Tuesday, June 18, 2024

ad

Homeമുഖപ്രസംഗംസുപ്രീംകോടതിക്ക് മേലെയോ മോദി സർക്കാർ?

സുപ്രീംകോടതിക്ക് മേലെയോ മോദി സർക്കാർ?

രേന്ദ്രമോദി നയിക്കുന്ന ബിജെപി സർക്കാർ പുലർത്തിവരുന്ന രാഷ്ട്രീയപക്ഷപാതത്തിന്റെയും നീതിനിഷേധത്തിന്റെയും അനിഷേധ്യമായ തെളിവുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ വിവിധ സന്ദർഭങ്ങളിലായി വെളിപ്പെട്ടിരിക്കുന്നത്. തിരഞ്ഞെടുപ്പു കമ്മിഷൻ സംശയാതീതമായി നിഷ്പക്ഷമാകണമെന്നാണ് ജനാധിപത്യ വ്യവസ‍്ഥയിൽ പൊതുവെ അംഗീകരിക്കപ്പെടുന്ന തത്വം. അതിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പു കമ്മിഷൻ അംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള മൂന്നംഗ സമിതിയിൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ അംഗമാക്കണമെന്ന് ഭരണഘടനാ ബെഞ്ച് 2023 മാർച്ചിൽ വിധിച്ചത്. അത് തള്ളിയാണ് പ്രധാനമന്ത്രി, പ്രതിപക്ഷനേതാവ്, പ്രധാനമന്ത്രി നിർദ്ദേശിക്കുന്ന മറ്റൊരു മന്ത്രി എന്നിവർ ഉൾപ്പെടുന്ന സമിതിയെ ഉൾപ്പെടുത്തി പാർലമെന്റിൽ നിയമഭേദഗതി വരുത്തിയത്. മോദി സർക്കാരിന്റെ ലക്ഷ്യം വളരെ വ്യക്തമാണ്. തിരഞ്ഞെടുപ്പ് കമ്മിഷനെ നിയമിക്കുന്നതിൽ നിഷ്പക്ഷത ഒരു തരത്തിലും വരാൻ പാടില്ല. കേന്ദ്ര ഭരണകക്ഷിയുടെ ഇച്ഛയ്ക്കൊത്തവിധം മാത്രമേ തിരഞ്ഞെടുപ്പു കമ്മിഷൻ അംഗങ്ങളെ നിയമിക്കാൻ പാടുള്ളൂ. അത്തരത്തിലായിരിക്കണം കമ്മിഷന്റെ പ്രവർത്തനവും.

ഇത്തരത്തിൽ നിയമം ഭേദഗതി ചെയ്തതിന് എതിരായി സുപ്രീംകോടതിയിൽ കേസ് വന്നപ്പോൾ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ഈ സമിതിയിൽ അംഗമാക്കുന്നതിനെ തീർത്തും എതിർത്തിരിക്കുകയാണ് കേന്ദ്ര സർക്കാർ. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഉണ്ടായാൽ മാത്രമേ നിയമന സമിതി നിഷ്പക്ഷമാകുകയുള്ളൂ എന്ന വാദം തെറ്റാണ് എന്നത്രെ മോദി സർക്കാർ സുപ്രീംകോടതിയിൽ ഇത് സംബന്ധിച്ച് സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നത്. മോദിക്കും ബിജെപിക്കും അവരുടേതായ നീതി ബോധമാണുള്ളത്. അതിനാൽ രാജ്യം ഭരണഘടന നിലവിൽവന്നശേഷമുള്ള കഴിഞ്ഞ 74 വർഷമായി പൊതുവിൽ അംഗീകരിച്ചുവരുന്ന നീതിബോധം ബിജെപിക്കും അതിനെ നയിക്കുന്നവർക്കും ഇല്ല. അതുകൊണ്ടാണ് അവർക്ക് ചീഫ് ജസ്റ്റിസ് അംഗമായ സമിതി നിഷ്പക്ഷമായിരിക്കും എന്ന് അംഗീകരിക്കാൻ കഴിയാത്തത്. ബിജെപിക്കാരായവരുടെ സ്വന്തക്കാർ അംഗങ്ങളായാലേ അവർക്ക് തിരഞ്ഞെടുപ്പു കമ്മിഷൻ നിഷ്പക്ഷമാകൂ. ‘‘അനന്തന്റെ നാട്ടിൽ അനന്തായ നമഃ’’ എന്ന പഴയ ചൊല്ലിനെ ഓർമിപ്പിക്കുന്നു ബിജെപി ഉന്നയിക്കുന്ന ഈ വാദഗതി.

തിരഞ്ഞെടുപ്പ് കമ്മിഷനിലേക്ക് ഒരാളെ നിയമിച്ചു. അദ്ദേഹം ചുമതലയേറ്റ് ചുരുങ്ങിയ കാലത്തിനകം രാജിവെച്ചു. അതിന് ഒരു കാരണം ഉണ്ടായിരിക്കുമല്ലോ. അത് ഉത്തരവാദപ്പെട്ടവർ വെളിപ്പെടുത്തിയിട്ടില്ല ഇതുവരെ. അത് അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ട്. തിരഞ്ഞെടുപ്പു കമ്മിഷനിൽ അംഗമായിരിക്കാൻ യോഗ്യനാണ് എന്നു കണ്ടായിരിക്കണമല്ലോ അദ്ദേഹത്തെ നിയമിച്ചത്. അദ്ദേഹം ചുമതലയേറ്റ് ഏതാനും ദിവസം പ്രവർത്തിച്ചശേഷമാണ് രാജിവെച്ചൊഴിഞ്ഞത്. അതിന് എന്താണ് പ്രകോപനം, കാരണം എന്ന് അറിയാനുള്ള അവകാശം ജനങ്ങൾക്കുണ്ട്. തിരഞ്ഞെടുപ്പു കമ്മിഷൻ വളരെ ഉത്തരവാദപ്പെട്ട സമിതിയാണ്. അതിൽ അംഗമായി നിയമിക്കപ്പെടുന്നത് കുട്ടിക്കളിയല്ല. എന്തുകൊണ്ടാണ് കമ്മിഷൻ അംഗം രാജിവെച്ചത്? തിരഞ്ഞെടുപ്പു കമ്മിഷനിലെ അന്തരീക്ഷം സുഖകരമല്ലാഞ്ഞിട്ടോ, അതോ ഏറ്റെടുത്ത ജോലി തൃപ്തികരമായി നിർവഹിക്കാൻ തനിക്കു കഴിയില്ല എന്നു ബോധ്യപ്പെട്ടതുകൊണ്ടോ? തിരഞ്ഞെടുപ്പു കമ്മിഷൻ രാജ്യത്തെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട സമിതിയാണ്. അതിലേക്കുള്ള നിയമനം സുതാര്യമായിരിക്കണം. അത് നിഷ്പക്ഷമായിരിക്കും എന്നുറപ്പു വരുത്തണം. കമ്മീഷൻ അംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള സംവിധാനവും അത്തരത്തിലായിരിക്കണം.

ഇത്തരം സംഭവവികാസങ്ങളെക്കുറിച്ച് മോദി സർക്കാരിനു അതിന്റേതായ വിശദീകരണം ഉണ്ടാകണം. അതാണല്ലോ ഒഴിവുകളിൽ നിയമിക്കാൻ അർഹരായവരെ കണ്ടുപിടിച്ചു നിയമിച്ചത്. കമ്മിഷൻ അംഗങ്ങളിൽ ഒരാൾ പെട്ടെന്നു രാജിവെച്ചൊഴിഞ്ഞത് എന്തുകൊണ്ടാണ് എന്ന ചോദ്യം സ്വാഭാവികമായും ഉയരും. ആ സംശയം നിവൃത്തിക്കാനുള്ള ഉത്തരവാദിത്വം മോദി സർക്കാരിനുണ്ട്. എന്തുകൊണ്ടാണ് ഇപ്പോൾ ഈ മാറ്റങ്ങൾ വരുത്തിയത്, അതിനു നിദാനമായ കാരണങ്ങൾ ഏവ എന്നിവ വിശദീകരിക്കേണ്ട ഉത്തരവാദിത്വം സർക്കാരിനുണ്ട്. അത് അവർ നിർവഹിച്ചേ തീരൂ.

അതുപോലെതന്നെ പ്രധാനമാണ് റോഹിൻഗ്യൻ മുസ്ലിങ്ങളെ അഭയാർഥികളായി പരിഗണിക്കാനാവില്ല എന്ന നിലപാട് സുപ്രീംകോടതിയിൽ മോദി സർക്കാർ കെെക്കൊണ്ടതിനുള്ള കാരണം. 1947ൽ ആഗസ്ത് 15ന് ഇന്ത്യ ഒരു രാഷ്ട്രമായി നിലവിൽവന്നശേഷം പാകിസ്താൻ, തിബത്ത്, ശ്രീലങ്ക, നേപ്പാൾ, ബംഗ്ലാദേശ് എന്നിങ്ങനെ നിരവധി രാജ്യങ്ങളിൽനിന്നു പല കാലങ്ങളിലായി നിരവധി പേർ അഭയാർഥികളായി വന്നിട്ടുണ്ട്. ആദ്യം പാകിസ്താൻകാർ വന്നപ്പോൾ അവരെ അത്തരത്തിൽ അംഗീകരിക്കണമെന്ന് മഹാത്മാഗാന്ധി പറഞ്ഞിരുന്നു. അഭയാർഥികളായി വരുന്നവർ ആരായാലും അവരെ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ എക്കാലത്തും മറ്റ് എവിടെ നിന്നും വരുന്ന അഭയാർഥികളെ സ്വീകരിച്ചിട്ടുണ്ട്. ആവശ്യമുള്ള കാലത്തോളം ഇന്ത്യയിൽ കഴിയാൻ അവർക്ക് അനുമതി നൽകിയിട്ടുമുണ്ട്. പെെതൃകമായ ആ സമീപനത്തിൽനിന്നു തികച്ചും വ്യത്യസ്തമായാണ് ബിജെപി സർക്കാർ രോഹിൻഗ്യൻ അഭയാർഥികളുടെ കാര്യത്തിൽ നിലപാട് കെെക്കൊണ്ടിരിക്കുന്നത്.

തടങ്കലിൽ പാർപ്പിച്ചിട്ടുള്ള റോഹിൻഗ്യൻ അഭയാർഥികളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മാധ്യമ പ്രവർത്തകയായ പ്രിയലിസൂർ കോടതിയിൽ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയോട് പ്രതികരിച്ചുകൊണ്ട് മോദി സർക്കാർ സുപ്രീംകോടതിയിൽ ബോധിപ്പിച്ചത് അനധികൃത കുടിയേറ്റക്കാരെ രാജ്യത്ത് തങ്ങാനോ സ്ഥിരമായി പാർപ്പിക്കാനോ അനുവദിക്കാൻ കഴിയില്ല എന്നാണ്. ഇക്കാര്യം കേന്ദ്ര സർക്കാരിന്റെ വിവേചനാധികാരത്തിൽപെടുന്നതാണെന്നും പുറത്തുനിന്നുള്ള ഇടപെടൽ അനുവദിക്കാനാവില്ല എന്നുമാണ് മോദി സർക്കാരിന്റെ നിലപാട്.

ഇത് സംബന്ധിച്ച് കോടതിയിൽ കേസു വന്നപ്പോൾ സർക്കാർ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നത് ഇങ്ങനെ: ‘‘ആർക്കൊക്കെ അഭയാർഥി പദവി നൽകണം, നൽകരുത് തുടങ്ങിയ കാര്യങ്ങൾ സർക്കാരിന്റെ നയപരമായ തീരുമാനത്തിനു വിധേയമാണ്. കോടതി ഉത്തരവിലൂടെ ഒരു വിഭാഗത്തിനും അഭയാർഥി പദവി അനുവദിക്കാനാവില്ല’’. ഇവരെ അഭയാർഥികളായി അംഗീകരിക്കാൻ ഇന്ത്യയെ നിർബന്ധിതമാക്കുന്ന നിയമവ്യവസ്ഥകളോ മുൻകാല വഴക്കങ്ങളോ ഒന്നുമില്ല.’’ ബിജെപി സർക്കാരിനെ സംബന്ധിച്ചിടത്തോളം ഇവരെ സ്വീകരിക്കാതിരിക്കാൻ പറയാവുന്ന കാര്യം ഇവർ മുസ്ലീങ്ങളാണ് എന്നതാണ്. അതും മ്യാൻമറിലെ സാമൂഹ്യമായും സാമ്പത്തികമായും ഏറ്റവും പിന്നണിയിൽ കിടക്കുന്ന ഒരു വിഭാഗം. മ്യാൻമർ പതിറ്റാണ്ടുകളായി പട്ടാള മേധാവിത്വത്തിൻകീഴിലാണ്. അവർക്കു വേണ്ടാത്തവരെയെല്ലാം അവർ ആട്ടിയോടിക്കുന്നു. ഭക്ഷണമോ പാർപ്പിടമോ മറ്റു സൗകര്യങ്ങളോ ഒന്നും ലഭിക്കാത്തവരും തീർത്തും പട്ടിണിപ്പാവങ്ങളുമാണ് ഈ വിഭാഗം.

അയൽരാജ്യങ്ങളിൽനിന്ന് അഭയാർഥികളായി വരുന്ന ഹിന്ദുക്കൾ, ബുദ്ധമതക്കാർ, ക്രിസ്ത്യാനികൾ, സിഖുകാർ, പാഴ്സികൾ എന്നിങ്ങനെയുള്ള വിഭാഗങ്ങളെ അഭയാർഥികളായി സ്വീകരിക്കാം എന്നാണ് മോദി സർക്കാരിന്റെ നിലപട്. മുസ്ലീങ്ങളെ ഒരിക്കലും അംഗീകരിക്കാനാവില്ല എന്നും. ഏറ്റവും നിന്ദിതരും പീഡിതരുമാണ് റോഹിൻഗ്യൻ ജനത. അഭയാർഥികൾ എന്ന നിലയിൽ സ്ഥായിയായിട്ടല്ലെങ്കിൽ കൂടി പരിഗണിക്കേണ്ട വിഭാഗങ്ങളിൽ ആദ്യം പരിഗണിക്കപ്പെടേണ്ടവർ. പക്ഷേ, മോദി സർക്കാർ പ്രശ്നത്തെ സമീപിക്കുന്നത് മനുഷ്യത്വപരമായല്ല, മതത്തിന്റെ സങ്കുചിത വീക്ഷണത്തോടെയാണ്. അഭയം അനേ-്വഷിക്കുന്ന നിസ്സഹായർക്ക് ഒരു പരിഗണനയുമില്ല മോദി വാഴ്ചയിൽ. ഇത് അംഗീകരിക്കാനാവില്ല. അതിലും പ്രധാനമാണ് തങ്ങളുടെ ഈ തീരുമാനത്തിൽ സുപ്രീംകോടതി ഇടപെടരുത് എന്ന മോദി സർക്കാരിന്റെ വാദം. സുപ്രീംകോടതിയുടെ ഇടപെടലിലുള്ള മോദി സർക്കാരിന്റെ അസ്വസ്ഥതയുടെ പ്രകടനമാണ് ഇത്. തങ്ങൾ പറയുന്നതായിരിക്കണം ഏതു കാര്യത്തിന്റെയും അവസാനവാക്ക് എന്ന സേ-്വച്ഛാധിപത്യപരവും ധിക്കാരം നിറഞ്ഞതുമായ നിലപാടാണ് മോദി സർക്കാരിന്റേത്. ഇത് ചെറുക്കപ്പെടേണ്ടതാണ്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

three + seven =

Most Popular