Thursday, May 9, 2024

ad

Homeലെനിന്റെ 100‐ാം ചരമവാർഷികംറഷ്യയിലെ വിപ്ലവത്തിന്റെ തുടക്കം

റഷ്യയിലെ വിപ്ലവത്തിന്റെ തുടക്കം

വി ഐ ലെനിൻ

ത്യന്തം ചരിത്രപ്രധാനമായ സംഭവങ്ങളാണ് റഷ്യയിൽ നടന്നുകൊണ്ടിരിക്കുന്നത്. തൊഴിലാളിവർഗ്ഗം സാറിസത്തിനെതിരായി ഉണർന്നെണീറ്റിരിക്കുന്നു. ഗവണ്മെന്റ് തൊഴിലാളിവർഗ്ഗത്തെ കലാപത്തിലേക്കു തള്ളിവിടുകയാണുണ്ടായത്. സൈനികബലപ്രയോഗംവരെ കാര്യങ്ങൾ കൊണ്ടെത്തിക്കാൻ വേണ്ടി മന:പൂർവ്വമാണ് ഗവണ്മെന്റ് പ്രായേണ തടസ്സമൊന്നും കൂടാതെ പണിമുടക്കു പ്രസ്ഥാനം വളരാനും വിപുലമായ തോതിൽ പ്രകടനം ആരംഭിക്കാനും അനുവദിച്ചതെന്നും ഇപ്പോൾ സംശയാതീതമായി തെളിഞ്ഞുകഴിഞ്ഞിരിക്കുന്നു. അവരുടെ ലക്ഷ്യം സാധിച്ചു. കൊല്ലപ്പെട്ടവരും മുറിവേറ്റുവീണവരുമായ പരസഹസ്രങ്ങൾ- – അതാണ് ജനുവരി 9-–ാം തീയതി – രക്തപങ്കിലമായ ആ ഞായറാഴ്ച –സെന്റ് പീറ്റേഴ്സ് ബർഗ്ഗ് കാഴ്ചവച്ചത്. നിരായുധരായ തൊഴിലാളികളേയും സ്ത്രീകളേയും കുട്ടികളേയും പട്ടാളം തോല്പിച്ചു. നിലത്തു കിടന്നിരുന്ന തൊഴിലാളികളുടെ നേരെ നിറയൊഴിച്ചുകൊണ്ടാണ് പട്ടാളം ശത്രുവിന്റെമേൽ വിജയം നേടിയത്.‘‘നമ്മൾ അവരെ നല്ലൊരു പാഠം പഠിപ്പിച്ചു!’’എന്നാണ് സാറിന്റെ കിങ്കരന്മാരും യാഥാസ്ഥിതിക ബൂർഷ്വാസിക്കിടയിലുള്ള അവരുടെ യൂറോപ്യൻ പാദസേവകരും അവർണ്ണനീയമായ അവജ്ഞയോടെ പറയുന്നത്.

അതെ, അത് മഹത്തായൊരു പാഠമായിരുന്നു! റഷ്യൻ തൊഴി ലാളിവർഗ്ഗം ആ പാഠം ഒരിക്കലും മറക്കില്ല. തങ്ങളുടെ ശുദ്ധഗതിയിൽ സാറിനെ വിശ്വസിക്കുകയും പീഡിതരായ ഒരു ജനതയുടെ സങ്കടഹർജി ‘സാക്ഷാൽ സാർചക്രവർത്തി’യുടെ സമക്ഷം സമാധാനപരമായി സമർപ്പിക്കാൻ ആത്മാർത്ഥമായി അഭിലഷിക്കുകയും ചെയ്ത, തൊഴിലാളിവർഗ്ഗത്തിൽപ്പെട്ട ഏറ്റവും അനഭിജ്ഞരും പിന്നണിയിൽ കിടക്കുന്നവരുമായ വിഭാഗങ്ങളെ സാറിന്റെ – അല്ലെങ്കിൽ സാറിന്റെ മാതുലനായ വ്ളാദിമിർ മഹാപ്രഭുവിന്റെ– നേതൃത്വത്തിലുള്ള പട്ടാളം ഒരു പാഠം പഠിപ്പിക്കുകതന്നെ ചെയ്തു.

തൊഴിലാളിവർഗ്ഗം ആ ആഭ്യന്തരയുദ്ധം സംബന്ധിച്ച മഹത്തായൊരു പാഠം പഠിച്ചു. വിരസവും നികൃഷ്ടവുമായ ദൈനംദിന ജീവിതത്തിൽ മാസങ്ങൾകൊണ്ടും വർഷങ്ങൾകൊണ്ടും സാധ്യമാവാത്ത പുരോഗതിയാണ് ആ ഒരൊറ്റ ദിവസംകൊണ്ട്- തൊഴിലാളിവർഗ്ഗത്തിന്റെ വിപ്ലവശിക്ഷണത്തിലുണ്ടായത്. സെന്റ് പീറ്റേഴ്സ്ബർഗ്ഗിലെ ധീരോദാത്തരായ തൊഴിലാളിവർഗ്ഗം മുഴക്കിയ “ഒന്നുകിൽ മരണം അല്ലെങ്കിൽ സ്വാതന്ത്ര്യം!’’ എന്ന മുദ്രാവാക്യം ഇപ്പോൾ റഷ്യയിലൊട്ടുക്ക് മാറ്റൊലിക്കൊള്ളുകയാണ്. അത്ഭുതാവഹമായ വേഗത്തിലാണ് സംഭവങ്ങൾ നീങ്ങുന്നത്. സെന്റ് പീറ്റേഴ്സ്ബർഗ്ഗിൽ പൊതുപണിമുടക്ക് പടർന്നുപിടിച്ചുകൊണ്ടിരിക്കുകയാണ്. വ്യാവസായിക-–സാമൂഹിക – രാഷ്ട്രീയ ജീവിതമാകെ സ്തംഭിച്ചിരിക്കുന്നു. ജനുവരി 10-ന് തിങ്കളാഴ്ച തൊഴിലാളികളും പട്ടാളവും തമ്മിലുണ്ടായ സംഘട്ടനങ്ങൾ മുമ്പത്തെക്കാൾ രൂക്ഷമായിരുന്നു. ഗവണ്മെന്റിന്റെ വ്യാജ പ്രസ്താവനകൾക്കു വിരുദ്ധമായി തലസ്ഥാനനഗരിയുടെ പല ഭാഗങ്ങളിലും ചോര ഒഴുകുകയാണ്. കൊൽപിനോയിലെ തൊഴിലാളികൾ ഉണർന്നെണീക്കുകയാണ്. തൊഴിലാളിവർഗ്ഗം സ്വയം ആയുധമണിയുകയും ജനങ്ങളെ ആയുധമണിയിക്കുകയും ചെയ്യുന്നു. തൊഴിലാളികൾ സൊസ്-ത്രോറേസിലെ ആയുധശാല പിടിച്ചെടുത്തുവെന്നാണ്- കേൾക്കുന്നതും. സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള സാഹസിക സമരത്തിനും അവർ കൈത്തോക്കുകൾ ഏന്തുന്നു, തങ്ങളുടെ പണിക്കോപ്പുകളിൽനിന്നും ആയുധങ്ങൾ തീർക്കുന്നു, ബോംബുകൾ ശേഖരിക്കുന്നു. പൊതുപണിമുടക്ക് പ്രവിശ്യകളിലേക്കുകൂടി വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. മോസ്കോയിൽ പതിനായിരം പേർ പണിമുടക്കിക്കഴിഞ്ഞു. അവിടെ നാളത്തേക്കു (ജനുവരി 13 വ്യാഴാഴ്ച) ഒരു പൊതുപണിമുടക്കിനും ആഹ്വാനം ചെയ്തിരിക്കുകയാണ്. റീഗയിൽ ഒരു കലാപം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നു. ലോഡ്സിൽ തൊഴിലാളികൾ പ്രകടനം നടത്തുന്നു. വാഴ്സയിൽ ഒരു കലാപത്തിന്- ഒരുക്കുകൂട്ടിക്കൊണ്ടിരിക്കുന്നു. ഹെൽസിങ് ഫോർസിൽ തൊഴിലാളിപ്രകടനങ്ങൾ നടക്കുന്നു. ബാക്കു, ഒഡേസ്സ, കീവ്, ഖാർക്കൊവ്, കോവ്നോ, വിൽന എന്നിവിടങ്ങളിലെല്ലാം തൊഴിലാളികൾക്കിടയിൽ അസ്വസ്ഥത വളരുകയും പണിമുടക്കുകൾ വ്യാപിക്കുകയുമാണ്. സെവസ്തോപ്പോളിൽ നാവികപ്പടയുടെ സംഭരണശാലകളും ആയുധപ്പുരകളും ആളിക്കത്തുന്നു, പട്ടാളക്കാർ കലാപകാരികളുടെ നേരെ വെടിവയ്ക്കാൻ വിസമ്മതിക്കുന്നു. റെവെലിലും സറാത്തോവിലും പണിമുടക്കാണ്. റാദോമിൽ തൊഴിലാളികളും റിസർവിസ്റ്റുകളും പട്ടാളത്തോടേറ്റുമുട്ടുന്നു.

വിപ്ലവം പടർന്നുപിടിക്കുകയാണ്. ഗവൺമെന്റിനും സമനില തെറ്റാൻ തുടങ്ങിയിരിക്കുന്നു. രക്തരൂഷിതമായ മർദ്ദനമെന്ന നയത്തിൽ നിന്നും ഗവൺമെന്റ് സാമ്പത്തികവിട്ടുവീഴ്ചകളിലേക്കു കടക്കാനും തൊഴിലാളികൾക്ക് നക്കാപ്പിച്ചകൾ എറിഞ്ഞുകൊടുത്തുകൊണ്ടോ 9 മണിക്കൂർ തൊഴിൽദിനം വാഗ്ദാനം ചെയ്തുകൊണ്ടോ തടിതപ്പാനും ശ്രമിക്കുകയാണ്. പക്ഷേ രക്തപങ്കില ഞായറിന്റെ പാഠം വൃഥാവിലാവില്ല. സെന്റ്- പീറ്റേഴ്സ‍്ബർഗ്ഗിലെ കലാപകാരികളായ തൊഴിലാളികൾ ഉന്നയിച്ചിട്ടുള്ള ആവശ്യം – അതായത്, സാർവ്വത്രികവും നേരിട്ടുള്ളതും തുല്യവുമായ രഹസ്യബാലറ്റിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന കോൺസ്റ്റിറ്റുവന്റ് അസംബ്ലി ഉടനടി വിളിച്ചുകൂട്ടണമെന്നത് – പണിമുടക്കിലേർപ്പെട്ടിരിക്കുന്ന എല്ലാ തൊഴിലാളികളുടേയും ആവശ്യമായിത്തീരണം. ഗവണ്മെന്റിനെ ഉടനടി കടപുഴക്കിയെറിയുക – ഇതാണ് സാറിൽ വിശ്വാസമർപ്പിച്ചിരുന്ന സെന്റ്പീറ്റേഴ്സ്ബർഗ്ഗിലെ തൊഴിലാളികൾപോലും ജനുവരി 9-ലെ കൂട്ടക്കൊലയ്ക്കു മറുപടിയായി ഉന്നയിച്ച മുദ്രാവാക്യം. അവർ തങ്ങളുടെ നേതാവായ ഗിയോർഗി ഗപ്പോൺ എന്ന പുരോഹിതനിലൂടെ മറുപടി നൽകി. ആ രക്തപങ്കില ദിനത്തിന്റെ പിറ്റേന്നു ഗപ്പോൺ പ്രഖ്യാപിച്ചു: ‘‘നമുക്കും ഇനി സാറെന്നൊരാളില്ല. സാറിനും ജനങ്ങൾക്കുമിടയിൽ ഒരു ചോരപ്പുഴയാണുള്ളത്. സ്വാതന്ത്ര്യസമരം നീണാൾ വാഴട്ടെ !”

നമ്മൾ പറയുന്നു – വിപ്ലവതൊഴിലാളിവർഗ്ഗം നീണാൾ വാഴട്ടെ! പൊതുപണിമുടക്ക് തൊഴിലാളിവർഗ്ഗത്തിലും പട്ടണങ്ങളിലെ ദരിദ്ര ജനവിഭാഗങ്ങളിലുംപെട്ട ബഹുജനങ്ങളെ കൂടുതൽ കൂടുതൽ വിപുലമായ തോതിൽ തട്ടിയുണർത്തുകയും അണിനിരത്തുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. ജനങ്ങളെ ആയുധമണിയിക്കുകയെന്നത് ഈ വിപ്ലവമുഹൂർത്തത്തിലെ ഒരു അടിയന്തിര കടമയായിത്തീർന്നിരിക്കുന്നു.

ആയുധമേന്തിയ ജനതയ്ക്കു മാത്രമേ ജനകീയസ്വാതന്ത്ര്യത്തിന്റെ യഥാർത്ഥ നെടുങ്കോട്ടയാവാൻ കഴിയൂ. തൊഴിലാളിവർഗ്ഗം എത്ര നേരത്തേ ആയുധമണിയുന്നോ, പണിമുടക്കിലേർപ്പെട്ടിരിക്കുന്ന വിപ്ലവകാരിയെന്ന നിലയ്ക്ക് അത് അതിന്റെ സമരമുഖത്ത്- എത്ര കൂടുതൽ സമയം പിടിച്ചുനിൽക്കുന്നോ, അത്രയും നേരത്തെതന്നെ പട്ടാളം ആടിക്കളിക്കാൻ തുടങ്ങും. തങ്ങൾ ചെയ്യുന്നതെന്താണെന്ന് കൂടുതൽ കൂടുതൽ പട്ടാളക്കാർക്ക് അവസാനം ബോദ്ധ്യമാവാൻ തുടങ്ങും. ദുഷ്ടന്മാർക്കെതിരായി, ജനമർദ്ദകനെതിരായി, അശരണരായ തൊഴിലാളികളേയും അവരുടെ ഭാര്യമാരേയും കുഞ്ഞുങ്ങളേയും കൊന്നൊടുക്കിയ ഘാതകന്മാർക്കെതിരായി, അവർ ജനങ്ങളുടെ ഭാഗത്തുചേരും. സെന്റ്പീറ്റേഴ്സ്ബർഗ്ഗിലെ ഇപ്പോഴത്തെ കലാപത്തിന്റെ പരിണാമം എങ്ങനെയായിരുന്നാലും ശരി, അത് കൂടുതൽ വിപുലവും ബോധപൂർവ്വവും സജ്ജീകൃതവുമായ ഒരു കലാപത്തിലേക്കുള്ള ആദ്യത്തെ കാൽവെയ്പാണെന്നതിന് സംശയമില്ല. കണക്കുതീർക്കൽ ദിവസം നീട്ടിവയ്ക്കാൻ ഗവണ്മെന്റിന് ഒരുപക്ഷേ കഴിയുമായിരിക്കും. എന്നാൽ ആ നീട്ടിവയ്പ് വിപ്ലവ മുന്നേറ്റത്തിന്റെ അടുത്ത ചുവട് കൂടുതൽ ഗംഭീരമാക്കുകയേയുള്ളു. സംഘടിതരായ പോരാളികളെ അണിനിരത്താനും സെന്റ്പീറ്റേഴ്സ്ബർഗിലെ തൊഴിലാളികൾ മുൻകെെയെടുക്കുന്നതിനെപ്പറ്റിയുള്ള വാർത്ത പ്രചരിപ്പിക്കാനും വേണ്ടി സോഷ്യൽ ഡെമോക്രാറ്റുകാർ ഈ നീട്ടിവയ്പിനെ പ്രയോജനപ്പെടുത്തുമെന്നേ അതിനർത്ഥമുള്ളൂ. പണിശാലകൾ വിട്ടിറങ്ങിക്കൊണ്ടും സ്വയം ആയുധങ്ങൾ പടച്ചുണ്ടാക്കിക്കൊണ്ടും തൊഴിലാളിവർഗ്ഗം സമരത്തിൽ ചേരുകതന്നെ ചെയ്യും . സ്വാതന്ത്ര്യസമരത്തിന്റെ മുദ്രാവാക്യങ്ങൾ പട്ടണങ്ങളിലെ പാവങ്ങളുടേയും കോടിക്കണക്കിനു കർഷകരുടേയും ഇടയിലേക്ക്- കൂടുതൽ കൂടുതൽ വിപുലമായി പടർന്നെത്തും. ഓരോ ഫാക്ടറിയിലും ഓരോ നഗരവാർഡിലും ഓരോ വലിയ ഗ്രാമത്തിലും വിപ്ലവസമിതികൾ ഉയർന്നുവരും . കലാപക്കൊടിയേന്തിയ ജനങ്ങൾ സാറിസ്റ്റ് സ്വേച്ഛാധിപത്യത്തിന്റെ എല്ലാ സർക്കാർ സ്ഥാപനങ്ങളേയും തട്ടിനീക്കിക്കൊണ്ട് കോൺസ്റ്റിറ്റുവന്റ് അസംബ്ലി ഉടനടി വിളിച്ചുകൂട്ടുന്നതായി പ്രഖ്യാപിക്കുന്നതാണ്.

തൊഴിലാളികളേയും പൊതുവിൽ എല്ലാ പൗരരേയും ഉടനടി ആയുധമണിയിക്കുക, ഗവണ്മെന്റിന്റെ അധികാരസ്ഥാപനങ്ങളെ കടപുഴക്കിയെറിയാൻ വേണ്ടി വിപ്ലവശക്തികളെ ഒരുക്കുകൂട്ടുകയും സംഘടിപ്പിക്കുകയും ചെയ്യുക– – ഇതാണ് പൊതുവായ ആഞ്ഞടിക്കുവേണ്ടി എല്ലാത്തരം വിപ്ലവകാരികൾക്കും യോജിക്കാൻ കഴിയുന്നതും കഴിയേണ്ടതുമായ പ്രായോഗികാടിസ്ഥാനം. തൊഴിലാളിവർഗ്ഗം എപ്പോഴും അവരുടെ സ്വതന്ത്രപാതയിലൂടെ മുന്നോട്ടു നീങ്ങണം. അവർ സോഷ്യൽ ഡെമോക്രാറ്റിക്ക് കക്ഷിയുമായുള്ള ബന്ധം ദുർബ്ബലപ്പെടുത്തരുത്. സർവ്വവിധ ചൂഷണത്തിൽനിന്നും മാനവരാശിയെ മോചിപ്പിക്കുകയെന്നതാണ് തങ്ങളുടെ മഹത്തായ അന്തിമലക്ഷ്യമെന്ന കാര്യം അവർ മറന്നുകൂട. എന്നാൽ സോഷ്യൽ ഡെമോക്രാറ്റിക്ക് തൊഴിലാളിവർഗ്ഗ പാർട്ടിയുടെ ഈ സ്വാതന്ത്ര്യം, യഥാർത്ഥ വിപ്ലവത്തിന്റെ സമയത്ത് പൊതു വിപ്ലവമുന്നേറ്റത്തിന്റെ പ്രാധാന്യം നമ്മൾ മറന്നുപോകാൻ ഒരിക്കലും ഇടവരുത്തുകയില്ല.
ബൂർഷ്വാജനാധിപത്യവിപ്ലവകാരികളിൽനിന്നു സ്വതന്ത്രമായി പ്രവർത്തിക്കാനും തൊഴിലാളിവർഗ്ഗത്തിന്റെ വർഗ്ഗസ്വാതന്ത്ര്യം കാത്തുസൂക്ഷിക്കാനും സോഷ്യൽ ഡെമോക്രാറ്റുകാരായ നമുക്കു കഴിയും, കഴിയണം. എന്നാൽ സായുധകലാപം നടക്കുമ്പോൾ—– സാറിസത്തെ നേരിട്ട് ആഞ്ഞടിക്കുകയും പട്ടാളം ചെറുത്തുനിൽക്കുകയും മുഴുവൻ റഷ്യൻ ജനതയുടേയും അഭിശപ്തശത്രുവിന്റെ നെടുങ്കോട്ടകളെ കടന്നാക്രമിക്കുകയും ചെയ്യുമ്പോൾ – നമ്മൾ അവരുമായി കൈകോർത്തു നീങ്ങണം.

ലോകമാസകലമുള്ള തൊഴിലാളിവർഗ്ഗം ഇപ്പോൾ റഷ്യയിലെ തൊഴിലാളിവർഗ്ഗത്തിന്റെ നേരെ ആവേശപൂർവ്വം ഉറ്റുനോക്കുകയാണ്. നമ്മുടെ തൊഴിലാളിവർഗ്ഗം വീരോചിതമായി തുടക്കമിട്ടുകഴിഞ്ഞിരിക്കുന്ന റഷ്യയിൽ സാറിസത്തെ നിഷ്കാസനം ചെയ്യുന്നത് എല്ലാ രാജ്യങ്ങളുടെ ചരിത്രത്തിലും ഒരു വഴിത്തിരിവായിരിക്കും. എല്ലാ രാഷ്ട്രങ്ങളിലുംപെട്ട, എല്ലാ സ്റ്റേറ്റുകളിലുംപെട്ട, ലോകത്തിന്റെ ഏതു ഭാഗത്തുമുള്ള, തൊഴിലാളികളുടെ ജോലി അതു ലഘൂകരിക്കുന്നതാണ്. അതുകൊണ്ട് ജനകീയസമരത്തിന്റെ എത്ര വമ്പിച്ച കടമകളാണ് തങ്ങൾ ചുമലിലേറ്റിയിരിക്കുന്നതെന്ന സംഗതി ഓരോ സോഷ്യൽ ഡെമോക്രാറ്റിനും വർഗ്ഗബോധമുള്ള ഓരോ തൊഴിലാളിക്കും ഓർമ്മ വേണം. പൊതുശത്രുവിനെതിരായി മുഴുവൻ കർഷകരുടേയും അദ്ധ്വാനിക്കുന്നവരും ചൂഷിതരുമായ മുഴുവൻ ബഹുജനങ്ങളുടേയും ആവശ്യങ്ങളേയും താല്പര്യങ്ങളേയുമാണ്-, മുഴുവൻ ജനങ്ങളുടേയും ആവശ്യങ്ങളേയും താല്പര്യങ്ങളേയുമാണ്, താൻ പ്രതിനിധീകരിക്കുന്നതെന്ന കാര്യം അയാൾ മറക്കരുത്. സെന്റ് പീറ്റേഴ്സ്ബർഗ്ഗിലെ തൊഴിലാളിവർഗ്ഗ വീരന്മാരുടെ മാതൃക ഇപ്പോൾ എല്ലാവരുടേയും കൺമുമ്പിലുണ്ട്.

വീപ്ലവം നീണാൾ വാഴട്ടെ! സായുധകലാപം നടത്തിയ തൊഴിലാളിവർഗ്ഗം നീണാൾ വാഴട്ടെ!
– ജനീവ, ബുധൻ, ജനുവരി 25(12)

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

19 − 9 =

Most Popular