Saturday, May 4, 2024

ad

Homeഇവർ നയിച്ചവർഇ എം ശ്രീധരൻ: ആശയപ്രചരണരംഗത്തെ അതികായൻ

ഇ എം ശ്രീധരൻ: ആശയപ്രചരണരംഗത്തെ അതികായൻ

ഗിരീഷ്‌ ചേനപ്പാടി

ഖാക്കൾക്കും സുഹൃത്തുക്കൾക്കും അടുത്തു പരിചയമുള്ള എല്ലാവർക്കും അനിയനോ അനിയേട്ടനോ ആയിരുന്നു ഇ എം ശ്രീധരൻ. ആശയപ്രചരണരംഗത്തും ബൗദ്ധികരംഗത്തുമാണ്‌ അദ്ദേഹത്തിന്റെ കനപ്പെട്ട സംഭാവനകൾ. അതോടൊപ്പം നല്ല സംഘാടകനും പ്രായോഗികവാദിയുമായിരുന്നു അദ്ദേഹം. ഏതു ഗഹനമായ കാര്യത്തെയും വളരെ ലളിതമായി അവതരിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ ശേഷി അപാരമായിരുന്നു.

ഇ എം എസ്‌ നന്പൂതിരിപ്പാടിന്റെയും ആര്യ അന്തർജനത്തിന്റെയും മകനായി 1947 ജനുവരി 12നാണ്‌ ഇ എം ശ്രീധരൻ ജനിച്ചത്‌. വിദ്യാർഥി‐യുവജന പ്രസ്ഥാനങ്ങളിലൂടെയാണ്‌ അദ്ദേഹം രാഷ്‌ട്രീയത്തിൽ പ്രവേശിച്ചത്‌. 1965‐66ൽ അദ്ദേഹം കെഎസ്‌എഫിന്റെ തിരുവനന്തപുരം ജില്ലാ പ്രസിഡന്റായി പ്രവർത്തിച്ചു. തുടർന്ന്‌ കെഎസ്‌വൈഎഫിന്റെ തിരുവനന്തപുരം ജില്ലാ പ്രസിഡന്റായും അദ്ദേഹം പ്രവർത്തിച്ചു. മികച്ച സംഘാടകനെന്ന അംഗീകാരം വളരെവേഗം നേടാൻ അദ്ദേഹത്തിന്‌ സാധിച്ചു.

ചാർട്ടേഡ്‌ അക്കൗണ്ടൻസി പാസായ അദ്ദേഹം ഏതാനും വർഷങ്ങൾ ചാർട്ടേഡ്‌ അക്കണ്ടന്റായി ജോലിചെയ്‌തു.

പിന്നീട്‌ പാർട്ടിയുടെ ആശയപ്രചരണരംഗത്താണ്‌ അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചത്‌. അതിന്റെ ഭാഗമായി 1980കളിൽ സിപിഐ എമ്മിന്റെ മുഖവാരികയായ പീപ്പിൾസ്‌ ഡമോക്രസിയുടെ പത്രാധിപസമിതി അംഗമായി ആറുവർഷം അദ്ദേഹം പ്രവർത്തിച്ചു. ഡൽഹി കേന്ദ്രീകരിച്ചാണ്‌ ഈ കാലയളവിൽ അദ്ദേഹം പ്രവർത്തിച്ചത്‌. സമകാലിക രാഷ്‌ട്രീയ വിഷയങ്ങളെക്കുറിച്ചും സാന്പത്തികരംഗത്തെക്കുറിച്ചും വളരെ ലളിതമായ ഭാഷയിൽ അദ്ദേഹം എഴുതിയ ലേഖനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു.

പിന്നീട്‌ തിരുവനന്തപുരം കേന്ദ്രീകരിച്ച്‌ പ്രവർത്തിച്ച അദ്ദേഹം ചിന്ത പബ്ലിഷേഴ്‌സിന്റെ മാനേജ്‌മെന്റ്‌ വിഭാഗത്തിൽ പ്രവർത്തിച്ചു. ചിന്ത പബ്ലിഷേഴ്‌സിന്റെ നവീകരണത്തിലും സവിശേഷമായ രീതിയിൽ പുസ്‌തകങ്ങൾ ഇറക്കുന്നതിലും അദ്ദേഹം നിർണായകമായ പങ്കാണ്‌ വഹിച്ചത്‌.

ചിന്ത വാരികയുടെ ഉള്ളടക്കം കനപ്പെട്ടതാക്കുന്നതിൽ ഗണ്യമായ സംഭാവനയാണ്‌ അദ്ദേഹം നൽകിയത്‌. സാന്പത്തികവിഷയങ്ങളിൽ നിരവധി ലേഖനങ്ങളാണ്‌ അദ്ദേഹം ഏതു സാധാരണക്കാരനും മനസ്സിലാകുന്ന ഭാഷയിൽ എഴുതിയത്‌. പത്രാധിപസമിതിയുടെ പ്രവർത്തനങ്ങൾക്ക്‌ അദ്ദേഹം മാർഗദർശിയായിരുന്നുവെന്ന്‌ സി പി നാരായണനും നാരായണൻ ചെമ്മലശ്ശേരിയും അനുസ്‌മരിക്കുന്നു.

മാർക്‌സിസ്റ്റ്‌ സംവാദത്തിന്റെ പത്രാധിപസമിതി അംഗമായും അദ്ദേഹം ദീർഘകാലം പ്രവർത്തിച്ചു. സംവാദത്തിന്റെ ലക്കങ്ങൾ കൂടുതൽ വൈവിധ്യപൂർണമാക്കുന്നതിനും ഗൗരവതരമായ പഠനങ്ങൾ ഉൾപ്പെടുത്താനും അനിയേട്ടൻ പ്രത്യേകം ശ്രദ്ധ ചെലുത്തിയിരുന്നതായി അദ്ദേഹത്തിന്റെ സഹപ്രവർത്തകർ അനുസ്‌മരിക്കുന്നു.

കേരള കർഷകസംഘത്തിന്റെ സംസ്ഥാന ജോയിന്റ്‌ സെക്രട്ടറിയായി പ്രവർത്തിച്ച അദ്ദേഹം കനപ്പെട്ട സംഭാവനയാണ്‌ കർഷകസംഘത്തിന്റെ പ്രവർത്തനങ്ങൾക്ക്‌ നൽകിയത്‌. കിസാൻ സഭയുടെ അഖിലേന്ത്യാ വർക്കിങ്‌ കമ്മിറ്റി അംഗമെന്ന നിലയിലും മികച്ച പ്രവർത്തനമാണ്‌ അദ്ദേഹം നടത്തിയത്‌. കർഷക പ്രശ്‌നങ്ങളെക്കുറിച്ച്‌ ആഴത്തിൽ പഠിച്ച അദ്ദേഹം അതത്‌ കാലത്ത്‌ കർഷകസംഘം ഏറ്റെടുക്കേണ്ട പ്രശ്‌നങ്ങൾ കൃത്യമായി ചൂണ്ടിക്കാണിച്ചിരുന്നു. ആഗോളവൽക്കരണ, ഉദാരവൽക്കരണ, സ്വകാര്യവൽക്കരണ നയങ്ങൾ കർഷകരെും കർഷകത്തൊഴിലാളികളെയുമാണ്‌ ഏറ്റവും കൂടുതൽ പ്രതികൂലമായി ബാധിക്കുന്നതെന്ന്‌ അദ്ദേഹം വളരെവേഗം തിരിച്ചറിഞ്ഞു. കേരളമൊട്ടാകെ സഞ്ചരിച്ച്‌ കർഷകജനതയെയും ബഹുജനങ്ങളെയും ബോധവൽക്കരിക്കുന്നതിന്‌ നിരവധി ക്ലാസുകൾ എടുത്തു; പൊതുയോഗങ്ങളിൽ സമഗ്രമായി കാര്യങ്ങൾ വിശദീകരിച്ചു.

1987ലെ എൽഡിഎഫ്‌ സർക്കാരിൽ ധനകാര്യമന്ത്രിയായി പ്രവർത്തിച്ചത്‌ വി വിശ്വനാഥമേനോൻ ആയിരുന്നല്ലോ. അദ്ദേഹത്തിന്റെ പ്രൈവറ്റ്‌ സെക്രട്ടറിയായി പ്രവർത്തിച്ചത്‌ ഇ എം ശ്രീധരനായിരുന്നു. ഭരണനിർവഹണത്തിൽ മികവു തെളിയിക്കാൻ വളരെവേഗം അദ്ദേഹത്തിന്‌ സാധിച്ചു.

1996ലെ എൽഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ പ്ലാനിംഗ്‌ ബോർഡ്‌ അംഗമായി പ്രവർത്തിച്ച അദ്ദേഹം നൂതനമായ നിരവധി ആശയങ്ങൾ ആസൂത്രണരംഗത്ത്‌ പ്രാവർത്തികമാക്കാൻ മുന്നിട്ടു പ്രവർത്തിച്ചു. ലോകം മുഴുവൻ ശ്രദ്ധിച്ച ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ അമരക്കാരിൽ ഒരാളായിരുന്നു അദ്ദേഹം. ജനകീയാസൂത്രണ പ്രവർത്തനത്തിന്‌ നിരവധി മാർഗനിർദേശങ്ങൾ ഉണ്ടാക്കുന്നതിന്‌ അന്ന്‌ പ്ലാനിംഗ്‌ ബോർഡ്‌ അംഗമായിരുന്ന ഡോ. ടി എം തോമസ്‌ ഐസക്കിനൊപ്പം തോളോടുതോൾ ചേർന്ന്‌ അദ്ദേഹം പ്രവർത്തിച്ചു. ‘‘അനിയനും ഐസക്കും ബൗദ്ധികരംഗത്തെ ഇരട്ടകൾ’’ എന്നാണ്‌ വിശേഷിപ്പിക്കപ്പെട്ടത്‌.

1991 മുതൽ മരിക്കുന്നതുവരെ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗമായി പ്രവർത്തിച്ച ഇ എം ശ്രീധരൻ പാർട്ടി വിദ്യാഭ്യാസരംഗത്തും ആശയപ്രചരണരംഗത്തുമാണ്‌ കൂടുതലായും നിയോഗിക്കപ്പെട്ടത്‌. എ കെ ജി പഠനഗവേഷണകേന്ദ്രം, ഇ എം എസ്‌ അക്കാദമി എന്നിവയുടെ പ്രവർത്തനങ്ങളിൽ പ്രശംസാർഹമായ പ്രവർത്തനമാണ്‌ അദ്ദേഹം നടത്തിയത്‌. എ കെ ജി പഠനഗവേഷണകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന കേരള പഠന കോൺഗ്രസിന്റെ പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകിയവരിൽ പ്രധാനിയായിരുന്നു അദ്ദേഹം. പഠന കോൺഗ്രസിലൂടെ ലഭിച്ച നൂതനവും വ്യത്യസ്‌തവുമായ ആശയങ്ങൾ പിന്നീട്‌ വന്ന എൽഡിഎഫ്‌ സർക്കാരുകൾക്ക്‌ ദിശാബോധം നൽകി എന്നത്‌ ചരിത്രം.

സ്ഥിരം പാർട്ടി സ്‌കൂൾ എന്നത്‌ ഇ എം എസും എ കെ ജിയും ഉൾപ്പെടെയുള്ള നേതാക്കളുടെ സ്വപ്‌നമായിരുന്നു. ഇ എം എസ്‌ വിഭാവനം ചെയ്‌ത സ്ഥിരം പാർട്ടി സ്‌കൂളിലെ മികച്ച അധ്യാപകനായിരുന്നു അനിയേട്ടൻ. എത്ര സങ്കീർണമായ ആശയങ്ങളും ഏതൊരു സാധാരണക്കാരനും മനസ്സിലാകുന്ന ഭാഷയിൽ വിശദീകരിക്കാൻ അനിയേട്ടൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. പഠിതാക്കളുടെ സംശയങ്ങൾക്ക്‌ കൃത്യമായ മറുപടി നൽകാനും അവർക്ക്‌ ആശയവ്യക്തത വരുത്താനും അദ്ദേഹത്തിന്‌ സാധിച്ചിരുന്നുവെന്ന്‌ പഠിതാക്കൾ പലരും വ്യക്തമാക്കിയിട്ടുണ്ട്‌.

‘‘തനിക്ക്‌ ശരിയെന്നു തോന്നുന്ന അഭിപ്രായങ്ങൾ ഏതു വേദിയിലും വെട്ടിത്തുറന്ന്‌ പറയാൻ അദ്ദേഹം മടിച്ചില്ല. പാർട്ടി കമ്മിറ്റികളിൽ രാഷ്‌ട്രീയകാര്യങ്ങൾ ചർച്ച ചെയ്യുമ്പോൾ സജീവമായിത്തന്നെ അനിയൻ പങ്കെടുത്തിരുന്നു. സാന്പത്തികപ്രശ്‌നങ്ങൾ, ആസൂത്രണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ, പരിസ്ഥിതി, ശാസ്‌ത്രീയവിഷയങ്ങൾ എന്നിവ പാർട്ടി കമ്മിറ്റികളിൽ ചർച്ച ചെയ്യുമ്പോൾ വിഷയങ്ങൾ പഠിച്ച്‌ അവതരിപ്പിച്ചുകൊണ്ട്‌ അഭിപ്രായപ്രകടനം നടത്തുന്ന നല്ലൊരു നേതാവായിരുന്നു അനിയൻ’’‐ മുതിർന്ന സിപിഐ എം നേതാവ്‌ പി കരുണാകരൻ അനുസ്‌മരിക്കുന്നു.

‘‘ഇ എം എസിന്റെയും എ കെ ജിയുടെയും കുടുംബങ്ങൾ രാഷ്‌ട്രീയരംഗത്തെന്നപോലെ കുടുംബപരമായും ഏറ്റവുമടുത്ത ബന്ധുത്വമാണ്‌ എപ്പോഴും നിലനിർത്തിയിരുന്നത്‌’’‐ പി കരുണാകരൻ കൂട്ടിച്ചേർത്തു.

മികച്ച പരിഭാഷകൻ കൂടിയായിരുന്ന ഇ എം ശ്രീധരനാണ്‌, ‘ഒരു ഇന്ത്യൻ കമ്യൂണിസ്റ്റിന്റെ ഓർമക്കുറിപ്പുകൾ’ എന്ന ഇ എം എസിന്റെ കൃതി മലയാളത്തിലേക്ക്‌ പരിഭാഷപ്പെടുത്തിയത്‌. മൗലിക കൃതിയുടെ മഹത്വത്തിന്‌ മാറ്റുകൂട്ടുന്ന ലളിതവും മനോഹരവുമായ ശൈലിയിലാണ്‌ അദ്ദേഹം വിവർത്തനം ചെയ്‌തത്‌.

2001ലാണ്‌ ഇ എം ശ്രീധരൻ ദേശാഭിമാനിയുടെ റസിഡന്റ്‌ എഡിറ്ററായി ചുമതലയേറ്റത്‌. അന്ന്‌ ദേശാഭിമാനി ജനറൽ മാനേജരായിരുന്ന പി കരുണാകരൻ ഇങ്ങനെ അനുസ്‌മരിക്കുന്നു: ‘‘ദേശാഭിമാനിയെ സംബന്ധിച്ച പാർട്ടി രേഖ ചർച്ചചെയ്‌ത്‌ അംഗീകരിച്ചതിനുശേഷം എഡിറ്റോറിയലിന്റെയും മാനേജ്‌മെന്റിന്റെയും രംഗങ്ങളിൽ വരുത്തേണ്ട ഗുണപരമായ മാറ്റങ്ങളെക്കുറിച്ചുള്ള ചർച്ചയിൽ അനിയന്റെ സംഭാവനകൾ ശ്രദ്ധേയങ്ങളായിരുന്നു. പത്രത്തിന്റെ ഉള്ളടക്കവും കെട്ടും മട്ടും മെച്ചപ്പെടുത്തുന്നതിനുള്ള ഒട്ടേറെ നിർദേശങ്ങൾ അദ്ദേഹം ചൂണ്ടിക്കാട്ടി. തിരുവനന്തപുരത്ത്‌ ഡിടിപിയിൽ വിദഗ്‌ധരെ പങ്കെടുപ്പിച്ച്‌ പ്രത്യേകം ക്ലാസ്‌ സംഘടിപ്പിക്കാനും അദ്ദേഹം മുൻകൈയെടുത്തു. ഐടിക്ക്‌ പ്രത്യേകം കോളം ആരംഭിച്ചത്‌ അദ്ദേഹം നിർദേശിച്ചതനുസരിച്ചായിരുന്നു. എഡിറ്റോറിയൽ പേജ്‌ സംബന്ധിച്ച ഒട്ടേറെ നിർദേശങ്ങളും അനിയൻ ആവിഷ്‌കരിച്ച്‌ നൽകിയിരുന്നു. പത്രത്തിൽ റസിഡന്റ്‌ എഡിറ്ററായി ചുമതലയേറ്റതിനുശേഷം ആഴ്‌ചയിൽ രണ്ടുദിവസം എഡിറ്റോറിയൽ എഴുതിയതും അനിയനായിരുന്നു’’.

പരിചയപ്പെടുന്നവർക്ക്‌ ഒരിക്കലും മറക്കാൻ കഴിയാത്ത വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്‌. സൗമ്യതയോടെയും സൗഹൃദത്തോടെയുമുള്ള പെരുമാറ്റരീതിയായിരുന്നു അദ്ദേഹത്തിന്റേത്‌. അതുകൊണ്ടുതന്നെ കേരളത്തിലൊട്ടാകെ നിരവധി സൗഹൃദവലയങ്ങൾ അദ്ദേഹത്തിനുണ്ടായിരുന്നു.
2002 നവംബർ 14ന്‌ അനിയേട്ടൻ അന്ത്യശ്വാസം വലിച്ചു.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

one × five =

Most Popular