ഇന്ത്യ വിഭജനത്തിന്റെ മുറിവുകൾ ഏറ്റവും കൂടുതൽ ഏറ്റുവാങ്ങിയ പ്രദേശമാണ് ബംഗാൾ. സ്വാതന്ത്ര്യലബ്‌ധിക്കുശേഷം പശ്ചിമബംഗാളിൽ കോൺഗ്രസ് മന്ത്രിസഭയാണ് അധികാരമേറ്റത്. ഡോ. പ്രഫുല്ലചന്ദ്രഘോഷ് ആയിരുന്നു ആദ്യത്തെ മുഖ്യമന്ത്രി. 1947 ജൂൺ 20ന് ബംഗാൾ നിയമസഭയുടെ അവസാന സമ്മേളനം നടന്നു. ഈ സമ്മേളനം ബംഗാൾ വിഭജനത്തെ ഔപചാരികമായി അംഗീകരിച്ചു. കിഴക്കൻ ബംഗാളിൽനിന്ന് അഭയാർഥികളുടെ പ്രവാഹമാണ് ഉണ്ടായത്. 35 ലക്ഷം ജനങ്ങളാണ് അഭയാർഥികളായി അന്ന് പശ്ചിമബംഗാളിൽ എത്തിച്ചേർന്നത്. പിന്നീട് ചില അവസരങ്ങളിലായി എത്തിച്ചേർന്നവരെ കൂടി കണക്കാക്കിയാൽ ഏതാണ്ട് 70 ലക്ഷം കിഴക്കൻ ബംഗാളികളാണ് അഭയാർഥികളായി പശ്ചിമബംഗാളിൽ എത്തിച്ചേർന്നത്.
കോൺഗ്രസ് മന്ത്രിസഭ അധികാരത്തിൽ വന്ന് മൂന്നുമാസത്തിനകം പശ്ചിമബംഗാൾ പ്രത്യേകാധികാര ബിൽ നിയമസഭയിൽ അവതരിപ്പിച്ചു. തൊഴിലാളികളെയും എതിർ രാഷ്‌ട്രീയക്കാരെയും തടവിൽ പാർപ്പിക്കാൻ കഴിയുന്ന വ്യവസ്ഥകൾ ഉൾപ്പെട്ടതായിരുന്നു ഈ നിയമം. മുൻ സർക്കാർ പുറപ്പെടുവിച്ച ഓർഡിനൻസ്, കാര്യമായ മാറ്റങ്ങളില്ലാതെ അവതരിപ്പിക്കുകയായിരുന്നു പ്രഫുല്ലഘോഷ് മന്ത്രിസഭ. കമ്യൂണിസ്റ്റ് പാർട്ടിയും മുസ്ലിം ലീഗും കോൺഗ്രസിലെ ഒരുവിഭാഗവും ഇതിനെ ശക്തമായി എതിർത്തു. ബില്ലിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതിനായി സെലക്ട് കമ്മിറ്റിക്ക് വിട്ടു. ആ കമ്മിറ്റിയിൽ മുസ്ലിം ലീഗിന്റെയും കോൺഗ്രസിന്റെയും പ്രതിനിധികളെ ഉൾപ്പെടുത്തി. എന്നാൽ കമ്യൂണിസ്റ്റ് പാർട്ടിയെ തഴഞ്ഞു.
രാഷ്‌ട്രീയ എതിരാളികളെ കരുതൽ തടങ്കലിൽ പാർപ്പിക്കാൻ ഗവൺമെന്റിന് അധികാരം നൽകുന്ന വ്യവസ്ഥകൾ ഈ നിയമത്തിലുണ്ടായിരുന്നു. അതാണ് വാശിയോടെ കോൺഗ്രസ് ഗവൺമെന്റ് അവതരിപ്പിച്ചത്. ബിൽ നിയമസഭയിൽ ചർച്ചയ്‌ക്കെടുത്ത 1948 ജനുവരി അഞ്ചിന് പശ്ചിമബംഗാളിലൊട്ടാകെ സമരം ആരംഭിച്ചു. കൽക്കത്ത, ഹൗറ, 24 പർഗാനാസ് എന്നീ ജില്ലകളിലായി 90,000ൽ ഏറെ തൊഴിലാളികൾ പണിമുടക്കി. പൊലീസും കോൺഗ്രസ് ഗുണ്ടകളും ചേർന്ന് പണിമുടക്കിനെ പൊളിക്കാൻ സംസ്ഥാനത്തൊട്ടാകെ വ്യാപകമായ ആക്രമണങ്ങളാണ് അഴിച്ചുവിട്ടത്.
എന്നാൽ അക്രമങ്ങളെ അവഗണിച്ച് ബില്ലിനെതിരായ പ്രതിഷേധം സംസ്ഥാനമൊട്ടാകെ വ്യാപിച്ചു. സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളർ അതിശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നു. ഒരുലക്ഷത്തിലേറെ വിദ്യാർഥികൾ വിവിധ പ്രതിഷേധങ്ങളിൽ പങ്കെടുത്തു.
സഭയ്‌ക്കു പുറത്തെന്നപോലെ അകത്തും അതിശക്തമായി കമ്യൂണിസ്റ്റ് പാർട്ടി പോരാടി. ജ്യോതിബസുവും രത്തൻലാൽ ബ്രഹ്മനും മാത്രമേ കമ്യൂണിസ്റ്റ് പാർട്ടി അംഗങ്ങളായി ഉണ്ടായിരുന്നുള്ളൂ. എങ്കിലും അതിശക്തമായ പോരാട്ടം തന്നെ അവർ കാഴ്‌ചവെച്ചു. ബില്ലിന്റെ ഓരോ വകുപ്പിനും ജ്യോതിബസു ഭേദഗതികൾ അവതരിപ്പിച്ചു; ചിലതിന് ഒന്നിലേറെ ഭേദഗതികളും.
കമ്യൂണിസ്റ്റ് പാർട്ടിയുടെ മുഖപത്രമായ സ്വാധീനതയ്‌ക്ക് പരസ്യം നിഷേധിച്ചുകൊണ്ടാണ് സർക്കാർ പകവീട്ടിയത്. എന്നാൽ പ്രതിഷേധം ശക്തിപ്പെടുത്താനേ സർക്കാരിന്റെ നടപടികൾക്ക് സാധിച്ചുള്ളൂ.
കോൺഗ്രസ് അംഗങ്ങളുടെ മൃഗീയ ഭൂരിപക്ഷമുപയോഗിച്ച് ബിൽ നിയമമാക്കാൻ സർക്കാരിന് സാധിച്ചു. എന്നാൽ പ്രഫുല്ലഘോഷ് മന്ത്രിസഭയെ മാറ്റാൻ കോൺഗ്രസ് നിർബന്ധിതമായി. ഡോ. ബിധാൻചന്ദ്രറായിയാണ് പിന്നീട് മുഖ്യമന്ത്രിയായത്. ഗാന്ധിജിയുടെ നിർദേശമനുസരിച്ചായിരുന്നു ഈ മാറ്റം.
കമ്യൂണിസ്റ്റ് പാർട്ടിയുടെ രണ്ടാം കോൺഗ്രസ് 1948ൽ കൽക്കത്തയിൽ വച്ചാണല്ലോ ചേർന്നത്. ഫെബ്രുവരി 28 മുതൽ മാർച്ച് 6 വരെ നടന്ന സമ്മേളനത്തിൽ ബി ടി രണദിവെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. ഈ പാർട്ടി കോൺഗ്രസ് അംഗീകരിച്ച തീസിസിന്റെ പേരിൽ സർക്കാർ പാർട്ടിയെ നിരോധിച്ചു.
1948 മാർച്ച് 26ന് വെളുപ്പിനെ ജ്യോതിബസു താമസിച്ചിരുന്ന ഹിന്ദുസ്ഥാൻ പാർക്കിനു സമീപമുള്ള വീടിനു ചുറ്റും പൊലീസ് വളഞ്ഞു. നല്ല ഉറക്കത്തിലായിരുന്ന ബസുവിനെയും കുടുംബാംഗങ്ങളെയും വിളിച്ചുണർത്തി. ജ്യോതിബസുവിനെ അറസ്റ്റ് ചെയ്‌ത പൊലീസ് അദ്ദേഹത്തെ ആദ്യം സ്‌പെഷ്യൽ ബ്രാഞ്ച് ഓഫീസിലേക്ക് കെണ്ടുപോയി; തുടർന്ന് പ്രസിഡൻസ് ജയിലിലേക്കും. ജയിലിൽ നിരവധി സഖാക്കളെ കണ്ടുമുട്ടി.
പശ്ചിമബംഗാൾ സുരക്ഷിതത്വനിയമത്തിലെ വ്യവസ്ഥയനുസരിച്ച് അറസ്റ്റ് ചെയ്യപ്പെട്ട തടവുകാരുടെ മേലുള്ള കുറ്റാരോപണം മൂന്നുമാസത്തിലൊരിക്കൽ ഹൈക്കോടതി ജഡ്‌ജി അധ്യക്ഷനായ കമ്മിറ്റി പുനഃപരിശോധിക്കണമായിരുന്നു. ജ്യോതിബസുവിനുമേൽ ചുമത്തപ്പെട്ട കുറ്റങ്ങൾ ബാലിശമാണെന്ന് കണ്ട കമ്മിറ്റി അദ്ദേഹത്തെ മോചിപ്പിച്ചു. ജയിൽമോചിതനായ അദ്ദേഹം റെയിൽവേ തൊഴിലാളി യൂണിയനിൽ സജീവമായി പ്രവർത്തിച്ചു. പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു ആ സമയത്ത് എപ്പോഴും അദ്ദേഹം. എഐടിയുസി സമ്മേളനത്തിൽ പങ്കെടുക്കാൻ കൽക്കത്തയിൽനിന്ന് പുറപ്പെട്ട ജ്യോതിബസുവിനെ ഖരഗ്‌പൂർ റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ പൊലീസ് അറസ്റ്റ് ചെയ്‌തു. ഗവൺമെന്റിന്റെയും ഗവൺമെന്റിനെ അനുകൂലിക്കുന്ന ജഡ്‌ജിയുടെയും നിലപാടുമൂലം ഏതാനും ദിവസം ജയിലിൽ കിടക്കാൻ ബസു നിർബന്ധിതനായി. എന്നാൽ താമസിയാതെ അദ്ദേഹത്തെ വിട്ടയയ്‌ക്കാൻ അധികാരികൾ നിർബന്ധിതരായി.
ഒളിവിൽ പോകാതെ തെളിവിലാണ് തുടർന്ന് അദ്ദേഹം പാർട്ടി പ്രവർത്തനം നടത്തിയത്. ഒളിവിലിരിക്കുന്ന നേതാക്കൾക്കും നാട്ടിൽ പ്രവർത്തിക്കുന്ന സഖാക്കൾക്കും ഇടയിലെ കണ്ണിയായാണ് ശരിക്കും ജ്യോതിബസു പ്രവർത്തിച്ചത്.
1950 സെപ്‌തംബറിൽ പാർട്ടിയുടെ ഒരു രഹസ്യയോഗം കഴിഞ്ഞ് ജ്യോതിബസുവും നിരഞ്‌ജൻ സെൻഗുപ്‌തയും നടന്നുപോകുന്ന സമയം. പെട്ടെന്ന് വഴിതടഞ്ഞ് പൊലീസുകാർ ചുറ്റിനും നിന്നു. സ്‌പെഷ്യൽ ബ്രാഞ്ചിൽനിന്നുള്ള പൊലീസുകാരാണ് തങ്ങൾ എന്നറിയിച്ച പൊലീസ് ഉദ്യോഗസ്ഥർ ഇരുവരെയും അറസ്റ്റ് ചെയ്‌തതായി അറിയിച്ചു. ബസുവിനെയും ഗുപ്‌തയെയും ആദ്യം എസ്‌പി ഓഫീസിലേക്കും പിന്നീട് പ്രസിഡൻസി ജയിലിലേക്കും കൊണ്ടുപോയി. അവിടെനിന്ന് അധികം താമസിയാതെ ഡംഡം സെൻട്രൽ ജയിലിലേക്കാണ് കണ്ടേുപോയത്. അവിടെ പാർട്ടി നേതാക്കളായ പ്രമോദ്‌ദാസ് ഗുപ്‌ത, അബ്ദുൾ ഹലീം, അബ്ദുള്ള റസൂൽ, ഭൂപേശ് ഗുപ്‌ത, സരോജ് മുഖർജി തുടങ്ങിയവർ സഹതടവുകാരായുണ്ടായിരുന്നു. ഒരുവർഷക്കാലം ജയിലിൽ കിടന്ന ജ്യോതിബസുവിനെ ഹേബിയസ് കോർപ്പസ് പരാതിയിൽ ഹൈക്കോടതി ഉത്തരവിട്ടതിനെത്തുടർന്നാണ് മോചിപ്പിച്ചത്.
1950 ഫെബ്രുവരി 27 കമ്യൂണിസ്റ്റ് പാർട്ടിയുടെ പശ്ചിമബംഗാൾ ഘടകത്തെ സംബന്ധിച്ചിടത്തോളം സുപ്രധാനമായ ഒരു ദിവസമാണ്. കമ്യൂണിസ്റ്റ് പാർട്ടിയെ നിയമവിരുദ്ധമാക്കിയ സർക്കാർ നടപടി ഭരണഘടനാവിരുദ്ധമാണെന്ന് കൽക്കത്ത ഹൈക്കോടതി വിധിച്ചത് അന്നാണ്. അതോടെ പാർട്ടിക്കുമേലുള്ള നിരോധനം നീങ്ങി. പക്ഷേ അപ്പോഴും ജയിലിൽ കിടന്ന നേതാക്കളെ വീട്ടയയ്‌ക്കാൻ സർക്കാർ മടികാണിച്ചു. നേതാക്കളെയും പ്രവർത്തകരെ പലരെയും അറസ്റ്റ് ചെയ്‌ത് തടവിൽ പാർപ്പിക്കുന്ന രീതി തുടർന്നു. അനധികതമായി പാർട്ടി പ്രവർത്തകരെ തടവുകാരായി വെയ്‌ക്കുന്നതിനെതിരെ പാർട്ടിക്ക് ജനങ്ങളെ അണിനിരത്തി നിരവധി പോരാട്ടങ്ങൾ നടത്തേണ്ടിവന്നു.
1952 ജനുവരിയിലാണല്ലോ ഒന്നാം പൊതുതിരഞ്ഞെടുപ്പ് നടന്നത്. അതിനായി 1951 ഒക്ടോബർ മുതൽ കമ്യൂണിസ്റ്റ് പാർട്ടി ഒരുക്കം തുടങ്ങി. അപ്പോഴേക്കും പാർട്ടിയുടെ പശ്ചിമബംഗാൾ സംസ്ഥാനസമ്മേളനം നടന്നുകഴിഞ്ഞിരുന്നു. മുസഫർ അഹമ്മദാണ് പുതിയ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്. ജ്യോതിബസു സംസ്ഥാന കമ്മിറ്റിയിലേക്കും സെക്രട്ടറിയേറ്റിലേക്കും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
കോൺഗ്രസ് വിരുദ്ധ ഐക്യമുന്നണി രൂപീകരിച്ചാണ് കമ്യൂണിസ്റ്റ് പാർട്ട് തിരഞ്ഞെടുപ്പിനെ നേരിട്ടത്. ആർഎസ്‌പി ഒഴികെയുള്ള സോഷ്യലിസ്റ്റ് പാർട്ടികളെ ഒരേ കുടക്കീഴിൽ കൊണ്ടുവരാൻ കമ്യൂൂണിസ്റ്റ് പാർട്ടിക്ക് കഴിഞ്ഞു. കമ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർഥികളിൽ പലരും ജയിലിൽ കിടന്നുകൊണ്ടാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്.
24 പർഗാനാ ജില്ലയിലെ ബരാനഗർ നിയമസഭാ മണ്ഡലത്തിൽനിന്നാണ് ജ്യോതിബസു ജനവിധി തേടിയത്. അവിടെ പാർട്ടി സംഘടന ദുർബലമായിരുന്നു. എങ്കിലും പ്രചാരണം ശക്തമായതോടെ ആ ദൗർബല്യം മറികടക്കാൻ പാർട്ടിക്ക് സാധിച്ചു. തിരഞ്ഞെടുപ്പിൽ 54.2 ശതമാനം വോട്ടു നേടി ജ്യോതിബസു ഉജ്വലവിജയം കരസ്ഥമാക്കി. 71 മണ്ഡലങ്ങളിൽ മത്സരിച്ച കമ്യൂണിസ്റ്റ് പാർട്ടിക്ക് 28 സീറ്റുകളിൽ വിജയിക്കാൻ സാധിച്ചു. ജ്യോതിബസു നിയമസഭാകക്ഷി നേതാവായി ഏകകണ്‌ഠമായി തിരഞ്ഞെടുക്കപ്പെട്ടു. 9 പാർലമെന്റ് മണ്ഡലങ്ങളിൽ മത്സരിച്ചതിൽ അഞ്ചെണ്ണത്തിൽ വിജയിക്കാനും പാർട്ടിക്ക് സാധിച്ചു. പ്രതിപക്ഷത്തെ ഏറ്റവും വലിയ കക്ഷിയാകാൻ കമ്യൂണിസ്റ്റ് പാർട്ടിക്ക് സാധിച്ചു.
തിരഞ്ഞെടുപ്പിനു ശേഷം വിചാരണ കൂടാതെ തങ്കലിൽ പാർപ്പിച്ച രാഷ്‌ട്രീയ തടവുകാരെ വിട്ടയയ്‌ക്കാൻ ഗവൺമെന്റ് നിർബന്ധിതമായി. നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെ പുറപ്പെടുവിച്ച അറസ്റ്റ് വാറന്റുകൾ പിൻവലിക്കാനും സർക്കാർ തയ്യാറായി. ബാച്ച് ബാച്ചായാണ് നേതാക്കളെ ജയിലിൽനിന്ന് വിട്ടയച്ചത്. അവസാനത്തെ ബാച്ചിൽ വിട്ടയക്കപ്പെട്ടവരിലൊരാളാണ് സരോജ് മുഖർജി.
1953ൽ മധുര പാർട്ടി കോൺഗ്രസിനു മുമ്പായി പശ്ചിമബംഗാൾ സംസ്ഥാന സമ്മേളനം നടന്നു. പുതിയ സംസ്ഥാന സെക്രട്ടറിയായി ജ്യോതിബസുവാണ് തിരഞ്ഞെടുക്കപ്പെട്ടത്. 1954 ജനുവരിയിൽ നടന്ന മധുര കോൺഗ്രസിൽ ജ്യോതിബസു കേന്ദ്രകമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. അജയഘോഷ് ആണ് പാർട്ടി ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്. ജനറൽ സെക്രട്ടറിയെ കൂടാതെ ഇ എം എസ്, എസ് എ ഡാങ്കേ, പി രാമമൂർത്തി, പി സുന്ദരയ്യ, ഡോ. രണെൻ സെൻ, ഇസഡ് എ അഹമ്മദ്, സി രാജേശ്വരറാവു, ഹർകിഷൻസിങ് സുർജിത് എന്നിവരാണ് പൊളിറ്റ് ബ്യൂറോ അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടത്.
1956 ഇന്ത്യയിലൊട്ടാകെ വിശേഷിച്ച് പശ്ചിമബംഗാളിൽ വൻതോതിലുള്ള വിലക്കയറ്റമാണ് ഉണ്ടായത്. എന്നുമാത്രമല്ല അവശ്യസാധനങ്ങൾ ലഭ്യമാകാത്ത അവസ്ഥയും സംജാതമായി. അതിനെതിരെ വമ്പിച്ച പ്രതിഷേധമാണ് ജ്യോതിബസുവിന്റെ നേതൃത്വത്തിൽ നടന്നത്. നിയമസഭയുടെ മുന്നിൽ 10,000ൽ ഏറെ തൊഴിലാളികൾ അണിനിരന്ന പ്രകടനം നടന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ പ്രകടനത്തെ നയിച്ചത് ജ്യോതിബസു ആയിരുന്നു.
വിലക്കയറ്റത്തിനെതിരെ നടന്ന പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിലാണ് രണ്ടാം പൊതുതിരഞ്ഞെടുപ്പ് നടന്നത്. കോൺഗ്രസിനെതിരെ ഇടതുപക്ഷ ഐക്യമുന്നണിയാണ് മത്സരിച്ചത്. കമ്യൂണിസ്റ്റ് പാർട്ടി നേതൃത്വം നൽകിയ ആ മുന്നണിക്കും മുന്നണി പിന്തുണച്ച സ്വതന്ത്രർക്കും കൂടി 81 സീറ്റിൽ വിജയിക്കാൻ സാധിച്ചു. മുൻ തിരഞ്ഞെടുപ്പിൽ 28 സീറ്റ് ലഭിച്ച കമ്യൂണിസ്റ്റ് പാർട്ടിക്ക് ഈ തിരഞ്ഞെടുപ്പിൽ 46 സീറ്റുകൾ നേടാൻ കഴിഞ്ഞു. പാർട്ടിയുടെ അഞ്ച് സ്വതന്ത്രന്മാരും വിജയിച്ചു. ബരാനഗറിൽവിന്ന് ജ്യോതിബസു നല്ല ഭൂരിപക്ഷത്തോടെ വീണ്ടും വിജയിച്ചു.
തിരഞ്ഞെടുപ്പ് കഴിഞ്ഞതിനുശേഷം ഭക്ഷ്യ വിലക്കയറ്റവും ഭക്ഷ്യക്ഷാമവും രൂക്ഷമായി. കോൺഗ്രസ് സർക്കാരിന് പൂഴ്‌ത്തിവെപ്പുകാരെയും കരിഞ്ചന്തക്കാരെയും നേരിടാൻ സാധിച്ചില്ല. 1957 ആഗസ്‌ത് 31 ആയപ്പോഴേക്കും പ്രക്ഷോഭം അക്രമാസക്തമായി. ഗവൺമെന്റ് അതിനെതിരെ ശക്തമായ ആക്രമണം അഴിച്ചുവിട്ടു; പട്ടിണികൊണ്ടു പൊറുതിമുട്ടിയ ജനങ്ങൾക്കുനേരെ ലാത്തിയും വെടിയുണ്ടയും പ്രയോഗിച്ചു. 28 പേർ രക്തസാക്ഷികളായി.
ഇന്ത്യ‐ചൈന സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് ബംഗാളിൽ 1962ൽ മൂന്നാം പൊതുതിരഞ്ഞെടുപ്പ് നടന്നത്. മുൻ തിരഞ്ഞെടുപ്പിലെ പോലെ ഇടതുപക്ഷ പാർട്ടികളെയെല്ലാം ഒരു കുടക്കീഴിൽ കൊണ്ടുവരാൻ ബസു പരമാവധി ശ്രമിച്ചു. എന്നാൽ പിഎസ്‌പിയും എസ്‌യുസിഐയും അതിനു തയ്യാറായില്ല. ഈ തിരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ് പാർട്ടി വീണ്ടും നില മെച്ചപ്പെടുത്തി. 262 അംഗ നിയമസഭയിൽ പാർട്ടിക്ക് 50 സീറ്റിൽ വിജയിക്കാൻ കഴിഞ്ഞു. പാർട്ടി നേതൃത്വം നൽകിയ മുന്നണിക്ക് 78 സീറ്റ് നേടാനും സാധിച്ചു. ബരാനഗർ മണ്ഡലത്തിൽനിന്ന് ബസു മൂന്നാമതും തിരഞ്ഞെടുക്കപ്പെട്ടു. ഇത്തവണ 13,412 വോട്ടിന്റെ വൻ ഭൂരിപക്ഷത്തിലാണ് അദ്ദേഹം വിജയിച്ചത്.
1962 ഒക്ടോബർ‐നവംബർ ആയപ്പോഴേക്കും ഇന്ത്യ‐ചൈന അതിർത്തിത്തർക്കം യുദ്ധത്തിൽ കലാശിച്ചു. ആയിടയ്‌ക്ക് ബംഗാളിൽ രണ്ടു മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണവേളയിൽ ബസു നടത്തിയ പ്രസംഗം മാധ്യമങ്ങളും ഗവൺമെന്റും ചേർന്ന് വിവാദമാക്കി. കമ്യൂണിസ്റ്റുകാർ വേട്ടയാടപ്പെടുന്ന സമയമായിരുന്നു അത്. ഗവൺമെന്റ് തിരഞ്ഞെടുപ്പ് റദ്ദാക്കി. ബസുവിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. ഡംഡം സെൻട്രൽ ജയിലിലാണ് വീണ്ടും അദ്ദേഹത്തെ പാർപ്പിച്ചത്. 1963 ഡിസംബറിലാണ് അദ്ദേഹത്തെ മോചിപ്പിച്ചത്.
റദ്ദാക്കപ്പെട്ട ഉപതിരഞ്ഞെടുപ്പ് അപ്പോഴേക്ക് നടത്താൻ സർക്കാർ തയ്യാറായി. രണ്ടു മണ്ഡലങ്ങളിലും കമ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർഥികൾ വിജയിച്ചു. ഇത് പാർട്ടി നേതാക്കളുടെയും പ്രവർത്തകരുടെയും ആത്മവിശ്വാസം വർധിപ്പിച്ചു. l
(തുടരും)