ലോകത്തെങ്ങുമുള്ള പുരോഗമന ശക്തികളെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ നടന്ന മൂന്ന് തിരഞ്ഞെടുപ്പുകൾ ഒരു പരിധി വരെ ആശ്വാസത്തിന് വകനൽകുന്നതാണ‍്. ബ്രിട്ടനിൽ ജൂലെെ നാലിന് നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പും ഇറാനിൽ ജൂലെെ 6ന് നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പും ഫ്രാൻസിൽ ജൂലെെ 7ന് നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പും നൽകുന്ന സൂചനകൾ ശ്രദ്ധേയമാണ്. അവ ഒരേ സമയം ആശ്വാസകരവും അപകട സൂചന നൽകുന്നവയുമാണ്, പ്രത്യേകിച്ച് ബ്രിട്ടനിലെയും ഫ്ര-ാൻസിലെയും ജനവിധികൾ.
ലേബർ പാർട്ടിയുടെ മുൻ നേതാവും ഇപ്പോൾ സ്വതന്ത്രനായി ഇസ്-ലിങ്ടൺ നോർത്ത് നിയോജക മണ്ഡലത്തിൽനിന്നു വിജയിച്ച് പാർലമെന്റംഗവുമായ ജെറമി കോർബിൻ ഫ്രാൻസിലെ ജനവിധിയെക്കുറിച്ച് നടത്തിയ പ്രതികരണം ഏറെ ശ്രദ്ധേയമാണ്: ‘‘ഭീതിയും ഭിന്നിപ്പും പരത്തുന്നവർക്ക് കളമൊഴിഞ്ഞുകൊടുക്കരുത്. എല്ലാവരെയും ഉൾക്കൊള്ളുന്നതും എല്ലാവർക്കും പ്രതീക്ഷ നൽകുന്നതുമായ ബദൽ മുന്നോട്ടുവയ്ക്കുന്ന ശക്തവും ധീരവുമായ ഇടതുപക്ഷ പ്രസ്ഥാനം കെട്ടിപ്പടുക്കുക. അങ്ങനെയാണ് നിങ്ങൾ തീവ്രവലതുപക്ഷത്തെ പിന്നോട്ടടിപ്പിച്ചത്.’’ ബ്രിട്ടീഷ് കമ്യൂണിസ്റ്റു പാർട്ടിയുടെ ഇന്റർനാഷണൽ സെക്രട്ടറി കെവാൻ നെൽസൺ പ്രതികരിച്ചത് ഇങ്ങനെയാണ്: ഫ്രാൻസിലും പുറത്തും ഭീഷണമായ വിധം ഉയർന്നുവരുന്ന ഫാസിസത്തിന്റെ തരംഗത്തെ തകർക്കുന്നതിന് ഇടതുപക്ഷ – പുരോഗമന പ്രസ്ഥാനങ്ങളുടെ പരമാവധി ഐക്യം കെട്ടിപ്പടുക്കേണ്ടതുണ്ട്.’’
ജൂലെെ 4ന് ബ്രിട്ടനിലും ജൂലെെ 7ന് ഫ്രാൻസിലും നടന്ന പാർലമെന്ററി തിരഞ്ഞെടുപ്പുകളിൽ സമാനതകൾ ഏറെയാണ്; അത് ശ്രദ്ധേയവുമാണ്. ബ്രിട്ടനിൽ നിഗെൽ ഫറാഷിന്റെ തീവ്രവലതുപക്ഷ കക്ഷിയായ റിഫോം യുകെ, ലഭിച്ച വോട്ടുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്നുവെന്നത് ലേബർ പാർട്ടിയുടെ മിന്നുന്ന വിജയത്തിന്റെ പശ്ചാത്തലത്തിൽ വിസ്മരിക്കാനാവില്ല. ഫ്രാൻസിലാകട്ടെ, 2024 ജൂൺ ആദ്യം നടന്ന യൂറോപ്യൻ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ജനാധിപത്യവാദികളെയാകെ ഞെട്ടിപ്പിക്കും വിധം മേരി ലെപെന്നിന്റെ തീവ്രവലതുപക്ഷ നവഫാസിസ്റ്റ് പ്രസ്ഥാനം– നാഷണൽ റാലി–ഒന്നാം സ്ഥാനത്ത് എത്തി. ജൂൺ 30ന് നടന്ന ഒന്നാം വട്ട പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ കക്ഷിയായും നാഷണൽ റാലി (എൻആർ) ഉയർന്നുവന്നു. ചുവരെഴുത്തു തിരിച്ചറിഞ്ഞ ഫ്ര-ാൻസിലെ ഇടതുപക്ഷ –പുരോഗമന ശക്തികൾ അവസരത്തിനൊത്ത് ഉയർന്നു. അങ്ങനെയാണ് രണ്ടാം ലോകയുദ്ധകാലത്ത് ഫാസിസ്റ്റ് വിപത്തിനെതിരെ ചെറുത്തുനിൽപ്പ് സംഘടിപ്പിച്ച പോപ്പുലർ ഫ്രണ്ടിനെ ഓർമിപ്പിക്കും വിധം ന്യൂ പോപ്പുലർ ഫ്രണ്ട് എന്ന പേരിൽ ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങളുടെ കൂട്ടായ്-മയ്ക്ക് രൂപം നൽകിയത്. ജൂലെെ ഏഴിന് രണ്ടാം വട്ട തിരഞ്ഞെടുപ്പിൽ നാഷണൽ റാലിയെ (എൻആർ) മൂന്നാം സ്ഥാനത്തേക്ക് താഴ്ത്താൻ കഴിഞ്ഞത് കമ്യൂണിസ്റ്റു പാർട്ടി ഉൾപ്പെടെയുള്ള ഇടതുപക്ഷത്തിന്റെ ഈ നീക്കത്തിന്റെ ഫലമായാണ്.
എന്നാൽ രണ്ടാം വട്ടത്തിൽ നാഷണൽ റാലി സീറ്റിന്റെ കാര്യത്തിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടെങ്കിലും ഒരു കോടി വോട്ടു നേടി രണ്ടാം സ്ഥാനക്കാരായി എന്നത് കാണണം. മാത്രമല്ല, ഈ നവഫാസിസ്റ്റുകൾക്ക് വോട്ടു വിഹിതം 33.21 ശതമാനത്തിൽനിന്നും 37.06 ശതമാനത്തിലേക്ക് ഉയർത്താനും കഴിഞ്ഞു. നവലിബറലിസത്തിന്റെ വക്താവായ പ്രസിഡന്റ് മക്രോണിന്റെ കക്ഷിയും വോട്ടുശതമാനത്തിൽ വർധനവുണ്ടാക്കി– 21.28 ശതമാനത്തിൽനിന്നും 25.53 ശതമാനമാക്കി. എന്നാൽ ഇടതുപക്ഷ സഖ്യത്തിനാകട്ടെ 28.21 ശതമാനത്തിൽനിന്നും വോട്ടുവിഹിതം 25.53 ശതമാനമായി കുറഞ്ഞു.
ഫ്രാൻസിലായാലും ബ്രിട്ടനിലായാലും നവലിബറലിസത്തിന്റെ കാവലാളുകളായ മക്രോണിന്റെ എൻസെംബിൾ പാർട്ടിയെയും റിഷി സുനകിന്റെ ടോറികളെയും പരാജയപ്പെടുത്താൻ കഴിഞ്ഞുവെന്നതും നവഫാസിസ്റ്റുകൾ അധികാരത്തിലെത്തുന്നത് തടയാൻ കഴിഞ്ഞതും തൊഴിലാളിവർഗത്തിന് ആശ്വാസം പ്രദാനം ചെയ്യുന്നു. അതാണ് ലോകമെങ്ങുമുള്ള പുരോഗമന ശക്തികൾ ഈ തിരഞ്ഞെടുപ്പുകളെ ഏറെ ആശ്വാസത്തോടെ കാണുന്നത്.
ബ്രിട്ടനിൽ കഴിഞ്ഞ 12 വർഷമായി തുടരുന്ന ടോറികളുടെ ഭരണത്തിന് കനത്ത തിരിച്ചടിയേൽപ്പിച്ച ജനവിധി യഥാർഥത്തിൽ മാർഗരറ്റ് താച്ചറുടെ നവലിബറലിസത്തിനെതിരായ ജനവിധി കൂടിയാണ്. അതാണ് ലേബർ പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട ജെറമി കോർബിനും സുഹൃത്തുക്കളും സ്വതന്ത്രരായി മത്സരിച്ചപ്പോൾ നല്ല ഭൂരിപക്ഷത്തോടെ അവർ തിരഞ്ഞെടുക്കപ്പെട്ടതിൽ കാണുന്നത്. അത് ഇപ്പോഴത്തെ ലേബർ നേതാവ് കെയ്ർ സ്റ്റാർമർക്കുള്ള താക്കീതും കൂടിയാണ്. താച്ചറൈറ്റ് നയങ്ങൾ ആവേശപൂർവം പിന്തുടർന്ന ടോണി ബ്ലെയറിന്റെ പാതയാണ് സ്റ്റാർമറും പിന്തുടരുന്നതെങ്കിൽ അത് റിഫോം യുകെയെ പോലുള്ള നവഫാസിസ്റ്റുകൾക്ക് ശക്തിപകരുന്നതാകും. മാത്രമല്ല സ്റ്റാർമറും ഇപ്പോഴത്തെ ലേബർ നേതൃത്വവും പലസ്തീൻ വിഷയത്തിൽ ഇസ്രയേലിനൊപ്പമാണെന്നതും ശ്രദ്ധേയമാണ്. ആ വിഷയത്തിലുള്ള വ്യത്യസ്താഭിപ്രായത്തിന്റെ പേരിലാണ് ലേബർ പാർട്ടിയിൽനിന്ന് ജെറമി കോർബിനെയും കൂട്ടരെയും പുറത്താക്കിയത്. എന്നാൽ ആഭ്യന്തര രാഷ്ട്രീയത്തിലും അന്താരാഷ്ട്ര കാര്യങ്ങളിലും ബ്രിട്ടനിലെ വോട്ടർമാർ ലേബർ നേതൃത്വത്തോടൊപ്പമല്ല, മറിച്ച് ജെറമി കോർബിനും മറ്റുമൊപ്പമാണെന്ന് സംശയാതീതമായി വ്യക്തമാക്കുന്നതാണ് സ്വതന്ത്രരായി മത്സരിച്ച കോർബിന്റെയും മറ്റു 11 പേരുടെയും വിജയത്തിൽ കാണുന്നത്. ഈ ജനവിധിയുടെ അർഥം പൂർണമായി ഉൾക്കാണ്ട് പുതിയ ലേബർ ഗവൺമെന്റ് നയപരിപാടികൾക്ക് രൂപം നൽകുമെന്നാണ് പുരോഗമനവാദികൾ പ്രതീക്ഷിക്കുന്നത്.
ഫ്രാൻസിലെ ജനവിധി കൂടുതൽ സങ്കീർണമാണ്. ഇടതുപക്ഷത്തിന് 182 സീറ്റും മക്രോണിന്റെ കക്ഷിക്ക് 160 സീറ്റും നവഫാസിസ്റ്റുകൾക്ക് 140 സീറ്റുമാണ് ലഭിച്ചത്. ഭൂരിപക്ഷത്തിനുവേണ്ട 289 സീറ്റ് ഒരു കക്ഷിക്കും മുന്നണിക്കും ഇല്ലാതിരിക്കെ ന്യൂനപക്ഷ ഗവൺമെന്റിനാണ് സാധ്യത. അങ്ങനെയാകുമ്പോൾ ഏറ്റവുമധികം സീറ്റുള്ള ഇടതുപക്ഷത്തെയാണ് മന്ത്രിസഭയുണ്ടാക്കാൻ വിളിക്കേണ്ടത്. എന്നാൽ പ്രസിഡന്റ് മക്രോൺ ഇതുവരെയും അതിനു തയ്യാറായിട്ടില്ല; എന്നു മാത്രമല്ല രണ്ടാം സ്ഥാനത്തുള്ള സ്വന്തം കക്ഷിയിലെ പ്രധാനമന്ത്രിയോട് അധികാരത്തിൽ തുടരാൻ ആവശ്യപ്പെട്ടിരിക്കുകയുമാണ്. എന്തായാലും ജനവികാരം ഇടതുപക്ഷത്തിനൊപ്പമാണെന്നതിനാൽ മക്രോണിന് അവരെ മന്ത്രിസഭ രൂപീകരിക്കാൻ ക്ഷണിക്കേണ്ടതായി വരും. മറ്റൊരു പ്രശ്നം ഇടതുപക്ഷത്തുതന്നെ സോഷ്യലിസ്റ്റു പാർട്ടിയിൽ ഗണ്യമായ ഒരു വിഭാഗം നവലിബറൽ നയങ്ങൾ പിന്തുടരുന്നവരും ഇസ്രയേലിന്റെ പലസ്തീൻ ആക്രമണത്തെ അനുകൂലിക്കുന്നവരുമാണ്. ഇത് ഇടതുപക്ഷത്തിനുള്ളിൽ സംഘർഷത്തിനിടയാക്കും. മറ്റൊരു പ്രശ്നം മന്ത്രിസഭയെ മറികടന്ന് തീരുമാനമെടുക്കാൻ ഫ്രാൻസിൽ പ്രസിഡന്റിനു കഴിയുമെന്നതാണ്. അപ്പോൾ നവലിബറൽ–സാമ്രാജ്യത്വ പക്ഷപാതിയായ പ്രസിഡന്റ് മക്രോണും ഇടതുപക്ഷവും തമ്മിലും സംഘർഷത്തിനു സാധ്യതയുമുണ്ട്. എന്നാൽ തൊട്ടടുത്തു നിൽക്കുന്ന, അടുത്ത പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന പ്രഖ്യാപനത്തോടെ നിൽക്കുന്ന മേരി ലേപെൻ എന്ന നവഫാസിസ്റ്റ് വിപത്തിനെ ചെറുക്കാൻ ശരിയായ ഇടതുപക്ഷ നയം നടപ്പാക്കിയാലേ കഴിയൂ എന്ന തിരിച്ചറിവാണ് ന്യൂ പോപ്പുലർ ഫ്രണ്ടിന് ഉണ്ടാവേണ്ടത്.
ഇറാനിൽ ജൂലെെ 6ന് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ആവശ്യമായി വന്നത് മുൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്നാണ്. പരിഷ്കരണവാദിയായ മസൂദ് പെസെഷ്-ക്കിയാനാണ് 54 ശതമാനം വോട്ടുനേടി വിജയിച്ചത്. പരാജയപ്പെട്ടതാകട്ടെ ഇറാനിലെ യഥാർഥ അധികാരകേന്ദ്രമായ ഇസ്ലാമിക് കൗൺസിലിന്റെ പിന്തുണയുള്ള സയിദ് ജലീലിയാണ്. ആയത്തൊള്ള അലി ഖൊമനേയിയുമായി പ്രത്യക്ഷത്തിൽ ഏറ്റുമുട്ടലിന് പെസെഷ്-ക്കിയാൻ തയ്യാറാകില്ലെങ്കിലും സ്ത്രീകൾ ഹിജാബ് ധരിക്കാതിരുന്നാൽ ശിക്ഷ നൽകുന്ന സമീപനത്തിൽ മാറ്റം വരുത്തുമെന്ന വാഗ്ദാനത്തോടെയാണ് അദ്ദേഹം മത്സരിച്ചത്. ഇത് നടപ്പാക്കുകയാണെങ്കിൽ അദ്ദേഹത്തിന് ഇറാനിലെ മതയാഥാസ്ഥിതികരുമായി ഏറ്റുമുട്ടേണ്ടതായിവരുമെന്നുറപ്പാണ്. എന്തായാലും ഇറാനിലെ ജനവിധി മതരാഷ്ട്രീയത്തിന്, പ്രത്യേകിച്ചും അതിലെ തീവ്രവാദികൾക്ക്, കനത്ത തിരിച്ചടിയാണേൽപ്പിച്ചത്. എന്നാൽ പെസെഷ്-ക്കിയാൻ തിരഞ്ഞെടുക്കപ്പെട്ടത് ഇറാന്റെ ഇസ്രയേലിനോടും അമേരിക്കയോടുമുള്ള നിലപാടിൽ മാറ്റമുണ്ടാകാനും സാധ്യതയില്ല. 2024 ജൂലെെയിലെ മൂന്ന് സുപ്രധാന ജനവിധികളും ഒരേ സമയം പ്രതീക്ഷ നൽകുന്നതും ആശങ്കയുളവാക്കുന്നു. ♦