ഞങ്ങളൊന്നും കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയും മൂലധനവും വായിച്ചുകൊണ്ടല്ല പാർട്ടിക്കാരായതെന്ന് ചിലർ പറയാറുണ്ട്. വായിച്ചുപഠിച്ചതിനേക്കാൾ നന്നായി മാർക്‌സിസ്റ്റ് പ്രത്യയശാസ്ത്രം ജീവിതാനുഭവങ്ങളിലൂടെ പ്രയോഗിക്കാൻ പഠിച്ചവർ ധാരാളമുണ്ട്. എങ്കിലും മാർക്സിസത്തെക്കുറിച്ചുള്ള പ്രാഥമികമായ ധാരണകൾ രൂപപ്പെടുത്താൻ ഓരോ കമ്യൂണിസ്റ്റുകാരനും കഴിയേണ്ടതുണ്ട്. ആചാര്യന്മാരുടെ അടിസ്ഥാന ഗ്രന്ഥങ്ങൾ മുതൽ വിവർത്തനങ്ങൾ വരെയുള്ള മാർക്സിസ്റ്റ് സാഹിത്യ ലോകം വിപുലമാണെങ്കിലും വേഗത്തിൽ ഇക്കാര്യങ്ങൾ മനസ്സിലാക്കാവുന്ന ഒരു പുസ്തകമാണ് ‘മാർക്സിസം തുടക്കക്കാർക്ക്’. ഏതൊരു ജീവിതസന്ധിയെയും, പ്രശ്നത്തെയും വൈരുദ്ധ്യാത്മകവും ചരിത്രപരവുമായ പശ്ചാത്തലത്തിൽ നോക്കിക്കാണാൻ കഴിയുന്നവരായി മാറുമ്പോഴാണ് ഒരാൾ മാർക്സിസ്റ്റ് ആയിത്തീരുന്നത്. മാർക്സിസം എന്ന ശാസ്ത്രത്തെക്കുറിച്ചുള്ള അഗാധമായ പാണ്ഡിത്യംകൊണ്ടുമാത്രം കാര്യമുണ്ടാവുകയില്ല. മാർക്സിസത്തിന്റെ പഠനത്തോടൊപ്പം പ്രയോഗവും സാധ്യമാക്കാനാണ് നമുക്ക് കഴിയേണ്ടത്. മാർക്സിസത്തിന്റെ അടിസ്ഥാന ശാസ്ത്രസത്യങ്ങളെ എളുപ്പത്തിൽ മനസ്സിലാക്കാനും, വ്യക്തിജീവിതത്തിലും സാമൂഹ്യജീവിതത്തിലും എങ്ങനെയാണ് അത് പ്രയോഗിക്കേണ്ടത് എന്നതിനെ സംബന്ധിച്ച് വ്യക്തത നൽകുന്നതിനും നമ്മെ സഹായിക്കുകയും പിന്തുണയ്ക്കുകയും ചെയ്തതാണ് പ്രോഗ്രസ് പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച സഖാവ് ഇ.രാമചന്ദ്രന്റെ ‘മാർക്സിസം തുടക്കക്കാർക്ക് ‘ എന്ന പുസ്തകം.
അമാനവികവും, അനീതിപൂർണവുമായ മുതലാളിത്ത വ്യവസ്ഥയെ മാറ്റിമറിക്കേണ്ടതിന്റെ ചരിത്രപരമായ അനിവാര്യതയിൽനിന്നാണ് മാർക്സിസം രൂപമെടുത്തത്. അനുനിമിഷം വികസിച്ചുകൊണ്ടിരിക്കുന്നതും ഒരിക്കലും അവസാനിക്കാത്തതുമായ ഈ പഠനപ്രക്രിയ പ്രവർത്തനരഹിതമായിരുന്നുകൊണ്ട് പഠിക്കാൻ കഴിയുന്ന ഒന്നല്ല. സമൂഹത്തെ മാറ്റിമറിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തനസജ്ജരാകുന്നവർക്കുവേണ്ടിയുള്ള ഈ പഠനപ്രക്രിയ, കേവലജ്ഞാനാന്വേഷികൾക്കുള്ള ഒരു പഠനവിഷയം മാത്രമല്ലെന്നാണ് ചുരുക്കമെന്ന് എഴുത്തുകാരൻ ആമുഖമായി തന്നെ പുസ്തകത്തിൽ സൂചിപ്പിക്കുന്നുണ്ട്. ഭൗതികവാദവും, ആശയവാദവും തമ്മിലുള്ള വ്യത്യാസത്തെ സാങ്കേതികവിദ്യയുടെ പുതിയ കാലത്തെ ഉദാഹരണങ്ങൾ നിരത്തി വിശദീകരിക്കുമ്പോൾ പുതിയ തലമുറക്കാർക്കും ഇക്കാര്യങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിക്കും. ലോകം കണ്ടതിൽവെച്ച് ഏറ്റവും ശാസ്ത്രീയവും, വിപ്ലവാത്മകവുമായ തൊഴിലാളിവർഗ്ഗദർശനം വൈരുദ്ധ്യാത്മക ഭൗതികവാദമാണ്. അത് പിറവിയെടുക്കുന്നത് എങ്ങനെയാണെന്ന് ലളിതമായി നമുക്കിവിടെ വായിച്ചെടുക്കാനാവും. ഏതൊന്നിലും പരസ്പരവിരുദ്ധമായ രണ്ടു ഘടകങ്ങൾ ഉണ്ടെന്നും, ഇവ തമ്മിൽ ഒരേ സമയം ഐക്യത്തിലും സമരത്തിലും ആണെന്നും, വിരുദ്ധശക്തികളുടെ സംഘട്ടനമാണ് എല്ലാ മാറ്റത്തിന്റെയും കാരണമെന്നുമുള്ള വൈരുദ്ധ്യാത്മകദർശനമാണ് ഇവിടെ വിശദീകരിക്കുന്നത്; അതോടൊപ്പം എല്ലാം പരസ്പരബന്ധിതവും, എല്ലാം ചലനാത്മകവുമാണെന്ന് നമുക്ക് പരിചിതമായ ജീവിതാനുഭവങ്ങളിലൂടെ വിശദീകരിക്കാനാണ് ഇവിടെ ശ്രമിച്ചിട്ടുള്ളത്. അവനവനിസത്തിന്റെയും, അരാഷ്ട്രീയതയുടെയും പുതുകാല പ്രവണതകളെ പ്രതിരോധിക്കാനും, എന്റെ അസ്തിത്വം അനേകം ബന്ധങ്ങളാൽ നിർണിതവും, നിയന്ത്രിതവുമാണെന്ന തിരിച്ചറിവ് നൽകാനും, കേവല സ്വാതന്ത്ര്യം എന്നൊന്നില്ലെന്നും സ്വാതന്ത്ര്യം ആപേക്ഷികമാണെന്നുമുള്ള അറിവു നിർമ്മാണത്തിനും ഈ വിശദീകരണങ്ങളിലൂടെ നിശ്ചയമായും കഴിയുന്നുണ്ട്.
‘നിഷേധത്തിന്റെ നിഷേധം’ എന്ന നിയമത്തെക്കുറിച്ചും, അനുസ്യൂതം തുടരുന്ന ഈ പ്രക്രിയയെക്കുറിച്ചുമുള്ള അറിവിലൂടെ തുടർച്ചയായ പുതുക്കലിന്റെയും, മെച്ചപ്പെടുത്തലിന്റെയും മുന്നേറ്റത്തിന്റെയും രീതിയും നമുക്കു മനസ്സിലാക്കാനാവും. ഇന്നലെയുടെ തുടർച്ചയാണ് ഇന്ന്. എന്നാൽ ഇന്നലെയല്ല ഇന്ന്, അതിനാൽ ഇന്നലെയുടെ നിഷേധവുമാണ് ഇന്ന്, ഇന്നിന്റെ തുടർച്ചയായ നാളെയാകട്ടെ ഇന്നിനെ നിഷേധിച്ചാണ് പിറവിയെടുക്കുന്നത്. കൂടുതൽ മെച്ചപ്പെട്ട ഒരു ലോകം സാധ്യമാക്കേണ്ടതും, നാം ജീവിച്ചതിനേക്കാൾ മെച്ചപ്പെട്ട ഒരു ജീവിതം വരുന്ന തലമുറയ്ക്കായി രൂപപ്പെടുത്തേണ്ടതും എങ്ങനെയാണെന്നും ഇതിലൂടെ ലളിതമായി മനസ്സിലാക്കാനാവും. ഇങ്ങനെ ചലനത്തെയും, മാറ്റത്തെയും ശാസ്ത്രീയമായ സൂക്ഷ്മതയോടെയും കൃത്യതയോടെയും വിശദീകരിക്കുന്നതാണ് മാർക്സിസം. സാമൂഹ്യവികാസ പ്രക്രിയയിൽ വൈരുദ്ധ്യാത്മക ഭൗതികവാദം എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് അറിയാനാകുമ്പോഴാണ് മാർക്സിസം പുതിയൊരു ലോകക്രമത്തെ കെട്ടിപ്പടുക്കാൻ കഴിയുന്ന ശാസ്ത്രമാണെന്ന തിരിച്ചറിവ് നമുക്കുണ്ടാവുക. ഏതൊരു വസ്തുവും പ്രതിഭാസവും ആശയവും അതിനകത്തുള്ള വിപരീത ഘടകങ്ങളുടെ യോജിപ്പിന്റെയും, ഏറ്റുമുട്ടലിന്റെയും ഫലമായാണ് നിലനിൽക്കുന്നത്. ഇങ്ങനെ വിരുദ്ധ ശക്തികളുടെ പരസ്പര ബന്ധത്തിന്റെ അടിസ്ഥാനത്തിൽ പ്രപഞ്ചവികാസത്തെ നോക്കിക്കാണുന്ന രീതിയാണ് വൈരുദ്ധ്യാത്മക ഭൗതികവാദം. ഉത്പാദന ശക്തികളിലും, ഉൽപാദനബന്ധങ്ങളിലും ഉണ്ടാകുന്ന മാറ്റത്തെ തുടർന്ന് വർഗ്ഗസമരം മൂർച്ചിക്കുകയും പഴയ സാമൂഹ്യവ്യവസ്ഥയുടെ സ്ഥാനത്ത് കൂടുതൽ പുരോഗമിച്ച സാമൂഹ്യവ്യവസ്ഥ നിലവിൽ വരികയും ചെയ്യുന്നതെങ്ങനെയാണെന്ന് ‘കോഴിമുട്ടയിൽ നിന്ന് കോഴിക്കുഞ്ഞ് പുറത്തുവരുന്ന സന്ദർഭത്തെ’ അടിസ്ഥാനമാക്കി, വായിക്കുന്ന ആർക്കും മനസ്സിലാവുന്ന രീതിയിൽ പുസ്തകത്തിൽ വിശദീകരിക്കുന്നു.
പ്രാകൃത കമ്യൂണിസം, അടിമ-‐ഉടമ വ്യവസ്ഥ, ഫ്യൂഡലിസം, മുതലാളിത്തം എന്നീ സാമൂഹ്യ വ്യവസ്ഥകളുടെയെല്ലാം സ്വഭാവത്തെക്കുറിച്ച് വളരെ ചുരുക്കത്തിൽ പുസ്തകത്തിൽനിന്ന് വായിച്ചെടുക്കാനാവും. ‘‘മുതലാളിത്തം അതിന്റെ ശവക്കുഴി തോണ്ടുന്ന വർഗ്ഗത്തെയുംകൊണ്ടാണ് ഭൂമുഖത്ത് പിറവിയെടുത്തത്’’ എന്ന് മാർക്സ് ചൂണ്ടിക്കാട്ടിയതുപോലെ ഇതിന് തുടർച്ചയായി രൂപം കൊണ്ട സോഷ്യലിസവും മുതലാളിത്ത പ്രതിസന്ധിയും തുടർന്നുള്ള ഭാഗങ്ങളിൽ പുസ്തകത്തിൽ വിശദീകരിക്കുന്നുണ്ട്. ഉല്പാദിപ്പിക്കുന്നവൻ ഉപയോഗിക്കുന്നില്ല, ഉപയോഗിക്കുന്നവൻ ഉല്പാദിപ്പിക്കുന്നില്ല എന്ന കടങ്കഥയുടെ ഉത്തരമായ ചരക്കിനെക്കുറിച്ചും, അധ്വാനശക്തി വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന ഒരു ചരക്കായി മാറുന്നത് എങ്ങനെയാണെന്നും, അതുൽപ്പാദിപ്പിക്കുന്ന മിച്ചമൂല്യത്തെക്കുറിച്ചും, അധ്വാനശക്തിയെ വിലയ്‌ക്കു വാങ്ങി മാത്രം നിലനിൽക്കാനാവുന്ന മുതലാളിത്തത്തിന്റെ പ്രതിസന്ധികളെക്കുറിച്ചും സാധാരണയിൽനിന്നും വ്യത്യസ്തമായി നമുക്കിവിടെ എളുപ്പത്തിൽ വായിച്ചെടുക്കാനാവും. ലോകത്തുള്ള മുഴുവൻ ജനങ്ങൾക്കും സുഖമായി ജീവിക്കാൻ ആവശ്യമായ വിഭവങ്ങൾ എത്രയാണോ അത്രയും ഉത്പാദിപ്പിക്കപ്പെടുന്നതിനുള്ള ശാസ്ത്രസാങ്കേതികവിദ്യയും, ഉത്പാദനശക്തികളും വളർന്നുകഴിഞ്ഞിട്ടും ഇന്നും സമൂഹത്തിൽ നിലനിൽക്കുന്ന അസമത്വത്തെ മറികടക്കാനുള്ള സോഷ്യലിസ്റ്റ് കാഴ്ചപ്പാടിനെക്കക്കുറിച്ചും, തൊഴിലാളിവർഗ്ഗ നേതൃത്വത്തിൽ വിപ്ലവം നടത്തി അധികാരം സ്ഥാപിക്കുന്നതിലൂടെ മാത്രമേ സോഷ്യലിസം പ്രയോഗത്തിൽ വരുകയുള്ളൂ എന്ന യാഥാർത്ഥ്യത്തെക്കുറിച്ചും മനസ്സിലാക്കാൻ നമുക്ക് ഇവിടെ കഴിയും.
നിലവിലുള്ള വ്യവസ്ഥിതികളെ നിലനിർത്താൻ ഭരണകൂടം ശ്രമിക്കുന്നത് എങ്ങനെയാണെന്ന് അതിന്റെ വർഗ്ഗസ്വഭാവം തുറന്നുകാട്ടി വിശദീകരിക്കാനും പുസ്തകത്തിന് കഴിയുന്നുണ്ട്. ഭരണകൂടത്തിന്റെ വർഗ്ഗസ്വഭാവം സമ്പദ്‌വ്യവസ്ഥയിൽ ചൂഷണം എന്നതുപോലെ മറച്ചുവെക്കപ്പെടുന്നതെങ്ങനെയാണെന്ന് നമുക്കിവിടെ തിരിച്ചറിയാനാവും. ‘‘ഭരണകൂടം, – കോടതി, ജയിൽ, പൊലീസ്, പട്ടാളം, ഉദ്യോഗസ്ഥമേധാവിത്വം – ഒരു മർദ്ദനോപകരണമാണ്. ഭരിക്കുന്ന വർഗ്ഗത്തിന് അതിനെതിരായ വർഗ്ഗത്തെ അടിച്ചമർത്താനുള്ള ഉപകരണമാണ്’’. ലെനിന്റെ ഈ നിർവചനത്തോടെ ബൂർഷ്വാ പാർലമെന്ററി ജനാധിപത്യം ഉൾപ്പെടെയുള്ള എല്ലാ ഭരണകൂടങ്ങളുടെയും സ്വഭാവത്തെ ഇവിടെ വിശദീകരിക്കുന്നുണ്ട്. ജനജീവിതത്തെ കൂടുതൽ ദുരിതപൂർണമാക്കുന്ന നയങ്ങൾ നടപ്പിലാക്കുന്ന ഭരണകൂടതാൽപര്യങ്ങളെ നമുക്കിതിലൂടെ എളുപ്പത്തിൽ മനസ്സിലാക്കാനാവും. തൊഴിലാളി വർഗ്ഗം വിപ്ലവത്തിലൂടെ ഭരണയന്ത്രം പിടിച്ചെടുത്താൽ പോരാ, അതിനെ അടിച്ചുതകർക്കുകയും പുതിയൊരു ഭരണകൂടം സ്ഥാപിക്കുകയും വേണമെന്നാണ് ലെനിൻ പറഞ്ഞത്. വിപ്ലവാനന്തരം സ്ഥാപിക്കപ്പെടുന്ന അത്തരം ഭരണകൂടമാണ് തൊഴിലാളിവർഗ സർവാധിപത്യം. ഇതൊരു ജനാധിപത്യവിരുദ്ധ സങ്കല്പമല്ലേ എന്ന് സംശയിക്കുന്നവരും പ്രചരിപ്പിക്കുന്നവരും നമുക്കിടയിലുണ്ട്. തൊഴിലാളിവർഗ സർവ്വാധിപത്യം എന്നാൽ അധ്വാനിക്കുന്ന വർഗ്ഗത്തിന് ജനാധിപത്യവും, ചൂഷകവർഗ്ഗത്തിനുമേൽ സർവ്വാധിപത്യവുമാണ്. ചരിത്രത്തിൽ ആദ്യമായി ഭൂരിപക്ഷത്തിന്റെ ജനാധിപത്യം നിലവിൽ വരുന്നത് അങ്ങനെയാണ്. തൊഴിലാളിവർഗ സർവാധിപത്യം എന്ന വാക്കിനെ ചൊല്ലി അത് ജനാധിപത്യവിരുദ്ധമാണ് എന്ന ആക്ഷേപം ഉന്നയിക്കുന്നവർ ഭരണകൂടത്തിന്റെ ആവിർഭാവകാലം മുതൽ തന്നെ സമ്പന്ന മുതലാളിവർഗ്ഗത്തിന്റെ സർവാധിപത്യത്തെ അറിഞ്ഞോ, അറിയാതെ പിന്തുണയ്ക്കുകയാണ് ചെയ്യുന്നത്. തൊഴിലാളിവർഗ്ഗ സർവ്വാധിപത്യം ഭൂരിപക്ഷം ജനങ്ങളുടെ സർവാധിപത്യമാണെന്നും സമൂഹത്തിലെ ചെറുന്യൂനപക്ഷത്തിന്റെ സമൂഹവിരുദ്ധ താല്പര്യങ്ങളെ അടിച്ചമർത്തുന്നതാണെന്നുമുള്ള വസ്തുത നമ്മെ പഠിപ്പിക്കുക കൂടിയാണ് ഈ പുസ്തകം ചെയ്യുന്നത്.
സോവിയറ്റ് മോഡൽ സോഷ്യലിസ്റ്റ് പരീക്ഷണത്തിന്റെ പരാജയം മാർക്സിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെയോ, സോഷ്യലിസ്റ്റ് പരിപ്രേഷ്യത്തിന്റേയോ പരാജയമായി കണക്കാക്കാനാകില്ലെന്ന് അടിവരയിടുകയാണ് പുസ്തകം ചെയ്യുന്നത്. ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ ഒരിക്കൽ പരാജയപ്പെട്ടുവെന്നതുകൊണ്ട് കാർഡിയോളജി എന്ന ആരോഗ്യശാസ്ത്രശാഖ തെറ്റാണെന്ന് വരുന്നില്ലല്ലോ എന്നതുപോലെയാണ് ഇതെന്ന് പറയുമ്പോൾ ഓരോരുത്തർക്കും മാർക്സിസത്തിന്റെ പ്രയോഗരീതിയിലാണ് തെറ്റുപറ്റിയതെന്ന് വേഗത്തിൽ മനസ്സിലാവും. ബഹിരാകാശ ദൗത്യങ്ങൾ പരാജയപ്പെടുമ്പോൾ പരാജയകാരണങ്ങൾ അന്വേഷിക്കുകയും തിരുത്തുകയും ചെയ്യുന്നതുപോലെ മാർക്സിസം എന്ന ശാസ്ത്രവും ഇതുതന്നെയാണ് ചെയ്യുന്നതെന്ന് നമുക്ക് വ്യക്തമാവും. പ്രാകൃത കമ്യൂണിസത്തിൽ തുടങ്ങി കമ്യൂണിസം സാമൂഹ്യവികാസത്തിന്റെ സമഗ്രമായ ഘട്ടമായി മാറുന്നതുവരെയുള്ള ചരിത്ര വികാസഘട്ടങ്ങളെ വിലയിരുത്തിക്കൊണ്ട്, സ്വകാര്യസ്വത്ത് ഇല്ലാതാവുകയും, വർഗ്ഗങ്ങളും വർഗ്ഗവൈരുദ്ധ്യങ്ങളും സമൂഹത്തിൽനിന്ന് അപ്രത്യക്ഷമാവുകയും ലോകം ഒറ്റ സമൂഹമായിത്തീരുകയും ചെയ്യുമെന്ന ആശയത്തെ സംബന്ധിച്ച് ഓരോ വായനക്കാരനും ഉൾക്കൊള്ളാൻ കഴിയുംവിധം വ്യക്തമാക്കാനും മാർക്സിസ്റ്റായി തുടങ്ങാനുള്ള ഉൾക്കാഴ്ച്ച നൽകാനുമാണ് ഇവിടെ എഴുത്തുകാരൻ ശ്രമിക്കുന്നത്.
ഇന്ത്യയിലെ ഇടതുപക്ഷത്തിന്റെ വിപ്ലവപാതയെക്കുറിച്ചും, വഴിപിരിയലിനെക്കുറിച്ചും പുസ്തകം സംസാരിക്കുന്നുണ്ട്. പാർലമെന്ററി പാർലമെന്റേതരെ പ്രവർത്തനങ്ങളെ കൂട്ടിയിണക്കിക്കൊണ്ടുള്ള ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വിപ്ലവ പ്രവർത്തനാനുഭവങ്ങൾ ലോക വിപ്ലവ പ്രസ്ഥാനത്തിന് മുതൽക്കൂട്ട് തന്നെയാണെന്ന് നമുക്കിവിടെ വായിച്ചെടുക്കാനാവും. ബൂർഷ്വാ പാർലമെന്റിന്റെമേലുള്ള ഏതൊരു ഇടപെടലും ആത്യന്തികമായി കൂടുതൽ വികസിതമായ ജനകീയ ജനാധിപത്യത്തെ ലക്ഷ്യംവയ്ക്കുന്നതും, അതിനായുള്ള വർഗ്ഗമുന്നണി കെട്ടിപ്പടുക്കുന്നതിനുതകുന്നതും ആയിരിക്കണമെന്നും, അല്ലാത്തപക്ഷം മറ്റൊരു പരാജയപ്പെട്ട പരീക്ഷണമായി ഇന്ത്യൻ അനുഭവങ്ങൾക്കും അന്ത്യം വരിക്കേണ്ടി വരുമെന്നും ഇടതുപക്ഷത്തിന്റെ പാർലമെന്ററി രംഗത്തെ പ്രവർത്തനങ്ങളെ ചൂണ്ടിക്കാണിച്ചുകൊണ്ട് ഇവിടെ എഴുത്തുകാരൻ ഓർമ്മപ്പെടുത്തുന്നുണ്ട്. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ സോഷ്യലിസം മുതലാളിത്ത പ്രതിസന്ധികളുടെ പശ്ചാത്തലത്തിൽ എങ്ങനെ പ്രസക്തമാകുന്നു എന്ന് പഠിക്കാനും പ്രയോഗിക്കാനുമാണ് പുതിയ കാലത്തെ മാർക്സിസ്റ്റുകൾക്ക് കഴിയേണ്ടത്. മുതലാളിത്ത വ്യവസ്ഥയ്ക്ക് അന്ത്യം കുറിക്കുകയും, ‘സാമൂഹ്യമായ ഉൽപാദനത്തിന് സാമൂഹ്യമായ ഉടമസ്ഥത’ എന്ന അടിസ്ഥാനത്തിൽ സോഷ്യലിസ്റ്റ് വ്യവസ്ഥയ്ക്ക് രൂപം നൽകുകയുമാണ് പ്രതിസന്ധിക്കുള്ള ഏക പോംവഴിയെന്നും, മുതലാളിത്തത്തിന് ബദൽ ഉണ്ടെന്നും ആവർത്തിച്ചുറപ്പിക്കാനുള്ള പ്രാഥമിക പാഠങ്ങളാണ് ഈ പുസ്തകം നമുക്ക് തരുന്നത്.
ദൈനംദിന പാർട്ടി പ്രവർത്തനത്തിലൂടെ മാർക്‌സിസത്തെ സ്വന്തം സമൂഹത്തിൽ പ്രയോഗത്തിൽ വരുത്തുകയാണ് കമ്യൂണിസ്റ്റ് പ്രവർത്തകർ ചെയ്യുന്നത്. മാർക്സിസ്റ്റ് തത്വശാസ്ത്രം പഠിക്കാനും, പ്രചരിപ്പിക്കാനുമുള്ള ബാധ്യത ഓരോ കമ്യൂണിസ്റ്റുകാരനും ഉണ്ടെന്നിരിക്കേ അതിനെ സമൂഹത്തിൽ പ്രയോഗത്തിൽ വരുത്തുക മാത്രമല്ല, സ്വന്തം ജീവിതത്തിലും പ്രതിഫലിപ്പിക്കാൻ കഴിയേണ്ടതുണ്ടെന്ന ബോധ്യമാണ് ഈ പുസ്തകത്തിന്റെ വായനയിലൂടെ നമുക്ക് നേടിയെടുക്കാനാവുക. ക്ലാസ് റൂമിലെ പിഞ്ചു വിദ്യാർത്ഥിക്കുമുന്നിൽ മർദ്ദകനായി പ്രത്യക്ഷപ്പെടുന്ന അധ്യാപകൻ, അധികാര സ്ഥാനത്തിൽ കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥൻ, അനധികൃത മണൽ കടത്തിൽ പങ്കുപറ്റുന്ന ചുമട്ടുതൊഴിലാളി, – സ്വയം കമ്യൂണിസ്റ്റ് എന്ന അവകാശപ്പെടുന്നതുകൊണ്ടോ, ട്രേഡ് യൂണിയൻ സമരങ്ങളിൽ പങ്കെടുക്കുന്നത് കൊണ്ടോ മാർക്സിസ്റ്റ് ആവുന്നില്ലെന്ന് ഇ.ആർ.സി അടിവരയിടുന്നു. വീട് നിർമ്മാണം, വിവാഹ ചടങ്ങുകൾ, കുട്ടികളുടെ വിദ്യാഭ്യാസം, കുടുംബ ജനാധിപത്യം എന്നിവയിലെല്ലാം മാർക്സിസ്റ്റ് രീതിശാസ്ത്രം എങ്ങനെയാണ് പ്രയോഗിക്കേണ്ടത് എന്ന് ഉദാഹരണസഹിതം ഓർമ്മപ്പെടുത്തുക കൂടിയാണ് ഇവിടെ ചെയ്യുന്നത്. മുതലാളിത്ത വ്യവസ്ഥിതിക്കുള്ളിൽ ജീവിക്കുന്ന കമ്യൂണിസ്റ്റുകാർക്ക് സംഭവിക്കുന്ന അപചയങ്ങളെ എങ്ങനെയാണ് മറികടക്കേണ്ടതെന്ന് പഠിക്കാനുള്ള കൈപ്പുസ്തകം കൂടിയായി ഇത് പലപ്പോഴും മാറുന്നുണ്ട്. ഒരേസമയം വ്യവസ്ഥയ്ക്കു വിധേയമായി ജീവിക്കുകയും, അതേസമയം വ്യവസ്ഥയ്ക്കെതിരെ പോരാടുകയും ചെയ്യുന്ന ജീവിതത്തിലെ വൈരുദ്ധ്യാത്മകത ഉയർത്തിപ്പിടിക്കാനും, മൂർത്ത സാഹചര്യങ്ങളെ മൂർത്തമായി വിശകലനംചെയ്ത് നിഗമനങ്ങളിൽ എത്തിച്ചേരാനും നിലപാടുള്ളവരായി മാറാനുമുള്ള അടിസ്ഥാനപാഠാവലിയായി ‘മാർക്സിസം തുടക്കക്കാർക്ക്’ എന്ന ഈ പുസ്തകം ഉപയോഗപ്പെടുത്താവുന്നതാണ്. l