കഴിഞ്ഞ പത്തുവർഷമായി ഇന്ത്യൻ പാർലമെന്റിൽ ചർച്ചകൾക്ക് ഇടമില്ലാത്ത അവസ്ഥയായിരുന്നു. സർക്കാരിനെ, ഭരണകക്ഷിയെ, പ്രധാനമന്ത്രി മോദിയെ, ആർഎസ്എസ്സിനെ, എന്തിന് അദാനിയെ വരെ സഭയ‍്ക്കുള്ളിൽ വിമർശിക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു നിലനിന്നിരുന്നത്. വിമർശിക്കാൻ സഭയ്ക്കുള്ളിൽ തയ്യാറാകുന്നവരെ കയ്യോടെ സഭയിൽനിന്ന് പുറത്താക്കാൻ, പ്രത്യേകിച്ചും രണ്ടാം മോദി സർക്കാരിന്റെ കാലത്ത്, ഓം ബിർളയെന്ന ആർഎസ്എസ്സുകാരൻ സ്പീക്കറായി വന്നശേഷം, പ്രത്യേക കാരണമൊന്നും വേണ്ടായിരുന്നു. അതിന്റെ കൊട്ടിക്കലാശമായിരുന്നു കഴിഞ്ഞ ലോക്-സഭയുടെ 2023ലെ ശീതകാല സമ്മേളന വേളയിൽ ലോക്-സഭയിൽനിന്ന് 100 പേരും രാജ്യസഭയിൽനിന്ന് 46 പേരും ഉൾപ്പെടെ 146 പ്രതിപക്ഷാംഗങ്ങളെ സസ്-പെൻഡ് ചെയ്ത നടപടി. എതിർശബ്ദം ഉയരുന്നതിനെ ഭയക്കുന്ന, പാർട്ടിയാണ് ബിജെപി; എതിരഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നവരില്ലാത്ത അവസ്ഥയാണ് ആർഎസ്എസ്സും ബിജെപിയും ആഗ്രഹിക്കുന്നത്. സത്യത്തെയും സത്യം വിളിച്ചു പറയുന്നവരെയും എല്ലാ ഫാസിസ്റ്റുകളെയും പോലെ ആർഎസ്എസ്സും ബിജെപി ഉൾപ്പെടെയുള്ള പരിവാർ സംഘടനകളും ഭയത്തോടുകൂടിയാണ് കാണുന്നത്.
കഴിഞ്ഞ പത്തുവർഷക്കാലം പ്രതിപക്ഷത്തുനിന്ന് പാർലമെന്റിൽ, പ്രതേ-്യകിച്ചും രാജ്യസഭയിൽ ഇടതുപക്ഷത്തുനിന്ന് ഉയർത്തിയ എതിർശബ്ദങ്ങളെ ജനങ്ങൾക്കുമുന്നിൽ എത്തിക്കാതെ മോദി വാഴ്ചയ്ക്ക് കുടപിടിച്ചു നിൽക്കുകയായിരുന്നു നമ്മുടെ മുഖ്യധാരാ മാധ്യമങ്ങളാകെ. പക്ഷേ ഇന്ന് അത്തരം മാധ്യമങ്ങൾക്ക് മൂടിവെയ്ക്കാൻ കഴിയാത്തവിധം സംഘടിതവും ശക്തവുമായ ശബ്ദമായിരുന്നു, 18–ാം ലോക്-സഭയുടെ ആദ്യ സെക്ഷനിൽ തന്നെ, ഒപ്പം രാജ്യസഭയിൽനിന്നും, ഉയർന്ന മോദി വാഴ്ചയ്ക്കെതിരായ വിമർശന ശരങ്ങൾ. അതേറ്റ് ഞെരിപിരികൊണ്ട മോദിയെയും ഭരണപക്ഷത്തെ ബിജെപി നിരയെയും അതിലുപരി സ്പീക്കർ ഓം ബിർളയെയുമാണ് നാം കണ്ടത്. പ്രതിപക്ഷത്തിന്റെ അംഗബലം ഗണ്യമായി വർധിച്ചതും ഭരണപക്ഷത്തിന്റെ അംഗബലം അതേപോലെ കുറഞ്ഞതുമാണ് സഹിച്ചിരിക്കാൻ മോദിയെയും കൂട്ടരെയും നിർബന്ധിതരാക്കി ഒപ്പം പ്രതിപക്ഷത്തുനിന്നുള്ള വിമർശനങ്ങൾ കുറെയെങ്കിലും ജനങ്ങളിലെത്തിക്കാൻ ഗോദി മാധ്യമങ്ങളെ നിർബന്ധിതമാക്കിയതും. അങ്ങനെ വന്നപ്പോൾ അതിനെ പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിലുള്ള വാക്പോരായി ചുരുക്കിക്കാണിക്കാനും ഇടതുപക്ഷം ഉൾപ്പെടെ ഇന്ത്യ ചേരിയിലെ കക്ഷികളാകെ മോദി വാഴ്ച പിന്തുടരുന്ന അഴിമതിക്കും കോർപ്പറേറ്റ് പ്രീണനത്തിനും വർഗീയതയ്ക്കുമെതിരെ ആഞ്ഞടിച്ചതും തമസ്കരിക്കപ്പെടുകയാണുണ്ടായത്.
പ്രതിപക്ഷത്തുനിന്നുള്ള വിമർശനങ്ങളെ മോദിയും മറ്റു സീനിയർ മന്ത്രിമാരും മാത്രമല്ല, സ്പീക്കർ ഓം ബിർളയും അസ്വസ്ഥതയോടെയാണ് കണ്ടതെന്ന് സഭാ ടിവിയിലെ ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. സഭയിലെ പിൻബഞ്ചുകാർക്കൊപ്പം മോദിയും അമിത്ഷായും രാജ്നാഥ് സിങ്ങും ഉൾപ്പെടെയുള്ള മുൻനിരക്കാരും പ്രതിപക്ഷ ശബ്ദത്തെ തടസ്സപ്പെടുത്താൻ ചാടിയിറങ്ങുന്നതിൽനിന്ന് ആർഎസ്എസ്സുകാരുടെ അങ്കലാപ്പ് വെളിപ്പെട്ടുവരുന്നു. ആർഎസ്എസ്സിനെക്കുറിച്ച്, ബിജെപിയെക്കുറിച്ച്, പ്രധാനമന്ത്രി മോദിയെക്കുറിച്ച്, അവർ നടത്തിക്കൊണ്ടിരിക്കുന്ന അഴിമതികളെക്കുറിച്ച്, അക്രമങ്ങളെക്കുറിച്ച് ഉന്നയിക്കപ്പെട്ട വാക്കുകളാകെ സഭാ രേഖയിൽനിന്നും നീക്കം ചെയ്ത നടപടി തന്നെ ജനാധിപത്യത്തോടുള്ള ബിജെപിയുടെ, ആർഎസ്എസ്സിന്റെ നിഷേധാത്മക നിലപാടാണ് സൂചിപ്പിക്കുന്നത്. എതിർശബ്ദങ്ങൾ ഞങ്ങൾ അനുവദിക്കില്ലെന്ന ആർഎസ്എസ്സിന്റെ ഫാസിസ്റ്റ് സമീപനമാണ് നാം ഇപ്പോഴും കണ്ടുകൊണ്ടിരിക്കുന്നത‍്.
നന്ദി പ്രമേയ ചർച്ചയ്ക്കുള്ള പ്രധാനമന്ത്രിയുടെ മറുപടി പ്രസംഗമാകട്ടെ വിമർശനങ്ങൾക്കൊന്നും മറുപടി പറയാതെ, മുൻപൊരിക്കലും ഒരു പ്രധാനമന്ത്രിയിൽനിന്നും രാജ്യം കേട്ടിട്ടില്ലാത്തത്ര തരംതാണ മെെതാന പ്രസംഗമായിരുന്നു. ആ പ്രസംഗം ആസ്വദിച്ചു കേട്ടിരുന്ന സ്പീക്കർ ഓം ബിർളയുടെ ശരീര ഭാഷ തന്നെ വെറുമൊരു ആർഎസ്എസ്സുകാരനായിട്ടല്ലാതെ തനിക്ക് വേറിട്ടൊരു അസ്തിത്വവുമില്ലെന്ന് വെളിപ്പെടുത്തുന്നതാണ്.
2019ലെ തിരഞ്ഞെടുപ്പിൽ ലഭിച്ചതിനെ അപേക്ഷിച്ച് വോട്ടു വിഹിതവും സീറ്റും കുറവാണെന്നും ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷമില്ലെന്നും പ്രതിപക്ഷമാണ് ശക്തിപ്പെട്ടത് എന്നുമുള്ള യാഥാർഥ്യം വിസ്മരിച്ചോ മറച്ചുവെച്ചോ ആണ് വീണ്ടും അധികാരം കയ്യാളുന്ന ബിജെപിയും മോദിയും ആക്രമണാത്മകമായ കോർപ്പറേറ്റ് – വർഗീയ അജൻഡ അതിതീവ്രമായി നടപ്പാക്കാൻ പണിപ്പെടുന്നത്. നവലിബറൽ പരിഷ്കാരങ്ങളിലൂടെ ജനസാമാന്യത്തിന്റെ ഉപജീവന മാർഗങ്ങൾക്കുനേരെയുള്ള കടന്നാക്രമണം തങ്ങൾ വീണ്ടും തുടരുമെന്ന പ്രഖ്യാപനമാണ് 18–ാം ലോക്-സഭയുടെ ആദ്യ സമ്മേളനത്തിൽ തന്നെ മോദിയും കൂട്ടരും വെളിപ്പെടുത്തിയിരിക്കുന്നത്.
എന്നാൽ അതേസമയം മറുവശത്ത് ജനാധിപത്യവിരുദ്ധവും സേ-്വച്ഛാധിപത്യപരവുമായ, വർഗീയ ധ്രുവീകരണം ലാക്കാക്കിയുള്ള മോദി വാഴ്ചയുടെ അജൻഡകൾക്കെതിരെ പ്രതിപക്ഷനിരയുടെ ശക്തമായ ഒരു കൂട്ടായ്മ പാർലമെന്ററി വേദിയിൽ ഉയർന്നിരിക്കുന്നുവെന്ന വസ്തുത ജനങ്ങളെ സംബന്ധിച്ചിടത്തോളം ആശ്വാസകരമാണ്.
മോദി ഭരണം ജനവിരുദ്ധവും ജനാധിപത്യവിരുദ്ധവും വർഗീയതയിൽ അധിഷ്ഠിതവുമാണെന്നതിലുപരി കഴിഞ്ഞ ഏഴ് പതിറ്റാണ്ടിനിടയിൽ രാജ്യം കണ്ട ഏറ്റവും വലിയ അഴിമതി വാഴ്ചയുമാണ്. ഇലക്ടറൽ ബോണ്ടിലൂടെ ബിജെപി കവർന്നെടുത്തത് ശതകോടിക്കണക്കിന് രൂപയാണ്. പിഎം കെയേഴ്സ് ഫണ്ടെന്ന പേരിൽ തട്ടിയെടുത്തതും ശതകോടികളാണ്; മോദി വാഴ്ചയുടെ അഴിമതിയുടെ നിദർശനമാണ് ശബ്ദാതിവേഗത്തിൽ തടിച്ചുകൊഴുത്തുകൊണ്ടിരിക്കുന്ന ശതകോടീശ്വരന്മാരായ കോർപ്പറേറ്റുകളുടെ –അദാനി അംബാനി പൂനാവാലമാരുടെ – സ്വത്തും ആസ്തിയും വരുമാനവുമാണ് കഴിഞ്ഞ പത്ത് കൊല്ലത്തിനിടയിൽ കുതിച്ചുയർന്നത്. കോർപ്പറേറ്റുകളും വർഗീയശക്തികളും ചേർന്നു നടത്തിയ പകൽക്കൊള്ളയുടെ നാളുകളായിരുന്നു മോദി വർഷങ്ങൾ.
18–ാം ലോക്-സഭയുടെ ആദ്യ സമ്മേളനം തന്നെ മോദി ഭരണത്തിലെ അഴിമതികളിലേക്ക് വിരൽചൂണ്ടുന്നതായി. വിദ്യാഭ്യാസ മേഖലയിൽ പാഠപുസ്തകങ്ങൾ തിരുത്തിയെഴുതി വർഗീയവൽക്കരിക്കുന്ന ബിജെപി ഭരണം ഉന്നത വിദ്യാഭ്യാസത്തെ കച്ചവടച്ചരക്കാക്കി അഴിമതിയിൽ ആറാടിച്ചിരിക്കുന്നതിന്റെ ദൃഷ്ടാന്തമാണ് നീറ്റ്–നെറ്റ് പരീക്ഷാ നടത്തിപ്പുകളിൽ കണ്ടത്. പണമുള്ളവന്, പ്രമാണിവർഗത്തിനു മാത്രം ഉന്നതവിദ്യാഭ്യാസമെന്ന നയത്തിന്റെ ഒളിച്ചുകടത്തലാണ് നീറ്റ് അഴിമതിയിൽ കാണുന്നത്. ഈ പരീക്ഷകളുടെയെല്ലാം നടത്തിപ്പിന്റെ അട്ടിപ്പേറവകാശം, പാഠപുസ്തകങ്ങളിലെ പൊളിച്ചെഴുത്തിന്റെ കാര്യത്തിൽ എന്ന പോലെ ആർഎസ്എസ്സുകാർക്കാണ് നൽകിയിട്ടുള്ളത്. മധ്യപ്രദേശിലെ വ്യാപം അഴിമതി എന്ന പോലെ നീറ്റ്–നെറ്റ് കുംഭകോണവും ആർഎസ്എസ്സിനാൽ ആസൂത്രണം ചെയ്യപ്പെട്ടതാണെന്ന യാഥാർഥ്യമാണ് സ്വതന്ത്രവും സത്യസന്ധവുമായ അനേ-്വഷണത്തിനു മോദി തയ്യാറാകാത്തതിലും നീറ്റ് പരീക്ഷകൾ റദ്ദാക്കില്ലെന്ന പിടിവാശിയിലും തെളിഞ്ഞുവരുന്നത്. കഷ്ടപ്പെട്ടു പഠിച്ച് പരീക്ഷയെഴുതിയ കുട്ടികൾക്ക്, സാധാരണക്കാരുടെ മക്കൾക്ക് മെഡിക്കൽ ബിരുദപഠനത്തിന് അവസരം നിഷേധിക്കുന്നതും ലക്ഷങ്ങൾ മുടക്കി മുൻകൂറായ ചോദ്യപേപ്പർ ചോർത്തിയെടുക്കാൻ കഴിവുള്ള പണക്കാരുടെ മക്കൾക്ക് അനർഹമായി മെഡിക്കൽ ബിരുദപഠനത്തിന് ബിജെപി വാഴ്ചയിൽ അവസരമൊരുക്കുന്നതുമാണ് നീറ്റ് അഴിമതി. അതിലേക്ക് വിരൽചൂണ്ടുന്ന പ്രതിപക്ഷ ശബ്ദങ്ങളെ അടിച്ചമർത്താനാണ് ആർഎസ്എസ് ചുക്കാൻ പിടിക്കുന്ന മോദി വാഴ്ച ശ്രമിക്കുന്നത്. അതാണ് നാം 18–ാം ലോക്-സഭാ സമ്മേളനത്തിന്റെ ആദ്യ സെഷനിൽ കണ്ടത്.
രാമന്റെ പേരിൽ വോട്ട് ചോദിച്ച മോദിയും ബിജെപിയും ദശകങ്ങളായി വെയിലും മഴയുമേറ്റു കഴിഞ്ഞിരുന്ന രാംലല്ലയ്ക്ക്, ബാലനായ രാമന്റെ വിഗ്രഹത്തിന് യുഗങ്ങളെ അതിജീവിക്കാൻ ശേഷിയുള്ള ആലയം പണിതിരിക്കുന്നുവെന്ന അവകാശവാദമുയർത്തി പാവപ്പെട്ട ഹിന്ദുമത വിശ്വാസികളുടെ വോട്ടു ചോദിച്ച മോദിയും കൂട്ടരും ഇപ്പോൾ ആ ആലയം നിർമിച്ച് ആദ്യ മഴയിൽ തന്നെ ചോർന്നൊലിക്കുന്നതിനുനേരെ കണ്ണടയ്ക്കുകയാണ്. നൂറ്റാണ്ടുകളായി അവിടെ നിലനിന്നിരുന്ന മസ്ജിദ് തകർത്ത് തൽസ്ഥാനത്ത്, ആർഎസ്എസ് കാർമികത്വത്തിൽ പണിത രാമക്ഷേത്രം ചോർന്നൊലിക്കുമ്പോൾ അവിടേയ്ക്കു ശതകോടികൾ മുടക്കി പണിതറോഡ് തകർന്ന് വലിയ ഗർത്തങ്ങൾ രൂപം കൊണ്ടപ്പോൾ, അതിനെതിരെ ഉയരുന്ന വിമർശനങ്ങളെ ഒച്ചയിട്ടും ആക്ഷേപഹാസ്യമുയർത്തിയും തടയാമെന്ന കണക്കുകൂട്ടൽ ആർഎസ്എസിന്റെയും മോദിയുടെയും കൂട്ടരുടെയും വ്യാമോഹം മാത്രമാണ്. ♦