ഇലക്ടറൽ ബോണ്ടുകളാണ് പോയവാരത്തെ ഏറ്റവും വലിയ സംഭവം. ബിജെപി വാഴ്ചയിലെ അഴിമതിയുടെ ദുർഭൂതത്തെയാണ് സുപ്രീംകോടതി തുറന്നുവിട്ടത്. ഭരണത്തിന്റെ അകത്തളങ്ങളിൽ നടക്കുന്ന കുംഭകോണങ്ങളുടെ ദുർഗന്ധം നാടാകെ പരന്നൊഴുകുമ്പോഴും ജനാധിപത്യത്തിന്റെയും സുതാര്യതയുടെയും കാവലാളുകളാണ് തങ്ങളെന്ന് മേനി നടിക്കുന്ന മുഖ്യധാരാ മാധ്യമങ്ങൾ ആ ദുർഗന്ധത്തിനു മേൽ അത്തറു പൂശി മൂടിവയ്ക്കാനാണ് വല്ലാതെ വ്യഗ്രതപ്പെടുന്നത്. അഴിമതിയുടെ അഴുക്കുചാലിൽ കിടന്ന് അളിക്കുന്ന ബൂർഷ്വാ ഭരണാധികാരികളും അവരുടെ താങ്ങിലും തണലിലും തടിച്ചു കൊഴുക്കുന്ന ശിങ്കിടി മുതലാളിമാരുടെ ഉടമസ്ഥതയിലുള്ള മുഖ്യധാര മാധ്യമങ്ങളും കൗതുകക്കാഴ്ച തന്നെയാണ്. സുപ്രീംകോടതിയുടെ ചാട്ടവാറടി കൊണ്ട് പുളഞ്ഞ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എല്ലാ വിവരങ്ങളും പുറത്തുവിടാൻ തയ്യാറാകാതെ ഒളിച്ചു കളിക്കുന്നതുപോലെ തന്നെയാണ് നമ്മുടെ മുഖ്യധാരാ മാധ്യമങ്ങളും ഒളിച്ചു കളിക്കുന്നത്.
ടെലിവിഷൻ ചാനൽ ചർച്ചകൾ ഈ വിഷയത്തിൽ നടത്താൻ നിർബന്ധിതരാകുമ്പോൾ തന്നെ ഒഴുക്കൻ മട്ടിൽ വഴി പാടുപോലെ നടത്തി ഒഴിഞ്ഞുമാറുകയാണവ. കാരണം ഈ വിഷയത്തിന്റെ ഉള്ളറകളിലേക്ക് ചർച്ച പോയാൽ അതിലൂടെ തങ്ങളുടെ അന്നദാതാക്കളായ മുതലാളന്മാരുടെ തനിനിറവും തുറന്നുകാട്ടപ്പെടുമെന്നവർക്കറിയാം. മനോരമ വിഷം ചാനൽ നടത്തിയ ചർച്ചയിൽ എംആർഎഫും ബോണ്ടുകൾ വാങ്ങിയ കമ്പനികളുടെ പട്ടികയിലുണ്ടെന്നതിന്റെ അടിസ്ഥാനത്തിൽ അത് കേന്ദ്ര സർക്കാരിന്റെ നയങ്ങളെ സ്വാധീനിക്കാനോ എന്തെങ്കിലും ഒപ്പിച്ചെടുക്കാനോ ആയിരിക്കുമെന്ന ഇടതുപക്ഷ പ്രതിനിധിയുടെ വാദം കേട്ട ചാനൽ അവതാരക കുരിശു കണ്ട സാത്താനെപ്പോലെ വേവലാതിപ്പെടുന്നതാണ് പ്രേക്ഷകർ കണ്ടത്. എന്നാൽ അവതാരകർ പൊതുവെ ശ്രമിച്ചുകാണുന്നത് ഈ വേളയിലും ഇടതുപക്ഷത്തിനെതിരെ സംശയത്തിന്റെ പുകമറ സൃഷ്ടിക്കുന്നതിനാണ്.
മുഖ്യധാരാ പത്രങ്ങളുടെ സ്ഥിതിയോ? വാർത്താവതരണത്തിന്റെ രീതികളിലെ വെെവിധ്യങ്ങൾക്കെല്ലാം ഉപരിയായി മുഖപ്രസംഗത്തിലൂടെ സത്യസന്ധമായി തങ്ങളുടെ ഉള്ളു തുറക്കാൻ മുഖ്യധാരാ പത്രങ്ങൾ എത്രത്തോളം തയ്യാറായി? മനോരമ ഇത്രയും ദിവസങ്ങൾ പിന്നിട്ടിട്ടും ഒരു മുഖപ്രസംഗം കൊണ്ട് വായനക്കാരെ അനുഗ്രഹിക്കാൻ തയ്യാറായതായി കാണുന്നില്ല. എങ്ങനെ അവർ മുഖപ്രസംഗമെഴുതും? എംആർഎഫിന്റെ ബോണ്ടുകളുടെ കഥയും പറയാതിരിക്കാനാവില്ലല്ലോ.
എന്നാൽ മാതൃഭൂമിയെ നമുക്ക് കുറ്റം പറയാനാവില്ല. ഒന്നല്ല, രണ്ട് മുഖ ലേഖനങ്ങളാണ് ആ പത്രം വായനക്കാർക്കു മുന്നിൽ അവതരിപ്പിച്ചത്- – മാർച്ച് 16നും 19നും. 16ന് ‘‘ജീർണതയുടെ ധനവഴികൾ’’ എന്നും 19ന് ‘‘പണവരവിന്റെ ഇരുൾ വഴികൾ’’ എന്നും ശീർഷകം. മനോരമ പ്രത്യക്ഷത്തിൽ ഒളിച്ചോടിയേടത്ത് മാതൃഭൂമിയുടെ ഒളിച്ചോട്ടം പരോക്ഷമാണെന്നേയുള്ളൂ. രണ്ടുദിവസത്തെ മുഖപ്രസംഗങ്ങളും എണ്ണയിട്ട് വാഴയിൽ കയറുന്നതുപോലെയുള്ള വഴുവഴുപ്പൻ സാധനങ്ങൾ. അൽപ്പംപോലും പൊളിറ്റിക്കൽ ഫോക്കസ് ഇല്ലാത്തവ.
സുപ്രീംകോടതി വിധി ആശ്വാസകരമെന്ന് നിരീക്ഷിക്കുന്ന മാതൃഭൂമി, വിഷയം എങ്ങനെയാണ് കോടതിയിൽ എത്തിയതെന്നോ, ആരാണ് കോടതിയിൽ എത്തിച്ചതെന്നോ പറയാൻ മെനക്കെടുന്നില്ല. ബോണ്ടുകൾ വേണ്ടെന്ന നിലപാട് ഉയർത്തിപ്പിടിച്ച പാർട്ടികൾ ഏതെല്ലാമെന്ന് പറയാനും രാഷ്ട്രീയപാർട്ടികളെ പൊതുവൽക്കരിക്കാനുള്ള വ്യഗ്രതയിൽ മാതൃഭൂമി മറന്നുപോകുന്നു. ബൂർഷ്വാ മാധ്യമങ്ങളെല്ലാം ഇക്കാര്യത്തിൽ ഏറെക്കുറെ ഒരേ തൂവൽപക്ഷികളാണ്. കാരണം അവയുടെ വർഗതാൽപ്പര്യം.
‘‘തിരഞ്ഞെടുപ്പു ബോണ്ടു വഴി ലഭിച്ച സംഭാവനകളുടെ ഉറവിടം വെളിപ്പെടുത്തുന്നതിൽ മിക്ക രാഷ്ട്രീയ കക്ഷികളും കാണിച്ച മടി അദ്ഭുതമുളവാക്കുന്നില്ല. പക്ഷേ, ചില പാർട്ടികൾ അതിനു പറഞ്ഞ കാരണങ്ങളിലെ കൗശലം അന്ധാളിപ്പിക്കുന്നതാണ്’’ എന്ന വരികളോടെ തുടങ്ങുന്ന മാതൃഭൂമിയുടെ 19ന്റെ മുഖപ്രസംഗവും ഒളിച്ചുവയ്ക്കലിന്റെ കൗശലം തന്നെയാണ് പ്രകടമാക്കുന്നത്.
ഇലക്ടറൽ ബോണ്ട് കേസ് സുപ്രീംകോടതിയുടെ മുന്നിൽ സ്വമേധയാ വന്നുചേർന്നതല്ല. സിപിഐ എമ്മും അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ) പോലെയുള്ള ചില സംഘടനകളുമാണ് സുപ്രീംകോടതിയെ സമീപിച്ചത്. സിപിഐ എമ്മല്ലാതെ മറ്റൊരു പാർട്ടിയും കോടതിയെ സമീപിച്ചില്ല എന്നതും സിപിഐ എമ്മും സിപിഐയും മാത്രമാണ് ഇലക്ടറൽ ബോണ്ട് തങ്ങൾക്കാവശ്യമില്ലെന്ന് പ്രഖ്യാപിച്ചത് എന്നതും പറയാതെ രാഷ്ട്രീയപാർട്ടികളെ പൊതുവൽക്കരിക്കുന്ന മാതൃഭൂമിയും മറ്റു മാധ്യമങ്ങളും യഥാർഥത്തിൽ ജനവഞ്ചനയാണ് നടത്തുന്നത്. അതിനവരെ പ്രേരിപ്പിക്കുന്നത് അവരുടെ രാഷ്ട്രീയ പക്ഷപാതിത്വമാണ്; വലതുപക്ഷ രാഷ്ട്രീയ നിലപാടാണ്.
ബോണ്ടല്ലാതെ നേരിട്ട് ചെക്കായോ പണമായോ രാഷ്ട്രീയപാർട്ടികൾക്ക് സംഭാവന വാങ്ങാം. പക്ഷേ അത് 20,000 രൂപയിൽ അധികമാകാൻ പറ്റില്ല. അങ്ങനെ ആരിൽനിന്നെല്ലാം തുക കെെപ്പറ്റുന്നുവെന്ന കൃത്യമായ വിവരം തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കണമെന്നും നിയമത്തിൽ വ്യവസ്ഥയുണ്ട്. ഈ വ്യവസ്ഥകളെല്ലാം കൃത്യമായി നടപ്പാക്കുന്ന പാർട്ടിയാണ് സിപിഐ എം. മാത്രമല്ല, ലഭിക്കുന്ന മൊത്തം തുകയ്ക്കുള്ള ആദായ നികുതി കൃത്യമായി അടയ്ക്കുകയും റിട്ടേൺസ് നൽകുകയും ചെയ്യുന്ന അപൂർവം പാർട്ടികളിലൊന്നാണ് സിപിഐ എം. സുതാര്യമല്ലാത്ത ഒരു സാമ്പത്തിക ഇടപാടുമില്ലാത്ത പാർട്ടിയാണെന്ന് അഭിമാനപൂർവം പറയാൻ സിപിഐ എമ്മിനെപ്പോലെ ബിജെപിക്കോ കോൺഗ്രസിനോ കഴിയുമോയെന്ന് ചോദിക്കാൻ എന്തുകൊണ്ട് മാതൃഭൂമിയും മറ്റു മാധ്യമങ്ങളും തയ്യാറാകുന്നില്ല? ബിജെപി, കോൺഗ്രസ് തുടങ്ങിയ പാർട്ടികളൊന്നും തന്നെ കൃത്യമായ കണക്കു നൽകുകയോ ആരെല്ലാമാണ് തങ്ങൾക്ക് പണം നൽകിയതെന്നു പറയാൻ തയ്യാറാകുകയോ നിയമാനുസൃതം ആദായനികുതി അടയ്ക്കുകയോ ചെയ്യുന്നില്ല. ഇതൊന്നും വിമർശന വിധേയമാക്കാൻ തയ്യാറാകാത്ത മുഖ്യധാരക്കാരാണ് സിപിഐ എമ്മിനും ബഹുജന സംഘടനകൾക്കും നേരെ കുതിര കയറാൻ എന്തേലുമുണ്ടോന്ന് തെരഞ്ഞുനടക്കുന്നത്, ഒന്നും കിട്ടിയില്ലേൽ എന്തേലും നിർമിച്ചുപോലും സിപിഐ എം വിരുദ്ധപ്രചാരണം നടത്തുന്നത്.
20–ാം തീയതി രാത്രി ചാനലുകൾ വലിയ പ്രാധാന്യത്തോടെ റിപ്പോർട്ടു ചെയ്ത ഒരു കാര്യം ദുരിതമനുഭവിക്കുന്ന ഒരു കുടുംബത്തിന് ശിവസേനക്കാർ വാടക വീടെടുത്തു നൽകിയെന്നതാണ്. എന്നാൽ സിപിഐ എമ്മും വിവിധ ബഹുജന സംഘടനകളും ഭവനരഹിതരായ നൂറുകണക്കിന് കുടുംബങ്ങൾക്ക് വീട് നിർമിച്ച് നൽകുന്നതും സൗജന്യമായി ആംബുലൻസ് സേവനം നൽകുന്നതും വൻതോതിൽ രക്തദാനം നൽകുന്നതും ആശുപത്രികളിൽ ഭക്ഷണമെത്തിക്കുന്നതുമൊന്നും ഇക്കൂട്ടർക്ക് വാർത്തയേയല്ല. എം എം മണിയുടെ വാക്കുകൾ കീറിമുറിച്ച് പരിശോധിച്ച് അവയിലെ പൊളിറ്റിക്കൽ കറക്ട്നെസ് അനേ-്വഷിക്കുന്ന മാധ്യമങ്ങൾ ഡീൻ കുര്യാ-ക്കോസിനു നേരെ കണ്ണടയ്ക്കുന്നതും നാം കാണുന്നുണ്ട്. തങ്ങൾക്ക് ആരെല്ലാമാണ് ഇലക്ടറൽ ബോണ്ടുകൾ നൽകിയതെന്ന കാര്യം വെളിപ്പെടുത്താൻ രാഷ്ട്രീയപാർട്ടികളോട് സുപ്രീംകോടതി നിർദേശിച്ചിട്ടും അതിനു തയ്യാറാകാത്ത ബിജെപിയെയും കോൺഗ്രസിനെയുമൊന്നും ശക്തമായി വിമർശിക്കാനും മാതൃഭൂമി ഉൾപ്പെടെ ഈ മാധ്യമങ്ങൾ തയ്യാറാകുന്നില്ല.
പ്രധാനമന്ത്രി മോദിയുടെ തിരഞ്ഞെടുപ്പ് പ്രചാരണഘോഷ യാത്രയിൽ ബിജെപിയുടെ ഏതെല്ലാം സ്ഥാനാർഥികളെ ഉയർത്തിക്കാണിച്ചു, ആരെയെല്ലാം മോദി ഒപ്പം നിർത്തി എന്നതെല്ലാം ആ പാർട്ടിയുടെ കാര്യം. എന്നാൽ പാലക്കാട്ട് നടന്ന മോദിയുടെ ഷോയിൽ സംഭവിച്ചത് പറയാതിരിക്കാനാവില്ല. പാലക്കാട്, പൊന്നാനി, മലപ്പുറം സ്ഥാനാർഥികളെ പ്രദർശിപ്പിക്കാനായി നടത്തിയ ഷോയിൽനിന്ന് അവസാനനിമിഷം മലപ്പുറം സ്ഥാനാർഥിയെ ഒഴിവാക്കിയത് എത്ര ചാനലുകൾ ഗൗരവത്തിലെടുത്തു? ബിജെപിയുടെ പാർലമെന്റംഗങ്ങളിലോ നിയമസഭാംഗങ്ങളിലോ ഒരൊറ്റ മുസ്ലീം പേരുകാർ പോലുമില്ല എന്നു മാത്രമല്ല ഇപ്പോഴത്തെ സ്ഥാനാർഥി പട്ടികയിൽ മുസ്ലീം നാമധാരിയായുള്ള ഒരേയൊരാളാണ് മലപ്പുറം സ്ഥാനാർഥി. എന്നിട്ട് അദ്ദേഹത്തെ പൊതുമണ്ഡലത്തിൽ അവതരിപ്പിക്കാൻ മോദി തയ്യാറാകാത്തത് യാദൃച്ഛിക സംഭവമല്ല. മുസ്ലീം വിദേ-്വഷം മാത്രമാണ് അതിനുപിന്നിലുള്ളത്. മോദിയും കൂട്ടരും പ്രകടമാക്കുന്ന മുസ്ലീം ജനതയോടുള്ള വെറുപ്പും അറപ്പുമാണ്. ഇത് മുസ്ലീങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കില്ലെന്ന് ഗോൾവാൾക്കറുടെ ആഭ്യന്തരശത്രുക്കളെ സംബന്ധിച്ച സാഹിത്യം ഒന്നുനോക്കിയാൽ മതി. എന്നാൽ ഇതൊന്നും തന്നെ നമ്മുടെ മുഖ്യധാരക്കാർക്ക് ചർച്ചാ വിഷയമേയല്ല, മോദി സ്തുതിയിൽ അവ അഭിരമിക്കുകയാണ്.
13–ാം തീയതിയിലെ മനോരമയുടെ ഒന്നാം പേജിൽ ഒരു കിടു ഐറ്റമുണ്ട്–‘‘കേരളത്തിന്റെ കടമെടുപ്പു കേസിൽ കേന്ദ്രത്തോട് സുപ്രീംകോടതി. ഒറ്റത്തവണ ഇളവ് നൽകൂ’’ കേരളത്തിനു വേണ്ടി കേന്ദ്രത്തോട് സുപ്രീംകോടതി കേഴുകയാണെന്നല്ലേ ഇതിനർഥം. ഇത് യഥാർഥത്തിൽ സുപ്രീംകോടതിയോടുള്ള അവഹേളനമാണ്. കേരളത്തിലെ എൽഡിഎഫ് സർക്കാർ ഉന്നയിക്കുന്ന പ്രശ്നങ്ങളോട് സുപ്രീംകോടതി നിയമാനുസൃതമുള്ള നിലപാട് സ്വീകരിക്കുന്നതിലുള്ള മനോരമയുടെ രോഷപ്രകടനവും ഇതിൽ കാണാം. എൽഡിഎഫിനെതിരെ തങ്ങൾ ആരോപണമുന്നയിക്കും, തങ്ങൾ തന്നെ വിധി പ്രസ്താവം നടത്തും. ഇതെല്ലാം ചോദ്യം ചെയ്യാൻ സുപ്രീംകോടതി ആരാന്നാണ് മനോരമയുടെ മനസ്സിലിരുപ്പ്. കേരളത്തോട് നീതിപുലർത്തണമെന്നും കേരളത്തിന് പ്രത്യേക പാക്കേജിന് അർഹതയുണ്ടെന്നും മാർച്ച് 31നകം കേരളത്തിന്റെ കടമെടുപ്പ് പരിധി ഉയർത്തണമെന്നും കേരളത്തിന്റെ സവിശേഷ സാഹചര്യം കണക്കിലെടുക്കണമെന്നുമാണ് സുപ്രീംകോടതി ശക്തമായ ഭാഷയിൽ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടത്. ഇടതുപക്ഷത്തോടുള്ള അന്ധമായ വിരോധമാണ് സുപ്രീംകോടതി ഉത്തരവിനെ അവഹേളനപരമായി അവതരിപ്പിക്കാൻ മനോരമയെ പ്രേരിപ്പിച്ചതെന്ന് തോന്നുന്നു. മക്കാർത്തിയിസം തലയ്ക്ക് പിടിച്ച് ഇനി അതിന്റെ ഉടയോൻമാർ കെട്ടിത്തൂങ്ങിയോ വിഷം കുടിച്ചോ ചത്തുകളയുമോ ആവോ?
നിഷ്-പക്ഷതയുടെ എല്ലാ നാട്യങ്ങളും ആടയാഭരണങ്ങളും കെെവെടിഞ്ഞാണ് മുഖ്യധാരാ മാധ്യമങ്ങൾ ഈ മോദിക്കാലത്ത് കമ്യൂണിസ്റ്റു വിരുദ്ധ ഉറഞ്ഞു തുള്ളലിൽ ഏർപ്പെട്ടിരിക്കുന്നത്. ♦