്ള അവകാശം ഉൾപ്പെടുത്തുന്നത് നിരസിക്കൽ, ‘‘വിലക്കപ്പെട്ട ബന്ധങ്ങ’’ളുടെ പട്ടിക സംബന്ധിച്ച കാർക്കശ്യം, ഒരേ ജാതിയിൽപെട്ട പങ്കാളികൾക്കു ബാധകമാക്കിയിട്ടുള്ള ഉപാധികൾ എടുത്തുകളഞ്ഞതിനെ എതിർക്കൽ തുടങ്ങിയവയുൾപ്പെടുന്ന ഹിന്ദു വ്യക്തിനിയമങ്ങളിൽ ഒരു മാറ്റവും വരുത്താൻ തയ്യാറാകാത്ത ഹിന്ദു യാഥാസ്ഥിതികത്വത്തിനെതിരെ ഡോ. ബാബാ സാഹെബ് അംബേദ്കറുടെ നേതൃത്വത്തിൽ നടന്ന നീണ്ട പോരാട്ടങ്ങൾക്കൊടുവിലാണ് ഹിന്ദു വിവാഹ നിയമം അംഗീകരിക്കപ്പെട്ടത്. ഹിന്ദു ‘‘വിശ്വാസം അനുസരിച്ച് വിവാഹം പവിത്രമായതിനാൽ അതിന്മേലുള്ള ഏതൊരു ഇടപെടലും വിവാഹമെന്ന സ്ഥാപനത്തെയും മതപരമായ ആചാരങ്ങളെയും നശിപ്പിക്കുമെന്ന് പരിഷ്കരണത്തെ എതിർക്കുന്നവർ അഭിപ്രായപ്പെട്ടു. പുരോഗമനപരമായ ഒരു മാറ്റത്തെയും അംഗീകരിക്കാൻ കൂട്ടാക്കാത്ത യാഥാസ്ഥിതിക പക്ഷത്തുനിന്നുള്ള എതിർപ്പിന്റെയും അടിപ്രായ ഭിന്നതകളുടെയും പശ്ചാത്തലത്തിലാണ് 1955ലെ ഹിന്ദു വിവാഹ നിയമം പാസാക്കപ്പെട്ടത്. അതൊരു വലിയ കാൽവെപ്പായിരുന്നെങ്കിലും പല വെെകല്യങ്ങളിലേക്കും നയിക്കുന്ന വിട്ടുവീഴ്ചയുടേതായ അടയാളം അതിൽ പതിഞ്ഞിട്ടുണ്ട്. ഹിന്ദു വിവാഹ നിയമത്തിന്റെ എല്ലാ വശങ്ങളെയും അതേപടി ഉൾക്കൊള്ളുന്ന ഉത്തരാഖണ്ഡ് യൂണിഫോം സിവിൽ കോഡ് എല്ലാ സമുദായങ്ങൾക്കുമേലും അടിച്ചേൽപിച്ചുകൊണ്ട് ഈ വെെകല്യങ്ങളെയും ചുമക്കുന്നു. പ്രതേ-്യകിച്ച് വിലക്കപ്പെട്ട വിവാഹങ്ങൾ, വിവാഹ മോചനം, വെെവാഹികാവകാശങ്ങൾ തുടങ്ങിയവയെല്ലാം നിലവിലെ അസമത്വങ്ങളെ അതേപടി നിലനിർത്തുന്നതിനൊപ്പം ദത്തെടുക്കലിന്റെയും രക്ഷാകർതൃത്വത്തിന്റെയും പ്രശ്നങ്ങളെ ഇത് വിട്ടുകളയുകയും ചെയ്യുന്നു. സ്വവർഗ ബന്ധങ്ങളെ ഇത് അംഗീകരിക്കുന്നില്ല. ഒരർഥത്തിൽ ഈ കോഡ് ഇത്തരം ബന്ധങ്ങളെ കുറ്റകരമാക്കുകയാണ്.
ആർക്കൊക്കെ വിവാഹം കഴിക്കാം ആർക്കൊക്കെ വിവാഹം പാടില്ല എന്നതു സംബന്ധിച്ചുള്ള വിലക്കുകൾ 1955ലെ ഹിന്ദു വിവാഹ നിയമത്തിൽനിന്നും എടുത്തിട്ടുള്ളത്, സമൂഹത്തിലെ എല്ലാ സമുദായങ്ങൾക്കും മേൽ അടിച്ചേൽപിക്കുകയാണ്. ചില സമുദായങ്ങളിൽ മാതാപിതാക്കളുടെ സഹോദരീ സഹോദര സന്താനങ്ങളുമായുള്ള വിവാഹം ഒരു ആചാരവും കീഴ്വഴക്കവുമാണ്. ഉത്തരാഖണ്ഡ് സിവിൽ കോഡിൽ ഇത് വിലക്കപ്പെട്ട വിവാഹങ്ങളിൽപെടുത്തുന്നു. ഇതിൽ ഇങ്ങനെക്കൂടി പ്രസ്താവിക്കുന്നു: ‘‘ആചാരവും മാമൂലും അനുവദനീയമാണെങ്കിൽ, അത് ‘പൊതുനയത്തിനും ധാർമികതയ്ക്കും എതിരല്ലെങ്കിൽ’ അത് അനുദിക്കപ്പെടണം’’. എന്താണ് ധാർമികമെന്നും അങ്ങനെ അല്ലാത്തതെന്നും ആരാണ് തീരുമാനിക്കുന്നത്? ഗവൺമെന്റും അതിന്റെ ഉദ്യോഗസ്ഥ സംവിധാനവുമാണോ? ആചാരത്തിന്റെയും മാമൂലിന്റെയും വ്യാഖ്യാനം സംബന്ധിച്ച ഈ വ്യവസ്ഥ ഏറ്റവും നിന്ദ്യമായ വ്യവസ്ഥയാണ്.
വിവാഹമോചനം
കോഡ് പ്രകാരം വിവാഹമോചനത്തിന്റെ കാര്യമെടുത്താൽ, വിവാഹമോചനവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെടാൻ ഗവൺമെന്റ് ഉദ്യോഗസ്ഥർക്ക് നേരിട്ട് അധികാരം നൽകുന്നു. വിവാഹമോചനമോ വിവാഹം റദ്ദാക്കലോ ഏതായാലും രജിസ്റ്റർ ചെയ്യണം. സർക്കാർ ഉദ്യോഗസ്ഥർക്ക് വിവാഹമോചനം രജിസ്റ്റർ ചെയ്യാതിരിക്കാനുള്ള അവകാശവും നൽകിയിട്ടുണ്ട്. കോടതി വിവാഹമോചനം അനുവദിക്കുമ്പോൾ അത് രജിസ്റ്റർ ചെയ്യാതിരിക്കാൻ ഗവൺമെന്റുദ്യോഗസ്ഥർക്ക് എന്താണധികാരം? വിവാഹം കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞു മാത്രമേ വിവാഹമോചന നടപടികൾ തുടങ്ങാവൂ എന്ന, ഹിന്ദു നിയമപ്രകാരമുള്ള യുക്തിസഹമല്ലാതെ വിലക്ക് ഇപ്പോഴും നിലവിലുണ്ട്. അക്രമാസക്തനായ ഒരാളെയാണ് സ്ത്രീ വിവാഹം കഴിച്ചതെങ്കിൽ വിവാഹമോചന നടപടികൾ ആരംഭിക്കാൻ എന്തിനവൾ ഒരു വർഷം കാത്തിരിക്കണം? (അധ്യായം 4.28.1) ഒരു സ്ത്രീ അവളുടെ വിവാഹമോചനത്തിന് ഒരു വർഷം മുമ്പുവരെ അനുഭവിച്ച അസാധാരണമാംവിധമുള്ള അപമാനവും പീഡനവും പോലെയുള്ളവ നിർവചിക്കപ്പെട്ടിട്ടില്ലാത്തതിനാൽ ഭാര്യയെ തല്ലുന്നതുപോലെയുള്ള കുറ്റകൃത്യങ്ങൾ ‘‘പീഡന’’മായി കണക്കാക്കപ്പെടുന്നില്ല. ഒരു ബദൽ ‘‘ആശ്വാസം’’ എന്ന നിലയിൽ ‘‘നിയമപരമായ വേർപിരിയൽ’’ അനുവദിക്കുന്നതിന് വിവാഹമോചന ഹർജിയിന്മേൽ തീരുമാനമെടുക്കാനുള്ള അവകാശം കോടതിക്കാണ്. എന്നാൽ കോഡ് ഇതിൽ വെള്ളം ചേർക്കുന്നു. ഉഭയസമ്മതപ്രകാരമുള്ള വിവാഹമോചനത്തിന്റെ കാര്യത്തിൽ വിവാഹനമോചനത്തിൽ വ്യവസ്ഥ ചെയ്തിട്ടുള്ള, ‘‘വിവാഹമോചനത്തിനുമുമ്പ് ഒരു വർഷം പങ്കാളികൾ പ്രതേ-്യകം താമസിച്ചിരിക്കണം’’ എന്ന വ്യവസ്ഥ കോഡ് അതേപടി നിലനിർത്തിയിരിക്കുന്നു. ‘‘പ്രത്യേകം’’ എന്നതിന്റെ അർഥം എന്താണ്? വിവാഹമോചിതരാകാൻ തീരുമാനിച്ചവർ ചിലപ്പോൾ വിവിധ കാരണങ്ങളാൽ ഒരു കുരയ്ക്കു കീഴിൽ കഴിഞ്ഞെന്നു വരാം, വെെവാഹിക ബന്ധത്തിലേർപ്പെട്ടില്ലെങ്കിൽപോലും. വിവാഹമോചനത്തിന് പങ്കാളികൾ ഒരിക്കൽ തീരുമാനിച്ചുകഴിഞ്ഞാൽ എന്തിനാണ് അതിന് നിബന്ധനകൾ വയ്ക്കുന്നത്?
ബഹുഭാര്യത്വവും ഹലാലയും
ബഹുഭാര്യത്വം സംബന്ധിച്ച കോഡിൽ ബിജെപി പല കാര്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട് (Clause 29). മുസ്ലീം സമുദായത്തെ സംബന്ധിച്ചിടത്തോളം, മുത്തലാഖ് സുപ്രീംകോടതി നിയമവിരുദ്ധമാക്കിയതിനുശേഷം മുസ്ലീം വനിതാ (വിവാഹവുമായി ബന്ധപ്പെട്ടുള്ള അവകാശസംരക്ഷണം) നിയമം 2019 നിലവിലുണ്ട്. കോഡിലെ ക്ലോസ് 29 ഇത് അതേപടി ആവർത്തിക്കുമ്പോൾത്തന്നെ 2019ലെ നിയമം ‘‘പ്രായപൂർത്തിയായിട്ടില്ലാത്ത കുട്ടികളുടെ’’ സംരക്ഷണം അമ്മയ്ക്കു നൽകുമ്പോൾ നിർദ്ദിഷ്ട കോഡ് അമ്മയുടെ ഈ സംരക്ഷണം 5 വർഷം മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. (അധ്യായം 5.35.2). ദേശീയ കുടുംബാരോഗ്യ സർവെ–5ലെ, ബഹുഭാര്യത്വ വിവാഹങ്ങളെക്കുറിച്ചുള്ള സ്ഥിതിവിവരകണക്കുകൾ സൂചിപ്പിക്കുന്നത്, ഇത് മുസ്ലീം സ്ത്രീകളെ മാത്രം ബാധിക്കുന്ന കാര്യമല്ല, മറ്റു സമുദായങ്ങളിലെ സ്ത്രീകളെയും ബാധിക്കുന്ന പ്രശ്നമാണെന്നാണ്. 1.9 ശതമാനം മുസ്ലീം സ്ത്രീകളും 3 ശതമാനം ഹിന്ദു സ്ത്രീകളും തങ്ങളുടെ ഭർത്താക്കന്മാർക്ക് ഒന്നിൽ കൂടുതൽ ഭാര്യമാരുള്ളതായി പറഞ്ഞതായാണ് സർവേ രേഖപ്പെടുത്തുന്നത്! സർവെ പ്രകാരം ഒന്നിൽ കൂടുതൽ ഭാര്യമാരുള്ള പുരുഷന്മാർ ഏറ്റവും കൂടുതലുള്ളത് ഗോത്ര സമുദായങ്ങളിലാണ് (2.4). പട്ടികജാതിക്കാരിൽ 1.4 ശതമാനവും ഒബിസികൾക്കിടയിൽ 1.3 ശതമാനവും മറ്റുള്ളവയിൽ 1.2 ശതമാനവുമാണ്. ഇതുകാണിക്കുന്നത് ഇക്കാര്യത്തിൽ സമുദായങ്ങൾക്കിടയിലെ ദേശീയ ശരാശരി കുറഞ്ഞുവരുന്നു എന്നാണ്. അതുകൊണ്ട് മുസ്ലീങ്ങൾക്കിടയിലെ ബഹുഭാര്യത്വത്തെക്കുറിച്ച് നിരന്തരം ആവർത്തിക്കുന്നത് ആ സമുദായത്തെ ലക്ഷ്യമിട്ടുള്ള വർഗീയ പ്രചരണമല്ലാതെ മറ്റൊന്നുമല്ല. അത് ബഹുഭാര്യത്വം വച്ചുപുലർത്തുന്ന ഭർത്താക്കന്മാരോടൊപ്പം ജീവിക്കുന്ന എല്ലാ സമുദായങ്ങളിലെയും സ്ത്രീകളെ സംരക്ഷിക്കാൻ വേണ്ടിയുമല്ല. സമുദായത്തിനുള്ളിലെ യാഥാസ്ഥിതികതയെ വെല്ലുവിളിച്ചുകൊണ്ട് തങ്ങളുടെ അവകാശങ്ങൾക്കായി പോരാടാൻ എക്കാലവും മുന്നോട്ടുവന്നിട്ടുള്ളത് ധീരരായ മുസ്ലീം സ്ത്രീകളായിരുന്നുവെന്നത് നാമിവിടെ ഓർക്കേണ്ടതുണ്ട്. ഹലാല എന്ന ഹീനമായ ആചാരത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ചത് സമീനാബീഗമാണ്. 2018 മുതൽ ആ കേസ് നടന്നുകൊണ്ടിരിക്കുകയാണ്. കോഡ് ഈ ആചാരത്തെ നിരോധിക്കുന്നു (അധ്യായം 4.30.2). ഇത്തരം കേസുകൾ അപൂർവമാണെങ്കിലും ഇത്തരമൊരു നടപടി കെെക്കൊള്ളുന്നതിന് മുമ്പ് ഉത്തരാഖണ്ഡ് ഗവൺമെന്റ് ആ സമുദായവുമായി ചർച്ച ചെയ്യേണ്ടതായിരുന്നു. മെഹർ എന്ന ആശയംപോലെയുള്ള നിക്കാഹിലെ നല്ല വശങ്ങൾ കോഡിൽ ഉൾപ്പെടുത്താമായിരുന്നു. വിവാഹസമയത്ത് വധുവിന് നൽകാൻ വരന് മുൻകൂട്ടി നിശ്ചയിച്ച തുകയാണ് മെഹർ. ഇതുനൽകുന്നത് വെെകിപ്പിക്കുകയാണെങ്കിൽ വിവാഹമോചന സമയത്ത് ജീവനാംശം കൂടാതെ ഈ തുകയും നൽകണം. പങ്കാളികൾ തമ്മിൽ വേർപിരിയുന്ന സാഹചര്യമുണ്ടായാൽ അതുസംബന്ധിച്ച് ഇരുകക്ഷികളും തമ്മിലുള്ള ഒരു കരാറും നിക്കാഹ് വ്യവസ്ഥ ചെയ്യുന്നുണ്ട്. ചില വ്യവസ്ഥകൾ മുന്നോട്ടുവെക്കാൻ ഇത് സ്ത്രീകളെ അനുവദിക്കുന്നു.
സ്ത്രീധനരഹിത വിവാഹത്തിനുള്ള വ്യവസ്ഥയും കോഡിൽ ഉൾപ്പെടുത്താമായിരുന്നു. എന്നാൽ ഇത്തരം പരിഷ്കരണങ്ങളൊന്നും തന്നെ പരിഗണിക്കപ്പെട്ടിട്ടില്ല. ഭൂരിപക്ഷത്തിന്റെ ചിന്താഗതി അടിച്ചേൽപ്പിക്കുക മാത്രമാണിവിടെ ചെയ്യുന്നത്.
നിർബന്ധിത സഹവാസം
നിലവിലെ നിയമപ്രകാരം, പങ്കാളികൾ വേർപിരിയുന്ന സാഹചര്യത്തിൽ ‘‘ദാമ്പത്യാവകാശം പുനഃസ്ഥാപിച്ചുകിട്ടാൻ’’ ആവശ്യപ്പെടാം. പങ്കാളികൾ അസംതൃപ്തരാണെങ്കിലും വിവാഹം പവിത്രമാണെന്ന ആശയത്തെ കോഡിൽ ഉൾപ്പെടുത്തിയിരിക്കുന്നു (അധ്യായം 3.21). പ്രശ്ന സങ്കീർണമായ വെെവാഹിക ജീവിതം നയിക്കുന്ന സ്ത്രീകൾക്കിടയിൽ ഞങ്ങൾ നടത്തിയ പ്രവർത്തനത്തിൽ കണ്ടെത്തിയത്, ഇപ്പറയുന്ന വ്യവസ്ഥയെ, തങ്ങളെ ഉപേക്ഷിച്ചുപോയ ഭർത്താക്കന്മാരെ ‘‘തിരികെക്കൊണ്ടുവരാനുള്ള’’ നിയമമാർഗമായി ഉപയോഗിക്കാൻ സ്ത്രീകൾ ആഗ്രഹിക്കുന്നതായാണ്.‘‘ദാമ്പത്യാവകാശങ്ങൾ പുനഃസ്ഥാപിച്ചു’’ കിട്ടുന്നതിനനുകൂലമായി കോടതി ഉത്തരവിട്ടാലും ഒരു വർഷത്തിനുള്ളിൽ അത് നടപ്പിലായില്ലെങ്കിൽ അധികം വെെകാതെ വിവാഹമോചനത്തിന് അനുമതി നൽകപ്പെടും. അങ്ങനെ സ്ത്രീകളെ സംരക്ഷിക്കുന്നതിനുവേണ്ടി എന്നു കണക്കാക്കപ്പെടുന്ന ഒരു നിയമം ഫലത്തിൽ അതിനുനേർ വിപരീതമായി മാറുന്നു. സ്ത്രീ ഭർത്താവിൽ നിന്നും വേറിട്ടു താമസിക്കുമ്പോൾ ഭർത്താവിന്റെ ‘‘ദാമ്പത്യാവകാശങ്ങൾക്ക്’’ കീഴടങ്ങുന്നതിന് ഭാര്യയെ നിർബന്ധിക്കാൻ പുരുഷന്മാർ ഈ നിയമത്തെ ഉപയോഗിക്കുന്നു എന്നതാണ് മുഖ്യ ആക്ഷേപം. സാധാരണഗതിയിൽ സ്ത്രീകൾ തക്കതായ കാരണമില്ലാതെ വിവാഹമോചനമോ വേർപിരിയലോ ആഗ്രഹിക്കുന്നില്ല. പ്രത്യേകിച്ച് കുട്ടികൾ ഉണ്ടെങ്കിൽ. ഒരു സ്ത്രീ പിരിയാൻ തീരുമാനമെടുക്കുമ്പോൾ ദാമ്പത്യാവകാശങ്ങളുടെ പുനഃസ്ഥാപനത്തിന് ജൻഡർ ന്യൂട്രൽ വ്യവസ്ഥ നിലനിർത്തുന്നത് പ്രതിലോമപരമാണ്. കോഡിൽ ഇതിനുപയോഗിച്ചിരിക്കുന്ന ഭാഷ തന്നെ അങ്ങേയറ്റം പുരുഷാധിപത്യപരവും യഥാർഥത്തിൽ അത് ഭാര്യയെ ബലാത്സംഗം ചെയ്യുന്നതിനുള്ള അനുമതിയുമാണ്. ഉദാഹരണത്തിന് നിയമപരമായ വേർപിരിയലുമായി ബന്ധപ്പെട്ട വിഷയത്തിൽ (അധ്യായം 3.22.2) ഇങ്ങനെ പ്രസ്താവിക്കുന്നു: ‘‘നിയമപരമായി വേർപിരിയാനുള്ള തീരുമാനം പാസാക്കപ്പെട്ടിടത്ത്, എതിർകക്ഷിയുമൊത്ത് കഴിയേണ്ടതായ പരാതിക്കാരിയുടെ ബാധ്യത അവിടെയും അവസാനിക്കുന്നില്ല. ‘‘മറ്റു വാക്കുകളിൽ പറഞ്ഞാൽ ഈയൊരു മാനദണ്ഡം പുരുഷനുമൊത്തുള്ള സഹവാസത്തിനുള്ള സ്ത്രീയുടെ ബാധ്യതയായി മാറുന്നു. ഈ വ്യവസ്ഥ കോടതികളിൽ ചോദ്യം ചെയ്യപ്പെട്ടിട്ടുള്ളതാണ്. കോഡ് ഈ വ്യവസ്ഥ ഉൾപ്പെടുത്താൻ പാടില്ലാത്തതായിരുന്നു.
മനുവാദികളുടെ കടന്നാക്രമണം
പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള വ്യക്തിപരമായ അവകാശത്തിന്മേലുള്ള വലിയ കടന്നാക്രമണമാണ് കോഡിലെ ഇതുമായി ബന്ധപ്പെട്ട ഭാഗമെന്ന് വലിയൊരു വിഭാഗത്തിന്റെ വിമർശനമുണ്ടായി. വിവാഹിതരാകാതെ ഒന്നിച്ചുകഴിയുന്നതിനെ (Live in relationship) പ്പറ്റി (ഭാഗം 3, 378–389) വിവരിക്കുന്ന ഭാഗത്ത്, പ്രായപൂർത്തിയായ രണ്ടുപേർ തമ്മിൽ സ്വയം തിരഞ്ഞെടുത്ത ലിവ്–ഇൻ ബന്ധത്തെ വിവാഹം എന്ന ചട്ടക്കൂടിലേക്ക് ഒതുക്കാൻ ശ്രമിക്കുകയാണ്. ഇത്തരം ബന്ധത്തിന് ഒരു മാസത്തിലേറെ പഴക്കമുണ്ടെങ്കിൽ അത് രജിസ്റ്റർ ചെയ്യണം. ഇത്തരമൊരു ലിവ് –ഇൻ ബന്ധത്തിലേക്കു കടക്കാൻ ‘‘ഉദ്ദേശിക്കുക’’യാണെങ്കിൽ പോലും രജിസ്റ്റർ ചെയ്തിരിക്കണം. യഥാർഥ ജീവിത ബന്ധങ്ങളോട് പരിപൂർണ നിസ്സംഗത പുലർത്തുന്ന ഈ ‘പ്രത്യേക രൂപകൽപ്പന’യ്ക്ക് സ്വർണപ്പതക്കം തന്നെ നൽകേണ്ടതാണ്. പങ്കാളികൾ തൊട്ടടുത്ത മാസംതന്നെ വേർപിരിയാൻ തീരുമാനിക്കുകയാണെങ്കിൽ അതും രജിസ്റ്റർ ചെയ്യണം. രജിസ്ട്രാർ ഒരു ‘‘സംക്ഷിപ്ത പരിശോധന’’ നടത്തേണ്ടതുണ്ട്. അങ്ങനെ രജിസ്ട്രേഷൻ നടപടിതന്നെ ദമ്പതികളുടെ ബന്ധത്തെപ്പറ്റിയുള്ള ‘‘അനേ-്വഷണത്തിനായി തുറന്നുകൊടുക്കപ്പെടുന്നു.’’ ‘‘സംശയാസ്പദമായി’’ എന്തെങ്കിലും കണ്ടെത്തിയാൽ രജിസ്ട്രാർ അക്കാര്യം പൊലീസിനെ അറിയിക്കേണ്ടതാണ്. ഇതിലും അക്രമാത്മകമായത്, രണ്ടു പങ്കാളികൾ ഒന്നിച്ചു താമസിക്കുകയാണെന്നും അവർ വിവാഹം രജിസ്റ്റർ ചെയ്തിട്ടില്ലെന്നുമുള്ള ഒരു ‘‘പരാതി’’ രജിസ്ട്രേഷൻ അതോറിറ്റിയ്ക്കു ലഭിച്ചാൽ ആ പരാതി ശ്രദ്ധിക്കുകയും അതിന്മേൽ നടപടിയെടുക്കുകയും വേണം എന്നതാണ്. സദാചാര പൊലീസിങ്ങിന് അനുമതി നൽകുന്ന വ്യക്തമായ നിയമനിർമാണമാണിത്. പൊതുഇടങ്ങളിൽ യുവദമ്പതികളെ ആക്രമിക്കുന്ന റോമിയോ സ്ക-്വാഡുകളും വാലെന്റൻ ദിന വിരുദ്ധ സ്-ക്വാഡുകളും പോലെ, ഒരുമിച്ചു താമസിക്കുന്ന യുവദമ്പതികൾ വിവാഹം രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്നുചോദിച്ച് അവരുടെ വീടുകളിൽ അതിക്രമിച്ചു കടക്കുന്ന തെമ്മാടികളും തെരുവു ഗുണ്ടകളും ഇനി നമുക്കുണ്ടാകും. ഒരു വ്യത്യാസം മാത്രം. ഇനിമുതൽ ഇത്തരം പ്രവൃത്തികൾക്ക് യൂണിഫോം സിവിൽ കോഡു പ്രകാരം നിയമത്തിന്റെ അനുമതിയും ഉണ്ടാകും. പ്രായപൂർത്തിയായവരുടെ,പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള ഭരണഘടനാപരമായ അവകാശത്തിന്മേലുള്ള നേരിട്ടുള്ള കടന്നാക്രമണമാണിത്. സ്വകാര്യതയ്ക്കുള്ള അവകാശത്തെ ഇത് അപഹസിക്കുന്നു എന്നു മാത്രമല്ല മനുഷ്യാവകാശങ്ങളുടെ നഗ്നമായ ലംഘനം കൂടിയാണിത്. ഇത് പ്രായപൂർത്തിയായ സ്ത്രീക്കുമേലുള്ള നിയന്ത്രണത്തിന്റെ പ്രയോഗമാണ്. മനുവാദി സമീപനത്തിന്റെ കാതലാണിത്. വിവാഹം രജിസ്റ്റർ ചെയ്യാതിരുന്നാൽ ശിക്ഷ 3 മാസംമുതൽ 6 മാസം വരെ ജയിൽവാസമാണ്. സംസ്ഥാനത്തിനുപുറത്തു താമസിക്കുന്ന പങ്കാളികളിലൊരാൾ ഉത്തരാഖണ്ഡ് സ്വദേശിയാണെങ്കിൽ കോഡിന്റെ നിരീക്ഷണക്കെെ അവരിലേക്കും നീളും. അവർ താമസിക്കുന്ന സ്ഥലത്തെ രജിസ്ട്രാറുമായി അവരുടെ ലീവ്–ഇൻ ബന്ധം രജിസ്റ്റർ ചെയ്യാൻ അവരോട് ആവശ്യപ്പെടുന്നു. കോഡ് അതിന്റെ തന്നെ അധികാരപരിധിയുടെ പോരായ്മ തിരിച്ചറിയുന്നുണ്ട്. അതുകൊണ്ട് ‘‘സംസ്ഥാനത്തിനുപുറത്ത് താമസിക്കുന്ന (378.2), ഉത്തരാഖണ്ഡുകാർക്ക് ലിവ് –ഇൻ ബന്ധത്തിന്റെ വിശദാംശങ്ങൾ അവർ താമസിക്കുന്ന സ്ഥലത്തുതന്നെ സമർപ്പിക്കാം’’ എന്ന പ്രസക്തമായ വ്യവസ്ഥയിലെ ഭാഷ തന്നെ അതിനനുസരിച്ച് മയപ്പെടുത്തിയിരിക്കുന്നു. താൻ എങ്ങനെ ജീവിക്കണമെന്നു തിരഞ്ഞെടുക്കാനുള്ള പ്രായപൂർത്തിയായ ഒരാളിന്റെ അവകാശത്തിന്മേലുള്ള ഭരണഘടനാ വിരുദ്ധമായ കടന്നാക്രമണമാണ‍് ഇതിന്റെ മൊത്തം സങ്കൽപ്പനവും. നമ്മുടെ നിയമപുസ്തകത്തിലിടമില്ലാത്ത മ്ലേച്ഛമായ കാര്യമാണിത്.
സ്വത്തും പിന്തുടർച്ചാവകാശങ്ങളും
നിലവിലുള്ള വ്യക്തിനിയമങ്ങളിൽ അനന്തരാവകാശികളെയും പിൻതുടർച്ചാവകാശത്തെയും സംബന്ധിച്ച് വ്യവസ്ഥാപിതമായ ചട്ടങ്ങളുണ്ട്. ഇത് ബാധകമായിട്ടുള്ള സമുദായങ്ങളുമായി ചർച്ച ചെയ്യാതെ യൂണിഫോം സിവിൽ കോഡ് അവയെയെല്ലാം ഒറ്റയടിക്ക് അസാധുവാക്കുന്നു. സ്ത്രീയ്ക്കും പുരുഷനും തുല്യാവകാശം ഉറപ്പുനൽകുന്നുവെന്ന് കോഡ് അവകാശപ്പെടുന്നുണ്ട്. പ്രതേ—്യകിച്ച് മുസ്ലീം സ്ത്രീകൾക്ക്. ഉത്തരാഖണ്ഡ് സിവിൽ കോഡ് മുസ്ലീം സമുദായത്തിലെ ആൺമക്കൾക്കും പെൺമക്കൾക്കും സ്വത്തിന്മേലുള്ള അവകാശം ഒരുപോലെ ഉറപ്പുനൽകുന്നു. മുസ്ലീം പെൺകുട്ടിക്ക് അവളുടെ സഹോദരന്മാർക്കു ലഭിക്കുന്ന സ്വത്തിന്റെ പകുതി മാത്രമേ നിലവിൽ ലഭിക്കൂ. പൂർവികസ്വത്തും സ്വയം ആർജിച്ചെടുത്ത സ്വത്തും തമ്മിലുള്ള നിലവിലെ അന്തരം ഇല്ലാതാക്കുമെന്നും കോഡ് അവകാശപ്പെടുന്നു. എന്നാൽ ഈ അവകാശവാദങ്ങളെല്ലാം വഞ്ചനാപരമാണ്. സ്വത്തു കെെവശമുള്ളയാൾക്ക് അയാളുടെ മുഴുവൻ സ്വത്തും അയാളുടെ ഇഷ്ടമനുസരിച്ച് കെെകാര്യം ചെയ്യുന്നതിനുള്ള അവകാശം കോഡ് നൽകുന്നു. പൂർവിക സ്വത്തിന്റെ കാര്യത്തിലെങ്കിലും ആൺമക്കൾക്കും പെൺമക്കൾക്കും തുല്യാവകാശം നൽകുന്ന, സ്ത്രീ പ്രസ്ഥാനങ്ങൾ നെടുനാളത്തെ പോരാട്ടത്തിലൂടെ നേടിയെടുത്ത, 2005ലെ ഹിന്ദു പിന്തുടർച്ചാവകാശത്തിലെ പരിഷ്കരണത്തെ കോഡ് റദ്ദു ചെയ്യുന്നു. നിലവിലെ ഒട്ടുമിക്ക വ്യക്തിനിയമങ്ങളും സ്ത്രീകൾക്ക് സ്വത്തിന്റെ ഒരുവിഹിതം ഉറപ്പുനൽകുന്നുണ്ട്. അതുപോലും നിഷേധിക്കുകയാണ് ഈ കോഡ്. പെൺമക്കളോടു പുലർത്തുന്ന പക്ഷപാതത്തിന് ഇപ്പോൾ ഒരിക്കൽക്കൂടി നിയമാനുമതി ലഭിച്ചിരിക്കുന്നു. അതായത് മുഴുവൻ സ്വത്തും പുരുഷ അവകാശിക്ക് വിട്ടുനൽകാനുള്ള അധികാരം ഈ കോഡ് നൽകുന്നു. കൃഷി ഭൂമിയുടെ കാര്യത്തിലാണ് ഇത് കൂടുതലായും സംഭവിക്കുന്നത്. പാരമ്പര്യസ്വത്തിൽ ഓഹരിയായി കൃഷി ഭൂമി അനന്തരാവകാശമായി ലഭിക്കുന്നത് പെൺമക്കൾക്കാണെങ്കിൽ അതിന്മേലുള്ള അവകാശം ഉപേക്ഷിക്കാൻ കുടുംബത്തിൽനിന്നുള്ള പുരുഷന്മാർ സമ്മർദം ചെലുത്താറുണ്ട്. പെൺമക്കൾക്ക് കൃഷി ഭൂമി ലഭിക്കാതിരിക്കൽ, കോഡ് കൂടുതൽ എളുപ്പമാക്കുന്നു. ഹിന്ദു കൂട്ടുകുടുംബങ്ങളുടെ അവകാശവുമായി ബന്ധപ്പെട്ട വിഷയത്തിൽ, മറ്റു സമുദായങ്ങൾക്കുമേൽ സവിശേഷാധികാരമുള്ള ഹിന്ദുക്കൾ ഊനം തട്ടാതെ നിലകൊള്ളുന്നതിനാൽ കോഡിൽ അതേപ്പറ്റി പരാമർശമില്ല. ധൃതിപിടിച്ച് തയ്യാറാക്കിയ ഈ കോഡ് സ്ത്രീകളെ സഹായിക്കുന്നതിനാണെന്ന് അവകാശപ്പെടുമ്പോൾ, യഥാർഥത്തിൽ അത് നിലവിലുള്ള അവകാശങ്ങളും സംരക്ഷണവും ഇല്ലാതാക്കുകയാണ്. കാരണം ഒരാൾക്ക് ലഭിക്കേണ്ട മുഴുവൻ സ്വത്തും ഇല്ലാതാക്കുന്നതിനുള്ള അവകാശം വ്യാപകമായ അനന്തരഫലങ്ങളുളവാക്കുന്ന മാറ്റമാണ്. വെെവാഹിക സ്വത്തിന്മേലുള്ള അവകാശം ദീർഘകാലമായി ഉന്നയിക്കപ്പെടുന്ന ഒരു ആവശ്യമാണ്. ഈ അവകാശം ഉൾപ്പെടുത്തുന്നതിനുള്ള ഒരവസരം കോഡിനെ സംബന്ധിച്ചുണ്ടായിരുന്നു. എന്നാൽ കോഡിന്റെ പ്രതിലോമപരമായ പ്രത്യയശാസ്ത്ര അടിത്തറമൂലം ഇത് അവഗണിക്കപ്പെട്ടു. സങ്കുചിത രാഷ്ട്രീയലക്ഷ്യം നിറവേറ്റുന്നതിനായി സ്വീകരിച്ച ഏറ്റവും മോശമായ വഴിയാണ് യൂണിഫോം സിവിൽകോഡ് നടപ്പാക്കൽ. ഇത് തട്ടിപ്പാണ്, വഞ്ചനയാണ്. ഇത് ഉഭയസമ്മതത്തോടെയുള്ള ബന്ധങ്ങളിന്മേൽ സർക്കാരിന്റെ അധികാരത്തെ കേന്ദ്രീകരിക്കുന്നു. ഇത് ഭരണഘടനാവിരുദ്ധമാണ്. എല്ലാ സമുദായങ്ങൾക്കും മേൽ ഇത് ഭൂരിപക്ഷത്തിന്റെ കാഴ്ചപ്പാട് അടിച്ചേൽപ്പിക്കുന്നു. സിപിഐ എം ഈ കോഡിനെ എതിർക്കുന്നു; പിൻവലിക്കണമെന്ന് ആവശ്യപ്പെടുന്നു. ♦