Monday, September 9, 2024

ad

Homeമുഖപ്രസംഗംലോകം എങ്ങോട്ട്?

ലോകം എങ്ങോട്ട്?

2024 ലോകത്ത് തിരഞ്ഞെടുപ്പുകളുടെ വർഷമായാണ് ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്നത്. ഈ വർഷം ജനുവരിയിൽ തുടങ്ങി ഡിസംബറിൽ എത്തുമ്പോൾ നൂറോളം രാജ്യങ്ങളിലായി 200 കോടിയിലധികം വോട്ടർമാർ (ജനസംഖ്യയല്ല) തങ്ങളുടെ സമ്മതിദാനാവകാശം രേഖപ്പെടുത്തും. ജനസംഖ്യയുടെ കാര്യത്തിൽ ലോകത്ത് മുൻനിരയിലുള്ള 10 രാജ്യങ്ങളിൽ 8 എണ്ണത്തിലും ഈ വർഷം തിരഞ്ഞെടുപ്പ് നടക്കും. ടെെം മാഗസിന്റെ 2024 ജൂലെെ ഒന്നിന്റെ ലക്കത്തിൽ പറയുന്നത് ലോകത്താകെ ബാലറ്റ് പെട്ടിയിലൂടെ മാറ്റത്തിന്റെ സുനാമിയാകും 2024 എന്നാണ്.

ലോകത്ത് ഇതിനകം നാൽപ്പതിലേറെ രാജ്യങ്ങളിൽ തിരഞ്ഞെടുപ്പ് നടന്നു. 2024 ജനുവരി 7ന് ബംഗ്ലാദേശാണ് ഈ തിരഞ്ഞെടുപ്പ് ശൃംഖലയിലെ ആദ്യ കണ്ണിയായത്. ഇതെഴുതുമ്പോൾ അവസാനമായി ഈ ശൃംഖലയിൽ കണ്ണികളായത് ജൂലെെ 15ന് തിരഞ്ഞെടുപ്പ് നടന്ന ആഫ്രിക്കയിലെ റുവാണ്ടയും പശ്ചിമേഷ്യയിലെ സിറിയയുമാണ്. ഇനി ഈ മാസം അവസാനം (ജൂലെെ 28) വെനസേ-്വലയിലും തിരഞ്ഞെടുപ്പ് നടക്കും. ഇതിനകം തിരഞ്ഞെടുപ്പ് നടന്ന രാജ്യങ്ങളിൽ 26 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള 11,000ത്തിലധികം മാത്രം ജനസംഖ്യയുള്ള പസഫിക് ദ്വീപ് സമൂഹവും 61 ചതുരശ്ര കിലോമീറ്റർ വിസ്തീർണവും മുപ്പത്തിനാലായിരത്തോളം ജനസംഖ്യയുമുള്ള യൂറോപ്പിലെ ഇറ്റലിക്കടുത്തുള്ള സാൻമാരിനോയും ഇന്ത്യയെയും റഷ്യയെയും ബ്രസീലിനെയും ദക്ഷിണാഫ്രിക്കയെയും ഫ്രാൻസിനെയും ഇറാനെയും ബ്രിട്ടനെയും പോലുള്ള രാജ്യങ്ങളും പുറമെ, യൂറോപ്യൻ യൂണിയനും ഉൾപ്പെടുന്നു.

ഇതിനകം മാറ്റത്തിന്റെ സുനാമിയുടെയോ കൊടുങ്കാറ്റിന്റെയോ മുഴക്കമൊന്നും അങ്ങനെ ശ്രദ്ധയർഹിക്കുന്ന വിധം ലോകം കേട്ടില്ല. എന്നാൽ ഏറ്റവും ഒടുവിൽ ബ്രിട്ടനിലും ഫ്രാൻസിലും നടന്നതുപോലെ ശ്രദ്ധയാകർഷിക്കുന്ന ചില രാഷ്ട്രീയ ചലനങ്ങൾക്ക് ലോകം സാക്ഷ്യം വഹിച്ചു. അതിലൊന്നാണ് ഇന്ത്യയിൽ നടന്ന തിരഞ്ഞെടുപ്പിൽ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിനേറ്റ തിരിച്ചടി. 2014ലും 2019ലും ഒറ്റയ്ക്ക് ഭൂരിപക്ഷമുണ്ടായിരുന്ന ബിജെപിക്ക് 2024ൽ ഒറ്റയ്ക്കുള്ള ഭൂരിപക്ഷം നഷ്ടപ്പെടുകയും സഖ്യകക്ഷികളെ ആശ്രയിക്കേണ്ടതായി വരുകയും ചെയ്തത് തീവ്രവലതുപക്ഷത്തിന്റെ മുന്നേറ്റത്തിനുണ്ടായ തിരിച്ചടി തന്നെയാണ്. അതേസമയം ബിജെപിക്ക് ഭരണം നിലനിർത്താനായി എന്നത് ജനങ്ങളെ സംബന്ധിച്ചിടത്തോളം ആപത്തുതന്നെയാണ്.

ഈ വർഷം ആദ്യം നടന്ന ബംഗ്ലാദേശ് തിരഞ്ഞെടുപ്പിലാകട്ടെ ഭരണകക്ഷിയായ ഷേക് ഹസീനയുടെ അവാമി ലീഗിനും സഖ്യകക്ഷികൾക്കും നാലാമതും ഭരണം തുടരാൻ കഴിഞ്ഞു. 300ൽ 225 സീറ്റ് നേടിയാണ് ഭരണത്തുടർച്ച മതനിരപേക്ഷ സഖ്യത്തിന് ഉറപ്പാക്കാനായത്. ശ്രദ്ധേയമായ മറ്റൊരു തിരഞ്ഞെടുപ്പ് നടന്നത് തായ്-വാനിലാണ്. അവിടെ ചെെനാ വിരുദ്ധരും അമേരിക്കയുടെ ശിങ്കിടികളുമായ ഡെമോക്രാറ്റിക് പ്രോഗ്രസ്സീവ് പാർട്ടിയുടെ സ്ഥാനാർഥിയും മുൻ വെെസ് പ്രസിഡന്റുമായ ലായ് ചിങ്–തെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിലൂടെ തൽസ്ഥിതി തുടർന്നുവെന്ന് പറയാം. എന്നാൽ ജനങ്ങൾക്ക് ആ കക്ഷിയുടെ നയങ്ങളോടുള്ള എതിർപ്പിന്റെ പ്രതിഫലനമാണ് ഇതോടൊപ്പം നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രറ്റിക് പ്രോഗ്രസീവ് പാർട്ടിക്ക് ഭൂരിപക്ഷം നഷ്ടപ്പെടുകയും പ്രതിപക്ഷത്തുള്ള, ചെെനയുമായി സൗഹാർദത്തിൽ കഴിയണമെന്ന നയം മുന്നോട്ടുവയ്ക്കുന്ന നാഷണലിസ്റ്റ് പാർട്ടിക്ക് (കുമിന്താങ്) ഭൂരിപക്ഷം ഉറപ്പാക്കിയതും.

പാകിസ്താൻ തിരഞ്ഞെടുപ്പിൽ കാണുന്നത് പട്ടാളത്തിന്റെ ചൊൽപ്പടിയിൽനിന്ന് മുന്നോട്ടുപോകാനാകാതെ ആ രാജ്യം അനിശ്ചിതത്വത്തിൽ തുടരുന്നതായാണ്. പോർച്ചുഗലിലാണ് അപകടകരമായ ഒരു പ്രവണത കാണാനാവുന്നത്. കാലാവധി പൂർത്തിയാകും മുൻപ് പാർലമെന്റ് പിരിച്ചുവിട്ടാണ് സോഷ്യലിസ്റ്റു പാർട്ടിയുടെ ഗവൺമെന്റ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാൽ അന്റോണിയോ കോസ്റ്റയുടെ നേതൃത്വത്തിലുള്ള സോഷ്യലിസ്റ്റ് പാർട്ടിക്ക് ഭരണം നിലനിർത്താനായില്ല. മുൻഭരണകക്ഷിയായ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയുടെ നേതൃത്വത്തിലുള്ള സഖ്യത്തിന് ചെറിയ ഭൂരിപക്ഷത്തിൽ ഭരണം പിടിക്കാനായി. എന്നാൽ ഡെമോക്ലീസിന്റെ വാൾ പോലെ പോർച്ചുഗലിൽ തീവ്രവലതുപക്ഷക്കാരുടെ ചെഗാ പാർട്ടിയുടെ ആപത്കരമായ മുന്നേറ്റത്തിനാണ് സാക്ഷ്യം വഹിച്ചത്. നാലു പതിറ്റാണ്ടോളം കാലത്തെ സലാസറുടെ സേ-്വച്ഛാധിപത്യവാഴ്ചയ്ക്ക് അറുതി വരുത്തിയ 1974ലെ വിപ്ലവത്തിനുശേഷം സോഷ്യലിസ്റ്റു പാർട്ടിയുടെയും സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയുടെയും മാറിമാറിയുള്ള ഭരണമാണ് നിലനിന്നിരുന്നത്. ആ സ്ഥാനത്താണ് ഫാസിസ്റ്റ് സ്വഭാവമുള്ള ചെഗാ പാർട്ടിയുടെ വരവ് വലിയ ഭീഷണി ആയിരിക്കുന്നത്. 230ൽ 50 പാർലമെന്റ് സീറ്റുകൾ നേടിയാണ് അത് അരങ്ങേറ്റം കുറിച്ചത്.

മെയ് അവസാനം ദക്ഷിണാഫ്രിക്കയിൽ നടന്ന തിരഞ്ഞെടുപ്പിൽ 1994ൽ അപ്പാർത്തീഡ് വാഴ്ചയ്ക്ക് അറുതി വരുത്തിയ ശേഷം ഇതാദ്യമായി ആഫ്രിക്കൻ നാഷണൽ കോൺഗ്രസിന് (എഎൻസി) പാർലമെന്റിൽ ഭൂരിപക്ഷം നഷ്ടപ്പെട്ടു. എഎൻസി നേതാവ് സിറിൾ രാമഫോസയ്ക്ക് രണ്ടാം തവണ പ്രസിഡന്റാകാൻ പ്രതിപക്ഷവുമായി കൂട്ടുകെട്ടുണ്ടാക്കേണ്ടതായി വന്നു. ‘ദേശീയ ഐക്യ’ ഗവൺമെന്റിന് രൂപം നൽകുമെന്നാണ് രാമഫോസ ഇപ്പോൾ പറയുന്നത്.

പോർച്ചുഗലിലും ദക്ഷിണാഫ്രിക്കയിലും കൃത്യമായും നവലിബറൽ സാമ്പത്തിക നയങ്ങൾക്കെതിരായ ജനവികാരമാണ് തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചത്. പോർച്ചുഗലിൽ സോഷ്യലിസ്റ്റു പാർട്ടിയും സോഷ്യൽ ഡെമോക്രാറ്റുകളും ഒരേപോലെ നവലിബറൽ നയങ്ങൾ നടപ്പാക്കുകയും അമേരിക്കൻ സാമ്രാജ്യത്വത്തിനൊപ്പം നിന്ന് ഉക്രൈൻ യുദ്ധത്തെ പിന്തുണയ്ക്കുകയുമാണ്. സമാധാനത്തിനുവേണ്ടിയും തങ്ങളുടെ ഉപജീവന മാർഗങ്ങൾ നവലിബറൽ കടന്നാക്രമണത്തിൽനിന്ന് സംരക്ഷിക്കുന്നതിനുവേണ്ടിയും താൽപര്യപ്പെടുന്ന പോർച്ചുഗലിലെ സാധാരണക്കാരെ ആകർഷിക്കാൻ അപകടകാരികളായ ഫാസിസ്റ്റ് ശക്തികൾക്ക് കഴിയുന്നുവെന്നാണ് ചെഗാ പാർട്ടിയുടെ മുന്നേറ്റം വെളിപ്പെടുത്തുന്നത്.

ജൂണിൽ മെക്സിക്കോയിൽ നടന്ന തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ മൊറേന പാർട്ടിക്ക് രണ്ടാം തവണയും ഭരണം ലഭിച്ചിരിക്കുന്നു. മൊറേന പാർട്ടി കൃത്യമായും നവലിബറൽ നയങ്ങൾ നിരാകരിക്കുകയും സാമ്രാജ്യത്വത്തിനെതിരെയുള്ള ചേരിയിൽ ഉറച്ചുനിന്ന് യുദ്ധവിരുദ്ധ നിലപാട് സ്വീകരിക്കുകയും ചെയ്തതിന്റെ ഫലമായാണ് മെക്സിക്കോയിൽ ഇടതുപക്ഷ തുടർഭരണത്തിൽ കലാശിച്ചത്. മാത്രമല്ല ശക്തമായ ഇടതുപക്ഷ പുരോഗമന നിലപാടുള്ള ക്ലൗദിയ ഷീൻ ബാം എന്ന വനിത ചരിത്രത്തിലാദ്യമായി തിരഞ്ഞെടുക്കപ്പെട്ടുവെന്ന പ്രത്യേകതയുമുണ്ട്.

ജൂൺ 6 മുതൽ 9 വരെ യൂറോപ്യൻ യൂണിയൻ പാർലമെന്റിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ യാഥാസ്ഥിതിക കക്ഷിയായ യൂറോപ്യൻ പീപ്പിൾസ് പാർട്ടി ആകെയുള്ള 720 സീറ്റിൽ 190 എണ്ണത്തിൽ വിജയിച്ചതും ഫ്രാൻസിലും ഇറ്റലിയിലും മറ്റും നിന്ന് തീവ്ര വലതുപക്ഷമായ ഫാസിസ്റ്റ് സംഘങ്ങൾ കൂടുതൽ തിരഞ്ഞെടുക്കപ്പെട്ടതുമാണ് ലോകത്ത് തീവ്ര വലതുപക്ഷത്തിന്റെ മുന്നേറ്റമെന്ന ആഖ്യാനത്തിന് വഴിയൊരുക്കിയത്. എന്നാൽ കൃത്യമായി പരിശോധിച്ചാൽ മൊത്തത്തിൽ യൂറോപ്യൻ യൂണിയൻ പാർലമെന്റിന്റെ രാഷ്ട്രീയ ഘടനയിൽ വലിയ മാറ്റമുണ്ടായില്ലയെന്നു കാണാനാകും. നിലവിലുള്ള പ്രസിഡന്റ് ഉർസുല തന്നെ തൽസ്ഥാനത്ത് തുടരുകയാണ്. എന്നാൽ തീവ്ര വലതുപക്ഷ ഫാസിസ്റ്റ് ശക്തികൾ യൂറോപ്പിലാകെ വളർന്നുവരുന്നുവെന്ന ആപത് സൂചനയുമുണ്ട്.

എന്നാൽ ഫാസിസ്റ്റുശക്തികളുടെ മുന്നേറ്റത്തെ എങ്ങനെ തടയാമെന്നതിന്റെ മാതൃകയാണ് ഫ്രാൻസിലെ പാർലമെന്റ് തിരഞ്ഞെടുപ്പ് മുന്നോട്ടുവെയ്ക്കുന്നത്. യൂറോപ്യൻ പാർലമെന്റിലേക്കുള്ള തിരഞ്ഞെടുപ്പിൽ മേരി ലെപെന്നിന്റെ ഫാസിസ്റ്റ് കക്ഷിക്ക് മുന്നേറ്റമുണ്ടായതിനെ തുടർന്നാണ് പ്രസിഡന്റ് മക്രോൺ പാർലമെന്റ് പിരിച്ചുവിട്ട് പുതിയ തിരഞ്ഞെടുപ്പ് നടത്തിയത്. അതിൽ ഇടതുപക്ഷ ശക്തികൾ ഒറ്റക്കെട്ടായി അണിനിരന്ന് ന്യൂ പോപ്പുലർ ഫ്രണ്ടിന് രൂപം നൽകിയെന്നു മാത്രമല്ല, കഴിഞ്ഞ ഒരു ദശകക്കാലമായി പ്രസിഡന്റ് മക്രോൺ പിന്തുടരുന്ന നവലിബറൽ നയങ്ങൾക്കെതിരായ ബദൽ പരിപാടി മുന്നോട്ടുവെച്ചുമാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. തൽഫലമായി ഏറ്റവും വലിയ മുന്നണിയായി, ഭൂരിപക്ഷം നേടാനായില്ലെങ്കിലും 182 സീറ്റോടുകൂടി ഇടതുപക്ഷം ഒന്നാമതെത്തി. അങ്ങനെ ഫാസിസ്റ്റുകളുടെ മുന്നേറ്റത്തെ തടയാനും കഴിഞ്ഞു. ഇതിനു മുൻപത്തെ രണ്ട് തിരഞ്ഞെടുപ്പുകളിലും ഇടതുപക്ഷം യോജിച്ചു നിന്നെങ്കിലും ബദൽ പരിപാടി മുന്നോട്ടുവയ്ക്കാത്തതുമൂലം മക്രോണിന് നവലിബറൽ നയങ്ങൾ നടപ്പാക്കാനും അതിനോടുള്ള ജനങ്ങളുടെ എതിർപ്പ് ഫാസിസ്റ്റുകൾക്ക് നേട്ടമുണ്ടാക്കാനും അവസരമായി. അതിപ്പോൾ തിരുത്തുകയാണ് ഫ്രാൻസിലെ ഇടതുപക്ഷം.

ബ്രിട്ടനിൽ 12 വർഷമായി അധികാരത്തിലിരിക്കുന്ന നവലിബറലിസത്തിന്റെ വക്താക്കളായ ടോറികളെ അധികാരത്തിൽ നിന്ന് തൂത്തെറിഞ്ഞ് ലേബർ പാർട്ടി അധികാരത്തിലെത്തി. എന്നാൽ ലേബറിന്റെ ആദ്യകാല നയങ്ങൾ കെെവെടിഞ്ഞ് നവലിബറലിസത്തിന്റെ പാതയിലൂടെ ആ പാർട്ടി നീങ്ങുന്നതിലുള്ള ജനങ്ങളുടെ താൽപര്യമില്ലായ്മയാണ് നിഗെൽ ഫറാഷിന്റെ തീവ്ര വലതുപക്ഷത്തിന്റെ ഉയർന്നുവരവിന് വഴിവെച്ചത്. ഒരു കാര്യം വ്യക്തമാണ്, നവലിബറൽ നയങ്ങളോടുള്ള ജനരോഷത്തിന്റെ പ്രകടനമാണ് ഫാസിസ്റ്റുകൾക്ക് ജനപിന്തുണ ഉണ്ടാകുന്നതിനു കാരണം. ആ നിലയിൽ ബൂർഷ്വാ ലിബറൽ പാർട്ടികൾക്കല്ല, വ്യക്തമായ നവലിബറൽ വിരുദ്ധമായ പരിപാടി മുന്നോട്ടുവയ്ക്കുന്ന ഇടതുപക്ഷത്തിനു മാത്രമേ ഫാസിസ്റ്റ് വിപത്തിനെ തടയാനാകൂവെന്നാണ് സമകാലിക അനുഭവം തെളിയിക്കുന്നത്. ഒരു നൂറ്റാണ്ടുമുൻപ് റോസ ലക്സംബെർഗ്, സോഷ്യലിസമോ അരാജകത്വമോ എന്ന ചോദ്യം ഉന്നയിച്ചിരുന്നു. ഇന്ന് നാം നിൽക്കുന്നത് അത്തരമൊരു ദശാസന്ധിയിലാണ്. സോഷ്യലിസത്തിലൂടെ മാത്രമേ മാനവരാശിക്ക് മുന്നോട്ടു പോകാനാവൂ.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

three × two =

Most Popular