Thursday, May 9, 2024

ad

Homeനിരീക്ഷണം‘ഒരുരാജ്യം ഒറ്റ തിരഞ്ഞെടുപ്പ് ’ 
എന്നത് ജനാധിപത്യ വിരുദ്ധം

‘ഒരുരാജ്യം ഒറ്റ തിരഞ്ഞെടുപ്പ് ’ 
എന്നത് ജനാധിപത്യ വിരുദ്ധം

കെ എ വേണുഗോപാലൻ

രു രാജ്യം ഒറ്റ തിരഞ്ഞെടുപ്പിനെക്കുറിച്ച് പഠിച്ച രാംനാഥ് കോവിന്ദ് സമിതി രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. 11,000 പേജുകളുള്ള റിപ്പോര്‍ട്ടില്‍ 2029ഓടുകൂടി ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പ് നടപ്പാക്കണമെന്ന് ശുപാര്‍ശ ചെയ്യുന്നു. പാര്‍ലമെന്റിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഒരുമിച്ച് തിരഞ്ഞെടുപ്പ് നടത്തുന്നതോടെ ചെലവ് ഗണ്യമായി കുറയ്ക്കാനാകുമെന്നും ആ തുക രാജ്യത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാനാകുമെന്നുമാണ് വിലയിരുത്തല്‍. ഈ ആശയം നടപ്പാക്കുന്നതിനായി ഭരണഘടനയിലെ ആറ് അനുച്ഛേദങ്ങളെങ്കിലും ഭേദഗതി ചെയ്യേണ്ടി വരുമെന്നും സമിതി ചൂണ്ടിക്കാട്ടി.

വരുന്ന പൊതുതിരഞ്ഞെടുപ്പിനു ശേഷം പാര്‍ലമെന്റ് ചേരുമ്പോള്‍ ഇക്കാര്യം വിജ്ഞാപനം ചെയ്യുന്നതിന് ഒരു തീയതി നിശ്ചയിക്കണം. ഈ നിശ്ചിത തീയതിക്കുശേഷം തിരഞ്ഞെടുക്കപ്പെടുന്ന പുതിയ സംസ്ഥാന സര്‍ക്കാരുകളുടെ കാലാവധി 2029 ല്‍ പൊതുതിരഞ്ഞെടുപ്പ് നടക്കുന്ന സമയം വരെയായിരിക്കും. ഇതോടെ 2024നും 2028നും ഇടയില്‍ സംസ്ഥാനങ്ങളില്‍ അധികാരമേല്‍ക്കുന്ന സര്‍ക്കാരുടെ കാലാവധി നിലവിലെ 5 വര്‍ഷത്തിനുപകരം 2029ലെ പൊതു തിരഞ്ഞെടുപ്പ് വരെയാകും.

പാര്‍ലമെന്റിലോ സംസ്ഥാന നിയമസഭകളിലോ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത തൂക്കുസഭ വരികയാണെങ്കില്‍ വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്നും ഇതിലൂടെ അധികാരത്തില്‍ വരുന്ന സര്‍ക്കാരിന് ആദ്യം തിരഞ്ഞെടുപ്പ് നടന്ന സമയം മുതല്‍ അഞ്ചുവര്‍ഷം വരെയേ തുടരാനാകൂവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഒറ്റ തിരിച്ചറിയല്‍ കാര്‍ഡും ഒറ്റ വോട്ടര്‍ പട്ടികയും വേണമെന്നും സമിതി ശുപാര്‍ശ ചെയ്യുന്നു. ലോക്-സഭയിലേക്കും നിയമസഭകളിലേക്കും തിരഞ്ഞെടുപ്പ് നടന്ന് 100 ദിവസത്തിനുള്ളില്‍ തദ്ദേശ തിരഞ്ഞെടുപ്പുകള്‍ നടത്തണമെന്നും നിര്‍ദേശമുണ്ട്.

47 രാഷ്ട്രീയ പാര്‍ട്ടികളാണ് സമിതിക്ക് മുന്നില്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചത്. കോണ്‍ഗ്രസ്, ഡിഎംകെ, ആം ആദ്മി, ബിഎസ്-പി, സിപിഐ എം, സിപിഐ, തൃണമൂല്‍ കോണ്‍ഗ്രസ്, എഐഎംഐഎം, സമാജ് വാദി പാര്‍ട്ടി തുടങ്ങിയ കക്ഷികള്‍ ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് എന്ന ആശയത്തില്‍ എതിര്‍പ്പറിയിച്ചെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ആറുമാസം കൊണ്ടാണ് സമിതി റിപ്പോര്‍ട്ട് തയാറാക്കിയത്. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തുകയാണെങ്കില്‍ പുതിയ ആശയം നടപ്പാക്കുമെന്ന് ബിജെപി നേരത്തെ വ്യക്തമാക്കിയിരുന്നു.

അയോധ്യയില്‍ രാമ ക്ഷേത്രം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി പ്രസംഗിച്ചത് ഇന്ത്യ സ്വാതന്ത്ര്യത്തിലേക്കുള്ള പ്രയാണം ആരംഭിച്ചിരിക്കുന്നു എന്നാണ്. അദ്ദേഹം ഉദ്ദേശിക്കുന്ന ‘സ്വാതന്ത്ര്യം’ ഇന്ത്യയെ ഒരു ഹിന്ദുത്വ രാഷ്ട്രമാക്കി മാറ്റലാണ്. ഏക സിവില്‍കോഡും പൗരത്വ ഭേദഗതി നിയമവും ഒക്കെ അതിലേക്കുള്ള പാതകളാണ്. അടുത്ത നീക്കം ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പാണ്. 1950 ജനുവരി 26ന് ഇന്ത്യ റിപ്പബ്ലിക്കായി പ്രഖ്യാപിക്കപ്പെട്ടതിനുശേഷം സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പുകളില്‍ അധികാരം കയ്യാളുന്ന പാര്‍ട്ടിക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ടാല്‍ ഇടക്കാല തിരഞ്ഞെടുപ്പുകള്‍ നടത്താറുണ്ട്.കേരള സംസ്ഥാനം രൂപീകരിക്കപ്പെട്ടത് 1956 നവംബര്‍ ഒന്നിനാണ്. 1957 ലാണ് കേരളത്തില്‍ ആദ്യമായി തിരഞ്ഞെടുപ്പ് നടന്നത്. 1957ലെ തിരഞ്ഞെടുപ്പിൽ അധികാരത്തിൽവന്ന ഇ എം എസ് മന്ത്രിസഭയെ കേന്ദ്രം ഭരണഘടനയിലെ 356 വകുപ്പ് അനുസരിച്ചുള്ള അധികാരം ഉപയോഗിച്ച് പിരിച്ചുവിട്ടു. തൊട്ടടുത്ത വര്‍ഷം ഉപതിരഞ്ഞെടുപ്പ് നടത്തി. ഇന്ത്യയിലുടനീളം ഇത്തരത്തിലുള്ള നിരവധി ഉപതിരഞ്ഞെടുപ്പുകള്‍ നടന്നു. ലോക്-സഭയിലേക്ക് തന്നെ പലപ്പോഴും ഉപതിരഞ്ഞെടുപ്പുകള്‍ നടന്നു. ഇന്ത്യയിലെ ജനാധിപത്യ വ്യവസ്ഥയ്ക്ക് അതുകൊണ്ട് ഒരു ദോഷവും സംഭവിച്ചില്ല. കാരണം ഇന്ത്യ ഫെഡറല്‍ സംവിധാനം നിലനില്‍ക്കുന്ന ഒരു രാജ്യമാണ്.

സ്വാതന്ത്ര്യാനന്തരം അധികാരത്തില്‍ വന്ന കോണ്‍ഗ്രസ് ഇന്ത്യയില്‍ മുതലാളിത്ത വികസന പാതയാണ് അംഗീകരിച്ചത്. ഒരുഭാഗത്ത് സാമ്രാജത്വശക്തികളുമായി കൂടുതല്‍ കൂടുതല്‍ സഹകരിച്ചും മറുഭാഗത്ത് ഭൂപ്രഭുത്വ ശക്തികളുമായി സന്ധിചെയ്തുമാണ് ഇന്ത്യന്‍ മുതലാളിത്തം വളര്‍ന്നത്. ഇന്ത്യയിലെ ഭരണത്തിന് നേതൃത്വം കൊടുത്തിരുന്ന വന്‍കിട ബൂര്‍ഷ്വാസിക്ക് അതിവേഗത്തില്‍ വളരാനായി. പിന്നീട് സ്വാശ്രിതത്വത്തിന്റെ കാഴ്ചപ്പാട് ഉപേക്ഷിക്കുകയും അന്തര്‍ദേശീയ ധനമൂലധന ശക്തികള്‍ക്ക് ഇന്ത്യന്‍ ഭരണവര്‍ഗ്ഗം വഴങ്ങുകയും ചെയ്തു. സ്വാഭാവികമായും ഇന്ത്യന്‍ മുതലാളിത്തത്തിന്റെ വളര്‍ച്ച കൂടുതല്‍ കൂടുതല്‍ കേന്ദ്രീകൃതമായിത്തീര്‍ന്നു. ഫെഡറലിസം ഉപേക്ഷിക്കേണ്ടത് വന്‍കിട മുതലാളിത്ത ശക്തികളുടെ സാമ്പത്തിക താല്‍പര്യത്തിന് അനുപേക്ഷണീമായി മാറി. ഈ കേന്ദ്രീകരണത്തിന്റെ പ്രാഥമിക ഘട്ടം 1975–77 കാലത്തെ അടിയന്തരാവസ്ഥയായിരുന്നുവെങ്കില്‍ പുത്തന്‍ സാമ്പത്തിക നയം അംഗീകരിച്ചതിനുശേഷം നിയമപരിഷ്കാരങ്ങളിലൂടെ കേന്ദ്രീകരണത്തെ ശക്തിപ്പെടുത്തുകയും ഫെഡറലിസത്തെ തകര്‍ക്കുകയും ചെയ്യുക എന്നത് ഇന്ത്യയിലെ ഭരണവര്‍ഗത്തിന്റെ സ്വഭാവമായി മാറി.

ഏകീകൃത സിവില്‍ കോഡ്, കാശ്മീരിനെ വെട്ടിമുറിക്കല്‍,ഹിന്ദി – ഹിന്ദു – ഹിന്ദുസ്ഥാന്‍ എന്ന പ്രചരണം, പൗരത്വ ഭേദഗതി നിയമം എന്നിവയൊക്കെ അതിന്റെ വ്യത്യസ്ത രൂപത്തിലുള്ള പ്രകടനങ്ങളായിരുന്നു. ഇപ്പോഴിതാ അവസാനമായി ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ് എന്നതിലേക്ക് അവര്‍ നീങ്ങാന്‍ പോവുകയാണ്. ഇന്ത്യയില്‍ നിലനില്‍ക്കുന്ന അവശിഷ്ട ഫെഡറല്‍ അധികാരങ്ങള്‍ പോലും ഇല്ലാതാക്കുന്നതിനുവേണ്ടിയുള്ള നീക്കമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇന്ത്യയുടെ ബഹുസ്വരത അംഗീകരിക്കാത്ത സമീപനമാണ് ആര്‍എസ്എസും ബിജെപിയും എക്കാലത്തും എടുത്തിട്ടുള്ളത്. അവര്‍ക്ക് ഒരു ഹിന്ദുത്വ രാജ്യമായി ഇന്ത്യയെ മാറ്റണം.

2014 ല്‍ നടന്ന ലോക്-സഭാതിരഞ്ഞെടുപ്പിലാണ് ബിജെപി അവരുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രിയില്‍ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന മുദ്രാവാക്യം മുന്നോട്ടുവയ്ക്കുന്നത്. ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് ‘ എന്ന മുദ്രാവാക്യത്തിന്റെ യുക്തിസഹമായ തുടര്‍ച്ചയാണ് ‘ഒരു രാജ്യം ഒരു നേതാവ് ‘എന്നത്. ആ നേതാവാകട്ടെ ഇതൊരു ചര്‍ച്ചാവിഷയമല്ലെന്നും ഇന്ത്യയില്‍ അനിവാര്യമാണെന്നും പ്രഖ്യാപിച്ചിട്ടുമുണ്ട്. അഞ്ചുവര്‍ഷത്തിലൊരിക്കലാണ് ലോക്-സഭയിലേക്കും നിയമസഭയിലേക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കും ഒക്കെ തിരഞ്ഞെടുപ്പ് നടക്കുന്നത്. പക്ഷേ ഭരണഘടനാപരമായ കാരണങ്ങളാല്‍ വ്യത്യസ്ത കാലയളവുകളിലാണ് ഇത് വ്യത്യസ്ത സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. അത് ഒഴിവാക്കണമെന്നും ഈ തെരഞ്ഞെടുപ്പുകള്‍ എല്ലാം ഒരു നിശ്ചിത കാലയളവില്‍ ഒരുമിച്ച് നടത്തണം എന്നുമാണ് ഇപ്പോള്‍ ബിജെപി ആവശ്യപ്പെടുന്നത്.

നിയമസഭയിലേക്കും ലോക്-സഭയിലേക്കുമുള്ള ഇടക്കാല തിരഞ്ഞെടുപ്പുകള്‍ ഒഴിവാക്കുന്നതിനായി അവ ഇടക്കാലത്ത് പിരിച്ചുവിടുന്നതിനെതിരെയുള്ള നിയമനിര്‍മാണവും ബിജെപി ഉദ്ദേശിക്കുന്നുണ്ട്. കാലാവധി നിശ്ചയിക്കുന്നത് ഉറപ്പാക്കുകയും അത് പൂര്‍ത്തീകരിക്കുകയും ചെയ്തതിനുശേഷം മാത്രമേ തിരഞ്ഞെടുപ്പ് ആകാവൂ എന്നാണ് അവരുടെ നിര്‍ദ്ദേശം. ഇതിന്റെ പ്രത്യാഘാതം ഏറെ അപകടകരമായിരിക്കും. ലോക്-സഭ പിരിച്ചുവിടുന്നത് ഒഴിവാക്കാനാവാത്ത അവസ്ഥയാണെങ്കില്‍ ലോക്-സഭയുടെ ബാക്കി വരുന്ന കാലാവധിയുടെ കാലത്തെ ഭരണം രാഷ്ട്രപതിയെ ഏല്‍പ്പിക്കുക എന്ന നിര്‍ദ്ദേശമാണ് നിതി ആയോഗ് മുന്നോട്ട് വച്ചിരിക്കുന്നത്. അദ്ദേഹത്തെ ഉപദേശിക്കുന്നതിന് ഒരു മന്ത്രിസഭ ഉണ്ടാക്കാം. അതിലെ അംഗങ്ങള്‍ രാഷ്ട്രപതി നിര്‍ദ്ദേശിക്കുന്നവര്‍ ആയിരിക്കണം എന്നാണ് നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നത്. ഫലത്തില്‍ രാഷ്ട്രപതി നിയമനിര്‍വഹണത്തിന്റെ പരമാധികാരിയായി മാറും. അമേരിക്കന്‍ മാതൃകയിലുള്ള പ്രസിഡന്‍ഷ്യല്‍ ഭരണ സമ്പ്രദായം പിന്‍വാതിലിലൂടെ തിരുകിക്കയറ്റുന്നതാണ് ഈ നിര്‍ദ്ദേശം. കുറഞ്ഞ കാലത്തേയ്ക്കാണെങ്കില്‍ പോലും ഈ മാതൃക തന്നെ സംസ്ഥാനങ്ങളിലും പിന്തുടരണം എന്ന നിര്‍ദ്ദേശവും മുന്നോട്ടുവയ്ക്കപ്പെട്ടിട്ടുണ്ട്. കേന്ദ്ര ഭരണകക്ഷിക്ക് യാതൊരു സ്വാധീനവുമില്ലാത്ത സംസ്ഥാനങ്ങളിൽപോലും പിൻവാതിലൂടെ അംഗീകാരം കയ്യാളാൻ അവർക്കു സാധിക്കും.

നിയമസഭയുടെയും ലോക്-സഭയുടെയും കാലാവധി സുസ്ഥിരമാക്കുക എന്നതിനര്‍ത്ഥം സഭയില്‍ വ്യക്തമായ ഭൂരിപക്ഷമുള്ള ഭരണകക്ഷിക്ക് ആ സഭയെ പിരിച്ചുവിടുന്നതിന് ഗവര്‍ണറോടോ രാഷ്ട്രപതിയോടോ നിര്‍ദ്ദേശിക്കാനാവില്ല എന്നാണ്. ലാ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ മറ്റൊരു വിചിത്ര നിര്‍ദ്ദേശം കൂടി മുന്നോട്ടുവയ്ക്കപ്പെട്ടിട്ടുണ്ട്. ലോക്-സഭയില്‍ അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നവര്‍ ആ പ്രമേയത്തോടൊപ്പം ബദല്‍ ഗവണ്‍മെന്റിനെ നയിക്കേണ്ടതാര് എന്നുകൂടി നിര്‍ദ്ദേശിച്ചിരിക്കണം എന്നാണ് ആ വിചിത്ര നിര്‍ദ്ദേശം. ഇത് അനുസരിച്ചാല്‍ ഒരു സഭയിലെ അംഗങ്ങള്‍ മന്ത്രിസഭക്കെതിരെ അവിശ്വാസം രേഖപ്പെടുത്തിയാല്‍ നിര്‍ബന്ധമായും ഒരു ബദല്‍ ഗവണ്‍മെന്റോ ഒരു ബദല്‍ സഖ്യകക്ഷി ഗവണ്‍മെന്റോ അധികാരത്തില്‍ വരും. അത് പക്ഷേ ജനഹിതം അനുസരിച്ചുള്ളതായിരിക്കണമെന്നില്ല. ജനഹിതം മാനിക്കാതെ ഭരണ സ്ഥിരതയ്ക്ക് മാത്രം പ്രാധാന്യം കൊടുക്കുന്ന ഒന്നാണ് ഈ നിര്‍ദ്ദേശം.

ഇത്തരമൊരു സംവിധാനത്തില്‍ സംസ്ഥാന നിയമസഭകള്‍ക്കു മേലുള്ള കേന്ദ്ര നിയന്ത്രണം വര്‍ദ്ധിക്കും. ഭൂരിപക്ഷം നഷ്ടപ്പെടുന്ന ഒരു സംസ്ഥാന ഗവണ്‍മെന്റിന്റെ ബാക്കി വരുന്ന കാലാവധി കാലത്ത് ഭരിക്കുന്നത് കേന്ദ്ര ഗവണ്‍മെന്റ് ആയിരിക്കും. അത്തരമൊരു ഗവണ്‍മെന്റിനെ നയിക്കേണ്ടതാര് എന്ന് നിര്‍ണയിക്കുന്നതില്‍ ഗവര്‍ണറുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് വലിയ പ്രാധാന്യം സിദ്ധിക്കും. മാത്രമല്ല ഉപതിരഞ്ഞെടുപ്പിനെ നേരിടാതെ കാലുമാറാനുള്ള അവസരം സഭാംഗങ്ങള്‍ക്ക് വീണുകിട്ടുകയും ചെയ്യും. ഭരണകക്ഷി വിലയ്ക്കെടുക്കാവുന്നവരെയൊക്കെ വിലയ്ക്കെടുക്കുന്ന അവസ്ഥയുണ്ടാകും.

ചുരുക്കിപ്പറഞ്ഞാല്‍ നേരത്തെ സൂചിപ്പിച്ചതുപോലെ ഇന്ത്യന്‍ ഭരണഘടനയില്‍ ഉറപ്പു നല്‍കപ്പെട്ടിട്ടുള്ള ഫെഡറല്‍ സ്വഭാവത്തെ അട്ടിമറിക്കുന്നതിനും കേന്ദ്രത്തില്‍ സര്‍വ്വാധികാരവും കേന്ദ്രീകരിക്കുന്നതിനും വേണ്ടിയുള്ള ബിജെപിയുടെ ഗൂഢ പദ്ധതിയാണിത്. നവലിബറല്‍ നയങ്ങളിലൂടെ ഇന്ത്യയില്‍ ശാക്തീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ശിങ്കിടി മുതലാളിത്തത്തിന്റെ താല്‍പര്യങ്ങള്‍ ഫലപ്രദമായി നിര്‍വഹിക്കുന്നതിന് കേന്ദ്രഭരണകക്ഷിക്ക് കഴിയണം എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

three × four =

Most Popular